(Abbas Edamaruku )
സായാഹ്നവെയിൽ പരന്നുകിടക്കുന്ന ചെമ്മൺപാതയിലൂടെ ഇളംകാറ്റും കൊണ്ടുകൊണ്ട് ടൗണിലേയ്ക്ക് നടക്കവേ, പൊടുന്നനെ എതിർവഴിയിൽനിന്നും നിറപുഞ്ചിരിയുമായി 'മുക്രിക്കാ'എന്നുവിളിക്കുന്ന മദ്രസയിലെ പഴയ അധ്യാപകൻ മുന്നിൽ വന്നു പെട്ടു. ഇളവെയിൽ പരന്നുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ നെൽപ്പാടത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ. അവരുടെ കളികൾ നോക്കി ആസ്വദിച്ചുനിൽക്കവേ, അടുത്തെത്തിക്കൊണ്ട് എന്റെ കരം കവർന്നു മുക്രിക്കാ.
"അബ്ദു, എവിടേയ്ക്കാ?"
"വെറുതേ ടൗണുവരെ." ഞാൻ മറുപടി നൽകി.
"ബാപ്പയില്ലേ വീട്ടിൽ?"
"ഉണ്ട്." പറഞ്ഞിട്ട് ഞാൻ എന്തിനെന്നറിയാനായി മുക്രിക്കായുടെ മുഖത്തേക്ക് നോക്കി.
"ബാപ്പയോട് കുറച്ചു രൂപ കടമായി ചോദിച്ചിരുന്നു. അത് വാങ്ങിക്കാനാണ്. വല്ലാത്ത ചെയ്ത്തായി പോയില്ലേ? മഹല്ലുകാര് എന്നോട് ചെയ്തത്. ആകെയുണ്ടായിരുന്ന ജോലിയിൽ നിന്നും പ്രായാധിക്യത്തിന്റെ പേരും പറഞ്ഞെന്നെ പിരിച്ചുവിട്ടു. ഇപ്പോൾ ആകെയുള്ള വരുമാനം മാസാമാസം കിട്ടുന്ന പെൻഷൻ മാത്രമാണ്."
ദൈന്യത നിറഞ്ഞ മുക്രിക്കായുടെ മുഖവും ,വാക്കുകളും എന്നിൽ സങ്കടത്തിന്റെ മറകൾ തീർത്തു. ഞാൻ ഒരുനിമിഷം ഒന്നും മിണ്ടാതെനിന്നു. അല്ലെങ്കിലും എന്തുപറയാനാണ് .?നെൽപ്പാടങ്ങളെ തഴുകിയെത്തിയ ഒരു കാറ്റ് ഞങ്ങളെ തഴുകിക്കടന്നുപോയി.
"പള്ളിയിൽ നിന്നും കിട്ടിയിരുന്ന മാസശമ്പളംകൊണ്ട് വളരെ കഷ്ടിച്ചാണ് ഞങ്ങൾ കഴിഞ്ഞുകൂടിയിരുന്നത് .അതു നിലച്ചതോടെ വല്ലാത്ത അവസ്ഥയിലായി ജീവിതം .ഇതിനിടയ്ക്കാണ് ഭാര്യയ്ക്ക് അസൂഖം കൂടിയത് .ഒരുമാസത്തെ മരുന്നിനുതന്നെ വേണം ഇപ്പോൾ രണ്ടായിരം രൂപ .മറ്റെന്തെങ്കിലും പണിയെടുക്കാമെന്നു വെച്ചാൽ അതിനുള്ള ആരോഗ്യവുമില്ല ."മുക്രിക്കായുടെ വാക്കുകൾ ഇടറി .കണ്ണുകളിൽ നനവൂറി.
മുക്രിക്കായെ പിരിച്ചുവിട്ടുകൊണ്ട് പള്ളിയിൽ പുതിയ മുക്രിയെ നിയമിച്ചകാര്യം ഞാനും അറിഞ്ഞതാണ് .പുതിയ കമ്മറ്റി നിലവിൽ വന്നപ്പോൾ ഐക്യകണ്ഠമായെടുത്ത തീരുമാനമാണ് ...പ്രായമായ മുക്രിക്കായെ പിരിച്ചുവിട്ടുകൊണ്ട് പുതിയ ഒരാളെ നിയമിക്കുക എന്നത് .ഇത്രയും കാലത്തെ സേവനത്തിനുള്ള പ്രതിഫലമായി മാസാമാസം ആയിരം രൂപ മഹല്ലിന്റെ വകയായി പെൻഷൻ കൊടുക്കാനും അന്ന് കമ്മറ്റി തീരുമാനമെടുത്തിരുന്നു .
