mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

എന്നും അയാളുടെ നോട്ടം എൻ്റെ ഭക്ഷണപ്പൊതിയിലേക്കായിരുന്നു. കാലങ്ങളോളമായി തേക്കാത്തതു കൊണ്ടായിരിക്കാം കടും മഞ്ഞ നിറത്തിലുള്ള പല്ലും കാട്ടിച്ചിരിച്ചു അലക്ഷ്യമായി നീണ്ടുവളർന്ന താടിയും, മുടിയും കൈകൊണ്ടു ചുരുട്ടി വലിക്കുന്ന പ്രകൃതമായിരുന്നു എപ്പോഴും അയാൾക്ക്.

പൊട്ടിപ്പൊളിഞ്ഞ ആൾതാമസമില്ലാത്ത ആ പഴയ കെട്ടിടത്തിന്റെ തിണ്ണയിലായിരുന്നു ലിംഗമെല്ലാം വെളിവാവും വിധം കീറി പറിഞ്ഞതും വളരെ മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചു ചുരുണ്ടു കൂടി കിടക്കുന്ന അയാളെ കാണുമ്പോൾ വർഷങ്ങൾക്കു മുമ്പു ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു ഭ്രാന്തനായി അഭിനയിച്ച ഒരു ഹൃസ്വ ചിത്രത്തിലെ എന്നെ തന്നെയാണു എനിക്കു ഓർമ്മ വന്നത്.

പന്ത്രണ്ടു മണിക്കു ജോലിയുടെ ആദ്യ പകുതി കഴിഞ്ഞു ഏറെക്കുറെ അടുത്തുള്ള എൻ്റെ റൂമിലേക്കു നടക്കുമ്പോൾ സൂര്യൻ രൗദ്രഭാവമണിഞ്ഞു ഉച്ചിയിൽ താണ്ഡവമാടുന്നുണ്ടാവും. അസഹ്യമായ ഉഷ്ണം കാരണം ചുട്ടുപൊള്ളുന്ന റോഡിൽ നിന്നും ഉയരുന്ന ചൂടും കൂടെ ആവുമ്പോൾ നന്നെ ക്ഷീണിച്ചു പോകും. ഒരു പത്തുമിനിട്ടു നടക്കുമ്പോൾ ഞാൻ ഇത്രയും തളർന്നു പോകുന്നുണ്ടെങ്കിൽ സ്ഥിരമായി പുറത്തു നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും!! വളരെ കഷ്ടം തന്നെ.

റൂമിനുടുത്തുള്ള സൂപ്പർമാർക്കറ്റിൽ കയറി പതിവുപോലെ ഷുഗറുള്ളതു കൊണ്ടു തന്നെ ഗോതമ്പിന്റെ ഒരു പാക്കറ്റ് കുബ്ബൂസും വാങ്ങി റൂമിലേക്കു നടന്നു. കൂട്ടുകാരിൽ ചിലർ ലീവിനും, മറ്റുളളവർ സൗദിയിൽ സ്വദേശി വൽക്കരണത്തിൻ്റെ ബലിയാടുകളായി ഉള്ള ജോലിയും നഷ്ടപെട്ടു നാട്ടിൽ ചെന്നപ്പോൾ എല്ലായിടത്തും ബംഗാളികളും, ആസ്സാമികളും സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ തേരാപാരാ നടക്കുന്നു എന്നും പറഞ്ഞു കേൾക്കുന്നു. റൂമിൽ തനിച്ചായതു കൊണ്ടുതന്നെ ചെന്നയുടനെ എപ്പോഴും വാതിൽ നന്നായി കുറ്റിയിടും. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഡ്രൈവറുടെ റൂമിൽ അർദ്ധരാത്രി കള്ളൻ കയറിയത്രെ അവൻറെ മൊബൈൽ ഫോൺ തലയിണക്കടിയിൽ ആയതിനാൽ അതൊഴിച്ചു കൂടെയുള്ളവരുടെ ഫോണും, പേഴ്സും എന്തിനധികം പോക്കറ്റിൽ കിടന്നിരുന്ന ചില്ലറ റിയാലും, ചാവിയും, പേഴ്സിലായിരുന്ന ഇക്കാമയും(ഐഡി കാർഡ്) ലൈസൻസും, എടിഎം കാർഡുമെല്ലാം മോഷ്ടിക്കപെട്ടുവത്രെ...!! ഇപ്പോൾ അതെല്ലാം ശരിയാക്കാൻ ഓടി നടക്കുകയാണു ആ പാവം. ഒരു കാര്യവും ഇല്ല എന്നാലും പോലീസിൽ പരാതി പെട്ടിട്ടുണ്ടു. കാരണം രണ്ടു വർഷങ്ങൾക്കു മുമ്പു ഞങ്ങളുടെ ഹോസ്പിറ്റലിൽ പുറത്തെ എ.സിയുടെ മുകളിൽ അള്ളിപ്പിടിച്ചു രണ്ടാം നിലയിലെ കോണിയുടെ ജനൽ ചില്ലു തകർത്തു അകത്തു കയറി മോഷണം നടത്തിയതു സി.സി.ടിവിയിൽ ആളെ വ്യക്തമായിട്ടും പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. അന്നും ഞാൻ ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ റൂമിൽ തനിച്ചായിരുന്നു താമസം; പുതിയ നിയമ ഭേദഗതി കാരണം എല്ലാവരെയും മറ്റു ഫ്ലാറ്റിലേക്കു മാറ്റി പാർപ്പിച്ചിരുന്നു.

