(Divya Reenesh)
മനോഹരമായ രചനകളിലൂടെ കടന്നുപോകുമ്പോൾ, അതെഴുതിയ വ്യക്തിയെ നാം അതിരുകടന്ന് അഭിനന്ദിച്ചുപോകുന്നത് ഒരു ദൗർബല്യമാണോ. ദിവ്യ റീനിഷ് അഭിനന്ദനം അർഹിക്കുന്നു.
"അവസാനത്തിൻ്റെ ആരംഭമാണ് ജീവിതം…" സേവ്യർ പതുക്കെപ്പറഞ്ഞു. റോഡിൽ അപ്പോൾ മഴപെയ്തു തോർന്നിട്ട് അധികനേരമായിരുന്നില്ല. തണുത്ത കാറ്റിനൊപ്പം വഴിമരങ്ങൾ പതുക്കെ പെയ്യാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും ഒരു വെളുത്ത ടവൽ പുറത്തെടുത്ത് അയാൾ മടക്കുകൾ നിവർത്തി തലയിലൂടെ ചെവിയിലേക്ക് ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ തുടച്ചെടുത്തു. കീശയിൽ നിന്നെടുത്ത വെളുത്ത ടവലിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടെന്നയാൾ സനിതയെ ഓർത്തു. എത്ര ഭംഗിയായിട്ടായിരുന്നു അവൾ തനിക്ക് ടവൽ മടക്കിത്തരാറുണ്ടായിരുന്നത്…
മഴ നനഞ്ഞതു കാരണം അയാൾക്ക് നടക്കാൻ ബുദ്ധിമുട്ട് തോന്നി. കഴിഞ്ഞ ശനിയാഴ്ച അങ്ങാടിമുക്കിലെ സോമേട്ടൻ്റെ 'വിത്ത് യൂ ഫൂട്ട് വെയറിൽ' നിന്നും വാങ്ങിയ പുത്തൻ ചെരുപ്പ് നനഞ്ഞപ്പോൾ നന്നായി വഴുക്കാൻ തുടങ്ങിയിരിക്കുന്നു. നടക്കുമ്പോൾ കാൽ മടമ്പുമായി കൂട്ടിയുരഞ്ഞ് അത് പ്രാക്... പ്രാക്...പ്രാക്ക്... എന്ന ഒരു തരം ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
നടന്നിട്ടും നടന്നിട്ടും എങ്ങും എത്താത്തത് പോലെ, വല്ലാതെ കിതയ്ക്കുകയും ചെയ്യുന്നു. ഇടയ്ക്കൊന്നു നിന്ന് കിതപ്പമർത്തുമ്പോഴും ജോലിസ്ഥലത്തെത്താനുള്ള തിടുക്കമായിരുന്നു അയാൾക്ക്. ചെങ്കുത്തായ റോഡിന്റെ അരികു പറ്റി നടക്കെ സേവ്യറിന്റെ ഫോൺ റിംഗ് ചെയ്തു. വർക്ക് ഷോപ്പിൽ നിന്നും എബിയാണ്. ബൈക്ക് റെഡിയായിട്ടുണ്ട്. വൈകുന്നേരം ഹോസ്പിറ്റലിൽ പോകുന്നതിനു മുൻപ് അതെടുക്കണം എങ്കിലേ കാര്യങ്ങൾ വിചാരിച്ച് പടി നടക്കൂ. വളവ് തിരിഞ്ഞു റോഡരുകിലെ കപ്പേളയിലേക്ക് കയറി മെഴുകുതിരി കത്തിച്ച് അയാൾ എന്നത്തേയും പോലെ പ്രാർത്ഥിച്ചു. 'മാതാവേ, എന്നും ഇതു പോലെ വന്ന് പ്രാർത്ഥിക്കാനുള്ള ആരോഗ്യം തരണേ'യെന്ന്.
