മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ആ മലഞ്ചെരുവിന്റെ ജീവനാഡിയാണ് ഗോവിന്ദേട്ടന്റെ ചായക്കട. തോട്ടത്തിൽ പണിയെടുക്കുന്നവരും ടൗണിൽ നിന്നും വരുന്നതും തിരിച്ചുപോകുന്നതുമായ  ആളുകളെ അവിടെയെത്തിക്കുന്ന ജീപ്പുകളിലെ പണിക്കാരും എന്നു വേണ്ടാ അവിടെ എത്തുന്ന സകലരുടെയും ആശ്രയമാണ് ആ ചായക്കട. പലരുടെയും ദിവസം തുടങ്ങുന്നതവിടെ നിന്നാണ്.

ഗോവിന്ദേട്ടനും രാധച്ചേച്ചിയും ആറു മണിക്കു കട തുറക്കും. എല്ലാവരോടും ഹൃദ്യമായി പെരുമാറുന്ന ഗോവിന്ദേട്ടനെ അവർക്കൊക്കെ സ്നേഹമാണ്‌. ജനനവും മരണവും വിവാഹവും തുടങ്ങി ആഗോള കാര്യങ്ങൾ വരെ അവിടെ ചർച്ചാവിഷയമാകും.

ആദ്യത്തെ അര മണിക്കൂർ അവിടെ വരുന്ന അത്യാവശ്യക്കാർക്കൊക്കെ കട്ടൻ ചായയാണ് പതിവ്. ആറരയോടുകൂടിയാണ് ഭാനു പാലുമായി എത്തുക. അതോടെ അവിടെ സജീവമാകും, ഭാനുവിന്റെ ഒരു പകലിന്റെ രണ്ടാം ഭാഗവും അവിടെ തുടങ്ങും.

വലിയ ദോശത്തട്ടിൽ യാന്ത്രികമായി എണ്ണപുരട്ടി, ദോശമാവു കോരിയൊഴിക്കുമ്പോഴും, പാകം നോക്കി മറിച്ചിടുമ്പോഴും അടുപ്പിലെ തീയിനെക്കാൾ ആളിക്കത്തുന്നുണ്ടാവും ഭാനുവിന്റെ മനസ്സ്.

വലിയ തട്ടത്തിലേക്കു മാറ്റപ്പെടുന്ന ദോശകൾ അപ്പപ്പോൾ തന്നെ ഒഴിഞ്ഞു കൊണ്ടിരുന്നു. ഒന്നു നിവർന്നു നിന്നു ശ്വാസം വിടാനോ വിയർപ്പാറ്റാനോ അവൾക്കു സാധിക്കാറില്ല.

രാവിലെ മൂന്നു മൂന്നര മണിക്കൂർ നേരത്തെ  അടുപ്പിനരികിലെ അധ്വാനം. ആറര മണിക്കു തുടങ്ങിയാൽ ഏകദേശം പത്തു മണിവരെ തുടരും നിർത്താതെയുള്ള ദോശയുണ്ടാക്കൽ. അതിലവൾക്കു പ്രത്യേക വൈദഗ്ധ്യമാണെന്നു ഗോവിന്ദേട്ടൻ ഇടയ്ക്കിടെ പറയും. അതുകഴിഞ്ഞു അതുവരെയുള്ള എച്ചിൽപ്പാത്രങ്ങളും കഴുകി അടുക്കള വൃത്തിയാക്കലോടെ അവളുടെ ഒരു ദിവസത്തെ അവിടുത്തെ പണി തീർന്നു. അതിനു കിട്ടുന്ന കൂലിയായ നൂറ്റമ്പതു രൂപയിൽ ആറു വയറുകൾ കഴിയണം. ബാക്കിവരുന്ന തണുത്ത ദോശയും  ഇഡ്ഡലിയും സാമ്പാറും ചട്ണിയുമൊക്കെ ആവശ്യാനുസരണം  അവൾക്കു കൊണ്ടുപോകാം. 

