"സോമേട്ടനെ കാണാനൊരാൾ വന്നിട്ടുണ്ട്." ഊണു കഴിഞ്ഞ് കിടക്കുകയായിരുന്നു സോമേട്ടൻ. തന്നെക്കാണാൻ ആരുവരാനാണ്? ഇവിടെവന്നിട്ട് രണ്ടുമാസവും ഏഴുദിവസവുമായി. ഇതുവരെയാരും വന്നിട്ടില്ല. മക്കളാരും നാട്ടിലില്ല. ഇനിയവർ അടുത്തവർഷത്തെ അവധിയ്ക്കോ, മറ്റോ വന്നാലായി!
'തണലിൽ' എത്തിയശേഷമാണ് സോമേട്ടന് ഇങ്ങനൊരുശീലം തുടങ്ങിയത്. എല്ലാവരും ഉറങ്ങുമ്പോൾ വെറുതെ കണ്ണടച്ചു കിടക്കും. അല്ലാതെന്തു ചെയ്യാൻ, നേരം പോകേണ്ടേ! പണ്ടൊക്കെ ഊണുകഴിഞ്ഞ് വരാന്തയിലെ ചാരുകസേരയിൽ കിടന്ന് റേഡിയോയിലെ പാട്ടുകൾ ആസ്വദിക്കുമായിരുന്നു. ആ സമയമൊക്കെ ജാനകിയും സമീപത്തുണ്ടാകും. രണ്ടാളുംകൂടി പാട്ടിനെക്കുറിച്ചും, പഴയ സിനിമകളെക്കുറിച്ചുമൊക്കെ സംസാരിക്കും. എത്രപറഞ്ഞാലും തീരാത്ത കാര്യങ്ങൾ!
സോമേട്ടനൊരിക്കലും പകലുറങ്ങാറില്ല. പുലർച്ചെ അഞ്ചര മണിയ്ക്ക്തന്നെ ഉണരും. ജാനകി പശുവിനെ കറന്നിട്ടുണ്ടാവും. പാൽ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചു വരുമ്പോഴേയ്ക്കും, അയാൾക്കുള്ള ഏലക്കച്ചായയുമായി ജാനകി വാതിൽക്കലുണ്ടാവും. ചായകുടിച്ച് തോട്ടത്തിലേയ്ക്ക്. റബ്ബർവെട്ടി പാലെടുത്ത് വന്നിട്ടാണ് കാപ്പി കുടിക്കുന്നത്. കപ്പപ്പുഴുക്കും, കുടംപുളിയിട്ടുവറ്റിച്ച മീൻകറിയുമാണ് കൂടുതലിഷ്ടം. ഇടയ്ക്കൊക്കെ കോഴിക്കറിയും, കള്ളപ്പവും, പോത്തിറച്ചിയുമൊക്കെ സോമേട്ടൻ്റെ ഇഷ്ടമനുസരിച്ച് ജാനകി ഉണ്ടാക്കിക്കൊടുക്കും. ജാനകി എന്തുണ്ടാക്കിയാലും അതിനൊരു പ്രത്യേക രുചിയാണ്. കാപ്പികുടി കഴിഞ്ഞാലുടൻ പാടത്തേയ്ക്ക്. ഉണ്ണാൻ വരുമ്പോഴേയ്ക്കും നന്ദിനിപ്പശുവിനുള്ള ഒരുകെട്ടു പുല്ലുമുണ്ടാവും തലയിൽ. ഊണും, വിശ്രമവും കഴിഞ്ഞ് ഒരു കട്ടൻകാപ്പിയും കുടിച്ച് മൂന്നുമണിയോടെ വീണ്ടുംപറമ്പിലേയ്ക്ക്. ആറുമണിവരെ കൃഷിപരിപാലനം. സോമേട്ടൻ്റെ കരവിരുതിൽ പൊന്നുവിളയുന്നമണ്ണ്. നാട്ടുകാർ വിളിക്കുന്ന ഇരട്ടപ്പേരാണ് 'കർഷകശ്രീ സോമേട്ടൻ'ന്ന്. ആ വിളി കേൾക്കുമ്പോഴെല്ലാം സോമേട്ടൻ്റെ ചുണ്ടിൽ ഒരു ഗൂഡസ്മിതം പൊട്ടിവിരിയാറുണ്ട്. ജാനകി പോയതോടെ എല്ലാം താളംതെറ്റി.