സേവ്യറിന് കൂടിപ്പോയാൽ ഒരു നാല്പത് വയസ്സുകാണും. സുമുഖൻ, സൽഗുണ സമ്പന്നൻ... ആഴ്ചയിൽ ഒരിക്കലുള്ള ഡയാലിസിസ് ഒഴിച്ചാൽ ഈ ജീവിതം അയാളെന്തുകൊണ്ടും ആസ്വദിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. കപ്പേള കഴിഞ്ഞുള്ള രണ്ടാമത്തെ വളവിലെ ആദ്യത്തെ ഹോട്ടലിലാണ് അയാൾ സീനിയർ ഷെഫ് ആയി ജോലിചെയ്യുന്നത്. ഡ്യൂട്ടിക്ക് കയറുമ്പോൾ സമയം ആറേ അൻപത്. പത്ത് മിനുട്ട് നേരത്തെയാണ്. ഫോണിലേക്ക് വന്ന ഇന്നത്തെ ഹോട്ടൽ മെനുവിലേക്ക് അയാൾ വെറുതെ ഒന്നു കണ്ണോടിച്ചു. നീണ്ട പത്ത് വർഷത്തെ സേവനം... അയാൾക്കതെല്ലാം ഹൃദ്യസ്തമായിരുന്നു. ഡ്രസ്സിംഗ് റൂമിൽ കയറി വെളുത്ത കോട്ടൺ ബനിയനും, ഓവർക്കോട്ടും, പാന്റും എടുത്തിട്ടു. ഏപ്രിൻ ധരിച്ച് തലയിലിടാനുള്ള തൊപ്പി കയ്യിൽക്കരുതി അടുക്കളയിലേക്ക് നടന്നു.
"സേവ്യറച്ചായോ…"
അൻവർ. പുതിയ പയ്യനാണ്.
"ആ, നീയോ"
"അച്ചായനെപ്പളാ ആശൂത്രിപ്പോന്നേ?."
"വൈകുന്നേരം നാലിനാണ്. ഡ്യൂട്ടി കഴിഞ്ഞ പാടേ ഇറങ്ങണം. നേരത്തേ പോയോണ്ട് ഒന്നാമത്തെ ടോക്കൺ തന്നെ കിട്ടി."
"നാളെ ലീവാണോ?"
"ല്ലാ. പ്പന്താന്നറീല്ല കൊറച്ചൂസായിട്ട് വല്ലാത്ത ക്ഷീണാ."
"ആ പിന്നേ, നെൻ്റെ വാടക വീടിന്റെ കാര്യം ഞാ ശെര്യാക്കീറ്റ്ണ്ട്. മറ്റന്നാള് ഉച്ചയ്ക്ക് മ്മക്കങ്ങോട്ടു പൂആം ന്തേ?."
ശരിയെന്ന് ചിരിച്ചു കൊണ്ട് അൻവർ തലകുലുക്കി.
ഇന്ന് വെള്ളിയാഴ്ച. മട്ടൻ കൊണ്ടുള്ള സ്പെഷ്യലുകളാണ് അയാൾക്ക് തയ്യാറാക്കേണ്ടിയിരുന്നത്. എത്ര വർഷത്തെ എക്സ്പീരിയൻസുണ്ടെങ്കിലും അമ്മച്ചീടെ കയ്പ്പുണ്യത്തോളം വരില്ലായിരുന്നു അയാളുടെ ഒരു കറിയും.
ഫ്രീസറിൽ നിന്നും മട്ടനിറക്കിവെച്ച് അയാൾ പച്ചക്കറികളരിയാൻ തുടങ്ങി. പതിവുപോലെ അയാളുടെ പാചക കസർത്തുകളിലേക്ക് കണ്ണും നട്ട് ദിനേശനിരിപ്പുണ്ടായിരുന്നു. അയാളവിടെ വരുന്നതിനും എത്രയോ മുൻപേ ദിനേശനവിടെ സ്ഥാനം പിടിച്ചതായിരുന്നു. മൂപ്പരിപ്പഴും പാത്രം കഴുകുന്ന ജോലി തന്നെയാണെന്ന് മാത്രം.
"അച്ചായൻ്റെ മട്ടൻ സൂപ്പിനെ വെല്ലാൻ ഈ ഏരിയയിൽ വേറെ ഷെഫുമാരൊന്നുമില്ല." ദിനേശൻ ഉറക്കെപ്പറഞ്ഞു.
"ദിനേശനിന്നെന്തോ കാര്യം സാധിക്കാനുണ്ടെന്ന് തോന്നുന്നല്ലോ." സേവ്യർ ചിരിച്ചു കൊണ്ട് പറഞ്ഞു.
"കാര്യൂണ്ടെന്ന് കൂട്ടിക്കോ." ദിനേശൻ പതുക്കെ ചിരിച്ചു.
"ഇച്ചായാ ഞാനെൻ്റെയാ പതിനഞ്ച് സെൻ്റ് വിൽക്കാൻ തീരുമാനിച്ചു. നിങ്ങള് പറ്റ്യോരു പാർട്ടീന ഒപ്പിച്ചു തരണം."
