തീഷ്ണമായ വെയിലിൽ അല്പം വാടിയെങ്കിലും വൈകുന്നേരമായപ്പോഴേയ്ക്കും പൂർവ്വാധികം ശക്തിയോടെ കോമ്പൌണ്ട് നിറഞ്ഞ് പെരുവഴിയിലേയ്ക്കിറങ്ങി ശാഖോപശാഖകളായി വളർന്ന ബെവ്കോ ഔട്ട് ലെറ്റിനു മുന്നിലെ പടുകൂറ്റൻ ക്യൂ മുറിച്ച്, സമാധാന പ്രീയരും സമത്വവാദികളുമായ ലിവർ സിറോസിസ്റ്റുകളെ പ്രതീക്ഷിച്ചെത്തിയ ലോട്ടറിക്കച്ചവടക്കാരേയും പെരുവഴിയിൽ ‘നിന്നടിക്കുന്ന’ ബി.പി.എൽ കുടിയന്മാരെ തേടിയെത്തിയ കപ്പലണ്ടിക്കച്ചവടക്കരേയും വകഞ്ഞ് മാറ്റി അയാൾ നേരെ ഒന്നാം നിലയിലുള്ള തിരക്കൊഴിഞ്ഞ പ്രീമിയം കൌണ്ടറിലേയ്ക്ക് കയറി.
പല വലുപ്പത്തിലും നിറത്തിലും ഷെയ്പ്പ്പിലുമുള്ള കുപ്പികൾ അടുക്കിവച്ച റാക്കുകൾക്കെതിരെ പുറത്തെ ബഹളമൊന്നും ഏശാത്ത പ്രീമിയം കൌണ്ടറിന്റെ സ്വസ്ഥതയിൽ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന ചുമതലക്കാരനായ ചെറുപ്പക്കാരൻ അയാളെ നോക്കി ബഹുമാനത്തോടെ ചിരിച്ചു. വസന്തം കുടവിരിച്ച ഒരു വലിയ പൂന്തോട്ടത്തിൽ ചെന്നുപ്പെട്ട ആഹ്ലാദ ചിത്തനായ ഒരു കുട്ടിയെപ്പോലെ നിരനിരയായിട്ട ഇരുമ്പു റാക്കുകളിൽ സമൃദ്ധമായി വിടർന്ന് മധു ചുരത്തി നിൽക്കുന്ന പൂക്കൾക്കിടയിലൂടെ ഓടിനടന്ന് അയാൾ ഒരു പൂവിറുത്ത് ചെറുപ്പക്കാരനരികിൽ ചെന്നു. പതിവ് കുശലാന്വഷണത്തോടെ ചെറുപ്പക്കാരൻ അത് പൊതിഞ്ഞ് ഭദ്രമായി അയാളെ ഏൽപ്പിച്ചപ്പോൾ അയാൾ തോളിൽ തൂക്കിയ ലെതർ ബാഗ് തുറന്ന് അതിലും ഭദ്രമായി അതു വച്ച് ഇനിയും കാണാം എന്നു പറഞ്ഞ് ഇറങ്ങി. താഴെ, പടിഞ്ഞാറേയ്ക്ക് ചെരിഞ്ഞ് കൌണ്ടറിനുള്ളിലേയ്ക്ക് കയറിയ വെയിലിൽ ക്യൂ പിന്നെയും വളർന്നിരിക്കുന്നു. പാർക്കിങ് ഏരിയ കവിഞ്ഞ് ‘സാധനം’ വാങ്ങാൻ വന്നവരുടെ റിക്ഷകളും ഇരുചക്ര വാഹനങ്ങളും നിരത്തും അവർക്കൊപ്പം വന്ന ഷെയർഹോൾഡർമാരായ സഹകുടിയന്മാർ അടുത്തുള്ള കട വരാന്തകളും കയ്യേറിക്കഴിഞ്ഞു. ആ തിരക്കിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് അയാൾ സ്കൂളുകളിലേയും ഓഫീസുകളിലേയും തിരക്കും ചുമന്ന് കാലുകുത്താൻ ഇടമില്ലാതെ വന്ന ഒരു ബസ്സിൽ കയറിക്കൂടി. അല്പം കൂടി ക്ഷമിച്ച് തിരക്കില്ലാത്ത ഒരു ബസ്സ് വരുന്നതുവരെ കാക്കാൻ അയാൾക്കായില്ല ഉള്ളിലെവിടെയോ കയ്യും കാലും കൂട്ടി ബന്ധിച്ച് നിലത്തടിച്ച പ്രബലനായൊരു കാട്ടുപോത്തിന്റെ പ്രാണരക്ഷാർത്ഥമുള്ള പിടയൽപോലെ എന്തോ ഒന്ന് അയാളെ തിടുക്കപ്പെടുത്തിക്കൊണ്ടിരുന്നു.
സ്റ്റോപ്പിലിറങ്ങി വെയിൽ തളർന്നു വീണ നടവഴിയിലെ പതിവ് കാഴ്ചകളിലൂടെ ബസ്സിനുള്ളിലെ വിയർപ്പു ചാലുകളിൽ മുങ്ങി നാറിയ ശരീരവും വിരസമായ ഓഫീസ് നിമിഷങ്ങൾ സമ്മാനിച്ച അത്രതന്നെയുള്ള മനസ്സുമായി നടന്ന് അയാൾ വീട്ടിലെത്തി. കതക് തുറന്ന് ഉള്ളിൽ കയറിയതും അയാൾ തോളിൽ നിന്ന് ബാഗ് ഇറക്കി പ്രീമിയം കൌണ്ടറിന്റെ റാക്കിൽ സഹജരോടൊത്ത് ഉല്ലസിച്ചിരുന്ന കുപ്പിയുടെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് തലയൊടിച്ച് അടുക്കളയിലെ വർക്ക് ടോപ്പിൽ കഴുകി കമഴ്ത്തി വച്ച ഗ്ലാസ്സിൽ കടും നിറത്തിലുള്ള അതിന്റെ ജീവരക്തം നിറച്ചു. വെള്ളത്തിനോ ഐസ്ക്യൂബിനോ ഒരവസരം കൊടുക്കാതെ യാതൊന്നിനും ക്ഷമ കാണിക്കാതെ കുട്ടികൾ മിൽക്ക് ഷെയ്ക്കോ ചോക്കലേറ്റ് ഫലൂഡയോ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ ഗ്ലാസ്സൊഴിച്ചു. ഒരു ദിവസത്തെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ, ആ നിമിഷങ്ങൾ അയാളെ സർവ്വ ബന്ധനങ്ങളിൽനിന്നും മോചിതനാക്കി. ആ നേരമത്രയും ഉള്ളിൽ ഫണമുയർത്തി നിന്ന തിടുക്കത്തിന്റേയും വിരസതകളുടേയും മറ്റെല്ലാ കോലാഹലങ്ങളുടേയും നാഗങ്ങൾ പത്തി താഴ്ത്തി അയാളിൽ നിന്ന് എങ്ങോ ഇറങ്ങിപ്പോയി. പകൽ മുഴുവൻ മുഷിപ്പുകൾ മാത്രം സമ്മാനിക്കുന്ന ഓഫീസും തന്റെ രക്തം കുടിക്കാൻ കാത്തിരിക്കുന്ന ആഫീസർ മോഹനവല്ലിയും അയാളിൽ നിന്ന് ഒഴുകിപ്പോയി. ഇപ്പോൾ അയാൾ സൈനീകക്ഷേമ വകുപ്പിനു കീഴിൽ ജോലിചെയ്യുന്ന ബന്ധനസ്ഥനായ ജൂനിയർ സൂപ്രണ്ട് ഒച്ചരാത്ത് മോൺ ജോസഫല്ല വെറും മോൺസൺ.
