(T V Sreedevi )
"ഓഫീസിലെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ്." അനുരാഗ് എന്നോട് ചോദിച്ചു. കൃഷ്ണന്റെ അമ്പലത്തിൽ ദീപാരാധന തൊഴുത് അമ്പലപ്പറമ്പിലെ ആൽത്തറയിൽ എന്നും ഞങ്ങൾ നാലഞ്ചു കൂട്ടുകാർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസമാണ് അവൻ എന്നോട് ആ ചോദ്യം ചോദിച്ചത്.
"അതൊരു പെൺകുട്ടിയാണ്." ഞാൻ ഉത്തരം പറഞ്ഞു.
"ഹിയേയ്....!" അവർ കയ്യടിച്ചു.
"കൊള്ളാം...." അടിപൊളി!
"നീ പുരോഗമിച്ചു മോനേ" അവർ ആർത്തു വിളിച്ചു.
ഞാൻ പണ്ടേ പുസ്തകപ്പുഴുവാണ്. അധോമുഖനും. പെൺകുട്ടികളോട് മിണ്ടില്ല. അങ്ങനെയുള്ള ഞാനത് പറഞ്ഞപ്പോഴാണ് അവർ കയ്യടിച്ചു ചിരിച്ചത്! എന്റെ കൂട്ടുകാരീൽ ചിലർ സ്കൂളിൽ മുതൽ തുടങ്ങിയ പ്രേമവും, കത്തെഴുത്തും,ഫോൺ വിളികളും ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. പലർക്കും കാമുകിമാർ മാറി, മാറി വന്നു. ചിലർ പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചു. എല്ലാവർക്കും ജോലിയായി. ഞാൻ ഇൻഫോ പാർക്കിൽ എഞ്ചിനീയർ ആയി.
"എന്നിട്ട്..., എങ്ങനെ അവൾ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയി?" അവർക്ക് ആകാംക്ഷ അടക്കാൻ പറ്റുന്നില്ല.
"നീ എന്ന് മുതലാ പെൺകുട്ടികളോട് മിണ്ടാൻ തുടങ്ങിയത് "
"പറയ് മോനുക്കുട്ടാ..." അഭിജിത് എന്ന എന്നെ അമ്മ വിളിക്കുന്ന പേരാണ് 'മോനുക്കുട്ടൻ 'എന്ന്. എന്റെ കൂട്ടുകാരും അത് തന്നെ വിളിക്കും.
"അതൊരു സംഭവമാണ്. " ഞാൻ പറഞ്ഞൂ തുടങ്ങി.
ഒരു ദിവസം അവളുടെ കൈതട്ടി മേശയിൽ ഇരുന്ന ഫ്ലവർവേസ് എന്റെ കാലിൽ വീണ് ഉടഞ്ഞു. കുപ്പിച്ചില്ലുകൊണ്ട് എന്റെ കാൽ മുറിഞ്ഞു. ചോര പുഴ പോലെ ഒഴുകി വന്നു.
"ഓ ആ സംഭവം അങ്ങനെ ആണോ?" അത് ഞങ്ങൾ അറിഞ്ഞതാണല്ലോ. ഞങ്ങള് നിന്നെ കാണാനും വന്നല്ലോ."
"അന്നും വാനരസേന വന്നെന്നും പറഞ്ഞു നിന്റെ അമ്മ ഞങ്ങളെ ചീത്ത വിളിച്ചല്ലോ..!"കൂട്ടുകാർ പറഞ്ഞു. എന്റെ അമ്മ അങ്ങനെയാണ്. ഭർത്താവ് ചെറുപ്പത്തിലേ മരിച്ചു. ഒറ്റമോനായ എനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ആളാണ് എന്റെ അമ്മ!
"എന്നിട്ട്...?"അവർ ചോദിച്ചു.
"അവൾ പേടിച്ചു പോയി. എല്ലാവരും ചേർന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി."
അവളും കൂടെ വന്നു.
"ചില്ലുകളെല്ലാം എടുത്തു കളഞ്ഞു. കാലിൽ ഒരു കേട്ടുമായിട്ടാണ് ഞാൻ തിരിച്ചു വന്നത്. സഹപ്രവർത്തകർ ചേർന്ന് എന്നെ വീട്ടിൽ കൊണ്ടുവന്നാക്കി."
"അവർ പറഞ്ഞു അമ്മ വിവരം അറിഞ്ഞു."
"അമ്മയുടെ സ്വഭാവം നിങ്ങൾക്കെല്ലാവര്ക്കും അറിയാമല്ലോ?"
ഞാൻ ഒന്ന് നിർത്തി.
"അയ്യോ ഞങ്ങൾക്കറിയാമേ..!എന്തു മാത്രം ചീത്ത ഞങ്ങൾ കേട്ടിരിക്കുന്നു." അവർ പറഞ്ഞു.
"ഒറ്റ മോനായ നിന്നോട് അമ്മക്ക് പൊസ്സസ്സീവ്നസ്സ് കൂടുതലാ...!
നീ കല്ല്യാണം കഴിച്ചാൽ എങ്ങനെ ആകുമോ എന്തോ.!"
അങ്ങനെ പോയി അഭിപ്രായങ്ങൾ.
"എന്നിട്ട്?". "ബാക്കി പറയെടാ"രാഹുൽ പറഞ്ഞു.
അവൾക്കും വലിയ സങ്കടമായിരുന്നു.
