"സുന്ദരൻ സരിഗമ" ആദ്യമായാണ് ഒരു സിനിമാക്കഥ എഴുതുന്നത്. ചെറുകഥയും നീണ്ടകഥയും രണ്ടിനും ഇടയ്ക്കുള്ള കഥയുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും ഒരു സിനിമാക്കഥ എഴുതാൻ ഇതുവരെ
അവസരം കിട്ടിയിരുന്നില്ല. ഇപ്പോഴും ആരും അവസരം നല്കിയതല്ല. നിവൃത്തിയില്ലാതെ എഴുതിപ്പോയതാണ്.
"സാറിന് ഒരു സിനിമയെടുക്കാൻ പ്ലാനുണ്ടെന്നു കേട്ടു" സുന്ദരൻ വിനീത വിധേയനായി മാത്യുസിനോട് ആരാഞ്ഞു.
"അങ്ങനെ തീരുമാനമൊന്നും എടുത്തിട്ടില്ല. എല്ലാം ഒത്തുവന്നാൽ ഒന്ന് നോക്കാമെന്നു വിചാരിച്ചു". എന്നുമാത്രമേ മാത്യുസ് പറഞ്ഞുള്ളൂ.
വ്യവസായിയായ മാത്യുസിനോട് സുന്ദരന് വലിയ ബഹുമാനവും കടപ്പാടുമാണുള്ളത്. തന്റെ അത്യാവശ്യങ്ങൾക്ക് സഹായിക്കുന്ന ആളാണ് മാത്യുസ് സാർ. ഏറ്റവും ഒടുവിലായി മകന്റെ പഠനത്തിനായി ഒരു ലക്ഷം രൂപ സാറിനോട് കടം വാങ്ങിയിരിക്കുകയാണ്. ആറുമാസത്തിനുള്ളിൽ തിരികെ കൊടുക്കാമെന്നു പറഞ്ഞതാണ്. ഒരാറുമാസം കഴിഞ്ഞാൽ ഇനിയും ആറുമാസമുണ്ടല്ലോ എന്ന കണക്കിൽ ഇപ്പോൾ നീണ്ടു നീണ്ടു പോവുകയാണ്. രൂപ തിരികെ കൊടുക്കാനുള്ള ഒരു മാർഗ്ഗം ഇതുവരെ തെളിഞ്ഞില്ല എന്നതാണ് സത്യം. അപ്പോഴാണ് മാത്യുസ് സാറിന്റെ സിനിമ മോഹത്തെക്കുറിച്ച് അറിയുന്നത്.അങ്ങനെയെങ്കിൽ പണത്തിനു പകരം ഒരു സിനിമാക്കഥയായി കടം വീട്ടാൻ ശ്രമിച്ചാലോ? എന്നായി "സുന്ദര"ചിന്ത . ആ ചിന്ത കഥാരൂപം പ്രാപിച്ചപ്പോഴാണ് സുന്ദരൻ അദ്ദേഹത്തെ കാണാനായി എത്തിയത്.
"സാർ എന്റെ കയ്യിൽ സിനിമയ്ക്കു പറ്റിയ ഒരു കഥയുണ്ട്".
"ഞാൻ പറഞ്ഞില്ലേ. തീരുമാനം-"
"അതെ, എനിക്കു മനസ്സിലായി. ഞാനൊരു കഥ പറയുന്നു, സാറു കേൾക്കുന്നു. അത്രേയുള്ളൂ. മുന്നോട്ടു പോകണോ വേണ്ടയോ എന്നു പിന്നീട് തീരുമാനിച്ചാ മതി."
"കൂടുതൽ സമയമെടുക്ക്വോ ?"
"ഇല്ല സാർ, പെട്ടെന്നു തീർക്കാം. അല്ലെങ്കിലും സിനിമാക്കഥകൾ ഡിസ്കഷനിലൂടെയാണ് ഡെവലപ്പ് ചെയ്യുന്നത്."
സുന്ദരൻ കയ്യിലിരുന്ന കവറിൽ നിന്ന് "കഥ" പുറത്തെടുത്തു.
"ഇന്ന് എഴുതി തീർന്നതേയുള്ളൂ. അപ്പോൾ ചൂടോടെ തന്നെ സാറിനെ കേൾപ്പിക്കാമെന്നു കരുതി."
ചൂട് കൂടാതിരിക്കാൻ മാത്യുസ് ഫാനിന്റെ സ്പീഡ് കൂട്ടി.
"സിനിമക്കുള്ളിലെ സിനിമ" എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥയാണിത്. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഗണത്തിൽ പെടുന്നവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ലെന്ന് ആദ്യമേ തന്നെ ആണയിട്ടുകൊള്ളുന്നു."
