മഹിന്ദ്രയുടെ പുതിയ മോഡൽ ആയ XUV7OOഎന്ന വണ്ടിയിൽ രാംദാസ്, തന്റെ അമ്മയായ ജാനകിയമ്മയോടും, ഭാര്യയോടും ഒപ്പം തമിഴ്നാട്ടിൽനിന്ന്, കേരളാ അതിർത്തിയിലേക്ക് പ്രവേശിക്കുമ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയുടെ ആരവത്തിൽ, മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ട് ആവുമോ എന്ന് പോലും ഭയപ്പെട്ടു.
ആകാശം വീണ്ട് കീറികൊണ്ട്, തുള്ളിക്ക് ഒരു കുടം കണക്കെയുള്ള മഴയുടെ പ്രവാഹവും, പേടിപ്പെടുത്തുന്ന ഇടിയും, മിന്നലും, കാരണം, വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി കൊണ്ട്, രാംദാസ്, ഡ്രൈവിംഗ് സീറ്റിന്റെ തൊട്ടടുത്തു ഇരിക്കുന്ന തന്റെ അമ്മയെ സ്നേഹപൂർവ്വം നോക്കി. അവരുടെ നെറ്റിയിൽ ചാലിട്ടെഴുതിയ ചുളുവുകളിൽ, ഒരു ആഴക്കടൽ തന്നെ കാണാമായിരുന്നു. ജീവിതം ആരംഭിച്ചത് മുതൽ കരക്ക് കയറാനാവാതെ, കൈകാലിട്ടടിച്ചു. എന്നിട്ടും, അച്ഛന്റെ അധ്യാപന ജോലി ഏറ്റെടുത്തു, രണ്ട് കുട്ടികളെ പഠിപ്പിച്ചു. മൂത്തമകൻ രാംദാസ് ആയുർവേദഡോക്ടർ ആയി പഠിച്ചിറങ്ങി, 'ജാനകിയമ്മ' ആയുർവേദ ഹോസ്പിറ്റൽ നടത്തുന്നു, സഹോദരി അതേ ഹോസ്പിറ്റലിലെ ഡോക്ടർ രാജിത.
ഓരോ ഓർമകളും, ഒരു തീവണ്ടിയും, അതിൽ യാത്രചെയ്യുന്ന പല സ്വഭാവമുള്ള ആൾക്കാരെ പോലെയാണ്. പല തരത്തിലുള്ള ആധിയും, വെപ്രാളവും, നിസ്സഹായതയും, പ്രാരാബ്ദ്ധങ്ങളും, ദുഃഖവും, സന്തോഷവും, പ്രതീക്ഷയും, എല്ലാം കൂടി കൂട്ടി കുഴച്ചു ജീവിതം വലിച്ചു വലിച്ചു ഞെ രക്കത്തോടെ ഓടുന്നു. രാംദാസ് ഓർത്തു. ഓർമകളെ ഒരു നിമിഷത്തേക്ക് വിലക്കി കൊണ്ട് അയാളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. അയാൾ സ്ക്രീനിലേക്ക് നോക്കിയപ്പോ രജിതയായിരുന്നു ലൈനിൽ.
"ഹലോ"
"പറയൂ മോളെ".
"ഏട്ടാ...മീറ്റിംഗ് സക്സെസ്സ് ആയിരുന്നു."
താങ്ക്സ് ഗോഡ്.
"അമ്മക്ക് യാത്രയിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ...."
"ആകെ നിർവികാരമായ അവസ്ഥയാണ്."
"ഞാൻ മാനന്തവാടിയിൽ നിൽക്കാം."
"ഇതാ ഞങ്ങൾ അങ്ങോട്ട് എത്താറായി. മഴകാരണം വഴിയിൽ അല്പം ബ്രേക്ക് ആയി.
"ഓക്കേ..."അതും പറഞ്ഞു രണ്ട് പേരും ഫോൺ വെച്ചു.
