"മോനേ... അമ്മ മരിച്ചാൽ അമ്മേടെ ആണ്ടു ബലിയും, മോന്റെ അച്ഛന്റെ ആണ്ടുബലിയും ഇടണം കേട്ടോ."
"ബലി തർപ്പണം ചെയ്തില്ലെങ്കിൽ മരിച്ച ആത്‍മാക്കൾക്ക് ഗതി കിട്ടില്ല."
ചെറുപ്പം മുതലേ അമ്മ പറയാറുള്ള വാക്കുകൾ.
"അമ്മയുടെ ബലിതർപ്പണം ചെയ്യാൻ മോൻ മാത്രമേ ഉള്ളു,..ഉണ്ണിക്കുട്ടാ" അമ്മ പറയും
"അപ്പോൾ അച്ഛന് വേറെയും മക്കളുണ്ടോ?" എന്റെ ആ ചോദ്യം അമ്മ ശ്രദ്ധിക്കില്ല. എന്തോ ചിന്തയിൽ മുഴുകി ദൂരേക്ക് കണ്ണും നട്ടിരിക്കും
"എന്റെ അച്ഛൻ എന്താമ്മേ... നമ്മടെ വീട്ടിൽ വരാത്തത്?"
അച്ഛന്റെ പേരെന്താ അമ്മേ?"
എന്റെ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയിട്ടില്ല.
ഓർമ്മ വയ്ക്കുമ്പോൾ മുതൽ ആ ചെറിയ വീട്ടിൽ 'ഉണ്ണിക്കുട്ടൻ 'എന്ന താനും 'ദേവൂട്ടി'എന്ന് എല്ലാവരും വിളിക്കുന്ന അമ്മയും മാത്രമേ ഉള്ളു.
അച്ഛനെ കണ്ടിട്ടേയില്ല.
കളരിക്കലെ ഗോവിന്ദമേനോന്റെ വീട്ടിലെയും, അവരുടെ കുടുംബവക ക്ഷേത്രത്തിലെയും അടിച്ചു തളിക്കാരിയായിരുന്നു അമ്മ. എല്ലാവർക്കും സഹായിയായിരുന്നു അമ്മ. സുന്ദരിയും, ശാന്തസ്വഭാവമുള്ളവളുമായ അമ്മയെ എലാവര്ക്കും ഇഷ്ടമായിരുന്നു. വീടിന്റെ മുറ്റത്തും, തൊടിയിലും നിറയെ തുളസിയും, മന്ദാരവും, അഞ്ചിതൾ ചെമ്പരത്തിയും, കൂവളവും നട്ടു വളർത്തിയിരുന്നു അമ്മ.
എന്നും വെളുപ്പിനെ എഴുന്നേറ്റു കുളിച്ചു വന്ന് അമ്മ കെട്ടുന്ന തുളസിമാലകൾ കൃഷ്ണക്ഷേത്രത്തിലും, കൂവളമാലയും, കറുക മാലയും അടുത്തുള്ള ക്ഷേത്രങ്ങളിൽ കൊണ്ടു പോയി കൊടുക്കുന്നതായിരുന്നു അമ്മയുടെ പ്രധാന ജോലി. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ പണമാണ് പ്രധാന വരുമാനം. പിന്നെ കളരിക്കൽ നിന്നും കിട്ടുന്ന ആഹാരവും ഒരു ചെറിയ തുക മാസശമ്പളവും കൊണ്ട് അമ്മ തന്നെ വളർത്തി.
ദേവുവിനെ മുറച്ചെറുക്കൻ ചതിച്ചതാ. പാവം. ഒടുവിൽ അതിനെ ഉപേക്ഷിച്ചു പണക്കാരിപ്പെണ്ണിനെ കെട്ടി ദുഷ്ടൻ. തെക്കേലെ അമ്മൂമ്മ എപ്പോഴും പറയും. അമ്മ ഒന്നും മറുപടി പറയാറില്ല. എപ്പോഴും ദുഃഖം കലർന്ന ഒരു ചെറു ചിരി മാത്രം അമ്മയുടെ മുഖത്തു തെളിയും.