അയാൾ ഫ്രിഡ്ജ് തുറന്ന് ചെറിയൊരു ബോട്ടിൽ ലെമൺ പിക്കിൾ എടുത്ത് അതിലൊരൽപം തോണ്ടി കൈവെള്ളയിലിട്ട് നുണഞ്ഞിട്ട് ഒരു 30ml കൂടി പകർന്നു. രണ്ടാമത്തെ ആ പെഗ്ഗോടെ മോൺസൺ സാർ പതിവുപോലെ കരഞ്ഞു, പിന്നെ ഉറക്കെ ചീത്ത വിളിച്ചു. എങ്ങുമെത്താതെ പോയ ജീവിതത്തെക്കൂറിച്ചോർത്ത്, ഒരിക്കലും തിരിച്ചുവരാത്ത തിരുത്തുലകൾ വരുത്താൻ നിന്നുതരാത്ത കൈവിട്ടുപോയ ജീവിതത്തെക്കുറിച്ചോർത്താണയാൾ കരയുന്നത്. അത്തരം ചിന്തകളുടെ സന്തതികളാണ് അയാളുടെ പിന്നാമ്പുറത്ത് മലപോലെ കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികൾ. തന്നെ ക്ഷുദ്രം ചെയ്ത് ഇല്ലാതാക്കി തന്റെ എല്ലാം സ്വന്തമാക്കാൻ തിടക്കപ്പെടുന്നവരാണ് തന്റെ ബന്ധുക്കളും അയൽക്കാരുമെല്ലാം അവരെയാണ് അയാൾ ചീത്തവിളിക്കുന്നത് തന്റെ മുന്നോട്ടുള്ള എല്ലാ ചുവടുവയ്പ്പുകൾക്കും തടസം നിൽക്കുന്ന ആ ക്ഷുദ്ര ജീവികളെ മറുക്ഷുദ്രം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിന് തടസം നിൽക്കുന്നവരെയാണ് അയാൾ ചീത്ത വിളിക്കുന്നത്. എല്ലാം കഴിഞ്ഞ് ഗ്ലാസ്സ് കഴുകി തിരികെ സ്വസ്ഥാനത്ത് കമഴ്ത്തിവച്ച് കുപ്പായത്തിന്റെ ബട്ടൺസ് വിടുവിച്ചും ബൽറ്റിന്റെ ബക്കിൾ ഊരിയും അയാൾ ബഡ്ഡ് റൂമിലേയ്ക്ക് പോയി. തുടർന്ന് വസ്ത്രങ്ങളെല്ലാം അഴിച്ച് ശരീരത്തെ സ്വതന്ത്രനാക്കി ഒരു ഒറ്റ തോർത്തും ഉടുത്ത് വന്നു. എന്നിട്ട് അടുക്കള വരാന്തയുടെ ഒരു മൂലയ്ക്ക് കുത്തിച്ചാരി നിർത്തിയിരുന്ന ഒരു ഗ്രാസ്സ് ബ്രൂം കയ്യിലെടുത്തു. അങ്ങനെ ഒച്ചരാത്ത് മോൺസൺ ജോസഫ് എന്ന ആ ഏകാന്ത പഥികൻ എന്നും പ്രഭാദത്തിൽ ചെയ്യാനുറയ്ക്കുന്നതും ഒരിക്കലും സാധ്യമായിട്ടില്ലാത്തതുമായ തന്റെ ഗൃഹജോലികളിലേയ്ക്ക് കടക്കുന്നു.
അയാൾ ആദ്യം ആ വലിയ വീടിന്റെ നെടുനീളൻ ഓപ്പൺ സിറ്റൌട്ടിൽ തന്നെ പണി തുടങ്ങി. സിറ്റൌട്ടിലെ വെളുത്ത മാർബിൾ ഫ്ളോറിലൂടെ ഗ്രാസ് ബ്രൂം മെല്ലെ പായിക്കുമ്പോൾ തലയ്ക്കുള്ളിൽ നിന്ന് ശരീരമാകെ പടർന്ന് ഒഴുകിയ സ്കോച്ചിന്റെ നീല പ്രളയത്തിൽ അയാൾ പരിസരം ആകെ മറന്നു കഴിഞ്ഞിരുന്നു. ആ മൂക നിമിഷങ്ങളിലൂടെ ആടി നടന്ന് അയാൾ ഇറയത്ത് നിരത്തിവച്ച ചെടിച്ചട്ടികളിലെ ഓറഞ്ച് സ്പൈഡറും സിങ്കോണിയവും ബിഗോണിയയും സ്നേക്ക് പ്ലന്റും കുളിർക്കെ നനച്ചു, ഹാളിലേയ്ക്ക് കയറി ചെയറുകൾ ഇളക്കിമാറ്റിയും കോഫി ടേബിളും കോർണർ ടേബിളും ഫ്ളവർ സ്റ്റാന്റും വലിച്ചു നീക്കിയും സിറ്റിയിലേയും ചെയറുകളുടേയും വിരിപ്പുകൾ നിവർത്തിക്കൂടഞ്ഞ് ചുളിവുകളേയുമില്ലാതെ വിരിച്ചും കുഷ്യനുകൾ തട്ടിക്കുടഞ്ഞും, 3 ബഡ്ഡ് റുമുകളും തുടച്ച് നിലത്ത് കുത്തിയിരുന്ന് അലമാരകൾക്കും വാഷിംങ് മെഷീനും ഫ്രിഡ്ജ്ജിനുമിടയിൽ കയറിക്കൂടിയ പൊടിപടലങ്ങളെ പുറത്തെടുത്തും അടുക്കളയിലെ ടൈൽസും സ്ലാബും മുകളിലെ കാബിൻസും അണ്ടർ കാബിനുകളും തുടച്ചും വൃത്തിയാക്കി വന്നപ്പോൾ ദൂരെ കോട്ടപ്പാറയ്ക്ക് മുകളിൽ കത്തി നിന്ന സൂര്യൻ പതുക്കെ കുന്നിറങ്ങാൻ തുടങ്ങിയിരുന്നു. ദിവസേനയുള്ള അയാളുടെ ആ ദിന കൃത്യങ്ങളിൽ ടീവിയും ഫ്രിഡ്ജൂം വാഷിംങ് മെഷീനും അടുക്കളയിലെ പാത്രങ്ങളും ഫർണീച്ചറുകളും തുടങ്ങി സകലതും ഇന്നിങ്ങ് വാങ്ങിക്കൊണ്ടുവന്നവയെപ്പോലെ വെട്ടിത്തിളങ്ങി. അവയൊക്കെ കൂടുതൽ ഉന്മേഷവാൻമാരും ഉന്മേഷവതികളുമായി അയാളോടുള്ള കൂറും പ്രതിബദ്ധതയും ആവർത്തിച്ചു. അയാൾക്കധികം ബന്ധുക്കളോ സുഹൃത്തുക്കളോ കയറിവരാനില്ലാത്തതിൽ അവ ആനന്ദിച്ചു. സൌഹൃദം സൂക്ഷിക്കുന്നതിലും അയാൾ ഒരു വലിയ പിശുക്കനാണന്നതിൽ അവ അഭിമാനിച്ചു, ഓഫീസിൽ കൂടെ ജോലിചെയ്യുന്നവരോ അല്ലങ്കിൽ മുമ്പിരുന്ന ഓഫീസുകളിലെ ആരെങ്കലുമോ ഒഴിച്ചാൽ അയാൾക്ക് വേറെ അടുപ്പക്കാരുമില്ല. ഇടയ്ക്കിടെ അവർ വാട്സ്ആപ്പിൽ അയക്കുന്ന ഗുഡ് മോർണിങുകൾക്കോ ഗുഡ്നൈറ്റുകൾക്കോ മറുപടി കൊടുത്ത് ബന്ധം ഊഷ്മളമാക്കാറുമില്ല. അയാൾ അങ്ങനൊക്കെയാണന്നറിഞ്ഞിട്ടും അവ അയാളുടെ ഫോണിലെ മെമ്മറി സ്പെയ്സ് കവർന്നുകൊണ്ടിരുന്നു. ആ നാട്ടിൽ തന്നെ എവിടെയോ അയാളുടെ മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ട് ഒരിക്കൽപ്പോലും അയാൾ അവിടംവരെ ഒന്നു പോവുകയോ അവരെ അങ്ങോട്ട് ക്ഷണിക്കുകയോ ചെയ്തില്ല. അവരോടൊക്കെ അകാരണമായി പിണങ്ങി അവർക്ക് ഭ്രഷ്ടും കൽപ്പിച്ചു കളഞ്ഞു. ഏകാകിയായിക്കഴിയാനായിരുന്നു അയാൾക്കിഷ്ടം. ഏകാന്തതയായിരുന്നു അയാളുടെ പ്രണയിനികൾ.
അയാൾ വന്നകാലത്ത് മദ്യം പങ്കിടാനും അയാളുടെ സ്വകാര്യതകളെ അലോസരപ്പെടുത്തുവാനും ഒരാൾ അവിടെ വന്നിരുന്നു. കരുനാഗപ്പള്ളി ആഫീസിൽ ഹെഡ്ഡ് ക്ലാർക്ക് ആയിരുന്നപ്പോൾ അവിടെ ആഫീസറായിരുന്ന ഒരു മോഹനൻ നായർ. റിട്ടയർ ചെയ്ത് മക്കൾ ഭരണവും സിറ്റിയിലെ ഷോപ്പിങ് മാളുകളും ബന്ധു വീടുകളും സന്ദർശിച്ച് ശിഷ്ട കാലം ചെലവിടുന്ന അയാൾ തൊട്ടടുത്താണ് താമസിക്കുന്നതെന്നറിഞ്ഞ് മോൺസൺ സാർ അയാളെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ മദ്യപിച്ചു കഴിഞ്ഞാൽ ടോയലറ്റും പരിസരവുമാകെ തുപ്പിയും മൂത്രമൊഴിച്ചും നാറ്റിച്ച് മോഹനൻ നായർ അയാളെ വളരെ വേഗം വെറുപ്പിച്ചു. ഒരിക്കൽ അയാൾ പാത്രം കഴുകുന്ന സിങ്കിൽ കാർപ്പിച്ചു തുപ്പിയതോടെ അടുക്കളയിലെ ഗൃഹോപകരണങ്ങളേയും ഫർണീച്ചറുകളേയുംപോലെ മോൻസൺ സാറിന്റെ ദേഹം ചൊറിഞ്ഞ് തടിച്ചു. അന്ന് ഒരു പഴയ കണക്ക് ചോദിച്ച് മോൻസൺ സാർ അയാളുമായി മനപൂർവ്വം ഒന്നു തെന്നി. കാലം ഇത്ര കഴിഞ്ഞിട്ടും താൻ ആ അഞ്ഞൂറു കുലുവ മനസ്സിൽ സൂക്ഷിച്ചുകൊണ്ടിരിക്കുയാണോ, മനുഷ്യൻ ഇങ്ങനൊന്നും ആയിക്കൂടാ എന്നൊക്കെപ്പറഞ്ഞ് മോഹനൻ നായർ പേഴ്സ് തുറന്ന് ആ അഞ്ഞൂറു രൂപ അയാളുടെ മോന്തയ്ക്ക് വലിച്ചെറിഞ്ഞ് ചാടിത്തുള്ളി ഇറങ്ങിപ്പോയി. പിന്നെ ഇന്നുവരെ മോൻസൺ സാറിന്റെ പടിക്കകത്ത് കാലുകുത്താതെ അയാൾ തറവാടിത്തം കാത്തു. അങ്ങനെ ആ വലിയ വീട്ടിലെ സകല ഉപകരണങ്ങളേയുംപോലെ മോൻസൺ സാറിന്റെ ശരീരത്തിലെ ചെറിച്ചിലും അന്ന് കൊടിയിറങ്ങി.
