(Sathy P)
മുറ്റത്തെ മാവിൻകൊമ്പിലിരുന്നു മുല്ലവള്ളിയോടു കിന്നാരം ചൊല്ലുകയായിരുന്നു കുഞ്ഞിക്കുരുവി. തുമ്പിമോളെ കുറച്ചു ദിവസമായി പുറത്തെങ്ങും കാണുന്നില്ല, അതായിരുന്നു വിഷയം. അപ്പോഴാണ് പടിഞ്ഞാറു നിന്നും കിതച്ചലച്ചു വരുന്ന കാറ്റിനെ അവർ കണ്ടത്.
"എന്തോ പന്തികേടുണ്ടല്ലോ!"
കാറ്റിന്റെ വരവു കണ്ടു കുരുവി പറഞ്ഞു.
കുരുവി, ചില്ലയിൽ കാലുറപ്പിച്ചിരുന്നു. ഊർദ്ധ്വൻ വലിച്ചെന്നപോലെയാണ് പടിഞ്ഞാറൻ കാറ്റ് മാവിൻ കൊമ്പിൽവന്നലച്ചു നിന്നത്. കാറ്റിന്റെ ശക്തിയിൽ മുല്ലവള്ളി വല്ലാതൊന്നുലഞ്ഞു. കുറേ മുല്ലപ്പൂക്കൾ കൊഴിഞ്ഞു വീണു, കുറെയധികം മാമ്പൂക്കളും.
മുല്ലവള്ളി കാറ്റിനെ ശകാരിച്ചു:
"എന്റെ കാറ്റേ, നിനക്കൊന്നു പയ്യെ വന്നുകൂടേ, തുമ്പിമോളില്ലാത്തതു കൊണ്ട്, അല്ലെങ്കിൽത്തന്നെകൊഴിഞ്ഞ പൂക്കളൊക്കെ കരിഞ്ഞുപോയി. ഇനിയിതൊക്കെ ആർക്കു വേണ്ടിയാ നീ കൊഴിച്ചിട്ടത്?"
മാവിനും അരിശം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.
കാറ്റ് ഒന്നും മിണ്ടാതെ മുല്ലവള്ളി ചുറ്റിപ്പടർന്ന ചില്ലയിലെ മാവിലകൾക്കിടയിൽ മുഖം പൂഴ്ത്തി തേങ്ങി. അതു വീശാൻ മറന്നു. അന്തരീക്ഷം നിശ്ചലമായി, ഒരില പോലും അനങ്ങുന്നില്ല.
കുരുവിയുടെ കണ്ണുകൾ അപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിലായിരുന്നു. തനിക്കുള്ള ബിസ്കറ്റുമായി തുമ്പിമോൾ വരുന്നുണ്ടോ, അവൾ വന്നാൽ, പതിവുപോലെ ഈ പൂക്കളൊക്കെ പെറുക്കി മാല കോർക്കുമായിരിക്കും.
പക്ഷേ, നിരാശ മാത്രം ബാക്കിയാക്കിക്കൊണ്ട്, വാതിൽ അടഞ്ഞുതന്നെ കിടന്നു.
മുല്ലവള്ളി പതിയെ തേങ്ങുന്ന കാറ്റിനെ തട്ടി വിളിച്ചു ചോദിച്ചു:
"എന്തു പറ്റി ചങ്ങാതി?"
കാറ്റ് തേങ്ങലടക്കാൻ പാടുപെട്ടുകൊണ്ടു പറഞ്ഞു:
"ഞാൻ കേട്ടതൊന്നും സത്യമാവല്ലേയെന്നാണ് എന്റെ പ്രാർത്ഥന."
"അതിനു കാറ്റേ, താനെന്താണ് കേട്ടത്?" കുരുവി ശുണ്ഠിയെടുത്തു.
"നമ്മുടെ തുമ്പിമോൾ ആശുപത്രിയിലാണത്രേ!"
"ആശുപത്രിയിലോ, എന്തിന്?" കുരുവി താഴത്തെ കൊമ്പിൽ പറന്നിരുന്നുകൊണ്ടു ചോദിച്ചു.
"കുഞ്ഞിന് ഇപ്പോഴത്തെ അസുഖമായിരിക്കും." മാവ് ആരോടെന്നില്ലാതെ പറഞ്ഞു.
"ആണോ, കൊറോണയാണോ തുമ്പി മോൾക്ക്?" മുല്ലവള്ളി ആകാംക്ഷയോടെ കാറ്റിനെ നോക്കി.
"ആ നരാധമൻ, അസുരൻ സ്വന്തം കുഞ്ഞിനെ..."
കാറ്റിനു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
"ഒന്നു തെളിച്ചു പറയുമോ കാറ്റേ..."
"തുമ്പിമോൾ അമ്മയാകുന്നെന്ന്..."
