ആവേശത്തോടെ കരയിൽ വീണടിഞ്ഞ് തിരിച്ചു പോകുന്ന തിരമാലകൾ സലോമിയ്ക്ക് കൗതുക കാഴ്ചകളായി. ജിവിതത്തിലെ ഇണക്കങ്ങളും, പിണക്കങ്ങളും, എഴുതുകയും, മായിച്ചുകളയുന്നതും ചെയ്യുന്നതു പോലെ തിരമാലകള്‍ കരയിൽ ചിത്രം വരച്ചു.
വരിപ്പുണരുന്ന കാറ്റിൻ്റെ കുളിരിൽ കലിതുള്ളി വരുന്ന കടലിനെ എത്ര കണ്ടിട്ടും സലോമിയ്ക്ക് മതിയായില്ല. കൊച്ചു കുട്ടിയേപ്പോലെ അവൾ മക്കളോടൊപ്പം കടൽതീരത്ത് തിരമാലകളിൽ ഓടിക്കളിച്ചു.
"കടലു കണ്ടതുമതി, ഇനിയും വൈകിയാൽ പള്ളി അടച്ചിട്ടുണ്ടാവും." കാര്യ ഗൗരവത്തോടെ റബേക്ക പറഞ്ഞു.
''ശരിയാ മക്കളേ, കടലു കണ്ടു നിന്ന് സമയം പോയതറിഞ്ഞില്ല. നമുക്ക് പോവാം." സലോമി പറഞ്ഞു.
മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളിയും കടലും കാണണമെന്ന മോഹം സലോമിയ്ക്ക് കുട്ടിക്കാലത്തേ തുടങ്ങിയതാണ്. ഏഴാം ക്ലാസിൽ വേദപാഠം പഠിക്കുമ്പോൾ മാർഗ്ഗരറ്റ് ടീച്ചർ ജൂതന്മാരേക്കുറിച്ചും, അവരുടെ ആരാധനാലയമായ സിനഗോഗിനെക്കുറിച്ചും വിശദമായി പറഞ്ഞു തന്നപ്പോൾ മുതൽ മനസിൽ കയറിയ മോഹം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സിനഗോഗിൽ പല പുരാതന വസ്തുക്കളും കാണുവാൻ സാധിക്കും. പള്ളിക്കു പുറത്തുള്ള കൂറ്റൻ ഘടികാരവും പള്ളിയുടെ ഉള്ളിൽ പാകിയിരിക്കുന്ന ചൈനയിൽ നിന്നും കൊണ്ടുവന്ന തറയോടുകളും പൊൻകിരീടവും വെള്ളിവിളക്കുകളും ഒക്കെയാണ് അവിടുത്തെ പ്രധാന ആകർഷണങ്ങള്‍.
ടീച്ചറിൻ്റെ വർണ്ണനയിൽ മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളിയും അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയും, കടൽ തീരവും, തിരമാലകളും അവളെ മാടിവിളിച്ചു കൊണ്ടേയിരുന്നു.
അച്ചാച്ചൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കും മുൻപേ കർത്താവിൻ്റെ വിളി കേട്ടു പോയി. പിന്നെയവൾ അമ്മച്ചിയോട് പലപ്പോഴും തൻ്റെ ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ, 'കല്ല്യാണം കഴിഞ്ഞ് നിൻ്റെ കെട്ട്യോൻ നിന്നെക്കൊണ്ടു പോയി കാണിക്കുമ്പോൾ കണ്ടാൽ മതി' എന്നു പറഞ്ഞ വാക്കുകളിൽ വിശ്വസമർപ്പിച്ചവൾ കാത്തിരുന്നു.
കാത്തിരുപ്പിനൊടുവിൽ മണവാളനായി വന്ന സോളമൻ സലോമിയുടെ കഴുത്തിൽ മിന്നുചാർത്തി. ഒരുനാട്ടിൽ പുറത്തുകാരിയായ അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ എല്ലാം അവൻ സാധിച്ചു കൊടുത്തു. സ്നേഹം കൊണ്ട് തന്നെ പൊതിയുന്ന സോളമനോട് തനിക്ക് ജൂതപ്പള്ളിയും കടലും കാണണമെന്ന ആഗ്രഹം തുറന്നു പറയാനവൾ മടിച്ചു. എങ്കിലും ഉള്ളിൻ്റ ഉള്ളിൽ ആ മോഹം അവൾ ആരുമറിയാതെ സൂക്ഷിച്ചു.
സോളമൻ സലോമി ദമ്പതികൾക്ക് കടിഞ്ഞൂൽ കൺമണി പിറന്നു. സാറാ എന്ന പെൺകുഞ്ഞ്. സോളമന് പൊതുവെ ആൺകുഞ്ഞുങ്ങളെയാണ് ഇഷ്ടം. സഹോദരിമാരുടെ ആൺമക്കൾക്ക് വേണ്ടി അയാൾ എന്തും ചെയ്യും. പക്ഷേ അവരുടെ പെൺകുഞ്ഞുങ്ങളെ അയാൾ തിരിഞ്ഞു നോക്കില്ല. ഒരാൺകുഞ്ഞ് വരുമെന്ന പ്രതീക്ഷയിലായിരുന്നു സോളമൻ.
ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ വർഷങ്ങൾ പലതും കടന്നു പോയി. സോളമൻ സലോമി ദമ്പതികൾക്ക് പിന്നെയും മക്കളുണ്ടായി. രണ്ടാമത്തവൾ കാതറിൻ. ഒരാൺകുഞ്ഞിനു വേണ്ടി കാത്തിരുന്ന സോളമന് മൂന്നാമത് പിറന്നതും പെൺകുട്ടിയായപ്പോൾ ദു:ഖമടക്കാനായില്ല. അന്നയാൾ മൂക്കറ്റം കുടിച്ച് തൻ്റെ സങ്കടം പലരോടും പങ്കുവെച്ചു.
ഒരു കൈ നോട്ടക്കാരൻ അയാളോടു പറഞ്ഞു. "തനിക്ക് ഇപ്പോൾ കഷ്ടകാലമാണ്. ഈ കുഞ്ഞ് തന്നെ കാരണം."
അതോടെ സോളമനാകെ അസ്വസ്ഥനായി. അയാൾ ഭാര്യയോട് പറഞ്ഞു.
"ഈ കുഞ്ഞിനെ നമുക്കു വേണ്ട. ഇതിനെ ആർക്കേലും കൊടുക്കാം. അല്ലേൽ ഉപേക്ഷിക്കാം."
അയാളതു പറയുമ്പോൾ സലോമി ക്രൂദ്ധയായി അയാളെ നോക്കി. അവളിൽ നിന്നും ക്രൂദ്ധയായ ഒരു പെൺപുലി ചാടി വീഴുന്നതും, അയാളെ നഖശിഖാന്തം എതിർക്കുന്നതും അവനറിഞ്ഞു. അവളുടെ നിറഞ്ഞ കണ്ണുകളും, വിതുമ്പുന്ന ചുണ്ടുകളും അവൻ കാണാതിരിക്കാനായി, അവൾ തിരിഞ്ഞ് കിടന്നു. അവൾ ആ പിഞ്ചു കുഞ്ഞിനെ കെട്ടിപ്പിടിച്ച് പുലമ്പി.
'നീയാണ് കുഞ്ഞേ, എൻ്റെ സർവതും, ഭാഗ്യവും സമ്പത്തുമെല്ലാം.'
നിരാശയുടെ കുഴിയിൽ വീണ സോളമൻ മദ്യപാനത്തിനടിമയായി. സുബോധം നഷ്ടമായ അയാൾ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഒരു നാൾ നാടുവിട്ടു.
അയാളെ അന്വേഷിച്ചു പോയവരൊക്കെ നിരാശരായി മടങ്ങി. കരഞ്ഞു തളർന്ന സലോമിയ്ക്ക് എന്തു ചെയ്യണമെന്നറിയാതെയായി. പിന്നീടെപ്പോഴൊ, കുടുംബം പട്ടിണിയിലേക്ക് കൂപ്പ് കുത്തുന്നതു കാണാനുള്ള ധൈര്യമില്ലാതെ സലോമി കൂലിപ്പണിയ്ക്കിറങ്ങി. സോളമൻ്റെ വൃദ്ധയായ അമ്മയ്ക്കും തൻ്റെ മക്കൾക്കും തുണയാകേണ്ട ഞാൻ, തളർന്നിരിക്കാൻ പാടില്ലന്ന ബോധ്യം വന്ന സലോമി ഏകയായി തുഴഞ്ഞു.