താൻ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴായിരുന്നു അമ്മയുടെ ആകസ്മിക മരണം. മഞ്ഞപ്പിത്തം കൂടുതലായത് അറിഞ്ഞിരുന്നില്ല. മരിക്കുന്നതിന്റെ തലേന്ന് എന്നെ അടുത്ത് വിളിച്ചു.
"ഞാൻ പോയാൽ എന്റെ കുട്ടിക്കാരുമില്ലാണ്ടാവൂലോ..."
അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
പിന്നെ സ്വരം താഴ്ത്തി എന്നോട് പറഞ്ഞു,
"മോന്റെ അച്ഛൻ കളരിക്കലെ ഗോവിന്ദമേനോനാണ്. അല്ലാതെ എല്ലാവരും പറയുന്നതുപോലെ എന്റെ അമ്മാവന്റെ മകൻ മോഹനേട്ടനല്ല. എന്താവശ്യം വന്നാലും മോൻ അവിടെ ചെന്നു ഗോവിന്ദമേനോനോടു പറയണം."
അമ്മയുടെ മാത്രമല്ല, അച്ഛന്റെയും ബലിയിടണം." പിറ്റേന്ന് അമ്മ മരിച്ചു.
ആളില്ലാത്ത തുരുത്തിൽ തനിച്ചാക്കപ്പെട്ടവനെപ്പോലെ താൻ അലമുറയിട്ടു കരഞ്ഞു. എല്ലാവരും ചേർന്ന് തന്നെ ആശ്വസിപ്പിച്ചു.
"ഒറ്റമോനുള്ളതിനെ തനിച്ചാക്കി ദേവൂട്ടി പോയല്ലോ." നാട്ടുകാർ പറഞ്ഞു. അമ്മയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ആർക്കും എന്തു സഹായവും ചെയ്തു കൊടുക്കാൻ തയ്യാറായിരുന്നു അമ്മ.
"പാവം ദേവൂട്ടി..."എന്നല്ലാതെ അമ്മയെപ്പറ്റി ആരും ദോഷം പറഞ്ഞു കേട്ടിട്ടില്ല.
അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കായിപ്പോയ തനിക്ക് കളരിക്കൽ നിന്നും എല്ലാ സഹായവും മേനോന്റെ ഭാര്യ അമ്മിണിയമ്മ ചെയ്തു തന്നുകൊണ്ടിരുന്നു.
രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു സന്ധ്യക്ക് ഗോവിന്ദമേനോൻ തനിയെ തന്റെ കൊച്ചു വീട്ടിൽ കയറി വന്നു. പരുക്കനായ ആ മനുഷ്യൻ തന്നെ ചേർത്തു പിടിച്ച് നെറുകയിൽ ഒരു മുത്തം തന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരു ബാഗ് തന്നെ ഏല്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
"ഈ ബാഗിൽ നിറയെ പണമാണ്. ബോംബെക്കുള്ള ട്രെയിൻ ടിക്കറ്റും.
വെളുപ്പിനെ പോണം. ബസ്റ്റോപ്പിൽ നിന്നു നിന്റെകൂടെ എന്റെ സുഹൃത്തിന്റെ മകൻ ഗോപനും ഉണ്ടാവും. അവന് ബോംബെയിൽ ഒരു കമ്പനിയിൽ ആണ് ജോലി. ആ കമ്പനിയിൽത്തന്നെ ഉണ്ണിക്കും ജോലി തരപ്പെടുത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഗോപൻ ചെയ്തുതരും"
അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചപ്പോൾ താൻ പൊട്ടിക്കരഞ്ഞു. അങ്ങനെ ഞാൻ ജോലിക്കാരനായി.
