(അബ്ബാസ് ഇടമറുക്)
"ഇതുവരേയും അവൾക്കൊരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല .പാവം ,എല്ലാത്തിനും കാരണക്കാരി അവളുടെ അമ്മായിയമ്മയാണ് .എന്നാലും ഇതുപോലുണ്ടോ സ്ത്രീകൾ .?എന്തൊരു ദുഷ്ടമനസ്സാണ് അവരുടേത് ."മുംതാസ് കൂട്ടുകാരിയെനോക്കി സങ്കടത്തോടെ പറഞ്ഞു.
"എന്തിന് അവരെമാത്രം കുറ്റംപറയുന്നു. ഭർത്താക്കന്മാരായാൽ ... ഭാര്യമാർ പറയുന്നത് വിശ്വസിക്കണം .അല്ലാതെ അമ്മമാർ പറയുന്നത് വേദവാക്യംകണക്കെ മനസ്സിൽവിശ്വസിച്ചുകൊണ്ടു നടന്നാൽ ഇതും ഇതിനപ്പുറവും ഉണ്ടാകും ."രാധികയുടെ വാക്കുകളിലും സങ്കടം നിറഞ്ഞുനിന്നു.
"ശരിതന്നെ ,എന്നാലും അവനെ കുറ്റംപറയാൻ ...നമുക്കാവുമോ .?നമ്മുടെ ഭർത്താക്കന്മാർ പ്രവർത്തിക്കുന്നതും ഇതൊക്കെത്തന്നെയല്ലേ .?ഇവിടുത്തെ കര്യംതന്നെ എടുക്ക് .ഞാൻ പറയുന്നതിനേക്കാൾ ഇക്കാക്ക് വിശ്വാസം ഉമ്മാ പറയുന്നതാണ് ."
"അതു ശരിയാണ് "രാധിക മുംതാസിനെ അനുകൂലിച്ചു .
"അവളേപ്പോലൊരു പെണ്ണിനെ ഭാര്യയായിക്കിട്ടാൻ പുണ്യം ചെയ്യണം .ഇന്നത്തെകാലത്ത് ഇത്രപാവമായ ,നിഷ്കളങ്ക മനസ്സുള്ള പെണ്കുട്ടികളുണ്ടോ എന്നുതന്നെ സംശയമാണ് .അവളുടെ മുഖം കാണാൻതന്നെ എന്തൊരു ഭംഗിയാണ് ."
"അതെ ,വെറും ശുദ്ധമനസ്സാണ് അവളുടേത് .ഇനിയെങ്കിലും അവൾക്കൊരു നല്ലജീവിതം ഉണ്ടായാൽ മതിയായിരുന്നു ."മുംതാസ് പ്രാർത്ഥിച്ചു .
"ഇന്നലെ എന്തൊക്കെയാണോ സംഭവിച്ചിട്ടുണ്ടാകുക .ഒന്നുമറിയില്ല .നശിച്ച ഒരു കാറ്റും ,മഴയും ...അതാണ് എല്ലാം തുലച്ചത് ."
"അതെ ,ഞാനും ആകെ വിഷമത്തിലാണ് .എന്തുചെയ്യാന .?ഉച്ചകഴിയുന്നതുവരെ കാത്തിരിക്കാം .ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നുവെച്ചാൽ ...എല്ലാ അവളുമാർക്കും ഒരുതരം കളിയാക്കൽപോലെയാണ് .പോരാത്തതിന് ചേട്ടനിതൊന്നും ഇഷ്ടമല്ല ."
"ഇവിടേയും ഇതുതന്നെയാണ് അവസ്ഥ .ഇക്കാക്ക് ഇതൊന്നും ഇഷ്ടമല്ല .?"
"എന്തൊക്കെയായാലും സഹോദരി കൂട്ടിനുള്ളതാണ് അവൾക്ക് ഏക ആശ്വാസം .പിന്നെ അമ്മായി അച്ഛനും നല്ല മനുഷ്യനാണ് ."
"അതെ ..."മുംതാസ് കൂട്ടുകാരിയുടെ വാക്കുകൾ ശരിവച്ചു .