അതുകേട്ട് മാത്യുസ് ഉള്ളാലെ ചിരിച്ചു. കാരണം ഇയാൾ ആണയിട്ടു പറഞ്ഞിട്ടുള്ള വാക്കൊന്നും ഇതുവരെ പാലിച്ചു കണ്ടിട്ടില്ല. സുന്ദരൻ കടലാസിലും മാത്യുസിന്റെ മുഖത്തും മാറി മാറി നോക്കിക്കൊണ്ടു തുടർന്നു.
"ആദ്യ സീൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനാണ്. സംവിധായകൻ താരന്റെ മുമ്പിലിരിക്കുന്നു." അവിടെ ഒന്നു നിർത്തി, സുന്ദരൻ താരനെ പരിചയപ്പെടുത്തി. "താരം" എന്നതിന്റെ പുല്ലിംഗമായാണ് ഞാൻ "താരൻ" പ്രയോഗിച്ചിരിക്കുന്നത്. മലയാള ഭാഷയ്ക്ക് എന്റെ ഒരു സംഭാവന".
താരനില്ലെങ്കിലും മാത്യുസ് തല ചൊറിഞ്ഞു. അതുകണ്ട് സുന്ദരൻ വീണ്ടും കഥയിലേക്കുവന്നു. "സംവിധായകൻ താരന്റെ മുമ്പിലിരിക്കുന്നു. ഒന്നും രണ്ടും കഴിഞ്ഞ് തേഡ് സിറ്റിങ്ങാണ്. പ്ലോട്ടും ത്രെഡ്‌ഡും താരൻ അംഗീകരിക്കുകയും അഭിനയിക്കാമെന്ന് ഏതാണ്ട് ധാരണയാവുകയും ചെയ്തതാണ്. വൺ ലൈനും ടൂ ലൈനും കേട്ടുകഴിഞ്ഞ് സിനിമയിൽ തന്റെ "ലൈൻ" ഏതു നടിയാകണം എന്ന് നിഷ്കർഷിക്കുകയും ചെയ്തു കഴിഞ്ഞു.അതിനാൽ തരന് അഡ്വാൻസ് എത്ര വേണമെന്ന് സംവിധായകൻ ചോദിക്കുന്നു."
"ഹാഫ്. അതാണ് എന്റെ ഒരു രീതിയെന്ന് അറിയില്ലേ? എന്നായിരുന്നു താരന്റെ മറുപടി."
"അടുത്ത സീൻ സംവിധായകൻ നിർമ്മാതാവിനെയും കൂട്ടിവന്ന് അഡ്വാൻസ് നൽകുന്നതാണ്. നിർമ്മാതാവ് ഒരു വനിതയാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര സുന്ദരിയാണെന്ന് നേരിൽ കണ്ടപ്പോഴാണ് തരന് മനസിലായത്. താരന്റെ കണ്ണുകൾ നിർമ്മാതാവിന്റെ മേനിയിൽ ഉടക്കി നിന്നു. ആ ഉടക്കിന്റെ വിവിധ ദൃശ്യങ്ങൾ."
"പിന്നെ സ്ക്രിപ്റ്റ് വർക്കാണ്. അത് രണ്ടു മൂന്നു മാസത്തോളമെടുക്കും. അതിന്റെ വിവിധ ഷോട്ടുകൾ."
"ഒന്നു വേഗമാകട്ടെ." വാച്ചിൽ നോക്കി, മാത്യുസ് പറഞ്ഞു.
"കഴിഞ്ഞു സാർ. സ്ക്രിപ്റ്റ് വർക്ക് കഴിഞ്ഞ കാര്യം പറയാനായി സംവിധായകൻ താരനെ വിളിക്കുന്നു. കാര്യം പറഞ്ഞു തുടങ്ങിയപ്പോൾത്തന്നെ താൻ തിരക്കിലാണ് തിരികെ വിളിക്കാമെന്ന് പറഞ്ഞ് താരൻ കട്ട് ചെയ്തു. പിന്നെ തിരിച്ചു വിളിച്ചില്ലെന്നു മാത്രമല്ല അങ്ങോട്ടു വിളിച്ചിട്ടും താരൻ ഫോണെടുക്കുന്നില്ല. മറ്റു മാർഗ്ഗമില്ലാതെ സംവിധായകൻ താരന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇടിച്ചു കയറുന്നു."
സംവിധായകൻ തറപ്പിച്ചു പറഞ്ഞു - "ചേട്ടാ നമുക്കൊരു തീരുമാനമുണ്ടാക്കണം."
"കണ്ടില്ലേ, ഞാനിപ്പോൾ ഷൂട്ടിംഗ് തിരക്കിലാണ്. പിന്നെ സംസാരിക്കാം. താരൻ ഒഴിഞ്ഞു മാറാൻ നോക്കുന്നു. പക്ഷേ സംവിധായകൻ വിടുന്നില്ല.
