mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ രാത്രിയും പകലുമാറിയാതെ ഇരുണ്ട പ്രകാശം പരത്തുന്ന ശീതീകരിച്ച മുറിയില്‍ ഘനീഭവിച്ചു നില്‍ക്കുന്ന വായു ശ്വസിച്ച് ദിക്ഭ്രമം പിടിപ്പെട്ട് അവശനായപ്പോള്‍ അടുത്തുവന്ന സിസ്റ്ററോട് നാരായണന്‍ മെല്ലെ പറഞ്ഞു.

''സിസ്റ്റര്‍, എനിക്കു വീട്ടില്‍ പോകണം..'' 

അരുതാത്തതെന്തോ കേട്ടതുപോലെ സിസ്റ്റര്‍ കുറച്ചു സമയം  തുറിച്ചു നോക്കി നിന്നു. പിന്നെ വിരികളും തുണികളും മാറ്റി. അവിടെ ഘടിപ്പിച്ചിരുന്ന മെഷിനറികളെല്ലാം ഒരിക്കല്‍ കൂടി പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പു വരുത്തി ഒന്നും പറയാതെ അവരെപ്പോഴും ഇരിക്കാറുള്ള അവരുടെ സ്ഥിരം സ്ഥാനത്ത് ചെന്നിരുന്നു. എട്ടോളം പേര്‍ അവിടെ നിരന്നു കിടന്നിരുന്നു. എല്ലാവരും പരതരം മെഷിനറികളുടെ നീരാളിപിടുത്തത്തില്‍ അനങ്ങാനാവതെ കിടന്നു. പത്തു പേരെ ഉള്‍ക്കൊള്ളുന്ന ആ മുറിയില്‍ രണ്ടു ബെഡ്ഡുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സേവനനിരതരായി പത്തു നേഴ്‌സുമാര്‍ ഇവിടെ എപ്പോഴുമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ വരികയും ഓരോരുത്തരുടേയും അരികിലെത്തി മോണിറ്ററിലെ തെളിച്ചങ്ങളും ചിത്രങ്ങളും നോക്കി പുറത്തുപോകും. പുറത്തു പോകുമ്പോള്‍ നഴ്‌സുമാരേട് പലതരത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കും. സ്വന്തം സമയവും കാത്ത് ഓരോരുത്തരും ഭയന്ന് ഒച്ചയനക്കമില്ലാതെ നിശ്ചലരായിക്കിടന്നു. ഇന്നലെ വരെ പത്തു ബെഡ്ഡുകളിലും ആളുണ്ടായിരുന്നു. രണ്ടു ശരീരങ്ങളെ ഇന്നലെ ഉച്ചയോടെയാണ് വിട്ടുകൊടുത്തത്. ജീവന്‍ പോയിട്ടും വീണ്ടു വീണ്ടും ജീവന്‍ വെപ്പിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ കാണാതിരുന്നുകൂട. ഇടയ്ക്കിടെ മക്കളെ വിളിച്ചുകൊണ്ടു വന്ന് വെന്റിലേറ്ററില്‍ കിടക്കുന്ന ആ ശരീരങ്ങളുടെ മിടിപ്പ് കാണിച്ചുകൊടുക്കും. എന്നീട്ടു പറയും. 

''എപ്പോള്‍ വേണമെങ്കിലും പോകാം. ഇനിയൊന്നും നമ്മുടെ കൈകളിലല്ല. നന്നായി പ്രാര്‍ത്ഥിച്ചോളൂ.'' മക്കള്‍ തികഞ്ഞ നിശ്ശബ്ദതയോടെ തിരിച്ചൊന്നും ചോദിക്കാതെ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് പുറത്തേക്കുപോകും.

കാലനുപോലും കടന്നുവരാന്‍ കഴിയാത്തവിധം ഭദ്രമാക്കിയ ഈ മുറിയില്‍ വന്നതുമുതല്‍ മനസ്സ് അസ്വസ്ഥമാണ്. സമയാസമയം ടൂബിലൂടെ അകത്തെത്തിക്കുന്ന ഭക്ഷണം. നേരെ ശ്വസിപ്പിക്കാതെ നേരിട്ട് ശ്വാസകോശത്തിലേക്ക് പൈപ്പിലൂടെ ഒഴുക്കി വിടുന്ന തണുത്ത വായു. കാലനെ പേടിക്കുന്നതിനേക്കാള്‍ ഭയം ഇപ്പോഴാണ്. ഇവിടത്തെ സൗകര്യങ്ങള്‍ എല്ലാ സമാധാനങ്ങളേയും എടുത്തുകളഞ്ഞിരിക്കുന്നു. എല്ലാ സന്തോഷങ്ങളേയും മരവിപ്പിച്ചിരിക്കുന്നു. ഇനി എന്നെങ്കിലും അതെല്ലാം തിരിച്ചു കിട്ടുമോ... മനസ്സ് വെറുതെ വെറുതേ പിറുപിറുത്തുകൊണ്ടിരുന്നു.  