"ആരുടെ കാര്യമാണ് പ്രിയതമയും ,കൂട്ടുകാരിയുംകൂടി ഇത്രകാര്യമായി ചർച്ചചെയ്യുന്നത് .ഏതോ അടുത്തബന്ധമുള്ളവരുടെ കാര്യമാണെന്നതിൽ സംശയമില്ല .എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ...ഇല്ലെങ്കിൽ ഇരുവരും ഇത്രകണ്ട് സങ്കടപ്പെടില്ല .ഇതുകൊണ്ടാണോ ഇന്നലെ രാത്രിമുതൽ മുംതാസിനൊരു മൂഡ്ഔട്ട് പോലെ തോന്നിയത് ...ആവും ."ഭാര്യയുടേയും ,കൂട്ടുകാരിയുടേയും സംഭാഷണം ശ്രവിച്ചുകൊണ്ട് അകത്തെമുറിയിൽകിടന്ന മുഹമ്മദ് മനസ്സിൽ ചിന്തിച്ചു .
"എന്നെങ്കിലും ഭർത്താവ് അവളെ മനസ്സിലാക്കും ...അമ്മയുടെ ക്രൂരതകളും .അല്ലെങ്കിൽത്തന്നെ അത് അവന്റെ യഥാർത്ഥ അമ്മയുമല്ലല്ലോ .?ഇളയമ്മയല്ലേ .?"മുംതാസ് ആത്മഗതമെന്നോണം പറഞ്ഞിട്ട് ...സമാധാനത്തോടെ കൂട്ടുകാരിയെനോക്കി .
"എനിക്കിപ്പോഴുള്ള ഏക സന്തോഷം ...അമ്മായിയമ്മയുടെ ചതിയിൽപെട്ട് അവളുടെ ഗർഭപാത്രം നഷ്ടപ്പെട്ടിട്ടില്ല എന്നുള്ളതാണ് .ഇനിയും പുതിയ കെണികളൊരുക്കി അവളെ അപായപ്പെടുത്താൻ ആ ദുഷ്ട ശ്രമിക്കാതിരുന്നാൽ മതിയായിരുന്നു ."
"ഒന്നും ഉണ്ടാവില്ല ,ദൈവം ഉണ്ട് അവളുടെ കൂട്ടിന് .പിന്നെ അവളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും ."
"അതെ ...അതെ .ഇരുവരും പറഞ്ഞുനിർത്തി .ഇരുവരുടേയും മനസ്സ് പിയപ്പെട്ടവളുടെ ഓർമ്മയിപ്പെട്ടു നീറിപ്പിടഞ്ഞുകൊണ്ടിരുന്നു .
ജോലികൾ ഒരുപാട് ചെയ്തുതീർക്കാനുണ്ടെങ്കിലും അവർക്കതിലൊന്നും ശ്രദ്ധചെലുത്താനായില്ല .എത്രയും വേഗം സമയം കടന്നുപോയെങ്കിലെന്നവർ ആഗ്രഹിച്ചു .
കഴിഞ്ഞരാത്രിയിൽ തുടങ്ങിയ ആധിയാണ് .ഇനി അതുമാറണമെങ്കിൽ ഇരുവരുടേയും പ്രിയപെട്ടവൾക്ക് എന്തുസംഭവിച്ചു എന്നറിയണം .എല്ലാം കറന്റുകട്ടുമൂലം ഉണ്ടായ ദുഖമാണ് .ഇനി ഉച്ചകഴിയുന്നതുവരെ കാത്തിരിക്കണം .
ഈ ഒരു കാരണംകൊണ്ടുതന്നെ വീട്ടുജോലികളിലോ ,കുട്ടികളുടെ സ്കൂൾ കാര്യങ്ങളിലോ ശ്രദ്ധിക്കാനായിട്ടില്ല ഇരുവർക്കും .ഒരുവിധത്തിൽ കാപ്പിയുണ്ടാക്കി ഭർത്താവിനും ,മക്കൾക്കുംകൊടുത്തു .അത്രമാത്രം ...ബാക്കിജോലികളെല്ലാം ചെയ്തുതീർക്കാതെ കിടക്കുന്നു .
കാത്തിരുന്ന സമയം അടുത്തപ്പോൾ ...മുംതാസും ,രാധികയും പൊടുന്നനെ സംസാരം നിർത്തി .എന്നിട്ട് വീടിനുള്ളിലേക്ക് നടന്നു .ടി വി ഓണക്കിയിട്ടു സ്ക്രീനിലേക്ക് കണ്ണുംനട്ട് ഇരുവരും സോഫയിലിരുന്നു .ഇരുവരുടേയും ഹൃദയം ആകാംക്ഷകൊണ്ട് പടപടാ ഇടിച്ചുകൊണ്ടിരുന്നു .
