mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"ന്റെ ... പൊന്നുമോക്ക്  പിറന്നാളാ... ന്ന് ....ഉം ...,പതിനേഴ് തികഞ്ഞ ദിവസം- മധുര പതിനേഴ്! "
മരിയാക്ക മകളെ നെഞ്ചോടു ചേർത്തുപിടിച്ചു 
"ന്റെ.. മോളൂ ..., കിലുക്കാംപെട്ടി വേണോ; പളുങ്കുമാലയോ..?"
സങ്കടത്തിന്റെ നീർത്തടങ്ങളായി അവളുടെ കണ്ണുകൾ.

മങ്ങിയിരുണ്ട  കാഴ്ചകൾക്കിടയിൽ  രാവുണ്ണി ചിരിച്ചിരുന്നു.
"ടിയേ... മ്മട കുഞ്ഞിക്ക് ഈ ഒന്നാം പെറന്നാളിന്, എന്താ കൊണ്ടുവന്നതെന്ന് കണ്ടാ...!!"
ആനന്ദാതിരേകത്താൽ മരിയാക്ക അയാളോട് ചേർന്നൊട്ടിയിരുന്നു.
"എന്താ..?!!"
" ദാ... നോക്ക്" :- അയാൾ കടലാസുപൊതി മെല്ലെയഴിച്ചു - പല നിറങ്ങളിലുള്ള ഓറഞ്ച് മിഠായികൾ.
"ഇതാന്നാ... കുഞ്ഞിക്ക്" 
അവളുടെ മുഖം മങ്ങി.
മായാജാലക്കാരനെപ്പോലെ മടിക്കുത്തിൽ നിന്നും ഒരു കിലുക്കാംപെട്ടി അയാൾ പുറത്തെടുത്തു!
"ടീം ...ടിം ... "
പക്ഷേ, കുഞ്ഞ് ചിരിച്ചില്ല !
മോളു കരഞ്ഞതുമില്ല!!
"ഇരുളു ചായും മുമ്പ് തോട്ടപ്പുരയിലെത്തണം"
രാവുണ്ണി വേഗം പുറത്തേയ്ക്കിറങ്ങി 
നടന്നു.
തോടിന് കുറുകേയുള്ള തടിപ്പാലം കയറി, പരന്നുകിടക്കുന്ന കശുവണ്ടി തോട്ടത്തിന്റെ തലപ്പുകളിൽ അയാൾ അലിഞ്ഞില്ലാതാവുവോളം അവൾ കണ്ണിമച്ചില്ല.

