mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku)

ടൗണിന്റെ മധ്യത്തിലുള്ള ആ പാർക്കിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരമുണർന്നു. ആറുവർഷങ്ങൾക്ക് മുൻപ് അവസാനമായി ഈ മണ്ണിൽനിന്നിറങ്ങുമ്പോൾ നെഞ്ചിനുള്ളിൽ മൊട്ടിട്ടു നീറിനീറി ഇല്ലാതായ അതേ നൊമ്പരം.

ഉറച്ചകാലടികളോടെ ചാരുബെഞ്ചുകൾ നിരത്തിയിട്ടിരുന്ന പാർക്കിന്റെ കോണിലേക്ക് ഞാൻ മെല്ലെ നടന്നു .പൂച്ചെടികൾക്കിടയിലായി പണിതിട്ടിരുന്ന ചാരുബെഞ്ചുകളിൽ തോളോടുതോളുരുമ്മിയിരുന്നുകൊണ്ട് പരസ്പരം ഹൃദയാഭിലാഷങ്ങൾ പങ്കുവെയ്ക്കുന്ന ഏതാനും ചിലർ .

എവിടെയിരിക്കണം .?പണ്ട് ഒരുപാട് പ്രാവശ്യം ഒന്നിച്ചിരുന്ന് 'രാധിക'യുമൊത്തു പ്രണയം പങ്കിട്ട ചാരുബെഞ്ചിനുനേർക്ക് നോക്കി ഏതാനുംനിമിഷം നിന്നു ഞാൻ .ആ സമയം എന്തിനെന്നറിയാതെ എന്റെ മിഴികൾ നിറഞ്ഞു .ഹൃദയഭിത്തികൾ ചെറുതായി തേങ്ങി .

ഞാൻ ചുറ്റുപാടും വെറുതേ ഒന്ന് കണ്ണുകൾകൊണ്ട് പരതി .അവൾ വന്നിട്ടുണ്ടോ .?ഏതെങ്കിലുമൊരു ചാരുബെഞ്ചിൽ അവൾ എന്നെയും കാത്തിരിക്കുന്നുണ്ടോ .?ഇല്ല ,വന്നിട്ടില്ല ...വരാറായിട്ടില്ല.നാലുമണിക്ക് എത്തിച്ചേരുമെന്നാണ് പറഞ്ഞത് .സമയം ആയിട്ടില്ല .ഇനിയും അരമണിക്കൂർകൂടിയുണ്ട് .അല്ലെങ്കിൽത്തന്നെ എന്തിന് നേരത്തേ എത്തിച്ചേരണം .?വൈകി എത്തിയാലും മതിയല്ലോ.

വെള്ളയും ചുമപ്പും ചുരിദാറണിഞ്ഞ ഒരു പെൺകുട്ടി പാർക്കിനോട് ചേർന്നൊഴുകുന്ന പുഴയിലേക്ക് നോക്കിനിന്നുകൊണ്ട് ആരോടോ മൊബൈലിൽ സംസാരിക്കുന്നുണ്ട് .കാമുകനോടാണ് അവൾ സംസാരിക്കുന്നതെന്ന് അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി .അയാളെ കാണാനാണ് അവൾ പാർക്കിൽ എത്തിച്ചേർന്നിട്ടുള്ളതെന്ന് എനിക്ക് തോന്നി .

പാർക്കിന്റെ കോണിലായി പുഴയുടെ ഓരത്തിനോട് ചേർന്നുള്ള ആ പഴയ ചാരുബെഞ്ചിലേക്ക് ഞാൻ മെല്ലെ ഇരുന്നു .പുഴയിലൂടെ ഊളിയിട്ടുപറന്നുയരുന്ന നീർകാക്കകളെ ഒരു നിമിഷം ഞാൻ നോക്കി ആസ്വദിച്ചു .ഈ സമയം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു പെൺകുട്ടി പൊടുന്നനെ സംസാരം നിർത്തിക്കൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു .എന്റെ സാന്നിദ്ധ്യമാണോ അവളുടെ സംസാരത്തിന് തടസമായതെന്ന് ഞാനൊരുനിമിഷം ചിന്തിച്ചു.

 

ഒരുനിമിഷം ഞാനവളെ നോക്കി പുഞ്ചിരിതൂകി .അവൾ എന്നെയും .തുടർന്നവൾ ഫോൺ തോളിൽകിടന്ന ബാഗിനുള്ളിൽ വെച്ചിട്ട് പാർക്കിന്റെ ഗെയ്റ്റിനുനേർക്ക് നടന്നുനീങ്ങി .ഞാനൊരുനിമിഷം അവളുടെ പോക്ക് നോക്കിനിന്നു .ഗെയ്റ്റിനുമുന്നിൽ ആ സമയം അവളെ കാത്തെന്നവണ്ണം ഒരു ബൈക്ക് വന്നുനിന്നു .അവൾ ആ ബൈക്കിന്റെ പിന്നിൽകയറിയതും ...ഹെൽമറ്റുവെച്ച ബൈക്കുകാരൻ ബൈക്ക് മുന്നോട്ടെടുത്തു .ആ സമയം ഒരിക്കൽക്കൂടി അവളെന്നെനോക്കി പുഞ്ചിരിതൂകി .ഞാൻ തിരിച്ചും .പാർക്കിലെ ചുറ്റുപാടുകൾ അനുകൂലമാവാത്തതുകൊണ്ട് അവൾ തന്റെ കാമുകനുമൊത്തു മറ്റേതോ സ്നേഹതീരങ്ങൾ തേടി പോയതാകുമെന്ന് എനിക്കുതോന്നി .

 

മേടമാസത്തിലെ ഇളവെയിൽ പുഴവെള്ളത്തിലെ ഓളങ്ങൾക്കുമേൽ വർണങ്ങൾ തീർത്തുകൊണ്ടിരുന്നു .പുഴയിൽനിന്നും വീശിയടിച്ച ഇളംകാറ്റ് പാർക്കിനുള്ളിലെ പൂച്ചെടികളെ തഴുകിക്കൊണ്ട് കടന്നുപോയി .എന്താണ് അവൾ ഇനിയും എത്തിച്ചേരാത്തത് .?പറഞ്ഞസമയം കഴിഞ്ഞിരിക്കുന്നു .ഞാൻ അക്ഷമയോടെ ഗെയ്റ്റിനുനേർക്ക് നോക്കി .

 

നീണ്ട ആറുവർഷങ്ങൾക്ക് ശേഷം ഫെസ്ബൂക്ക്‌വഴി നഷ്ടപ്പെട്ട സൗഹൃദം വീണ്ടെടുത്തുകൊണ്ട് ,ഒന്നു നേരിൽ കാണണം ...അൽപം സംസാരിക്കാനുണ്ട് എന്നുപറഞ്ഞപ്പോൾ ആദ്യം വെറുപ്പാണ് തോന്നിയത് .തന്നെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് മറ്റൊരുവനെ തേടിപ്പോയിട്ട് കഴിഞ്ഞുപോയ ആറുവർഷക്കാലവും യാതൊരു ബന്ധവുമില്ലാതിരുന്നിട്ട് ഇപ്പോൾ എന്തിനാണ് അവൾ എന്നെ കാണണമെന്ന് പറഞ്ഞത് .

