(Abbas Edamaruku )
വീണ്ടുമൊരു ബറാഅത്തുരാവുകൂടി വന്നെത്തിയിരിക്കുന്നു .റംസാൻമാസത്തിനു പതിനഞ്ചു ദിവസങ്ങൾക്കുമുന്നേയുള്ള പുണ്യദിനം. ഇന്നുമുതൽ നാൽപ്പതുനാൾ അള്ളാഹു നരകകവാടങ്ങൾ അടയ്ക്കുകയും സ്വർഗ്ഗകവാടങ്ങൾ തുറക്കുകയും ചെയ്യുന്നു. ഇതുവരെ മരണപ്പെട്ടുപോയവരുടെ ആത്മാക്കൾക്ക് അള്ളാഹു മോചനം നൽകുന്നു.
ഇനിയുള്ള നാൽപ്പതുനാളുകൾ ആ ആത്മാക്കൾക്ക് അവരവരുടെ കുടുംബാംഗങ്ങളേയും മറ്റും അദൃശ്യരായി സന്ദർശിക്കാം. ഈ ഒരു ദിവസത്തിനുവേണ്ടിയാണ് കഴിഞ്ഞ ഒരുവർഷമായി അവന്റെ ആത്മാവും കാത്തിരുന്നത്. തന്റെ അവസരം വന്നെത്തിയതും വല്ലാത്ത ആവേശത്തോടെ ആ ആത്മാവ് ഭൂമിയിലേക്ക് പറന്നിറങ്ങി. തന്റെ ഭാര്യയേയും, മകളേയും, മറ്റു കുടുംബാംഗങ്ങളേയുമൊക്കെ കാണാനായി ആ ആത്മാവിന്റെ ഉള്ളം വെമ്പൽകൊണ്ടു .
അങ്ങനെ പറന്നുപോകവേ ആത്മാവിന്റെ മനസ്സിലേക്ക് കഴിഞ്ഞുപോയകാലത്തിലെ -ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തെ ചില ഓർമ്മകൾ കടന്നുവന്നു .അതിൽ മനസിലെന്നും നീറ്റലായി അവശേഷിക്കുന്ന ഭൂമിയിലെ അവസാന ദിനങ്ങളെക്കുറിച്ച് ആ ആത്മാവ് വേദനയോടെ ഓർത്തു .ആ ഓർമ്മകൾ മനസിലെന്നും നീറ്റൽ പടർത്തുന്നതാണ് .
എത്രമാത്രം ആഗ്രഹിച്ചാണ് ഭാര്യയായി തീർന്നവളെ സ്വന്തമാക്കിയത് .അതിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു .ഏതെല്ലാം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടിവന്നു .നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പിനും പോരാട്ടത്തിനും ശേഷമാണ് അവളെ ബീബിയാക്കാൻ അവളുടേയും ,തന്റേയും വീട്ടുകാർ സമ്മതംമൂളിയത് .ഇരുകുടുംബാംഗങ്ങളുടേയും അനുഗ്രഹാശിസുകളോടെവേണം അവൾ തന്റെ മണവാട്ടിയാകുന്നത് എന്ന് നേരത്തേ മനസ്സിലുറപ്പിച്ചിരുന്നു .അതുകൊണ്ടുതന്നെയാണ് അവൾക്കുവേണ്ടി ഇത്രയേറെ ത്യാഗങ്ങൾ സഹിക്കുകയും കാത്തിരിക്കുകയുമൊക്കെ ചെയ്യേണ്ടിവന്നത് .എത്രയോ രാത്രികളാണ് അവളേയും കിനാവുകണ്ടു ഉറങ്ങാതെകിടന്നിട്ടുള്ളത് .ആ ഓർമ്മകൾ ഇന്നും മനസ്സിന് കുളിരുപകരുന്നതാണ് .
ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ ഏകപെൺതരിയെ തനിക്ക് വിവാഹം ചെയ്തുതരാൻ അവളുടെ വീട്ടുകാർ മടിച്ചെങ്കിൽ ... തന്റെ വീട്ടിലെ എതിർപ്പിന് കാരണം മറ്റൊന്നായിരുന്നു .