"കാറ്റേ, അസംബന്ധം പറയുന്നോ, അതും മുലകുടി മാറാത്ത കുട്ടിയെക്കുറിച്ച്!" ഇത്തവണ മാവാണ് ക്ഷോഭിച്ചത്.
മുല്ലവള്ളി, കാറ്റിനെ തുറിച്ചു നോക്കി. കുരുവിപ്പെണ്ണ് മാവിൻകൊമ്പിൽ കൊക്കുകൊണ്ട് ചന്നം പിന്നം കൊത്തി ദേഷ്യം തീർത്തു.
"മുലകുടി മാറാത്ത കുട്ടിയെന്ന് അവളെ ജനിപ്പിച്ച ആ നികൃഷ്ടജന്മത്തിനു തോന്നണ്ടേ, അവന്റെ പരാക്രമം തീർത്തത് ആ പാവം പത്തു വയസ്സുള്ള കുഞ്ഞിലാണെന്ന്! അവളിപ്പോൾ പൂർണ്ണ ഗർഭിണിയാണെന്ന്... കുഞ്ഞിന്റെ ആരോഗ്യമോർത്തു ഗർഭമലസിക്കാൻ അമ്മ കോടതിയിൽ പോയി പോലും. നീതിപീഠം പോലും തല കുനിച്ചെന്ന്. നീതിദേവത ഇറങ്ങി ഓടിക്കാണും.
കാറ്റ് ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് മാവിൻ കൊമ്പുലച്ചു.
നേരെ മുകളിൽ കാറ്റിനെയും മുല്ലവള്ളിയെയും കൂട്ടുകാരെയും വീക്ഷിച്ചുകൊണ്ടിരുന്ന സൂര്യൻ പെട്ടെന്ന് മേഘങ്ങൾക്കിടയിൽ മറഞ്ഞു.
മഴക്കാർ മൂടിയതുപോലെ എങ്ങും ഇരുട്ടു പരന്നു.
കഥയറിയാത്ത മേഘം സൂര്യനോടു ചോദിച്ചു: "അങ്ങെന്താണ് സമയമാകും മുമ്പേ പോകാനൊരുങ്ങുന്ന്നത്?"
"സഹിക്കാനാവുന്നില്ല മുകിലേ... ഞാനുമൊരച്ഛനല്ലേ! ഇവിടെ നിന്നുകൊണ്ട് ഞാനെന്നും എത്ര പുത്രിമാരെ കാണുന്നു! ഒരിക്കലും ഞാനവരെ ഒന്നു വേദനിപ്പിച്ചിട്ടു പോലുമില്ല. എന്റെ പ്രിയ താമരപ്പെണ്ണ് ചേറിലല്ലേ നിൽക്കുന്നത്... അവളുടെ ഒരു ദലം പോലും ഞാനിന്നേവരെ കരിച്ചിട്ടില്ല. എന്റെ കിരണങ്ങൾ അവയെയൊക്കെ തഴുകിത്താലോലിച്ചിട്ടേയുള്ളൂ. മനുഷ്യരെന്താണിങ്ങനെ...?"
"പിഞ്ചു കുഞ്ഞുങ്ങളെ, സ്വന്തം മക്കളെപ്പോലും അവരെന്തേ കാമക്കണ്ണുകൊണ്ടു കാണാൻ മാത്രം അധഃപതിച്ചു?"
കഷ്ടംതന്നെ ദേവാ, കഷ്ടംതന്നെ! കേട്ടിട്ടു കരളു പൊടിയുന്നു... ഞാനും പലതും കാണുന്നുണ്ട്. മനുഷ്യ വർഗ്ഗം മൃഗങ്ങളെക്കാൾ അധഃപതിച്ചിരിക്കുന്നു. പണത്തിനും ആർഭാടത്തിനും വേണ്ടി അവരെന്തു ഹീനകർമ്മവും ചെയ്യുമെന്നായിരിക്കുന്നു. അമ്മയായ ഭൂമീദേവിയെ വന്ദിക്കുന്നില്ലെന്നു മാത്രമല്ല, ദിനംപ്രതി അവളെ വിരൂപയാക്കിക്കൊണ്ടുമിരിക്കുന്നു. പെറ്റമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നു. സ്ത്രീകൾ, അത് അമ്മയോ സഹോദരിയോ സ്വന്തം മകളോ അയാൽപ്പോലും വെറുതേ വിടുന്നില്ല. വൃദ്ധരായ മാതാപിതാക്കളെ റെയിൽവേ സ്റ്റേഷനിലും അമ്പലമുറ്റത്തുമൊക്കെ ഉപേക്ഷിക്കുന്നു. പ്രായഭേദമന്യേ ആരും ഇതിൽ നിന്നൊന്നും വ്യത്യസ്തരല്ല. ഇത്തരക്കാരുടെ ക്രൂരതകളുടെ കാഠിന്യം മൂലം നല്ലവരുടെ പ്രാർത്ഥനകൾക്കും സദ്പ്രവൃത്തികൾക്കും ഫലമില്ലാതെ പോകുന്നു. എല്ലാം കണ്ടു മരവിച്ചു, പെയ്യാൻ പോലും മറന്നു നിൽക്കുകയാണ് ദേവാ ഞാൻ."