മഴ അല്പമൊന്ന് ശമിച്ചു. മഴയും, എസി യുടെ തണുപ്പും കാരണം, നല്ല കുളിര് തോന്നുന്നുണ്ടെങ്കിലും, അയാളുടെയും, അമ്മയുടെയും, ഉള്ളം വല്ലാതെ വേവുന്നുണ്ടായിരുന്നു. ആ വേവിന്റെ അല അയാളുടെ ഭാര്യ നിത്യയിലേക്കും പടരുന്നുണ്ടായിരുന്നു.
എരുമാടിൽ ആയിരുന്നു, അയാളുടെ അമ്മ ജാനകിയും, അച്ഛൻബാലനും, മക്കളും, ജീവിച്ചിരുന്നത്. എരുമാട് സ്കൂളിൽ പഠിപ്പിക്കുന്ന ബാലൻമാസ്റ്റർ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. എന്നിട്ടും അദ്ദേഹം പത്തുവയസുള്ള രാംദാസിനെയും, രാജിതയെയും, പ്രിയപ്പെട്ട ഭാര്യ, ജാനകിയെയും, തനിച്ചാക്കി, കൂടെ വർക്ക് ചെയ്യുന്ന കദീജ ടീച്ചറുമായി ഒളിച്ചോടി. പിന്നീട് അറിഞ്ഞത് കണ്ണൂർകാരിയായ ടീച്ചറിന്റെ നിർബന്ധപൂർവ്വം, അച്ഛൻ ബാലൻ, അബ്ദുള്ളയായിരിക്കുന്നു എന്ന്. ആദ്യമാദ്യമൊക്കെ അച്ഛൻ എഴുത്തയക്കുമായിരുന്നു. അന്ന് എന്തോ അതിനൊന്നും മറുപടി എഴുതാൻ തോന്നിയില്ല, പിന്നെ എഴുത്തുകൾ നിലച്ചു.
അമ്മക്ക് അച്ഛനെ അത്രയും ജീവനായിരുന്നു. അന്നും, എപ്പോഴും. വഞ്ചിക്കപ്പെട്ടവളുടെ, ഭാരവുംപേറി, നിത്യ ദുഃഖത്തിൽ കഴിയുകയാണെങ്കിലും, അച്ഛനെ അമ്മ ഒരിക്കലും കുറ്റപ്പെടുത്തിയില്ല. കണ്ണൂരിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ദിവസം അച്ഛന്റെ ഫോൺ കാൾ രാംദാസിന്റെ ഫോണിലേക്ക് വന്നു. നമ്പർ എങ്ങിനെ കിട്ടിയെന്നോ ഒന്നും അറിയില്ല.
ഏതോ അഗാധമായ ഗുഹയുടെ അറ്റത്തുനിന്ന് വിളിക്കുമ്പോലെ അയാൾ വിളിച്ചു.
"മോനെ.... ഇത് അച്ഛനാണെടാ....
രാംദാസ് ഞെട്ടി, ഫോണിന്റെ സ്ക്രീനിലേക്ക് തുറിച്ചു നോക്കി. പിന്നെയും ഫോൺ ചെവിയോട് ചേർത്തപ്പോ കേൾക്കാമായിരുന്നു. ദീനമായ ആവാക്കുകൾ, "നീ അമ്മയെയും, കുഞ്ഞിയെയും (രാജിത) വിളിച്ചു ഒന്നിത്രടം വരെ വരണം. ലൊക്കേഷൻ ഞാൻ ഷെയർ ചെയ്യാം." അയാൾ നടുക്കത്തോടെ, അമ്മയോടും, മറ്റുള്ളവരോട് മൊക്കെ പറഞ്ഞപ്പോ, എല്ലാർക്കും അച്ഛനെ ഒന്ന് കാണണമെന്നുള്ളത് പോലെ തോന്നി. കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ അവരെ കൂട്ടിയില്ല.
