മനസ്സു മടുപ്പിക്കുന്ന നടപടിക്രമങ്ങൾക്കു ശേഷം ഒടുവിൽ ബഹുമാനപ്പെട്ട കുടുംബകോടതി വിവാഹമോചനം അനുവദിച്ചു തന്നു. ഒരു പാടു കദന കഥകളുടെ തഴമ്പേറ്റ കോടതിയുടെ പടിക്കെട്ടിറങ്ങി ജനം പെരുകിത്തടിച്ചൊഴുകുന്ന
റോഡിലേക്കിറങ്ങിയപ്പോൾ തെല്ലിട പകച്ചു നിന്നു പോയി. ഒരേ വഴിയിലൂടെ നടന്നിരുന്ന രണ്ടു പേർ ഈയൊരു ദശാസന്ധിയിൽ വഴി പിരിയുകയാണ്. ഇങ്ങിനെ ഒന്നു തീരുമാനിച്ച ശേഷം ഓരോ നിമിഷവും അമ്മുവിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ. തത്കാലം തന്റെ അമ്മയെ വീട്ടിൽ കൊണ്ടുവന്നു നിർത്താം. അതെത്ര നാൾ? അസുഖങ്ങളുടെ കൂമ്പാരമായ അച്ഛനരികികിൽ നിന്ന് മാറി എത്രനാൾ നിൽക്കാനാകും? ഓർക്കുമ്പോൾ കഠിനമായ വിദ്വേഷത്തിനും പകക്കും പകരം അത്ഭുതമാണ് തോന്നുന്നത്. ഇത്രയേറെ വർഷം ഒരുമിച്ചു കഴിഞ്ഞതിനു ശേഷം, പെട്ടെന്നൊരു നാൾ വിവാഹമോചനത്തിന്.
ജീവിതം നശിപ്പിച്ച മാസങ്ങൾക്കു മുൻപുള്ള ആ ദിവസം ഇന്നുമോർക്കുന്നു. അതിനു മുൻപു വരെ സന്തോഷകരമായ ജീവിതമായിരുന്നു. സൗന്ദര്യം, പെരുമാറ്റം, സൗമ്യത... ഏവരിലും അവൾ അസൂയ ഉണർത്തിയിരുന്നു. ഇതു പോലൊരു പെൺകുട്ടിയെ കിട്ടിയത് ഭാഗ്യമെന്ന് എല്ലാവരും അടക്കം പറഞ്ഞു. താനുമത് ഉൾക്കൊണ്ടു. ഒപ്പം അവരിൽ അസൂയ ഉളവാക്കാൻ കഴിഞ്ഞതിൽ തെല്ലഹങ്കാരവും തോന്നി. അഹങ്കാരത്തിൻ്റെ പരിണിതഫലം ഇപ്പോൾ അനുഭവിക്കുന്നു.
ചൂടുൾക്കൊണ്ട കാറ്റ് ഇടതടയില്ലാതെ വീശിയിരുന്ന ഒരു മധ്യവേനലവധിക്കാലം. ഷോപ്പിങ് കഴിഞ്ഞ് വിശാലമായ മാളിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. പൊടുന്നനെ സുമുഖനായ ഒരാൾ വന്ന് പരിചയപ്പെടാൻ ഒരുങ്ങി. അവളാകട്ടെ അയാളുമായി ഏറെക്കാലത്തെ പരിചയമുള്ള പോലെയായിരുന്നു പെരുമാറ്റം. അവളുടെ കണ്ണുകളിലെ അസാധാരണമായ തിളക്കം കണ്ടില്ലെന്നു നടിച്ചു. വലിയൊരു ഐ.ടി.കമ്പനിയിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്. പരിചയപ്പെടലിനു ശേഷം തിരിഞ്ഞു നോക്കിക്കൊണ്ട് അയാൾ പോയി. പിന്നെയാണ് മനസ്സിലായത്. അവളുടെ കോളേജ് കാലത്തെ കാമുകനായിരുന്നു അയാളെന്ന്. ഏതോ കാരണങ്ങളാൽ നടക്കാതിരുന്നതായിരുന്നു അവരുടെ വിവാഹം. ആ ഒരു കൂടിക്കാഴ്ചയ്ക്കുശേഷം വല്ലാത്തൊരു മാറ്റമാണ് അവളിൽ വന്നു ചേർന്നത്. നിസ്സാര കാര്യങ്ങൾക്കു പോലും കലഹങ്ങൾ. തന്നോടു മാത്രമല്ല അമ്മുവിനോടും അതാവർത്തിച്ചു. ഒടുവിൽ പെട്ടെന്നൊരു നാൾ വിവാഹമോചനം ആവശ്യപ്പെടൽ. അതിനെതിരെയുള്ള എൻ്റെ എതിർപ്പുകളുടെ മുനയൊടിച്ചത് എത്ര നിഷ്കരുണമായാണ്? അതൊന്നും ഓർക്കാൻ കൂടി കഴിയില്ല.