അവസാനനിമിഷങ്ങളില്‍ വേണ്ടപ്പെട്ടവരെയെല്ലാം അടുത്തുകണ്ട് സ്വസ്ഥമായി മരിക്കാനും വേണം ഭാഗ്യം. ഏതു പുണ്യം ചെയ്തവര്‍ക്കാവോ ഇന്നതിന് സാധ്യമാവുക? അതിനുള്ള ഭാഗ്യം ലഭിക്കുന്ന ആളുകള്‍ ഇക്കാലത്ത് ഉണ്ടാവുമോ? എങ്ങനെ ലഭിക്കാനാണ്. കാര്യങ്ങളറിയാന്‍ മനസ്സുള്ളവര്‍ ഇന്ന് എത്രപേരുണ്ട്? അറിഞ്ഞാലും ആവശ്യമായ സേവനം ചെയ്യാന്‍ മനസ്സുവേണ്ടേ? എല്ലാം പണം നല്‍കി വാങ്ങുകയല്ലേ? എന്തിനുമേതിനും പണം ചിലവാക്കാന്‍ മക്കള്‍ ഇല്ലാത്തവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്കിത്തരം പീഢനങ്ങള്‍ സഹിക്കേണ്ടതില്ലല്ലോ... വൃദ്ധസദനങ്ങളില്‍ തള്ളപ്പെടുന്നവര്‍ അതിലേറെ ഭാഗ്യവാന്മാര്‍. അവസാനനിമിഷങ്ങളില്‍ ഹൈടെക് മെഡിക്കല്‍ സൗകര്യങ്ങളില്‍ കിടന്നു പിടയാതെ സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതസൗകര്യങ്ങളില്‍ മാത്രം പ്രയാസപ്പെട്ട് മരണത്തെ പുല്‍കാലോ... അവര്‍ക്ക് മക്കളെ കണ്ടു മരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൂടുതല്‍ കഷ്ടപ്പെടാതെ കടന്നു പോവാലോ? 

കുട്ടിക്കാലത്ത് ആദ്യമായി മരണം കാണുന്നത് അടുത്ത വീട്ടിലെ കറപ്പക്കുട്ടി അച്ഛാച്ഛന്റേതാണ്. വാര്‍ദ്ധക്യത്തിന്റെ അസ്‌കിതകളുമായി വീട്ടില്‍ത്തന്നെ വൈദ്യര്‍ നല്‍കിയ മരുന്നുകൂട്ടുകള്‍ കഴിച്ച് കിടക്കുകയായിരുന്നു. അവസാനം മരുന്നൊന്നും ഫലിക്കാതായി എന്നറിഞ്ഞപ്പോള്‍ വൈദ്യന് പ്രതീക്ഷയറ്റു. ഇനിയൊരിക്കലും എണീറ്റു നടക്കാന്‍  ആവില്ലെന്നു മനസ്സിലാക്കിയ വൈദ്യന്‍ പറഞ്ഞു.

''ഇനി ഒന്നും ചെയ്യാനില്ല. അതുകൊണ്ടുത്തന്നെ പഥ്യമൊന്നും നോക്കേണ്ടതില്ല. ആവശ്യമുള്ളതെല്ലാം കഴിക്കാന്‍ കൊടുത്തോളൂ. അയാള് കുറേ അനുഭവിച്ചതല്ലേ... ഇഷ്ടംപോലെ എന്താ വേണ്ടതെന്ന് വെച്ചാല്‍ കഴിച്ച് ജീവിതം ആസ്വദിക്കട്ടെ... ബാക്കിയെല്ലാം ഈശ്വരന്‍ നോക്കിക്കോളൂം.''

