കയ്യിലിരുന്ന ടെക്സ്റ്റൈൽസ് കവർ മേശ പ്പുറത്തുവച്ച് ശ്രീദേവി പറഞ്ഞു: "ഈ സാരിക്ക് ഒരു രാശിയുമില്ല ചേച്ചി.."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. പാവം പെണ്ണ്, തക്കാളിപ്പഴം പോലുള്ള കവിളുകൾ വീർപ്പിച്ച് കണ്ണുകളിൽ സങ്കടം നിറച്ചിരിക്കുന്നു.
"സാരിക്ക് എന്താ മോളെ 'രാശി'..?!
കവറിൽ നിന്നും ഞാൻ സാരി പുറത്തെടുത്തു. ഇളം കുങ്കുമ നിറത്തിൽ പൂക്കൾ ചിതറിക്കിടക്കുന്ന നല്ലൊരു സാരി.
"ഞാനീ സാരിയുടുത്തോണ്ട് പോയെടത്തല്ലാം പടു തോൽവിയായിരുന്നു. അപ്പോഴേ തീരുമാനിച്ചു ഇതിന് ഒരു രാശിയും ഇല്ലെന്ന്... ചേച്ചിക്ക് പിന്നെ ഇത്തരം വിശ്വാസങ്ങളൊന്നുമില്ലല്ലോ. അതുകൊണ്ട് ചേച്ചിക്ക് തന്നേക്കാമെന്ന് ഞാനങ്ങു തീരുമാനിച്ചു." ശ്രീദേവി കാര്യം വിശദീകരിച്ചു.
"അപ്പോ, അന്ധവിശ്വാസിയാണെന്ന് സ്വയം സമ്മതിച്ചു തരികയാണല്ലേ; അതേതായാലും എനിക്കിഷ്ടപ്പെട്ടു..."
ശ്രീദേവിയൊന്ന് ചിണുങ്ങി." ങാ. അന്ധവിശ്വാസിയെങ്കിൽ അങ്ങനെ. എന്തായാലും സാരി എനിക്ക് വേണ്ട. അവളെ ശുണ്ഡി പിടിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ ഉള്ളാലെ ഒന്നൂറി ചിരിച്ചു.
അങ്ങനെയൊന്നും തോറ്റു തരുന്നവളല്ല ശ്രീദേവി, ബി ടെക്കും എം ടെക്കുമെല്ലാം റാങ്കോടയാണ് പാസായത്. എന്നാലൊരു പഠിപ്പിസ്റ്റ് മാത്രമായിരുന്നില്ല അവൾ. ആക്ടിവിസ്റ്റ് എന്ന ലേബലിൽ തന്നെയാണ് പഠിച്ച കോളേജിൽ ഗസ്റ്റ് ലെക്ച്ചറർ ആയി സെലക്ട് ചെയ്യപ്പെട്ടത്. എന്തൊക്കെ പറഞ്ഞാലും ഈ 'രാശിബോധം' ഉള്ളിൽ അടിഞ്ഞ് കൂടി കിടക്കുന്നുണ്ടല്ലോ; രക്തത്തിലൂടെ പകരുന്നതായിരിക്കാം ഇതും. ഞാൻ വിചാരിച്ചു.
ഇളം പച്ചനിറമുള്ള കാറോടിച്ച് ശ്രീദേവി ഗേറ്റ് കടന്നു പോയിക്കഴിഞ്ഞപ്പോൾ, ഞാൻ സാരിയെടുത്ത് തോളിലൂടെ ഇട്ട് കണ്ണാടിയിൽ നോക്കി -"ങും. നന്നായിട്ടുണ്ട്..! ഇതിന് ചേരുന്ന നിറമുള്ള ബ്ലൗസ് അലമാരിയിൽ ഉണ്ടോ എന്ന് നോക്കാൻ ഞാൻ അടുത്ത മുറിയിലേക്ക് തിടുക്കപ്പെട്ട് നടന്നു ...
എഴുത്തുകൂട്ടത്തിന്റെ വാർഷിക സമ്മേളനം തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ചാണ് നടക്കുന്നത്. ആശംസാ പ്രസംഗവുമായി വേദിയിൽ കയറേണ്ടതാണ് - അന്നത്തേക്ക് ഉടുക്കുവാൻ ശ്രീദേവി തന്ന സാരി ഞാൻ മാറ്റിവെച്ചു. മാച്ച് ചെയ്യുന്ന കമ്മലും മാലയുംമെല്ലാം ആമാടപ്പെട്ടിയിൽ നിന്നുമെടുത്ത് നിലക്കണ്ണാടിയുടെ തട്ടിൽ ഒതുക്കി വെച്ചു.