രാവിലത്തെ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞു കൈയും കാലും മുഖവും കഴുകി പകർന്നു വച്ച ഭക്ഷണസാധനങ്ങൾ ഒരു സഞ്ചിയിലാക്കി അവൾ പോകാനൊരുങ്ങിയപ്പോൾ ഒരു നേർച്ച പോലെ "കഴിച്ചിട്ടു പോ പെണ്ണേ" എന്ന സ്ഥിരമായി കേൾക്കുന്ന രാധച്ചേച്ചിയുടെ ശബ്ദം അന്നും അവൾ കേട്ടെങ്കിലും പതിവുപോലെ അവൾ മുന്നോട്ടു നീങ്ങി. ഒഴിഞ്ഞ വയറോടെ തന്നെക്കാത്തിരിക്കുന്ന നാലഞ്ചു വയർ നിറക്കാതെ തനിക്കു തൊണ്ടയിൽ നിന്നൊന്നുമിറങ്ങില്ല. തളർന്നു വീഴാതിരിക്കാൻ ഗോവിന്ദേട്ടൻ അരമണിക്കൂർ ഇടവിട്ടു നൽകുന്ന കട്ടൻ ചായയാണ് ബലം.

"ഏയ്‌, ഭാനു..."

പിന്നിൽ നിന്നൊരു വിളി കേട്ടവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.

ഓ, ഇന്നു ഞായറാഴ്ചയാണ്, പെട്ടെന്നവൾ ഓർത്തു. മാസാദ്യ ഞായറാഴ്ചകളിലാണ് ഹരിയേട്ടൻ കടയിലേക്ക് പലചരക്കു സാധനങ്ങളും വിറകുമായി വണ്ടിയിൽ എത്താറുള്ളത്.

ഗോവിന്ദേട്ടന്റെ ചേട്ടന്റെ മകനാണ് ഹരി.

"ഹരിയേട്ടനോ!"

"എന്താ, പ്രതീക്ഷിച്ചില്ലേ?"

ആ ചോദ്യത്തിനു മുന്നിൽ അവൾ തല കുനിച്ചു.

കുറച്ചു നാളായി ഹരിയേട്ടൻ തന്റെ പുറകെയുണ്ട്, വിവാഹാഭ്യർത്ഥനയുമായി. തനിക്കു താല്പര്യമില്ലെന്നു പറഞ്ഞു മടക്കിയതാണ്. വീണ്ടുമിപ്പോൾ എന്തിനാണ്...

"ഭാനൂ ..."

അയാളുടെ ആർദ്രമായ ആ വിളിയിൽ ഒരു നിമിഷം അവളുടെ മനസ്സൊന്നു ചഞ്ചലപ്പെട്ടു. അതു മുഖത്തു പ്രത്യക്ഷപ്പെടാതിരിക്കാൻ അവൾക്കു വല്ലാതെ പണിപ്പെടേണ്ടി വന്നു.  ഒരു സ്ത്രീയുടേതായ എല്ലാ മൃദുല വികാരങ്ങളും അവൾക്കുമുണ്ട്. പക്ഷെ അതെല്ലാം അവൾ സ്വന്തം ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴത്തിൽ  കുഴികുത്തി മൂടിയിരുന്നു. അവൾക്കതിനെ കഴിയുമായിരുന്നുള്ളൂ. 

"എന്നെ ഒന്നു നോക്കൂ ഭാനു, എന്താണ് എനിക്കു നീ കാണുന്ന പോരായ്മ? അതെങ്കിലുമൊന്നു പറഞ്ഞു കൂടെ?"

അയാൾ ഗദ്ഗദചിത്തനായി.

'ഹരിയേട്ടനല്ലല്ലോ പോരായ്മ, എനിക്കല്ലേ?' അവൾ മനസ്സിലോർത്തു. നല്ല ആരോഗ്യമുള്ള, മര്യാദക്കാരനായ, സ്നേഹമുള്ള ചെറുപ്പക്കാരൻ. ഏതൊരു പെൺകുട്ടിക്കും ഇഷ്ടമാവും ഹരിയേട്ടനെ. തനിക്കുമതെ... പക്ഷെ...' മനസ്സിലങ്ങനെയോർത്തുകൊണ്ടു ദൂരേക്കു നോക്കി നിന്ന അവളുടെ കണ്ണുകൾ ദൂരെയുള്ള തൈത്തെങ്ങിലിരുന്നു  രണ്ടിണത്തത്തകൾ കൊക്കുരുമ്മുന്നതു  കണ്ടു. 'അവയ്ക്കെന്തു സുഖമാണ്, ഒന്നുമോർക്കേണ്ടതില്ല, പാറിപ്പറന്നുല്ലസിച്ചു നടക്കാം.'

"ഭാനൂ ..."

ഇത്തവണ അവൾ നന്നായൊന്നു ഞെട്ടി, തിരിഞ്ഞ് അവൾ അവനെ നോക്കി.