'തണൽവീടിൻ്റെ ' പാർലറിൽ ഫാദറിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ജോമോനെ ദൂരെ വെച്ചേകണ്ട സോമേട്ടൻ്റെ ഉളളം തുടിച്ചു. ജോമോൻ ആഹ്ളാദത്തോടെ എണീറ്റ് വന്ന് അയാളെ കെട്ടിപ്പിടിച്ചു.
സോമേട്ടനും സന്തോഷം കൊണ്ട് ഉൻമാദാവസ്ഥയിലായി.
"ഇതെന്താ സോമേട്ടാ.. സുഖമില്ലേ? ആളാകെ മാറിപ്പോയല്ലോ?"
അയാളുടെ ജരാനരകൾ ബാധിച്ച മുഖത്തേയ്ക്കും, ശോഷിച്ച ശരീരത്തിലേയ്ക്കും നോക്കി ജോമോൻ ചോദിച്ചു. നാലുമാസം മുൻപ് താൻകണ്ട ആരോഗ്യദൃഡഗാത്രനായിരുന്ന സോമേട്ടനിൽനിന്നും, ഇപ്പോഴുള്ള സോമേട്ടനിലേയ്ക്ക് നാലു വർഷത്തിലധികം ദൈർഘ്യം തോന്നുന്നു.
"ഡാ.. ജോമോനേ.. നീയെന്നാടാ വന്നത്? നീയെങ്ങനറിഞ്ഞു ഞാനിവിടുണ്ടെന്ന്?"
"കഴിഞ്ഞദിവസം വിളിച്ചപ്പോൾപോലും സോമേട്ടൻ ഇക്കാര്യമൊന്നും എന്നോട്പറഞ്ഞില്ലല്ലോ. ഒന്നുംഞാനറിയില്ലന്ന് കരുതിയല്ലേ? പക്ഷേ.. എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. ഞാൻ വന്നിട്ട് രണ്ടാഴ്ചയായി.''
''എന്നിട്ട് നീഇന്നാണോടാ എന്നെക്കാണാൻ വരുന്നത്?" അയാൾ പരിഭവത്തോടെ ചോദിച്ചു.
"സോമേട്ടാ.. നാട്ടിലെത്തിയപ്പോഴേയ്ക്കും ഞാൻകുറച്ച് തിരക്കിലായിപ്പോയി. കുറേജോലികൾ ചെയ്യാനുണ്ടായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്തുതന്നെ ചെയ്ത്തീർക്കണമെന്ന് എന്നെപ്പഠിപ്പിച്ച സോമേട്ടൻ അതൊക്കെ മറന്നോ?" ജോമോൻ ചോദിച്ചു.
"ഡാ..അതൊക്കെപ്പോട്ടെ. എന്തൊക്കെയുണ്ട് നിൻ്റെ വിശേഷങ്ങൾ? കമ്പനീടെ മാനേജരായ ശേഷമുള്ള കാര്യങ്ങളെല്ലാം വിശദമായിപ്പറയെടാ കേൾക്കട്ടെ."
"പറയാം.. ഞാനെൻ്റെ കഥകളൊക്കെ സോമേട്ടനോടല്ലാതെ ആരോടു പറയാനാ? അതിനു മുൻപ്.. കർഷകശ്രീ സോമശേഖരൻ പിള്ളയെങ്ങനെ ഇവിടെത്തിയെന്ന് പറയ്?"
"അച്ഛനിവിടെ തനിയെ കഴിയേണ്ടന്ന് മക്കൾ പറഞ്ഞപ്പോൾ... ഞാനാകുംപോലെ പറഞ്ഞതാടാ എൻ്റെ ജാനകിയുറങ്ങുന്ന മണ്ണുവിട്ട് എങ്ങോട്ടുമില്ലെന്ന്. പക്ഷേ..'' പൂർത്തിയാക്കാനാവാതെ അദ്ദേഹം വിതുമ്പി. സ്നേഹത്തോടെ സോമേട്ടൻ്റെ ഇരുകരങ്ങളും ഗ്രഹിച്ചു കൊണ്ട് ജോമോൻ പറഞ്ഞു.
