mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(KP Gopalakrishna Menon)

അമ്മാമന്‍റെ കൂടെ മുംബയില്‍ എത്തി 4 വര്‍ഷo  കഴിഞ്ഞു. എങ്കിലും സന്ദീപിന് ഇതുവരെ ഒരു നല്ല ജോലി ആയിട്ടില്ല. അമ്മാമന്‍റെ  പരിചയത്തിലെ  ഒരു  ദുബെയുടെ കൂടെ കൂടിയിട്ടു ഏകദേശം മൂന്നു  കൊല്ലമായി.  English നല്ലവണ്ണം സംസാരിക്കാനറിയാത്ത ദുബെയുടെ  P. A. ആണ് സന്ദീപ്‌.  ജീവിതത്തില്‍ കച്ചവടവും  പണവും മാത്രമെ ദുബെക്ക് അറിയാമായിരുന്നുളളു. 

കെമിക്കല്‍സ്‌ന്‍റെ  മൊത്തകച്ചവടമാണ്;  ഗുജറാത്തിലെയും    മഹാരാഷ്ട്രയിലും ഉള്ള ചില കമ്പനികളുടെ ഉത്പന്നങ്ങളാണ് മിക്കവയും;  കൂടാതെ ഗുജറാത്തിലെ ഒന്നുരണ്ടു ചെറുകിട കമ്പനികളുടെ ഏജന്‍സിയുo  ഉണ്ട്.   ദുബെ  മുംബെയിലെ ഓഹരി വിപണിയിലെ  ഒരു നിത്യ “കളി” ക്കാരനായിരുന്നു. അയാള്‍ പറയുന്ന ഗുജറാത്തിയും ഹിന്ദിയും കലര്‍ന്ന ഇംഗ്ലീഷ് തെറ്റില്ലാതെ ടൈപ്പ് ചെയ്തു  കൊടുക്കണം,   തെറ്റ് ഉണ്ടെങ്കില്‍ ദുബെ പിടിക്കും; ഇല്ലെങ്കില്‍ ഒന്നും മിണ്ടാതെ  ടൈപ്പ് ചെയ്കൊടുക്കുന്നത് അയാള്‍ ഒപ്പിട്ടു കൊടുക്കും. സാധാരണ സന്ദീപ്‌  ടൈപ്പ് ചെയ്തു കൊടുക്കുന്നത്  ഒപ്പിടുകയാണ് പതിവ്. ഓഫീസ് സമയം 9.30 മുതല്‍ 6 വരെയാണെങ്കിലും P.A. ആയതിനാല്‍ ദുബെ പോകുന്നത് വരെ സന്ദീപിനും ഓഫീസില്‍ ഇരുന്നെ പറ്റു. കെമിക്കല്‍  കച്ചവടമാണെങ്കിലും  ദുബെയുടെ ശ്രദ്ധയും താല്‍പര്യവും  മുഴുവ൯ ഷെയര്‍ മാര്‍കറ്റ്‌ലായിരുന്നു. ആയാള്‍  കാശു ഉണ്ടാക്കുന്നതും കളയുന്നതും അവിടെയായിരുന്നു. ദുബെയുടെ മൂഡ്‌ നോക്കി ഷെയര്‍ മാര്‍ക്ക്‌റ്റന്‍റെ  സ്ഥിതി മനസ്സിലാക്കാമെന്ന് സന്ദീപ്‌ പറയുമായിരുന്നു. കുടുംബമോ സാമൂഹ്യ ജീവിതമോ ഒന്നും  ഗൌനിക്കാത്ത ദുബെ രാവിലെ വന്നാല്‍ രാത്രി 8, 8.1/2 ക്ക മുന്പ് ഓഫിസില്‍ നിന്ന് പോക പതിവ്  ഇല്ല. അതുവരെ സന്ദീപും കാവലിരിക്കണം. പക്ഷെ ദുബെക്ക് സന്ദീപിനെ വലിയ വിശ്വാസമാണ്. അതിനാല്‍ ശമ്പളത്തിന്‍ പുറമേ ഒരു സംഖ്യ റെക്കോര്‍ഡ്‌ ഒന്നുമില്ലാതെ പ്രതി മാസം ആയാള്‍ക്ക് കൊടുക്കുക പതിവായിരുന്നു.