നിത്യയും, രാജിതയും, സാധാരണ കലപില സംസാരിക്കുകയാണല്ലോ പതിവ്. അയാൾ ഓർത്തു. എന്നാൽ എല്ലാവരുടെയും മുഖം, ഗൃഹാതുരത്വത്തിനാൽ, മധുരിക്കുകയാണോ, അതോ, വേദനിപ്പിക്കുന്ന ഓർമകൾ അയവിറക്കുകയാണോ എന്നറിയാതെ അയാൾ കുഴങ്ങി.
കണ്ണൂരിൽ അവര് എത്തിപെട്ടത് ചെറിയ ഒരു വാടകവീട്ടിലേക്ക് ആയിരുന്നു. കാളിംഗ് ബെൽ അടിച്ചപ്പോ വാതിൽ തുറന്ന അച്ചനെ കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലും, തോലുമായ, കൂന്നി, കൂന്നിയുള്ള അയാൾക്ക് നടക്കാൻ പ്രയാസമായിരുന്നു. വീഴാതിരിക്കാൻ കയ്യിൽ കരുതിയ ഊന്നുവടി, എല്ലാവരെയും കണ്ടപ്പോ ഒന്ന് തെന്നിയത് പോലെ തോന്നി. ആ വെപ്രാളത്തിൽ അമ്മ അച്ഛനെ ഒന്ന് താങ്ങി പിടിച്ചു. കണ്ണീരോടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോ അച്ഛൻ അമ്മയോടെ വിക്കി വിക്കി ചോദിച്ചു.
"നിനക്ക് സുഖമല്ലേ?"
അമ്മ പതുക്കെ തലയാട്ടി.
അപ്പോൾ അകത്തു നിന്ന് ചുരിദാർ ഇട്ട് തല മറച്ച രണ്ട് സ്ത്രീകളും, അവരുടെ പിറകിൽ ആയി മൂന്നു പെൺകുട്ടികളും അങ്ങോട്ട് വന്നു. അച്ഛൻ അവരെ നോക്കി കൊണ്ട് പറഞ്ഞു, "മക്കളാ.... രണ്ട് പെൺകുട്ടികളാ ഇവിടുള്ളത്. അവൾക്ക് സുഖമില്ലാത്തത് കൊണ്ട് ഇവരിപ്പം ഇവിടെയാണ്."സ്വന്തം രക്തത്തിൽ പിറന്ന സഹോദരങ്ങളെ ഒന്ന് ആശ്ലേഷിക്കുവാൻ, രാംദാസിന്റെയും, രാജിതയുടെയും ഉള്ളം തുടുത്തു. അമ്മക്കായിരുന്നു കൂടുതൽ, ത്വര. ആ അച്ഛനെ പോലെ ഉണ്ടകണ്ണുള്ള സുന്ദരികൾ വന്ന് അമ്മയുടെ കാൽ തൊട്ട് വന്ദിച്ചു. അമ്മ കണ്ണീരോടെ അവരെ കെട്ടിപ്പിടിച്ചു.
"കുട്ടികളെ പേരെന്താ..." അമ്മ സന്തോഷത്തോടെ ചോദിച്ചു.
"ഞാൻ നാജിയ, "അതിൽ അല്പം തടി കൂടിയവൾ പറഞ്ഞു. "ഇവൾ നദീറ". മൂന്നു ചെറിയ കുട്ടികൾ മാറിനിൽക്കുന്നുണ്ടായിരുന്നു. അവരെയും അമ്മ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു," നിങ്ങൾടെ മുത്തശ്ശിയാണിത്."
"എവിടെ?" അമ്മ അകത്തേക്ക് നോക്കി ചോദിച്ചു.
"അത്.... "നാജിയ എന്തോ പറയാൻ മടിച്ചു. പിന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.
