എയർപോർട്ടിൽ എത്തിയ സുസ്മിതയുടെ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു. നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാടുകാണാൻ പോകുന്നുവെന്ന സന്തോഷം മനസ്സിൽ തുള്ളിത്തുളുമ്പുകയായിരുന്നു.
വിൻഡോസീറ്റ് കിട്ടിയതുകൊണ്ടുതന്നെ ടേക്കോഫ് സമയത്ത് അബുദാബിയുടെ പുലർകാലത്തെ മനോഹരദൃശ്യം കാണാമായിരുന്നു.
എല്ലാവരും ഉറങ്ങുമ്പോളും അവൾമാത്രം ആ വിമാനത്തിൽ എന്തേ നാട്ടിലെത്താനിത്ര താമസമെന്നു ചിന്തിച്ചുകൊണ്ട് വേഗത്തിൽ ഓടിപ്പോകുന്ന മേഘങ്ങളെ നോക്കിയിരുന്നു. സ്വന്തംനാട്ടിൽ എത്രയുംപെട്ടന്ന് പറന്നിറങ്ങാനുള്ള ആഗ്രഹംകൊണ്ട് വിമാനത്തിൽനിന്നും കാണുന്ന കാഴ്ചകളെല്ലാം തന്നെ അതിമനോഹരമായി അവൾക്കു തോന്നി. നാടുകാണാൻ ഇനി വളരെകുറച്ചു മണിക്കൂർമാത്രം മതിയെന്നചിന്ത അവളിൽ കുറച്ചൊന്നുമല്ല സന്തോഷമുളവാക്കിയത്. എന്തൊരു ഭംഗിയാണ് നാടിന്റെ പച്ചപ്പ് കാണാൻ!
കൂട്ടുകാരൊക്കെ വർഷാവർഷം നാട്ടിൽപോകുമ്പോൾ അവൾമാത്രം സുന്ദരമായ നാടും, ഈ കാഴ്ചകളുമൊക്കെ മന:പൂർവ്വം ഒഴിവാക്കി. ലക്ഷ്യം നേടിയെടുത്തശേഷം മാത്രം ഒരു മടക്കയാത്രയെന്നവൾ തീരുമാനിച്ചിരുന്നു.
നെടുമ്പാശ്ശേരിയിൽ സുസ്മിതയെ സ്വീകരിക്കാനായി കൂട്ടുകാരി ഗ്ലോറിയയും, ഭർത്താവ് ബെന്നിയും കാത്തുനിൽപ്പുണ്ടായിരുന്നു. അവരോടൊപ്പം യാത്രചെയ്യുമ്പോഴും,
അവളുടെ മനസുനിറയെ ഇലഞ്ഞിക്കൽ തറവാടും, അച്ഛൻ്റെ ഓർമ്മകളും മാത്രമായിരുന്നു.
ഗേറ്റുകടന്നു ടൈൽപാകിയ മുറ്റത്തേയ്ക്ക് കാർ കയറ്റി നിർത്തിയതേ സുസ്മിത ഒരു മന്ദസ്മിതത്തോടെ ഡോറുതുറന്നു പുറത്തിറങ്ങി. ആ വലിയവീടിൻ്റെ മുറ്റത്തു നിന്നുകൊണ്ടവൾ വടക്കുഭാഗത്തേയ്ക്കു നോക്കി. അച്ഛനോടൊപ്പം താമസിച്ചിരുന്ന പഴയവീടിൻ്റെ ഭാഗങ്ങൾ ഇപ്പോഴുമവിടുണ്ട്!
"ഗ്ലോറിയാ.. ഞാനിപ്പോൾ വരാട്ടോ.''
സുസ്മിത വീടിൻ്റെ സൈഡിലൂടെ നടന്നു തുടങ്ങി.
"സുസ്മീ.. നിൻ്റെ വീട്ടിൽ കയറിയിട്ടു പോടീ.''
"സോറി മോളേ.. ഞാനാദ്യം കയറേണ്ടത് ഇവിടാണ്. എൻ്റെ അച്ഛനും, അമ്മയും താമസിച്ച ഈ വീട്ടിൽ!"