ബാപ്പയും ,ഉമ്മയും ഒരാക്സിഡന്റിൽപെട്ടു മരിച്ചതോടെ അനാഥയായ തന്റെ മുറപ്പെണ്ണിനെ താൻ വിവാഹം ചെയ്യണമെന്നായിരുന്നു വീട്ടുകാരുടെ നിർബന്ധം .അവൾക്കും തന്നെ ഒരുപാട് ഇഷ്ടമായിരുന്നു .പക്ഷെ ,തന്റെ പ്രണയം ഉപേക്ഷിച്ചുകൊണ്ട് ,കറുത്തവളും ഭംഗിയില്ലാത്തവളുമായ മുറപ്പെണ്ണിനെ ഭാര്യയായി സ്വീകരിക്കാൻ താനൊരിക്കലും തയാറല്ലായിരുന്നു .ഒടുവിൽ തന്റെ എതിർപ്പുകൾക്കു മുന്നിൽ വീട്ടുകാർ വഴങ്ങി .തന്റെ ഇഷ്ടപ്രകാരമുള്ള വിവാഹത്തിനു വീട്ടുകാർ സമ്മതംമൂളി . മുറപ്പെണ്ണും .
അങ്ങനെയാണ് വിവാഹം നടന്നതും മുറപ്പെണ്ണുള്ളവീട്ടിൽ താമസിക്കുന്നത് അവളുടെ മനസ്സിന് വേദനയുണ്ടാക്കിയെങ്കിലോ എന്നുകരുതി വേറെ വീട് വാടകക്കെടുത്ത് ഭാര്യയുമൊത്ത് താമസം തുടങ്ങിയതും .
ജീവിതത്തിലെ സന്തോഷംനിറഞ്ഞ നാളുകൾ .തന്റെ ജീവിതത്തിലേക്ക് വന്നുകയറിയ ഭാഗ്യമായിരുന്നു അവൾ .സ്‌നേഹംകൊണ്ടും ,പെരുമാറ്റംകൊണ്ടും തന്നെ അവൾ വീർപ്പുമുട്ടിച്ചനാളുകൾ .അവൾക്കുവേണ്ടിയുള്ള തന്റെ കാത്തിരിപ്പും ,പോരാട്ടങ്ങളുമെല്ലാം വെറുതെയായില്ല എന്ന് തോന്നിയ നിമിഷങ്ങൾ .
ജീവിതം ശരിക്കും ആസ്വദിച്ച ദിവസങ്ങൾ .ഓരോനിമിഷവും അനുഭൂതിനിറഞ്ഞതാക്കാൻ അവൾക്ക് വല്ലാത്ത കഴിവായിരുന്നു .കിടപ്പറയിലെ ചുളിവുവീണ ബെഡ്ഷീറ്റും പുതച്ചുകൊണ്ട് ഉടയാടകളില്ലാതെ അലിഞ്ഞുചേർന്നുകൊണ്ട് സ്നേഹം പങ്കിട്ട നാളുകൾ .അങ്ങനൊരുദിവസം അനുഭൂതയിൽ ലയിച്ചുകിടക്കുമ്പോഴാണ് അവൾ ആ സന്തോഷവാർത്ത തന്നെ അറിയിച്ചത് .'താനൊരു ബാപ്പയാകാൻ പോകുന്നു'
പിന്നെ പിറക്കാൻപോകുന്ന കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു .അവൾക്ക്‌വേണ്ടിയുള്ള കരുതലുകളും .എത്രയെത്ര സ്വപ്നങ്ങളാണ് താനും അവളും ഒരുമിച്ച് ആ നാളുകളിൽ നെയ്തുകൂട്ടിയത് .ഒരുനാൾ ആശുപതിവരാന്തയിൽവെച്ചുകൊണ്ട് പനിനീർപ്പൂവിന്റെ മൃദുലതയും ,നൈര്മല്യവുമുള്ള തന്റെ മകളെ കൈയിൽ ഏറ്റുവാങ്ങിയപ്പോൾ .ആ നിമിഷം താനനുഭവിച്ച അനുഭൂതി തനിക്കുണ്ടായ സന്തോഷം എല്ലാം ഇന്നും മനസ്സിലുണ്ട് .ആത്മാവ് മനസ്സിലോർത്തു .