സ്ക്രിപ്റ്റ് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു ഇതിങ്ങനെ അനന്തമായി നീളാൻ പറ്റില്ല."
"ഞാനിപ്പോൾ എന്റെ കരിയറിലെ പ്രധാനപ്പെട്ട രണ്ടു സിനിമകളുടെ വർക്കിലാണ്. അതു കഴിഞ്ഞിട്ടേ നിങ്ങളുടെ കാര്യം പറയാൻ പറ്റൂ."
"ഞങ്ങൾ അതിനു മുമ്പ് അഡ്വാൻസ് തന്നതല്ലേ?"
"അതുകൊണ്ടെന്താ? എഗ്രിമെന്റൊന്നുമില്ലല്ലോ."
"എന്നാൽ അഡ്വാൻസ് തിരിച്ചു തരണം." എന്നായി സംവിധായകൻ.
"പ്രൊഡ്യൂസർ നേരിട്ട് ചോദിക്കട്ടെ. അപ്പോഴാലോചിക്കാം."
"അതു ശരി. അങ്ങനെയാണോ - എന്നാൽ നമുക്കു കാണാം"
"വേണ്ടാ - കളി എന്നോടു വേണ്ട." എന്ന താക്കീത് നൽകിയാണ് താരൻ സംവിധായകനെ പറഞ്ഞുവിട്ടത്.
സംവിധായകൻ നിർമ്മാതാവിനെ അഡ്വാൻസ് തിരികെ വാങ്ങാനായി പറഞ്ഞു വിടുന്നു. നിർമ്മാതാവിനെ കണ്ട താരൻ തന്റെ അനുനയം പുറത്തെടുക്കുന്നു.
"ഷൂട്ടിംഗ് നമുക്ക് ഉടനെ തുടങ്ങാം. പക്ഷേ ഈ സംവിധായകനെ എനിക്ക് തീരെ വിശ്വാസമില്ല. അതിനാൽ ഈ സംവിധായകനെ മാറ്റി വിജയം ഉറപ്പുള്ള മറ്റൊരുസംവിധായകനെ ഞാൻ ഏർപ്പാടാക്കിത്തരാം."
ചുരുക്കിപ്പറഞ്ഞാൽ പഴയ സംവിധായകൻ ഔട്ട്. തുടർന്ന് താരനും നിർമ്മാതാവായ യുവതിയും കൂടുതൽ അടുക്കുന്നു."
"പ്രധാനഭാഗങ്ങൾ പറഞ്ഞാൽ മതി." മാത്യുസ് അക്ഷമനായിത്തുടങ്ങി.
"ഇതാ കഴിഞ്ഞു സാർ. തന്നെ വെട്ടിമാറ്റിയതറിഞ്ഞ പഴയ സംവിധായകന്റെ ധാർമ്മിക രോഷം തിളച്ചു പൊങ്ങുന്നു. അയാൾ മാധ്യമങ്ങളിലൂടെ താരന്റെ കള്ളക്കളികളും തനിക്കറിയാവുന്ന രഹസ്യങ്ങളും വിളിച്ചു പറയുന്നു. താരനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കേട്ട് ആരാധകർ ഞെട്ടിത്തെറിക്കുന്നു. അവിടെ ഇന്റർവെൽ. ഇനി ടീ ബ്രേക്ക് കഴിഞ്ഞ് ബാക്കി പറയാം."
"ഇവിടെ ഞാൻ ഒറ്റക്കെയുള്ളൂ. ചായ ഉണ്ടാക്കാൻ അറിയാമെങ്കി കിച്ചണിക്കേറി ഉണ്ടാക്ക്."
മാത്യുസിന്റെ ആ മറുപടി സുന്ദരൻ പ്രതീക്ഷിച്ചില്ല.
"വേണമെന്നില്ല." സുന്ദരൻ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചശേഷം തുടർന്നു.
"സംവിധായകന്റെ തുറന്നു പറച്ചിൽ അവസാനിപ്പിച്ചില്ലെങ്കിൽ തന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുമെന്ന് താരൻ തിരിച്ചറിയുന്നു. അതിനായി അയാൾ ആൾട്ടോ അനിയെ വിളിച്ച് ആവശ്യമായ നിർദ്ദേശം കൊടുക്കുന്നു- കാര്യങ്ങൾ ഇരു ചെവിയറിയരുത്. കൊല്ലുകയൊന്നും വേണ്ട. പക്ഷേ അവന് ഇനി ചാനലിൽ വന്നിരുന്ന് എനിക്കെതിരെ പറയാനുള്ള ആരോഗ്യമുണ്ടാകരുത്."
"ഓക്കെ, ഏറ്റണ്ണാ."
"അഡ്വാൻസ് എത്ര വേണം ?"