കൊച്ചു പെൺകുട്ടികൾ ഉടുക്കുന്ന സാരിയാണ്. 'ആളുകൾ എന്ത് വിചാരിക്കും?' എന്നൊരു വിമ്മിട്ടം തോന്നുന്നുണ്ട്.
എന്തെങ്കിലും വിചാരിക്കട്ടെ. എനിക്ക് പ്രായമേറുന്നത് കീഴ്പോട്ടാണെന്ന് പറയും..! ചുട്ട മറുപടി പറയാനാണോ അറിയാത്തത്..? ഞാൻ മനസ്സിലുറച്ചു.
വെളുപ്പിന് അഞ്ചുമണിക്ക് പുറപ്പെടുന്ന ബസ് എട്ടുമണിക്ക് പെരുമ്പാവൂരിലെത്തും. അവിടെനിന്നും പ്രഭാത ഭക്ഷണവും കഴിച്ച് അല്പം ഒന്ന് ഫ്രഷ് ആയി, തൃശ്ശൂരിലേക്ക് സൂപ്പർഫാസ്റ്റ് പിടിച്ചാൽ പത്തുമണി കഴിയുമ്പോൾ വേദിയിലെത്താം. യാത്രകൾ എനിക്കിഷ്ടമാണ്. കൂട്ടിന് സ്വപ്നങ്ങൾ മാത്രം..!
വീട്ടിൽ നിന്നിറങ്ങിയപ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു. പടിക്കെട്ടുകളിറങ്ങി റോഡിലെത്തി ബസ് കാത്തു നിൽക്കുമ്പോഴും വെട്ടം വീണിട്ടുണ്ടായിരുന്നില്ല. വളവുകൾ തിരിഞ്ഞു വരുന്ന ബസ്സിന്റെ വെളിച്ചം ദൂരെ കണ്ടു. ഡോറിന്റെ ഷട്ടറും താഴ്ത്തി ഇട്ടിരുന്നതിനാൽ കുട മടക്കി വണ്ടിക്കുള്ളി ലേക്ക് കയറുന്നതിന് അല്പം പ്രയാസപ്പെട്ടു.
ഡോറടച്ചിട്ടു വേണം സീറ്റിൽ വന്നിരിക്കാൻ. വണ്ടിയപ്പോഴേയ്ക്കും നീങ്ങി തുടങ്ങിയിരുന്നു. കുട മടക്കി വെള്ളത്തുള്ളികൾ തുടച്ച് ,പറ്റിപ്പിടിച്ചിരുന്ന പച്ചില തുമ്പുകൾ തട്ടിമാറ്റി, കയ്യിലും മുഖത്തും വീണിരുന്ന വെള്ളത്തുള്ളികൾ തൂവാല കൊണ്ട് തുടച്ച്, സീറ്റിലേക്ക് ചേർന്നിരുന്നു.
നനഞ്ഞ കുട ഹാൻഡ് ബാഗിന് മുകളിൽ ചേർത്തുവെച്ച്, പിടിയുടെ വള്ളിക്കിടയിലൂടെ കൈയ്യിട്ട് ഹാൻഡ്ബാഗ് കെട്ടിപ്പിടിച്ച് ഇനി ഉറക്കമാണ്. പെരുമ്പാവൂരിലെത്തുന്നതു വരെ ഇനി ഒന്നും ശ്രദ്ധിക്കേണ്ടതില്ല.
മുന്താണി തലയിലൂടെയിട്ട് മൂടി ഞാൻ കണ്ണുകളടച്ചു. ടിക്കറ്റു തന്ന കണ്ടക്ടർ ഇരിപ്പിടത്തിൽ പോയിരുന്നയുടൻ ലൈറ്റും അണച്ചു കഴിഞ്ഞിരുന്നു..
വേദിയിൽ എന്താണ് സംസാരിക്കേണ്ടത്..? മനസ്സിലേക്ക് ഒന്നും വരുന്നില്ല. ചിലപ്പോൾ ചിലതെല്ലാം വെട്ടി തുറന്നങ്ങ് പറയണമെന്ന് തോന്നും, ക്ഷോഭിക്കണമെന്ന് കരുതിയാലും കഴിയാറില്ല. വാത്സല്യമാണ് വാക്കുകളായി ചുരക്കുന്നത്. ഗത്ഗദമായായിരിക്കും ഒടുവിൽ അവസാനിക്കുന്നത്..!