 ഒരിക്കൽ, ആറുവര്ഷങ്ങൾക്കുമുന്പ് എല്ലാവിധ ബന്ധങ്ങളും അറുത്തുമുറിച്ചുകൊണ്ട് എന്നെ വേണ്ടെന്നുവെച്ചുകൊണ്ട് മനസ്സിലൊന്നാകെ മുറിവേല്പിച്ചുകൊണ്ട് ഈ പാർക്കിന്റെ മുറ്റത്തുനിന്നും നടന്നുപോയതാണ്. അതിനുശേഷം ഞാൻ അവളെയോ ,അവൾ എന്നെയോ കണ്ടിട്ടില്ല. ഒരിക്കൽ എന്നെ തള്ളിക്കളഞ്ഞുകൊണ്ട് മറ്റാരുടെ പ്രണയം തേടിപ്പോയോ ,അവൻ അവളെ വഞ്ചിച്ചെന്നും അതിന്റെ മനോദുഃഖത്തിലാണ് അവളെന്നും ഒരു സഹപാഠി പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു.

ഈ സമയത്താണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ അയൽക്കാരിയായ 'ഷബ്നയും' ഏതാനും കൂട്ടുകാരികളുംകൂടി പാർക്കിലേക്ക് കടന്നുവന്നത്. അവളെ കണ്ടു ഞാനൊന്നു ചൂളി. അവളിൽ നിന്നും ഒളിക്കാനായി ഞാനൊരു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല .അവളെന്നെ കണ്ടുകഴിഞ്ഞിരുന്നു ഇതിനകം തന്നെ.

ടൗണിലെ കമ്പിയൂട്ടർ പഠനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനു മുന്നേ സുഹൃത്തുക്കളുമൊത്തു അൽപ്പസമയം പാർക്കിൽ ചിലവഴിക്കാനായി എത്തിയതാണ് അവളെന്ന് എനിക്ക് മനസ്സിലായി .ഞാൻ അവളെനോക്കി പുഞ്ചിരി തൂകി .അവൾ എന്റെനേർക്ക് മെല്ലെ നടന്നുവന്നു.

"ഇക്കാ ,എന്താ ...?പതിവില്ലാതെ ഇവിടെ .?"അവളെന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

 "ഒരു ഫ്രണ്ടിനെക്കാണാൻ ."ഞാൻ മറുപടി നൽകി .

 "ആഹാ ...ഫ്രണ്ട് , ആണോ .?,അതോ പെണ്ണോ .?അവളെന്നെ നോക്കി കുസൃതിയോടെ ചോദിച്ചു.

 "പെണ്ണുതന്നെ ."ഞാൻ ചമ്മലോടെ പറഞ്ഞു .

 "അതുകൊള്ളാല്ലൊ .പാർക്കിൽ വെച്ചുകാണാൻമാത്രമുള്ള ഒരു ഗേൾഫ്രണ്ട് അതാരാണ് .?"അവൾ എന്നെനോക്കി .

 "ഒരു പഴയ ഫ്രണ്ടാണ് .കോളേജുമേറ്റ്."

 "ആണോ? ഇനി വല്ല കാമുകിയോ മറ്റോ ആണോ ഇക്കാ .?"അവൾ വീണ്ടും കുസൃതിയോടെ എന്നെനോക്കി .

 "അതെ ,പഴയ കാമുകിയാണ് .നഷ്ടപ്രണയത്തിലെ നായിക .ആറുവർഷങ്ങൾക്ക് മുൻപ് എന്നെ തേച്ചിട്ട് മറ്റൊരുവനെ തേടിപ്പോയവൾ ."ഞാൻ സത്യം തുറന്നുപറഞ്ഞു .

 "ആണോ .?അതുകൊള്ളാല്ലൊ .ആളെവിടെ .?എത്തിയില്ലേ .?"

 "ഇല്ല വരുമെന്നുപറഞ്ഞ സമയം കഴിഞ്ഞു.ഞാൻ കാത്തുനിക്കുകയാണ്." 

"എന്നാ ശരി ...അങ്ങനാവട്ടെ. പിന്നെ, ഇക്കാ ഇപ്പോൾ തന്നെ വീട്ടിലേക്ക് മടങ്ങുമോ?" അവളെന്നെനോക്കി ചോദിച്ചു.

"എന്താ?" ഞാൻ അവളെനോക്കി.

 "വീട്ടിലേക്കാണെങ്കിൽ എനിക്കും ഇക്കയുടെകൂടെ ബൈക്കിൽ വരാമായിരുന്നു."

 "അവളെ കണ്ടിട്ടു മടങ്ങാൻനേരം ഞാൻ വിളിക്കാം."

 "ഓക്കേ." അവൾ കൂട്ടുകാരികൾക്കൊപ്പം പാർക്കിന്റെ മറ്റൊരുകോണിലേക്ക് നടന്നുനീങ്ങി.

ഞാൻ വീണ്ടും ഗെയ്റ്റിനുനേർക്ക് നോക്കി .അവൾ ഇനിയും എത്തിച്ചേർന്നിട്ടില്ല .പറഞ്ഞസമയവും അരമണിക്കൂറുംകൂടി കഴിഞ്ഞിരിക്കുന്നു .മൂന്നരമണിയോടുകൂടി ജോലിസ്ഥലത്തുനിന്നും ഇറങ്ങുമെന്നാണ് അവൾ പറഞ്ഞത് .അവിടെനിന്നും പത്തുമിനിറ്റുനേരം നടന്നക്കാനുള്ള ദൂരമേയുള്ളൂ ...പാർക്കിലേക്ക് .വാഹനത്തിലാണെങ്കിൽ അതും വേണ്ടാ .എന്നിട്ടും .?അവളിനിയും ഓഫീസിൽനിന്ന് ഇറങ്ങിയിട്ടുണ്ടാവില്ലേ .?ഞാൻ മനസ്സിലോർത്തു .

അഞ്ചുവർഷക്കാലം നീണ്ടുനിന്ന എന്റെ പ്രണയകഥയിലെ നായികയാണ് രാധിക .പ്ലസ്ടൂ കാലംമുതൽ ഡിഗ്രി ഫൈനലിയർ വരെയുള്ള കാലത്തെ എന്റെ പ്രിയസഖി .പ്ലസ്ടൂ പഠനത്തിന്റെ ആദ്യദിനത്തിലെ പ്രഥമകാഴ്ചയിൽ തന്നെ അവളൊരു തേന്മഴത്തുള്ളിയായി എന്റെ മനസ്സിനുള്ളിൽ പെയ്തിറങ്ങിയതാണ് .പിന്നീടുള്ള നാളുകളിലെ സൗഹൃദകൂടിക്കാഴ്ചകൾക്കിടയിൽ ഒരുനാൾ ,സ്‌കൂൾമുറ്റത്തെ പൈപ്പിൻചുവട്ടിൽ വെച്ചവൾ എന്നെ ഇഷ്ടമാണെന്നറിയിച്ചു .പിന്നീടുള്ള ദിനങ്ങൾ ഞങ്ങൾക്ക് പ്രണയോൽസവങ്ങളുടേതായിരുന്നു .പരസ്പരം ഹൃദയങ്ങൾ കൈമാറിയകാലം .ഉള്ളുതുറന്നു സംസാരിച്ച നാളുകൾ .