പിറ്റേന്ന് വൈകുന്നേരം അവൾ എന്റെ വീട്ടിൽ വന്നു.
"ആരാ?"അമ്മ ചോദിച്ചു.
"അവൾ വിവരം പറഞ്ഞു.
അമ്മ അവളെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു."
"എന്റെ കുഞ്ഞിന്റെ കാല് ഈ വിധത്തിലാക്കിയിട്ട് ഇനി എന്തറിയാനാ വന്നത്?വൈരാഗ്യം ഇങ്ങനെയാണോ തീർക്കുന്നത്?"
എന്ന അമ്മയുടെ ചോദ്യം കേട്ട് ഞാൻ വയ്യാത്ത കാലുമായി ഒരു വിധം പുറത്തു വന്നപ്പോൾ അതാ അവൾ നിൽക്കുന്നു.
"അവൾ കരഞ്ഞുകാണും." സഞ്ജയ് പറഞ്ഞു
"അതല്ലേ രസം.! അമ്മയുടെ ശകാരം കേട്ടിട്ട് എനിക്ക് കരച്ചിൽ വന്നു. പക്ഷേ...അവൾ കരഞ്ഞില്ല. പകരം ...അവൾ തൊഴുതുകൊണ്ട് അമ്മയുടെ കാലിൽ വീണു."
"മനപ്പൂർവ്വംഅല്ലാലോ അമ്മേ... അറിയാതെ പറ്റിപ്പോയതല്ലേ?".
"എനിക്കും വലിയ സങ്കടമായി."
"ഇന്നുവരെ മിണ്ടുക പോലും ചെയ്തിട്ടില്ലാത്ത ഒരാളോട് എന്തു വൈരാഗ്യമാണ് എനിക്കുള്ളത്?"
"ഒറ്റ മോൻ മാത്രം ഉള്ള അമ്മയുടെ സങ്കടം ആരുമില്ലാത്ത എനിക്ക് പെട്ടെന്ന് മനസ്സിലാകും". അവൾ പറഞ്ഞു.
"അമ്മയും മോനും എന്നോട് പൊറുക്കണം." അതു പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. അമ്മയുടെ ദേഷ്യം പെട്ടെന്ന് അപ്രത്യക്ഷമായി.
"അല്ല, ഞാനും മനപ്പൂർവം പറഞ്ഞതല്ല മോളെ, അന്നേരത്തെ ഒരു ദേഷ്യത്തിന്.." അമ്മ അവളെ ചേർത്തു പിടിച്ചു.
"എന്താണ് ആരുമില്ലെന്ന് പറഞ്ഞത്.?" അമ്മ ചോദിച്ചു.
അതിന്റ മറുപടിയായി അവൾ അവളുടെ കാര്യങ്ങൾ പറഞ്ഞു.
"അച്ചനും,അമ്മയും ഒരു അപകടത്തിൽ മരിച്ചുപോയ അവൾ കുട്ടിയായിരിക്കുമ്പോൾ മുതൽ ചെറിയമ്മാവന്റെ സംരക്ഷണയിൽ മുത്തശ്ശിക്കൊപ്പം അമ്മയുടെ തറവാട്ടിലാണ് താമസിക്കുന്നത്.
ഇപ്പോൾ അമ്മാവൻ വിവാഹം കഴിച്ചു. രണ്ടു ചെറിയ കുട്ടികളുമുണ്ട്. മുത്തശ്ശി കഴിഞ്ഞ വർഷം മരിച്ചു. അമ്മായിക്ക് എന്നെ കണ്ടുകൂടാ." അവൾ പറഞ്ഞു.
എല്ലാം കേട്ടപ്പോൾ എന്റെ അമ്മയുടെ കണ്ണു നിറഞ്ഞു. അമ്മ മേൽമുണ്ടിന്റെ തുമ്പുകൊണ്ട് കണ്ണീർ തുടച്ചു.
"അവൾക്ക് പേരില്ലേടാ..?"
രാഹുൽ ചോദിച്ചു.
"അവളുടെ പേര് ഐശ്വര്യ.
ഐഷു എന്ന് എല്ലാവരും വിളിക്കും.
അവളാണ് ഇപ്പോൾ ഓഫീസിലെ എന്റെ ബെസ്റ്റ് ഫ്രണ്ട്." ഞാൻ പറഞ്ഞു നിർത്തി
"അതു കൊള്ളാമല്ലോ."അവർ ഒന്നടങ്കം പറഞ്ഞു.
"അമ്മക്ക് അവളെ ഇഷ്ടമായ സ്ഥിതിക്ക് അവളെ നിനക്കു വേണ്ടി ആലോചിച്ചാലോ?"
രാഗേഷ് ചോദിച്ചു. എല്ലാവരും കയ്യടിച്ചു പാസ്സാക്കി. അങ്ങനെ കൊച്ചച്ചൻമാരും രാഗേഷും കൂടി അവളുടെ വീട്ടിൽ ചെന്ന് കല്ല്യാണം ആലോചിച്ചു. അവളുടെ ചെറിയമ്മാവൻ അമ്മയെ വന്നു കണ്ടു.
പിന്നെ എല്ലാം വേഗത്തിലായിരുന്നു.
"ഇന്ന് ഐഷു എന്റെ ഓഫീസിലെ മാത്രമല്ല, വീട്ടിലെയും ബെസ്റ്റ് ഫ്രണ്ടാണ്."... "അമ്മയുടെയും "