പിന്നീടു ഡ്രസ്സല്ലാം അഴിച്ചെറിഞ്ഞു എ.സിയും ഓൺ ചെയ്തു അടുക്കളയിൽ കയറി ഉള്ളിയും തക്കാളിയും ഒരു കോഴിമുട്ടയും ചേർത്തൊരു കറിയുണ്ടാക്കി കുബ്ബൂസു കൂട്ടി കഴിക്കും. രാത്രിയിൽ അധിക ദിവസങ്ങളിലും സലാഡാണു പതിവ്. ഇടക്കു ബ്രോസ്റ്റും,അൽഫാമും, മന്തിയും,ബിരിയാണിയും,നല്ല ചൂടു പൊറോട്ടയും ബീഫും കഴിക്കണമെന്നുണ്ട് എന്തു ചെയ്യാനാ..!!! കഴിഞ്ഞതവണ ലീവിനു നാട്ടിൽ പോയപ്പോൾ കുറച്ചധികം റിയാൽ ഹോസ്പിറ്റലിൽ നിന്നും ലോണെടുത്തിരുന്നതു കൊണ്ടു തന്നെ അതിലേക്കുള്ള തിരിച്ചടവും കഴിഞ്ഞു സൂപ്പർമാർക്കറ്റിലെ പറ്റും തീർത്തു ബാക്കിവരുന്നതു വീട്ടിലേക്കു അയച്ചാൽ പിന്നെ മിച്ചം വരുന്നതു 50 റിയാലാണ്. ശമ്പള ദിവസം യാൻബു പട്ടണത്തിലെ ഏതങ്കിലും മലയാളി ഹോട്ടലിൽ പോയി ബിരിയാണിയൊ, പൊറോട്ടയും ബീഫോ കഴിക്കും. വെള്ളിയാഴ്ച ദിവങ്ങളിൽ നല്ല ബിരിയാണി കഴിക്കണമെങ്കിൽ അലിക്കാൻ്റെ അമാന ഹോട്ടലിൽ പോവണം, ഉച്ചയൂണിനും മറ്റു ചിക്കൻ വിഭവങ്ങൾക്കും നാസർ ഭായിയുടെ റിലാക്സ് ഹോട്ടലിലാണു ഒന്നു കൂടെ നല്ലത്. അടച്ചു പൂട്ടിയ മലബാർ ഹോട്ടലിലെ പൊറോട്ട പണിക്കാരൻ ഇപ്പൊ യാമ്പു ഹോട്ടലിലെ തൊഴിലാളിയായതു കൊണ്ടു തന്നെ നല്ലപോലെ കുഴഞ്ഞ രുചിയുള്ള പൊറോട്ട കഴിക്കണമെങ്കിൽ റോയൽ പ്ലാസയുടെ പിറകിലുള്ള യാമ്പു ഹോട്ടലിൽ തന്നെ പോവണം. താജ്, ലക്കി എന്നീ ഹോട്ടലുകളിലെ ഭക്ഷണവും കൊള്ളാം എന്നല്ലാതെ നാക്കിനു രുചിയുള്ള ഏല്ലാ ഭക്ഷണവും പാകം ചെയ്യുന്ന ഒരു കുഷ്ണിക്കാരനു വേണ്ടി ഇന്നും യാമ്പു നകരം കാത്തിരിക്കുന്നു എന്നു വേണം പറയാൻ. 

ഭക്ഷണവും കഴിച്ചു മുടിയും വെട്ടിയാൽ ഒരു 20 റിയാൽ ബാക്കി കാണും, നിരന്തരമായുള്ള മാനസിക പിരിമുറുക്കത്തിൽ നിന്നും ഒരു ശമനം നേടാൻ ആത്മാവിനെ പുകക്കാൻ വേണ്ടി ദിവസവും ഒരു സിഗരറ്റ് വലി പതിവായതു കൊണ്ടു തന്നെ 16 റിയാലും കൊടുത്തു ഒരു പാക്കറ്റ് സിഗരറ്റും വാങ്ങും. പിന്നെ അടുത്തമാസം ശമ്പളം വരണം ഒന്നു മനസ്സറിഞ്ഞു കഴിക്കാൻ. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി ഉണ്ടാക്കി കഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല "രണ്ടുവർഷം മുമ്പുവരെ 300 റിയാൽ മതിയായിരുന്നു ഒരു മാസം കഴിഞ്ഞുകൂടാൻ ഇന്നാസ്ഥാനത്തു 700 റിയാൽ വേണം". പുതിയ സാമ്പത്തിക പരിഷ്കരണവും, സ്വദേശി വൽക്കരണവും, അമിതമായ നികുതിയും കാരണം ജീവിതച്ചിലവു ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്.