 കോളേജുപഠനം അവസാനിക്കാറായ സമയം .ഭാവികാര്യങ്ങളെക്കുറിച്ചു നമുക്കൊരു തീരുമാനമെടുക്കണമെന്നും അതിനെക്കുറിച്ച് സംസാരിക്കാനുണ്ട്. നിനക്ക് പറ്റിയ സമയവും, സന്ദർഭവും അറിയിക്കണമെന്നും പരീക്ഷയുടെ അവസാന നാളിൽ ഞാൻ രാധികയോട് പറഞ്ഞു. ആലോചിച്ചു മറുപടിപറയാമെന്നു പറഞ്ഞുകൊണ്ട് അന്നവൾ കോളേജിൽനിന്നും പിരിഞ്ഞു .

രാധികയുടെ മറുപടിയും കാത്തു ഞാൻ ദിവസങ്ങളെണ്ണി വീട്ടിൽ കാത്തിരുന്നു .ഒരുമാസം കഴിഞ്ഞിട്ടും മറുപടിയൊന്നും കാണാതെവന്നപ്പോൾ ക്ഷമനശിച്ച ഞാനവൾക്കൊരു കത്തെഴുതി. ഒരാഴ്ച്ചകഴിഞ്ഞപ്പോൾ എന്നെത്തേടി അവളുടെ മറുപടി എത്തി .ടൗണിലെ പാർക്കിൽവെച്ചു കാണാമെന്നും ഒരുപാട് സംസാരിക്കാനുണ്ടെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം .

അന്ന് പാർക്കിന്റെ ഒഴിഞ്ഞ ചാരുബെഞ്ചിലിരുന്ന് അവളുമായി ഒരുപാട് സംസാരിച്ചു .ആ സമയമെല്ലാം അവളുടെ വാക്കിലും ,നോക്കിലുമെല്ലാം മുൻപെങ്ങുമില്ലാത്തതുപോലൊരു അകൽച്ച നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നി .അവൾക്ക് എന്നോടെന്തോ വെറുപ്പുള്ളതുപോലെ .

"ഉടനെയൊന്നും നമ്മുടെ വിവാഹം വേണ്ട .ആദ്യം ഇരുവർക്കും നല്ലൊരു ജോലി ,വരുമാനം ഇതൊക്കെ ആയിട്ടുമതി വിവാഹകാര്യത്തെക്കുറിച്ചു ചിന്തിക്കുന്നതുംമറ്റും .എനിക്ക് തുടർന്നുപഠിക്കണമെന്നാണ് ആഗ്രഹം .അല്ലെങ്കിലും അബ്‌ദുവിന്റെ വീട്ടിലെ സാഹചര്യങ്ങളും തൊഴിലുമൊന്നും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ പറ്റിയതല്ലല്ലോ .?"അന്ന് അവൾ പറഞ്ഞുനിർത്തി .

രാധികയുടെ തീരുമാനം ന്യായമായിരുന്നു .അതേ അഭിപ്രായം തന്നെയായിരുന്നു എനിക്കും .അതുവരെയും അവളെ തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി .എത്രനാൾ വേണമെങ്കിലും അവൾക്കുവേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു .അന്ന് പാർക്കിനടുത്തുള്ള ബേക്കറിയിൽ നിന്നും ഞങ്ങളൊരുമിച്ചു ഐസ്ക്രീം കഴിച്ചുകൊണ്ട് സന്തോഷത്തോടെ പിരിഞ്ഞു .

എന്നാൽ പിന്നീടുള്ള നാളുകളിലെ അവളുടെ പെരുമാറ്റം പരസ്പരം യാതൊരു ബന്ധവുമില്ലാത്തതുപോലായിരുന്നു .പലപ്പഴും തമ്മിൽ കണ്ടുമുട്ടിയ അവസരങ്ങളിലെല്ലാം അവൾ എന്നോട് സംസാരിക്കാൻ നിൽക്കാതെ ഒഴിഞ്ഞുമാറി .എന്തെങ്കിലും മാനസിക ബുദ്ധിമുട്ടിലാവുമെന്നു കരുതി ഞാനെല്ലാം ഉള്ളിലൊതുക്കി .എഴുതിയ കത്തുകൾക്കൊന്നും അവൾ മറുപടി അയച്ചില്ല .ഒടുവിൽ ഞാനവളുടെ വീട്ടിലെ ഫോൺനമ്പർ തേടിപ്പിടിച്ചുകൊണ്ട് വീട്ടിലേക്ക് വിളിച്ചെങ്കിലും അവൾ സംസാരിക്കാൻ കൂട്ടാക്കിയില്ല .അങ്ങനെ കഴിയവേ അവളുടെ ഒരു കത്ത് എന്നെത്തേടിയെത്തി.

അന്യമതക്കാരനായ എന്നെ വിവാഹം കഴിക്കാൻ ഒരിക്കലുംഅവളുടെ വീട്ടുകാർ അനുവദിക്കില്ലെന്നും ,വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് എന്റെയൊപ്പം ഇറങ്ങിവരാൻ ഒരിക്കലും കഴിയില്ലെന്നും അതുകൊണ്ട് കഴിഞ്ഞതൊക്കെ മറക്കണമെന്നും ,ഇനി ഒരിക്കലും കത്തുകൾ അയക്കരുതെന്നും കത്തിൽ എഴുതിയിരുന്നു .

അന്ന് ഒരുപാട് രാവുകളിൽ ഇളഞ്ഞേലിത്തോടിന്റെ പാലത്തിനുമുകളിലുള്ള കലുങ്കിൽ കിടന്നുകൊണ്ടും ,അടച്ചിട്ടമുറിയിലെ കട്ടിലിൽ കിടന്നുകൊണ്ടുമെല്ലാം ഞാൻ തേങ്ങിക്കരഞ്ഞു. അങ്ങനെ മനസ്സുനീറി കഴിയവേ പഴയൊരു കോളേജുമേറ്റിൽ നിന്നും ഞാനാ വാർത്തയറിഞ്ഞു.

രാധികയ്ക്ക് പി .ജി ക്ലാസിൽ സീനിയറായി പഠിക്കുന്ന ജയമോഹൻ എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന്. ഞാൻ അതിന്റെ സത്യാവസ്ഥയെകുറിച്ചൊന്നും അനോഷിച്ചില്ല. അവളുടെ അകൽച്ചയിൽനിന്നും ഇതിനോടകം ഇങ്ങനൊന്നു ഞാൻ മനസ്സിൽ പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ഞങ്ങൾതമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അന്ന് പാർക്കിൽവെച്ചു നടന്നത്. പിന്നീട് ഞങ്ങൾതമ്മൽ കണ്ടില്ല. പരസ്പര ബന്ധമില്ലാത്ത വർഷങ്ങൾ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു.

