mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Molly George)

കോരിച്ചൊരിയുന്ന മഴയുള്ള രാത്രി! ഉമ്മറവാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് മാത്തച്ചൻ എണീറ്റ് ലൈറ്റിട്ടു. സമയം രണ്ടു മണി. ഈ പാതിരാ സമയത്ത് ആരാണാവോ?"

ആരാണിച്ചായാ?" ബീനയും ഉണർന്നു.

"ആരാണാവോ, നോക്കട്ടെ."

മാത്തച്ചനും, പിന്നാലെ ബീനയും വാതിൽ തുറന്ന് പുറത്തേക്കു നോക്കി. വരാന്തയിൽ നനഞ്ഞു കുളിച്ച് ബെന്നിച്ചൻ. പുറത്തപ്പോഴും മഴ ആർത്തലച്ച് പെയ്തു കൊണ്ടിരുന്നു. ആഗതനെ തറപ്പിച്ചൊന്നു നോക്കിയ ശേഷം മാത്തച്ചൻ പിന്നോട്ടു മാറി, പൂച്ചെയ്ക്കെന്താ പൊന്നുരുക്കുന്നടത്തു കാര്യം എന്ന മട്ടിൽ. 

"മോളേ ബീനാ.. നമ്മുടെ ചാച്ചന് തീരെ വയ്യ. നിൻ്റെ മോളെ ഒന്നു വിളിക്കാമോ ?"
ബെന്നിച്ചൻ ഉദ്വേഗത്തോടെ ചോദിച്ചു.

"അയ്യോ.. ചാച്ചന് എന്തു പറ്റി?" ബീന ചോദിച്ചു.

"വല്ലാത്ത നെഞ്ചുവേദന."

"എൻ്റെ ബീനേ ഇത് പുതിയ വല്ല അടവുമാകും." മാത്തച്ചൻ പറഞ്ഞു.

"അല്ല മാത്തച്ചാ.. ചാച്ചന് തീരെ വയ്യ. ഞങ്ങൾ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോയതാണ്. പാലം കവിഞ്ഞൊഴുകുന്നതുകൊണ്ട് അക്കരെ കടക്കാനാവാതെ തിരിച്ചു പോന്നു. മാനസയെ ഒന്നു വിളിക്കാമോ?"

നാലഞ്ചു ദിവസമായി നല്ല മഴയാണ്. സീതപ്പുഴയാറ് കരകവിഞ്ഞ് ഒഴുകുകയാണ്. രാമഗിരിയെന്ന ഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗം സീതപ്പുഴപ്പാലമാണ്.

"അപ്പോ എൻ്റെ മോൾടെ പേര് ഒക്കെ നിനക്കറിയാം അല്ലേ ബെന്നിച്ചാ?" മാത്തച്ചൻ കിട്ടിയ അവസരം പാഴാക്കിയില്ല.

"മാത്തച്ചാ.. എല്ലാത്തിനും മാപ്പ്. സംസാരിച്ചു നിൽക്കാൻ സമയമില്ല. മോളെ ഒന്നു വേഗം വിളിക്കൂ."

അക്ഷമയോടെ ബെന്നി പറഞ്ഞു. മാനസ ശബ്ദം കേട്ടുണർന്നു വന്നു.

"മോളേ മാനസേ. ചാച്ചനെ രക്ഷിക്കണം." 
അവളെ കണ്ടതേ ബെന്നിച്ചൻ കരങ്ങൾകൂപ്പിക്കൊണ്ട് പറഞ്ഞു.

"എന്തു പറ്റി?" മാനസ ചോദിച്ചു.

"നെഞ്ചുവേദനയാണ്. പണ്ട് ഒരറ്റാക്ക് വന്നതാ. ഒന്നു വേഗം വാ മോളേ."

"ഞാനിതാ വരുന്നു." മാനസ മുറിയിലേയ്ക്ക് പോയി. പെട്ടന്നു തന്നെ തയ്യാറായി മെഡിക്കൽ ബാഗുമെടുത്ത് വന്നു.

"പോകാം." മാനസ പറഞ്ഞു.