ഞാൻ കഴിച്ചു ബാക്കി വന്ന രണ്ടു കുബ്ബൂസും, ഒരു പഴവും കവറിലാക്കി ഞാൻ അയാൾക്കു കൊടുത്തു. റൂമിൽ വന്നു ജനൽ പഴുതിലൂടെ അയാൾ കഴിക്കുന്നുണ്ടോ എന്നറിയാൻ നോക്കി ഇരുന്നപ്പോൾ ലുലു മാളിൽ നിന്നും ഷോപ്പിംഗും കഴിഞ്ഞു വരുന്നതു പോലെ ഇരു കൈകളിലും കവറുകളിൽ നിറയെ സാധനങ്ങളുമായി വരുന്നതാണു കണ്ടത്. വൃത്തിഹീനമായ ആ തറയിൽ പടിഞ്ഞിരുന്നു ഓരോ കവറുകളും അഴിച്ചു ആരെല്ലാമോ കഴിച്ചു ബാക്കി വെച്ചതും അഴുകിയതും പഴകിയതുമായ ഭക്ഷണ അവിഷ്ടങ്ങളും മാറ്റിവെച്ചു. എന്തിനായിരുന്നു ഇത്രമാത്രം ചപ്പുചവറുകൾ ഇവിടെ ദിനേനെ കൂട്ടിയിട്ടിരുന്നതു എന്നുള്ള എന്റെ ഏറെ നാളത്തെ സംശയത്തിനുള്ള ഉത്തരമായിരുന്നു ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയുള്ള അയാളുടെ ഈ പരിശ്രമം. പകുതി കഴിച്ച വെള്ളത്തിൽ കുതിർന്ന ഒരു പാക്കറ്റ് ബ്രൊസ്റ്റും, കോഴി എല്ലുകളും, കുറച്ചു ഉരുളക്കിഴങ്ങു പൊരിച്ചതും, രണ്ടു പാക്കറ്റ് തക്കാളി സോസും, പിന്നെ പകുതി തിന്ന അഴകിയ തണ്ണിമത്തൻ്റെ കഷണവും, പൊരിച്ച ഒരു വലിയ മീനിന്റെ തലയോടു കൂടിയ എല്ലും മുള്ളും, ഒരു പൈന്റ് ഡബ്ബയും, അടപ്പില്ലാത്ത ഒരു പേന, ഒരു ചെറിയ ചിത്രം വരയ്ക്കുന്ന ബുക്ക് ഇതായിരുന്നു അന്നത്തെ ശേകരണം. ബാക്കിയെല്ലാം പച്ചക്കറി അവശിഷ്ടങ്ങളും പാക്കറ്റ് ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ചു വലിച്ചെറിഞ്ഞ സ്ത്രീകൾ ആർത്തവ സമയത്തു ഉപയോഗിക്കുന്ന കുറെ പേഡുകളുമായിരുന്നു.

ഒരിക്കൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി ഉള്ളതിൽ വെച്ചു ഏറ്റവും നല്ല വൃത്തിയുള്ള ശുചിമുറി ഹോസ്പിറ്റലിൽ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ശുചിമുറിയായിരുന്നു അതുകൊണ്ടു തന്നെ ചില നഴ്സുമാരും,ഡോക്ടർമാരും സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഒരു ദിവസം കൈ തുടച്ച ടിഷ്യൂ പേപ്പർ ശുചിമുറിയിലെ വേസ്റ്റ് ബോക്സിലിടാൻ തുറന്നപ്പോഴാണു ഉപയോഗിച്ചു അലക്ഷ്യമായി ഉപേക്ഷിച്ച പേടുകൾ കാണാനിടയായത് പിന്നീടതു സ്ഥിര സംഭവമായതോടെ ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളികൾ ഞങ്ങളോടു പരാതിപ്പെട്ടതിനെ തുടർന്നു പേഡുകൾ ഇതുപോലെ അലക്ഷ്യമായി വേസ്റ്റ് ബോക്സിൽ ഇടരുതെന്നും താഴത്തെ നിലയിൽ അതിനായി മാത്രം സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേഭിക്കുകയോ അതുമല്ലെങ്കിൽ ചുരുങ്ങിയതു ടിഷ്യൂ പേപ്പറിലോ മറ്റോ പൊതിഞ്ഞെങ്കിലും ഇടണമെന്നും എഴുതിയ ഒട്ടിച്ചിട്ടും ഒരു മാറ്റവും ഇല്ലാത്തതിനെ തുടർന്നു ഞങ്ങൾ ശുചിമുറി ലോക്കു ചെയ്തു ഞങ്ങൾക്കു മാത്രമായി ഉപയോഗിക്കാൻ തുടങ്ങി.

അയാൾ തക്കാളി സോസ് പാക്കറ്റെടുത്തു വൃത്തിഹീനമായതും, മലമൂത്ര വിസർജനം വരണ്ടുണങ്ങി കട്ട പിടിച്ചു കിടക്കുന്നതുമായ ആ പൊട്ടിപ്പൊളിഞ്ഞ തറയിലേക്കു ഒഴിച്ചു. തന്റെ കാലങ്ങളോളമായി നീക്കം ചെയ്യാത്തതു കൊണ്ടുതന്നെ ഉള്ളിൽ കറുത്തിരുണ്ട ചെളികൾ നിറഞ്ഞ നീണ്ടുവളർന്ന നഖങ്ങളുള്ള കൈവിരലുകൾ കൊണ്ടു വട്ടത്തിൽ ചുറ്റി പൊതികളിൽ നിന്നും ബ്രോസ്റ്റിന്റെ ഭക്ഷണവശിഷ്ടങ്ങൾ എടുത്തു അതിൽ മുക്കി കഴിക്കാൻ തുടങ്ങി; ഒരേസമയം എനിക്കു അറപ്പും, വെറുപ്പും, കൊതിയും തോന്നിയ നിമിഷം!! ഞാൻ ജാലകത്തിന്റെ വാതിലടച്ചു സോഫയിൽ വന്നിരുന്നു. ഒരുപാടാഗ്രഹം തോന്നി ഒരു ബ്രോസ്റ്റ് കഴിക്കാൻ..!!

പകൽസമയങ്ങളിൽ തിരക്കുകളാൽ സജീവമായ നഗരവീഥികളിലൂടെ രാത്രിയുടെ വിജനതയിൽ കൽ വിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ ഗതകാല സ്മരണകളിൽ മുഴുകി എനിക്കൊറ്റക്കു നടക്കാൻ ഒരുപാടു ഇഷ്ടമായിരുന്നതിനാൽ അന്നുരാത്രി ഏകദേശം ആറുമയിലോളം വഴിദൂരം നടന്നാൽ എത്താവുന്ന ദൂരത്തുള്ള എൻറെ ഒരു അകന്ന സുഹൃത്തിൻറെ ബ്രോസ്റ്റുകടയിൽ പോയി അവനെ സന്ദർശിക്കാൻ തീരുമാനിച്ചു.