"നോക്കട്ടെ."
"ആ പിന്നേ, നിങ്ങളേന്ന് ഞാവാങ്ങിയ ആ ആയിരൂല്ലേ അത് നാളേക്കേ ഒപ്പിക്കാമ്പറ്റൂ. സാലറി കിട്ടാണ്ട് ഒരു രക്ഷ്യൂല്ല."
"നിയ്യ് കിട്ടുമ്പോത്താടാ. ന്തായാലും ഈ രാത്രീന്നെ നീയെബേടേക്കും നാടുവിടാനൊന്നും പോണില്ലെന്നെനിക്കറിയാം."
ദിനേശൻ പതുക്കെ ചിരിച്ചു.
അന്നേരമാണയാൾ സിബിച്ചനെ വിളിക്കാനോർത്തത്. ഫോണെടുത്ത് അയാളുടെ നമ്പർ ഡയൽ ചെയ്തെങ്കിലും അത് സ്വിച്ചോഫായിരുന്നു. വൈകുന്നേരത്തേക്കുള്ള ഡയാലിസിസിനുള്ള പണത്തിന്റെ പകുതിയേ കയ്യിലുള്ളു. ബാക്കി വരുന്ന തുക ഉച്ചയ്ക്ക് ഒരുമണിക്കെത്തിക്കാമെന്നാണ് സിബിച്ചൻ പറഞ്ഞിട്ടുള്ളത്. സ്ഥലം കച്ചോടാകുന്നതുവരെ ദിവസേന വിളിക്കുന്ന പുള്ളിയാ. ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞാണ് സിബിച്ചൻ അയാളെക്കാണാൻ ഹോട്ടലിലെത്തിയത്.
"ഒരു മണികഴിഞ്ഞപ്പോൾ ഞാങ്കരുതി നീ മുങ്ങിക്കാണുമെന്ന്."
സേവ്യർ ഒരല്പം ദേഷ്യത്തോടെയാണ് സംസാരിച്ചത്.
"നീ ചൂടാകാതെ, കാശ് തിരിമറിയാക്കാൻ ലേശം വൈകിപ്പോയി."
സേവ്യർ പിന്നെയും എന്തൊക്കെയോ മുറുമുറുത്തു. ദേഷ്യം വന്നാൽ അയാളങ്ങനെയാണ് പിന്നെന്തൊക്കെയാ പറയുകയെന്നോ ചെയ്യുകയെന്നോ നിശ്ചയമുണ്ടാകില്ല.
വൈകുന്നേരം ബൈക്കെടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോൾ എന്നത്തേയും പോലെ അയാളുടെ മനസ്സ് ശാന്തമായിരുന്നു. വീട്ടിലെത്തി കുളിച്ചു. അമ്മച്ചിയുടെ കയ്യോണ്ടൊരു കട്ടൻചായ. നീണ്ട മൂന്നു വർഷത്തെ പതിവാണത്. ചൂടു ചായയ്ക്കൊപ്പം മൊരിഞ്ഞ പക്കാവട കഴിക്കുമ്പോൾ എന്നത്തേയും പോലെ അയാളുടെ കണ്ണുകൾ ഈറനായി…
മഴക്കോളുള്ളതുകൊണ്ട് വണ്ടി വേഗത്തിലാണ് വിട്ടത്. കൃത്യം നാലിനു തന്നെ ഹോസ്പിറ്റലിൽ എത്തി. പതിവു പോലെ അയാളുടെ കാര്യങ്ങൾ ലക്ഷ്മി സിസ്റ്ററാണ് കൈകാര്യം ചെയ്തത്. നീണ്ട നാലു മണിക്കൂർ നേരത്തെ ഡയാലിസിസിന് ശേഷം മടങ്ങാനിരിക്കെ ഡോക്ടർ അയാളെ ക്യാമ്പിനിലേക്ക് വിളിപ്പിച്ചു.
"സീ മിസ്റ്റർ സേവ്യർ നിങ്ങളുടെ കണ്ടീഷൻ കുറച്ചു കൂടി സീരിയസ്സായി വരികയാണ്. ആഴ്ചയിൽ ഒരുപ്രാവശ്യം എന്നുള്ളത് രണ്ട് തവണയിലേക്ക് മാറ്റേണ്ടിയിരിക്കുന്നു."
"ചെയ്യാം ഡോക്ടർ."
ചെറുപുഞ്ചിരിയോടെ പുറത്തേക്കിറങ്ങിയ അയാൾ ഡോക്ടർക്ക് ഒരു അത്ഭുതമായിരുന്നു.
വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ തട്ടുകടയിൽ കയറി ഒരു മുട്ട പുഴുങ്ങിയതും കട്ടൻ ചായയും കഴിക്കുമ്പഴാണ് നാല് വയസ്സു തോന്നിക്കുന്ന ഒരാൺ കുട്ടി അയാളുടെ അടുത്തേക്ക് ഓടി വന്നത്. അനുസരണയില്ലാതെ അവിടമാകെ ഓടി നടന്നതിന് അവനെ വഴക്കു പറഞ്ഞു കൊണ്ട് അമ്മയും പിന്നാലെയുണ്ട്. പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് ഓടി വന്ന് അവൻ അയാളുടെ രണ്ടു കാൽമുട്ടുകളേയും ചേർത്ത് കെട്ടിപ്പിടിച്ചു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അയാൾ പകച്ചു നിന്നു.
"എനിക്കതു വേണം."
അവനയാളുടെ പ്ലേറ്റിലേക്ക് നോക്കി നുണച്ചു. ചിരിച്ചു കൊണ്ടയാൾ അവനെ കയ്യിലെടുത്തു.
"അയ്യോ ക്ഷമിക്കണേ അവന് വല്ല്യ കുറുമ്പാ."
അതും പറഞ്ഞ് ആ സ്ത്രീ അയാളുടെ മുഖത്തേക്കു നോക്കി.
"ഇച്ഛായൻ…"
അവളറിയാതെ ചുണ്ടുകൾ ചലിച്ചു.
"സനിത ആകെ മാറിയിരിക്കുന്നു."
അയാൾ പതുക്കെപ്പറഞ്ഞു.
മഞ്ഞയിൽ ചുവപ്പു ബോർഡറുള്ള ഒരു സാരിയായിരുന്നു അവളുടെ വേഷം. നീണ്ടു വിടർന്ന കണ്ണുകളിൽ കരിമഷിക്ക് പകരം മറ്റെന്തോ ആണ് ഇട്ടിരുന്നത്. മുടിയുടെ നീളം കുറച്ച് പകുത്തെടുത്തു രണ്ട് ചുമലുകളിലുമായി ഇട്ടിരിക്കുന്നു.
ചിരിച്ചു കൊണ്ടയാൾ മറ്റൊരു മുട്ടയ്ക്ക് കൂടിപ്പറഞ്ഞു.
അയാളിരുന്നതിൻ്റെ തൊട്ടടുത്ത് കുഞ്ഞിനെപ്പിടിച്ചിരുത്തി മടിയിൽ പ്ലേറ്റ് വച്ചു കൊടുക്കുമ്പോൾ സേവ്യർ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു.
"ഇച്ചായന് പെൺകുഞ്ഞുങ്ങളെയാണോ ആൺകുഞ്ഞുങ്ങളെയാണോ കൂടുതലിഷ്ടം?."
കടൽക്കരയിൽ അയാളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ സനിത ചിരിച്ചു കൊണ്ട് ചോദിച്ചു.
"അങ്ങനൊന്നുമില്ല."
അയാൾ കണ്ണുകളിറുക്കി.
"എങ്കീ എനിക്കൊരാൺ കുഞ്ഞിനെ മതി. സേവ്യറിനെപ്പോലെ എപ്പഴും ചിരിക്കുന്ന വിരിഞ്ഞ നെറ്റിത്തടവും കുസൃതിക്കണ്ണുകളുമുള്ള ഒരാൺ കുഞ്ഞിനെ."
അതും പറഞ്ഞ് അവളുറക്കെ ചിരിച്ചു. ആ ചിരി ഇപ്പഴും അയാളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
"കല്ല്യാണമൊന്നു കഴിയട്ടേ ആദ്യം ഞാൻ നിൻ്റെയീ നീണ്ട മുടി മുറിച്ച് തോളറ്റം വരെയാക്കും."
അയാൾ കപടഗൗരവത്തിലതു പറയുമ്പോൾ അവൾ കെറുവയ്ക്കുമായിരുന്നു. അതു കാണാൻ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു.
"എവിടെപ്പോയതാ?."
പെട്ടെന്നുള്ള സനിതയുടെ ചോദ്യം അയാളെ ഓർമ്മകളിൽ നിന്നും മടക്കികൊണ്ടു വന്നു.
"ഞാൻ... ഞാൻ ഹോസ്പിറ്റലിൽ, ഡയാലിസിസിന്."