വൈദ്യന്‍ കയ്യൊഴിഞ്ഞെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും ബന്ധുക്കളും കറപ്പക്കുട്ടി അച്ഛാച്ഛനെ കാണാനായി ഒഴുകിയെത്താന്‍ തുടങ്ങി. എപ്പോഴും വീട്ടില്‍ നിറയെ ആളുകള്‍. തുറന്നിട്ട ജനലിനരികില്‍ ശുദ്ധവായു കിട്ടുന്നിടത്ത് കട്ടിലിട്ട് അതില്‍ പായയും വിരിയും വിരിച്ച്  ആകാശവും നോക്കിയുള്ള കിടപ്പ്. അടുത്ത് മക്കളും മരുമക്കളും മുതിര്‍ന്നവരും മാത്രം. ചെറിയ കുട്ടികളെല്ലാം  പുറത്ത് ഓടിത്തിമിര്‍ത്ത് കളിക്കുന്നതിന്റെ ആരവം വീടിനെ ഉത്സവപ്രതീതിയുള്ളതാക്കി. ആ ശബ്ദപ്രപഞ്ചത്തിലേക്ക് അടുത്തുള്ള കുട്ടികളും കൂടിച്ചേര്‍ന്ന് ബഹളമയമായിരുന്നു പകലുകള്‍. അതെല്ലാം കേട്ട് സഹിക്കെട്ട് അവിടെ കൂടിയിരുന്ന പ്രയമായ ആരൊക്കയോ വിളിച്ചു പറഞ്ഞു. 

''ഇതും ഒരു ഉത്സവം തന്നെ... കാറ്റുപോയി കിട്ട്യാന്നൊള്ളത് അത്ര നിസ്സാരകാര്യാണോ?'' 

അയല്‍ക്കാരും ബന്ധുക്കളും വീട്ടാവശ്യത്തിനുള്ള അരിയും പറമ്പുകളില്‍ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും ആവശ്യാനുസരണം കൊണ്ടുവന്നുകൊണ്ടിരുന്നു. അതുകണ്ട് മക്കള്‍ അവരോട് പറയും.

''ഇതെല്ലാം എന്തിനാണ്. ഇവിടെ എല്ലാം ഉണ്ടല്ലോ?''

അവരതിന് മറുപടി പറയും.

''സാരല്ല്യ. ഇപ്പോള്‍ ആരും പണിക്കൊന്നും പോകുന്നില്ലല്ലോ? അതുകൊണ്ട് ഇതെല്ലാം ഉപകാരപ്പെടും.''

ഇടക്കിടെ നായ്ക്കളുടെ നീട്ടിയുള്ള ഓരിയിടല്‍ കേള്‍ക്കുമ്പോഴെല്ലാം അവിടെ തടിച്ചുകൂടിയിരിക്കുന്ന കാരണവന്മാര്‍ പറയും.  

''കാലന്‍ ഇവിടെയെവിടെയോ ചുറ്റിക്കളിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വരാം.''

''തൊണ്ണൂറു കഴിഞ്ഞില്ലേ... പണിയെടുത്തു നടക്കാനുള്ള ആരോഗ്യവും ക്ഷയിച്ചു. ഇനിയെല്ലാം വരുന്നതുപോലെ വരട്ടെ...''

''എത്ര നാളായി ഇങ്ങനെ കിടന്നു വലിക്കുന്നേ... ഇനിയും അങ്ങോട്ടേക്കെടുത്തൂടായിരുന്നോ? കര്‍മ്മദോഷം തന്നെ... അതെല്ലാം തീരാതെ എങ്ങനെ കടന്നുപോകാനാണ്. സമയമെത്താറായിട്ടില്ല... അല്ലാതെന്തു പറയാനാ...''  

കുട്ടികള്‍ ഇതെല്ലാം കേട്ട് ശൂന്യമായ ആകാശത്തിലേക്ക് നോക്കും. പോത്തിന്‍പുറത്ത് കയറുമായി കൊമ്പന്‍ മീശ വെച്ച കാലന്‍ താഴോട്ട് ഇറങ്ങി വരുന്നത് കാണാനായാലോ... ഒപ്പം ഭയവും കടന്നു വരും. 'ദാ, കാലന്‍ വരുന്നേ എന്നുറക്കെ വിളിച്ചു പറഞ്ഞ് വികൃതികള്‍ മറ്റു കൂട്ടുകാരെ പേടിപ്പിക്കും.' അത്തരം കോലാഹലങ്ങളെല്ലാം കേട്ട് കറപ്പക്കുട്ടി അച്ഛാച്ഛന്‍ മക്കളുടെ നേരെ നോക്കും. എല്ലവരും അവിടെയുണ്ടോയെന്ന് കണ്ണുകൊണ്ട് ചുറ്റിലും പരതും. മരണസമയത്ത് എല്ലാ മക്കളും അടുത്തുണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുപോലെ... ആരെങ്കിലും അവിടെ ഇല്ലാത്തതായി കണ്ടാല്‍ അവനെക്കുറിച്ചാരായും. അതുകേള്‍ക്കേ മറ്റു മക്കള്‍ പറയും. 