അല്പനേരം അവനെ നോക്കി നിന്ന ശേഷം പെട്ടെന്നൊരു ഉൾവിളിയുണ്ടായതു പോലെ അവൾ ചോദിച്ചു:

"ഹരിയേട്ടന്റെ ഇന്നത്തെ പണി കഴിഞ്ഞോ?"

"കഴിഞ്ഞെങ്കിൽ?"

അവനൊരു മറുചോദ്യമെറിഞ്ഞു. 

"കഴിഞ്ഞെങ്കിൽ എന്റെ കൂടെ വീടുവരെ വരാമോ?"

കാര്യം മനസ്സിലായില്ലെങ്കിലും അവൻ അവൾക്കൊപ്പം നടന്നു. ഒരു വശം കുന്നും മറു വശം ആഴത്തിലുള്ള കൊക്കയുമായി വളഞ്ഞും പുളഞ്ഞും പോകുന്ന ആ വഴിയിൽ ആ സമയത്തു യാത്രക്കാർ കുറവാണ്. തോട്ടം തൊഴിലാളികൾ എല്ലാവരും പണിസ്ഥലങ്ങളിൽ എത്തിക്കാണും. രാവിലെ ടൗണിൽ നിന്നു വരാറുള്ള ജീപ്പുകളും ആവശ്യക്കാരുമായി തിരിച്ചു പോയിക്കഴിഞ്ഞു. ഇനി ഉച്ചയോടെ വരുന്ന രണ്ടു ജീപ്പുകളാണുള്ളത്. പിന്നെ വൈകിട്ടും. 

തേനെടുക്കാനും മറ്റും മലയിൽ പോയി തിരിച്ചു വരുന്ന ഏതാനും ആദിവാസികൾ മാത്രമേ ആ സമയത്തതിലെ വരൂ. അവരിൽ ചിലർ ഭാനുവിനോടു കുശലം പറഞ്ഞു. ഹരിയോടു തേൻ വാങ്ങാൻ നിർബന്ധിച്ചു. എല്ലാവരെയും ഒഴിവാക്കി അവർ മുന്നോട്ടു നടന്നു.

നിശ്ശബ്ദയായി മുന്നോട്ടു നടക്കുന്ന അവളുടെ നിഴലായി അവനും നടന്നു. അവന്റെ മനസ്സ്‌ പ്രക്ഷുബ്‌ധമായിരുന്നു. 'എന്തിനാണു തന്നെയവൾ കൊണ്ടു പോകുന്നത്, എങ്ങോട്ടേക്കാവും?' അവനൊരെത്തും പിടിയും കിട്ടിയില്ല. എങ്കിലും അനുസരണയുള്ളൊരു കുട്ടിയെപ്പോലെ അവൻ അവൾക്കൊപ്പം നടന്നു.

വഴിയരികിൽ കുന്നിൻ ചെരുവിലെ ആൽച്ചുവട്ടിലൊരു ദേവീ വിഗ്രഹം മഞ്ഞളും കുങ്കുമവുമണിഞ്ഞു ഉണങ്ങിയ പൂമാലകൾ കൊണ്ടു മൂടപ്പെട്ടു നിസ്സംഗയായി നിന്നിരുന്നു. അവളതിനു മുന്നിൽ അല്പസമയം കണ്ണടച്ചു പ്രാർത്ഥിച്ചു. പിന്നെ അല്പം കുങ്കുമമെടുത്തു നെറ്റിയിൽ തൊട്ടു. അവിടെ തട്ടത്തിൽ നിന്നും ഭസ്മമെടുത്തു അവനു നേരെ നീട്ടി. അവൻ അതു വാങ്ങി നെറ്റിയിലണിഞ്ഞു.

താഴെ അഗാധമായ താഴവരയ്ക്കു പല വർണ്ണത്തിലുള്ള പൂക്കൾ നിറം പകർന്നിരുന്നു. മലഞ്ചരിവിലൂടെ ഒഴുകിയെത്തിയ കാറ്റിന് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമായിരുന്നു. ചിത്രശലഭങ്ങൾ പറന്നു നടക്കുന്ന ആ അഗാധതയുടെ സൗന്ദര്യം അവർണ്ണനീയമായിരുന്നു. താഴ്‌വരയുടെ കനത്ത മൗനത്തിലേക്കു നോക്കി അവൾ ആരോടെന്നില്ലാതെ പറഞ്ഞു. 