ജോലികിട്ടിയശേഷം   സന്ദീപ്‌  ചില  മലയാളി   ബാച്ചിലേര്‍സിന്‍റെ  കൂടെ ചെമ്ബൂരിലാണ് താമസം. ചെമ്ബൂരിലെ മലിന പങ്കിലിതമായ  അന്തരീക്ഷവും വീര്‍പ്പു മുട്ടിക്കുന്ന ഓഫീസിലെ അന്തരീക്ഷവും കാരണം സന്ദീപിന് ഒരു വിശ്രമം വേണമെന്ന് തോന്നിത്തുടങ്ങിയിട്ട് കുറെ നാളായി. അങ്ങനെ ഒരു ദിവസം ദുബെയുടെ “മൂഡ്‌” നോക്കി സന്ദീപ്‌ തന്‍റെ മരിച്ചുപോയ   (അത് ദുബെക്കറിയില്ലല്ലോ) അച്ചന് അസുഖം ജാസ്തിയാണെന്നും ഒരു മാസത്തെ അവധി വേണമെന്നും പറഞ്ഞു. നല്ല മൂഡിലായിരുന്ന  ദുബെ  മനമില്ലാ മനസ്സോടെ 15 ദിവസത്തെ  ലീവ് എടുത്തു വീട്ടില്‍ പോയി അച്ചനെ കണ്ടുവരുവാന്‍ പറഞ്ഞു, ആഫീസിലെ കണക്കും കേഷും മറ്റും നോക്കുന്ന  ഗോബര്ധനോട്  പറയേണ്ട എന്ന് പറഞ്ഞു രണ്ടായിരം രൂപയും സന്ദീപിന്‍റെ  കയ്യില്‍ കൊടുത്ത്. തല്‍കാലം ലീവ് കിട്ടിയല്ലോ തിരിച്ചുവരുന്നത് നാട്ടില്‍ പോയിട്ട് തീർച്ചയാക്കമെന്നു സന്ദീപും കരുതി. ആ ശനിയാഴ്ച ആയാള് നാട്ടിലേക്ക  വണ്ടി കയറി.

വീട്ടില്‍ വന്നുകയറിയ സന്ദീപ് കണ്ടത് പൂമുഖത്ത് അമ്മാമന്‍,  വലിയച്ചന്‍, വലിയമ്മ, അമ്മ, അളിയന്‍ (സഹോദരി ഭര്‍ത്താവ്) മുതലായവർ നിലത്തു ഉപവിഷ്ടനായ ഉണ്ണി പണിക്കര്‍ക്ക് ചുറ്റും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതാണ്. പണിക്കര്‍ നിലവിളക്കിന് മുന്‍പില്‍  “രാശിചക്രം” വരച്ചു കവിടി നിരത്തി എന്തല്ലാമോ പ്രവചിച്ചിരിക്കുന്നു. സന്ദീപിനെ കണ്ടമാത്രയില്‍ “കഥാനായകന്‍ തന്നെ എത്തിയല്ലോ,  ഇത് ഒരു  നല്ല നിമിത്തമാണ് നമുക്ക് ഇത് തന്നെ ഉറപ്പിക്കാം” എന്ന് പറഞ്ഞു ആയാള്‍ കവിടി സഞ്ചി കെട്ടിവെച്ച് എണീറ്റു. സെന്‍ട്രല്‍ എക്സൈസില്‍  അളിയന്‍റെ കൂടെ ജോലിചെയ്തിരുന്ന രാമചന്ദ്രന്‍ നായരുടെ പുത്രി നിര്‍മലയാണ് പ്രതിശ്രുത വധു. പബ്ലിക് സെര്‍വിസ്‌ കമ്മിഷന്‍ പാസ്സായ നിര്‍മ്മലക്ക് കേന്ദ്ര സര്‍കാരിന്‍റെ കീഴില്‍ ഉള്ള “വാട്ടര്‍ കമ്മിഷനിൽ” ജോലി കിട്ടി മുംബയില്‍ “പോസ്റ്റിങ്ങ്” ആയിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു ആലോചന ഉള്ളതിനെ പറ്റി മുന്‍പ് അമ്മ ഒരു കത്തില്‍ സൂചിപ്പിച്ചിരുന്നത് സന്ദീപ്‌ അപ്പോള്‍ ഓര്‍ത്തു. പണിക്കരെ ദക്ഷിണ കൊടുത്തു വിട്ടതിനു ശേഷം അമ്മാമനും വലിയച്ചനും “അവനു സൗകര്യം പോലെ പോയി കുട്ടിയെ കാണട്ടെ; രണ്ടുകൂട്ടര്‍ക്കും ഇഷ്ടമായെങ്കില്‍ നമുക്ക് ഇത് അങ്ങ് നടത്താം” എന്ന് അഭിപ്രയപ്പെട്ടു. അങ്ങനെ അടുത്ത ഞായറാഴ്ച അളിയന്‍റെ കൂടെ വലിയമ്മയെയും കൂട്ടി പെണ്ണ് കാണാൻ പോകാമെന്ന് അവരെല്ലാവരും നിശ്ചയിച്ചു. നാട് വിട്ടിട്ട് 4 വര്‍ഷത്തിലേറെയായി;  മാസാമാസം അമ്മക്ക് തെറ്റല്ലാത്ത ഒരു സംഖ്യ അയക്കുന്നുണ്ട് എന്നല്ലാതെ സന്ദീപിന്‍റെ ജോലിയെപ്പറ്റിയോ, മുംബയിലെ അയാളുടെ  ജീവിതത്തെപ്പറ്റിയോ മറ്റു ചുറ്റുപാടുകളോ അയാളുടെ അമ്മക്കോ അവിടെ കൂടിയവറക്കോ  അറിയില്ലായിരുന്നു.

അന്ന് രാത്രി സന്ദീപും അളിയനും ദീര്‍ഘനേരം സംസാരിച്ചു. സന്ദീപ്‌ അയാളുടെ ജോലിയെ പ്പറ്റിയും സാമ്പത്തിക   സ്ഥിതിയെ പ്പറ്റിയും ഒരു ഏകദേശ രൂപം പറഞ്ഞുകൊടുത്തു. എല്ലാം കേട്ട ശേഷം “ഞായറാഴ്ച പോയി നോക്കാം; എന്നിട്ട് തിരുമാനിക്കാം” എന്നായി അളിയന്‍. പിന്നെ ഞായറാഴ്ചവരെ അമ്മയുടെ വക ഉപദേശങ്ങളും ആവലാതിയും. അങ്ങനെ ശനിയാഴ്ച രാത്രി അളിയനും പെങ്ങളും കുട്ടികളും എത്തി. അന്ന് രാത്രിയും അളിയനുമായി ദീര്‍ഘനേരം സന്ദീപ്‌ സംസാരിച്ചു.  തക്ക  സമയത്ത് കല്യാണം കഴിക്കെണ്ടതിന്‍റെ അവശ്യകതെയെപ്പറ്റിയും പെണ്കുട്ടിക്കും മുംബയില്‍ തന്നെ ജോലി ഉള്ളതിനാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിക്കാമെന്നുo മറ്റും അളിയന്‍ അഭിപ്രായപ്പെട്ടു.. “ഇപ്പോള്‍ ഇത് നടന്നില്ലെങ്കില്‍ അടുത്ത ലീവില്‍ വരുമ്പോഴേക്കും വല്ലാതെ വൈകില്ലെ; അമ്മക്കുo വയസ്സായി; നിനക്കും വയസ്സ് കൂടുകയല്ലേ” എന്നെല്ലാം അളിയന്‍ ഉപദേശിച്ചു.  