സോഷ്യൽ മീഡിയയിലും സുഹൃത്തുക്കൾ പറഞ്ഞും ഇത്തരത്തിലുള്ള സംഭവങ്ങൾ അറിയുമായിരുന്നു . എന്നാൽ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ സ്വപ്നേപി പ്രതീക്ഷിച്ചതല്ല. ഒരു വീട്ടമ്മക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ തീരുമാനിക്കാൻ കഴിയുന്നു. ആ കാമുകൻ്റെ ഇപ്പോഴത്തെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയുമോ? ഇത്തരം ബന്ധങ്ങൾ നിലനിൽക്കുന്നതാണോ? താനറിഞ്ഞ സംഭവങ്ങൾ വച്ച് വിശകലനം ചെയ്താൽ ഇത്തരം സംഭവങ്ങൾ സ്ത്രീയുടെ അപകടാവസ്ഥയിലാണ് ചെന്നെത്തിച്ചേരുക. ഈ വിഷയത്തിൽ മാരകമായതൊന്നും ചെയ്യാൻ അറിയാഞ്ഞിട്ടല്ല .തീയാളുന്ന തീരുമാനമെടുക്കാൻ ഒരുങ്ങുമ്പോഴൊക്കെ അമ്മുവിന്റെ നിഷ്കളങ്കമായ മുഖം ഓർമ്മ വരും.അനാഥത്വം മകളുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ല. അതോടെ തീരുമാനം മാറ്റും. ഒടുവിൽ ഇനി അമ്മുവിന് വേണ്ടി ജീവിക്കുക എന്ന നിലപാടിലെത്തി. ഇപ്പോൾ തന്റെ അമ്മയുടെ വീട്ടിലാണവൾ. ദീർഘമായ അവധിക്കു ശേഷം നാളെ സ്കൂൾ തുറക്കുകയാണ്. അമ്മ പൊയ്പ്പോയ വിവരം എങ്ങിനെ കുട്ടിയിൽ നിന്നും മറച്ചു വക്കും? അതെത്ര നാൾ? തീ പിടിച്ച ചിന്തകളുമായി വീടെത്തിയപ്പോഴേക്കും ഗേറ്റിൽ പിടിച്ച് ഊഞ്ഞാലാടുകയാണ് അമ്മു. വരാന്തയിൽ വിഷണ്ണയായി തല കുനിച്ച് അമ്മ. തന്നെ കണ്ടതും ആട്ടം നിറുത്തി അഛനെന്നു വിളിച്ചു കൊണ്ട് അവൾ ഓടി വന്നു. വാരിയെടുത്ത് നെറ്റിയിൽ ഉമ്മ വച്ചു. കണ്ണിമ നനഞ്ഞ് രണ്ടിറ്റു കണ്ണീർ അടർന്നുവീണത് മകൾ കാണാതെ തുടച്ചു.
അതിരാവിലെ മുതൽ പൊടിഞ്ഞ മഴ പെയ്യുന്ന ദിവസം. കുട്ടിയെ കാറിലിരുത്തി സ്കൂളിലേക്ക് പോകുമ്പോഴും മഴ ശമിച്ചിരുന്നില്ല. സ്ഫടിക ജാലകത്തിലൂടെ ഇറ്റു വീഴുന്ന മഴത്തുള്ളികളിലൂടെ പുറം കാഴ്ചകൾ കാണുകയായിരുന്നു അവൾ. വഴിയിലൊരിടത്ത് ചില്ലു പാത്രത്തിൽ സ്വർണ്ണ നിറമാർന്ന മത്സ്യങ്ങളെ വിൽപ്പനക്കു വച്ചിരിക്കുന്നു. അതു കണ്ടതും വേണമെന്നു പറഞ്ഞ് വാശിയായി.സ്കൂൾ വിട്ടു വരുമ്പോഴേക്കും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഒരു വിധം സ്കൂളിലെത്തിച്ചു. സ്കൂളിൻ്റെ പടിക്കെട്ടു കയറി ക്ലാസ്സിൽ പോകുന്നതിനു മുൻപ് തിരിഞ്ഞു നിന്ന് അമ്മുവിൻ്റെ ഒരു ചോദ്യം!