"നീ സ്വപ്പനലോകത്താണോടീ...!? "
വെള്ളച്ചിയുടെ ചോദ്യം കേട്ടവൾ  ഞെട്ടിപ്പോയി. അവർക്ക് രണ്ടാമതൊരു ചോദ്യമില്ല, മുറ്റത്ത് പഴുത്തളിഞ്ഞു കിടക്കുന്ന കശുമാങ്ങകൾ  പെറുക്കി തുരുതുരായൊരേറാണ്!!
ഫെനിയുടെ രുചിയിൽ ഈ ലോകം മറന്ന വെള്ളച്ചി വേച്ചുവേച്ചു നടന്നകന്നു.
ഇപ്പോ , നിപ്പിലും നടപ്പിലുമെല്ലാം സ്വപ്നങ്ങൾ പിടികൂടുന്നല്ലോ!' അവളോർത്തു: 'രാത്രിയും പകലുമെന്നില്ലാതെ!! '
-ഉണങ്ങി വരണ്ട കശുവണ്ടിപോലെ
ചുരുണ്ടു കിടക്കുന്നു മോളു-
നേരം വൈകിയോ,
ഇല്ല, വേഗം കാസറോടെത്തണം
മോളൂന് ഉമ്മ കൊടുത്ത് വാതിൽ പൂട്ടിയെന്നുറപ്പിച്ച് പടിയിറങ്ങി, പാലം കടന്ന്, കശുമാവിൻ തോട്ടങ്ങൾക്കിടയിലൂടെ വേഗത്തിൽ നടന്നു.
"പെൻഷന് പോയിയാണോടിയേ...?"
തോട്ടത്തിൽ കള പറിച്ചുകൊണ്ടു നിന്ന ചിരുത വിളിച്ചു ചോദിച്ചു.
"ങാ... പോയി നോക്കട്ടെ ... "
"താമസ്സിച്ചല്ലോടിയേ..."
അവൾ പിന്നെയും ചോദിച്ചുകൊണ്ടേയിരിക്കുമെന്നറിയാവുന്നതിനാൽ
നടന്നുകൊണ്ടാണ് മരിയാക്ക അതിന് മറുപടി കൊടുത്തത് 
"മോളു ഒറങ്ങാൻ താമസിച്ചടിയേ..."
ശരീരം പനപോലെയായെങ്കിലും, പതിനേഴാം വയസ്സിലും ഒരു വയസ്സിന്റെ മനസ്സാണ് മോളൂ നെന്ന് അറിയാത്തവരാരുമില്ല - അവൾ ഇപ്പോഴും ഒരു കൈക്കുഞ്ഞ് മാത്രം. കെട്ടിപ്പിടിച്ച് താരാട്ട് പാടാതെ ഉറങ്ങില്ല. അതും തുണി തൊട്ടിലിൽ.
മാറോട് ചേർത്ത് ഉമ്മ കൊടുത്ത് ഉറക്കുമ്പോൾ മോളൂന് അവൾ വാക്കു കൊടുത്തു 
"ഇന്ന് മോക്ക് , പെറന്നാൾ  കേക്ക് അമ്മ വാങ്ങിക്കൊണ്ടുവരും. "

"എവിടെ പോന്നടിയേ..."
ജോസപ്പേട്ടനാണ്. മുറുക്കാൻ നീട്ടി തുപ്പി ക്കൊണ്ടാണ് ചോദ്യം.
"കാസറോട്ട്, ആപ്പീസി... " അവൾ പറഞ്ഞു.
"എന്താടിയെ അവിടെ നിന്റെ ഓനൊണ്ടാ...?"
അയാളുടെ പരിഹാസം അവളെ വേദനിപ്പിച്ചു.
"അന്നൊരീസം ദാ വരുന്നെന്നു പറഞ്ഞ് കേറീപ്പോയതാണ് - കശുവണ്ടി വണ്ടിയിൽ - മോളൂന്റച്ചൻ. പിന്നെ വന്നില്ല."
മരിയാക്ക പലരോടും പല തവണ ഇങ്ങനെ പറഞ്ഞു കഴിഞ്ഞു.

രാവുണ്ണി അക്കാലത്ത് പറഞ്ഞ ആ സംഭവം ഇപ്പോഴും അവൾ  ഞെട്ടലോടെയാണ് ഓർക്കുന്നത്. 
ഒരീസം രാത്രി പറങ്കാത്തോട്ടത്തിലൂടെ വരുമ്പം, കൊളത്തിന് ചുറ്റും നിന്ന് ആരൊക്കെയോ പാടുന്നു.
"ആക്കട മോതിരം
മോക്കട മോതിരം
ഇതു മരിയാക്കട
മോക്കട മോതിരം"
ടീ.... ഊവ്വേ, ഈ രാവുണ്ണി ആരാ മോൻ, പതുങ്ങിപ്പതുങ്ങി അവരുടെ അടുത്തെത്തി. ചെകുത്താന്മാരാ... വട്ടംചുറ്റി കളിക്കുവാ. ഞാനുവങ്ങ് കൂടി. മോതിരം കൈയ്യീ കിട്ടിയപ്പം എടുത്തോണ്ടോടി"
'പനി പിടിച്ച് കെടന്ന രാവുണ്ണി രണ്ടുനാൾ
കഴിഞ്ഞ് സൊഖമായപ്പോത്തന്നെ പൊയ്ക്കളഞ്ഞു '