സൂര്യൻ ദീർഘമായൊന്നു നിശ്വസിച്ചു. വീണ്ടും കരിമേഘങ്ങൾക്കുള്ളിൽ കൂടുതൽ മറഞ്ഞിരുന്നു കണ്ണീർ പൊഴിച്ചു.
സങ്കടം അണപൊട്ടിയ മേഘം കണ്ണുനീർ നിറഞ്ഞു പെയ്യാൻ തുടങ്ങി. കാറ്റ് കലിപൂണ്ട് ആഞ്ഞു വീശി. മാവു തന്റെ പൂവെല്ലാം കൊഴിച്ചിട്ടു... മുല്ലവള്ളി മുടിയഴിച്ചിട്ടു പൂ പൊഴിച്ചു. കുരുവി മാങ്കൊമ്പിൽ തലതല്ലി സങ്കടം തീർത്തു.
തുമ്പിമോളുടെ കുരുന്നു മുഖം ഓർക്കുന്തോറും അവർക്കാർക്കും സ്വയം നിയന്ത്രിക്കാനായില്ല. പാവം കുഞ്ഞ്, അവൾ അപകടാവസ്ഥയിലാണ്, അവൾക്ക് എന്തും സംഭവിക്കാം. ആരോട് പറയും തങ്ങളുടെ സങ്കടം!
മുകിലിന്റെ ദുഃഖം നിർത്താതെ പെയ്ത മഴയായി തോടുകളും കുളങ്ങളും പുഴയും വയലുമെല്ലാം കവിഞ്ഞു വീടുകളിലേയ്ക്ക് കയറിക്കിച്ചെന്നു സർവ്വം മുക്കിക്കളഞ്ഞു. കാറ്റ് ആഞ്ഞാഞ്ഞു വീശി സകലതും തകർത്തെറിഞ്ഞ് ഒറ്റയാനെപ്പോലെ അലറി വിളിച്ചു... നിലയ്ക്കാത്ത കാറ്റിനും മഴയ്ക്കും, ഉദിക്കാത്ത സൂര്യനും മുന്നിൽ ഭൂമീദേവി വിവശയായി. പക്ഷേ, പതിവുപോലെ തന്റെ മക്കൾക്കുവേണ്ടി അവൾ യാചിച്ചില്ല, ആവോളം അവൾ മുങ്ങിത്താണു. വിണ്ടുകീറി സ്വയം ഇല്ലാതാവാനൊരിടം തേടി കണ്ണീർ വാർത്തു.
മനുഷ്യനെ സൃഷ്‌ടിച്ച ജഗന്നിയെന്താവു തന്റെ സൃഷ്ടി കർമ്മം എന്നേക്കുമായി നിർത്തിവച്ചു. സംസ്കാരമുള്ളവനെന്നു സ്വയം പറഞ്ഞു മൃഗങ്ങളെക്കാൾ അധഃപതിച്ച മനുഷ്യമൃഗത്തിനെ താനിനി ഭൂമിക്കായി നൽകില്ലെന്ന് ആ ശക്തി പ്രതിജ്ഞയെടുത്തു.
ഇനിയും പഠിക്കാത്ത മനുഷ്യാ, നിയന്ത്രിക്കാനാവാത്ത വികാരങ്ങളിൽ നീ സ്വയമില്ലാതാവട്ടെ! കാമക്രോധലോഭമോഹങ്ങളെ നിയന്ത്രിക്കാനാവാത്ത ഹീനജനങ്ങളേ, അമ്മയെയും പെങ്ങളെയും മകളെപ്പോലും തിരിച്ചറിയാനാവാത്ത പുരുഷന്മാരുടെയും, സ്വന്തം കുഞ്ഞുങ്ങളെ ബലിയാടാക്കുന്ന സ്ത്രീകളുടെയും, വൃദ്ധരായ മാതാ പിതാക്കളെ വലിച്ചെറിയുന്നവരുടെയും, പ്രകൃതിയെപ്പോലും താറുമാറാക്കുന്നവരുടെയും ഈ തലമുറതന്നെ നശിച്ചുപോകട്ടെ!
മേഘം പെയ്തു കൊണ്ടേയിരുന്നു, കാറ്റ് വീശിക്കൊണ്ടും.
സ്വപുത്രരുടെ നീച കർമ്മങ്ങളിൽ മനം നൊന്തു ഭൂമി തിരിയാൻ പോലും മറന്നു നിന്നു. ഉദയാസ്തമായങ്ങളില്ലാതായി, എങ്ങും ഇരുട്ടുമൂടി.