സമയം കടന്നുപോകുംതോറും പാർക്കിനുള്ളിലേയ്ക്ക് ആളുകൾ വന്നണഞ്ഞുകൊണ്ടിരുന്നു .ഞാൻ ഒരിക്കൽക്കൂടി വാച്ചിലേയ്ക്ക് നോക്കി .സമയം നാലരമണി ആകുന്നു .ഇന്നിനി ...അവൾ വരാതിരിക്കുമോ? ഒരുപക്ഷേ ,അവൾ എന്നെ പറഞ്ഞുപറ്റിച്ചതാകുമോ .?ഏയ്‌ ,അങ്ങനാവില്ല .ഞാൻ സ്വയം സമദാനിച്ചു .ഇന്നുരാവിലെയുംകൂടി ഫോണിൽവിളിച്ചുറപ്പ് പറഞ്ഞതാണല്ലോ. എത്രതിരക്കുണ്ടെങ്കിലും വരണമെന്നും ,എനിക്ക് ഒന്നു കാണണം ...കുറച്ചു സംസാരിക്കാനുണ്ടെന്നുമൊക്കെ .ഞാൻ ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു .പക്ഷേ ,സ്വിച്ചോഫ് എന്നായിരുന്നു മറുപടി.

ആറാണ്ട് നീണ്ടുനിന്ന അകൽച്ചക്കുശേഷം എന്തിനാണിപ്പോൾ എന്നെ കാണണമെന്ന് അവൾ പറഞ്ഞത്? ഉന്നത വിദ്യാഭ്യാസവും ,സ്ഥിരമായൊരു ജോലിയും, മനസ്സിനൊത്തൊരു പുരുഷൻ കാമുകനുമായുള്ള അവൾക്ക് ഒരിക്കൽ നിഷ്കരുണം തള്ളിക്കളഞ്ഞ എന്നോട് എന്താണിത്ര അത്യാവശ്യമായി സംസാരിക്കാനുള്ളത്. ഇനി ഒരുപക്ഷേ, അവളുടെ വിവാഹത്തിനു ക്ഷണിക്കാനാവുമോ? അങ്ങനെയെങ്കിൽ എന്തിനാണവൾ ഈ പാർക്കിൽത്തന്നെ വരാൻ പറഞ്ഞത്? അങ്ങനെ പലവിധ ചിന്തകളിപ്പെട്ടു എന്റെ മനസ്സുഴറി.

പാർക്കിലെ പൂന്തോട്ടത്തിൽനിറയെ വിവിധ നിറത്തിലുള്ള പൂവുകൾ, പലതിന്റേയും പേരറിയില്ല .അതിൽനിന്നും ഇഷ്ടനിറമായ ചുവന്ന ഒരു പൂവ് നുള്ളിയെടുത്തുകൊണ്ട് അതിന്റെഭംഗി ആസ്വദിച്ചശേഷം ഗന്ധമറിയാനായി ചുണ്ടോടുചേർത്തങ്ങനെ ഇരിക്കുമ്പോൾ പൊടുന്നനെ കണ്മുന്നിൽ ഒരുരൂപം.

വല്ലാത്തൊരു വിസ്മയത്തോടെ ഒരിക്കൽക്കൂടി മിഴികൾ വിടർത്തിക്കൊണ്ട് ഞാനാ രൂപത്തിനുനേർക്ക് നോക്കി .എന്റെ ഇഷ്ടനിറമായ ചുപ്പുകളറിലുള്ളനിറംമങ്ങിയ ഒരു ചുരിദാറണിഞ്ഞു ചുണ്ടിൽ നേർത്തൊരു മന്ദഹാസവുമായി കണ്മുന്നിൽ നിറഞ്ഞുനിൽക്കുന്നു രാധിക .ശാന്തസുന്ദരമായ നിമിഷങ്ങൾക്ക് തടയിട്ടുകൊണ്ട് അവളുടെ സുന്ദരശബ്ദത്തിൽ അവൾ വിളിച്ചു .

"അബ്‌ദു ..."

ആറുവര്ഷങ്ങൾക്കുമുന്പ് എന്നെവിട്ടുപിരിഞ്ഞുകൊണ്ട് ഇതേ പാർക്കിന്റെ മുറ്റത്തുനിന്നും നടന്നകന്ന ആ വെളുത്തുതുടുത്ത സുന്ദരിയായ രാധികയായിരുന്നില്ല എന്റെ മുന്നിൽവന്നു നിന്നത്.  അവളുടെ ഭംഗിയാകെ നഷ്ടപ്പെട്ടിരിക്കുന്നു. മുഖത്താകെ ഒരു വിഷാദഭാവം, കണ്ണുകളിൽ വല്ലാത്ത നിർവികാരത, എണ്ണമയമില്ലാത്ത പാറിപ്പറന്ന കാർകൂന്തൽ, അലസമായ വസ്ത്രധാരണം. അവൾ ആകെ മാറിപ്പോയെന്ന് എനിക്കുതോന്നി.

"അബ്ദു ,വന്നിട്ട് ഒരുപാട് സമയമായോ .?ഓഫീസിൽനിന്നും ഉദ്ദേശിച്ച സമയത്ത് ഇറങ്ങാനായില്ല. ഇതിനിടയിൽ ഫോണും ഓഫായിപ്പോയി .ആവലാതികണക്കെ ഇത്രയും പറഞ്ഞിട്ട് തോളിൽക്കിടന്ന വാനിറ്റിബാഗ് ഒതുക്കിവെച്ചുകൊണ്ട് അവൾ എന്റെയരികിലായി ചാരുബെഞ്ചിലിരുന്നു .

 "ആ പഴയ ബെഞ്ചിൽത്തന്നെ വന്നിരുന്നുവല്ലേ? എനിക്കറിയാമായിരുന്നു അബ്ദു ഇവിടെത്തന്നെ ഉണ്ടാകുമെന്ന്. എങ്കിലും അകലെനിന്നു കണ്ടപ്പോൾ എനിക്കു ചെറിയ കൺഭ്യൂഷനായിരുന്നു. ആള് മാറിപ്പോയോ എന്നൊരു സംശയം."

"ഇതെന്തുപറ്റിയതാ .?മുടി മൊത്തം പോയല്ലോ .?മുടിയൊക്കെപ്പോയി ,താടിയൊക്കെനീട്ടി സ്റ്റൈൽ മൊത്തം മാറിപ്പോയി .താടി ഇല്ലാത്തതാണ് അബ്‌ദുവിന് ഭംഗി ."പറഞ്ഞിട്ടവൾ എന്നെനോക്കി.

ഞാൻ അവളെനോക്കി വെറുതേ ഒന്നുചിരിച്ചു .എന്നിട്ടുപറഞ്ഞു .

"രാധികയും വല്ലാതെ മാറിപ്പോയിരിക്കുന്നു. പഴയഭംഗിയില്ല ഇപ്പോൾ. വാക്കിലും, നടപ്പിലുമെല്ലാം എന്തോ ഒരു പോരായ്മ, കണ്ണുകൾക്കുതാഴെ കറുപ്പ് നിഴലിച്ചുനിൽക്കുന്നു." ഞാൻ പറഞ്ഞു .