മോളുണ്ടായി മൂന്നുവയസ്സായ സമയം .ആ സമയത്താണ് വിധിയുടെ രൂപത്തിൽ മരണം തന്നെ വേട്ടയാടിയത് .ഹൃദയാഘാതത്തെത്തുടർന്ന് പെട്ടെന്നുള്ള മരണം .ആഗ്രഹങ്ങളും ,സ്വപ്നങ്ങളും ഈ ഭൂമിയിൽ ഉപേക്ഷിച്ചുകൊണ്ട് പ്രിയപെട്ടവരെ ഈ ഭൂമിയിൽ ഒറ്റക്കാക്കികൊണ്ട് മരണം തന്നെ ഈ ഭൂമിയിൽനിന്നും അല്ലാഹുവിന്റെ കൽപനപ്രകാരം കൂട്ടിക്കൊണ്ടുപോയി .അന്നത്തെ ആ ദിവസം തന്റെ മരണദിവസം വീട്ടിലെ അവസ്ഥ ആ സംഭവങ്ങൾ ഓർക്കുവാൻപോലും കഴിയുന്നില്ല .ആത്മാവായിട്ടുപോലും തനിക്കതു താങ്ങാനുള്ള ശക്തിയില്ല .അപ്പോൾ അവളുടെ കാര്യമോ .?ആത്മാവ് വേദനയോടെ മനസ്സിലോർത്തു .
വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ ശരീരം മയ്യിത്തുകട്ടിലിലെടുത്തുവെച്ചുകൊണ്ട് അവസാനധിഖറും ചൊല്ലിക്കൊണ്ട് ആളുകൾ പള്ളിക്കാട്ടിലേക്ക് നടക്കുമ്പോൾ അതുവരെയും കരഞ്ഞുതളർന്നുകിടന്നവൾ വല്ലാത്തൊരു നിലവിളിയോടെ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് ഓടിവന്നത് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു .
"എന്റെ ഇക്കാ ...എന്നെയും മോളെയും ഈ ഭൂമിയിൽ തനിച്ചാക്കിക്കൊണ്ട് ഞങ്ങളെ വിട്ടുപോകുകയാണോ .?ഇനി ഞങ്ങൾക്ക് ആരുണ്ട് ഈ ഭൂമിയിൽ കൂട്ട് .?"അവളുടെ നിലവിളികൾ ഇന്നും കാതിൽ മുഴങ്ങുന്നു .
അന്ന് തന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയപ്പോൾ വല്ലാത്തൊരു നിലവിളിയോടെ ബോധമറ്റു വീണ അവൾ പിന്നെ ബോധം തെളിഞ്ഞത് രണ്ടുദിവസം കഴിഞ്ഞാണ് . മരണശേഷം നാൽപ്പതുനാൾകൂടി തന്റെ ആത്മാവ് ഭൂമിയിൽ -വീട്ടിലും പരിസരത്തുമായി ചുറ്റിത്തിരിഞ്ഞു .അപ്പോഴെല്ലാം തന്റെ വിയോഗത്തിലെ ദുഃഖവും മനസ്സിൽപേറി തന്റെ പ്രിയതമ മോളെയും ചേർത്തുപിടിച്ചുകൊണ്ട് കണ്ണുനീരൊഴുക്കി കരഞ്ഞുകൊണ്ടിരുന്നു .അന്ന് അവളെയൊന്ന് ആശ്വസിപ്പിക്കാനോ ചേർത്തണക്കാനോ തലോടാനോ ആകാതെ ആത്മാവായി മാറിയ താനെത്ര സങ്കടപ്പെട്ടിട്ടുണ്ട് .ഒടുവിൽ മരണത്തിന്റെ നാൽപ്പതാം നാൾ ഇടനെഞ്ചു മുറിഞ്ഞവേദനയുമായി തന്റെ ആത്മാവ് ഈ ഭൂമിയിൽ നിന്നും പറന്നുയർന്നു .അന്നുമുതൽ താനാഗ്രഹിക്കുന്നതാണ് ഒരിക്കൽക്കൂടി തന്റെ പ്രിയതമയേയും മോളെയും കാണാൻ .ഇപ്പോൾ വർഷം ഒന്നുകഴിഞ്ഞിരിക്കുന്നു .
അവളിപ്പോൾ എന്തെടുക്കുകയാവും .തന്റെ ആത്മാവണയുന്നതും കാത്ത് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാവുമോ .?അവളുടെ ഒപ്പം മോളും ഉണ്ടാവില്ലേ .?അവളിപ്പോൾ കുറച്ചുകൂടി വളർന്നിട്ടുണ്ടാവും .മനസ്സിൽ പലവിധ ചിന്തകളുമായി ആ ആത്മാവ് തന്റെ വീട്ടുമുറ്റത്തേക്ക് പറന്നിറങ്ങി .