പോക്കറ്റിൽ നിന്ന് നൂറുരൂപ എടുത്ത് മുക്രിക്കായുടെ കൈയിൽ വെച്ചുകൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു .
"ഉസ്താദ് ചായ കുടിച്ചുകൊള്ളൂ ..."
കൃതജ്ഞതയോടെ എന്നെനോക്കിക്കൊണ്ട് പൈസ വാങ്ങി പോക്കറ്റിലിട്ടു മുക്രിക്കാ .
"എന്നാ ഞാൻ ...ഇരുട്ടും മുൻപ് വീട്ടിലോട്ട് ചെല്ലട്ടെ ."മുക്രിക്കാ മുന്നോട്ട് നടന്നു .
ഏതാനും വാഹനങ്ങൾ എന്നെ മറികടന്നുകൊണ്ട് മുന്നോട്ടുപോയി .അതിലൊന്നിലിരുന്ന സുഹൃത്തുക്കളിലൊരാൾ എന്നെനോക്കി കൈവീശി കാണിച്ചുകൊണ്ട് വരുന്നുണ്ടോ എന്ന് ചോദിച്ചു .സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചുകൊണ്ട് ഞാൻ വീണ്ടും മുന്നോട്ട് നടന്നു .
പണ്ടുകാലത്ത് എത്ര പ്രതാപിയായിരുന്നു മുക്രിക്കാ .എന്നേയും ,എന്റെ ബാപ്പയെയുമൊക്കെ മദ്രസയിൽ ഓത്തുപടിപ്പിച്ച ഉസ്താദാണ് അദ്ദേഹം .മഹല്ലിലെ മൂന്നുതലമുറയുടെ ഉസ്താദ് .നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥൻ .പള്ളിയിൽ ബാങ്ക് വിളിക്കുന്നതും ,ചിലപ്പോഴെല്ലാം നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നതും മുക്രിക്കായാണ് .എല്ലാവരോടും പുഞ്ചിരിനിറഞ്ഞ മുഖത്തോടുകൂടിയെ മുക്രിക്കാ ഇടപെടാറുള്ളൂ .
മുൻപൊക്കെ ,സീസണായാൽ വീടുകളിൽ ...മൗലീദുകളും റാത്തീബുകളുമൊക്കെ നടത്തുമായിരുന്നു .കുടുംബാങ്ങങ്ങളും ...മതപണ്ടിതന്മാരുമൊക്കെ ഒത്തുകൂടി പ്രവാചക പ്രകീർത്തനങ്ങളും ...ഖുർആനിക മന്ത്രങ്ങളുമൊക്കെ ഉരുവിട്ടുകൊണ്ടുള്ള നേർച്ചകൾ .ആ വേദികളിലൊക്കെ മറ്റുപണ്ഢിതന്മാർക്കൊപ്പം മുക്രിക്കായും മുൻനിരയിലുണ്ടാവും .
വീടുകളിലും ...മറ്റും പോത്ത് ,കോഴി ഇതിനെയൊക്കെ അറുക്കാനും ,കുട്ടികൾക്ക് നൂല് മന്ത്രിക്കാനും ,തലയിൽ മന്ത്രിക്കാനുമൊക്കെ അന്ന് നാട്ടുകാർക്ക് ഏക ആശ്രയം മുക്രിക്കാ ആയിരുന്നു .റബ്ബിയുൽഅവ്വൽ മാസമായാൽ എല്ലാവീട്ടിലുമെന്നപോലെ എന്റെ വീട്ടിലുമുണ്ടാകും പന്ത്രണ്ടുദിവസത്തെ മൗലീദ് പാരായണം .അന്നൊക്കെ മുക്രിക്കാ സമ്പന്നനായിരുന്നു .
എന്റെ വീട്ടിൽ ബാപ്പയ്ക്ക് , പ്രിയപ്പെട്ട ആളായിരുന്നു മുക്രിക്കാ .വീട്ടിൽ എന്തെങ്കിലും കൃഷി വിളവെടുത്താൽ ബാപ്പ എന്നെ വിളിച്ചു പറയും .
"അബ്‌ദു ,കുറച്ച് ആ മുക്രിക്കായ്ക്ക് കൊടുക്കണം .വല്ലാത്ത കഷ്ടപ്പാടാണ് അദ്ദേഹത്തിന്റെ വീട്ടിൽ ."
