(Santhosh.VJ)
ഇന്ന് May 23. വർഷങ്ങൾക്ക് മുമ്പ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം ഇതുപോലൊരു May 23 നാണുണ്ടായത്. അന്ന് ഞാൻ പട്ടാളത്തിൽ. ത്സാൻസീ എന്ന സ്ഥലത്താണ്. സ്വാതന്ത്ര്യ സമര നായികയായിരുന്ന
സാക്ഷാൽ ത്സാൻ സീ കീ റാണിയുടെ സ്ഥലം. അന്നേ അല്പസ്വല്പം എഴുത്തൊക്കെയുണ്ട്. അവിടെ വച്ച് ഞാനൊരു കഥയെഴുതി "മന്ത്രിക്കു മണ്ഡരി" എന്ന് കഥക്ക് പേരും കൊടുത്ത് മാസികക്ക് അയച്ചു. ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു കഥ. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ കഥ പ്രസിദ്ധീകരിച്ച അറിയിപ്പ് ഒരു പോസ്റ്റ് കാർഡിൽ പത്രാധിപരുടെ കയ്യൊപ്പോടെ എത്തി. നാലഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം അതായത് ഒരു May 23 ന് കഥയുടെ Remuneration ആയി 200 രൂപ യും, മാസികയും ഞാൻ ജോലി ചെയ്തിരുന്ന പട്ടാള യൂണിറ്റിലെ ഓഫീസിൽ വന്നു. (1998 ലൊക്കെ അതൊരു വലിയ തുകയാണ്) അന്നേരം ഞാൻ ബട്ടാലിയൻ സ്ക്കൂളിൽ ക്ലാസ്സ് എടുത്തു കൊണ്ടു നിൽക്കുകയായിരുന്നു. മാസിക കൈപ്പറ്റിയത് കോട്ടയം കാരനും സർവോപരി കേരള കോൺഗ്രസുകാരനുമായ ഒരു വർഗ്ഗീസായിരുന്നു. കഥയാകട്ടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും 'മണ്ടൻ' എന്ന അപരനാമധേയമുള്ള ആളുമായ ശ്രീമാൻ ജേക്കബ്ബിനെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു. ജേക്കബ് ഭക്തനായ വർഗ്ഗീസതു വലിയ കാര്യമാക്കി എടുത്തു. (എന്നോടുള്ള അല്പം അസൂയയയും work out ആയിരുന്നു). ഇക്കാര്യം അയാൾ കമാണ്ടിംഗ് ആപ്പീസർക്ക് റിപ്പോർട്ട് ചെയ്തു. കഥ കാര്യമായി. ഇംഗ്ലീഷിലേക്ക് കഥ പരിഭാഷപ്പെടുത്തപ്പെട്ടു. എനിക്ക് പിടി വീണു. ചുമത്തപ്പെട്ട കുറ്റങ്ങൾ ഇവയാണ് (അന്നാണ് ഞാൻ കുറ്റപത്രം എന്ന ഒരു 'സാന്ന' 'മുണ്ടെന്ന് തന്നെ അറിയുന്നത്)
1. ജനാധിപത്യ സർക്കാരിലെ ഒരു മന്ത്രിയെ അധിക്ഷേപിച്ച് ഭരണഘടനയെ കളങ്കപ്പെടുത്തി.
2. ദേശത്തിന് വിരുദ്ധമായ ലേഖകൾ പ്രചരിപ്പിച്ചു.
3. സൈനികനിയമത്തിനു വിരുദ്ധമായി സിവിൽ മാസികയിൽ എഴുതി.
4. ആയതിന് പാരിതോഷികം സ്വീകരിച്ചു (മണി ആർഡർ രസീതി Mo 1 മാർക്ക്ഡ്)
5. ഇന്ത്യാ ഗവൺമെണ്ടി നേയും അധിക്ഷേപിച്ചു. (അന്ന് കേരളം ഭരിച്ചിരുന്ന പാർട്ടീസാണ് ഇന്ത്യയും ഭരിച്ചിരുന്നത്)
6. സർവോപരി ഒരു കമ്യൂണിസ്റ്റിനെപ്പോലെ ദേശദ്രോഹപ്രവർത്തികളിൽ ഏർപ്പെട്ടു.
ആറാമത്തെ ഈ ആരോപണമാണ് എന്നെ ചിരിപ്പിച്ചത് - ഞാനന്ന് 'പയങ്കര' കാഗ്രസ്സായിരുന്നു (എൻ്റഛൻ കാംഗ്രസ് ഞാനും കാംഗ്രസ് എന്ന ലൈൻ) പിന്നെയും കുറേ നാൾ കഴിഞ്ഞാണ് ഞാൻ മാനിഫെസ്റ്റോ വായിക്കുന്നതും, എനിക്കു ചാർത്തിത്തന്ന പട്ടം "മ്മിണി ബല്യതാ യിരുന്നു" എന്ന പ്രപഞ്ചസത്യം മനസ്സിലാക്കുന്നതും.
എന്തിനേറെപ്പറയുന്നു എന്നെ പണിഷ്മെൻ്റായിട്ട് നല്ല കാശ് കിട്ടുന്ന ഇടവും, ഭൂമിയിലെ സ്വർഗ്ഗമെന്നു വിളിക്കപ്പെടുന്നതും, നയന മനോഹര ചാരുതയാർന്നതുമായ കാശ്മീരത്തിലേക്കു സ്ഥലം മാറ്റി. രസപ്രദമാർന്ന നാലു വർഷങ്ങളായിരുന്നു അവിടെ ചെലവിട്ടത്. തീവ്രവാദമൊക്കെ ശക്തി പ്രാപിച്ചിരുന്നുവെങ്കിലും എനിക്കാ പ്രദേശം വല്ലാതങ്ങിഷ്ടപ്പെട്ടിരുന്നു. പിന്നീട് 18 വർഷത്തോളം ഞാൻ ഒരു വരി പോലും എഴുതിയിട്ടില്ല. എഴുതുന്നതൊക്കെ പട്ടാള ഹെഡ് കോർട്ടേഴ്സിലേക്കയച്ച് പരിശോധിപ്പിക്കണമെന്നായിരുന്നല്ലൊ കരാർ. പട്ടാളം ഉപേക്ഷിച്ച് VRSവാങ്ങി വരാനും ഈ സംഭവം കാരണമായി. അതാണ് ഞാൻ പറഞ്ഞത് ജീവിതം തന്നെ മാറ്റിയ May 23 എന്ന്. ഇപ്പോഴും മേയ് മാസം 23 ആകുന്ന ദിവസം ഒരു പതിവുപോലെ ഞാൻ ആ ദിവസം ആഘോഷിക്കാറുണ്ട്. എൻ്റെ മാത്രം ഒരു സ്വാത(ന്ത്യദിനാഘോഷം. അതേ ഞാനൊരു കമ്യൂണിസ്റ്റായ ദിനത്തിൻ്റെ വിജയാഘോഷദിനം.