ഈ സമയം അകത്തെമുറിയിൽ ഭാര്യയുടേയും ,കൂട്ടുകാരിയുടേയും സംഭാഷണം ശ്രവിച്ചുകൊണ്ടുകിടന്ന മുഹമ്മദ് ഞെട്ടിപ്പോയി .അത്രയുംനേരം തന്റെ ഭാര്യയും ,ആത്മമിത്രവുംകൂടി സീരിയസ്സായി സംസാരിച്ചുകൊണ്ടിരുന്നത് എന്തിനെക്കുറിച്ചാണെന്ന് ആ സമയം അവൻ മനസ്സിലാക്കി .ഒരുനിമിഷം അവന്റെ ചുണ്ടിൽ പുഞ്ചിരിവിടർന്നു .ഒപ്പം ദേഷ്യവും .അവൻ മെല്ലെ കട്ടിലിൽനിന്നും എഴുന്നേറ്റുകൊണ്ട് ചാരിയിട്ടിരുന്ന വാതിലിനുവിടവിലൂടെ ഹാളിലേക്ക് നോക്കി .
അവന്റെ കണ്ണുകൾ ടിവി സ്ക്രീനിലെ അക്ഷരങ്ങളിൽ തങ്ങിനിന്നു .'സീതാകല്ല്യാണം' സീരിയൽ തുടങ്ങാൻ പോകുന്നു .
സീരിയലിനേക്കുറിച്ചായിരുന്നു ഇരുവരും ഇതുവരെ സീരിയസ്സായി സംസാരിച്ചുകൊണ്ടിരുന്നത് .സീരിയൽ ...കാണുവാൻ വേണ്ടിയാണ് ഇരുവരും ജോലിപോലും ഒഴിവാക്കി ഇത്രസമയവും കാത്തിരുന്നത് .സിരിയൽ കാണാൻ കഴിയാത്തതുകൊണ്ടാണ് മുംതാസ് ഇന്നലെരാത്രി മുഖംവീർപ്പിച്ചുനടന്നത് .ഓർത്തപ്പോൾ മുഹമ്മദിന് ദേഷ്യം കൂടി .
ഭർത്താവിനേയും ,മക്കളേയും ശ്രദ്ധിക്കാതെ ...വീട്ടുജോലികൾപോലും ഒഴിവാക്കിക്കൊണ്ട് ... സീരിയലുകാണാനിരിക്കുന്ന തന്റെ ഭാര്യക്കിട്ടും ...കൂട്ടുകാരിക്കിട്ടും എന്തെങ്കിലുമൊരു പണികൊടുക്കണമെന്ന് അവനുതോന്നി .എന്തുപണിയാണ് കൊടുക്കുക മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .
ആ സമയത്താണ് മുറിയുടെ കോണിലായി ചുവരിൽ കടിപ്പിച്ച മെയിൻസ്വിച്ച് അവന്റെ കണ്ണിൽപ്പെട്ടത് .പുഞ്ചിരിച്ചുകൊണ്ട് അവൻ ആ മെയിൻസ്വിച്ചു് ഓഫാക്കി .എന്നിട്ട് ഒന്നുമറിയാത്തതുപോലെ മെല്ലെ കട്ടിലിൽ ചെന്നുകിടന്നു .
"അള്ളാഹുവേ ,കൃത്യസമയത്തു കറന്റുപോയല്ലോ ഇനിയെന്തുചെയ്യും .?"മുംതാസ് നെഞ്ചിൽ കൈവെച്ചുകൊണ്ട് വിലപിച്ചു .
"ഈശ്വരാ ,ഇന്നും നീ ചതിച്ചല്ലോ .?"രാധികയും നെഞ്ചിൽകൈവെച്ചു തേങ്ങി .
ആ സമയം ഇരുവരുടേയും മിഴികളിൽനിന്നും പ്രിയനായിക സീരിയലിൽ പൊഴിക്കുന്നതുപോലത്തെ കണ്ണുനീർക്കണങ്ങൾ അടർന്നുവീണുകൊണ്ടിരുന്നു .