അങ്ങനെ ഞായറാഴ്ച രാവിലെ ഒരു ടാക്സിയില്‍ സന്ദീപും, വലിയമ്മയും  അളിയനും കൂടി  യാത്രയായി. ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലയിലാണ്‌ വധുവിന്‍റെ വീട്. വീടും ചുറ്റുപാടും പെണ്ണിനെയും സന്ദീപിനിഷ്ടമായി. സന്ദീപിന്‍റെ  മനസ്സില ഭാവി വധുവിനെപ്പറ്റി  ഒരു സങ്കല്പം ഉണ്ടായിരുന്നു;  നിര്‍മലയെ കണ്ടപ്പോള്‍ അത് സാക്ഷാല്‍ക്കരിച്ചതായി അയാള്‍ക്ക് തോന്നി.  അച്ഛനും അമ്മയും അനുജന്‍ ജയനുമാണ്  കുടുംബാങ്ങള്‍ .  ജയൻ ബാംഗ്ലൂരില്‍ ഒരു I.T. കമ്പനിയിലാണ് ജോലി. അടുത്ത്തന്നെ താമസിക്കുന്ന അമ്മാമനും അമ്മായിയും ചെറിയമ്മയും ഭര്‍ത്താവും കൂടാതെ ഒന്ന് രണ്ടു അയല്‍വാസികളും ചടങ്ങിനു ഉണ്ടായിരുന്നു. കുശലപ്രശ്നങ്ങള്‍ക്ക് ശേഷം സന്ദീപും കുട്ടിയും തമ്മില്‍ സംസാരിച്ചു; കാപ്പികുടിച്ചു അവര്‍ പിരിഞ്ഞു. വഴിക്ക് വെച്ച് അളിയന്‍ സന്ദീപിന്‍റെ അഭിപ്രായമാരാഞ്ഞു. ജോലി സംബധമായ പ്രശ്നവും താമസിക്കാൻ ഒരു ഫ്ലാറ്റ് സംഘടിപ്പിക്കേണ്ട ബുധിമുട്ടും മറ്റും സന്ദീപ്‌ വിസ്തരിച്ചു. “ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത വരവ് ആവുംപോഴേക്കും വല്ലാതെ വൈകില്ലെ എന്നും ആ കുട്ടിക്കും അവിടെ ജോലി കിട്ടിയിട്ടില്ലേ ഒന്ന്കൂടി ആലോചിച്ചു നോക്ക്” എന്ന അളിയന്‍ വീണ്ടും ആവര്‍ത്തിച്ചു.   വീട്ടിലെത്തി അമ്മമാന്‍റെയും വലിയച്ചന്‍റെയും സമ്മര്‍ദ്ദം കൂടി ആയപ്പോള്‍ സന്ദീപ്‌ വണങ്ങി. അടുത്ത 28ന് നല്ല മുഹൂര്‍ത്തം ഉണ്ടെന്നും അന്നേക്കു ഉറപ്പിക്കാമെന്നും അവര്‍ തീര്‍ച്ചയാക്കി.  ആ  വിവരം അളിയന്‍ കുട്ടിയുടെ അച്ഛനെ  വിളിച്ചു അറിയിച്ചു.   അവര്‍ക്കും  അത് സ്വീകാര്യമായിരുന്നു. അങ്ങനെയെങ്കില്‍ അടുത്ത മാസം തന്നെ നിർമ്മലയ്ക്കും ജോലിയില്‍ ചെരാമല്ലോ എന്ന് അവളുടെ   അച്ഛനും  പറഞ്ഞു.  