വീടിന്റെ പൂമുഖത്തൊന്നും ആരെയും കാണാനില്ല .വീടിന്റെ വാതിലുകൾ അടഞ്ഞുകിടക്കുകയാണ് .പക്ഷെ ,വീടിനുള്ളിൽ ...ബെഡ്‌റൂമിൽ ലൈറ്റു തെളിഞ്ഞുകത്തുന്നുണ്ട് .ആത്മാവിനു സന്തോഷമായി .തന്റെ പ്രിയതമ മുറിക്കുള്ളിലുണ്ട് .ഒരുപക്ഷേ , അവൾ പ്രാർത്തിക്കുകയാവും തനിക്കുവേണ്ടി .അവളോടൊപ്പം മോളും ഉണ്ടാവും .സന്തോഷത്തോടെ ആ ആത്മാവ് വെളിച്ചംകണ്ട മുറിക്കുനേരെ മെല്ലെ ഒഴുകിനീങ്ങി .
അതാ ബെഡ്ഡ്‌റൂമിൽനിന്നും അവളുടെ സംസാരം കേൾക്കുന്നു .അവൾ ആരോടോ സംസാരിക്കുകയാണ് .ആരോടാണ് അവൾ സംസാരിക്കുന്നത് .മോളോടായിരിക്കും .അല്ലാതെ ആരോടാണ് ഈ രാത്രിയിൽ ബെഡ്‌റൂമിലിരുന്ന് അവൾക്ക് സംസാരിക്കാനുള്ളത് .ഒരുപക്ഷെ ,മോൾക്ക് ബറാഅത്ത് രാവിനെക്കുറിച്ചും അന്നത്തെദിവസം വീടുകൾ സന്ദർശിക്കാനെത്തുന്ന പിതൃക്കളുടെ ആത്മാവുകളെക്കുറിച്ചും പറഞ്ഞുകൊടുക്കുകയായിരിക്കുമോ .?ആവും ...!മനസ്സിൽ വിചാരിച്ചുകൊണ്ട് ആ സംഭാഷണത്തിന്നായി കാതോർത്തു .
അതാ അവൾ ചിരിക്കുന്നു .അടക്കിപിടിച്ചുള്ള കുണുങ്ങിച്ചിരി .ഒപ്പം അവൾ കൊഞ്ചിക്കൊണ്ട് എന്തൊക്കെയോ മൊഴിയുന്നു .ആരോടാണ് അവൾ സംസാരിക്കുന്നത് .എന്തിനാണവൾ ചിരിക്കുന്നത് .മോളല്ലാതെ വേറാരാണ് മുറിയിലുള്ളത് .ആകാംക്ഷയോടെ ആ ആത്മാവ് വെന്റിലേഷനിലൂടെ മുറിക്കുള്ളിലേക്ക് എത്തിനോക്കി .ഒരുനിമിഷം അകത്തെകാഴ്ച കണ്ട് ആത്മാവ് നടുങ്ങിത്തരിച്ചു .അവന്റെ ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു അത് .
തന്റെ പ്രിയതമായതാ അലൽവക്കത്തുള്ള ചെറുപ്പക്കാരനെ കെട്ടിപുണർന്നിരിക്കുന്നു .ഇരുവരും തമ്മിൽ എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുകയാണ് .എന്തൊരു കാഴ്ചയാണ് തന്റെ കണ്മുന്നിൽ ...ആത്മാവിന്റെ ഹൃദയം നൊന്തുനീറി .എങ്ങിനെ കഴിയുന്നു അവൾക്ക് ഇങ്ങനെ ചെയ്യാൻ .എത്രമാത്രം സ്നേഹിച്ചതാണ് താനവളെ .എന്നിട്ടും തന്റെ മരണം കഴിഞ്ഞൊരു വർഷം കഴിഞ്ഞപ്പോൾ അതാ അവൾ അന്യ പുരുഷനുമായി കിടക്ക പങ്കുവെക്കുന്നു .ഒരിക്കൽ താനും അവളും ഒരുമിച്ചുപങ്കിട്ട അതെ കിടക്ക .ആത്മാവിന്റെ കണ്ണുകൾ നിറഞ്ഞു . തേങ്ങിക്കരഞ്ഞുകൊണ്ട് ആത്മാവ് ചുറ്റുപാടും മിഴികൾകൊണ്ട് പരാതി ...തന്റെ മോളെവിടെ .അവളെ, അവളുടെ വഴിപിഴച്ച ഉമ്മാ എന്തുചെയ്തു .കാമുകനുമായുള്ള അഴിഞ്ഞാട്ടത്തിനിടയിൽ അവൾക്ക് തന്റെ മോളെ നോക്കാനെവിടെയാണ് സമയം .