'അച്ഛാ അമ്മമ്മടെ ബാബു മാറിയോ ? ന്നെ വിളിച്ചിട്ട് ഒന്നും പറയണില്യ അമ്മമ്മ”
ചോദ്യം കേട്ടെങ്കിലും ഒന്നും പറയാതെ കാറിൽ കയറി. പടിക്കെട്ടുകൾ കയറി ക്ലാസ്സ്മുറിയിലേക്കു അവൾ പോകുന്നതുവരെ വിങ്ങുന്ന മനസോടെ നോക്കിനിന്നു
ഒരു തീരുമാനമാകുന്നതുവരെ ഓഫീസിൽ നിന്ന് അവധി വേണം. നഷ്ടപ്പെടലിന്റെ ആഴം ഏറെ വ്യക്തമാവുകയാണ്. ചികിത്സയിലുള്ള അച്ഛനെ വിട്ട് അമ്മക്ക് ഏറെ നാൾ മാറി നിൽക്കാൻ കഴിയില്ല. ഇന്നു മുതൽ ഞാനും അമ്മുവും മാത്രമാകും വീട്ടിൽ. ലോകത്തോടു തന്നെ പകയും വിദ്വേഷവും തിരതല്ലുകയാണ്. ഒരിക്കൽ പോലും താനവളെ വേദനിപ്പിച്ചിട്ടില്ല. തന്നെക്കാളേറെ സ്നേഹിച്ചത് അവളെയാണ് എന്നിട്ടും തന്നോട് .... ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്? ഈശ്വരാ.! ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. കഴിഞ്ഞു പോയതിനി ചിന്തിച്ചിട്ട് എന്തു പ്രയോജനമാണുള്ളത് ?ഉമിത്തീ പോലെ നീറി നീറി ഒടുങ്ങാനോ? ഇന്നലെകളെക്കുറിച്ചുള്ള വിചാരങ്ങൾ വർത്തമാനത്തെയും ഭാവിയെയും നശിപ്പിക്കാനെ ഉപകരിക്കൂ. തനിക്കും മകൾക്കും മുന്നോട്ടു പോയേ പറ്റൂ. തനിക്കായി അരക്കില്ലം തീർത്ത് തന്നെ തകർത്ത് മകളെ മുറിവേൽപ്പിച്ചവർക്കുള്ള മറുപടി കാലം കാത്തു വച്ചിരിക്കും. അതിൽ സംശയമില്ല.
ടി.വി സ്റ്റാൻഡിനരികെ വച്ച പല നിറത്തിലുള്ള കല്ലുകൾ നിറഞ്ഞ സ്ഫടിക പാത്രം കൗതുകത്തോടെ നോക്കുകയാണ് അമ്മു. പാത്രത്തിൽ രണ്ടു സ്വർണ്ണ മീനുകൾ.അവയുടെ ധ്രുത ചലനങ്ങൾക്കൊപ്പം അമ്മുവിന്റെ കൺ മിഴികൾ.ചെറിയ ആഹാരത്തിന്റെ തരികൾ ഇട്ടു കൊടുത്ത് അവൾ പറയുന്നു.
'ഛാ ഈ ഫിഷൊന്നും കഴിക്കണില്ലച്ചാ.അച്ചാ.'
'അതിന് വിശപ്പുണ്ടാവില്ല മോളേ അതാ കഴിക്കാത്തത് '
'അച്ചാ ഇത് ബോയ് ആണോ ഗേൾ ആണോ?
'ഒരു ബോയും ഒരു ഗേളും'.
'അച്ഛനും അമ്മേമാണോ? ,
'അതെ'
മോൾക്കുച്ചക്ക് കഴിക്കാനെന്താ വേണ്ടേ?
'നിക്ക് ബിരിയാണി. ല്ല എന്ത് വേണം ന്ന് ച്ചാലും ണ്ടാവോ?”
'പിന്നെ അതിനല്ലെ അച്ഛന്റെ കൈയ്യിലെ ഫോൺസൂത്രം.മോൾക്കിഷ്ടമുള്ളത് പറഞ്ഞോളൂ അച്ഛൻ ഓർഡർ ചെയ്യാം'
'ന്നാലെ എനിക്ക് ചിക്കൻ ബിരിയാണി.ല്ല നിക്ക് ചിക്കൻ ന്യൂഡിൽസും ഐസ്ക്രീമും…വാനില ഐസ്ക്രീം ഇതെങ്ങനാച്ഛാ കിട്ടാ നിക്കും കാണിച്ചതാ'
“അതിനെന്താ വാ കണ്ടോളൂ”.
“ച്ഛാ ഇതു പോലെ ടോയസൊക്കെ വാങ്ങാമ്പറ്റോ?”
“പിന്നെന്താ എല്ലാം വാങ്ങാമ്പറ്റും കിട്ടും മ്മടെ വീട്ടിലേക്ക് കൊണ്ടുവരും”
അരമണിക്കൂറിനുള്ളിൽ വൃത്തിയായി പാക്കു ചെയ്ത് നൂഡിൽസെത്തി. ഒപ്പം ഐസ് ക്രീമും. വിസ്മയമിഴികളോടെ മകൾ കൈകഴുകി കഴിക്കാനിരുന്നു. കഴിച്ചു കഴിഞ്ഞതും ഐസ്ക്രീം നുണഞ്ഞു കൊണ്ട് അവൾ വീണ്ടും സ്വർണ്ണമീനുകളെ ചുറ്റിപ്പറ്റി നിൽക്കാൻ തുടങ്ങി .