"മോളേ ഞാനും കൂടി വരാം." ബീന പറഞ്ഞു.

"വേണ്ട, അമ്മയെ ആരും വിളിച്ചിട്ടില്ല. എന്നെയാണ് വിളിച്ചത്. പപ്പാ..ഞാൻ പോയിട്ടു വരാം." മാനസ മുറ്റത്തേയ്ക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.

ബെന്നിച്ചനും മാനസയും കയറിയ ജീപ്പ് ഇരുട്ടിനെയും, പെരുമഴയെയും കീറി മുറിച്ച് കുതിച്ചുപാഞ്ഞു. പാലമൂട്ടിൽ തറവാട്ടിലേയ്ക്ക്.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു. "മോളെ.. മാനസേ വൈരാഗ്യം ഒന്നും വെച്ചോണ്ടിരിക്കല്ലേ. ചാച്ചനെ രക്ഷിക്കണേ! "

 

"അങ്കിളേ.. എൻ്റെ അമ്മ എന്നും വല്ല്യപ്പച്ചൻ്റെയും, മറ്റെല്ലാവരുടേയും കാര്യങ്ങൾ പറഞ്ഞ് കരയുന്നതേ ഞാൻ കണ്ടിട്ടുള്ളൂ. എൻ്റെ പപ്പയും, അമ്മയും ഒരിക്കൽ പോലും നിങ്ങളെക്കുറിച്ച് ദേഷ്യമോ, വൈരാഗ്യമോ ഉള്ള ഒരു കാര്യവും പറഞ്ഞു തന്നിട്ടില്ല. അവരുടെ നിഷ്കളങ്കമായ സ്നേഹമാണെന്റെ മാതൃക. നമ്മളെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനല്ലേ യേശു നമ്മോട് പറഞ്ഞിരിക്കുന്നത്. അങ്കിൾ ഒന്നുകൊണ്ടും പേടിക്കേണ്ട. അങ്കിളിൻ്റെ ചാച്ചനെ ഞാൻ രക്ഷിക്കും."

"മോളെ.. എൻ്റെ മാത്രം ചാച്ചനല്ല. മോളുടെ അമ്മയുടേം ചാച്ചനാണ്. മോളുടെ വല്യപ്പച്ചൻ." അയാളുടെ വാക്കുകൾ കേട്ട മാനസ മനസിൽ പറഞ്ഞു.

'വല്യപ്പച്ചൻ.'

മെഡിക്കൽ എൻട്രൻസ് എക്സാമിൻ്റെ റിസൽട്ട് വന്ന ദിനം മാനസയുടെ ഓർമ്മയിൽ തെളിഞ്ഞു. പള്ളിയിൽ പോയി വരും വഴി അമ്മയോടൊപ്പം അന്നാദ്യമായി 'പാലമൂട്ടിൽ സൂപ്പർ മാർക്കറ്റിൽ' കയറി. അമ്മയുടെ ആഗ്രഹമായിരുന്നു നീറ്റ് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കിട്ടിയ സന്തോഷ വാർത്ത അവരെ അറിയിക്കണമെന്ന്. സന്തോഷത്തോടെ ചെന്ന
അമ്മയെ അന്ന് ബെന്നിയങ്കിളും, ബേബിയങ്കിളും, വല്യപ്പച്ചനും കൂടി ഏറെ ചീത്ത പറഞ്ഞു നാണം കെടുത്തി.

'പണത്തിനാവശ്യം വന്നപ്പോൾ ബന്ധം കൂടാനായി ആരും ഇങ്ങോട്ട് വരണ്ടാ. പുകഞ്ഞ കൊള്ളി പുറത്ത്. ഞങ്ങൾക്ക് ബീന എന്ന ഒരു പെങ്ങളില്ല. ചാച്ചന് ബീനയെന്ന മകളും ഇല്ല.'

അവിടുന്ന് ഇറങ്ങി വീട്ടിലെത്തും വരെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അമ്മയുടെ മുഖം കണ്ടതേ പപ്പയ്ക്ക് കാര്യം പിടികിട്ടി.