വീടിനുള്ളിലെ പരാക്രമത്തിനു ശേഷം അയാൾ നിറങ്ങൾ കലങ്ങി മറിഞ്ഞ പടിഞ്ഞാറൻ മാനത്തുനിന്ന് അരിച്ചെത്തുന്ന പ്രകാശത്തിന്റ തിരകൾ ശാന്തമായിത്തുടങ്ങിയ മുറ്റത്തേയ്ക്കിറങ്ങി. പുഴയിലെ കുത്തൊഴുക്കിൽ നിന്നും പെറുക്കിയെടുത്തു വീടിനുചുറ്റും പാകിയ മിനുസമുള്ള വെള്ളാരങ്കല്ലുകളിൽ വീണുകിടന്ന കരിയിലയും പൊടിക്കൂറകളും അടിച്ചു നീക്കാൻ തുടങ്ങി. അടുക്കളപ്പുറത്തെ ഉയരമില്ലാത്ത കുഞ്ഞൻ പ്ലാവും മുറ്റത്തെ അത്രതന്നെയുള്ള ഒട്ടുമാവും വടക്കുവശത്തെ മതിലിനപ്പുറത്തുള്ള റിട്ടേഡ് പട്ടാളക്കാരന്റെ തെങ്ങിൽ നിന്നു വീഴുന്ന മഞ്ഞപ്പൂക്കളും മാത്രം എന്നും അയാൾക്ക് പണികൊടുക്കുമായിരുന്നു. വീടിനു ചുറ്റും നാലുപാടും തീപ്പെട്ടി കൂടുകൾ നിരത്തിവച്ചതുപോലെ ഒരു നിലകളിലും ഇരു നിലകളിലുമുള്ള വീടുകളാണ്, എല്ലാം സമ്പന്നരായ ബിസിനസുകാരും ഫോറിൻ പണക്കാരും. അയാൾ അതുവഴി അങ്ങനെ നടക്കുമ്പോൾ അവിടങ്ങളിൽ നിന്നൊക്കെ ചില നോട്ടങ്ങൾ അയാളുടെ മേൽ വന്നു വീഴും. ദാമ്പത്യം എന്ന മാരത്തോൺ ഓട്ടത്തിൽ ഇടയ്ക്ക് വച്ച് ഓട്ടം മതിയാക്കി ഓടിപോന്ന, ചൊവ്വാ ദോഷവും മറ്റു പേരുദോഷങ്ങളുംകൊണ്ട് കെട്ടാച്ചരക്കുകളായി നിൽക്കുന്ന, വിവാഹം കഴിഞ്ഞ് ഏറെനാളുകൾ കഴിഞ്ഞിട്ടും കുട്ടികളെ ഒന്നും ഉൽപാദിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താക്കന്മാർ ‘നാളെ വരാം’ എന്നു പറഞ്ഞ് സ്വവീടുകളിൽ കൊണ്ടുചെന്നു നിർത്തി തടിയൂരിപ്പോയപ്പോൾ നിന്നുപോയ പെണ്ണുങ്ങളാണ് ആ നോട്ടങ്ങൾക്കു പിന്നിൽ. അത്തരം സന്ദർഭത്തിൽ നിവർന്നു നിന്ന് അതേഭാവത്തിൽ ആ നോട്ടങ്ങളെ പ്രതിരോധിച്ച് ആണത്തം കാണിക്കുന്നതിനു പകരം സൂര്യനെ നോക്കാനാവാതെ തല കുമ്പിട്ടു നിൽക്കുന്ന സൂര്യകാന്തിപ്പൂവുകളെ അനുസ്മരിപ്പിച്ച് തല കുനിച്ച് കടന്നു പോവുകയാണയാൾ ചെയ്തുകൊണ്ടിരിക്കുന്നത്. പെണ്ണായി പിറന്നവരുടെ അയാളുടെ സാമീപ്യത്തിനു വേണ്ടിയുള്ള ഈ സങ്കോചമില്ലായ്മയുടെ വാർത്തകൾ പലരും പ്രത്യേകിച്ച് ഓഫീസിലെ അയാളുടെ സന്തതസഹചാരി ഡ്രൈവർ ഹരീഷിന് കൊതിയോടെ മാത്രമേ ശ്രവിക്കാനായിട്ടുള്ളു, എറിയാനറിയാത്തവനേ കല്ലുകൊടുക്കൂ എന്നു പറഞ്ഞ് അയാൾ നെടുവീർപ്പിടും.
മോൻസൺ സാർ ആ വീടു് വാങ്ങിയിട്ട് അധികമായില്ല. സർവ്വീസിൽ കയറിയിട്ട് അധികവും പുറം നാടുകളിലായിരുന്നു. നാട്ടിലേയ്ക്ക് സ്ഥലം മാറ്റമായിട്ടു വേണം ഒരു വീട് വയ്ക്കാൻ എന്നോർത്ത് ഇരിക്കുകയായിരുന്നു. ഓഫീസിൽ നിന്ന് 12 കിലോമീറ്റർ ദൂരമുണ്ടങ്കിലും ഈ വീട് കണ്ടപ്പോൾ ഇഷ്ടമായി. പ്രധാന റോഡിലേയ്ക്ക് പത്തോ എഴുപതോ മീറ്റർ ദൂരമേയുള്ളു, മുറ്റത്ത് പാറ തുളച്ചുണ്ടാക്കിയ കിണറ്റിലെ നല്ല വെള്ളം, ചുറ്റുവട്ടത്തുള്ള ആൾക്കാരും കുഴപ്പമില്ലന്നു തോന്നി. വയനാട്ടിലായിരുന്നപ്പോൾ വെള്ളമായിരുന്നു ഒരു പ്രശ്നം പിന്നെ ബോറൻമാരായ ചില അയൽക്കാരും. അവിടെ സ്ഥലമുണ്ടായിരുന്നുവെങ്കിലും വീട് വയ്ക്കാൻ താല്പര്യമില്ലാതെ പോയത് അങ്ങനെയായിരുന്നു. ടൂറിസ്റ്റ് പ്ലേയ്സായിരുന്നതിനാൽ അവിടെ ഒരു ഹോംസ്റ്റേ നിർമ്മിക്കാൻ പ്ലാനുണ്ടായിരുന്നു. അതിനായി പ്രാഥമിക പണികളും തുടങ്ങിയതാണ് അപ്പോഴാണ് ഈ സ്ഥലം മാറ്റം. ഇവിടെ താമസം തുടങ്ങിയപ്പോഴാണ് അറിയുന്നത് ചുറ്റുവട്ടത്തുള്ളവരൊന്നും അത്ര നിഷ്കളങ്കരല്ല എന്ന്. ഒറ്റാൻ തടിയായ തന്നിൽ നിന്ന് ആ വീടും മറ്റു സമ്പത്തുകളും കൊള്ളയടിക്കാൻ ചിലർക്ക് പ്ലാനുണ്ടത്രെ, ഒരിക്കൽ മദ്യപിക്കുന്നതിനടയിൽ മോഹനൻ നായരാണതു പറഞ്ഞത്. അവർ അവരുടെ പെണ്ണുങ്ങളെ കാണിച്ച് മോഹിപ്പിക്കുമെന്നും എന്തു ഹീനകൃത്യങ്ങളും ചെയ്യുമെന്നും കരുതിയിരിക്കണമെന്നും അയാൾ പറഞ്ഞു. അതുകൊണ്ടുകൂടിയാണ് ചുറ്റുവട്ടത്തുനിന്നും ടോർച്ചടിക്കുന്നതുപോലുള്ള നോട്ടത്തിനൊന്നും മറുനോട്ടം നോക്കി വിഡ്ഡിയാകാൻ മോൻസൺ സാർ നിന്നു കൊടുക്കാത്തത്. താൻ അങ്ങെനൊരനുഭാവം കാട്ടിയാൽ മതിൽ ചാടിക്കടന്ന് വരാൻ വരെ ഒരുക്കമാണവരെന്ന് അയാൾക്കറിയാം. തന്നെ വശീകരിച്ച് ഇല്ലാതാക്കി തന്റെ എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്ന ആ ജാലവിദ്യക്കാരുടെ ഭവനങ്ങളിൽ നിന്ന് ക്രിസ്തുമസിനോ പെരുന്നാളിനോ ഓണത്തിനോ ഒക്കെ സൌഹൃദം നടിച്ച് കൊടുത്തയക്കുന്ന പത്തിരിയും കോഴിയും അല്ലങ്കിൽ കേക്കോ അടപ്രഥമനോ ഒന്നും അയാൾ കൈകൊണ്ട് തൊടില്ല, ആ സാധനങ്ങളിലൊക്കെ അവർ കൈവിഷം നിറച്ചു വച്ചിരിക്കുന്നത് അയാൾ കണ്ടു. നിറഞ്ഞ ചിരിയോടെ മുറ്റത്തു വന്നു നിൽക്കുന്ന അതിഥികളുടെ കൈകളിൽ നിന്ന് അതു വാങ്ങും ആരേയും പിണക്കരുതല്ലോ, നല്ലൊരു നാട്യക്കാരനായ അല്ലങ്കിൽ നാട്യക്കാരിയായ ആ അഥിതിയെ മര്യാദയോടെ പറഞ്ഞയച്ചിട്ട് അയാൾ അവ വേസ്റ്റ് ബാസ്ക്കറ്റിലിടും.