അവളുടെ കണ്ണ് നിറഞ്ഞു വന്നു.
'എനക്കിതായിരിക്കാം വിധി, ഇങ്ങനെ ഒറ്റക്ക്.... എന്റെ  മോളൂട്ടിയ്ക്ക്... എവിടെ വരെ ... ഞാനില്ലാതാക്കുമ്പോ ... ഒറ്റക്ക് ... '
അവളുടെ മനസ്സ് പിടച്ചു.

ആപ്പീസിന്റെ ഓരത്തുള്ള കാന്റീനിൽ നിന്നും പൊരിപ്പിന്റെ മണം. അതു കഴിഞ്ഞാണ് മൂത്രപ്പുര - ആണുങ്ങളുടെ മൂത്രച്ചൂര് അവിടമാകെ പരക്കുന്നുണ്ട്.
"സമരം ഞങ്ങടെ അവകാശം
അവകാശങ്ങൾസംരക്ഷിക്കാൻ
അതിനാണതിനാണീസമരം "
ഇടനാഴിയിലൂടെ കടന്നുവന്ന പ്രകടനം കഴിയുന്നതുവരെ അവൾ ഒതുങ്ങി നിന്നു.
മധു സാർ ജാഥയുടെ മുന്നിൽ തന്നെയുണ്ട്
'സാറാണ് കാശ് തരേണ്ടത് '
അവൾ ആപ്പീസു പടിക്കൽ കാത്തു നിന്നു .

- ആ കാഴ്ച അപ്പോഴാണ് മരിയാക്കയുടെ കണ്ണിലുടക്കിയത്.
- ഒച്ചുകൾ, അത്  ആപ്പിസിലെ മേശകൾക്കുമേൽ നിറഞ്ഞിരിക്കുന്നു.
ചുവന്ന ചരടുകൾ കൊണ്ട് കെട്ടിയ ഒച്ചിൻ കൂട്ടങ്ങൾ!
അവയെല്ലായിടത്തേയ്ക്കും ഇഴഞ്ഞ് നിറയുന്നതും, അവളെ വളഞ്ഞെത്തുന്നതും മരിയക്ക കണ്ടു.
- ഇനിയെപ്പോഴാണോ സാറ് വരിക ? 
ഇഴഞ്ഞിഴഞ്ഞ് അവൾ വരാന്തയിലൂടെ മുന്നോട്ടു പോയി.
ഒച്ചുകളുടെ ഇടയിൽ പെട്ടവർക്ക് ഇനി രക്ഷയെന്താണ്?
മോളു ഒരു ഒച്ചായിത്തീരുന്നതും, ഇഴഞ്ഞു നീങ്ങുന്നതും അവൾ കണ്ടു. 
ജോസപ്പേട്ടന്റെ കടയുടെ മുന്നിൽ അവൾ നിന്നു - നാണയത്തുട്ടുകൾ നീട്ടി.
"പിറന്നാൾ കേക്ക് " മരിയാക്ക പിറുവിറുത്തു .
"കിട്ടില്ല മോളേ" പല നിറത്തിലുള്ള ഒറഞ്ചു മിഠായികൾ അവളുടെ നീട്ടിയ കൈക്കുമ്പിളിലേയ്ക്ക് ഇട്ടുകൊണ്ട് ജോസപ്പേട്ടൻ കണ്ണിറുക്കി.
ഓറഞ്ച്, വെള്ള, പച്ച നിറങ്ങിലുള്ള മിഠായികൾ
ഒരു  കീറക്കടലാസിൽ  അവ പൊതിഞ്ഞെടുത്ത്  അവൾ  വീട്ടിലേക്ക് ഒച്ചിനെപ്പോലെ  ഇഴഞ്ഞു  നീങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