"നീ വിഷമിക്കേണ്ട ബീനേ, തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീരുന്ന ഒരു ദിനം വരും." ഇതാണോ പപ്പ പറഞ്ഞ ആ ദിനം!


കാഞ്ഞിരപ്പള്ളിക്കാരനായ പാലമൂട്ടിൽ കറിയാച്ചൻ അരനൂറ്റാണ്ടു മുൻപാണ് രാമഗിരിയിലേയ്ക്ക് കുടിയേറിയത്. കറിയാച്ചനും, ഭാര്യയും അഞ്ചുമക്കളുമടങ്ങുന്ന കുടുംബം. കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കുടിയേറ്റ ഭൂമിയിൽ അവർ പൊന്നുവിളയിച്ചു. കറിയാച്ചൻ്റെയും മക്കളുടേയും ഐക്യം കൊണ്ട് അവർ സമ്പന്നതയിൽ ഏറ്റവും മുന്നിലെത്തി. നാല് ആൺകുട്ടികൾക്കു ശേഷം ജനിച്ച കൺമണിയാണ് ബീന. ഏട്ടൻമാരുടെ പുന്നാര പെങ്ങൾ. താഴത്തും തലയിലും വയ്ക്കാതെയാണവളെ വളർത്തിയത്. കപ്യാരുടെ മകനും, പള്ളിയിലെ കീബോർഡ് വായനക്കാരനുമായിരുന്ന മാത്തച്ചൻ ബെന്നിച്ചൻ്റെ ഉറ്റ ചങ്ങാതിയായിരുന്നു. മാത്തച്ചനും, ബീനയുമായിരുന്നു ക്വയറിലെ പ്രധാന ഗായകർ. അൾത്താര മുന്നിൽ
കൂടെ പാടുന്നയാളിൻ്റെ സ്വരമാധുരിയിൽ ലയിച്ച് അവർ മൽസരിച്ചു പാടി. ആ പാട്ടുകൾക്കിടയിൽ എപ്പോഴോ അവരിൽ ഒരു പ്രണയം മൊട്ടിട്ടു. പ്രമാണിയായ പാലമൂട്ടിൽ കറിയാച്ചൻ്റെ മോളും, കപ്യാരുടെ മോനും തമ്മിലുള്ള പ്രണയകഥ അങ്ങാടിപ്പാട്ടായി. വിവരമറിഞ്ഞ കറിയാച്ചൻ മകളെ കോട്ടയത്തുള്ള അനുജൻ തോമസിൻ്റെ വീട്ടിലാക്കി. ബീനയെ അന്വേഷിച്ച് മാത്തച്ചൻ കോട്ടയത്ത് എത്തി. ഏറെ കോലാഹലങ്ങൾക്കൊടുവിൽ വിവാഹത്തിലൂടെ അവർ ഒന്നായി. പിന്നീട് ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി വികാരിയച്ചനും കൈക്കാരൻമാരും ശ്രമിച്ചു. പക്ഷേ കറിയാച്ചൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.


അവസരം കിട്ടുമ്പോഴെല്ലാം കറിയാച്ചനും, മക്കളും മാത്തച്ചനെയും, ബീനയേയും കുത്തിനോവിച്ചുകൊണ്ടിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും കൂലിപ്പണിക്കാരനായ മാത്തച്ചൻ ബീനയേയും മക്കളേയും പൊന്നുപോലെ നോക്കി. രണ്ടു മക്കൾ! മാനസയും, തേരെസയും.  രണ്ടു പേരും പഠിക്കാൻ മിടുക്കികൾ. ഡോക്ടറാവണമെന്ന മാനസയുടെ ആഗ്രഹം പൂർത്തീകരിക്കാൻ
എന്തു ത്യാഗം സഹിക്കാനും മാത്തച്ചൻ ഒരുക്കമായിരുന്നു. രാവും പകലുമയാൾ അതിനായി കഷ്ടപ്പെട്ടു. ഡോക്ടറാവാൻ ഒരുങ്ങുന്ന പേരക്കുട്ടിയുടെ വിദ്യാഭ്യാസം വലിയ ചിലവുള്ളതിനാൽ സഹായിക്കണമെന്ന് നാട്ടുകാർ പലരും കറിയാച്ചനെ ഉപദേശിച്ചു. അയാൾ സഹായിച്ചില്ലെന്ന് മാത്രമല്ല, പറ്റാത്ത പണിക്ക് പോവരുതെന്ന മട്ടിൽ മകളുടെ കുടുംബത്തെ പരിഹസിക്കുകയും ചെയ്തു.