ഒറ്റയ്ക്കൊരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന്, തളരുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ, ആ ചുമലിൽ ഒന്നു ചാരാൻ, സോളമൻ്റെ സാമീപ്യം, അവൾ ഏറെ കൊതിച്ചിട്ടുണ്ട്. ആൺതുണയില്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന, ദുർബ്ബലയായ പെണ്ണിന്റെ മാനത്തിന് തെമ്മാടികൾ വില പറഞ്ഞപ്പോൾ, അവരുടെ നാവടപ്പിച്ചത് പലപ്പോഴും, അവളുടെ മന:സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു.
പഠിക്കുവാൻ മിടുക്കികളായിരുന്ന മക്കൾ മൂവരും എല്ലാ ക്ലാസിലും സ്കോളർഷിപ്പ് വാങ്ങിയാണ് മുന്നേറിയത്. സലോമിയുടെ കഷ്ടപ്പാടുകൾക്കും ദു:ഖങ്ങൾക്കു മറുതിവന്നത് മൂത്തമോൾ സാറയ്ക്ക് ജോലി കിട്ടിയ ശേഷമാണ്. അവളുടെ നേഴ്സിംഗ് ഫീൽഡു തന്നെ ഇളയവരും തിരഞ്ഞെടുത്തു. ഇളയമോൾ റബേക്കയും അടുത്ത ആഴ്ച ചേച്ചിമാരോടൊപ്പം കാനഡയ്ക്ക് പോകാനിരിക്കേവേ അവർ അമ്മയുടെ ചിരകാലാഭിലാഷമായ ജൂതപ്പള്ളി കാണാൻ പോകാൻ തീരുമാനിച്ചു. സലോമിയും മൂന്നു മക്കളും കൂടി കൊച്ചിയിലെത്തി.
കടൽകണ്ട ശേഷം ജൂതപ്പള്ളിയിലെ കാഴ്ചകളൊക്കെ കണ്ട് പുറത്തിറങ്ങിയ അവർ കുരിശും, കൊന്തയും വാങ്ങുവാനായി അടുത്തു കണ്ട ഒരു ചെറിയ കടയിൽ കയറി.
'എന്തെങ്കിലും തരണേ'യെന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ റബേക്ക കണ്ടത് മുടിയും താടിയും നീട്ടി വളർത്തിയ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു വൃദ്ധനെയാണ്. അവൾക്ക് ആ വയോധികനോട് അലിവു തോന്നി.
"അമ്മേ.. ഒരു നൂറു രൂപ ഈ അപ്പാപ്പന് കൊടുക്ക്." മുൻപിൽ നിന്ന സലോമിയെ തോണ്ടി റബേക്ക പറഞ്ഞു.
പണ്ടേ തന്നെ ദാനശീലയാണ് റബേക്ക. സാറയും കാതറിനും കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞാണ് വളർന്നത്. അതിനാൽ തന്നെ ഒരു രൂപ പോലും അവർ ചിലവാക്കില്ല. റബേക്ക പക്ഷേ നേരെ തിരിച്ചാണ്. ആരേലും എന്തെങ്കിലും ചോദിച്ചാൽ അവൾക്ക് ഏറെ പ്രിയപ്പെട്ട വസ്തു ആണെങ്കിൽ പോലും അത് അവർക്ക് കൊടുക്കും.
സലോമി ഹാൻ്റ് ബാഗു തുറന്ന് രൂപയെടുത്ത് അയാൾക്ക് നേരെ നീട്ടി.
ഒരു നിമിഷം!