കൈവിഷവും ക്ഷുദ്രപ്രവർത്തികളുമൊക്കെ മോൺസൺ സാറിന് പുതിയ കാര്യമല്ല. ചെറുപ്പത്തിൽ ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന സമയത്താണ്, അയാളുടെ നാട്ടിൽ ഒരു വലിയ തറവാട്ടിൽ കുടുംബാംഗങ്ങളാൽ തിരസ്ക്കരിക്കപ്പെട്ട വിരൂപയായ ഒരു സ്ത്രീ ഏകയായി താമസിച്ചിരുന്നു, ഒരിക്കൽ സ്കൂൾ വിട്ടു വന്ന അവനെ അവർ പിടിച്ച് വീട്ടിൽ കൊണ്ടുപോകുകയും കൈവിഷം കൊടുത്ത് ഒരു കാട പ്രകൃതനാക്കുകയും ചെയ്തു. ആ സംഭവം അയാളുടെ വ്യക്തിത്വ നിർമ്മാണത്തിന്റെ മൂലശിലയായി അടയാളപ്പെട്ടത് കൊണ്ടാവും കൈവിഷം നൽകുന്നവരുടെ ഉദ്ദേശം എന്താണ്, അത് ഉള്ളിൽ ചെന്നാലത്തെ അവസ്ഥ എന്ത്, എങ്ങനെയൊക്കെയാണ് ഒരാൾ കൈവിഷം നൽകുന്നത്, എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യം അയാൾക്ക് ഉണ്ടായിരുന്നു, അതുസംബന്ധമായ ഒരുപാട് കാര്യങ്ങൾ അയാൾ പലരോടും ചോദിച്ചും വായിച്ചും ഇപ്പോൾ യൂട്യൂബ് തിരഞ്ഞും കണ്ടു. അതുമായി ബന്ധമുള്ള യൂട്യൂബിലെ ഷോർട്ട് വീഡിയോകളിൽ അയാൾക്ക് ഏറ്റവും ഉപകാരപ്രദമായി തോന്നിയത് മലപ്പുറത്തുള്ള ഒരു മുല്ലാക്കയുടെ വീഡിയോ ആയിരുന്നു. ഒരിക്കൽ നിർത്താതെ ഉണ്ടായ വയറുവേദന അങ്ങനൊരു സംശയത്തെ ദൃഡപ്പെടുത്തുകയും അയാൾ വല്ലാതെ ആകുലപ്പെടുകയുമുണ്ടായി. പരിഹാരം തേടി മലപ്പുറത്തേയ്ക്ക് പോകാൻ നിശ്ചയിച്ച അന്ന് വയറു വേദന അപ്രത്യക്ഷമായത് അയാളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു അന്നു തന്നെ മുല്ലാക്കയുടെ വീഡിയോ അയാൾ ലൈക്ക് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയുമുണ്ടായി. കൂടാതെ കമന്റ് ബോക്സിൽ തന്റെ അനുഭവം പങ്കിടുകയും മുല്ലാക്കയ്ക്ക് ഒരു ഫ്ലൈയ്ങ് കിസ്സിന്റെ സ്റ്റിക്കിയും ഇട്ടു.