പരിഹാസങ്ങളില്‍ തളരാതെ അവയെ പ്രചോദനകളാക്കി മാറ്റി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങുകയായിരുന്നു മാനസ. മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനും, കോളേജിലെ ചെലവിനുമായി പണം തികയാതെ വന്നപ്പോഴൊക്കെ സഹായഹസ്തവുമായി നാട്ടുകാർ മുന്നോട്ടുവന്നു. പ്രതിസന്ധികളിൽ ഇടറാതെ പഠനത്തില്‍ മുന്നേറിയ മാനസ മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായി.

പകൽ വെട്ടത്തെ തോൽപ്പിക്കുന്ന വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന പാലമൂട്ടിൽ ബംഗ്ലാവിൻ്റെ വിശാലമായ മുറ്റത്ത് ജീപ്പു നിന്നതേ, മാനസ ബാഗുമെടുത്ത് വെളിയിലിറങ്ങി. ഒരു മായക്കാഴ്ച പോലെ ദൂരെ നിന്നു മാത്രം കണ്ടിട്ടുള്ളതും, അമ്മയുടെ കഥകളിലൂടെ കേട്ടിട്ടുള്ളതുമായ പാലമൂട്ടിൽ തറവാട്. ഒന്നു കാണുവാനും, കയറിച്ചെല്ലുവാനും കുട്ടിക്കാലത്ത് ഏറെ കൊതിച്ച വീട്.


"വാ മോളേ.." സ്നേഹവും, ആദരവും ചാലിച്ചെടുത്ത വിളിയോടെ ബെന്നിച്ചൻ മുന്നേ നടന്നു. സിറ്റൗട്ടിൽ അവളുടെ വരവും കാത്ത് ഉൽക്കണ്ഠയോടെ പാലമൂട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരുമുണ്ട്. അവർക്കിടയിലൂടെ ബെന്നിയുടെ പിന്നാലെ മാനസ നടന്നു. അഭിമാനത്തോടെ!

അവിടെ നിൽക്കുന്നവരിൽ ചിലരൊക്കെ പലപ്പോഴും പരിഹസിച്ച രംഗങ്ങൾ അവളുടെ ഓർമ്മയിൽ തെളിഞ്ഞു. പാവപ്പെട്ടവനെ വരിച്ച ബീനയുടെ മകൾ എന്ന കാരണം കൊണ്ട് സ്ക്കൂളിൽ കൂടെ പഠിച്ചവരും, അവിചാരിതമായി വഴിയിൽ വെച്ച് കണ്ടുമുട്ടുന്നവരും, രക്തബന്ധം മറന്ന് പുച്ഛഭാവത്തോടെ സംസാരിക്കുകയും, കുത്തിനോവിക്കുകയും ചെയ്ത നിമിഷങ്ങളെ അവൾ മന:പൂർവ്വം മറക്കാൻ ശ്രമിച്ചു.


മെഡിക്കൽ ക്ലാസുകളും, ഹൗസ് സർജൻസിയും കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം. തൻ്റെ ജീവിതത്തിലെ ആദ്യത്തെ ആതുരശുശ്രൂഷ! അതും തന്നെ പരിഹസിച്ച, വേദനിപ്പിച്ച ബന്ധുക്കളുടെ മുന്നിൽ.