ഒത്തിരി നാളായി അവൻ വിളിക്കുന്നു കടയിൽ ഒന്നു വന്നു പോകാൻ..! രാത്രി പത്തുമണിക്കു ജോലി കഴിഞ്ഞു വേഗത്തിൽ കോണിപ്പടികളിറങ്ങി ഹോസ്പിറ്റലിന്റെ പുറകിലെ വെളിച്ചം കുറഞ്ഞ ആളൊഴിഞ്ഞ ഊടുവഴികളിലൂടെ വേഗത്തിൽ നടന്നു പോകവേ ഞാൻ അവനുമായി ഉണ്ടായ സൗഹൃദത്തിൻറെ ഓർമ്മകളിലേക്കു വഴുതിവീണു. 

എൻറെ അനുജത്തി പത്താംക്ലാസിൽ പഠിക്കുന്ന കാലം; അതെ സ്കൂളിൽ ഹയർസെക്കൻഡറിയിൽ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അവൻ. ഞാനന്നു ഉപരിപഠനാർത്ഥം വിദ്യാഭ്യാസ ലോണിന്റെ സഹായത്തോടെ ഈറോഡിലുള്ള കോളേജിൽ രണ്ടാം വർഷം പൂർത്തിയാവാനിരിക്കുന്ന കാലത്താണു അവിചാരിതമായി ഒരു കണ്ടുമുട്ടലിൽ തുടങ്ങിയ അവരുടെ ബന്ധം വളർന്നു വിവാഹാലോചന വരെ എത്തിയത്. ഒരിക്കൽ അവനും അവന്റെ വീട്ടുകാരും വിവാഹാലോചനയുമായി ഞങ്ങളുടെ വീട്ടിൽ വന്നു!!. സാമ്പത്തികമായി വളരെ പരിതാപകരമായിരുന്ന ആ സാഹചര്യത്തിൽ വിവാഹത്തെക്കുറിച്ചു ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ലന്നും പിന്നെ അവൾക്കിപ്പോൾ വിവാഹപ്രായം ആയിട്ടില്ലെന്നും ഞങ്ങളവരെ അറിയിച്ചു. എന്നാലവർ പരസ്പരം തമ്മിൽ ഇഷ്ടപ്പെട്ട സ്ഥിതിക്കു ഭാവിയിൽ അവളുടെ കല്യാണം നോക്കുന്ന സമയത്തു അവരെ അറിയിക്കണമെന്നും അവരാ വിവാഹത്തിനു പൂർണ്ണ സമ്മതമാണെന്നും അറിയിച്ചു മടങ്ങിപ്പോയി. പിന്നീടെപ്പഴോ അവർക്കിടയിൽ മൊബൈൽ ഫോൺ വില്ലനായി വരികയും ഇരുവരും മറ്റു ജീവിത പങ്കാളികളെ സ്വീകരിക്കുകയും ചെയ്തു. അതിൽ പിന്നെ വർഷങ്ങൾക്കിപ്പുറം ഇവിടെ സൗദിയിൽ വെച്ചാണു ഞാനവനെ അവിചാരിതമായി കാണുന്നതും ഇവിടെ ഒരു ബ്രോസ്റ്റ് കട സുഹൃത്ത് പങ്കാളിത്തത്തോടെ നടത്തിവരുന്നതായും അറിഞ്ഞത്. അന്നുമുതൽ വല്ലപ്പോഴും അവൻ എന്നെ ഇങ്ങോട്ടു വിളിച്ചു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും നിരന്തരം കടയിലേക്കു വരാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആറുമാസത്തോളം ആയിക്കാണും അവനുമായി സംസാരിച്ചിട്ട്. ഇടയ്ക്കെപ്പോഴോ അതുവഴി സുഹൃത്തുക്കളുമൊത്ത് വ്യാഴാഴ്ചകളിൽ രാത്രി ചൂണ്ട എറിഞ്ഞു മീൻ പിടിക്കാൻ പോകുന്ന സമയത്തു കടയുടെ പേരും സ്ഥലവും അവൻ ധരിപ്പിച്ചതിനാൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരിക്കൽപോലും ഒന്നു കയറാൻ മുതിർന്നിട്ടില്ല. പിന്നീടു ഇപ്പോഴാണു പോയി കാണാൻ തീരുമാനിച്ചത്. ഒന്നു വിളിച്ചു നോക്കാൻ തൊട്ടടുത്ത എൻ്റെ സുഹൃത്തിൻ്റെ ഫ്ലാറ്റിലും, ഹോസ്പിറ്റലിലും ഫ്രീയായി വൈഫൈ ഉള്ളതിനാൽ ഫോൺ റീചാർജ് ചെയ്യാറില്ല..!! കയ്യിലാണെങ്കിൽ രണ്ടു റിയാലിൽ കൂടുതൽ എടുക്കാനും ഇല്ലായിരുന്നു. ഇനിയവൻ കടയിൽ ഉണ്ടാവുമോ അതോ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലി ഉപേക്ഷിച്ചു പോയോ എന്നറിയില്ല..!!! ബ്രോസ്റ്റ് കഴിക്കാൻ ഉള്ള ആവേശത്താൽ ധൃതിപിടിച്ചു ഇറങ്ങി പുറപ്പെട്ടതാണ്. പകുതിയോളം ദൂരം താണ്ടിയിരിക്കുന്നു ഈ വിജനമായ തരിശുഭൂമിയിൽ നിന്നും നോക്കിയാൽ മഞ്ഞയും ചുകപ്പും നിറത്തിലുള്ള കടയുടെ പ്രകാശിക്കുന്ന ബോർഡ് കാണാൻ സാധിക്കും. ഇനിയും ഒത്തിരി ദൂരം നടക്കാനുണ്ട് ഏകദേശം 11 മണിയോടെ ഞാൻ കടയുടെ മുൻവശത്ത് എത്തി. ഒറ്റനോട്ടത്തിൽ കടയിലേക്കു എത്തി നോക്കിയെങ്കിലും ഞാൻ തേടുന്ന മുഖം മാത്രം കണ്ടില്ല..!! അവരുടേതായ ജോലിയിൽ എല്ലാവരും നല്ല തിരക്കിലാണ്. ബ്രോസ്റ്റ് വാങ്ങിക്കുന്നവരും കഴിക്കുന്നവരുമായി ഉൾഭാഗം വളരെ സജീവമാണ്. ഞാൻ അങ്ങോട്ടുമിങ്ങോട്ടും കടയിലേക്കു എത്തിനോക്കിയും കുറച്ചു മാറി നിന്നു മൊബൈലിൽ വെറുതെ എന്തിനോ വേണ്ടി പരതിയും കടയിലേക്കു ഒളിക്കണ്ണിട്ടു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. പണ്ടാരോ പറഞ്ഞതുപോലെ പണമില്ലാത്തവൻ ഇറച്ചിക്കടയിൽ മുന്നിൽ ഇറച്ചി വാങ്ങിക്കാൻ നിന്നു പരുങ്ങുന്ന അവസ്ഥയായിരുന്നു എൻറെയും. ആരുടെയെങ്കിലും കയ്യിൽ നിന്നും പണം കടം ചോദിക്കാനോ എന്തെങ്കിലും സാധനങ്ങൾ ആദ്യമായി അപരിചിതരുടെയോ മറ്റുള്ളവരുടെയോ കയ്യിൽനിന്നോ കടയിൽ നിന്നോ കടം വാങ്ങിക്കാനോ നിൽക്കുന്ന ഒരു നിൽപ്പുണ്ട്!!! അതൊരു വല്ലാത്തൊരവസ്ഥയാണു അതനുഭവിച്ചവർക്കു നന്നായി അറിയാം. ഒന്നു രണ്ടു തവണ കടയിൽ തിരക്കൊഴിഞ്ഞപ്പോൾ കയറി ചോദിച്ചാലോ എന്നു കരുതിയതാണു പക്ഷേ മനസ്സു വന്നില്ല ഞാൻ ഏതായാലും തിരികെ നടക്കാൻ തീരുമാനിച്ചു. അങ്ങോട്ടു പോയതിനേക്കാൾ തിരികെ വരുമ്പോൾ വഴി ദൂരം ഒത്തിരി കുറഞ്ഞതുപോലെ തോന്നി. നേരിട്ടല്ലങ്കിലും മനസ്സു കൊണ്ടെങ്കിലും ഒരാളുടെ മുന്നിൽ കൈ നീട്ടി കഴിക്കേണ്ടി വന്നില്ലല്ലോ എന്നാശ്വാസത്തോടും തികഞ്ഞ സമാധാനത്തോടും കൂടി ഞാൻ സ്ഥിരമായി സാധനം വാങ്ങിക്കാറുള്ള സൂപ്പർമാർക്കറ്റിൽ നിന്നും ഒരു പാക്കറ്റ് കുബ്ബൂസും വാങ്ങി റൂമിലേക്കു നടന്നു.