ഉണർന്നപ്പോൾ വണ്ടി സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആളുകൾ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ഷട്ടറുകൾ ഉയർത്തി വയ്ക്കുന്നവർ. മഴയൊന്നുമില്ല.
ശക്തമായ സൂര്യപ്രകാശത്തിലേക്ക് ഞാനിറങ്ങി നിന്നു.
കുട നിവർത്തി- ഉണങ്ങിക്കഴിഞ്ഞാൽ ഹാൻഡ് ബാഗിലേക്ക് വയ്ക്കാം..
കോഫീ ഷോപ്പിന്റെ ദിശയിലേക്ക് ഞാൻ കണ്ണോടിച്ചു. മുമ്പോട്ട് നടക്കാനാഞ്ഞതും, ഒരു പെൺകുട്ടി എൻറെ മാറിടത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് വിരൽ ചൂണ്ടി പറഞ്ഞു:
"ചോര.."!
അവളുടെ കണ്ണുകളിൽ നിന്നും സംഭ്രമം എൻറെ മുഖത്തേക്കും പടർന്നു.
സാരിയിൽ ചോര പടർന്നിരിക്കുന്നു..! ഇതെങ്ങനെ...?
എന്റെ നെഞ്ചിൽ നിന്നും ചോരകുടിച്ച ഒരു തോട്ടപ്പുഴു മുന്തിരി മണി പോലെ നിലത്തേക്ക് വീണു.. വീട്ടിൽ നിന്നും പടികളിറങ്ങി റോഡിലേക്ക് നടന്നപ്പോൾ പച്ചില തലപ്പുകളിൽ തട്ടിയ കുടയിലേക്ക് തോട്ടപ്പുഴു പറ്റിക്കയറിയതാണ്.
മടക്കിയ കുട നെഞ്ചോട് ചേർത്തുറങ്ങിയ ഞാനറിയാതെ അട്ട സുഖമായിരുന്ന് ചോര കുടിച്ചിരിക്കുന്നു. കുടികഴിഞ്ഞ് സാരിയുടെ ഞൊറികൾക്കിടയിൽ മയങ്ങിയിരുന്നപ്പോഴും അനസ്യൂതമൊഴുകിയ രക്തം സാരിയാകെ കുതിർത്തിരിക്കുന്നു .
രാശിയില്ലാത്ത സാരി..!?
ശ്രീദേവി പറഞ്ഞത് ശരിയാകുകയാണോ..?
വാഷ്റൂമിൽ കയറി സാരിയഴിച്ച് രക്തക്കറ കഴിയുന്നത്ര മറച്ച് ഞാൻ സാരി വീണ്ടുമുടുത്തിറങ്ങി. പൂരി മസാല കഴിക്കുമ്പോഴും, കോഫി കുടിക്കുമ്പോഴും ശരീരത്തിലെവിടെയോ തോട്ടപ്പുഴു ഇഴയുന്നതുപോലെ.. രാശിയില്ലാത്ത സാരിക്കിടയിലൊളിച്ചിരുന്ന് അട്ടകൾ ചോര കുടിക്കുകയാണോ..!?
അശുദ്ധ രക്തമാണ് തോട്ടപ്പുഴു കുടിക്കുന്നതെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. അശുദ്ധരക്തം വാർന്ന് തന്റെ മനസ്സ് മലിനമാകുന്നുണ്ടെന്ന് എനിക്ക് തോന്നി. സാഹിത്യ സമ്മേളന വേദിയിൽ രക്തം വാർന്നുപോയ മുഖത്തോടെ.. ഒരു കളങ്കിതയെപ്പോലെ ഞാൻ നിൽക്കേണ്ടി വരുമോ..?
ഇല്ല ..അന്ധവിശ്വാസങ്ങളുടെ തത്വ സംഹിതകൾക്ക് എന്നെ തോൽപ്പിക്കാൻ കഴിയുകയില്ല..! ഇത് അന്ധവിശ്വാസമല്ലല്ലോ.. അനുഭവമല്ലേ..?
