mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Molly George)

ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ ആലോചനയുമായി ബ്രോക്കർ സദാശിവൻപിള്ള വന്നപ്പോൾ  അമ്മയ്ക്കായിരുന്നു ഏറെ സന്തോഷം. "പാടത്തും പറമ്പിലും പണിയെടുത്തു   വളർന്ന കുട്ടിയാണേൽ അതിന് നമ്മുടെ വീട്ടിലെ  കഷ്ടപ്പാടുകൾ  മനസ്സിലാക്കാൻ കഴിയും."

സ്ത്രീധനവും സ്വർണവും കണക്കു പറഞ്ഞു മേടിയ്ക്കാനും,  അതു വഴി കല്യാണം മുടക്കാനും  അമ്മാവൻമാർ ശ്രമിച്ചു.

ഏറെ പെണ്ണുകാണലുകൾ നടത്തി മടുത്ത ചന്ദ്രൻ ഇന്ദുലേഖയെ കണ്ട ശേഷം  പറഞ്ഞു. 'ഇനി മറ്റൊരു പെണ്ണുകാണലിന് ഞാനില്ല. കെട്ടുന്നെങ്കിൽ ഈ കുട്ടിയെ മാത്രമേ ഞാൻ കെട്ടൂ.'

'അവളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളൂ' എന്ന  ബ്രോക്കറുടെ വാക്കുകേട്ട് ചന്ദ്രൻ  ആ കൊച്ചു വീടിൻ്റെ മുറ്റത്തേക്കിറങ്ങി. പിന്നാലെ നമ്രമുഖിയായ് ഇന്ദുവും. മുറ്റത്തെ മാവിൻചുവട്ടിൽ നിന്നു കുറച്ചു നേരം സംസാരിച്ചു. എല്ലാത്തിനും ലജ്ജയിൽ കുതിർന്ന മറുപടി.

തിരിഞ്ഞു നടക്കും നേരം തീരെ പ്രതീക്ഷിക്കാതെ അവൾ വിളിച്ചു.

"ഏട്ടാ.."

"ഉം ..എന്തേ  തനിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ?" ചന്ദ്രൻ ചോദിച്ചു.

"ഏയ് അതല്ല, ഞങ്ങൾ പാവങ്ങളാണ്. സ്ത്രീധനം നൽകാൻ അമ്മയുടെ കൈയ്യിൽ ഒന്നുമില്ല. എൻ്റെ ആറാം വയസിൽ അച്ഛൻ മരിച്ചു. ഏറെകഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്."

"അതിന്.. ഞാൻ തന്നോട് സ്ത്രീധനം ചോദിച്ചോ ?" 

ചന്ദ്രൻ്റെ മറുചോദ്യം കേട്ട് അവളൊന്നു പകച്ചു.

"ക്ഷമിക്കണം, ഏട്ടന്റെ ബന്ധുക്കളുടെ  സംസാരം ഞാൻ കേട്ടു." അവളുടെ നിഷ്കളങ്കമെങ്കിലും തൻ്റേടത്തോടെയുള്ള തുറന്നു പറച്ചിൽ കേട്ട് ഇത്തവണ ചമ്മിയത് ചന്ദ്രനാണ്. ശരിക്കും അയാൾ എന്തു പറയണം എന്ന് അറിയാതെ വലഞ്ഞു. ഒരു പെൺകുട്ടിയുടെ മുമ്പിൽ  വിഷണ്ണനായി നിൽക്കേണ്ടി വന്ന അവസ്ഥ.

"സ്ത്രീധനം വാങ്ങാനുള്ള   എന്റെ ബന്ധുക്കളുടെ നിലപാടുകൾ തന്നെ വേദനിപ്പിച്ചതിൽ ഞാൻ ക്ഷമ ചോദിയ്ക്കുന്നു. ആരെല്ലാം എതിർത്താലും ശരി ഞാൻ വിവാഹം ചെയ്യുന്നെങ്കിൽ അത് ഇന്ദുവിനെ തന്നെയായിരിക്കും."

ചന്ദ്രൻ തുറന്നു പറഞ്ഞു.

"സ്ത്രീ തന്നെയാണ് യഥാർത്ഥ ധനം. അല്ലാതെ പൊന്നും പണവും  വിലപേശി വാങ്ങാനുള്ള ഒരു വേദിയല്ല വിവാഹം." എന്ന ചന്ദ്രന്റെയും അമ്മയുടേയും തീരുമാനങ്ങൾ അമ്മാവൻമാർക്ക് അംഗീകരിക്കേണ്ടി വന്നു.

ലളിതമായ ചടങ്ങുകളോടെ ചന്ദ്രൻ്റ  ജീവിതത്തിലേയ്ക്ക് വലതുകാൽ വച്ചു കടന്നു വന്ന ഇന്ദുവിൻ്റെ മുഖമപ്പോൾ പൂർണ്ണേന്ദു പോലെ തെളിഞ്ഞിരുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