അവൾ ഇടിഞ്ഞുപൊളിഞ്ഞ പടിപ്പുരകടന്ന് പഴയവീടിൻ്റെ മുറ്റത്തെത്തി; വരാന്തയിലേയ്ക്ക് കാലെത്തുവച്ചു നിറഞ്ഞൊരു നിർവൃതിയോടെ! അച്ഛൻ കിടന്നിരുന്ന മുറിയിലേയ്ക്കവൾ പ്രവേശിച്ചു. പഴയവീടിൻ്റെ അസ്ഥിപഞ്ജരംപോലെ ഉയർന്നു നിൽക്കുന്ന ഭിത്തിയിൽ കാട്ടുചെടികൾ പടർന്നു കയറിയിട്ടുണ്ട്. രണ്ടുവർഷത്തോളം കിടപ്പുരോഗിയായിരുന്ന അച്ഛൻ്റെ കാഴ്ചകൾ ഈ ജാലകത്തിലൂടെയായിരുന്നു.
തുറന്നു കിടക്കുന്ന അഴികളില്ലാത്ത ജനാലയിലൂടെ നരച്ച ഭിത്തിയ്ക്കപ്പുറത്തെ കാഴ്ചകളിലേയ്ക്ക് ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്ന സുസ്മിതയുടെ മനസിലൂടെ പഴയ കാലചിത്രങ്ങൾ മിന്നിമാഞ്ഞു.
ഇലഞ്ഞിക്കൽ തറവാട്ടിലെ കാരണവരായ ശ്രീധരൻനായർ. തൻ്റെ അച്ഛൻ! തനിയ്ക്ക് മൂന്നുവയസുള്ളപ്പോഴാണ് അമ്മയുടെ മരണം. തൻ്റെ സംരക്ഷണത്തിനാണത്രേ വീട്ടുകാരുടെ നിർബന്ധംകൊണ്ടു അച്ഛൻ വീണ്ടുമൊരു വിവാഹം കഴിച്ചത്. തനിക്ക് രണ്ട് അനിയൻമാരുണ്ടായതോടെ ചെറിയമ്മ ശരിക്കും സ്വാർത്ഥമതിയായി മാറി. രണ്ടാനമ്മയെന്ന പേര് ശരിക്കും അന്വർത്ഥമാക്കുന്ന പെരുമാറ്റമായിരുന്നു പിന്നീടെന്നും.
അച്ഛൻ വീട്ടിലുള്ളപ്പോഴൊക്കെ ചെറിയമ്മ നല്ലൊരമ്മയായി ആടിത്തിമർത്തു. അച്ഛനില്ലാത്തപ്പോൾ അവർ ശരിക്കും ഭദ്രകാളിയാവും!
അനിയൻമാരെ നോക്കുന്ന ജോലിയും, വീട്ടുജോലികളും തൻ്റെ ചുമലിലായി. പശുക്കൾക്കു പുല്ലുവെട്ടാനും, തൊഴുത്തുവൃത്തിയാക്കാനും, എല്ലാവരുടേം തുണി നനയ്ക്കാനുമൊക്കെ താൻ ചെറുപ്രായത്തിലേ പഠിച്ചു.
എത്രയൊക്കെ ജോലിചെയ്താലും തന്നെ കഠിനമായി ശിക്ഷിക്കുക ചെറിയമ്മയുടെ പതിവായിത്തീർന്നു. ഇല്ലാത്തകുറ്റങ്ങൾ അച്ഛനോട് പറഞ്ഞുകൊടുത്ത് ചെറിയമ്മയും അനിയൻമാരും തന്നെ അച്ഛനിൽനിന്നും അകറ്റി. ആ വാക്കുകൾകേട്ട് സത്യമെന്തെന്നറിയാതെ അച്ഛൻ തന്നെ എത്രയോ തവണ ശിക്ഷിച്ചിരിക്കുന്നു; എന്നിട്ടുപോലും താനൊരിക്കലും ചെറിയമ്മയുടെ ക്രൂരതകൾ അച്ഛനോട് പറഞ്ഞിട്ടില്ല. ഒന്നുമാരോടും പറയുവാനാവാതെ എല്ലാ ദു:ഖവും മറ്റാരും കാണാതെ കരഞ്ഞു തീർത്തു.