ഇതുപോലൊരു വഴിപിച്ചവളെയാണല്ലോ താൻ പ്രാണാനെക്കാൾ സ്നേഹിച്ചത് .ഇവൾക്കുവേണ്ടിയാണല്ലോ തന്റെ വീട്ടുകാരെപ്പോലും വെറുപ്പിച്ചത് .ഇതുപോലൊരു ദുഷ്ടയുടെ വയറ്റിലാണല്ലോ തന്റെ മോൾ ജന്മകൊണ്ടത് .സങ്കടത്തോടെ വീടിനുള്ളിലാകെ പരാതിയെങ്കിലും ആത്മാവിന് തന്റെ മോളെ കാണാനായില്ല .തന്റെ പൊന്നുമോൾക്കെന്തു സംഭവിച്ചു .?കാമുകനുമൊത്തുള്ള സുകകേളികൾക്കായി അവൾ തന്റെ പൊന്നുമോളെ ഇല്ലാതാക്കിയോ .?ഇവൾ അതിനും മടിക്കില്ല .ഇനിയെവിടെ പോയി താൻ മോളെ തിരക്കും .അവളെക്കാണാതെ താനെങ്ങനെ മടങ്ങിപ്പോകും .ഏതാനുംനേരംകൂടി അവിടെ ചുറ്റിസഞ്ചരിച്ചശേഷം ആ ആത്മാവ് നിറമിഴികളോടെ അവിടെനിന്നും പറന്നകന്നു .ആ ആത്മാവ് പിന്നെ നേരേ പോയത് തന്റെ മാതാപിതാക്കളുടെ അടുക്കലേക്കാണ് .തന്റെ ജന്മഗൃഹത്തിലേക്ക് .
വീട്ടുമുറ്റത്തു പറന്നിറങ്ങിയപ്പോൾ തന്നെ ആ ആത്മാവിന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു .അതാ ...തന്നെ സ്വീകരിക്കാനായി വീടും പരിസരവുമെല്ലാം വൃത്തിയാക്കിയിട്ടിരിക്കുന്നു .വീട്ടിൽനിന്നും സുഗന്ധദ്രവ്യങ്ങളുടെയും മറ്റും ഗന്ധം ഉയരുന്നു .മനോഹരമായ ഖുർആൻ പാരായണത്തിന്റെ ശീലുകൾ അന്തരീക്ഷത്തിൽ ഉയരുന്നു .കൊതിയൂറും ഭക്ഷണങ്ങളുടെ ഗന്ധം മൂക്കിൽ തുളഞ്ഞുകയറുന്നു .
പൂമുഖത്തെ കസേരയിലിരുന്നുകൊണ്ട് തനിക്കുവേണ്ടി ഖുർആനോതി പ്രാർത്ഥിക്കുന്ന പിതാവിനെ കണ്ടതും ആത്മാവിന്റെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി .ഒരുകുളിർക്കാറ്റായി തന്റെ പിതാവിനെ തഴുകിക്കൊണ്ട് ആത്മാവ് മെല്ലെ വീടിനുള്ളിലേക്ക് കടന്നു .അതാ അടുക്കളയിൽ നിന്നുകൊണ്ട് ഉമ്മയും സഹോദരിയും തനിക്കിഷ്ടപെട്ട പത്തിരിയും ഇറച്ചിയുമെല്ലാം പാകം ചെയ്യുന്നു .ഇടക്കിടക്ക് ഉമ്മാ തലയിലെ മുണ്ടുകൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ട് .എന്നിട്ട് സഹോദരിയെനോക്കി പതംപറയുന്നു .
"എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമായിരുന്നു പത്തിരിയും ഇറച്ചിയും .അതുകൊണ്ടാണ് വയ്യാതിരുന്നിട്ടും ഈ ബറാഅത്ത് രാവിൽ ഇതുതന്നെ ഉണ്ടാക്കണമെന്ന് ഞാൻ നിർബന്ധിച്ചത് .ഉണ്ടാക്കിക്കൊടുത്തു കൊതിതീരുമുന്നെയല്ലേ എന്റെ പൊന്നുമോൻ എന്നെവിട്ടു പോയത് .അള്ളാഹു അവനെ ഈ ഭൂമിയിൽനിന്നും തിരിച്ചുവിളിച്ചത് "പറഞ്ഞിട്ട് ഉമ്മാ തേങ്ങിത്തേങ്ങി കരഞ്ഞു .
