(Abbas Edamaruku)
ഓട്ടോറിക്ഷ നിറുത്തി മുറ്റത്തേയ്ക്ക് കടന്നുചെല്ലുമ്പോൾ അവിടമാകെ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. ചാറ്റൽമഴയേറ്റ് നനഞ്ഞ ചുരിദാറിന്റെ ഷാൾ ഒതുക്കി പിടിച്ചുകൊണ്ട് അവൾ പന്തലിന്റെ ഓരത്തായി ഒതുങ്ങിനിന്നു. മഴ അപ്പോഴേക്കും ശക്തി പ്രാപിക്കാൻ തുടങ്ങി. പന്തലിലാകെ ചന്ദനത്തിരി കത്തിയെരിയുന്നതിന്റെ ഗന്ധം. തൊട്ടരികിലായി മഴത്തുള്ളിയേറ്റുനനഞ്ഞ സാരി തുടച്ചുകൊണ്ട് നിന്ന... സ്ത്രീ ശബ്ദം താഴ്ത്തി അവളെ നോക്കി ചോദിച്ചു.
"മരിച്ചത് മോളുടെ ആരാ? "
അവൾ മറുപടിയൊന്നും പറഞ്ഞില്ല. മഴയിലേയ്ക്ക് നോക്കി അങ്ങനെ നിന്നു.
"എന്തൊരു മഴയാ... രാവിലേ തുടങ്ങിയതാണ്. അടക്ക് കഴിയുന്നതുവരെയെങ്കിലും അൽപ്പമൊന്നു തോർന്നിരുന്നെങ്കിൽ..."
അവർ ആത്മഗതമെന്നോണം പറഞ്ഞു.
വീടിനുള്ളിൽനിന്ന് ആരുടെയൊക്കെയോ തേങ്ങലുകൾ ഉയർന്നുകേൾക്കാം. സ്വപ്നങ്ങളും, ആഗ്രഹങ്ങളുമൊക്കെ തകർന്നവരുടെ നിലവിളികൾ. അവൾ ഓർത്തു.
അങ്ങനെ ചാറ്റൽമഴയുമേറ്റ് നിൽക്കവേ വേറെ ചിലതെല്ലാം കൂടി അവൾ മനസ്സിലോർത്തു.
ഗുൽമോഹറും, മറ്റു പൂവാകകളുമൊക്കെ നിറഞ്ഞുനിൽക്കുന്ന കോളേജ് ക്യാമ്പസ്. ജൂലൈമാസത്തിലെ ഒരു വൈകുന്നേരം. കുട എടുക്കാൻ മറന്നതിനാൽ മഴ തോരുന്നതും നോക്കി കോളേജ് വരാന്തയിൽ നിൽക്കുംനേരം.
വെളുത്തു മെലിഞ്ഞൊരു പൊടിമീശക്കാരൻ വരാന്തയുടെ അങ്ങേ അറ്റത്തായി നിന്നു. ഇരുവർക്കും ഇടയിൽ സംഗീതം പൊഴിച്ചുകൊണ്ട് വല്ലാത്തൊരുതാളത്തിൽ മഴ പെയ്തുകൊണ്ടിരുന്നു. കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈ ഉയർത്തിക്കാട്ടി അവൻ. എന്ത് പറയണമെന്നറിയാതെ വിസ്മയിച്ചു നിൽക്കുമ്പോൾ അടുത്തേക്ക് വന്നുകൊണ്ട് അവൻ തന്നെ പറഞ്ഞു.
"എന്താ മഴയുടെ ഒരു ഭംഗി അല്ലേ? ആർത്തിരമ്പി പെയ്യുമ്പോഴും വല്ലാത്തൊരു ഭംഗിയുണ്ട് ഇതിന്. "
"അതെ..."
അവൾ മെല്ലെ വിക്കിക്കൊണ്ട് പറഞ്ഞു. എന്നിട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്താൻ ശ്രമിച്ചു.
വീണ്ടും ഇരുവർക്കുമിടയിൽ നിശബ്ദത. മഴയുടെ ഇരമ്പൽ ഒരു താളമായി കാതിൽ വന്നു പതിച്ചുകൊണ്ടിരുന്നു. ആ സമയം വരാന്തയിലെ തൂണിൽ ചാരി നിന്നുകൊണ്ട് ഒരിക്കൽക്കൂടി അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവൻ പറഞ്ഞു.