"ഉം ...ശരിയാണ് എല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു എല്ലാം." അവൾ നിർവികാരയായി പറഞ്ഞു. ഞങ്ങൾക്കിടയിൽ ഒരുനിമിഷം മൗനം വന്നുനിറഞ്ഞു.

"എന്തിനാ എന്നോട് കാണണമെന്ന് പറഞ്ഞത് .?എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത് .?"ഒരുനിമിഷത്തെ ഇടവേളയ്ക്കുശേഷം ഞാനവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു . 

"അബ്‌ദുവിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് തോന്നി ,സംസാരിക്കണമെന്നും.നിനക്ക് ഇഷ്ടമായിട്ടുണ്ടാവില്ലെന്ന് എനിക്കറിയാം പോകാൻ ദൃതിയുണ്ടോ .?"അവൾ പരിഭവത്തോടെ എന്നെനോക്കി.

"ഇല്ല, പറഞ്ഞോളൂ ."

"എങ്കിൽ നമുക്കൊരോ കോഫി കുടിച്ചുകൊണ്ട് ആയാലോ സംസാരം?" ചോദിച്ചിട്ട് അവൾ ബെഞ്ചിൽനിന്നും എഴുന്നേറ്റു .പിന്നാലെ ഞാനും.

പാർക്കിനുമുന്നിലുള്ള കൊഫീഹൗസിനുനേർക്ക് ഞങ്ങൾ മെല്ലെ നടന്നു .പാർക്കിനുള്ളിലെ വിവിധതരക്കാരായ മനുഷ്യർക്കും ,പൂക്കൾക്കും ഇടയിലൂടങ്ങനെ നടന്നുനീങ്ങുമ്പോൾ ഞാൻ രാധികയെ ശ്രദ്ധിച്ചുനോക്കി. അവളുടെ മുഖത്താകെ നിരാശയും, സങ്കടവും നിറഞ്ഞുനിൽക്കുന്നതായി എനിക്കുതോന്നി. കോഫീഹൗസിന്റെ വരാന്തയിലേയ്ക്ക് കാലെടുത്തുവെക്കവേ അവളെന്നെനോക്കി ചോദിച്ചു. 

"ഇതു നമ്മാരൊരുമിച്ചു പണ്ട് പാർക്കിൽ വരുമ്പോഴെല്ലാം കോഫി കുടിക്കാനെത്താറുള്ള ആ പഴയകട തന്നെയാണ്. അബ്ദു ഓർക്കുന്നില്ലേ?"

"ഉണ്ട് ,മറന്നിട്ടില്ല ഒന്നും ."ഞാനവളെനോക്കി പരിഹാസം കണക്കെ പറഞ്ഞു. എന്റെ ആ വാക്കുകൾ അവളിൽ വേദന ഉണ്ടാക്കിയെന്ന് എനിക്കു മനസ്സിലായി. അവളുടെ മുഖം പൊടുന്നനെ വിവർണമായി.

കോഫീഹൗസിലെ ഒഴിഞ്ഞകോണിലെ ടേബിളിനുമുന്നിൽ ഞങ്ങളിരുന്നു. വർഷങ്ങൾക്കുമുൻപ് ഇരിക്കാറുള്ള അതേ ടേബിളിനുമുന്നിൽത്തന്നെ. കോഫി ഓർഡർചെയ്തിരിക്കുമ്പോൾ അവളെന്നെനോക്കി

"എന്തൊക്കെയുണ്ട് അബ്‌ദുവിന്റെ വിശേഷങ്ങൾ?,വീട്ടിൽ എല്ലാവർക്കും സുഖമാണോ?,അബ്ദു ജോലിക്കൊന്നും ശ്രമിച്ചില്ലേ? ഇപ്പോഴും കൃഷിയുമായി തന്നെ കഴിയുകയാണോ?"

"വീട്ടിലെല്ലാവർക്കും സുഖംതന്നെ .പിന്നെ ജോലി ,കൃഷി അത്രമോശം ജോലിയാണോ .?"ഞാൻ അവളെനോക്കി.

"ഏയ്‌ ,ഞാൻ വെറുതേ ചോദിച്ചെന്നേ ഉള്ളൂ ."അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

"പിന്നെ, രാധികയുടെ വിശേഷങ്ങൾ പറയൂ .പുതിയജോലി എങ്ങനെയുണ്ട് .?വിവാഹം ആയോ .? തന്റെ കാമുകനെവിടെ .?അയാൾ എന്ത് ചെയ്യുന്നു?"

കാമുകനെക്കുറിച്ചു ചോദിച്ചതും രാധികയുടെ മുഖം വിവർണമായി. മുഖത്താകെ ഒരു ശോകം വന്നുനിറഞ്ഞു .ഏതാനുംനിമിഷംകൂടി ഞങ്ങൾക്കിടയിൽ മൗനം വന്നുനിറഞ്ഞു. ഇതിനോടകം ഓർഡർചെയ്ത കോഫിവന്നുകഴിഞ്ഞിരുന്നു .ഞാൻ മെല്ലെ കോഫി കുടിക്കാൻതുടങ്ങി.

"അബ്ദു എന്നോട് ക്ഷമിക്കൂ. എനിക്ക് തെറ്റുപറ്റിപ്പോയി. നിന്റെകാര്യത്തിൽ." ഏതാനുംനിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം രാധികയുടെ ശബ്ദം എന്റെ കാതിൽവന്നുതട്ടി.

"നിന്റെ യഥാർത്ഥസ്നേഹം തിരിച്ചറിയാതെ, നിന്നെ തള്ളിക്കളഞ്ഞുകൊണ്ട്, നിന്റെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഞാൻ മറ്റൊരുവന്റെ പിന്നാലെപോയി. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. ന്നെ തഴഞ്ഞുകൊണ്ട് ഞാൻ ആരുടെ പിന്നാലെ പോയോ അവന്റെ സ്നേഹം കപടമായിരുന്നു. അതു ഞാൻ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത് എന്നുമാത്രം.ജയമോഹന് ആവശ്യം എന്റെ സ്നേഹമായിരുന്നില്ല. എന്റെ ശരീരത്തിലായിരുന്നു അവന്റെ കണ്ണ്. പെണ്ണെന്നുപറയുന്നത് അവനൊരു നേരംപോക്ക് മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. വെറുമൊരു സ്ത്രീ ലമ്പടനാണവൻ. അവന്റെ പിടിയിൽനിന്നും രക്ഷപെട്ടത് തന്നെ എന്റെ മഹാഭാഗ്യം. ഞാൻ അബ്‌ദുവിനോട് കാട്ടിയ ക്രൂരതയ്ക്ക്, നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമയായ അബ്‌ദുവിനെ വേദനിപ്പിച്ചതിന് ഈശ്വരൻ തന്ന ശിക്ഷയാണ് എല്ലാം." പറഞ്ഞിട്ട് കയ്യിലിരുന്ന ടവ്വല്കൊണ്ട് നിറമിഴികളൊപ്പി അവൾ.