''കാലിക്ക് തീറ്റ കൊടുക്കാന്‍ പോയതാ... ഇപ്പോ വരും. മനുഷ്യരുടെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ... മിണ്ടാപ്രാണികളല്ലേ. ഇതിനിടെ അവരുടെ കര്യോം നടക്കണ്ടേ...''

മക്കള്‍ ഓരോരുത്തരായി മാറിമാറി ചെറിയ സ്പൂണ്‍കൊണ്ട് തുളസിതീര്‍ത്ഥമെടുത്ത് ചുണ്ടില്‍ നനക്കും. അത് നുണഞ്ഞിറക്കി തൊണ്ട നനച്ചുകൊണ്ട് നിശ്ശബ്ദനായി അച്ഛാച്ഛന്‍ കിടക്കും. 

അകത്ത് സ്ത്രീകള്‍ക്ക് തിരക്കോട് തിരക്കാണ്. വീട്ടില്‍ വന്നിട്ടുള്ള ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും നേരാനേരം ചായയും പലഹാരങ്ങളും ഭക്ഷണവും നല്‍കണം. പുറത്തു കളിച്ചുകൊണ്ടു നടക്കുന്ന കുട്ടികളെ നോക്കണം. കാര്യങ്ങളില്‍ എന്തെങ്കിലും കുറവുവന്നാല്‍ അതുമതി പിന്നീടവര്‍ക്ക് പറഞ്ഞു നടക്കാന്‍. 

പത്തു മക്കളായിരുന്നു കറപ്പക്കുട്ടി അച്ഛാച്ഛന്. അവരെല്ലാം തറവാട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. പത്താമത്തെ മകന്‍ കുഞ്ഞിറ്റിക്കാണ് ഭാഗം വെച്ചപ്പോള്‍ തറവാട് കിട്ടിയത്. ഏറ്റവും താഴെയുള്ളവനാണല്ലോ തറവാടിന് അര്‍ഹന്‍. മറ്റുള്ളവരെല്ലാം അടുത്തടുത്തായി പണി കഴിപ്പിച്ച വീടുകളിലായിരുന്നു. ഒരു അത്യാവശ്യം വന്നാല്‍ ഓടിക്കൂടാന്‍ നിറയെ ആള്‍ക്കാര്‍. എന്തത്യാപത്തുകള്‍ക്കും ഓടിയെത്തി സഹായിക്കാന്‍ വൈദ്യന്മാര്‍. സമയദോഷത്തെ നീക്കി നല്ലതുവരുത്താന്‍ ആവശ്യമനുസരിച്ച് കവടി നിരത്താനും ഗ്രഹനില പറഞ്ഞ് ദോഷങ്ങള്‍ അകറ്റാനും സഹായികളായി പണിക്കന്മാര്‍. അത്യാവശ്യപൂജകള്‍ക്കും വിളക്കു വെയ്ക്കാനും കലശങ്ങളും തോറ്റങ്ങളും നടത്തുന്നതിനും കുടുംബക്ഷേത്രങ്ങള്‍. തറവാട്ടിലെ മുത്തപ്പന്റെ വെളിച്ചപ്പാട് ഇടക്കിടെ വരും. ഒരു തുള്ളി തീര്‍ത്ഥജലം നല്‍കും. എന്നീട്ട് സൂക്ഷിച്ചു നോക്കും. അതിനുശേഷം  ധൈര്യപ്പെടുത്തി സംസാരിക്കും. 