എല്ലാം     തീര്‍ച്ചയാക്കിയപ്പോള്‍ സന്ദീപ്‌ വിവരത്തിനു ദുബെക്ക് കത്തെഴുതി അടുത്ത മാസം 15 വരെ ലീവ് വേണമെന്ന് അഭ്യര്‍ഥിച്ചു. ഒരാഴ്ച്ചകഴിഞ്ഞപ്പോള്‍  അപ്രതിക്ഷിതമായി ദുബെയുടെ ഒരു അഭിനന്ദന കത്തും 5001രൂപ യുടെ ഒരു ചെക്കും വന്നു. വിവാഹം കഴിഞ്ഞ് തിരിച്ചെത്തുംപോഴെക്ക്  സുഹൃത്തുക്കള്‍ മലാഡില്‍  ഒരു 1 ബെഡ്റൂം ഫ്ലാറ്റ് ശരിയാക്കിയിരുന്നു. ജോലിയില്‍ പ്രവേശിച്ച അന്ന് തന്നെ ദുബെ സന്ദീപിനെ വിളിച്ച്  ഒരു ശുഭ വാര്‍ത്ത‍ അറിയിച്ചു. അവര്‍ ഏറ്റവും വിറ്റിരുന്ന ഒരു “കെമിക്കല്‍” ഉണ്ടാക്കിയിരുന്ന കമ്പനി അതിന്‍റെ മുംബായ് സിറ്റിയിലെ മാര്‍കെറ്റിങ്ങ് ദുബെയുടെ കമ്പനിയെ ഏല്‍പ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും  ആ ചുമതല ആയാള്‍ സന്ദീപിനെ ഏല്‍പിക്കാനാണ്  നിശ്ചയിച്ചിരിക്കുന്നതെന്നും പറഞ്ഞു.  സന്ദീപിന് ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നി; ചുറ്റുപാടുകളെ വിശ്വസിക്കാന്‍ പോലും പ്രയാസമായി തോന്നി. മാര്‍കെറ്റിങ്ങില്‍ പരിചയമൊന്നും ഇല്ലെങ്കിലും ഇത് ഒരു challenge ആയി ആയാള്‍ സ്വീകരിച്ചു.  ഈ കെമിക്കല്‍ ഉപയോഗിക്കുന്ന മിക്ക പാര്‍ടികളെയും അയാള്‍ക്കറിയാമായിരുന്നു. അത് അയാള്‍ക്ക് ആശ്വാസമേകി. അങ്ങനെ അടുത്ത ഒന്നാo തിയ്യതി ആയാള്‍ പുതിയ ജോലി ഏറ്റെടുത്തു. ചുരുങ്ങിയ  കാലയളവില്‍ പുതിയ ജോലി നല്ലനിലയില്‍ കൊണ്ടുപോകാനും കക്ഷികളുടെ എല്ലാം പ്രീതി നേടാനും അയാള്‍ക്ക് സാധിച്ചു.

അടുത്ത ഗണേഷ് പൂജ ലീവില്‍ മധുവിധു ആഘോഷിക്കാന്‍ ഒരു രാജസ്ഥാന്‍ ട്രിപ്പ്‌ പ്ലാന്ചെയ്തതനിസരിച്ചു സന്ദീപും നിര്‍മലയും തീവണ്ടി മാര്‍ഗം  ആദ്യം ജയ്‌പുരിലെത്തി.  അവിടെ 2 ദിവസം ചെലവഴിച്ചു.  പിറ്റേന്ന് രാവിലെ ജോധ്പുരിലെക്ക് പുറപ്പെട്ടു.  ഗൈഡ്  അവരെ ജോധ്പുരിലെക്കുള്ള ഒരു ബസ്സില്‍കയറ്റി വിട്ടു. ഭാര്യ നിര്‍മല മുമ്പില്‍  സ്ത്രീകള്‍ക്കുള്ള  ഒരു സീറ്റിലും സന്ദീപ്‌ കുറച്ചു പിന്നിലുമായി  ഒരു ജനാല സീറ്റിലും  സ്ഥാനമുറപ്പിച്ചു..  