പിന്നീട് പ്രൈവറ്റ് ആയി പഠിച്ച്, ഈവനിങ് ക്ലാസ്സുകളിൽ ചേർന്ന്, ഡിഗ്രിയും, എം. ബി. എ യും പാസ്സായി. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടി. നല്ല ക്വാർട്ടേഴ്‌സ് കിട്ടി.
അച്ഛനെ കാണാൻ നാട്ടിൽ പോകാനിരുന്നപ്പോഴാണ് അച്ഛന്റെ മരണവാർത്ത എത്തിയത്. എന്റെ അമ്മ മരിച്ച അതേനാളിൽ...മേടമാസത്തിലെ രോഹിണി നാളിൽത്തന്നെയാണ് കളരിക്കലെ ഗോവിന്ദമേനോൻ എന്ന എന്റെ അച്ചനും മരിച്ചത് എന്ന വസ്തുതയാണ് എന്നെ അദ്‌ഭുതപ്പെടുത്തിയത്,
"ഇനി മരിച്ച ആളിന്റെ പേരും മരിച്ച നാളും മനസ്സിൽ വിചാരിച്ചുകൊള്ളു." കർമ്മിയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി.അമ്മയുടെയും അച്ഛന്റെയും ആണ്ടു ബലിയിടാൻ നാട്ടിലെത്തിയതായിരുന്നു ഞാൻ. ഇളയതിന്റെ ഇല്ലത്തെ ബലിപ്പുരയിലിരുന്ന് ബലി തർപ്പണം നടത്താൻ ഏറെപ്പേരുണ്ടായിരുന്നു.
കളരിക്കലെ ഗോവിന്ദമേനോന്റെ മക്കളും, കൊച്ചുമക്കളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.അവരെക്കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്ന് പരിചയം പുതുക്കിയിരുന്നു.
"അച്ഛന്റെയും അമ്മയുടെയും പേരുകളും, മരിച്ച നാളും മനസ്സിൽ ധ്യാനിച്ചോളൂ..." ഇളയതിന്റെ നിർദ്ദേശം അനുസരിച്ചു.
ഏഴ് തലമുറയിൽപ്പെട്ട പൂർവികർക്കും പിണ്ഡം വെക്കുമ്പോൾ...എന്റെ മനസ്സിൽ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖവും,
ആദ്യവും, അവസാനവുമായി അച്ഛൻ തന്ന വാത്സല്യവും ജ്വലിച്ചു നിന്നിരുന്നു.
ചാണകം മെഴുകിയ മുറ്റത്ത്, കിണ്ടിയിൽ നിന്നും വെള്ളം വളച്ച്, രണ്ടുപേർക്കുമുള്ള പിണ്ഡം സമർപ്പിച്ച്, ഉച്ചത്തിൽ കൈകൊട്ടുമ്പോൾ...മനസ്സു നിറയെ ഈ ജന്മത്തിൽ ഒന്നിച്ചു ചേരാൻ കഴിയാതിരുന്ന എന്റെ അച്ഛന്റെയും, അമ്മയുടേയും മുഖങ്ങളായിരുന്നു.
കണ്ണുകളടച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു കൊണ്ടു നിൽക്കുമ്പോൾ, മനസ്സിൽ, "അവർ സ്വർഗ്ഗത്തിലെങ്കിലും ഒന്നിക്കണേ..."എന്ന പ്രാർത്ഥന മാത്രമായിരുന്നു.
കണ്ണു തുറന്നപ്പോൾ...
രണ്ടു ബലിക്കാക്കകൾ ഒന്നിച്ചു പറന്നു വന്ന് ഞാൻ സമർപ്പിച്ച ബലിച്ചോറ് സാവധാനം കൊത്തിത്തിന്നുന്നു.
"അവർ ഒന്നിച്ചിരിക്കുന്നു. എന്റെ അച്ഛനും അമ്മയും."
ഈറൻ മുണ്ടിന്റെ തുമ്പുയർത്തി ഞാൻ കണ്ണുനീരൊപ്പുന്നത് ആരും കണ്ടില്ല