"പണ്ട് നാരാണഗുരു പറഞ്ഞിനല്ലൊ, ഒരു ജാതി ഒരു മതം ഒരു ദൈവോന്ന്, പിന്നെന്തിന് ന്ങ്ങൊ ഇങ്ങനെ പറയ്ന്ന്."
"അങ്ങേരങ്ങനെ എന്തല്ലോ പറഞ്ഞിറ്റ്ണ്ടാവും, അതൊന്നും നടക്ക്ന്ന കാര്യോല്ല, ബേഗം ബണ്ടി ബ്ട്ടൊ."
ബിട്ട്ലൻ ചെക്കന നോക്കി, ഓനൊരനക്കൂല്ല. നിന്ന നിപ്പില് മായപ്പെണ്ണിന്റെ മോത്തേക്കന്നെ നോക്കി. പെണ്ണ് നടുചൊമരില് തൂക്കീട്ട ശ്രീ നാരാണഗുരൂന്റെ ഫോട്ടത്തിലേക്കും നോക്കി.
ബിട്ട്ലൻ ചെക്കന്റെ മോത്തേക്ക് നോക്യേന് കൊറേ കാരണൂണ്ടായ്ന്. അയാള് ആദ്യോന്നെ പറഞ്ഞതാണ്. മോനെ അതൊന്നും ശരിയാവീല നമ്മളെ ജാതി താണതാണ് അതോണ്ട് വീട്ട്ല് പോയിറ്റ് ചോയ്ക്കലൊന്നും നടക്കീലാന്ന്. ഇപ്പൊ അത് ശരിയായി. ഓളപ്പന്റെ ബായീന്ന് രണ്ടെണ്ണം കേട്ടപ്പാട് തിരിച്ച് പോവാന്ള്ള ബയി മറന്ന് പോയോന്ന് ബിട്ട്ലന് സംശയായി.
ശ്രീ നാരായണഗുരൂന നോക്കീറ്റ് സ്വന്തം അച്ഛന്റെ മോത്തേക്ക് നോക്കീറ്റ് മായപ്പെണ്ണ് അലറാൻ തൊടങ്ങി.
"അച്ഛാ അതൊന്നും നടക്ക്ന്ന കാര്യോല്ല, കൊറച്ച് മൊതലോന് കൊറവുണ്ടെന്നെ ഇല്ലൂ...
ഓനില്ലാണ്ട് എന്ന ബേറാരിക്കെങ്കിലും കൊട്ത്താല് അയിന് മുമ്പ് ഞാനേടേങ്കിലും പോവും".
ഇത് കേട്ടപ്പാട് ചെക്കന് കൊറച്ച് സമാധാനായി. ഓളെൻക്കൊപ്പം നിന്നിലെ ബില്ലോരു കാര്യം. അന്ന് രാത്രിക്ക് ഓക്ക് വാട്സപ്പില് മെസ്സേജ് പോയി.
"നീയെന്റെ മുത്താണ്."
"എന്ന പൊക്കികൊണ്ടോണ്ടി ബരും."
"അത് ന്തണെ.?"
"പ്രശ്നായി മോനെ പ്രശ്നായി, അച്ഛനെന്ന് എന്റെ കാര്യത്തിലൊന്നും എടപെടീലേലും.
നിനക്കറിയാത്തോണ്ടാണ് മോനെ അച്ഛന് സ്വന്തായിറ്റ് നാലഞ്ച് ഷാപ്പ്ണ്ട്, ആട്ത്തേക്കല്ലം ഇപ്പളും കള്ള് ചെത്താനും ചെലപ്പൊ പോവും, വന്നവഴി മറക്കരുതെന്നാണ് ആളുടെ നയം. ഗുരൂന്റെ ഫോട്ടം വെറ്തെ പൗറ് കാണിക്കാൻ വച്ചതല്ലെ, മദ്യവചനത്തിന്റെ കാര്യത്തില് ഗുരൂം അച്ഛനും യോചിച്ച് പോവീല."
ഇത് കേട്ടപ്പൊ ചെക്കന്റെ മനസൊന്ന് പേടിച്ചു.
"അപ്പൊ"
"ഗുരൂന മാറ്റീറ്റ് വേറാരേങ്കിലും പിടിക്കണം."
"മുത്തപ്പന പിടിച്ചാലൊ.?"
തമാശമാതിരീല്ലെ സംസാരം കൊറേ നേരം അങ്ങനെ പോയി. പിന്നെ കൊറേ ചിരീം കളീം ചിഹ്നങ്ങളയക്കലും. അങ്ങനെ അങ്ങനെ രാത്രി കൊറേ പോയി.