നമൃ ശിരസ്ക്കയായ ഒരു നവ വധുവിനെപ്പോലെ അവളുടെ നേർത്തു മിനുത്ത മുഖപടംപോലെ നേരിയ ഇരുട്ട് അവിടമാകെ വല വിരിച്ചപ്പോൾ അയാൾ എല്ലാം നിർത്തി പുറത്തെ ബാത്ത് റൂമിൽ നിന്ന് കുളിച്ച് കയറി വന്നു. മോസ്ക്കുകളിൽ നിന്ന് സന്ധ്യാ നിസ്ക്കാരത്തിനുള്ള ബാങ്ക് മുഴങ്ങുന്നു സമീപത്തുള്ള ക്രിസ്തീയ ഭവനങ്ങളിലും ആളുകൾ കുരിശുവരയ്ക്കുള്ള സന്നാഹമൊരുക്കുന്നു അയാൾ പക്ഷേ ആ നേരം നേരെ അടുക്കളയിലേയ്ക്കാണ് പോയത്. ഹാളിലെ ഭിത്തിയിൽ പ്രധാന വാതിലിന് അഭിമുഖമായി മുൾക്കിരീടമണിഞ്ഞ ക്രിസ്തുദേവന്റെ ഫോട്ടോ തൂക്കുകയും അതിനു താഴെത്തെ ചെറിയ മരത്തട്ടിൽ ബൈബിളും കുരുത്തോലയും വച്ചതൊഴിച്ചാൽ അയാൾ ഒരു വിശ്വാസിയാണന്നുള്ളതിൽ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. അതുവരെ ശബ്ദമുഖരിതമായിരുന്ന പ്രകൃതിപോലും പ്രാർത്ഥനാഭരിതമാകുമ്പോൾ അയാൾ അന്നത്തെ അത്താഴം തരപ്പെടുത്തുന്ന തിരക്കിലായിരുന്നു. അത്താഴം അയാളെ സംബന്ധിച്ച് പ്രാതൽപോലെയോ ഉച്ചയൂണുപോലെയോ സുഭിക്ഷമല്ല. വളരെ ലഘുവായേ അത്താഴത്തിന് എന്തെങ്കിലും കഴിക്കൂ, അതു ചിലപ്പോൾ ഒരു ഓംലെറ്റാവും അല്ലങ്കിൽ ആപ്പിളോ മാമ്പഴമോ പൈനാപ്പിളോ പോലെ എന്തെങ്കിലും, അപൂർവ്വം ചില ദിവസങ്ങളിൽ രണ്ട് ചപ്പാത്തി ഉണ്ടാക്കിയെങ്കിലായി. അങ്ങനെ എന്തോ ചിന്തിച്ച് അയാൾ ഫ്രിഡ്ജ് തുറന്നു. വൈകുന്നേരം ടൌണിൽ നിന്നുവരുന്ന തിരക്കുള്ള വണ്ടിപോലെ സൂചികുത്താൻ ഇടമില്ലാത്തവിധം പഴങ്ങളും പച്ചക്കറികളുമായി നിറഞ്ഞ ഫ്രിഡ്ജ് ഞരങ്ങിത്തുറന്നു. തണുപ്പു പരക്കുന്ന അതിലേയ്ക്ക് നോക്കി അയാൾ അല്പനേരം നിന്നു. പിന്നെ പച്ചക്കറിക്കൂട്ടത്തിൽനിന്ന് സാമാന്യം തടിച്ച ഒരു ഉരുളക്കിഴങ്ങ് തപ്പിയെടുത്ത് ഫ്രിഡ്ജ് അടച്ചു. നെയ്മുറ്റിയ ഒരു ഗിനിപ്പന്നിയെ ഓർമ്മിപ്പിക്കുന്ന അത് കഴുകി തോല് ചുരണ്ടിക്കളഞ്ഞ് വർക്ക്ടോപ്പിനു താഴെ കോബോഡുകളിൽ സൂക്ഷിച്ച പാത്രക്കൂട്ടങ്ങളിൽ നിന്ന് ചെറിയൊരു കുക്കർ പുറത്തെടുത്ത് ഉപ്പിട്ട് അത് പുഴിങ്ങിയെടുത്തു. പിന്നെ ടൈനിങ് ടേബിളിൽ കൊണ്ടുവച്ച് ഫോർക്ക്കൊണ്ട് ചെറുകഷണങ്ങളാക്കി അന്നത്തെ അത്താഴം കുശാലാക്കി. തുടർന്ന് അടുക്കളയിലെത്തി പാത്രങ്ങളും സ്പൂണും ഫോർക്കും കഴുകിത്തുടച്ച് ഡിഷ് റാക്കിൽ വച്ചു. അനന്തരം വീണ്ടും ഫ്രിഡ്ജ് തുറക്കുകയും അതിന്റെ ഡോർറാക്കിൽ ഭദ്രമായിവച്ച ഓവൽ ഷെയ്പ്പിലും കോഫീകളർക്കൂട്ടിലുമുള്ള കുപ്പി എടുത്ത് ഒരു ലാർജ്ജ് കൂടി പകർന്നു മോന്തുകയും ചെയ്തു.
സാധാരണ ഗൃഹസ്ഥർ അത്തരം തടിച്ച സന്ധ്യകളിൽ ചെയ്യാറുള്ളതുപോലെ സ്വീകരണ മുറിയിൽ പോയിരുന്ന് ടീവി ഓൺ ചെയ്ത് ന്യൂസോ രാഷ്ടീയ ചർച്ചകളോ വീക്ഷിക്കുക അല്ലങ്കിൽ വിവിധ രാജ്യങ്ങളും പ്രദേശങ്ങളും വിവരിക്കുന്ന സഞ്ചാര ചാനലുകൾ കാണുകയോ അതുമല്ലങ്കിൽ ആ ആഴ്ചയിലെ ഏതെങ്കിലും വീക്കിലി വായിച്ച് മതിമറന്നിരിക്കുന്ന ശീലമോ അയാൾക്കില്ല. രാവിലെ ഓഫീസിൽചെന്നിരുന്ന് അന്നന്നത്തെ പത്രം വായിക്കുന്നതൊഴിച്ചാൽ വായനാ ശീലവുമില്ല., പതിവു ദിവസങ്ങിലേതുപോലെതന്നെ അന്നും അയാൾ നേരെ ബഡ്ഡ് റൂമിലേയ്ക്കാണ് പോയത്. വെളുത്ത് കൊക്കിന്റെ നിറമുള്ള ഗ്രാനൈറ്റ് ഫ്ലോറിൽ വൈദ്യുതവിളക്കുകളിൽ നിന്നു വീഴുന്ന നിലാവെളിച്ചം അവിടമാകെ ഒരു ഡാൻസ് ബാറുപോലെ മനോഹരമാക്കിയിക്കുന്നു. നിറഞ്ഞ ഏകാന്തത തിളങ്ങുന്ന ബേബിഡോൾ സ്കേർട്ടും ഫ്രണ്ട്നോട്ട് ബ്രായുമണിഞ്ഞ നർത്തകിയെപ്പോലെ രതിനൃത്തമാടുന്നു. ആ ആട്ടക്കാരിയുടെ സമൃദ്ധമായ മാറിൽ കുഴഞ്ഞ് വീണ് അയാൾ തെന്നിത്തെന്നി നീങ്ങി. 3 ബഡ്ഡ്റൂമുകളുള്ളതിൽ മൂന്നും അയാൾക്ക് ഷഹരിയാർ രാജാവിനെപ്പോലെ ഓരോ ഭാര്യമാരായിരുന്നു. ഓരോ ദിവസവും ഓരോ ബഡ്ഡ് റൂമിലാണ് അയാൾ ശയിക്കുന്നത്, ബഡ്ഡ്ഷീറ്റ് നിവർത്തിക്കുടഞ്ഞ് തലയിണകൾ ഉയർത്തിവച്ച് അയാൾ കിടന്നു. ഇനി ഉറക്കം വരുന്നതുവരെ മൊബൈൽഫോൺ തന്നെ ശരണം. മൊബൈൽഫോണും അതിലെ പുത്തൻ ശീലങ്ങളും ആരംഭിക്കുന്നതിനു മുമ്പ് അയാൾ നേരത്തെ കിടക്കുമായിരുന്നു. അന്ന് പക്ഷേ ഒരുറക്കം കഴിഞ്ഞുണർന്ന് പൊന്തക്കുളത്തിൽ വെള്ളത്തിനു മീതെ തല ഉയർത്തിപ്പിടിച്ച് മനോരഥങ്ങളിൽ മുഷിഞ്ഞ് കിടക്കുന്ന ഒരെരുമയെപ്പോലെ മുറിക്കുള്ളിലെ എ.സിയുടെ തണുവിൽ മനസ്സിലെ മണലാരണ്യത്തിൽ പുതഞ്ഞു കിടക്കും. ഇന്നത്തെ സ്മാർട്ട് ഫോണിനു മുമ്പ് നോക്കിയയുടെ വിളിയും കേൾക്കലും മാത്രമുള്ള ചെറിയ ഫോണായിരുന്നു. അന്നും നേരത്തെ കിടക്കുകയും പാതിരാത്രി എഴുന്നേറ്റ് കുത്തിയിരിക്കുകയുമായിരുന്നു പതിവ്. സ്മാർട്ട് ഫോൺ വിപണിയിലിറങ്ങിയപ്പോൾ ആദ്യംതന്നെ അയാൾ അതിലൊന്ന് സ്വന്തമാക്കി. അതിലെ ഏടാകൂടങ്ങളൊന്നും വേണ്ടത്ര പിടുത്തമില്ലങ്കിലും വീഡിയോ കാണാനും ഫെയ്സ് ബുക്ക് ഉപയോഗിക്കാനുമൊക്കെ വേഗം പഠിച്ചെടുത്തു. അതിലൂടെ നിശബ്ദമായ രാത്രികളും പൂനിലാവും പാതിരാപ്പൂമണവുമൊക്കെ വീണ്ടും അയാളെ തേടി വന്നു.