"സൈറ, എന്നല്ലേ പേര്. എനിക്കറിയാം... പുതുതായി കോളേജിൽ എത്തിയ നാൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ഈ സുന്ദരിയേയും, അവളുടെ കണ്ണുകളെയും. "
ആകെ ചൂളിപ്പോയ നിമിഷം. എന്ത് പറയണമെന്നറിയാതെ വീർപ്പുമുട്ടി നിൽക്കവേ... അവൻ വീണ്ടും തുടർന്നു.
"പിന്നെയേ, ഈ മഴയുടെ ഇപ്പോഴത്തെ ഭാവം എന്താണെന്ന് അറിയുമോ സൈറയ്ക്ക്? ഇല്ലല്ലേ... ഞാൻ പറയാം.... പ്രണയം. ഒരുപാട് ഭാവങ്ങൾ ഉള്ളതിൽ ഏറ്റവും തീവ്രമായ ഭാവവും പ്രകടിപ്പിച്ചുകൊണ്ടാണ് മഴ ഇപ്പോൾ പെയ്തിറങ്ങുന്നത്. മഴയുടെ ഈ ഭാവം കണ്ടാൽ ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നിപ്പോകും. ശരിയല്ലേ ഞാൻ പറഞ്ഞത്?"
പറഞ്ഞുനിറുത്തിയിട്ട് അവളെ നോക്കി അവൻ പൊട്ടിച്ചിരിച്ചു.
മഴയുടെ കുളിരിലും അന്ന് അവളുടെ ദേഹം വിയർത്തുകുളിച്ചു. ചുണ്ടിൽ ഒരിക്കൽക്കൂടി പുഞ്ചിരിവിടർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എത്രയോ പ്രാവശ്യം... എത്രയോ ഇടങ്ങളിൽ വെച്ച് അവനും അവളും പരസ്പരം ഹൃദയങ്ങൾ കൈമാറി.
"മരിച്ചത് കുട്ടിയുടെ ആരാണെന്നാ പറഞ്ഞെ?"
അടുത്തുനിന്ന സ്ത്രീ വീണ്ടും അവളെ നോക്കി ചോദിച്ചു.
പറഞ്ഞില്ല... അല്ലെങ്കിലും എന്താണ് പറയുക? ബന്ധങ്ങളുടെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോകാൻ കഴിയാഞ്ഞവളെന്നോ, അതോ... മോഹങ്ങൾ നൽകി വഞ്ചിച്ചിട്ട് വീട്ടുകാരുടെ എതിർപ്പിനുമുന്നിൽ സ്നേഹിച്ച പുരുഷനെ തള്ളിക്കളഞ്ഞവളെന്നോ... ഒടുവിൽ അവൾ ഇത്രയും പറഞ്ഞു.
"മരിച്ചത് എന്റെ സഹപാഠിയാണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു."
വീണ്ടും വീടിനുള്ളിൽ നിന്ന് ഒരു കൂട്ടനിലവിളി ഉയർന്നുപൊങ്ങി. മയ്യിത്ത് അടക്കം ചെയ്യാനായി പള്ളിക്കാട്ടിലേയ്ക്ക് എടുക്കുകയാണ്. പുറത്ത് മഴ അപ്പോഴും ആർത്തിരമ്പി പെയ്യുന്നുണ്ട് . കുട നിവർത്തിക്കൊണ്ട് അവൾ മെല്ലെ അവിടെനിന്ന് ഇറങ്ങിനടന്നു.
നിരത്തിലൂടെ ഒഴുകിപ്പരന്ന മഴവെള്ളത്തിലൂടെ ചവിട്ടി അങ്ങനെ മുന്നോട്ട് നടക്കുമ്പോൾ... അവൾ ഒരുനിമിഷം മനസ്സിൽ ചിന്തിച്ചു.
ഇപ്പോൾ പെയ്യുന്ന ഈ മഴയുടെ ഭാവം എന്താണ്?
"ശോകം എന്നാവും. അതെ... ശോകം തന്നെ."
അവൾ മെല്ലെ മനസ്സിൽ പറഞ്ഞു.