"നിശ്ശബ്ദമായ ഈ താഴ്‌വാരത്തിനും പറയാനുണ്ടാകും ഹരിയേട്ടാ ഒരുപാടു നൊമ്പരങ്ങളുടെ കഥ.  അതു കേൾക്കാൻ ആരെങ്കിലും സമയം കളയാറുണ്ടോ? ഇല്ല! എല്ലാവരും ഈ വഴിയിലൂടെ അവരവരുടെ കാര്യം നോക്കി പോകുകയല്ലേ ചെയ്യുന്നത്. കാരണം അവളുടെ നൊമ്പരങ്ങളുടെ പങ്കു പറ്റാൻ ആർക്കും താല്പര്യമില്ല. അതു തന്നെ."

"നീ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല ഭാനു." ഹരി നിസ്സഹായനായി. 

അവൾ അവനെ നോക്കി മനോഹരമായി  മന്ദഹസിച്ചു കൊണ്ടു വീണ്ടും നടന്നു തുടങ്ങി. ഒപ്പം അവനും. അല്പം കഴിഞ്ഞപ്പോൾ ഇടതു വശത്തേക്കൊരു കയറ്റം കണ്ടു. അതിലൂടെ കുറച്ചു ചെന്നപ്പോൾ പനയോല മേഞ്ഞ ഒരു ചെറിയ കുടിൽ കാണാറായി. അടുത്തു തന്നെ ഒരു തൊഴുത്തും. ഒരു പശുവും കുട്ടിയും അല്പമകലെ മരച്ചുവട്ടിൽ വിശ്രമിക്കുന്നു. അവളെക്കണ്ടപ്പോൾ പശുക്കുട്ടി ഓടി വന്നുരുമ്മി നിന്നു. അതിനെ ഒന്നു തലോടി അവൾ അടുത്തുള്ള ആഞ്ഞിലി മരത്തിൽ കെട്ടിയിട്ടു.

മുൻ വശത്തെ വരാന്തയിൽ കിടന്നൊരു മരക്കസേര സാരിത്തലപ്പു കൊണ്ടു തുടച്ചവൾ അവനിരിക്കാനായി മുറ്റത്തിട്ടു കൊടുത്തു. മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ആഞ്ഞിലിയുടെ സമൃദ്ധമായ തണലിൽ പുറത്തെ കാഴ്ച്ചകൾ കണ്ട് അവനിരുന്നു. പഴുത്ത ആഞ്ഞിലിപ്പഴങ്ങൾ അവിടവിടെ തെറിച്ചു വീണു കിടന്നിരുന്നു. ഈച്ചകൾ അവയ്ക്കു ചുറ്റും പറക്കുന്നുന്നുണ്ടായിരുന്നു. ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം നിലത്തു പല ചിത്രങ്ങളും വരച്ചും കാറ്റിലിളകുന്ന ഇലകൾ അതു മാറ്റി വരച്ചുകൊണ്ടുമിരുന്നു. പേരറിയാത്ത ഏതോ കാട്ടുപൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ പരന്നപ്പോൾ വിയർപ്പു പൊടിയുന്ന ഭാനുവിന്റെ മുഖം അവന്റെ മനസ്സിലൊരു കുളിർ പടർത്തി.

അകത്തു നിന്നും ഭാനു  കൊണ്ടു വന്ന ദോശയുടെയും സാമ്പാറിന്റെയും ഗന്ധമുയർന്നു. ആരായിരിക്കും അകത്തുള്ളത്. അവൻ അക്ഷമനായി. പതിയെ എഴുനേറ്റവൻ വരാന്തയിലേക്കു  കയറാൻ വിചാരിച്ചപ്പോഴക്കും കയ്യിൽ ഒരു ഗ്ലാസ്സ് ചായയുമായി ഭാനു അവനു മുന്നിലെത്തി. അവൾ നീട്ടിയ ചായ അവൻ വാങ്ങി, വീണ്ടും കസേരയിൽ ചെന്നിരുന്ന് അതു കുടിക്കാൻ തുടങ്ങി.

"ഹരിയേട്ടൻ കുറച്ചു ക്ഷമിക്കണേ, ഞാൻ അവർക്കു ഭക്ഷണം കൊടുത്തിട്ടു വരാം."

അതും പറഞ്ഞവൾ അകത്തേക്കു തിരിച്ചു നടന്നു.

ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ അവളവനെ അകത്തേക്ക് ക്ഷണിച്ചു. 

വരാന്തയിൽ നിന്നും അല്പം വലിയൊരു മുറിയിലേക്കു കടന്ന അവൻ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. 