“ഛാ ഐസ്ക്രീം സൂപ്പറായിണ്ട് “
“ഛാ പിന്നെയ് ഈ മീനകള്ടെ മോളെവിടാ അച്ച..?”
“മോള് .അത് പിന്നെ അത് തന്നെ മോള് “
“അപ്പൊ മോൾടെ അമ്മയെവിടെ. മോൾക്ക് അമ്മേനെ വേണ്ടേ . “
“അമ്മ.അമ്മൂന് ഏത് ടോയാ വേണ്ടെ? “
“അമ്മേനെ വേണ്ടേന്ന് . പിന്നെ നിക്ക് ഇഷ്ടം ബിഗ് ടെഡി ബയർ .പിങ്ക് കളർ.”
“ഇങ്ങു വാ ഇതിൽ ഒരു പാട് ടെഡി ബയർ ഫോട്ടോസ് ഉണ്ട് നിനക്കിഷ്ടമുള്ളത് സെലക്ട് ചെയ്തോ അച്ഛൻ ഓർഡർ ചെയ്യാം. നാളെത്തന്നെ നമ്മുടെ വീട്ടിലെത്തും”
മകൾക് ഫോൺ നൽകി. അവൾ ഇഷ്ടമുള്ള ടെഡി ബെയറിനെ തിരഞ്ഞെടുത്തുകൊള്ളട്ടെ.
വീടിനു പുറത്തിറങ്ങി. പുറത്ത് ചുട്ടുപഴുത്ത ഉച്ചവെയിൽ. അതോടൊപ്പം തീയാളുന്ന മനസ്സ്. ഇലകളടർന്ന് വീണു വഴിത്താരകൾ മഞ്ഞച്ചു കിടക്കുന്നു. ഭാഗ്യവാനെന്ന് നിനച്ച് അതിസുന്ദരിയായ ഭാര്യയുമായി ജീവിതമാരംഭിച്ച വീട്. ഇന്നാ ഓർമ്മകൾ ചുട്ടു പഴുത്ത വെയിലു പോലെ പൊള്ളിക്കുന്നു. തനിക്കു സംഭവിച്ച പിഴവ്... അതെ ഇതു തനിക്കു സംഭവിച്ച പിഴവു തന്നെ. അതിനു വലിയ വില കൊടുക്കേണ്ടി വന്നത് രണ്ടു ജീവിതങ്ങൾക്ക്. ഈ പ്രായത്തിലും തനിക്കിത് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല. അമ്മുവിന്റെ കാര്യം പിന്നെ പറയാനുണ്ടോ . ഇടക്കിടക്ക് അടുക്കളയിൽ നിന്നും ബെഡ് റൂമിൽ നിന്നുമെല്ലാം അവളുടെ ഏട്ടനെന്ന വിളി കേൾക്കുന്ന പോലെ ... ഒരു ചായ ഉണ്ടാക്കാൻ പോലും തനിക്കറിയില്ല. ഓൺ ലൈനിൽ ആഹാരവും വാങ്ങി എത്ര നാൾ? ഇന്നത്തെക്കാലത്ത് വിശ്വസിച്ച് സർവന്റിനെ വക്കാൻ കഴിയുമോ? തെറ്റുതിരുത്തി തിരിച്ചു വരുമെങ്കിൽ എല്ലാം ക്ഷമിച്ച് സ്വീകരിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അതെല്ലാം തനിക്കായല്ല. എന്റെ അമ്മുവിനെ ഓർത്ത് മാത്രം.
അമ്മുവിന്റെ ശബ്ദമൊന്നും കേൾക്കുന്നില്ല. സ്വർണ്ണമീനിനടുത്ത് ചുറ്റിപ്പറ്റി നിൽക്കുകയാവും. കുട്ടിക്ക് എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കണമെന്നുണ്ട്. എല്ലാം അവളായിരുന്നല്ലോ ചെയ്തിരുന്നത്! മൊബെൽ ഫോണിൽ കാര്യമായെന്തോ ചെയ്യുകയാണ് അമ്മു. ഏതോ ഓൺലൈൻ സ്റ്റോർ തുറന്നു കാര്യമായെന്തോ ടൈപ്പ് ചെയ്യുന്നു. അടുത്തേക്ക് വന്ന് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവൾ അന്വാഷിക്കുന്നത് എന്താണെന്ന് കണ്ടത്.അമ്മ.