അയാളുടെ മുഖം വിവർണ്ണമായി. അയാൾ സലോമിയേയും മക്കളേയും മാറി മാറി നോക്കി. അയാൾക്ക് നേരെ പണം നീട്ടിയിട്ടും വാങ്ങാൻ മറന്ന പോലെ തുറിച്ചു നോക്കി നിൽക്കുന്നതു കണ്ട സലോമി അയാളെ സൂക്ഷിച്ചു നോക്കി. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.
അവരുടെ മിഴികൾ തമ്മിലിടഞ്ഞു. അയാൾ വെപ്രാളപ്പെട്ട് പിൻതിരിഞ്ഞ് നടക്കാൻ തുടങ്ങി.
"ദേ.. ഒന്നു നിന്നേ!" സലോമി അയാൾക്ക് പിന്നാലെ ഓടിയെത്തി, അയാൾക്ക് മുന്നിൽ വഴിതടയും പോലെ നിന്നു. സ്തബ്ദനായ അയാൾ മിഴികളുയർത്താനാവാതെ അവൾക്കു മുൻപിൽ വിഷണ്ണനായി നിന്നു.
"സോളമനിച്ചായാ.. എന്നെ മറന്നു പോയോ?" പൊട്ടി വന്ന സങ്കടം ഉള്ളിലടക്കി ജിജ്ഞാസയോടെ അവൾ ചോദിച്ചു .
നിറഞ്ഞു തുളുമ്പിയ മിഴികളോടെ അയാൾ ഇരു കരങ്ങളും കൂപ്പി പറഞ്ഞു. "സലോമീ..മാപ്പ് ." അയാൾ ധൃതിയിൽ നടന്നകന്നു.
"ഇച്ചായാ"
അവൾ കരച്ചിലോടെ ഉറക്കെ വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്ന സലോമിയെ മക്കൾ ആശ്വസിപ്പിച്ചു.
ദൂരെയ്ക്ക് നടന്നകലുന്ന അയാൾക്കു പിന്നാലെ ഇളയ മോൾ റബേക്ക നടന്നും ഓടിയും അടുത്തെത്തി.
"ചാച്ചാ.. ചാച്ചൻ പോകുകയാണോ? ചാച്ചന് സ്വന്തം മക്കളെ കാണണ്ടേ?" അവൾ ആ വൃദ്ധൻ്റെ ഇരുകരങ്ങളിലും പിടിച്ചു കൊണ്ട് ചോദിച്ചു.
വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ, നിറഞ്ഞൊഴുകുന്ന മിഴികളോടെ അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
"മകളേ.. മാപ്പ്. സ്വന്തം കടമകൾ ചെയ്യാൻ മറന്ന മഹാപാപിയാണു ഞാൻ. നിൻ്റെ മുൻപിൽ എന്നെ കൊണ്ടുവന്നു നിർത്തിയത് ദൈവമാണ്. പാപിയായ എനിക്ക് നിങ്ങളുടെയടുത്ത് നിൽക്കാനുള്ള യോഗ്യതയില്ല. ഞാൻ പോകുന്നു."
"ചാച്ചനൊന്നു നിന്നേ, ഞങ്ങൾ മൂന്നു പെൺമക്കൾ ജീവനോടെയുണ്ടോ, അതോ ചത്തോ എന്നു പോലും അന്വേഷിക്കാൻ ചാച്ചനു തോന്നിയില്ലല്ലോ! ഞങ്ങളെ ഉപേക്ഷിക്കുകയോ, കൊല്ലുകയോ ചെയ്യാതെ എത്ര കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയ തെന്നറിയാമോ?" റബേക്ക ആവേശത്തോടെ ചോദിച്ചു.
ആ വയോധികൻ്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ ധാരയായി നിലത്തു വീണു. കുനിഞ്ഞ ശിരസോടെ, നെഞ്ചു പൊട്ടുന്ന നൊമ്പരത്തോടെ അയാൾ ആ തെരുവോരത്ത് നിന്നു.
"ചാച്ചാ.. ചാച്ചൻ വിഷമിക്കാൻ പറഞ്ഞതല്ല. ഒരു അപ്പൻ്റെ കടമകൾ ഞാൻ ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. ചാച്ചൻ ഞങ്ങളോടൊപ്പം വരണം. ഞങ്ങൾക്ക് വേണം ചാച്ചനെ." റബേക്ക പറഞ്ഞു.