"ഉമ്മാ ...കരയാതെ .ഇക്കാക്ക ഇതെല്ലാം കണ്ടുകൊണ്ട് ഇപ്പോൾ സന്തോഷിക്കുകയാവും ."സഹോദരി ഉമ്മയെ ആശ്വസിപ്പിക്കുകയാണ് .
ഈ കാഴ്ചകൾകണ്ടു ആത്മാവിന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു .ആ കണ്ണുകളിൽ നിന്നും ആനന്താശ്രുക്കൾ അടർന്നുവീണു .ഉമ്മയെയും സഹോദരിയേയും കെട്ടിപുണരണമെന്നും അവരുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവരെ ആശ്വസിപ്പിക്കണമെന്നും ആ ആത്മാവിന് അതിയായ ആഗ്രഹമുണ്ടായി .പക്ഷെ ,ശരീരമില്ലാത്ത തനിക്ക് അതിനൊന്നും കഴിയില്ലല്ലോ എന്ന് സങ്കടത്തോടെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ആ സ്നേഹപ്രകടനങ്ങൾ കണ്ടുനിൽക്കാനുള്ള കരുത്തില്ലാതെ ആത്മാവ് അവിടെനിന്നും തിരിച്ചുപറന്നു .അപ്പോഴാണ് ആത്മാവ് അതുകണ്ടത് .താൻ പണ്ടു താമസിച്ചിരുന്ന മുറിയിൽ വെളിച്ചം .ഒപ്പം അതിൽനിന്നും ആരുടെയോ ശബ്ദവും .അത് തന്റെ മുറപ്പെണ്ണാവുമെന്ന് ആത്മാവിന് തോന്നി .അവൾ എന്തെടുക്കുകയാവും എന്നറിയാനായി ആത്മാവ് ചാരിക്കിടന്ന വാതിലിനു വിടവിലൂടെ മെല്ലെയാ മുറിയിലേക്ക് പ്രവേശിച്ചു .
അതാ അവൾ നിലത്തുവിരിച്ചപായയിലിരുന്നു ഖുർആൻ ഓതുകയാണ് .അവൽക്കരികിലായി കട്ടിലിൽ തന്റെ പൊന്നുമോൾ ഉറങ്ങിക്കിടക്കുന്നു .ഖുർആൻ ഓതുന്നതിനിടയിൽ ഇടയ്ക്കിടെ അവൾ വാത്സല്യത്തോടെ തന്റെ മോളുടെനേർക്ക് നോക്കുന്നുണ്ട് .ഈ കരളിന് ഇമ്പമേകുന്ന കാഴ്ചകണ്ട് ഏതാനും നിമിഷം ആത്മാവ് മതിമറന്നുനിന്നുപോയി .പെറ്റുമ്മയുടെ സ്നേഹം നിഷേധിക്കപ്പെട്ട തന്റെ പൊന്നുമോളെ അയാൾ കൊതിയോടെ നോക്കിക്കണ്ടു .ഈ സമയം ഖുർആൻപാരായണം മതിയാക്കി പ്രാർത്ഥിക്കാൻ തുടങ്ങി അവൾ .
"അല്ലാഹുവേ എന്റെ ഇക്കാക്കയുടെ പാപങ്ങൾ പൊറുത്തു കൊടുക്കേണമേ .അദ്ദേഹത്തിന് സ്വർഗം നൽകേണമേ .സ്വർഗീയ ഭക്ഷണങ്ങളും വസ്ത്രങ്ങളും അദ്ദേഹത്തിന് പകർന്നുനൽകേണമേ .ഞങ്ങളേയും ഇക്കാക്കയേയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടേണമേ ."തനിക്കുവേണ്ടിയുള്ള മുറപ്പെണ്ണിന്റെ ഉള്ളിൽതട്ടിയുള്ള പ്രാർത്ഥനകൾ കണ്ട് ആ ആത്മാവിന്റെ ഹൃദയം കുളിരണിഞ്ഞു .ഒരിക്കൽക്കൂടി അവന്റെ കണ്ണുകളിൽ നിന്നും ആനന്താശ്രുക്കൾ അടർന്നുവീണു .