രക്തം വാർന്നൊഴുകി നനവു പറ്റുന്ന അസ്വസ്ഥപ്പെടുത്തുന്ന അനുഭവം..!? അനുഭവങ്ങളെ അവഗണിച്ച് കളയുവാൻ കഴിയുമോ..? എൻറെ തല കുനിഞ്ഞു പോയിരിക്കുന്നു .
തൃശ്ശൂരിലേക്ക് പുറപ്പെടാൻ നിൽക്കുന്ന സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ഞാൻ ഒരു സ്വപ്നാടകയെ പോലെ കയറിയിരുന്നു. വാഹനത്തിൻറെ വേഗത്തിനൊപ്പം എൻറെ മനസ്സിലും ചോദ്യങ്ങളും മറുചോദ്യങ്ങളും ഏറിയും കുറഞ്ഞും വന്നു. പെട്ടെന്ന് വാഹനം ഒന്നുലഞ്ഞു. ബസ് വിജനമായ റോഡരുകിലേക്ക് ഡ്രൈവർ ചേർത്ത് നിർത്തി. സ്വപ്നാടനത്തിൽ നിന്നും ഞാൻ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വന്നപ്പോൾ, ചിലരെഴുന്നേറ്റ് ഡ്രൈവറുടെ അടുത്തേക്ക് നടക്കുന്നതും, 'ഗിയർ ബോക്സിന്റെ കമ്പ്ലൈന്റ് 'ആണെന്ന് ഡ്രൈവർ വിളിച്ചു പറയുന്നതുമെല്ലാം എനിക്ക് മനസ്സിലായി..
ചെവിയോട് ചേർത്ത മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് ലഗേജുകളുമായി ചിലർ തിടുക്കത്തിൽ പുറത്തേക്കിറങ്ങി .പാഞ്ഞു വന്ന് ചേർത്തുനിർത്തിയ സ്വകാര്യ ബസ്സിലേക്ക് അവർ ഓടിക്കയറി. പിറകേ വരുന്ന കെ.എസ്.ആർ.ടി.സി "യിൽ കയറ്റി വിടാമെന്നു പറഞ്ഞ് ചിലരുടെ ടിക്കറ്റുകൾ കണ്ടക്ടർ തിരികെ വാങ്ങിത്തുടങ്ങി..
ശ്രീദേവിയുടെ സാരി..!
രാശിപ്പലകയിലെ പൽചക്രങ്ങൾ ഗിയർബോക്സിലെ ചക്രങ്ങളോടിടഞ്ഞു നിൽക്കുന്നു...
'തൃശ്ശൂർ വരെ പോകേണ്ടവർക്ക് ഡിപ്പോയിൽ നിന്ന് പകരമയക്കുന്ന ബസ്സിൽ പോകാം' എന്ന് കണ്ടക്ടർ അറിയിച്ചു. ചില കുടുംബങ്ങളും, അന്യഭാഷ സംസാരിക്കുന്നവരും മാത്രം ബസ്സിൽ ശേഷിച്ചു. കണ്ടക്ടറും ഡ്രൈവറും വണ്ടിക്ക് പുറത്തിറങ്ങി നിന്ന് ഉറക്കെ എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു. ആരുടെയോ ട്രാവൽ ബാഗിന്റെ നീണ്ട വള്ളികൾ എൻറെ തലമുടിയിൽ തൊട്ട് തലോടിക്കൊണ്ടിരുന്നു ...
കുറേക്കഴിഞ്ഞപ്പോൾ ഡിപ്പോയിൽ നിന്നയച്ച ബസ് വന്നു. മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ പാഞ്ഞ ബസ്, എനിക്ക് വേണ്ടി സാഹിത്യ അക്കാദമിയുടെ മുമ്പിൽ തന്നെ നിർത്തിത്തന്നു.. "വൈകിയതെന്തേ..?" എന്ന ചോദ്യത്തോടെ സംഘാടകർ എന്നെ വേദിയിലേക്ക് ആനയിച്ചു കൊണ്ടുപോകുമ്പോൾ സാരിക്കുള്ളിലൊളിച്ച തോട്ടപ്പുഴുവിനെപ്പോലെ എവിടെയെങ്കിലുമൊന്നൊളിക്കാൻ ഞാൻ ആഗ്രഹിച്ചു .
രാശിപ്പലകയിൽ തെളിഞ്ഞ ശ്രീദേവിയുടെ മുഖം എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.