"പകുതി, അതാണല്ലോ എന്റെ ഒരു രീതി."
ഇത് എന്റെ ഡയലോഗ് ആണല്ലോ എന്ന് താരൻ ആലോചിച്ചു. എന്തായാലും അന്ന് വൈകുന്നേരം തന്നെ അഡ്വാൻസ് അനിയുടെ കൈയിലെത്തി. പക്ഷേ മാസം ഒന്ന് കഴിഞ്ഞിട്ടും സംവിധായകൻറെ ആരോഗ്യത്തിന് ഒന്നും പറ്റിയില്ല. അതിനാൽ താരൻ അനിയെ വിളിച്ചു. "ഞാൻ യാത്രയിലാണ് അങ്ങോട്ട് വിളിക്കാമണ്ണാ" - എന്ന് പറഞ്ഞ് ആൾട്ടോ ഫോൺ കട്ട് ചെയ്തു. പിന്നെയും പല ദിവസങ്ങളിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആൾട്ടോയുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ട് താരൻ ആൾട്ടോയെ നേരിൽ കാണുന്നു. അപ്പോൾ ആൾട്ടോ തന്റെ നിലപാട് വ്യക്തമാക്കി- " ഞാൻ ഏറ്റെടുത്ത മൂന്നു വലിയ വർക്കുകൾ പെന്റിംഗിലാണ്. അത് കഴിഞ്ഞേ ഇതു നടക്കൂ - ഇതും തന്റെ ഡയലോഗ് ആണല്ലോ എന്ന് താരൻ ആലോചിച്ചു."
"പിന്നെന്തിനാ അഡ്വാൻസ് വാങ്ങിയത്?"
"വേണ്ടാ-കളി അനിയോട് വേണ്ടാ."
അവൻ വീണ്ടും തൻറെ ഡയലോഗ് ഏറ്റു പറയുന്നതു കേട്ട് താരന് അതിശയമായി. “പിന്നെ, വന്നു വന്ന് സിനിമയും ക്വട്ടേഷനും ഒരുപോലെയായോ ? എന്ന് സന്ദേഹിക്കുകയും ചെയ്തു. ആൾട്ടോ ഗിയർ മാറ്റി മുമ്പോട്ട് കുതിക്കുന്നു."
"സാർ കഥ അവസാന ഭാഗത്തിലെത്തുകയാണ്."
മാത്യുസ് ആശ്വാസത്തോടെ എഴുന്നേറ്റു.
"ഒരു വർഷം കഴിഞ്ഞുള്ള സീൻ ആണ്. ആ സമയം കൊണ്ട് താരൻ ഒരു ക്വട്ടേഷൻ സംഘത്തലവനും ആൾട്ടോ അനി ഒരു സിനിമാ താരവും ആയിക്കഴിഞ്ഞു. ഇനി ക്ലൈമാക്സ് മാത്രമാണ് ബാക്കി. അത് ഷൂട്ടിംഗ് തുടങ്ങാറാകുമ്പോൾ ഫിക്സ് ചെയ്യാം. അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി."
സുന്ദരൻ ഒരു ഗ്ലാസ് വെള്ളം കൂടി കുടിച്ച ശേഷം -
"നമുക്ക് മുന്നോട്ട് പോകാമോ സാർ?"
"താൻ പൊയ്ക്കോ. ഞാൻ വരുന്നില്ല."
"അതെന്താ സാർ?"
"സിനിമാരംഗം ഇത്ര അപകടം പിടിച്ചതാണെന്ന് താൻ പറഞ്ഞപ്പോഴാണ് എനിക്ക് ബോധ്യം വന്നത്."
"അതു കഥയല്ലേ സാർ?"
"കഥയായാലും അതിൽ കാര്യമുണ്ട്."
"ഇതു വേണ്ടങ്കിൽ വേറെ കഥയുണ്ട് സാർ."
"വേണ്ട. ഞാൻ സിനിമയെടുക്കുന്നില്ല. ഇനിയെന്നെ ശല്യപ്പെടുത്തരുത്. താൻ കടം വാങ്ങിയ പണം എനിക്കു തിരിച്ചു തരുകയും വേണ്ട. എന്താ പോരേ ?"
സുന്ദരൻ തൻറെ തൂലികയുടെ ശക്തി തിരിച്ചറിഞ്ഞ മുഹൂർത്തമായിരുന്നു അത്. താനെഴുതിയ കഥ സിനിമയായില്ലെങ്കിലും ആ സിനിമയുടെ പേരിൽ ഒരു ലക്ഷത്തിന്റെ കടം എഴുതിത്തള്ളിയല്ലോ. അതു മതി.
സുന്ദരമായൊരു ചിരിയോടെ സുന്ദരൻ സരിഗമ യാത്രപറഞ്ഞിറങ്ങി.