വശം ചേർത്തിട്ടിരിക്കുന്ന രണ്ടു കട്ടിലുകളിൽ ഒന്നിൽ പ്രായമായ ഒരാളും മറ്റൊന്നിൽ ഒരു സ്ത്രീയും കിടക്കുന്നു. താഴെ, നാലും അഞ്ചും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു വൃദ്ധ. അവരെല്ലാം അവനെ നോക്കി അനുകമ്പയോടെ ചിരിച്ചു. 

ഭാനു അടുക്കളയിൽ പോയി രണ്ടു പ്ലാസ്റ്റിക് കുടങ്ങളുമായി വന്നു. ഹരിയോട് ഇപ്പോൾ വരാം എന്നു പറഞ്ഞു കുടങ്ങളുമായി പുറത്തേക്കു പോയി.

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഹരിയെ വൃദ്ധൻ  അയാൾക്കരികിലേക്കു വിളിച്ചു. കട്ടിലിനടുത്തുള്ള കസേര  ചൂണ്ടി അതിലിരിക്കാൻ പറഞ്ഞു.

"ഹരിയല്ലേ?" ഭാനു പറഞ്ഞിട്ടുണ്ട് മോനെപ്പറ്റി. ഹരി ഇരുന്നു കഴിഞ്ഞപ്പോൾ വൃദ്ധൻ സംഭാഷണത്തിനു തുടക്കമിട്ടു. അവൻ അതേ എന്ന അർത്ഥത്തിൽ തലയിളക്കി.

മോനറിയുമോ ഞാൻ ഈ കിടപ്പു തുടങ്ങിയിട്ടു  വർഷം അഞ്ചായി, മരത്തിൽ നിന്നും വീണതാണ്. ആ കിടക്കുന്നത് എന്റെ മോളാണ് അവൾക്കും നടക്കാനോ എന്തെങ്കിലും സ്വന്തമായി ചെയ്യാനോ കഴിയില്ല. പെട്ടെന്ന് ഒരു പനി വന്നതാണവൾക്ക്, പിന്നീട് ഇങ്ങനെ ആയിപ്പോയി. ആ രണ്ടു കുട്ടികൾ അവളുടേതാണ്, അവളുടെ ഭർത്താവ് അവളെയും കുട്ടികളെയും ഉപേക്ഷിച്ചു പോയി. അത് അവളുടെ അമ്മ എന്റെ ഭാര്യ. അവൾ പണിക്ക് പോയിരുന്നു. ഇപ്പോൾ അവൾ ഒരു ഹൃദ്രോഗിയാണ്. രണ്ടു കൊല്ലത്തോളമായി ജോലിക്ക് പോകാൻ നിവൃത്തിയില്ല.

ഇന്നിപ്പോൾ ഞങ്ങളുടെ അഞ്ചു വയറുകൾ കഴിയുന്നതു  ഭാനുവിന്റെ  അധ്വാനത്തിലാണ്. സത്യത്തിൽ അവൾക്കു ഞങ്ങളെ പോറ്റേണ്ട യാതൊരു കാര്യവുമില്ല. അവൾക്കു  ഞങ്ങളുമായി രക്തബന്ധം ഒന്നും തന്നെയില്ല. അവളുടെ അച്ഛൻ ആദ്യമായി ഈ താഴ്‌വരയിൽ  തോട്ടത്തിൽ പണിക്കു  വരുമ്പോൾ ഞാൻ അവരെ സഹായിച്ചു എന്ന ഒറ്റ ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ. അവർക്കു  കഴിയാൻ കുറച്ചു കാലം ഈ കൂരയിൽ അഭയം കൊടുത്തു. പിന്നീട് അവളുടെ അച്ഛനും അമ്മയും ഒരു വാഹനാപകടത്തിൽ മരിച്ചു പോയി. അവർ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്കു മറിയുകയായിരുന്നു. വർഷം പത്തു പതിനഞ്ചായി. അതിനു ശേഷം അന്നു വെറും ആറു വയസ്സുള്ള അവൾ ഞങ്ങളോടൊപ്പമായി താമസം. പത്തുവരെ പഠിച്ചു. മിടുക്കിയായിരുന്നു. ഞാൻ കിടപ്പായപ്പോൾ പഠിത്തം മുടക്കേണ്ടി വന്നു. ഞങ്ങളെ ഇട്ടിട്ടു സ്വന്തം ജീവിതം തേടി പൊയ്ക്കോളാൻ മോളോട് ഞങ്ങൾ പലവട്ടം പറഞ്ഞതാണ്. പക്ഷേ മോൾ സമ്മതിക്കുന്നില്ല. മോന്റെ കാര്യവും  ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

"മോൻ തന്നെ പറയൂ, ഞങ്ങൾ എന്തുചെയ്യണം? മോൻ അവളെ നിർബന്ധിച്ചു  കൂടെക്കൂട്ടണം. ഞങ്ങൾ കാരണം അവൾക്കൊരു ഭാവി ഇല്ലാതാവരുത്. ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം."