"സോമേട്ടന് മൂന്നല്ല.. നാലാണ് മക്കൾന്ന് ഇടയ്ക്കിടെ പറയാറില്ലേ. എന്നിട്ടെന്തേ.. എന്നോടിതൊന്നും പറയാതിരുന്നത്?"
"ജോമോനേ.. അത്.. " ഇടറിയ വാക്കുകൾ അയാൾക്ക് പൂർത്തിയാക്കാനായില്ല. അവരുടെ സംസാരമെല്ലാം കേട്ടുകൊണ്ട് ഫാദർപീറ്റർ അരികിലുണ്ടായിരുന്നു. 'തണൽവീട് ' എന്ന വൃദ്ധമന്ദിരത്തിൻ്റെ ഡയറക്ടർ.
"സോമേട്ടാ... നമുക്കൊരിടംവരെ പോകാനുണ്ട്. ദേ.. വണ്ടിയിലോട്ട് കയറിയിട്ടാവാം ബാക്കി സംസാരമൊക്കെ. ഫാദറുംകൂടി ഞങ്ങളോടൊപ്പം വരണം."
ജോമോൻ്റെ വാക്കുകൾകേട്ട സോമേട്ടൻ ആശ്ചര്യത്തോടെ ഫാദറിനെനോക്കി. ഫാദർ അയാളെനോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.
'തണൽവീടിൻ്റെ ' മതിൽക്കെട്ടിനു പുറത്തേയ്ക്കിറങ്ങിയ കാറിൻ്റെ ഗ്ലാസിലൂടെ വിശാലമായ ആകാശനീലിമയും, ഒരു കർഷകനെ പുളകിതനാക്കുന്ന പ്രകൃതിയുടെ ഹരിതഭംഗിയും സോമേട്ടൻ ഏറെക്കാലത്തിനുശേഷം ആസ്വദിച്ചു.
അയൽക്കാരായ ജോസഫിൻ്റെയും ഭാര്യയുടെയും എട്ടുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ജോമോൻ ജനിച്ചത്. പിന്നീടവരുടെ ജീവിതം ജോമോനെന്ന ബിന്ദുവിനു ചുറ്റുമായി. ജോമോന് ഒൻപതു വയസുള്ളപ്പോഴാണ് ആ ഗ്രാമത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവം. ഒരു ഉരുൾപൊട്ടലിൽ ജോമോൻ്റെ മാതാപിതാക്കളും, വീടും, കൃഷിസ്ഥലവുമെല്ലാം നഷ്ടമായി. സ്ക്കൂളിലായിരുന്ന ജോമോൻ മാത്രം അവശേഷിച്ചു. ജോമോനെ ഏറ്റെടുക്കുവാൻ ബന്ധുക്കളാരും എത്തിയില്ല. കർഷകരായ ജോസഫും, ലിസിയും ഇടുക്കിക്കാരാണ് എന്നല്ലാതെ നാട്ടുകാർക്ക് അവരെക്കുറിച്ച് കൂടുതലൊന്നുമറിയില്ല.
അനാഥനായ ജോമോനെ ഹൃദയത്തോട് ചേർത്തുനിർത്തി തൻ്റെ മക്കൾക്കൊപ്പം സോമേട്ടൻ വളർത്തി, പഠിപ്പിച്ചു. പഠിക്കാൻ മിടുക്കനായ അവന് വേണ്ടിപണം മുടക്കുന്നത് സോമേട്ടൻ്റെ മക്കൾക്ക് ഇഷ്ടമായില്ലെങ്കിലും അവരുടെ എതിർപ്പ് വകവയ്ക്കാതെ സോമേട്ടൻ അവൻ്റെലക്ഷ്യം സാധൂകരിച്ചു. ദുബായിലെ ഒരു കമ്പനിയിൽ ചെറിയ തസ്തികയിൽ ജോലിയ്ക്കു കയറിയ ജോമോൻ്റെ കഠിനപ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് ഇന്നവൻ കമ്പനിയുടെ മാനേജരാണ്.
''സോമേട്ടാ.. സ്ഥലമെത്തി, ഇറങ്ങിവാ."