"അബ്‌ദുവിന് എന്നോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് എനിക്കറിയാം. അത്രക്ക് നിന്നെ ഞാൻ വേദനിപ്പിച്ചുട്ടുണ്ട്. എല്ലാം എന്റെ അപക്ക്വമായ മനസ്സിന്റെ എടുത്തുചാട്ടം കൊണ്ട് ഉണ്ടായതാണ്. എന്റെ അഹങ്കാരം കൊണ്ടും, അതിമോഹംകൊണ്ടും ഉണ്ടായതാണ്. അതുകൊണ്ട് തന്നെ ഞാനൊരിക്കലും മാപ്പിനർഹയല്ലെന്ന് എനിക്കറിയാം. എങ്കിലും പറയുവ. എല്ലാ തെറ്റുകൾക്കും മാപ്പ്." പറഞ്ഞിട്ടവൾ വിതുമ്പിക്കരഞ്ഞു. ഞാനൊന്നും മിണ്ടാത്തെ കോഫി കുടിച്ചുകൊണ്ടിരുന്നു.

"അബ്‌ദുവിനെ കണ്ട് ഇത്രയെങ്കിലും പറയണമെന്ന് തോന്നി .അതാണ്‌ കാണണമെന്ന് പറഞ്ഞത് .ഇല്ലെങ്കിൽ കുറ്റബോധംകൊണ്ട് എന്റെ മനസ്സ് വിങ്ങിപ്പൊട്ടിപ്പോകുമെന്ന് എനിക്കുതോന്നി. "അവൾ പറഞ്ഞുനിർത്തിയിട്ട് വീണ്ടും മിഴികളൊപ്പി.

"ഏയ്‌ മാപ്പ് പറയണ്ട കാര്യമൊന്നുമില്ല. ഞാനതൊക്കെ എന്നേ മറന്നു. അല്ലെങ്കിലും കോളേജുകാലഘട്ടത്തിൽ ഇതൊക്കെ സർവ്വസാധാരണമല്ലേ? അതിന്റെപേരിൽ ദുഃഖിക്കാൻ തുടങ്ങിയാൽ അതിനേ സമയം ഉണ്ടാകൂ." ഞാൻ അവളെനോക്കി വെറുതേ പറഞ്ഞു.

 "ഒരുകണക്കിന് അന്ന് അങ്ങനെയൊക്കെ സംഭവിച്ചത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. നമ്മൾതമ്മിൽ ഒരുമിച്ചിരുന്നെങ്കിൽ രാധികയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നേനേ. എന്റെ വീട്ടിലെ ദാരിദ്ര്യവും, കഷ്ടപ്പാടുമെല്ലാം ഉൾക്കൊള്ളാൻ രാധികയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. ആറുവര്ഷങ്ങൾക്കുമുന്പ് ഞാനെങ്ങനായിരുന്നോ... അതുപോലെതന്നെയാണ് ഇപ്പോഴും.നല്ലൊരു വീടില്ല, നല്ലൊരു ജോലിയില്ല. മുരടിച്ചുപോയ എന്റെ ജീവിതത്തിലെ വിരസത നിറഞ്ഞ ദിനങ്ങളെ ഞാൻ വായനയിലൂടെയും, എഴുത്തിലൂടെയും തള്ളിനീക്കാൻ ശ്രമിക്കുകയാണ്. ഈ ജീവിതത്തിനോടുള്ള വെറുപ്പിനെ ഞാൻ കൃഷിയിലൂടെ ഇല്ലായ്മചെയ്യാനും ശ്രമിക്കുന്നു. ഇങ്ങനുള്ള എനിക്ക് എങ്ങനെയൊരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും .?ഇങ്ങനുള്ള എനിക്ക് പഴയനഷ്ടപ്രണയത്തെകുറിച്ചോർത്തു മനസ്സുനീറ്റാൻ എന്തർഹതയാണ് ഉള്ളത് .?"വീണ്ടും ഞങ്ങൾക്കിടയിൽ ഒരുമൗനത്തിന്റെ വേലിക്കെട്ടുയർന്നുവന്നു .ഞങ്ങളിരുവരും കോഫികഴിച്ചു.

"അബ്‌ദുവിന് ഓർമ്മയുണ്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത .?ഇന്നെന്റെ ജന്മദിനമാണ് .പണ്ട് എന്റെ എല്ലാ പിറന്നാളിനും അബ്ദു എനിക്ക് മറക്കാതെ ഗിഫ്റ്റുകൾ തരുമായിരുന്നു .ഈ കോഫീഹൗസിൽനിന്നും ചായയും ,വടയും വാങ്ങിത്തരുമായിരുന്നു .അബ്ദു ഓർക്കുന്നുണ്ടോ .?"അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി .

"ശരിയാണ് ,പണ്ട് രാധികയുടെ ഓരോ ജന്മദിനവും ഞാനോർത്തിരിക്കുമായിരുന്നു .അന്ന് അവൾക്കായി ഗിഫ്റ്റുകൾ വാങ്ങിക്കുകയും ,അവളുടെ ദീർക്കായുസ്സിനായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു .ഇന്നതെല്ലാം എന്തിന് ഓർത്തിരിക്കണം?" ഞാൻ ചിന്തിച്ചു.

"ഇല്ല, ഞാനിപ്പോൾ അതൊന്നും ഓർക്കുന്നില്ല .അല്ല, ഓർക്കാൻ ശ്രമിക്കാറില്ല ."പുച്ഛരസത്തിൽ അവളെനോക്കി ഞാൻ പറഞ്ഞു .

എന്റെ മറുപടി അവളെ ഒരുപാട് വേദനിപ്പിച്ചെന്ന് അവളുടെ മുഖഭാവത്തിൽനിന്നും എനിക്ക് മനസ്സിലായി. വേദനിക്കട്ടെ, ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് സന്തോഷിച്ചു .

"അബ്‌ദു, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ .?"എന്റെ മിഴികളിലേക്ക് നോക്കി അവൾ ചോദിച്ചു .

"എന്താ ,ചോദിക്കൂ.!"ഞാനവളെനോക്കി.

"അബ്‌ദുവിന് എന്നോട് പണ്ടുണ്ടായിരുന്ന സ്നേഹത്തിന്റെ ഒരംശമെങ്കിലും ഇപ്പോഴുണ്ടോ? അതായത് അബ്‌ദുവിന്റെ മനസ്സിന്റെ ഏതെങ്കിലും കോണിൽ എനിക്ക് ഇപ്പോഴും കുറച്ചെങ്കിലും സ്ഥാനമുണ്ടോ? പറയൂ അബ്‌ദു ...!" ഇതറിയാൻ കൂടിയാണ് ഞാനിന്ന് അബ്‌ദുവിനെ കാണണമെന്ന് പറഞ്ഞത്.

അവളെന്റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കി .ആ സമയം അവളുടെ മിഴികളിൽ വല്ലാത്തൊരു നീർത്തിളക്കം ഞാൻ കണ്ടു .