അവൾ പിന്നൊന്നും ചോദിച്ചില്ല. അവളുടെ മൗനം അയാളെ വല്ലാതെ അലോസരപ്പെടുത്തി.
തെല്ലിട കഴിഞ്ഞാണ് ഒരല്പം പരുക്കനെന്നു തോന്നുന്ന ഒരാൾ അങ്ങോട്ടേക്ക് നടന്നു വന്നത്. ഏറിയാൽ അയാൾക്കൊരു മുപ്പത്തഞ്ചു വയസ്സു കാണും. കറുപ്പിൽ ചുവപ്പു വരകളുള്ള ഷേട്ടും ക്രീം കളർ പാൻ്റുമായിരുന്നു അയാളുടെ വേഷം. കയ്യിലെ തിളങ്ങുന്ന ബ്രെയ്സ്ലെറ്റ് അയാളൊരു ധനാഠ്യനാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
"ഇവനൊരു കുറുമ്പനാ."
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ സേവ്യർ. ഇവിടടുത്തൊരു ഹോട്ടലിൽ ചീഫ് ഷെഫാ."
അയാളും സ്വയം പരിചയപ്പെടുത്തി. കുറച്ചെന്തൊക്കെയോ സംസാരിച്ചു. സനിത തലതാഴ്ത്തി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾക്ക് തെല്ലും സങ്കടം തോന്നിയില്ല. അന്നേരം കൺകോണിലൂറിയ നോവിന്റെ ഇത്തിരി നനവ് അയാളിൽ നിന്നൊളിപ്പിക്കാൻ സനിത പാടുപെടുകയായിരുന്നു.
വഴിയിലുടനീളം അയാൾ ചൂളം വിളിച്ചു കൊണ്ടിരുന്നു. ജീവിതം ആസ്വദിക്കണം, ഒന്നിലും തട്ടിത്തടഞ്ഞു നിൽക്കാതെ ഒരു പുഴ പോലെ ഒഴുകണം. മരണം ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം...
പതിനഞ്ചു വർഷം നീണ്ടുനിന്ന മനോഹരമായൊരു പ്രണയമായിരുന്നു അത്. ജാതിയുടേയും മതത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ചു കൊണ്ടുള്ള അനശ്വര പ്രണയം. മാംസനിബന്ധമല്ലാത്ത നിഷ്കളങ്കമായ പ്രണയം... അയാളുടെ മുപ്പതാമത്തെ വയസ്സിൽ രണ്ട് വൃക്കകളും പ്രവർത്തന രഹിതമാകുന്നതുവരെ, അതുവരെ മാത്രം അയാളവൾക്ക് വാഗ്ദാനങ്ങൾ നൽകി. അന്നു വരെ മാത്രം കൂടെക്കൂട്ടാമെന്നുള്ള പതിവു പല്ലവികൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. ദൈവം കണ്ണടച്ച ആ നിമിഷം വരെ അവളയാൾക്ക് സ്വന്തമായിരുന്നു.
ആശുപത്രിയിൽ അയാളുടെ കൈപിടിച്ച് പുറത്തിറങ്ങുമ്പോൾ ഇച്ചായനെ വിട്ട് എങ്ങോട്ടേക്കുമില്ലെന്ന് അവൾ കരഞ്ഞു പറഞ്ഞതായിരുന്നു. എനിക്ക് ജീവിക്കണം സ്വതന്ത്രമായി… ഭാരമില്ലാതെ പറക്കണം… നീ അതിനൊരു തടസ്സമാകരുതെന്ന് പറഞ്ഞപ്പോൾ അവൾ പിന്തിരിഞ്ഞു നോക്കാതെ ഓടിപ്പോവുകയായിരുന്നു. നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടുമവളെക്കാണുകയാണ്..
ഏറെ സന്തോഷത്തോടെ അന്നയാൾ തെരുവിലൂടെ വണ്ടിയോടിച്ചു. നഗരം ശാന്തമായി ഉറങ്ങുകയായിരുന്നു. മുനിഞ്ഞു കത്തുന്ന തെരുവു വിളക്കുകളുടെ മഞ്ഞവെളിച്ചത്തിലൂടെ അയാൾ പുലരും വരെ ബൈക്കോടിച്ചു. പതുക്കെ വന്ന മഴച്ചാറലിൽ അയാൾ നനഞ്ഞു. മഴവെള്ളത്തിലാദ്യമായിറങ്ങുന്ന കുഞ്ഞിനേപ്പോലെ അയാളാർത്തു വിളിച്ചു… പുലർച്ചെ മഴനനഞ്ഞാണ് അയാൾ വീട്ടിലെത്തിയത്. ആധിയോടെ കാത്തിരുന്ന അമ്മച്ചിക്ക് ഒരു ചെറുചിരി സമ്മാനിച്ച് അകത്തേക്ക് നടക്കുമ്പോൾ അയാളേറ്റവും സന്തുഷ്ടനായിരുന്നു.