ഒന്നുകിൽ ഞാൻ ആ സാധനങ്ങൾ മുക്രിക്കായുടെ വീട്ടിൽ കൊണ്ടുക്കൊടുക്കും .അല്ലെങ്കിൽ വിവരം അറിയിക്കും മുക്രിക്കാ വന്ന് അതുകൊണ്ടുപോകും .ഇന്ന് അതെല്ലാം അന്യമായിരിക്കുന്നു .നേർച്ചകളും , മൗലീദുകളുമൊന്നും എങ്ങും കാണാനില്ല .വിശ്വാസങ്ങളും ...ആചാരങ്ങളുമൊക്കെ അന്യമായിരിക്കുന്നു .
സന്ധ്യകഴിഞ്ഞിരുന്നു ഞാൻ വീട്ടിൽ മടങ്ങിയെത്തുമ്പോൾ .അപ്പോഴുണ്ട് അതാ വീടിന്റെ പിൻവശത്തായി ഒരാൾക്കൂട്ടം .അയൽക്കാരിൽ പലരുമുണ്ട് .ആളുകളെ വകഞ്ഞുമാറ്റിക്കൊണ്ട് ഞാൻ ആകാക്ഷയോടെ അവിടേയ്ക്ക് എത്തിനോക്കി.
വിറകുപുരയ്ക്കുള്ളിൽ നിന്ന് ഒരു വലിയ പാമ്പിനെ വടിയിൽ തോണ്ടി ബാപ്പ പുറത്തേയ്ക്കിട്ടു. കാഴ്ചയിൽ മൂർഖനാണെന്നു തോന്നി.
"എന്റെ റബ്ബേ, കടിക്കണ്ടതായിരുന്നു. വിറകെടുക്കാൻ ചെന്ന ഞാൻ... സീൽക്കാരം കേട്ടതുകൊണ്ടുമാത്രമാണ് ലൈറ്റടിച്ചു നോക്കിയത്. ഇല്ലെങ്കിൽ..." ഉമ്മാ വിറയ്ക്കുകയാണ്.
"ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമല്ലേ വിറകുപുരയിൽ പാമ്പിനെ കാണുന്നത് .കഴിഞ്ഞ ആഴ്ചയല്ലേ ഒന്നിനെ കണ്ടത്.?" അയൽ വീട്ടിലെ 'നഫീസാ' ഇത്താ ഉമ്മയെനോക്കി ഭീതിയോടെ പറഞ്ഞു.
"അതെ ,ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്. എന്തായാലും ഇനി വൈകിക്കൂടാ .നാളെത്തന്നെ ആ മുക്രിക്കാനെ വിളിച്ചുകൊണ്ടുവന്ന് ശൈഖിന്റെ പേരിൽ മൗലീദ് ഓതി ...നേർച്ച കഴിക്കണം .പാമ്പ് ഇങ്ങനെ നിത്യ സന്ദർശനം തുടങ്ങിയാൽ എന്താ ചെയ്യുകാ?" ഉമ്മാ ആത്മഗതമെന്നോണം പറഞ്ഞു .
"അതെ ഇത്താ ,എനിക്കും നേർച്ചകഴിക്കണം .കഴിഞ്ഞദിവസം എന്റെ വീട്ടിലെ കുളിമുറിയിൽ ഒരു പാമ്പ്. ചെയ്യേണ്ടുന്ന പലതും മുടങ്ങിപ്പോയതുകൊണ്ടാണ് ഇവറ്റകളൊക്കെ വീട്ടിലേയ്ക്ക് കയറിവരുന്നത്." നഫീസാ ഇത്താ ഉമ്മയെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.
"അതെ ,ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ നഷ്ടപ്പെട്ടതാണ് ഇതിനൊക്കെ കാരണം .ഇതിലൊക്കെ ആർക്കാണ് ഇപ്പോൾ വിശ്വാസം .എല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു നഷ്ടമായില്ലേ.?" മുതിർന്നവരിൽ ആരോ പറഞ്ഞു.
ഉമ്മയുടേയും, നഫീസാ, ഇത്തയുടെയും വിശ്വാസങ്ങൾ... അങ്ങനെതന്നെ നിലനിൽക്കട്ടെ. മുക്രിക്കാക്ക് അങ്ങനെയെങ്കിലും കുറച്ചു പൈസ കിട്ടുമല്ലോ? ഞാൻ മനസ്സിൽ ചിന്തിച്ചു.
ഉമ്മയുടേയും നഫീസാ ഇത്തയുടേയുമെല്ലാം... സങ്കടങ്ങൾ തീർക്കാൻ... പ്രശ്നത്തിന് പരിഹാരം കാണാൻ മുക്രിക്കാ ഉണ്ട്. മുക്രിക്കായുടെ സങ്കടങ്ങൾ തീർക്കാൻ... അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരുണ്ട്? പാവം മുക്രിക്കാ. മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വീട്ടിനുള്ളിലേക്ക് നടന്നു.