സുഹൃത്തുക്കൾ കൂടെയുള്ള കാലത്തു എന്നും രാജകീയ ഭക്ഷണമായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മട്ടൻ ചിക്കൻ ബിരിയാണി പൊറാട്ടയും ബീഫും നല്ല മന്തി ഇടക്കിടക്കു ബ്രോസ്റ്റും കഴിക്കാറുണ്ടായിരുന്നു. എൻ്റെ ആത്മ സുഹൃത്തിൻ്റെ കുടുംബം ഒരു വർഷത്തെ സന്ദർശന വിസയിൽ വരുന്ന കാലയളവിൽ അവരു പോകുന്നതു വരെ അവൻ്റെ ഭാര്യ വീടു തമിഴ്നാടു ആയതു കൊണ്ടും എന്നും മൂന്നു നേരം നല്ല സ്വാദിഷ്ടമായ തമിഴ്-കേരളാ സമ്മിശ്രമായ രുചി ഭേദങ്ങളോടു കൂടിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ടായിരുന്നു. അത്തരത്തിൽ സമൃദ്ധിയായി ഭക്ഷണം കഴിച്ചു ശീലിച്ചതു കൊണ്ടാവാം ഭക്ഷണത്തോടു എനിക്കിത്രമാത്രം ആഗ്രഹം തോന്നുന്നത്. ഒരു സാധാരണ പ്രവാസിയെ പോലെയായിയിരുന്നു എൻ്റെ ഭക്ഷണശീലമെങ്കിൽ ഒരിക്കലും ഇതുപോലെ ഭക്ഷണം കഴിക്കാനുള്ള ഒരാഗ്രഹം ഉണ്ടാകുമായിരുന്നില്ല!!.

റൂം നിലകൊള്ളുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻഭാഗത്തു എത്തിയപ്പോൾ പതിവിലും വിപരീതമായി ഒരു ചെറിയ ആൾക്കൂട്ടത്തെ കാണാനിടയായത്. കുറച്ചു മാറി ഇരുകൈകൾ കൊണ്ടും തലമുടികൾ ശക്തിയായി വലിച്ചു നീട്ടി റോട്ടിൽ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടക്കുന്ന ഭ്രാന്തനെയും കാണാനിടയായി. കാര്യം തിരക്കാൻ വേണ്ടി ആൾക്കൂട്ടത്തിനിടയിലേക്കു ചെന്നപ്പോഴാണു മദീനയിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു കൊണ്ടിരിക്കെ കളക്ഷനു വേണ്ടി വരുമ്പോൾ വല്ലപ്പോഴും എൻ്റെയടുത്തു വന്നു പോവാറുള്ള ഒരു പഴയകാല സുഹൃത്തിനെ കാനാണിടവന്നത്. ഞാൻ സന്തോഷത്തോടെ ഹസ്തദാനം നൽകി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.....