എട്ടാംക്ലാസിൽ വച്ചാണ് ഗ്ലോറിയയെന്ന കൂട്ടുകാരിയെക്കിട്ടിയത്. ഒരു ദിവസം ക്ലാസുകഴിഞ്ഞു പോകുമ്പോൾ ഒരു കല്ലിൽത്തട്ടിവീണ തൻ്റെ കാൽമുട്ടു പൊട്ടി. അന്നു തൻ്റെ കാൽ ഗ്ലോറിയ തിരുമ്മിത്തന്നു. കാലിലെ അടികൊണ്ടു കരിനീലച്ചപാടുകൾ അങ്ങനെയാണ് ഗ്ലോറിയ കാണുന്നത്. അവൾക്കത് വല്ലാത്ത നൊമ്പരമായി. പിന്നീടവൾ തൻ്റെ കാര്യങ്ങളൊക്കെ ചോദിച്ചറിയുകയും, ക്ലാസ്ടീച്ചറെ എല്ലാമറിയിക്കുകയും ചെയ്തു.
ക്ലാസ്ടീച്ചർ അച്ഛനെ വിളിച്ച് സംസാരിച്ചുവെങ്കിലും, അച്ഛനില്ലാത്തപ്പോൾ വീട്ടിലെസ്ഥിതി വളരെ ദയനീയമായിത്തീർന്നു.
അനുജൻമാർക്ക് നല്ല ഭക്ഷണം കൊടുക്കുമ്പോൾ ചെറിയമ്മ തനിക്ക് മന:പൂർവ്വം ഒന്നും തരാതെയായി. വീട്ടിൽ പട്ടിണിയായിരുന്നുവെങ്കിലും സ്ക്കൂളിൽ പോകുന്ന ദിവസങ്ങളിൽ വയറു നിറയെ ഉച്ചക്കഞ്ഞി കിട്ടുമായിരുന്നു.
ക്ലാസിൽ ഫസ്റ്റായിരുന്നതിനാൽ അധ്യാപകരുടെ പ്രത്യേക പരിഗണനയും, സ്നേഹവും കിട്ടിയിരുന്നതുകൊണ്ട് പട്ടിണിയാണേലും നന്നായി പഠിക്കാനുള്ള പ്രോൽസാഹനമായി. പത്താം ക്ലാസിലെ റിസൽട്ട് വന്നപ്പോൾ ഫസ്റ്റ്റാങ്ക് നേടിയ തനിക്കു കിട്ടിയ അംഗീകാരങ്ങൾ ചെറിയമ്മയെ കൂടുതൽ ക്രൂരയാക്കിത്തീർത്തു. ഇതിനിടെ അച്ഛൻ രോഗശയ്യയിലുമായി. തുടർന്നുള്ള പഠനത്തിൽനിന്നും ചെറിയമ്മ തന്നെ വിലക്കിയെങ്കിലും അധ്യാപകരും, നാട്ടുകാരും, പഞ്ചായത്തുമെമ്പറുമൊക്കെ ഇടപെട്ടതിനാൽ ചെറിയമ്മയ്ക്ക് തന്നെ പഠിക്കാൻ വിടാതെ തരമില്ലാതെവന്നു. എണീക്കാനാവാത്ത അച്ഛൻ്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത ശേഷമായിരുന്നു പഠിക്കാൻ പോയിരുന്നത്. ചെറിയമ്മയ്ക്കു തന്നാേടുള്ള മനോഭാവമെന്തെന്ന് പറയാതെതന്നെ അച്ഛൻ മനസിലാക്കിയ നാളുകളായിരുന്നു അത്. പക്ഷേ അപ്പോഴേയ്ക്കും പ്രതാപവും, ആരോഗ്യവുമൊക്കെ നഷ്ടമായതിനാൽ ഒന്നും പ്രതികരിക്കാനാവാതെ ആ കണ്ണുകളിലൂടെ കടലോളം സങ്കടം ഒഴുകിപ്പോയപ്പോഴൊക്കെ തൻ്റെ ഹൃദയവും വല്ലാതെ പിടയുകയായിരുന്നു. എല്ലാം ഉള്ളിലടക്കി തന്നെ ആശ്വസിപ്പിച്ച അച്ഛൻ്റെ മുഖമിന്നും ഉള്ളിലുണ്ട്. ആ മിഴിനീർ തുള്ളികൾ തനിക്കുള്ള അനുഗ്രഹമാരിയായിരുന്നു എന്നറിയില്ലായിരുന്നു.