'യേശു നാഥാ എൻ്റെ പ്രവർത്തനമേഖലയിൽ നീ എനിക്ക് തുണയാകണേ.' അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

വിശാലമായ വലിയഹാളും കടന്ന് വല്യപ്പച്ചൻ കിടക്കുന്ന മുറിയിലേയ്ക്ക് കയറി. അദ്ദേഹം വേദനയാൽ പുളയുകയാണ്. നെഞ്ചുവേദന കൂടാതെ തളർച്ചയും ശ്വാസം മുട്ടലും ശക്തമായ വിയർപ്പുമുണ്ട്.

"രോഗിയുടെ മുറിയിൽ എല്ലാവരും കൂടി നിൽക്കരുത്." 

മാനസ പറഞ്ഞതോടെ എല്ലാവരും മുറി വിട്ട് പുറത്തിറങ്ങി. വാതിലിനു വെളിയിൽ അവർ ആകാംക്ഷാഭരിതരായി നിന്നു. വല്ല്യപ്പച്ചൻ്റ മുറിയിൽ മാനസയോടൊപ്പം ബെന്നിച്ചനും നിന്നു. വല്ല്യപ്പച്ചനെ തിരുമ്മിയും, തലോടിയും നിറമിഴികളോടെ വല്യമ്മച്ചി അവിടെ തന്നെയിരുന്നു.


മാനസ പൾസ് നോക്കി. ഇഞ്ചക്ഷൻ നൽകിയ ശേഷം സോർബിട്രേറ്റ് ഗുളിക നാക്കിനടിയിൽ വെച്ചു കൊടുത്തു. കഴുത്തിന്റെ ഇരുവശങ്ങളിലായി കരോട്ടിഡ് പൾസും കൈത്തണ്ടയിൽ പിടിച്ച് റേഡിയൽ പൾസും നോക്കി ഹൃദയപ്രവർത്തനം നിരീക്ഷിച്ചു. കാർഡിയോ പൾമനറി റെസസിറ്റേഷൻ എന്ന ജീവൻരക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും, ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനാനുള്ള ശ്രമഫലമായി കൈകൾ കൊണ്ട് നെഞ്ചിൽ നല്ലപോലെ അമർത്തുകയും ചെയ്തു. തുടരെ തുടരെ ചുമക്കുവാനും ആഴത്തിൽ ശ്വസിക്കാനും നിർദേശിച്ചു. ഒരു മണിക്കൂർ കൊണ്ട് അദ്ദേഹത്തിന് നല്ല ആശ്വാസമായി. കുറച്ചു സമയത്തിനു ശേഷം അദ്ദേഹം തനിയെ എഴുന്നേറ്റിരിക്കാനും ശ്രമിച്ചു. അവൾ അദ്ദേഹത്തെ താങ്ങിയെഴുന്നേൽപ്പിച്ചിരുത്തി. ഒരു ഗ്ലാസ് കാപ്പി അയാൾക്കു നൽകി. ചൂടു കാപ്പി ഊതി കുടിക്കുമ്പോൾ അയാളുടെ ഹൃദയം ഉച്ചത്തിൽ തുടിക്കുകയായിരുന്നു. അത് ഹൃദയാഹ്ളാദത്തിൻ്റെ തുടിപ്പുകളായിരുന്നു. പുറത്തപ്പോഴും മഴ ആർത്തലച്ച് പെയ്തു കൊണ്ടിരുന്നു.


"എൻ്റെ മോളേ.. നീ എനിക്ക് മാപ്പു തരണം. നിന്നെയും, നിൻ്റെ കുടുംബത്തെയും, വേദനിപ്പിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തവനാ ഞാൻ. ഒടുവിൽ എൻ്റെ ജീവൻ രക്ഷിക്കാൻ നീ തന്നെ വരേണ്ടി വന്നു." കറിയാച്ചൻ തേങ്ങലോടെ കൊച്ചുമോളോട് പറഞ്ഞു.

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ കറിയാച്ചന് തൻ്റെ മനസ് ഒരപ്പൂപ്പൻ താടി പോലെ പാറി പറക്കുന്നതായി തോന്നി. മനസിലെ ഭാരങ്ങളെല്ലാം പെയ്തൊഴിഞ്ഞതുപോലെ.