വൃദ്ധന്റെ വാക്കുകൾ കേട്ടു  ഹരി എന്തെന്നില്ലാത്ത ധർമ്മസങ്കടത്തിലായി. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിവില്ലാത്ത ഇവരെയൊക്കെ ഉപേക്ഷിച്ച് എങ്ങനെ അവളോടു തന്നോടൊപ്പം പോരാൻ ആവശ്യപ്പെടും? അവൾ തന്നോടൊപ്പം വരാൻ കൂട്ടാക്കാത്തതിന്റെ കാരണമെന്തെന്നു  ഹരിക്കപ്പോൾ വ്യക്തമായി മനസ്സിലാകുകയായിരുന്നു. എങ്കിലും യാതൊരു രക്തബന്ധമില്ലാത്ത ഇവരോട് അവൾ കാണിക്കുന്ന ആത്മാർത്ഥത ഹരിയെ വല്ലാതെ അത്ഭുതപ്പെടുത്തി.  ഭാനുവിനെ നല്ലവണ്ണം അറിയാവുന്ന ഹരിക്ക് അടുത്ത നിമിഷം അതൊരു അദ്ഭുതമായി തോന്നിയുമില്ല.

ഗോവിന്ദേട്ടന്റെ ചായക്കടക്കു പിന്നിൽ വരുന്ന പൂച്ചയ്ക്കും കാക്കയ്ക്കും പോലും അവൾ ഭക്ഷണം കൊടുക്കുന്നത് അവൻ കണ്ടിട്ടുണ്ട്.

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവൾക്കു നൂറിൽ നൂറു ശതമാനം ആത്മാർത്ഥതയാണ്. എച്ചിൽപ്പാത്രങ്ങൾ എത്ര ഭംഗിയായാണ് അവൾ കഴുകിയടുക്കി വയ്ക്കാറുള്ളത്. പലപ്പോഴും അവളറിയാതെ അതു നോക്കി നിന്നിട്ടുണ്ട്. അവൾ പണി കഴിഞ്ഞു പോയ്ക്കഴിയുമ്പോൾ അടുക്കള നോക്കി 'എന്തൊരു അടുക്കും ചിട്ടയും ഐശ്വര്യവും കൈപ്പുണ്യവുമുള്ള പെണ്ണ്' എന്നു  രാധച്ചെറിയമ്മ പറയുന്നതു കേട്ടു കേട്ടാണ് അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഇരു നിറവും ഒത്ത ഉയരവും കൊലുന്നനെയുള്ള ശരീരവുമുള്ള അവളിൽ ആദ്യമൊന്നും ആകർഷണീയമായി ഒന്നും തോന്നിയില്ല. ചെറിയൊരു പുഞ്ചിരി എപ്പോഴും തത്തിക്കളിക്കുന്ന ചുണ്ടുകളും ചടുലമായതെങ്കിലും താളത്തിലുള്ള അവളുടെ പ്രവൃത്തികളുമൊക്കെ പിന്നീടാണ് തന്നെ അവളിലേക്കടുപ്പിച്ചത് . വിഷാദം തുളുമ്പുന്ന മുഖമുള്ള അവളുടെ കണ്ണുകൾക്ക് ഒരാജ്ഞാശക്തിയുണ്ട്. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന അവളെ എല്ലാവർക്കും കാര്യവുമാണ്. 

ചെറിയച്ഛനറിയാം തനിക്കവളോടുള്ള ഇഷ്ടം. അമ്മയോടു സംസാരിച്ചു കാര്യങ്ങൾ ശരിയാക്കാൻ ചെറിയച്ഛനെ ഏല്പിക്കാം എന്നാണു കരുതിയിരുന്നത്. തന്റെ ഇഷ്ടത്തിനെതിരു നിൽക്കില്ല അമ്മ. പക്ഷെ ഇതിപ്പോൾ അവൾ മാത്രമല്ലല്ലോ... അവളെ കൈവിടാനും വയ്യ.