"ഇല്ല ,ഇന്നെന്റെ മനസ്സിലെന്നല്ല ...ഓർമ്മകളിൽപോലും രാധികയുടെ മുഖമില്ല. അതെല്ലാം ഞാൻ പണ്ടേ മറന്നുകഴിഞ്ഞിരിക്കുന്നു ."എന്റെ മറുപടി പൊടുന്നനെയായിരുന്നു. അൽപ്പം ദയപോലും വാക്കുകളിലോ, ശബ്ദത്തിലോ അപ്പോൾ ഉണ്ടായിരുന്നില്ല.

എന്റെ മറുപടികേട്ട് രാധിക ഏതാനുംനിമിഷം മിണ്ടാതിരുന്നു. തുടർന്ന് ടേബിളിനുമുകളിലിരുന്ന കൈകൾ കൂട്ടിപ്പിണച്ചുകൊണ്ട് അതിലേക്ക്തലകുമ്പിട്ടിരുന്നു. അവൾ തേങ്ങുന്നുണ്ടെന്ന് എനിക്കുതോന്നി. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിൽ കുറ്റബോധത്തിന്റെ പാപഭാരം നിറഞ്ഞുനിൽക്കുന്നത് ഞാനറിഞ്ഞു.

"ഓക്കേ, അബ്ദു .എനിക്ക് സന്തോഷമായി. ഇത് നിന്നെക്കണ്ടു നേരിട്ടു ചോദിക്കാൻ വേണ്ടിക്കൂടിയാണ് ഒരിക്കൽക്കൂടി നിന്നെക്കാണണമെന്നു ഞാൻ പറഞ്ഞത്. നിന്റെ സ്ഥാനത്തു മറ്റാരായാലും ഇങ്ങനെയേ പറയൂ. എനിക്ക് നിന്നോട് വെറുപ്പൊന്നുമില്ല. നിനക്ക് വെറുപ്പുണ്ടാവില്ലെന്നു ഞാൻ കരുതിക്കോട്ടെ?" ചോദിച്ചിട്ടവൾ എന്നെനോക്കി നിറമിഴികൾ തുടച്ചു .

"ഇല്ല, വെറുപ്പൊന്നുമില്ല. അല്ലെങ്കിലും എന്തിനു വെറുക്കണം?"

അങ്ങനെ ചോദിക്കുമ്പോഴും എന്റെമനസ്സുനിറച്ചും അവളോടുള്ള വെറുപ്പ് നിറഞ്ഞുനിൽക്കുകയായിരുന്നു. എന്നെ സ്നേഹിച്ചുവഞ്ചിച്ചിട്ടു കടന്നുകളഞ്ഞതിലുള്ള വെറുപ്പ്. ഒരുപാട് കാലം എന്നെ സ്നേഹിച്ചിട്ട് എന്നേക്കാൾ നല്ലൊരുവനെക്കണ്ടപ്പോൾ ... എന്നെതള്ളിക്കളഞ്ഞുകൊണ്ട് അവനൊപ്പം പോയിട്ട് അവൻ ഉപേക്ഷിച്ചപ്പോൾ വീണ്ടും എന്നെത്തേടിയെത്തുയിരിക്കുന്നു. പഴയപ്രണയം വിളക്കിച്ചേർക്കാൻ. എന്നിട്ട് എന്നോട് വെറുപ്പുണ്ടോ എന്ന് .ഇല്ല ,അറപ്പാണ് ഞാൻ മനസ്സിൽ പറഞ്ഞു .

ഈ സമയം എന്റെ ഫോണിലേക്ക് ഷബ്‌നയുടെ കോൾവന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു.

"ഹലോ, ഇക്കാ എവിടെയാ? പോകാറായോ? ഞാനിവിടെ പാർക്കിന്റെ ഗെയ്റ്റിനുമുന്നിലുണ്ട്."ഷബ്‌ന പറഞ്ഞു.

"ഞാനിവിടെ കോഫീഹൗസിൽ ഉണ്ട്. ഷബ്‌ന ഇവിടേക്ക് വരൂ. ഒരു കോഫി കുടിച്ചിട്ടു പോകാം." ഷബ്‌നയെ ക്ഷണിച്ചിട്ടു ഞാൻ ഫോൺവെച്ചു .

"ആരാ, ഫോണിൽ?" രാധിക ആകാംക്ഷയോടെ ചോദിച്ചു.

"ഒരു പെൺകുട്ടി. എന്റെ വീടിനടുത്തുള്ളതാണ്. ഇവിടെ ടൗണിൽ പഠിക്കുകയാണവൾ. വീട്ടിലേക്ക് മടങ്ങുംവഴി അവൾകൂടി എന്റൊപ്പം വരുന്നുണ്ടെന്നു പറഞ്ഞിരുന്നു. എന്നെ കാണാത്തതുകൊണ്ട് വിളിച്ചുനോക്കിയതാ. അവളോട് ഇങ്ങോട്ടുവരാൻ ഞാൻ പറഞ്ഞിട്ടുണ്ട്." രാധികയെനോക്കി ഞാൻ മറുപടിനൽകി.

"അവൾ വരട്ടെ .അതുവരെയുംകൂടി നമുക്ക് സംസാരിച്ചിരിക്കാം. ഒരു കാര്യംകൂടി എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അബ്‌ദുവിന് വിരോധമില്ലെങ്കിൽ ."അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് എന്നെനോക്കി.

"അബ്ദു എന്താ ഇതുവരെ വിവാഹം കഴിക്കാത്തത്. അല്പംമുൻപ്‌ പറഞ്ഞതുപോലെ ജീവിതത്തിനോടുള്ള വെറുപ്പ് മാത്രാണോ കാരണം? അതോ, ഞാൻ വഞ്ചിച്ചതിലുള്ള മനോവിഷമമോ?" ചോദിച്ചിട്ട് അവൾ മടിച്ചുമടിച്ച് എന്നെനോക്കി. എന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അവൾ ഭയക്കുന്നതായി എനിക്കു തോന്നി. ഞാനവളെനോക്കി പുഞ്ചിരിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

"വിവാഹം കഴിക്കാത്തതിനുപിന്നിൽ പ്രത്യേകിച്ചു കാരണമൊന്നുമില്ല .എന്നാൽ ,കാരണങ്ങൾ പലതാണ് താനും .രാധികയും അതിലൊരു കാരണമാണെന്നുകൂട്ടിക്കോ .യാഥാർത്ഥ പ്രണയം ,ഇഷ്ടം എന്നൊക്കെപ്പറയുന്നത് ഒരാൾക്ക് അയാളുടെ ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നൂ .എനിക്കും അങ്ങനൊന്നുണ്ടായി .എന്നാൽ അതെല്ലാം ഞാനിന്ന് മറന്നുകഴിഞ്ഞ അധ്യായങ്ങളാണ് .അല്ലെങ്കിൽ മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന അധ്യായങ്ങളെന്നും പറയാം .എന്നുകരുതി അതിന്റെപേരിൽ ഒരിക്കലും വിവാഹം കഴിക്കില്ല എന്നൊന്നും ഞാൻ ശപഥമെടുത്തിട്ടില്ല .എന്റെ മനസ്സിനൊത്ത ,എന്നെ നന്നായി മനസ്സിലാക്കുന്ന ഒരുപെൺകുട്ടി വന്നാൽ ഞാൻ തീർച്ചയായും വിവാഹം കഴിക്കുകതന്നെ ചെയ്യും." ഞാൻ രാധികയെനോക്കി പുഞ്ചിരിയോടെതന്നെ പറഞ്ഞുനിർത്തി.