''പേടിക്കാനൊന്നൂല്യാ... മുത്തപ്പന്‍ കൂടെത്തന്നെയുണ്ട്. ഒരു ബുദ്ധിമുട്ടും വരുത്തില്ല്യാ... സമയമാകുമ്പോള്‍ ആയിക്കോളും. പേടിക്കാനൊന്നൂല്യാ...'' ഇതുകേള്‍ക്കുമ്പോള്‍ കറപ്പക്കുട്ടി അച്ഛാച്ഛാന്റെ മിഴികളില്‍ മിന്നാമിനുങ്ങിന്റെ തിളക്കം കിടന്നു പിടയും. എല്ലാവരും ആ കണ്ണുകളില്‍ നോക്കി കാത്തിരിക്കും. ധൈര്യപ്പെടുത്തുന്ന ചിന്തകളും അഭിപ്രായങ്ങളുമായി ചുറ്റിലും എല്ലാവരും ചേര്‍ന്നിരിക്കും. രാമായണം പകുത്തുവാങ്ങി അതില്‍ നിന്ന് ഏഴു വരിയും ഏഴക്ഷരവും വിട്ട് വായന തുടങ്ങും. അതുകേള്‍ക്കാന്‍ മുത്തശ്ശിമാരും കുട്ടികളും കൂടിയിരിക്കും. വായിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങളെ മനസ്സിലോര്‍മ്മിച്ചെടുത്ത് അവര്‍ പറയും. 

''ഇനിയും നാളുകള്‍ കുറച്ച് പിടിക്കും. കര്‍മ്മദോഷംണ്ടാവ്യേ.''

എന്തിനും ഓരോരോ കാരണങ്ങളുണ്ട്. പ്രതിവിധികളുണ്ട്. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും ആത്മവിശ്വാസവുമുണ്ട്.

''ആ സ്‌ക്കൂളുകുട്ടികള്‍ക്ക് ഒരു കഞ്ഞിവീത്ത് നടത്തിക്കൂടേ എന്റെ അയ്യപ്പാ...'' ഒരിക്കല്‍ മൂത്ത മകനോടായി വെളിച്ചപ്പാട് ചോദിച്ചു. ''അതിനെന്താ, നടത്താലോ...''

''ചിലപ്പോള്‍ ഏതെങ്കിലും കര്‍മ്മദോഷം കൊണ്ടാണെങ്കിലോ ഇങ്ങനെ കിടന്നു വലിക്കുന്നത്.''നാട്ടിലെ പ്രൈമറിസ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു ദിവസത്തെ ഉച്ചഭക്ഷണം നല്‍കിയിന്റെ അന്ന് രാത്രി കാത്തുകാത്തിരിക്കേ മിഴികള്‍ തളര്‍ന്ന് മയക്കത്തിലേക്ക് എല്ലാവരും വീണുപോയ നിമിഷങ്ങളിലെപ്പോഴോ ആണ് കറപ്പക്കുട്ടി അച്ഛാച്ഛന്‍ എല്ലാവരേയും വിട്ടു പിരിഞ്ഞത്. അന്നേരം ആരെയൊക്കെ നോക്കി യാത്ര പറയാനായി എന്നത് ആരുടേയും വിഷയമേയല്ലായിരുന്നു. എങ്കിലും ചില മക്കള്‍ക്ക് പരിഭവമുണ്ടായി. അവരത് ഉറക്കെ പറയുകയും ചെയ്തു. 

''ഇത്രനാളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ആരോടും ഒന്നും പറയാതെ, കാണാതെ അച്ഛന്‍ പോയല്ലോ...'' എന്നവര്‍ കരഞ്ഞുകൊണ്ട് പരിഭവപ്പെട്ടു. അതുകേട്ട് മറ്റുള്ളവര്‍ പറഞ്ഞു. 

''പോയവര്‍ പോയി. ഇനി ആ ആത്മാവിന് സദ്ഗതി ലഭിക്കാനായി പ്രാര്‍ത്ഥിക്ക്.'' 

വല്ല്യേടത്തിയുടെ സാരിത്തലപ്പും പിടിച്ച് ഒരു മൂന്നര വയസ്സുകാരന്‍ മരണം കാത്തിരിക്കുന്ന ആ വീട്ടിലേക്ക് പോയതിന്റെ  ശൈശവസ്മരണകള്‍ എന്തിനാണ് ഇപ്പോള്‍ ഓര്‍മ്മയിലെത്തിയത്? ഓര്‍മ്മകള്‍ക്ക് കാലവും ദേശവും സ്ഥാനവും ക്രമവും ഒന്നും നോക്കേണ്ടതില്ലല്ലോ... അല്ലേ? എങ്കിലും അത്തരത്തിലുള്ള ഓര്‍മ്മകളിലൂടെ ആശുപത്രിയുടെ ഇരുണ്ട മുറിയെ പലപ്പോഴും മറക്കാനാകാറുണ്ട്. അതിനാല്‍ ഓര്‍മ്മകള്‍ ഒരനുഗ്രഹമായി തോന്നി.   