ബസ്സ് യാത്ര ആരംഭിച്ച ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്തോ പന്തിയല്ലാത്ത ഒരു ശബ്ദം കേട്ടുതുടങ്ങി; ക്രമേണ ആ ശബ്ദം കൂടി കൂടി വരികയായിരുന്നു; മാത്രമല്ല പിന്നില്‍  നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ബഹളം വെക്കാന് തുടങ്ങി. ജയ്പ്പൂര്‍  വിട്ടു ബസ്സ് ഒരു 30 കിലോമീറ്ററോ മറ്റോ പോയിക്കാണും. ഒരു പട്ടണം എന്ന തോന്നിക്കുന്ന  ഒരു സ്ഥലമെത്തി; ഒരു ചെറിയ മോട്ടോര്‍ വര്‍ക്ക്ഷോപ്പിന് മുന്‍പില്‍ ബസ് നിര്‍ത്തി. ഡ്രൈവറും കണ്ടക്ടരും എല്ലാം ഇറങ്ങി, ക്രമേണ യാത്രക്കാരും ഓരോരുത്തരായി ഇറങ്ങി. ആയിടെയായി japanese water therapy (രാവിലെ വെറും വയറ്റില്‍ 2 കുപ്പി വെള്ളം കുടിക്കുക) പ്രാക്ടിസ് ചെയ്തിരുന്ന സന്ദീപിന് മൂത്രശങ്ക തുടങ്ങിയിട്ട് കുറച്ചു നേരമായിരുന്നു, സന്ദീപും താഴെ ഇറങ്ങി അടുത്ത കണ്ട ആളോട്‌ സംഗതി പറഞ്ഞപ്പോള് അടുത്ത് തന്നെ  ആയാള്  ഒരു സര്‍കാര്‍ ആഫീസ് കാണിച്ചു കൊടുത്തു. അതിന്‍റെ പിന്നില്‍  ശൌച്ചാലയം ഉണ്ടെന്നു പറഞ്ഞു. ബസ് റിപ്പേയര്‍ ചെയ്യാന്‍ സമയം   പിടിക്കുമെന്നും  വേഗം പോയി വന്നോളാനും പറഞ്ഞു. കാര്യ നിര്‍വ്വഹണം കഴിഞ്ഞ തിരിച്ചെത്തിയ സന്ദീപ്‌ ഞെട്ടി പ്പോയി. ബസ് കാണാനില്ല; നോക്കുമ്പോള്‍ അത് കുറെ  ദൂരെ എത്തിയിരിക്കുന്നു. സന്ദീപ്‌ ഉറക്കെ വിളിച്ചുകൊണ്ട്  പിന്നാലെ കുറെ ദൂരം  ഓടിനോക്കി; രക്ഷയില്ല  ബസ്സിന്നു സ്പീഡ് കൂടുകയാണ്. അന്നുകാലത്ത് മൊബൈല്‍ ഫോണോ A. T M കാര്‍ഡോ ഒന്നും ഇല്ല. സന്ദീപിന്‍റെ പേഴ്സിലുള്ള  ചുരുങ്ങിയ സംഖ്യ ഒഴിച്ച് ബാക്കിയുള്ള പണവും ജോധ്പൂരില്‍ “ഗെസ്റ്റ് ഹൌസ്”   ബുക്ക്‌ ചെയ്തതിന്‍റെ കടലാസ്കളും മടക്ക യാത്രയുടെ  ടിക്കറ്റും എല്ലാം നിര്‍മലയുടെ കയ്യിലും ആയിരുന്നു. വല്ല ടാക്സിയോ മറ്റോ വരുന്നുണ്ടോ എന്നും നോക്കി പരിഭ്രമിച്ചു നില്‍പ്പായി. വരുന്ന കാറുകള്‍ക്ക് കൈ കാണിച്ചുനോക്കി. രക്ഷയില്ല. ഇന്ഗ്ലിഷും മലയാളവും അല്ലാതെ വേറെ ഭാഷ ഒന്നും അറിയാത്ത നിര്‍മലയെപ്പറ്റിയായിരുന്നു അയാളുടെ വേവലാതി. ഒടുവില്‍ ഏകദേശം ഒരു ഒന്ന്‍ ഒന്നര  മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോധ്പുരിലെക്കുള്ള  ഒരു  ബസ്സ് വന്നു; ആയാള്‍ അതില്‍ കയറി പ്ന്തുടര്‍ന്നു. താന്‍ ആ ബസ്സില്‍ കേറാത്തത് നിര്‍മല അറിഞ്ഞിട്ടുണ്ടോ; ഭാഷ അറിയാത്ത അവള്‍ ജോധ്പൂരില്‍ ഇറങ്ങിയിട്ടു എന്ത് ചെയ്യും എന്നെല്ലാം ആലോചിച്ചു പരിഭ്രമിച്ചു കൊണ്ട് ആയാള് യാത്ര തുടര്‍ന്നു. നേരം