അവിടെ കട്ടിലിൽ സ്ഥലകാലബോധമില്ലാതെ ഒരു സ്ത്രീ, ചെറിയ കുട്ടികളെ പോലെ ചിരിച്ചും, കരഞ്ഞും. അവരുടെ പ്രകൃതം ആരെയും കണ്ണ് നനയ്ക്കുന്നതായിരുന്നു. അവര് എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. "ഞാൻ എന്തൊക്കെയോ തെറ്റ് ചെയ്തു. ഒന്നും അറിഞ്ഞോണ്ടല്ല... "
പുതിയ ആൾക്കാരെ കണ്ടപ്പോ അവര് എല്ലാവരുടെയും മുഖത്തേക്ക് തന്നെ നോക്കി എന്നിട്ട് പറഞ്ഞു ." മ്മളെ ബാലൻ മാഷേ.... ഇങ്ങൾ അബ്ദുള്ള ആയിട്ടൊന്നും കാര്യല്ല." ഇങ്ങളോട് ഇവടെന്ന് രക്ഷപ്പെടാൻ എത്ര പ്രാവശ്യം പറഞ്ഞതാ ഞാൻ... അതിന് കേക്കേണ്ടെ... എല്ലാരും ഓടി രക്ഷപ്പെട്ടോളി, "ഇതും, പറഞ്ഞു അവര് ചിരിക്കുകയും, കരയുകയും ഒക്കെ ചെയ്യുന്നുണ്ടയിടുന്നു.
"അച്ഛാ...."രാജിത അച്ഛന്റെ കൈ തന്റെ കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു.
"ഇവർക്കിതെന്താ പറ്റിയത്... ചികിൽസിക്കുന്നില്ലേ."
അച്ഛൻ ഒന്നും പറയാതെ, വീർപ്പുമുട്ടി നിന്നു.
അപ്പോൾ നാജിയ അവരോട് ആ കഥ പറഞ്ഞു.
എരുമാട് സ്കൂളിൽ നിന്ന് മാത്‍സ് പഠിപ്പിച്ചു കഴിഞ്ഞു സ്റ്റാഫ് റൂമിലെത്തിയ വാപ്പച്ചി കണ്ടത്, കുട്ടികൾ കറക്റ്റ് ചെയ്യാൻ കൊടുത്ത ബുക്സ് മുഴുവൻ ഉമ്മ കുത്തി വരയുന്നതാണ് . കദീജടീച്ചറെ കൂടുതൽ ശ്രദ്ധിച്ചപ്പോ, വാപ്പച്ചിക്ക് തോന്നി അവരിൽ എന്തൊക്കെയോ കാര്യമായ മാറ്റം ഉണ്ടെന്ന്, ഒന്നും ഓർമയില്ലായിരുന്നു. അങ്ങനെ വാപ്പച്ചി ആരും അറിയാതെ ഉമ്മയെയും, കൊണ്ട് ഇങ്ങോട്ട് പോന്നു. എന്നാൽ ഉമ്മയുടെ ആൾക്കാർ തെറ്റ്ദ്ധരിച്ചു. വാപ്പയെ കെട്ടിയിട്ടു. പുറത്തേക്കൊന്നും വിട്ടില്ല. അങ്ങനെ പിടിച്ചുവെച്ചു കയ്യോടെ രണ്ടാളെയും കല്യാണം നടത്തി.
നാജിയ അത് പറയുമ്പോൾ സങ്കടം താങ്ങാൻ കഴിയാതെ അച്ഛൻ വിറക്കുന്നുണ്ടായിരുന്നു. അയാൾക്ക് അല്പം ശ്വാസ തടസ്സം അനുഭവപ്പെട്ടു. രാംദാസ്, നെഞ്ച് തടവി കൊടുത്തു. അച്ചൻ വിക്കി വിക്കി പറഞ്ഞു. "ഇവൾ എന്നോട് എത്രയോ തവണ പറഞ്ഞതാ... നിങ്ങളുടെ അടുത്തേക്ക് വരാൻ. എന്നാൽ ഇടക്കിട്ടെ കാണിക്കുന്ന ഈ ഓർമകുറവ് പരിഹരിക്കാതെ എനിക്ക് വരാൻ പറ്റില്ലായിരുന്നു. പിന്നെ പിന്നെ വിധിക്ക് വിട്ടുകൊടുത്തു. നിങ്ങളെ ഒന്ന് കൊഞ്ചിക്കാൻ, ലാളിക്കാൻ, വളർത്താൻ, എത്രമാത്രം കൊതിച്ചിട്ടുണ്ടന്നോ, ഒന്ന് അങ്ങോട്ട് വരാൻ കഴിയുമോ? അപ്പോഴേക്കും നാട്ടിൽ പാട്ടായില്ലേ. കദീജ ടീച്ചറുടെ കൂടെ ഒളിച്ചോടീന്ന്."