"മോളേ.. " വിങ്ങുന്ന നൊമ്പരത്തോടെ ഒന്നും പറയാനാവാതെ അയാൾ തേങ്ങി.
അപ്പോഴേയ്ക്കും സലോമിയും സാറയും കാതറിനും അവർക്കടുത്തെത്തി. "അമ്മേ.. ചാച്ചനെ ഇനി ഇങ്ങനെ വിടാൻ പാടില്ല. നമ്മുടെ വീടിൻ്റെ നാഥനായി നമ്മുക്ക് ചാച്ചൻ വേണം. എല്ലാം മറന്ന് ചാച്ചനും അമ്മയും സന്തോഷത്തോടെ ജീവിക്കണം. ഞങ്ങൾ പഠിക്കാനും ജോലിയ്ക്കുമായി പോയാൽ അമ്മ തനിച്ചാണ്. അതുകൊണ്ട് എൻ്റെ ആഗ്രഹം ചാച്ചൻ നമ്മളോടൊപ്പം വരണമെന്നാണ്. അമ്മ ചാച്ചനെ വിളിച്ചാൽ ചാച്ചൻ വരും." റബേക്കയുടെ പക്വതയോടെയുള്ള സംസാരം എല്ലാവരേയും അൽഭുതപ്പെടുത്തി.
"ഇച്ചായാ.. നമ്മുടെ ഭാഗ്യമാണ് ഈ മക്കൾ മൂന്നു പേരും. അവർ പെൺകുട്ടികളായതിൽ ഞാൻ അഭിമാനിക്കുന്നു. ഇച്ചായൻ പോയെങ്കിലും അവർ ലക്ഷ്യബോധത്തോടെ പഠിച്ചു. നല്ല ജോലിയും കിട്ടി. നമ്മുടെ കഷ്ടപ്പാടുകളെല്ലാം മാറി. നമ്മുടെ കുടുംബത്തിൻ്റെ വിളക്കാണ് ഈ പെൺകുട്ടികൾ." സലോമി പറഞ്ഞു.
അവളുടെ ഓരോ വാക്കും തനിക്കുള്ള പ്രഹരമായി സോളമനു തോന്നി. ലജ്ജാഭാരത്താൽ അയാളുടെ ശിരസ് താണുപോയി.
"ഇനി എല്ലാം ചാച്ചനും അമ്മയും ചേച്ചിമാരും കൂടി തീരുമാനിച്ചോളൂ. എൻ്റെ അഭിപ്രായം ഞാൻ ആദ്യം തന്നെ പറഞ്ഞു കഴിഞ്ഞു." അത്രയും പറഞ്ഞ ശേഷം റബേക്ക അകലെ ചുവന്ന ആകാശച്ചെരുവിലൂടെ മറയാൻ തുടങ്ങുന്ന സൂര്യനെ നോക്കി നിന്നു.
ഏറെ നേരത്തെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ തൻ്റെ തെറ്റുകളേറ്റുപറഞ്ഞ് പുതിയൊരു തീരുമാനത്തിലെത്തി സോളമൻ. തിരികെ പോവാൻ അയാൾക്ക് ഏറെ മടിയുണ്ടായിരുന്നെങ്കിലും ഭാര്യയുടേയും മക്കളുടേയും സ്നേഹത്തിനു മുമ്പിൽ അയാൾ കീഴടങ്ങി. മിന്നുചാർത്തിയവൻ്റെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് അയാളെ ചേർത്തു പിടിച്ചു സലോമി . തങ്ങളുടെ ചാച്ചനെ തിരികെ കിട്ടിയ സന്തോഷത്താൽ സാറയും കാതറിനും റബേക്കയും ആഹ്ളാദത്തിൻ്റെ ഉത്തുംഗ ശ്രുംഗത്തിലായിരുന്നു.
ഇരുട്ടു പരന്നിരുന്നെങ്കിലും, കാർമേഘങ്ങൾ നീങ്ങിയ മാനത്തപ്പോൾ ഉദിച്ചുയർന്നിരുന്നു പൊൻപ്രഭയോടെ പൗർണ്ണമി.