ആഹാ...! നീ എപ്പോ എത്തി..!?

ഇവിടെ എന്താണു സംഭവം...?

ഞാൻ കൊറെ നേരായി അന്നീം കാത്ത് ബണ്ടീ.. ല് ര്ക്കാൻ തൊടങ്ങിട്ട്...! ബുൾച്ചിട്ടാണെങ്കില് കിട്ടുണും..ല്യാ..!!! 

അപ്പളാണ് ഒരു സൗണ്ട് കേട്ടത്..!! നോക്കുമ്പോ..; ഈ ബംഗാളി സൈക്ക്ളും കൊണ്ട് റോട്ട്മ്മല് കെടക്ക്ണ്...!! അതാ ആ കാ..ണ്..ണെ പിരാന്തന്ല്ലേ..!? അയാള്ണ്ട് ഒറക്കനെ സൗണ്ട്ണ്ടാക്കി പോണ്..!!

സംഭവം ന്താ...ച്ചാ..!? മൂപ്പര്ക്ക് പിരാന്ത് കൂടി ബംഗാളിനെ സൈക്കിളീ..ന്നും ചൗട്ടി തള്ളിട്ടു...!!!

എന്നിട്ടു ബംഗാളിക്കു വല്ലതും പറ്റിയോ എന്നു ഞാൻ ഇടയിൽ കയറി ചോദിച്ചപ്പോൾ അവൻ എന്നെ തടഞ്ഞു കൊണ്ടു തുടർന്നു..;

നിക്ക് ഞാൻ മുയുവൻ പറേ..ട്ടെ...!!

ഉം..പറ..!!

ചൗട്ട് കിട്ടി ബീണ ബംഗാളിക്ക് അതിനേക്കാളും ബല്ല്യ.. പിരാന്തെളകി..! ആ ചെങ്ങായി ന്നീച്ച് ബന്ന്ക്കാണ്ട് ആ പിരാന്തനെ കണ്ണും മൂക്കും നോക്കി രണ്ടടിയാ... ണ്ട് കൊട്ത്ത്.!!

 അപ്പോക്കിനും ഒന്ന് രണ്ട് പച്ചാള് (പാക്കിസ്ഥാനികൾ) ബന്ന്ക്കാ..ണ്ട് അയാളെ പിട്ച്ചെച്ചു.??; അല്ലങ്കി ബംഗാളിനെ തച്ചു.. കൊന്നേനെ....!!

എന്നും പറഞ്ഞു ഞങ്ങൾ കാറിൻ്റെ അടുത്തേക്കു നീങ്ങി കൂടി നിന്നയാളുകൾ പിരിഞ്ഞുപോയി. ബംഗ്ലാദേശി യുവാവ് തൻ്റെ കാൽമുട്ടിലെയും,കൈമുട്ടിലെയും മുറിവുകളിലേക്കു ഒന്നുകൂടെ നോക്കി സൈക്കിളും എടുത്തു പിരിഞ്ഞു പോയി. അടികൊണ്ടു ദേഷ്യം അടക്കാനാവാതെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി വഴിയിൽ പോകുന്നവരെയും,വാഹനങ്ങളെയും കയ്യിൽ കിട്ടുന്നതു കൊണ്ടു എറിഞ്ഞു ആ ഭ്രാന്തൻ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിൽ നടന്നുകൊണ്ടേയിരുന്നു.

ഞാന്..ന്ന് ബ്ടെ അൻ്റെട്ത്ത് നിക്കാ..ന്ന് വിചാ..ര്ച്ച് ബന്നതാ... അപ്പളാ..ണ് കമ്പിനീ..ന്ന് നാളെ ചെല്ലാൻ പറ്ഞ്ഞിട്ട് കോ..ള് ബന്നത്..!! എന്നും പറഞ്ഞു കാറിൻ്റെ ഡോർ തുറന്നു ഒരു അൽബൈക്ക് ബ്രോസ്റ്റ് എടുത്തു എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ തീർത്തും നിശബ്ദനായി അന്താളിച്ചു നിന്നുപോയി. പെട്ടെന്നു തന്നെ പരിസരം വീണ്ടെടുത്ത ഞാൻ മുഖത്തെ ഭാവം മറച്ചുപിടിച്ചു പോകാൻ മുതിർന്ന അവനെ ഇന്നിവിടെ റൂമിൽ തങ്ങിയിട്ടു പോകാൻ നിർബന്ധിച്ചെങ്കിലും തിരിച്ചു പോകൽ അത്യാവശ്യമായ സാഹചര്യം ആയതുകൊണ്ടു തന്നെ അവൻ യാത്ര പറഞ്ഞു പോയി. സന്തോഷം കൊണ്ടു ഈറനണിഞ്ഞ കണ്ണുകളുമായി ഒരായിരം തവണ ദൈവത്തിനെ സ്തുതിച്ചു. 

നല്ലപോലെ ശരീരം വേദനിച്ചതു കൊണ്ടാവാം കലിയടങ്ങാത്തതു കൊണ്ടോ സങ്കടം സഹിക്കാൻ വയ്യാഞ്ഞിട്ടോ അറിയില്ല ഒരുതരം ശബ്ദം ഉണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഭ്രാന്തനെ ഒന്നുകൂടെ തിരിഞ്ഞു നോക്കി ഞാൻ റൂമിലേക്കു തിരിഞ്ഞു നടന്നു.

