

ഫോണിലൂടെ അമ്മച്ചി പതം പറഞ്ഞു കൊണ്ടിരുന്നു. ദുബായിലെ ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നു... ഷൈനി. "അവര് നിന്നെ കെട്ടിക്കത്തില്ല മോളേ... അവരുടെ കറവപ്പശുവാ നീയ്.
എന്റെ കണ്ണടയുന്നതിനു മുന്നേ നിന്നെ ഒരാളുടെ കൂടെ ഏല്പിക്കണ്ടേ? ഒരുത്തരവാദിത്തോം ഇല്ലാരുന്നു നിന്റെ അപ്പന്. കള്ളുകുടീം, ചീട്ടുകളീമായിട്ട് നടന്നു. ഒന്നുമറിയാതെ അങ്ങേലോകത്തേക്ക് പോകുവേം ചെയ്തു." അമ്മച്ചി കരഞ്ഞു.
"ലീലാമ്മേ"ഷൈനി സ്വരം മാറ്റി അപ്പച്ചന്റെ സ്വരത്തിൽ വിളിച്ചു.
"എന്തോ.."!അമ്മച്ചി ഓർക്കാതെ വിളികേട്ടുപോയി.
"നീയാരെയാ കുറ്റം പറയുന്നേ. നിന്റെ പൌലോച്ചായനെയോ?"
"പട്ടിണി കെടന്നു ചാകാറായ നിന്റെ പട്ടിണി മാറിയത് ഞാൻ കെട്ടിയേപ്പിന്നെ അല്ലെടീ? നന്ദി വേണം നന്ദി."
"നേരാ...പത്തുമക്കളാരുന്നു എന്റെ അമ്മക്ക്. പട്ടിണീം പരിവട്ടോമായി എന്തോരം കഷ്ടപ്പെട്ടു?"
"നിന്റെ അപ്പൻ എന്നെ മിന്ന് കെട്ടിയേപ്പിന്നെ ഞാൻ അധികം കഷ്ടപ്പെട്ടിട്ടില്ല. നല്ല പണിക്കാരനുമായിരുന്നു. ദീനം വന്നതിൽപ്പിന്നെയാ പണിഎടുക്കാതായത്... അപ്പോഴേക്കും എന്റെ മോൾക്ക് ദുബായിൽ നേഴ്സായിട്ട് ജോലി കിട്ടിയില്ലേ? മാസാമാസം നീ അയക്കുന്ന പണം കൂട്ടി വെച്ച് അപ്പച്ചൻ റബ്ബർത്തോട്ടം വാങ്ങി. എളേത്തുങ്ങളെ പഠിപ്പിച്ചു കര പറ്റിച്ചു. ഷാന്റീടേം, മേഴ്‌സ്സീടേം കല്ല്യാണം നടത്തി. ജോണിക്കും ജെയിംസിനും ജോലികിട്ടി! ജെയിംസ് പെണ്ണുകെട്ടി. സന്തോഷത്തോടെയാ അപ്പച്ചൻ പോയത്."
"അതേല്ലോ?" ഷൈനി ചോദിച്ചു
"ഇനി എന്റെ കാര്യം. മുപ്പത്തഞ്ചു വയസ്സായി എന്ന് എന്നെക്കണ്ടാൽ ആരെങ്കിലും പറയുമോ?
എനിക്ക് അമ്മച്ചീടെ സൗന്ദര്യം അല്ലേ കിട്ടിയത്?പൊന്നിന്റെ നെറം. നല്ല ഉയരം. സുന്ദരിയല്ലേ അമ്മച്ചീടെ മോൾ ഷൈനി?"
അമ്മച്ചി പൊട്ടിച്ചിരിച്ചു.
"ഹാവു... സമാധാനമായി." അവൾ സ്വയം പറഞ്ഞു.
എല്ലാവരും സന്തോഷമായി ഇരിക്കണം.അതാണ് എന്റെ സന്തോഷം.
"പിന്നടീമോളേ..." അമ്മച്ചി...സ്വരംതാഴ്ത്തിപ്പറഞ്ഞു.
"നമ്മടെ ജോണി... അവന്റെ കൂടെ ജോലിയൊള്ള ഒരു പെണ്ണുമായി സ്നേഹത്തിലാ! അവന് ഇരുപത്താറു വയസ്സേയുള്ളു! അവന്റെ കല്യാണത്തിന് മുൻപെങ്കിലും എന്റെ കുഞ്ഞിന്റെ കല്യാണം നടക്കണം
അമ്മച്ചി കല്യാണദല്ലാൾ പാപ്പൻ ചേട്ടനോട് പറഞ്ഞിട്ടുണ്ട്..."
ഫോൺ വെക്കുന്നതിനു മുൻപ് ഷൈനി പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ശരിയാണ് അമ്മച്ചി പറഞ്ഞത്. ഇരുപത്തി രണ്ടാം വയസ്സിൽ, ബി എസ് സി നഴ്സിംഗ് കഴിഞ്ഞു ദുബായിൽ ജോലികിട്ടിപ്പോന്നതാണ്...
അതുമതി ഷൈനിക്ക്." അവൾ സ്വയം പറഞ്ഞു
"എന്റെ വീടിന്റെ രക്ഷകയായില്ലേ ഞാൻ!"