ഈ സമയം ഞങ്ങൾക്കരികിലേക്ക് ഷബ്‌ന നടന്നുവന്നു. അവൾ ഞങ്ങളെനോക്കി പുഞ്ചിരിതൂകി. ഞാനവളോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾക്കായി ചായയും, സമൂസയും ഓർഡർചെയ്തു .

"ഹലോ ,ഇതാണോ ഇക്കാ പറഞ്ഞ ... പഴയപ്രണയിനിയായിരുന്ന ഫ്രണ്ട് .?" രാധികയെനോക്കിക്കൊണ്ട് അവൾ ചോദിച്ചു .

"അതെ, ഇതുതന്നെയാണ്." ഞാൻ മറുപടിനൽകി .

ഷബ്‌നയുടെ ചോദ്യംകേട്ട് ഒരുനിമിഷം രാധിക ചൂളിപ്പോയെന്ന് എനിക്കുതോന്നി .എങ്കിലും സംയമനം വീണ്ടെത്തുകൊണ്ട് അവൾ ഷബ്നയെനോക്കി പുഞ്ചിരിച്ചു .അവളുടെകണ്ണുകൾ എന്നെയും ,ഷബ്‌നയേയും മാറിമാറി ഉഴിഞ്ഞുകൊണ്ടിരുന്നു .അവൾക്ക് ഷബ്‌നയുടെ കാര്യത്തിൽ എന്നെയും ചേർത്ത് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുതോന്നി .ഈ സമയം ഷബ്‌ന രാധികയുമായി സൗഹൃദത്തിലാവുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു .ഒടുവിൽ കൈകഴുകാനായി ഷബ്‌ന എഴുന്നേറ്റുപോയപ്പോൾ രാധിക എന്നെനോക്കി .

"ഷബ്‌ന ,വെറും അയൽക്കാരി മാത്രമോ .?അതോ .?"ഇടക്കുവെച്ചു നിർത്തിയിട്ട് അവൾ എന്നെനോക്കി .

"അയൽക്കാരി മാത്രമല്ല , മറ്റുപലതുമാണ് എനിക്ക് ഷബ്‌ന ."ഞാനവളെനോക്കി ഗൂഢമായ ഒരു മന്ദഹാസത്തോടെ പറഞ്ഞു .

പിന്നീട് ഞങ്ങളിരുവരും ഒന്നും സംസാരിച്ചില്ല .ഷബ്‌നയെയും കൂട്ടി കോഫീഹൗസിൽ നിന്നും പുറത്തിറങ്ങി .ആ സമയം ,ഞാൻ പാർക്കിലെത്തിയപ്പോൾ എന്നെനോക്കി പുഞ്ചരിച്ചുകൊണ്ട് ബൈക്കിൽകയറിപ്പോയ പെൺകുട്ടിയും ,അവളുടെ കാമുകനുംകൂടി കോഫീഹൗസിനുള്ളിലേക്ക് കയറിവരുന്നത് ഞാൻകണ്ടു .എവിടെക്കൊയോ ചുറ്റിയടിച്ചശേഷം കോഫികുടിക്കാനെത്തിയതാണ് അവരെന്ന് എനിക്കുമനസ്സിലായി .ആ പെൺകുട്ടി ഒരുനിമിഷം എന്നെനോക്കി പുഞ്ചിരിച്ചു ...ഞാൻ തിരിച്ചും .ഈ പാർക്കിലും കോഫീഹൗസിലുമായി ഓരോദിവസവും എത്രയെത്ര പ്രണയങ്ങളാണ് മൊട്ടിടുന്നതെന്ന് ഞാൻ മനസ്സിലോർത്തു  

പാർക്കിനുവെളിയിലെത്തിയ ഞാൻ രാധികയോട് യാത്രപറഞ്ഞു .

"പൊയ്ക്കോട്ടെ? ഞാൻ അവളെനോക്കി .

"ഉം ...,ഇനി നമ്മൾതമ്മിൽ കാണുമോ? "വേദനനിറഞ്ഞ മിഴികളോടെ അവളെന്നെനോക്കി ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു .

"അറിയില്ല ...,എന്തിനുവെറുതെ കാണണം? ഞാനവളെനോക്കി .

"ശരിയാണ് ,എന്തിനുവേറുതേ?" അതുപറയുമ്പോൾ അവളിൽനിന്നും ഒരു തേങ്ങൽ ഉയരുന്നത് ഞാനറിഞ്ഞു. ഞാനതുവകവെക്കാതെ ബൈക്കിൽകയറി. എന്റെ പിന്നിലായിക്കൊണ്ട് ഷബ്നയും കയറിയിരുന്നു.

ഈ സമയം രാധിക, ബൈക്കിനുപിന്നിലിരുന്ന ഷബ്‌നയുടെ കരം കവർന്നുകൊണ്ട് അവളുടെ മുഖത്തേക്കുനോക്കി "വിഷ്യൂഓൾദബെസ്റ്റ്" എന്നുപറഞ്ഞു. എന്തിനാണ് രാധിക അതുപറഞ്ഞതെന്ന് അറിയാതെ, ഷബ്‌ന അത്ഭുതംകൂറിയിരിക്കുന്നത് ഞാൻ കണ്ടു. എന്റെയുള്ളിൽ ചിരിപൊട്ടിയെങ്കിലും... ഞാനതു കടിച്ചമർത്തി.

രാധിക ഒരിക്കൽക്കൂടി എന്നെനോക്കി കൈവീശി. ഞാൻ തിരിച്ചും .ഈ സമയം അവളുടെ മിഴികൾ ഈറനണിയുന്നത് ഞാൻ കണ്ടു .കുറ്റബോധത്തിന്റേയും, നഷ്ടബോധത്തിയതിന്റേയുമെല്ലാം കണ്ണുനീരാണതെന്ന് എനിക്കു മനസ്സിലായി. എനിക്ക് അൽപ്പംപോലും സങ്കടംതോന്നിയില്ല .മറിച്ചു ഉള്ളിൽ സന്തോഷം തോന്നുകയും ചെയ്തു .

ആറുവര്ഷങ്ങൾക്കുമുന്പ് ഈ പാർക്കിന്റെമുറ്റത്തുനിന്നും അവളുടെ വഞ്ചനയിൽ മനംനൊന്തുകൊണ്ട് പുറത്തേക്കുനടക്കുമ്പോൾ ...എന്റെ ഹൃദയഭിത്തിയിൽ നിന്നും പൊടിഞ്ഞ കണ്ണുനീരിന്റെ ഒരംശംപോലും ആയിട്ടില്ല അവളുടെ കണ്ണുനീരെന്ന് ഞാൻ മനസ്സിലോർത്തു .തുടർന്ന് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു .അപ്പോഴും ബൈക്കിന്റെ കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു നിറമിഴികളുമായി ജീവനറ്റതുപോലെ നിൽക്കുന്ന രാധികയെ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