"ൻ്റെ സേവ്യറേ, നീയ്യാകെ നനഞ്ഞൂല്ലോ."
അമ്മച്ചി സങ്കടത്തിന്റെ കെട്ടഴിച്ചിടുകയാണ്.
"നീയെന്തെ ന്നെപ്പറ്റി ഓർക്കാത്തേ? നെനക്കെന്തേലും പറ്റിയാ അമ്മച്ചിക്ക് പിന്നാരാ ഉള്ളേ?."
"അതിനും മാത്രം ഞാനിപ്പെന്താ ചെയ്തേ?."
അയാൾ വെറുതെ ഒച്ചവെച്ചു.
"ഇക്കറീലെൻ്റെ മാതാവേ ഇച്ചെക്കനിതെന്തും ബാവിച്ചോണ്ടാണെന്ന്. നെനക്കൊറക്കൊഴിയാമ്പാടില്ലാലോ, അതും പോരാണ്ട് മഴയും നനഞ്ഞ് വന്നേക്കുവാ."
അമ്മച്ചി നീട്ടിപ്പിടിച്ച തോർത്തു വാങ്ങി പതുക്കെ അയാൾ തല തോർത്തി.
"അമ്മച്ചീ…"
അയാൾ പതുക്കെ വിളിച്ചു.
ഏറ്റവും ആർദ്രമായി.
"ഞാനിന്നലെ മ്മടെ സനിതേ കണ്ടമ്മച്ചീ."
പെട്ടെന്ന് അവരുടെ കുറീയ കണ്ണുകൾ വികസിക്കുന്നതയാൾ കണ്ടു.
"ഓളൊറ്റക്കാ?."
"അല്ല ഭർത്താവും കുട്ടീം ഒക്കീണ്ടാർന്നു."
പിന്നീടവരൊന്നും ചോദിച്ചില്ല. അടുക്കളയിലേക്ക് തിടുക്കപ്പെട്ട് നടക്കുമ്പോൾ നനഞ്ഞ കണ്ണുകൾ ഉടുമുണ്ടുകൊണ്ട് തുടയ്ക്കുന്നതയാൾക്ക് കാണാമായിരുന്നു.
മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറവേ പ്രാർത്ഥനാ മുറിയിൽ കർത്താവ് കുരിശിനു മുകളിൽ കിടന്ന് അയാളെ എത്തിനോക്കുന്നുണ്ടായിരുന്നു…
ആ ആഴ്ചയിലെ രണ്ടാമത്തെ ഡയാലിസിസിന് ശേഷം അയാളാകെ ക്ഷീണിച്ച മട്ടായിരുന്നു രാത്രിയിൽ ഇടയ്ക്കിടേ വരുന്ന പനി അതിന് ആക്കം കൂട്ടി കൊണ്ടിരുന്നു. ദിവസം കഴിയുന്തോറും പനി കൂടി വരികയായിരുന്നു. വിട്ടുമാറാത്ത പനി ന്യുമോണിയയിലേക്ക് വഴിമാറിയപ്പോൾ അയാൾ തളർന്നു പോയിരുന്നു. നീണ്ട ഒരാഴ്ചത്തെ ആശുപത്രിവാസം സെവ്യറിൻ്റെ ഓർമ്മകളെ മങ്ങലേൽപ്പിച്ചു കൊണ്ടിരുന്നു. അയാളുടെ ആത്മവിശ്വാസത്തെ തകർത്തെറിഞ്ഞു കൊണ്ട് രോഗം ആ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഓർമ്മകൾക്ക് മങ്ങലേറ്റു പോയ ആ ദിവസത്തിന്റെ ഏതോ ഒരു യാമത്തിൽ ജനിമൃതിയുടെകാണിച്ചരടിൽ അയാളും കുരുങ്ങിപ്പോയിരുന്നു...
ചിലപ്പോൾ ദൈവം അങ്ങനെയാണ് ചില നേരങ്ങളിൽ നമ്മളെ നോക്കി കണ്ണുകളടയ്ക്കും...