യഥാർത്ഥ സ്നേഹം എന്തെന്ന് ആത്മാവ് അനുഭവിച്ചറിയുകയായിരുന്നു ആ നിമിഷം .തന്റെ മുറപ്പെണ്ണിന്റെ മനസ്സിന്റെ സൗന്ദര്യം കണ്ട് ആത്മാവിന്റെ ഹൃദയം കുറ്റബോധത്താൽ പിടഞ്ഞു .ഇത്രയും മനഃശുദ്ധിയും ,സ്നേഹവതിയുമായ പെണ്ണിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചിട്ടാണല്ലോ താൻ തൊലിവെളുപ്പുള്ള പെണ്ണിന്റെ സൗന്ദര്യത്തിൽ മയങ്ങി പിന്നാലെ പോയത് .ശരീര സൗന്ദര്യത്തേക്കാൾ വലുത് മാനസൗന്ദര്യമാണെന്നു ആ നിമിഷം അവന്റെ ആത്മാവ് തിരിച്ചറിഞ്ഞു .ഇവളുടെ സ്നേഹം തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരുനാൾ താൻപോയി .അന്ന് നിറമിഴികളോടെ അവൾ പറഞ്ഞ വാക്കുകൾ ഒരിക്കൽകൂടി അവന്റെ മനസ്സിൽ മറ്റൊലികൊണ്ടു .
"ഇക്കാക്കയ്ക്ക് മനസ്സുകൊണ്ട് എന്നെ ഇഷ്ടപ്പെടാൻ കഴിയുന്നില്ലെങ്കിൽ ഒരിക്കലും എന്നെ വിവാഹം കഴിക്കണമെന്നു ഞാൻ പറയില്ല .കുടുംബജീവിതത്തിൽ മറ്റെന്തിനെക്കാട്ടിലും പ്രാധാന്യം മനപ്പൊരുത്തത്തിനാണല്ലോ .?അതുകൊണ്ട് ഇക്കാക്ക ഇഷ്ടമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുക .എന്റെ എല്ലാവിധ പ്രാർത്ഥനകളും ,ഇക്കാക്കയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകും .എന്റെ മനസ്സുനിറയെ ഇക്കാക്കയോടുള്ള സ്നേഹവും .ഇക്കാക്കയ്ക്ക് പിറക്കുന്ന കുട്ടികൾ എന്റെയുംകൂടി കുട്ടികൾ ആയിരിക്കും എന്നും ."
ഇതാ അവൾ ഇന്നും വാക്കുപാലിച്ചിരിക്കുന്നു .മനസ്സുനിറച്ചും തന്നോടുള്ള സ്നേഹവും ,തന്റെ ഓർമകളുമായി തന്റെ മോളേയും നോക്കി അവളിതാ കഴിഞ്ഞുകൂടുന്നു .താൻ മറ്റാരേക്കാളും വിശ്വസിച്ചുകൊണ്ട് കൂടെക്കൂട്ടി സ്നേഹംപകർന്നുനൽകിയ തന്റെ ഭാര്യയോ .?കഴിഞ്ഞതെല്ലാം മറന്നുകൊണ്ട് പെറ്റകുഞ്ഞിനെപ്പോലും ഉപേക്ഷിച്ചുകൊണ്ട് കാമുകനൊപ്പം സുഖിക്കുന്നു .ആത്മാവ് മനസ്സിൽ ചിന്തിച്ചു .
"ഇനിയൊരു സ്വർഗീയ ജീവിതമുണ്ടെങ്കിൽ അവിടെ എന്റെ ഇണയായി ,എന്റെ മോളുടെ പൊന്നുമ്മയായി നിന്നെത്തരണമെന്ന് ഞാൻ ആല്ലാഹുവിനുമുന്നിൽ കേണപേക്ഷിക്കും ."നിറമിഴികളോടെ മുറപ്പെണ്ണിനെനോക്കി അത്രയും പറഞ്ഞിട്ട് ഒരുകുളിർ തെന്നലായിക്കൊണ്ട് മോളേയും അവളേയും തഴുകിക്കൊണ്ട് തേങ്ങുന്ന ഹൃദയവുമായി ദൂരേക്ക് പറന്നകന്നു അവന്റെ ആത്മാവ്.