"എന്റെ മക്കൾ ഒന്ന് അടുത്തേക്ക് നിൽക്ക്, അച്ഛന് അത്രയൊന്നും കണ്ണ് പിടിക്കില്ല. ഞാനൊന്ന് നല്ലോണം കാണട്ടെ. ജാനു...നീ എന്നെ ഒരുപാട് ശപിച്ചിട്ടുണ്ടാകും അല്ലെ.
"ഒന്നും ഓർക്കേണ്ട ബാലേട്ടാ... എല്ലാം എനിക്കറിയാമായിരുന്നു നിങ്ങൾ ഏതോ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണെന്ന്. ബാലേട്ടൻ പോയപ്പോ ആരും തുണയില്ലാത്ത ഞാൻ ഒന്നു തളർന്നു. അത് സത്യമാണ്. പിന്നെ ഉയിർത്തെണീച്ചു. കുട്ടികളെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കണം, അതേ ഒരു ലക്ഷ്യം ഉണ്ടായിരുന്നുള്ളു. അതേ...ഇന്ന് രണ്ട് പേരും ആയുർവേദഡോക്ടർ ആണ്."
"അച്ഛാ... നമുക്ക് നമ്മുടെ നാട്ടിൽ പോവാം. അവിടെ നമുക്കൊരു ഹോസ്പിറ്റൽ ഉണ്ട്. അവിടെ ടീച്ചറെ ചികിൽസിക്കാം, എന്തായാലും മാറ്റം ഉണ്ടാവും, രാംദാസ് പറഞ്ഞു."
"വേണ്ടാ മോനെ, ഈ അച്ഛൻ ഇതൊന്നും അർഹിക്കുന്നില്ല. നിങ്ങളെ ഒക്കെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. കണ്ടുവല്ലോ. ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കാനുള്ളത് മുഴുവൻ അനുഭവിച്ചു തീർത്തു. ഇനി വയ്യ മക്കളെ, ഇത്തിരി വിഷം കഴിച്ചു മരിക്കാൻ ഞങ്ങളെ അനുവദിക്കണം, നാളെ ഈ വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കണം,"
"ബാലേട്ടാ....പഴയതൊന്നും ഇനി ഓർക്കരുത്. ഈ വൈകിയ വേളയിൽ എല്ലാം കലങ്ങി തെളിഞ്ഞിരിക്കുകയല്ലെ. അത്കൊണ്ട് ഞങ്ങളുടെ കൂടെ വരണം. ഇനിയെങ്കിലും നമുക്ക് ഒന്നിച്ചു ജീവിക്കാം. പരസ്പരം, സ്നേഹിക്കാനും, കരുതലുകൾ പങ്ക് വെക്കാനും, അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ 'ദൈവം' നമുക്കായി മാറ്റി വെച്ചിട്ടുണ്ട്. അതിൽ ഒരു കൂടാരമൊരുക്കി, നമുക്ക് പരസ്പരം സ്നേഹിച്ചു ജീവിക്കാം. ജാനകിയമ്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു. അങ്ങനെ എത്രയോ വർഷങ്ങൾ, കാണാതെയും, കേൾക്കാതെയും, അറിയാതെയും, ജീവിച്ചിരുന്ന ആ രണ്ട് കുടുംബം, ഒരു കുടുംബമായി മാറുകയായിരുന്നു.