"പൗലോ കൊയിലോ തൻറെ ആൽക്കമിസ്റ്റ് എന്ന നോവലിൽ പറഞ്ഞതുപോലെ നമ്മൾ അതിയായി ഒരു കാര്യം ആഗ്രഹിച്ചാൽ അതു നേടിയെടുക്കാനും ഈ പ്രപഞ്ചവും അതിലുള്ള സർവ്വതും അതിനു വേണ്ടി നിലകൊള്ളുമെന്ന്" എന്ന വാക്കു അന്യർത്ഥമാക്കുന്നതു പോലെയായിരുന്നു ബ്രോസ്റ്റുമായി എൻറെ സുഹൃത്ത് എന്നെ കാണാൻ വന്ന സാഹചര്യം.

വസ്ത്രം ഒന്നും മാറാൻ നിൽക്കാതെ തന്നെ കഴിക്കാനിരുന്നു നല്ലപോലെ വിശക്കുന്നതു കൊണ്ടും ഒരുപാടൊരുപാടു ആഗ്രഹിച്ചിട്ട് അവസാനം എല്ലാ പ്രതീക്ഷകളും അവസാനിച്ച സാഹചര്യത്തിൽ നിന്നു ആഗ്രഹിച്ചതു നേടിയെടുക്കാൻ സാധിച്ചതു കൊണ്ടാവാം നാസേന്ദ്രിയങ്ങളെ മത്തുപിടിപ്പിക്കുന്ന വല്ലാത്ത ഒരു മണമായിരുന്നു ബ്രോസ്റ്റിന്റെ ആ പാക്കറ്റ് തുറന്നപ്പോൾ. വേകത്തിൽ തക്കാളി സോസിൻ്റെ പാക്കറ്റ് പല്ലു കൊണ്ടു കടിച്ചു തുറന്നു ബ്രോസ്റ്റ് പൊതി അടച്ച പേപ്പർ അടപ്പിലേക്കു ഒഴിച്ചു കൈ കൊണ്ടു തൂമും ചേർത്തു യോജിപ്പിച്ചു കയിക്കാൻ തുടങ്ങിയതും ഉച്ചയ്ക്കു ആ ഭ്രാന്തൻ മലമൂത്ര വിസർജനം പറ്റിപ്പിടിച്ച പൊട്ടിപൊളിഞ്ഞ തറയിൽ ഇതുപോലെ തക്കാളി സോസു ഒഴിച്ചു ബ്രോസ്റ്റ് കഴിക്കുന്നതു ഓർമയിൽ വന്നതും ഉച്ചയ്ക്കു കഴിച്ച കുബ്ബൂസടക്കം എല്ലാം ഞാൻ ഛർദ്ദിച്ചുപ്പോയി. തളർന്നു അവശനായ ഞാൻ വായയും മുഖവും കഴുകി വന്നു വേകത്തിൽ രണ്ടു കവിൾ വെള്ളവും കുടിച്ചു സോഫയിൽ മലർന്നു കിടന്നതും ക്ഷീണം കൊണ്ടാവാം പെട്ടന്നു ഉറങ്ങിപ്പോയി.

പിന്നീടു എണീറ്റപ്പോഴേക്കും സമയം അർദ്ധരാത്രി മൂന്നു മണി കഴിഞ്ഞിരിക്കുന്നു..!! തലക്കു വല്ലാത്തൊരു കനം പോലേ അനുഭവപെട്ടു നല്ല വിശപ്പും; ബ്രോസ്റ്റ്റിൻ്റെ കൂടെയുള്ള കുബ്ബൂസും എടുത്തു അടുക്കളിൽ പോയി മുട്ടയും, ഉള്ളിയും, തക്കാളിയും, പച്ചമുളകും, മസാലകളും ചേർത്തൊരു ചെറിയൊരു കറിയുണ്ടാക്കി കഴിച്ചു വിശപ്പടക്കി.

അസഹനീയമായ വിശപ്പു കാരണമാണു അയാൾക്കു ഭ്രാന്ത് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതു എന്നും പിന്നീടു ഭക്ഷണം കിട്ടി കഴിഞ്ഞാൽ ആർത്തിയോടെ വാരി വലിച്ചു തിന്നുന്നതും പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 

സമയം പാതിര കഴിഞ്ഞതു കൊണ്ടു ഉറങ്ങിക്കാണുമോ അതോ ശരീരം നല്ലതുപോലെ വേദനിച്ചതിനാൽ ഇവിടം ഉപേക്ഷിച്ചു പോയിക്കാണുമോ അതോ ഇപ്പോഴും അക്ക്രമാസക്തനായി തേരാ പാരാ നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല!! എങ്കിലും ഞാൻ ബ്രോസ്റ്റ് എടുത്തു കീസിലാക്കി വാതിലടച്ചു സാവധാനം പടികളിറങ്ങി അയാൾ സ്ഥിരമായി കിടന്നുറങ്ങാറുള്ള ആ പൊട്ടിപൊളിഞ്ഞ കെട്ടിട തിണ്ണയുടെ അടുത്തേക്കു ചെന്നു; ആയാൾ ഉറങ്ങിയിട്ടില്ലായിരുന്നു. ഞാൻ വരുന്നതു ഗൗനിക്കാതെ വളരേ പഴകിയതും ചളി പുരണ്ടതുമായ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ അടുത്തേക്കു ചെന്നതും ഒരു തരം ഞരക്കത്തോടെയുള്ള ശബ്ദമുണ്ടാക്കി നീണ്ടു വളർന്നു ജടപിടിച്ച മുടികൾക്കിടയിലൂടെ ഭയം നിഴലിച്ച കണ്ണുകളോടെ അതി തീക്ഷ്ണമായി എന്നെ നോക്കിക്കൊണ്ടു ചുമരിൻ്റെയും കൽതൂണിൻ്റെയും വിടവിലേക്കു കടിച്ചു കീറാൻ വരുന്ന തെരുവു പട്ടികളുടെ മുമ്പിൽ അകപ്പെട്ട പൂച്ച കുഞ്ഞിനെപ്പോലെ ഇരു കൈകൾ കൊണ്ടും വെള്ളകുപ്പി മാറോടു ചേർത്തു പിടിച്ചു പമ്മിയിരുന്നപ്പോൾ രാത്രിയിലെ ബംഗാളി യുവാവിൻ്റെ മുഖമടച്ചുള്ള പ്രഹരത്തിൽ വല്ലാണ്ടു ഭയന്നു വിറച്ചു ഇരിക്കുകയാണെന്നു മനസ്സിലായി. അടികൊണ്ടു തടിച്ചു വീർത്ത ചളി പുരണ്ട കവിളിൽ കണ്ണുനീരു ചാലിട്ടു ഒഴുകിയതിൻ്റെ പാടുകൾ തെരുവു വിളക്കിൻ്റെ അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു.