കിടന്നുകൊണ്ട് അയാൾ ആദ്യം വാഡ്സ്ആപ്പാണ് തുറന്നത്, ആരെക്കെയോ മെസ്സേജുകളും ഷോർട്ട് വീഡിയോസുമൊക്കെ അയച്ചിട്ടുണ്ട്. ചിലതൊക്കെ ഓടിച്ചുനോക്കി. ഫെയ്സ്ബുക്കും തുറന്നു. വേഗം അതും അടച്ചു. ഇനിയങ്ങോട്ട് തന്റെ ഏകാന്തതകളെ ത്രസിപ്പിക്കുന്നതിനും നിമിഷങ്ങളെ മദോന്മദ്ധരാക്കുന്നതിനുമായി അയാൾ ഗൂഗിളിൽ ‘സെക്സ് വിഡിയോസ്’ എന്ന് ടൈപ്പ് ചെയ്തു. അപ്പോൾ തലേന്നു കണ്ടതും അല്ലാത്തതുമായ ബ്ലൂ സൈറ്റുകളെല്ലാം ഓപ്പണായി വന്നു. മലയാളികളുടേയോ തമിഴന്മാരുടെയോ വിഡിയോസ് ഒന്നും അയാൾ കാണാറില്ല, തുടിച്ച ആപ്പിൾപോലുള്ള മദാമ്മമാരുടെ നഗ്നതയും പോരാട്ടവീര്യവുമാണ് അയാൾക്ക് പ്രീയം. അത്തരം നൂറുകണക്കായ ദൃശ്യാവിഷ്ക്കാരങ്ങളിൽ നിന്ന് അയാൾ ഒന്ന് ക്രിക്ക്ചെയ്ത് എടുത്തു. കറുത്ത വർഗ്ഗക്കാരനും കരിവീട്ടിക്കരുത്തുമുള്ള ഒരു ചെറുപ്പക്കാരനും സുന്ദരിയായൊരു മദാമ്മപ്പെണ്ണും അവരുടെ കേളീവിലാസങ്ങളിൽ ആത്മാർപ്പണം ചെയ്ത് അയാൾ കിടന്നു. ഉറങ്ങും മുമ്പ് സ്ഥിരം കാണാറുള്ള യൂട്യൂബിലെ ഒരു ചാനൽ കൂടി സന്ദർശിക്കേണ്ടതുള്ളതിനാൽ കണ്ടുകൊണ്ടിരുന്ന വീഡിയോയിൽ നിന്ന് അത് മുഴുമിക്കും മുമ്പ് പുറത്തു കടന്നു, തുടർന്ന് ശുഭം എന്ന എന്ന ആ ചാനൽ തുറന്ന് അകത്തു കയറി തന്നെപോലെ ജീവിതം എങ്ങുമെത്താതെ പോയ ആരുടെയെക്കെയോ ഷുദ്രപ്രവൃത്തികൾ കൊണ്ട് ജീവിതം വഴിമാറിപ്പോയ സമനഹൃദയരായ നൂറുകണക്കിന് ആളുകൾ നിത്യം സന്ദർശിക്കുന്ന ചാനലാണത് കൈവിഷവും ക്ഷുദ്രപ്രവൃത്തികളും വിവരിക്കുന്ന പുതിയ ഒരു വീഡിയോ വന്നിട്ടുണ്ട്. അതു മുഴുവൻ കണ്ടു. അതിൽ കൂവപ്പുറത്തും കൈവള്ളൂരും പാനൂരുമുള്ള സമർദ്ദരായ ചില പരികർമ്മിണികളെക്കുറിച്ച് പറയുന്നുണ്ട് പാനൂരുള്ള പരികർമ്മിണി മുഖത്തുനോക്കി കാര്യം പറയും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെകാണാനാവും അദ്ദേഹത്തിന്റെ വിലാസവും ഫോൺ നമ്പരും അതിൽ ചേർത്തിട്ടുണ്ട് മോൺസൺ സാർ അത് കുറിച്ചെടുത്തു. ആ ഷോർട്ട് വീഡിയോ തീർന്നതും അയാൾ താൻ സ്ഥിരം കാണാറുള്ള ചില മന്ത്രവാദ സൈറ്റുകളും തുറന്നു അതിനു താഴത്തെ കമന്റുകളിൽ തന്റേതിനു സമാനമായ അനുഭവങ്ങൾ വിവരിക്കുന്ന ചില കമന്റുകളും അതിനുള്ള പ്രതിവിധികളും വായിച്ചു നിർവൃതികൊണ്ടു. എപ്പോഴോ ഉറക്കം കണ്ണുകളിൽ ഇളനീർക്കുഴമ്പു തൂവിയപ്പോൾ മൊബൈൽ ഓഫാക്കി നെറ്റ് ഡിസ്കണക്ട് ചെയ്ത് അയാൾ കിടന്നു.