കുറക്കര ഷാപ്പ്, മേലോട്ട് ഷാപ്പ്, മുങ്കല്ല് ഷാപ്പ്, എരിതോട് ഷാപ്പ് ആട പറ്റ് പറഞ്ഞിറ്റും പൈസകൊട്ക്കാണ്ട് ഗുണ്ടായിസം കാണിച്ചിറ്റ് നടക്ക്ന്നപ്യേരെ ലിസ്റ്റെട്ക്കണം, എന്നിറ്റ് അയിലൊരാള പിടിച്ചിറ്റ് പോയാലൊ അയാള് ചെലപ്പൊ പേടിക്കീലെ, സ്വന്തം മോളെ കാര്യായതോണ്ട് പേടിക്കീല. ഇങ്ങനേല്ലം ചിന്തിച്ചിറ്റ് എന്ന്ന്തന്നാക്കല് ഒളിച്ചോട്യാലൊ...? അത് ഓൾഡ് പാഷനല്ലെ... ലീവിംഗ് ടുഗതറ് അത് നല്ലെ പുതിയ ട്രെന്റാണ്.... അപ്പോന്നെ ചെക്കൻ മായക്ക് മെസ്സേജയച്ചു.
"ലീവിംഗ് ടുഗതറ്....നല്ലതല്ലെ...."
"നല്ലതന്നെ രജിസ്ട്രാക്യാലെന്താ....?"
മായപ്പെണ്ണിന് ചെറിയോര് സംശയം, ഇവന്ങ്ങനെ പഠിച്ചോണ്ടിരിക്കണം, നമ്മളാണെങ്കില് ഒര് ഭർത്താവില് മാത്രേ വിശ്വസിക്കലില്ലൂ....
ചെക്കന് മായപ്പെണ്ണിന്റെ പേടി മനസിലായി. "ലിവിംഗ് ടുഗതറാവുമ്പൊ നമ്മക്ക് നമ്മളെ ഇഷ്ടത്തിന് നടക്കാലൊ...."
"ഇത്രനാളും കോളേജില് ലീവിംഗ് ടുഗതറാക്യേത് പോരെ..."
ആഹ എന്ന വീട്ട്ല് വിളിച്ചിറ്റ് സുയ്പ്പാക്യേതും പോര എന്ന്, എന്ന് ഓളെ പട്ടിയായിറ്റ് ജീവിതകാലം ജീവിക്കാന, നടക്കീല,.... ഇപ്പൾത്തെ കാറ്റിനൊന്നും ബില്ലെ പ്രണയത്തിന്റെ സുഗന്ധോന്നുല്ല... അപകർഷത ചെക്കന്റെ മനസില് അണപൊട്ടി, നമ്മക്കൂണ്ട്റൊ നേതാവ് അയ്യൻകാളി ആഹ.... "നിന്റെ അച്ഛന്റെ സ്വഭാവം കൊറച്ച് കൈയ്യുമ്പൊ നീ പൊറത്തെട്ത്താലൊ?"
മായപ്പെണ്ണിന് ദേഷ്യം വന്നു. ഓന് വേണ്ടിറ്റ് അച്ഛനോട് തറുതല പറഞ്ഞിറ്റ് എൻക്ക്ട്ടന്നെ പണിതര്ന്ന...
"നീ പോട ഊളെ.... നിനക്കിതുവരെ എന്നെ മനസിലായില്ലല്ലെ...."
"അതെന്നല്ലെ ഞാനും പറഞ്ഞത് നിനക്കിതുവരെ എന്ന മനസിലായിറ്റല്ലൊ..."
അങ്ങനെ കൊറേ പറഞ്ഞ് പറഞ്ഞ് അവരൊറങ്ങി പിന്നേം അവര് പാടവരമ്പത്തും, പാർക്കിലും, ബീച്ചിലും, അമ്പലങ്ങളിലും, എന്തിന് ഇന്റർവ്യൂന് വരെ ഒരേ കമ്പനീലേക്കന്നെ പോയി... അപ്പളും ആ പെണക്കം പെണക്കമായി തന്നെ തുടർന്നു. കെട്ടിപ്പിടിക്കുമ്പളും ചെവീല് കടിക്കുമ്പളും ആ പെണക്കം പെണക്കമായി തന്നെ കെടന്നു.
"നീ പോട പൊലയാ"
"നീ പോണെ കള്ള് കച്ചോടക്കാരന്റെ മോളെ"
കുഞ്ഞി ആയപ്പാടും, വീട് വച്ചപ്പളും അയിനൊരു മാറ്റോം ഇല്ല. കുഞ്ഞീന രണ്ട് കൈയ്യോണ്ടും ബാരിയെട്ത്തപ്പാട് മായേരച്ഛന്റെ കണ്ണ് നെറഞ്ഞു. ബിട്ട്ലൻ മീശ പിരിച്ച് വച്ചു. മായേം ചെക്കനും മരിക്ക്ന്നത് വരെ കലമ്പിക്കോണ്ടിര്ന്നു.