ഞാൻ എൻ്റെ കയ്യിലുള്ള ഭക്ഷണ പൊതി അയാൾക്കരികിൽ വെച്ചു മാറി നിന്നതും രണ്ടു മൂന്നു ദിവസമായി പട്ടിണിക്കിട്ടു തടങ്കലിൽ പാർപ്പിച്ച ഒരാൾക്കു ഭക്ഷണം കിട്ടുമ്പോഴുള്ള പ്രതീധിയായിരുന്നു അയാൾക്ക്. വേകതിൽ പൊതി തുറന്നു അതിൽ ഭക്ഷണമാണെന്നു അറിഞ്ഞപ്പോൾ ഹിമാലയം ജയിച്ചടക്കിയവനെ പോലെ ചുറ്റുപാടും നോക്കി ചിരിച്ചു കൊണ്ടു ആർത്തിയോടെ വാരി വലിച്ചു കഴിക്കാൻ തുടങ്ങി ശെരിക്കും കണ്ണു നിറഞ്ഞുപോയ നിമിഷം..!! ലോകത്തിലെ ഏറ്റവും വലിയ പ്രശനം വിശപ്പാണെന്നും, ഏറ്റവും വലിയ കരച്ചിൽ വിശക്കുന്ന വയറിൻ്റെ തേങ്ങലാണെന്നും, ഏറ്റവും വലിയ സന്തോഷം നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ അവരുടെ മുഖത്തുള്ള ആ പുഞ്ചിരിയിലാണെന്നും, എറ്റവും വലിയ സമാധാനം ഒരു നേരമെങ്കിലും വയറു നിറച്ചുണ്ണാൻ സാധിക്കലാണെന്നും ഞാനിന്നു മനസ്സിലാക്കുന്നു..!!. 

ഞാനിന്നു ഫ്ലാറ്റിലെക്കുള്ള ഈ പടികൾ കയറുമ്പോൾ ആദ്യം ഒരുപാൊരുപാടു ആഗ്രഹിച്ചതു കിട്ടാതെ വലരെ നിരാശനായി മടങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഞാനാഗ്രഹിച്ച ഭകഷണം ലഭിച്ചപ്പോൾ പൗലോ കൊയ്‌ലോയുടെ തത്വ വാക്കുകളും ഓർത്തു ഒരായിരം തവണ ദൈവത്തിനെ സ്തുതിച്ചു കൊണ്ടു സന്തോഷത്തോടെ ഈറനണിഞ്ഞ കണ്ണുകളുമായി ഈ പടികൾ കയറിയതങ്കിൽ; അതേ ഭക്ഷണം കൊണ്ടു വിശന്നു വലഞ്ഞ മറ്റൊരാളുടെ വയറു നിറച്ചപ്പോൾ അയാളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ മുൻപത്തെക്കാളുപരി സന്തോഷത്തോടെ അതെ പടികൾ വീണ്ടൂം കയറുമ്പോൾ ഏതല്ലാം തത്ത്വ ക്‌ഞാനികൾ എന്തൊക്കെ തത്വങ്ങൾ ഉരുവിട്ടാലും എല്ലാ ഓരോന്നിലും ദൈവത്തിൻ്റെതായ തീരുമാനങ്ങൾ ഉണ്ടന്നും ഓരോ അരിമണിയിലും അതു കഴിക്കേണ്ടവൻ്റെ നാമം ദൈവം തമ്പുരാൻ കൊത്തി വെച്ചിട്ടുണ്ടന്നുള്ളതു എൻ്റെ മനസ്സിൽ ആരോ മന്ത്രിച്ചു.

തിരികെ റൂമിൽ വന്നു മൺ കൂജയിൽ നിന്നും തണുത്ത രണ്ടു ഗ്ലാസ്സ് വെള്ളവും വലിച്ചു കുടിച്ചു ദൈവത്തിനു ഒരിക്കൽ കൂടി സ്തുതിയർപ്പിച്ചു കൊണ്ട് തികഞ്ഞ ആത്മ സംതൃപ്തിയോടെ ഞാൻ കിടന്നുറങ്ങി. തലേ ദിവസം രാത്രി അക്രമാസക്തനായ ആ ഭ്രാന്തൻ്റെ അതിക്രമത്തിൽ കുപിതരായ പരിസരവാസികൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു അയാളെ സർക്കാറിൻ്റെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിപ്പാർപ്പിച്ചു എന്നാണു പിന്നീടു ആരൊക്കെയോ പറഞ്ഞു കേട്ടത്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