ഘടികാരങ്ങൾ എട്ടു മണി സൂചികയുടെ അവസാന ഏണിപ്പടിയും നടന്നു കയറിയതും അയാൾ കണ്ണുതുറന്നു. ഇളവെയിൽ ജാലകത്തിനോളം എത്തിയിരിക്കുന്നു. പക്ഷികൾ കരഞ്ഞ് പറക്കുന്നു. റോമിനി എന്നോ മോഹിനി എന്നോ പേരായ തന്റെ ആത്മ സഖി മറ്റൊരുവനൊപ്പം നാടുവിട്ടതറിയാതെ ഒരു പക്ഷി വടക്കേപ്പുറത്തെ പട്ടാളക്കാരന്റെ തൈമാവിലിരുന്ന് ‘റോമിനി.... റോമിനി....’ എന്ന് ഉറക്കെ വിളിക്കുന്നു. ഒരിക്കൽ വാട്ടറതോരിറ്റി ചതിച്ച് പൈപ്പുകളിൽ ഈച്ച ഇരമ്പൽ റെക്കോർഡ് ചെയ്തുവിട്ട അന്ന് തന്റെ മുറ്റത്ത് ഒരു കിണർ ഉണ്ടന്നറിഞ്ഞിട്ടും “സാറിന് വെള്ളം വേണോങ്കി തരാം” എന്ന് മിനുങ്ങിയ വാക്കുകൾകൊണ്ട് ഗയ്റ്റിനരികിൽ വന്നു നിന്നു മൊഴിഞ്ഞ മുടി കളർചെയ്ത് തോളറ്റം വെട്ടിയിട്ട മാഗ്നറ്റിക് കണ്ണുകളുള്ള വെളുത്ത ചെറുപ്പക്കാരിയുടെ മാളികവീടിന്റെ മുറ്റത്തിരുന്ന് ഒരു കാക്ക അവർക്കിന്നൊരു വിരുന്നുകാരുണ്ടന്ന സന്ദേശം വിളംബരം ചെയ്യുന്നു. ഇനിയുള്ള സെക്കന്റ്കൾക്കും മിനിട്ടുകൾക്കും അയാളെ സംബന്ധിച്ച് ആലസ്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. അവ പക്ഷേ ജറ്റ് വിമാനങ്ങൾ പോലെയുമാണ്, ഒൻപതുമണിക്കെങ്കിലും ഇറങ്ങിയാലേ ബസ്സ് കിട്ടി ഓഫീസിനടുത്ത് സ്റ്റാർ റസ്റ്റോറന്റിൽനിന്ന് എന്തെങ്കിലും കഴിച്ച് പത്തുമണിക്ക് ഓഫീസിലെത്താനാവൂ. അയാൾ കുത്തഴിഞ്ഞ മുണ്ട് മുറുകെ കുത്തിക്കൊണ്ട് എഴുന്നേറ്റു. ശീഘ്രം അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് കോഫീ കളർ ബോട്ടിൽ എടുത്ത് തലേന്ന് കഴിച്ചതിന്റെ ബാക്കിയിൽ നിന്ന് ഒരു 60 ml കൂടി പകർന്നടിച്ചു. പിന്നെ ഒരു ബ്രേക്ക്ഡാൻസുകാരന്റെ ചടുലതയോടെ ക്ലോക്കിന്റെ നെഞ്ചിടിപ്പിനൊപ്പം ഓടി നടന്നു. എല്ലാം കഴിഞ്ഞ് കുളിച്ച് അലമാരയിൽ ഇസ്തിരിയിട്ടുവച്ച ജീൻസും ഷർട്ടും എടുത്തിട്ട് ബ്രൌൺ നിറത്തിലുള്ള ഷൂസ് പോളീഷ് ചെയ്തു് തോൽ സഞ്ചിയും തോളിലിട്ട് വാതിൽ പൂട്ടി ഇറങ്ങി. സൂര്യൻ കിഴക്കുനിന്ന് കോട്ടപ്പാറയ്ക്കപ്പുറമുള്ള തന്റെ കൊട്ടാരത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടയിൽ പ്രഭാദമാണന്നൊന്നും നോക്കാതെ കനത്ത ചൂടും പ്രകാശവും ഭൂമിയിലേയ്ക്ക് വർഷിച്ചുകൊണ്ടിരുന്നു. വീഥിയോരങ്ങളിലെ വീരശൂരപരാക്രമികളായ ആണുങ്ങളുള്ള വീടുകളുടെ പിന്നാമ്പുറങ്ങളിൽ പതിവു പെൺകാഴ്ചകൾ ആവർത്തിക്കപ്പെടുന്നു. അയാൾ വേണ്ടവിധം ശ്രദ്ധിക്കാത്തതുകൊണ്ടാവാം അവർ ഇപ്പോൾ കുറെക്കൂടി കഠിന പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുയാണ്, നഗ്നമായ മാറും അതിനു താഴെ വയറും അതിനും താഴെ അടിവസ്ത്രവും ഒരു കുഴലിലൂടെ എന്നവിധം കാണുമാറ് നൈറ്റിയുടേയോ ചുരിദാരിന്റെയോ കിളിവാതിൽ ചാരാതെ അവർ അയാൾക്ക് അഭിമുഖമായി കുനിഞ്ഞ് നിന്ന് മുറ്റം തൂത്തു. വൈകുന്നേരങ്ങളിൽ എങ്ങും എത്താത്ത ഒരു ബാത്ത് ടവ്വൽ മാത്രം മാറിൽകെട്ടി കൈദൂരത്തിനപ്പുറമുള്ള അയയിൽ തുണി വിരിച്ചു. മുടി ആകെ നരച്ച് റിട്ടേറാകാൻ 4 വർഷം മാത്രം അവശേഷിക്കുന്ന തന്നോട് പെണ്ണുങ്ങൾ കാണിക്കുന്ന ആ നിശബ്ദ ആഭിമുഖ്യങ്ങളുടെ പൊരുൾ നന്നായറിയാവുന്നതുകൊണ്ട് അയാൾ കണ്ണുകളെ അനാവശ്യ സഞ്ചാരത്തിനു വിടാതെ ചടുലതയോടെ നടന്നു. ഇയാൾ എന്താണ് ഇങ്ങനെ എന്ന് സ്വയം ചോദിച്ച് അയാൾ പോയി മറയുന്നതും നോക്കി പെണ്ണുങ്ങൾ നെടുവീർപ്പിട്ടുനിൽക്കെ അയാൾ ബാഗിൽ നിന്ന് ഫോൺ എടുത്ത് ആഫീസറെ വിളിച്ചു് അവധിപറഞ്ഞു, തൊണ്ട ഇൻഫെക്ഷനായി വായ തുറക്കാനാവാതെ രണ്ടു ദിവസത്തേക്ക് ലീവിലായിരുന്ന ആഫസർ മോഹനവല്ലി അയാളുടെ വാക്കുകൾക്ക് ങ്ഹാ ങ്ഹൂ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു, എല്ലാം ശുഭമായിരിക്കുന്നു മുമ്പൊക്കെ തന്റെ യാത്രകൾക്ക് എന്നും തടസ്സാമായിരുന്ന ആഫീസർ ഇന്ന് ലീവും അനുവദിച്ചു, ഒട്ടും വൈകിയില്ല ഓഫീസിലേയ്ക്കുള്ള യാത്ര റദ്ദ് ചെയ്ത് അയാൾ പാനൂർക്കുള്ള ബസ്സിൽ കയറി.