ഇരുട്ടിതുടങ്ങി. അയാളുടെ പരിഭ്രമം കൂടി കൂടി വന്നു. എങ്ങിനെ ജോധ്പുരിലെത്തിയതു എന്നറിയില്ല;  ബസ്സിറങ്ങിയപ്പോള്‍ നേരം നല്ലവണ്ണം ഇരുട്ടിയിരുന്നു. പരവശനായി അയാള്‍ ചുറ്റും നോക്കി; നിര്‍മല അവിടെ ഒന്നും ഇല്ല, ഒടുവില്‍ ആ ബസ് ഡിപ്പോവിന്‍റെ മേലധികരിയെപ്പോലെ തോന്നുന്ന ഒരാളെ കണ്ടു, അയാളെ സമീപിച്ച് വിവരം പറഞ്ഞു; അപ്പോഴേക്കും സന്ദീപിന്‍റെ പരാക്രമങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന അടുത്തുള്ള കടക്കാരന്‍ എത്തി. നിര്മലയെ ജഗദിഷ് കുംബട്ട് എന്ന ഒരു കുതിര വണ്ടിക്കാരന്‍ അയാളുടെ വീട്ടിലേക്കുകൂട്ടികൊണ്ടുപോയിട്ടുണ്ടെന്നു പറഞ്ഞു; അയാളെ കാണാതെ അവര്‍  ഇരുന്നു കരയുന്നത് എല്ലാവരും കണ്ടു നില്‍ക്കുകയായിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൂടെ ഉണ്ടായിരുന്നവരെ വിട്ടുപോയതാണെന്ന് മാത്രം മനസ്സിലായി. അന്വേഷിച്ച് വല്ലവരും വന്നാല്‍ അയാളുടെ  വീട്ടിലെക്കു വിടാൻ പറഞ്ഞിട്ടാണ് അവര്  പോയതെന്നും കേട്ടപ്പോള്‍ സന്ദീപിന പകുതി ജീവന്‍ തിരിച്ചുകിട്ടിയത് പോലെ തോന്നി. കുതിര വണ്ടിക്കാരില്‍ കുംബട്ടിനെ  അറിയാത്തവര്‍ വിരളമായിരുന്നു. ആയാള്‍ ഉടനെ ഒരു കുതിരവണ്ടിപിടിച്ചു കുംബട്ടിന്‍റെ വീട്ടിലേക്കു വിട്ടു.

ഒരു ഒന്ന് ഒന്നര വര്ഷം മുന്‍പ് കേരളത്തില്‍ നിന്ന് ഒരു ജേക്കബ്‌ ജോര്‍ജ്ജ്ഉം ഭാര്യയും രാജസ്ഥാന പര്യടനത്തിനിടക്ക്  ജോധ്പുരില വന്നപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായി 2/3 ദിവസം കുംബട്ട് കൂടെ ഉണ്ടായിരുന്നു. അവര്‍ പോകുമ്പോള്‍ അയാള്‍ക്ക് നല്ല ഒരു തുക   “ബ്ക്ഷിസ്”   ആയി കൊടുത്തിട്ടാണ് പോയത്;   അതിനാല്‍ കേരളക്കാരോട് അയാള്‍ക് ഒരു പ്രത്യേക മമത ആയിരുന്നു. അത് കാരണമായിരിക്കാം നിര്‍മല മലയാളി ആണെന്നും   ഇങ്ങനെ ഒറ്റക്ക് വിഷമിച്ചിരിക്കുന്നതും  കണ്ടപ്പോള്‍  അയാള്‍ പിന്നെ ഒന്നും ആലോചിക്കാതെ അവരെ കൂടെ കൊണ്ടുപോയത്. . നിര്‍മലയും ആദ്യം ഒന്ന് മടിച്ചെങ്കിലും കുംബട്ടിന്‍റെ  വയസ്സും ആകെയുള്ള പ്രകൃതവും നോക്കിയും തന്‍റെ നിസ്സഹായ അവസ്ഥയും പരിഗണിച്ചു രണ്ടും കല്‍പ്പിച്ചു  അയാളുടെ കൂടെ പോകുവാന്‍ തീര്ച്ചയാക്കുക ആയിരുന്നു. സന്ദിപ് എത്തിയപ്പോളെക്കും കുംബട്ടിന്‍റെ ഭാര്യ തയ്യാറാക്കിയ ഡാലും “കടി” എന്ന രാജസ്ഥാനി കറിയും കൂട്ടി നല്ല കനലില്‍ ചുട്ട ചപ്പാത്തിയും കഴിച്ച ഇരിക്കുകയായിരുന്നു നിര്‍മല. ഭാര്യയും രണ്ടു മുതിര്‍ന്ന കുട്ടികളും ഉള്ള കുംബട്ടിന്‍റെ കുടുംബം രണ്ടു ചെറിയ മുറികളും പുറത്തെ ചായ്പ്പില്‍ ഒരു അടുക്കളയും ഉള്ള ഒരു ചെറിയ വീട്ടിലായിരുന്നു താമസം. ഈ അപരിചിതരുടെ കൂടെ മേല്‍പ്പറഞ്ഞ സംവിധാനത്തില്‍ രാത്രി എങ്ങനെ കഴിച്ച് കൂട്ടും എന്ന് ചിന്തിച്ചിരിക്കുക ആയിരുന്നു നിര്‍മല. അപ്പോളാണ് സന്ദീപ്‌ എത്തിപെട്ടത്. അയാളെ കണ്ടപ്പോള്‍ അവള്‍ക്കു ശ്വാസം നേരെ വീണു.  ആതിഥ്യ മര്യാദയില്‍ കേമരായ  കുംബട്ടും  കുടുംബവും സന്ദീപിനെയും രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമെ വിട്ടുള്ളൂ.   വിട പറയാന്‍ നേരത്ത് സന്ദീപിന് അയാളോട് എങ്ങനെ നന്ദി പറയേണ്ടതെന്നറിയാതെ നില്‍ക്കുമ്പോള് നിര്‍മലയുടെ വികാരങ്ങളും നന്ദി പ്രകടനവും അശ്രുക്കളായി പുറത്തു വന്നു. തിരിച്ചു കുംബട്ടു തന്നെ അയാളുടെ കുതിരവണ്ടിയില്‍ അവരെ ഗസ്റ്റ് ഹൌസില്‍ എത്തിച്ചു. പിറ്റേന്ന് രാവിലെ 9 മണിക്ക് വരാനെല്‍പ്പിച്ചു അടുത്ത 2 ദിവസത്തെ ജോധ്പൂര്‍ പര്യടനത്തില്‍ അയാളായിരിക്കും അവരുടെ ഗൈഡ് എന്ന് സന്ദീപ്‌ അയാളോട് പറഞ്ഞേല്‍പ്പിച്ചു.  അയാള്‍ക്ക്  നല്ല ഒരു തുക പാരിതോഷകമായി നല്‍കി. അയാള്‍ ചെയ്ത ഉപകാരത്തിന് എന്ത് കൊടുത്താലും അധികമാവില്ലെന്നു സന്ദീപിനുo നിർമ്മലയ്ക്കും അറിയാമായിരുന്നു. അവര്‍ ജോധ്പൂരില്‍ താമസിച്ച രണ്ടു ദിവസവും കുംബട്ടു അവരെ tourist mapലില്ലാത്ത പല സ്ഥലങ്ങളും കാണിക്കുക മാത്രമല്ല ഏതൊരു   ഗൈഡ്‌ഉം   ചെയ്യുന്നതിനെക്കാളും  നന്നായി  ഓരോ സ്ഥലത്തിന്‍റെയും കൊട്ടകളുടെയും മറ്റും ചരിത്രങ്ങളും മറ്റും വിസ്തരിച്ചു വിവരിച്ചു കൊടുത്തു.

രാജസ്ഥാന്‍, വിശിഷ്യ ജോധ്പൂര്‍ അവര്‍ക്ക് രണ്ടാള്‍ക്കും വളരെ ഇഷ്ടപ്പെട്ടു; നിറ കണ്ണുകളോടെ വിട പറയുന്നതിന് മുന്‍പ് കുബട്ടിനു ഒരു ഷര്‍ട്ടും കുട്ടികള്‍ക്ക് ഓരോ ജോഡി ഡ്രെസ്സും മേടിച്ചു കൊടുത്തു. ലീവ് തീരാറായതിനാല്‍ അവര്‍ അടുത്ത വണ്ടിക്കു മുംബൈക്ക് തിരിച്ചു. അങ്ങനെ അവരുടെ മധുവിധു മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒന്നായി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