"വല്യപ്പച്ചൻ ഇപ്പോഴൊന്നും സംസാരിക്കേണ്ട. നല്ല റെസ്റ്റ് വേണ്ട സമയമാണ്. കിടന്നോളൂ. എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കിൽ പറയണം."

"എനിക്ക് ഒരു അസ്വസ്ഥതയുമില്ല. ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്. എനിക്ക് മോളോടു കുറച്ച് സംസാരിക്കാനുണ്ട്."

"അതൊക്കെ നമുക്ക് നാളെയാവാം. ഇപ്പോൾ വല്യപ്പച്ചൻ ഉറങ്ങിക്കോളൂ."

അവൾ വീണ്ടും പൾസ് റേറ്റ് ചെക്ക് ചെയ്തു. കുറച്ച് ഗുളികൾ എടുത്ത് ബെന്നിയുടെ കൈയ്യിൽ കൊടുത്തു.

"അങ്കിളേ .. ഇനി പേടിക്കാനൊന്നുമില്ല. ഈ മരുന്ന് കാലത്തും വൈകിട്ടും കൊടുക്കണം. സാധാരണ കഴിക്കുന്ന മരുന്നുകൾ ഒന്നും മുടക്കരുത്. പിന്നെ എന്താവശ്യമുണ്ടേലും എന്നെ വിളിക്കണേ."


"മോളേ .. മോൾക്ക് ഇന്നു പോകണോ?" വല്ല്യമ്മച്ചി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് സ്നേഹത്തോടെ ചോദിച്ചു.

"എൻ്റെ അമ്മ വല്ല്യപ്പച്ചൻ്റ വിവരങ്ങളൊന്നു മറിയാതെ ടെൻഷനടിച്ചിരിക്കുകയാണ്. തിരക്കിനിടയിൽ ഞാനെൻ്റെ ഫോൺ എടുക്കാൻ മറന്നു.''

"മോളെ ബീനയെ വിളിച്ച് ഞാൻ പറയാം. മോൾക്ക് രാവിലെ പോയാൽ പോരെ?'' ബെന്നി ചോദിച്ചു.

"സോറി അങ്കിൾ, എൻ്റെ ഡ്യൂട്ടി കഴിഞ്ഞു. ഞാനിറങ്ങുകയാണ്."

"ശരി മോളെ. ഇപ്പോൾ തന്നെ പോകണമെന്ന് നിർബന്ധമാണേൽ നമുക്ക് പോവാം.'' ബെന്നിയോടൊപ്പം അവൾ ഹാളിലേയ്ക്കിറങ്ങി.

അവിടെ കാത്തു നിൽക്കുന്ന മുഖങ്ങളിലേയ്ക്ക് ഒരു നനുത്ത പുഞ്ചിരിയോടെ അവൾ നോക്കി. ശത്രുവിനെപ്പോലെ തന്നോട് ക്രൂരത കാട്ടിയ ചില മുഖങ്ങളൊക്കെ ഉയർത്താനാവാത്ത അപമാനഭാരത്താൽ കുനിഞ്ഞു പോയി. പക്ഷേ..ചില മിഴികളൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു, സീതപ്പുഴയാറു പോലെ.

തനിക്കായ് ദൈവമൊരുക്കിയ അവസരമോർത്ത മാനസയുടെ ഹൃദയത്തിൽ ആഹ്ലാദത്തിൻ്റെ അലയൊലി മുഴങ്ങി. മാതാപിതാക്കൾ പഠിപ്പിച്ച പാഠങ്ങൾ ശരിയാണെന്ന് അനുഭവം കൊണ്ട് തെളിയിച്ചിരിക്കുന്നു. നമ്മെ ദ്രോഹിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം അവരെ നമ്മുടെ പാതയിൽ എത്തിച്ചിരിക്കും. അതെ.. ശരിക്കും ഇതല്ലേ യഥാർത്ഥ പ്രതികാരം. എല്ലാവർക്കും സന്തോഷവും, സമാധാനവും നൽകുന്ന മധുരപ്രതികാരം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