അടുത്ത ദിവസം മകന്‍ അകത്തു കടന്ന് തന്റെ അരികില്‍ വന്നിരുന്നപ്പോള്‍ നേഴ്‌സ് കേള്‍ക്കാതെ വളരെ രഹസ്യമായി അവനോട് മന്ത്രിച്ചു.

''എനിക്ക് വീട്ടില് പോകണം. അവിടെ കിടന്ന് മരിച്ചാല്‍ മതി.''

''അച്ഛനെന്താ പറയ്‌ണേ... വീട്ടില്‍ ചെന്നാല്‍ ഈ കെയര്‍ എവിടെ നിന്നാ കിട്ട്യാ... ഞങ്ങള്‍ക്കിതിനെല്ലാം എവിട്യാ നേരം. ഇപ്പോള്‍ തന്നെ എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരുന്നതെന്ന് അച്ഛനറിയോ...''

നാരായണന്റെ മിഴികള്‍ കനത്തു. പ്രകാശം കെട്ട് ഇരുട്ടു കയറി. വികാരങ്ങളൊന്നുമില്ലാതെ മകനെ നോക്കികിടന്നു. അവന് അകത്തുനില്‍ക്കാനുള്ള സമയം അധികരിച്ചപ്പോള്‍ അവന്‍ പോയി. പിന്നെ വീണ്ടും പഴയ ചുമരുകളും മങ്ങിയ വെളിച്ചങ്ങളും ശ്വാസം കിട്ടാത്ത അന്തരീക്ഷവുമായി അയാളെ മിഴിച്ചുനോക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തന്റെ എന്‍ഡോട്രാക്കിയല്‍ ട്യൂബ് വലിച്ചൂരി. കയ്യിലും നെഞ്ചിലും ഒട്ടിച്ചുവെച്ചിരുന്ന വയറുകളെല്ലാം പറിച്ചു കളഞ്ഞു. മോണിറ്റര്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ സീറ്റില്‍ അടങ്ങിയൊതുങ്ങിയിരുന്നിരുന്ന നേഴ്‌സ് ഓടിയെത്തി. അവര്‍ കുറേ ചീത്ത പറഞ്ഞുകൊണ്ട് എല്ലാം നേരെയാക്കാന്‍ തുടങ്ങി. ശേഷം കയ്യും കാലുമെല്ലാം ബെഡ്ഡില്‍ത്തന്നെയുണ്ടായിരുന്ന ബെല്‍റ്റുപയോഗിച്ച് ബന്ധിച്ച് കിടത്തി. എന്നിട്ട് ഈര്‍ഷ്യയോടെ പറഞ്ഞു. ''ചാവാന്‍ നേരത്തും മനുഷ്യന്മാരെ ശല്യം ചെയ്തുകൊണ്ടിരിക്കണംന്ന് വെച്ചാ എന്താ ചെയ്യാ... കഷ്ടംണ്ട് കാര്‍ന്നോരെ...'' 

അതും പറഞ്ഞ് അവര്‍ വീണ്ടും പഴയ സ്ഥാനത്ത് ചെന്നിരുന്നു. പുറത്ത് പട്ടിയുടെ നീണ്ട ഓരി അയാള്‍ കേട്ടു. ആ ശബ്ദം അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. ഭീതി പടര്‍ത്തികൊണ്ട് ചെവി പൊട്ടുമാറുച്ചത്തില്‍ അതുയര്‍ന്നു. നേഴ്‌സ് അതൊന്നുമറിയാത്തവളെപ്പോലെ ശാന്തമായി തന്റെ സീറ്റില്‍ത്തന്നെ ഇരുന്നു. ഭദ്രമാക്കി വെച്ചിരിക്കുന്ന ഈ ഇടത്തിലേക്കും തുളഞ്ഞുകയറികൊണ്ട് കാലന്‍ തന്നെ തേടി വന്നുകൊണ്ടിരിക്കുകയാണെന്ന് അയാള്‍ മനസ്സിലാക്കി.  അതോടെ എല്ലാം നിശ്ചലമായി. ശാന്തമായി. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