ഹരി ഇരുന്നിടത്തിരുന്നുകൊണ്ടു, തന്നെ ഉറ്റു നോക്കുന്ന ആ വൃദ്ധന്റെ ശുഷ്കമായ വലതുകൈയിൽ മൃദുവായി തൊട്ടുകൊണ്ടു  പറഞ്ഞു: "നിങ്ങളെ അനാഥരാക്കി ഭാനുവിനെ ഞാൻ കൂടെ കൂട്ടില്ല. തീരുമാനമെടുക്കാൻ എനിക്കു കുറച്ചു സമയം തരണം."

വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു ഹരി പുറത്തിറങ്ങി. ആഞ്ഞിലി മരത്തണലിൽ ചിന്താവിഷ്ടനായിരുന്ന ഹരി, ഭാനു  വെള്ളവുമായി വന്നതൊന്നുമറിഞ്ഞില്ല. കുടങ്ങൾ അകത്തു വച്ചു ഭാനു  തിരികെ വരുമ്പോഴും അകലേക്കു ദൃഷ്‌ടി പായിച്ചിരിക്കുകയായിരുന്നു അയാൾ. 

ലൈഫ്ബോയ് സോപ്പിന്റെ നറുമണം മൂക്കിലടിച്ചപ്പോൾ ഭാനു അരികിലെത്തിയതു ഹരിയറിഞ്ഞു. തിരിഞ്ഞു നോക്കിയ ഹരിയോടു ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ ഭാനു പറഞ്ഞു: 

"നോക്കൂ ഹരിയേട്ടാ, ഇവരെ ഇവിടെ വിധിക്കു വിട്ടുകൊടുത്തുകൊണ്ടു സ്വന്തം ജീവിതം ഭദ്രമാക്കാൻ എനിക്കാവില്ല. ഞാനിപ്പോൾ ജീവനോടെയിരിക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാർ ഈ അച്ഛനും അമ്മയുമാണ്. സീതേച്ചിയും എന്നെ കൂടപ്പിറപ്പിനെപ്പോലെ തന്നെയേ കണ്ടിട്ടുള്ളൂ. സീതേച്ചിക്കും അച്ഛനും നല്ല ചികിത്സ കിട്ടിയാൽ അവർ ജീവിതത്തിലേക്കു തിരിച്ചു വരും. അതിനുള്ള ശ്രമത്തിലാണു ഞാൻ. ഉച്ചക്കു ശേഷം ഞാൻ പശുവിനു പുല്ലരിയാൻ പോകുന്ന കൂട്ടത്തിൽ പച്ചമരുന്നുകളും കശുവണ്ടിയും റബ്ബർ കുരുവുമൊക്കെ ശേഖരിച്ചു താഴ്വാരത്തുള്ള കടയിൽ കൊടുക്കാറുണ്ട്. അതിൽ നിന്നു കിട്ടുന്നതൊക്കെ ഒരു പൈസപോലും കളയാതെ രണ്ടു വർഷമായി ഞാൻ കുടുക്കയിലിട്ടു വച്ചിട്ടുണ്ട്. സീതേച്ചിയെ എന്തായാലും ചികിത്സിക്കണം ഹരിയേട്ടാ. ആ മക്കളെ മടിയിലൊന്നിരുത്താൻ പോലും പറ്റുന്നില്ലല്ലോ, എത്ര സങ്കടമാണത്. ഗോവിന്ദേട്ടന്റെ ചിട്ടിയിൽ എനിക്കുമൊരു നറുക്കുണ്ട്. അതു കിട്ടിയാൽ കുടുക്കയും പൊട്ടിച്ചു ഞാൻ സീതേച്ചിയെ കൊണ്ടുപോകും. അതുകൊണ്ട് ഹരിയേട്ടൻ എന്നേ കാക്കണ്ട, ഹരിയേട്ടനു മുന്നിൽ നല്ലൊരു ജീവിതമുണ്ട്. എന്റെ പേരിൽ അതു നശിപ്പിക്കരുത്."

ഭാനു പറഞ്ഞു നിർത്തുമ്പോൾ ഹരി അവളെത്തന്നെ അത്ഭുതത്തോടെ കേട്ടു നിൽക്കുകയായിരുന്നു.

ഹരി അല്പം കൂടി അവൾക്കടുത്തേക്കു നീങ്ങി നിന്നുകൊണ്ടു സ്വകാര്യമെന്നപോലെ പറഞ്ഞു. "ഇത്രയും സ്നേഹമുള്ള നിന്റെയീ ഹൃദയം ഞാൻ നഷ്ടപ്പെടുത്താനോ ഭാനു? ഒരിക്കലുമില്ല, എനിക്കതു വേണം. 