പ്ലസ് ടു പരീക്ഷയുടെ റിസൽട്ട് കാത്തിരിക്കുമ്പോഴാണ് അച്ഛൻ്റെ മരണം. അതോടെ തൻ്റെ ചിറകൊടിഞ്ഞു. ചെറിയമ്മ തന്നെ വീട്ടിൽനിന്നുമിറക്കി വിട്ടു. തനിക്കു പോകാനൊരിടവുമില്ലന്ന് കേണു കരഞ്ഞിട്ടുമവർ തന്നെ നിഷ്ക്കരുണം പുറത്താക്കി വാതിലടച്ചു. തനിക്കുവേണ്ടി അയൽക്കാർ പലരും വാദിച്ചെങ്കിലും ചെറിയമ്മ തന്നോട് തെല്ലും കരുണകാണിച്ചില്ല. ഗ്ലോറിയയുടെ ആൻ്റിയായ സിസ്റ്റർ കാതറിൻ കോൺവെൻ്റിൽ തനിക്ക് അഭയം നൽകുകയും, അവർ തന്നെ നേഴ്സിംഗിന് ചേർത്ത് പഠിപ്പിക്കുകയും ചെയ്യാൻ കാരണം ഗ്ലോറിയയാണ്. അബുദാബിലെ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചിട്ട് നാലു വർഷമായി. ശമ്പളമെല്ലാം ഗ്ലോറിയയുടെ പേർക്ക് അയയ്ക്കുമായിരുന്നു; തന്നെ പഠിപ്പിച്ചകടം സിസ്റ്റർകാതറിന് കൊടുത്തു വീട്ടണമെന്നു പറഞ്ഞു കൊണ്ട്. പക്ഷേ ഗ്ലോറിയയും, അവളുടെ ഭർത്താവുംകൂടി തനിക്കുവേണ്ടി നാൽപ്പതു സെൻ്റ് സ്ഥലംവാങ്ങി മനോഹരമായ വീടു പണിതീർത്തു. പലയിടത്തുമവർ സ്ഥലമന്വേഷിച്ചെങ്കിലും, ചെറിയമ്മയും മക്കളുംകൂടിവിറ്റ തറവാട്ടുവീടിരിക്കുന്ന സ്ഥലംതന്നെ തൻ്റെ പേരിൽ മേടിച്ചതും, വീടിൻ്റെ പണി പുരോഗമിക്കുന്നതുമൊക്കെ വീഡിയോയിലൂടെ അപ്പപ്പോൾത്തന്നെ താനറിയുന്നുണ്ടായിരുന്നു.
"അച്ഛാ.. നാളെയെൻ്റെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങാണ്. കൂട്ടിന് എനിക്കാരുമില്ലന്ന് അച്ഛനറിയാലോ! അമ്മയെക്കണ്ട ഓർമ്മയില്ല. എനിക്കൊരു കൂട്ടായ്, കാവലായ് അച്ഛനുണ്ടാവണം എന്നും, എനിക്കച്ഛനെ കാണാൻ കൊതി തോന്നുമ്പോഴൊക്കെ ഞാനിവിടെ വരും. ഈ ജാലകത്തിലൂടെ അച്ഛൻ കണ്ട കാഴ്ചകൾ കാണാൻ. അച്ഛൻ്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ വീട് എന്നുമിവിടെയുണ്ടാവണമെന്ന ആഗ്രഹം കൊണ്ടാണ് ഇത് പൊളിച്ചു കളയാതെ അടുത്തു തന്നെയീ വീട് വച്ചത്.''
''സുസ്മിതേ.. നീയിവിടെ നിൽക്കുവാണോ?''
ഗ്ലോറിയ വന്ന് അവളുടെ കരം ഗ്രഹിച്ചു.
"വാടി എൻ്റെ ഹസ് ഉണ്ടാക്കിയ നിൻ്റെ സ്വപ്നസൗധം ഒന്നു കാണുക പോലും ചെയ്യാതെ നീയിവിടെ എന്തെടുക്കുവാ?''
''ഗ്ലോറിയാ.. എൻ്റെച്ഛനോട് പറയാൻ വന്നതാ ഞാൻ."
നിറമിഴികൾ തുടച്ചുകൊണ്ടവൾ അവിടെനിന്നും പടിയിറങ്ങുമ്പോള്‍ എന്തിനെന്നറിയാതെ ഗ്ലോറിയയുടെ കണ്ണുകളും നിറഞ്ഞിരുന്നു.