പക്ഷെ... പാവം അമ്മച്ചിയോ? തന്നെക്കുറിച്ചുള്ള ആധി നല്ലപോലെയുണ്ട്. അറിയാഞ്ഞിട്ടല്ല... ഇനി അമ്മച്ചിയെ സന്തോഷിപ്പിക്കണം. പെട്ടെന്നവൾക്ക് ഡോക്ടർ വിനോദ് മാത്യുവിനെ ഓർമ്മ വന്നു. ഡോക്ടറുടെ നാല് വയസ്സുള്ള മോൾ കുഞ്ഞിയെയും. അമ്മയില്ലാത്ത പാവം കുഞ്ഞി മോൾ. ഡോക്ടറുടെ ഭാര്യ ലീന ഈ ഹോസ്പിറ്റലിൽ കിടന്നാണ് മരിച്ചത്.
പാവം ലീനചേച്ചി. ക്യാൻസറായിരുന്നു. അവസാന നാളുകളിൽ ശുശ്രൂ ഷിച്ചത് താനായിരുന്നു. ഇപ്പോൾ ഡോക്ടറുടെ വയസ്സായ അപ്പനും അമ്മയും. അല്ലെങ്കിൽ ലീന ചേച്ചിയുടെ അമ്മയും., അപ്പനും.
മാറി മാറി നാട്ടിൽനിന്ന് വന്നാണ് കുഞ്ഞിനെ നോക്കുന്നത്.
ഡോക്ടറുടെ കൂടെ ഡ്യൂട്ടികിട്ടുന്നത് എല്ലാ നഴ്സിംഗ് സ്റ്റാഫിനും സന്തോഷമാണ്. ആരെയും അനാവശ്യമായി വഴക്കുപറയില്ല. മിതഭാഷിയും, സൗമ്യനുമാണ് ഡോക്ടർ വിനോദ്. ലീനച്ചേച്ചിയെ നല്ലപോലെ നോക്കിയത് കൊണ്ടാവാം... ഡോക്ടർക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്.
"എല്ലാവരും എന്നോട് രണ്ടാമത് വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു ഷൈനീ!"
"പക്ഷേ...എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല."
"ശരിയാണ് ഡോക്ടർ... കുഞ്ഞിനും ആരെങ്കിലും വേണ്ടേ? തന്നേമല്ല...., ഡോക്ടർക്ക് നാൽപ്പത് വയസ്സല്ലേ... കാണുകയുള്ളു?" താൻ ചോദിച്ചു.
"ഷൈനി എന്താണ് വിവാഹം കഴിക്കാത്തത്? മുപ്പത്തഞ്ചു വയസ്സെങ്കിലും കാണില്ലേ ഷൈനിക്ക്?"
പെട്ടെന്ന് ഡോക്ടർ ചോദിച്ചു.
"അതോ... ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?"
"ഒന്നുമില്ല... ഡോക്ടർ. വീട്ടിൽ കുറേ പ്രാരബ്ദ്ധങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ആലോചന തുടങ്ങിയിട്ടുണ്ട്." അങ്ങനെയാണ് പറഞ്ഞത്.
"രണ്ടാം കെട്ടുകാരെ പരിഗണിക്കുമോ?" ഡോക്ടർ പൊടുന്നനെ ചോദിച്ചു.
താൻ അറിയാതെ ആ മുഖത്തേക്ക് നോക്കി... ആ കണ്ണുകളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
"എന്റെ സന്തോഷം മാത്രമല്ലല്ലോ പ്രധാനം... എന്റെ കുഞ്ഞി മോൾക്കും സന്തോഷം കിട്ടണ്ടേ?
സാവധാനം ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ഷൈനീ."
"ഉത്തരം എന്തായാലും എനിക്ക് വിഷമമില്ല. ഞാൻ രണ്ടാം കെട്ടുകാരനല്ലേ. യെസ് ...എന്നാണ് ഉത്തരമെങ്കിൽ ഞങ്ങൾക്ക് സന്തോഷമാകും. എനിക്കും, എന്റെ മോൾക്കും...അപ്പനമ്മമാർക്കും."
"എന്റെ അമ്മച്ചിക്കും" ഷൈനി അറിയാതെ പറഞ്ഞുപോയി.
പിന്നെ പെട്ടെന്ന് വിരൽകടിച്ചു ചുറ്റും നോക്കി. ഇല്ല... ആരും കേട്ടിട്ടില്ല... ഡ്യൂട്ടി റൂമിൽ താൻ തനിച്ചേയുള്ളു.
എങ്കിൽ പിന്നെ അങ്ങനെയാകട്ടെ. ഇത്രയും പേർക്ക് താൻ മൂലം സന്തോഷം കിട്ടുമെങ്കിൽ...താൻ അവരുടെ രക്ഷകയാകുമെങ്കിൽ അത് എത്ര ധന്യമായ കാര്യമാണ്.
"നിനക്ക് സന്തോഷമില്ലേ ഷൈനീ" അവൾ സ്വയം ചോദിച്ചു.
"ഉവ്വല്ലോ." അവൾ ഉത്തരവും പറഞ്ഞു.
നേരം വെളുക്കാൻ ഷൈനി കാത്തിരുന്നു. ഡോക്ടർ വിനോദിനോട്...
" യെസ് "എന്ന ഉത്തരം പറയാൻ...
എല്ലാവർക്കും സന്തോഷമാകട്ടെ. ഡോക്ടർ തന്റെ രക്ഷകനാവട്ടെ. താൻ അവരുടെയും!