ഭാനു, ഞാൻ വരും അമ്മയെയും കൊണ്ട്. എനിക്കൊരു ചെറിയ വീടുണ്ട്. അവിടെ ഞാനും അമ്മയും മാത്രമേയുള്ളൂ.  നിന്നെ മാത്രമല്ല, നമുക്കൊപ്പം ഇവരെയും കൂട്ടാം. നിന്റെ ആഗ്രഹം പോലെ സീതേച്ചിയെയും അച്ഛനെയും പഴയപോലെ ആക്കാം, കുഞ്ഞുങ്ങളെ പഠിപ്പിക്കാം. എല്ലാത്തിനും ഞാനുണ്ടാകും നിനക്കൊപ്പം. വരില്ലേ എന്റെ കൂടെ?"

അവൾ വിശ്വാസം വരാതെ അവനെ തുറിച്ചു നോക്കി.

"വെറുംവാക്കല്ല ഭാനു. അമ്മ എന്റെ ഇഷ്ടത്തിനെതിരു നിൽക്കില്ല, ഉറപ്പ്. ഞാൻ വരും നിന്നെ കൂടെക്കൂട്ടാൻ ഒപ്പം ഇവരെയും. നീ കാത്തിരിക്കില്ലേ?"

അവസാനത്തെ ചോദ്യം ഭാനുവിന്റെ ഇരു കൈകളും കവർന്നു തന്റെ നെഞ്ചോടു ചേർത്തുകൊണ്ടാണ് ഹരി ചോദിച്ചത്.

അവളുടെ മുഖം സന്തോഷം കൊണ്ടു നിറയുന്നത് അവനു കാണാമായിരുന്നു. 

ആ കണ്ണുകൾ കണ്ണുനീരുകൊണ്ടു തിളങ്ങി. അവൾ കൈകൾ വലിച്ചെടുത്ത് അവനെ തൊഴുതു. പിന്നെ തിരിഞ്ഞു നിന്നു പൊട്ടിക്കരഞ്ഞു. 

എല്ലാ ഭാരവും ഒറ്റക്കു ചുമന്നു തളർന്നുപോയ ഒരു പാവം മനുഷ്യ ജീവിയുടെ കദനങ്ങളെല്ലാം ഇറക്കിവെക്കാൻ ഒരത്താണി കിട്ടിയെന്ന ആശ്വാസമാവാം. 

അവളെ ആശ്വസിപ്പിച്ച് എത്രയും പെട്ടെന്ന് അമ്മയുമായി വരാമെന്നു ഭാനുവിനു വാക്കു കൊടുത്തവൻ കുന്നിറങ്ങി നടന്നു. ഹരി കണ്ണിൽ നിന്നു  മറയും വരെ അവൾ നോക്കി നിന്നു.

പിന്നീടുള്ള ഭാനുവിന്റെ ദിവസങ്ങൾ കാത്തിരിപ്പിന്റെ ആനന്ദം  നിറഞ്ഞതായിരുന്നു. 

അവളുടെ ആ സന്തോഷം പലപ്പോഴും ഹരിയോടുള്ള പ്രണയമായി അവളുടെ ഉള്ളിൽ തുള്ളിത്തുളുമ്പി. അവളുടെ  ഹൃദയത്തിനു പ്രണയ താളം കൈവന്നു.  കണ്ണിൽ കാണുന്നതെല്ലാം പ്രണയം നിറഞ്ഞ കാഴ്ചകൾ മാത്രമായി  കാതിൽ  കേൾക്കുന്നതെല്ലാം പ്രണയ ഗാനമായിത്തോന്നി. തീച്ചൂടിനെ കുളിർമ്മഴയാക്കുന്ന, കൂരിരുട്ടിനെ പാൽനിലവാക്കുന്ന, കയ്പുനീരിനെ  മധുവാക്കി മാറ്റുന്ന പ്രണയം. നീല നിലാവായി, പിച്ചിപ്പൂമണമായി, പാൽ മധുരമായി, ഇളം തെന്നലായി വന്നു തലോടി പിന്നെ മറ്റെല്ലാ വികാരങ്ങൾക്കും  മുകളിൽ നിറയുന്ന  പ്രണയം.  സർവ്വവും പ്രണയത്തിലർപ്പിച്ച് അതിൽ സ്വയമലിഞ്ഞ് അവൾ അവനായി കാത്തിരുന്നു.    

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