ജോമോൻ്റെ വാക്കുകളാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. മക്കളുടെ നിർബന്ധത്തിനു വഴങ്ങി അബൂബക്കറിന് വിറ്റ വീടിൻ്റെ മുറ്റത്താണ് താനിപ്പോൾ. വണ്ടിയിൽ നിന്നിറങ്ങിയ അയാൾ ചുറ്റുംനോക്കി. വീടും പരിസരവുമൊക്കെ വളരെ ഭംഗിയായിത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. വല്ലാത്തൊരു നൊമ്പരം അയാളെ പൊതിഞ്ഞു. വീടിൻ്റെ വാതിൽത്തുറന്ന് ചെല്ലപ്പനിറങ്ങിവന്നു. ജാനകി പോയശേഷം തൻ്റെസഹായി ഇയാളായിരുന്നു. ചെല്ലപ്പനാവും എല്ലാക്കഥകളും ജോമോനെ അറിയിച്ചത്.
സോമേട്ടൻ്റെ കൈപിടിച്ച് വീടിൻ്റെ വരാന്തയിലേയ്ക്ക് കയറ്റിയ ജോമോൻ ചാരുകസേര ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.
"സോമേട്ടാ അങ്ങോട്ടിരിയ്ക്ക്.."
കാറിൽനിന്നും ജോമോൻ ഒരുഫയൽ എടുത്തു ഫാദറിൻ്റെ നേരെനീട്ടി.
"ഫാദർ അങ്ങുതന്നെയിത് സോമേട്ടനെ ഏൽപ്പിക്കണം."
അത് വാങ്ങാതെ ഫാദർ പറഞ്ഞു.
"ജോമോൻ നേരിട്ടു കൊടുക്കുന്നതാണ് നല്ലത്. ഇവിടെ ഞാനൊരു സാക്ഷിമാത്രം."
അന്ധാളിച്ചുനിന്ന സോമേട്ടൻ്റെ കൈയ്യിൽ ഫയൽ കൊടുത്തുകൊണ്ട് ജോമോൻ പറഞ്ഞു.
"സോമേട്ടാ.. ഈ വീടും, കൃഷിയിടവും ഇനി സോമേട്ടൻ്റെ സ്വന്തമാണ്. സഹായത്തിനെന്നും നമ്മുടെ ചെല്ലപ്പൻ ചേട്ടനുണ്ടാവും. ഇത് സ്വന്തമാക്കാനാണ് ഞാൻ രണ്ടാഴ്ചയായി പരിശ്രമിച്ചത്. കുറച്ച് കഷ്ടപ്പെട്ടാലും സോമേട്ടൻ്റെ ഭൂമി തിരിച്ചുവാങ്ങാൻ സാധിച്ചത് അങ്ങയുടെ നല്ലമനസിൻ്റെ നൻമയൊന്നുകൊണ്ടു മാത്രമാണ്. 'കർഷകശ്രീ സോമേട്ടൻ' ഇനിയുമീ മണ്ണിൽ പൊന്നു വിളയിക്കണം.
ഓരോ അവധിയ്ക്കുംഞാൻ ഓടി വരും. സോമേട്ടനെക്കാണാനല്ല... എൻ്റെ ചാച്ചനെ കാണാനായിട്ട്. ഈ വീട്ടിലെന്നും, എൻ്റെ മാത്രം ചാച്ചനായ് എന്നുമിവിടെ സോമേട്ടനുണ്ടാവണം."
വിതുമ്പുന്ന അധരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ അവൻ ആധാരടങ്ങിയ ഫയൽ സോമേട്ടൻ്റെ കൈകളിൽ കൊടുത്ത ശേഷം ആ പാദം തൊട്ടുനമസ്ക്കരിച്ചു. ജോമോനെ മാറോടണച്ച് ആ
മൂർദ്ദാവിൽ ചുംബിക്കുമ്പോൾ സോമേട്ടൻ പൊട്ടിക്കരഞ്ഞുപോയി. എല്ലാത്തിനും സാക്ഷിയായിനിന്ന ഫാദർപീറ്റർ അപ്പോൾ മിഴികൾ തുടയ്ക്കുകയായിരുന്നു.