(T V Sreedevi )
അമ്മയുടെ അലമാരയിൽ നിന്നും പഴയ ആൽബം പുറത്തെടുത്ത് പേജുകൾ മറിച്ചു നോക്കുന്നത് മണിക്കുട്ടിക്ക് എന്നും വലിയ ഇഷ്ടമായിരുന്നു.
"എന്തിനാ മണിക്കുട്ടീ അതിങ്ങനെ ദിവസോം പുറത്തെടുക്കണേ? അതൊക്കെകീറിപ്പറിഞ്ഞു പോകും. പഴയ ഫോട്ടോകളല്ലേ?" അമ്മ ശാസിക്കുമ്പോൾ മണിക്കുട്ടി ആൽബം തിരികെ വെയ്ക്കും.
"അമ്മേ.., അവളാകെ അച്ഛനെ മാത്രമേ കാണുന്നുള്ളൂ." മണിക്കുട്ടിയുടെ ചേച്ചി അനുപ്രിയ പറയും. അനുരാധയും നിശ്ശബ്ദയാകും.
അവളുടെ കണ്ണുകൾ നിറയും പാവം തന്റെ മണിക്കുട്ടി. അവളെ താൻ ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് നന്ദഗോപാലൻ എന്ന തന്റെ നന്ദേട്ടൻ നാടു വിട്ടു പോയത്. അന്ന് അനുപ്രിയക്ക് പത്തുവയസ്സാണ്.
"എന്താമ്മേ..എനിക്കു മാത്രം ഒരനിയത്തിയോ കുഞ്ഞനിയനോ ഇല്ലാത്തത്?"
"എന്റെ കൂട്ടുകാർക്കൊക്കെയുണ്ടല്ലോ?"അനുമോൾ എന്നും പരാതി പറയും അങ്ങനെയാണ് രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നത്. പത്തുവർഷങ്ങൾക്കു ശേഷം രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എല്ലാവർക്കും വലിയ ആഹ്ലാദമായിരുന്നു.
"ഇതൊരു ആൺകുട്ടിയായിരിക്കും" നന്ദേട്ടന്റെ അമ്മ പറയും.
"ആണായാലും പെണ്ണായാലും അനുമോൾക്കൊരു കൂടപ്പിറപ്പ് ഉണ്ടാകുമല്ലോ." തന്റെ അമ്മയും പറയും.
ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല. ബാങ്ക് മാനേജരായിരുന്ന നന്ദേട്ടനെ പണാപഹരണക്കുറ്റം ആരോപിച്ചു സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെന്റു ചെയ്തു.
സത്യസന്ധനായിരുന്ന നന്ദേട്ടനത് സഹിക്കാൻ പറ്റിയില്ല. തനിക്കും സഹപ്രവർത്തകർക്കും വീട്ടുകാർക്കുമെല്ലാം നന്ദേട്ടനെ വിശ്വാസമായിരുന്നുവെങ്കിലും അദ്ദേഹത്തിനുമാത്രം അതു താങ്ങാൻ കഴിഞ്ഞില്ല.അന്നുരാത്രി തന്നെക്കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു. പിറ്റേന്നു വെളുപ്പിനെ ഉണർന്നപ്പോൾ നന്ദേട്ടൻ കിടക്കയിലുണ്ടായിരുന്നില്ല. ആ രംഗങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇഷ്ടമില്ലാതെ അനുരാധ കണ്ണുകൾ തുടച്ചു. നന്ദേട്ടൻ പോയിട്ട് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മണിക്കുട്ടിക്ക് പതിനൊന്നു വയസ്സു കഴിഞ്ഞിരിക്കുന്നു.
പണാപഹരണക്കേ സിൽ കാഷ്യറെ അറസ്റ്റ് ചെയ്യുകയും നന്ദഗോപാലൻ കുറ്റവിമുക്തനാകുകയും ചെയ്തിട്ട് എട്ടു വർഷങ്ങൾ കഴിഞ്ഞു. പക്ഷേ.., നന്ദേട്ടൻ മാത്രം മടങ്ങിവന്നില്ല. രണ്ടു വീട്ടുകാരുടെയും കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഫലമുണ്ടായില്ല.
പെൺകുട്ടിയാണെങ്കിൽ മണിക്കുട്ടി എന്ന് കുഞ്ഞുമോൾക്ക് പേരിടണമെന്നത് നന്ദേട്ടന്റെ ആഗ്രഹമായിരുന്നു. എത്ര സന്തോഷത്തോടെ അവളെ വരവേൽക്കാൻ കാത്തിരുന്ന കുടുംബത്തിന് അവളുടെ വരവ് യാതൊരു സന്തോഷവും നൽകിയില്ല.
അച്ഛനെക്കാണാതെ, ആ വാത്സല്യം നുകരാതെ മണിക്കുട്ടി വളർന്നു. അവളെന്നും ചേച്ചിയുടെ ചെല്ലക്കുട്ടിയായിരുന്നു. അന്നും ഇന്നും അങ്ങനെതന്നെ.
അനുപ്രിയയ്ക്ക് അനിയത്തിയെ പ്രാണനാണ്.അവൾക്കറിവായപ്പോൾ അനുപ്രിയതന്നെ അനിയത്തിക്ക് അച്ഛനെപ്പറ്റി പറഞ്ഞുകൊടുത്തു.
പഴയ ആൽബത്തിൽ നിന്ന് അച്ഛന്റെ ഫോട്ടോകളിൽ ഒരെണ്ണം കീറിയെടുത്തു മണിക്കുട്ടിക്കു നൽകിയതും ചേച്ചിയായിരുന്നു. പിന്നെ അതു നെഞ്ചിൽ ചേർത്തുവച്ചുകൊണ്ട് അവൾ ഉറങ്ങുന്നതും പതിവായിരുന്നു.
ഇപ്പോഴും ആ പഴയ ആൽബം അവളെടുത്തു നോക്കാത്ത ദിവസങ്ങളില്ല. അതിൽ നന്ദേട്ടനും താനും വിവാഹവേഷത്തിൽ നിൽക്കുന്ന ഫോട്ടോകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറയും
"അമ്മേ എന്റെ അച്ഛൻ എന്തു സുന്ദരനാണ്!" 'പൃഥ്വിരാജേട്ട'നെക്കാളും സുന്ദരൻ. സുന്ദരക്കുട്ടപ്പൻ " അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ
തന്റെ ഇടനെഞ്ചു വിങ്ങും.
ഇടയ്ക്കെപ്പോഴോ നാട്ടുകാരിലാരോ
ഹരിദ്വാറിൽ വെച്ച് നന്ദേട്ടനെ കണ്ടുവെന്നൊരു വാർത്ത പരന്നു. ആൾ പെട്ടെന്നു മാറിക്കളഞ്ഞത്രേ.
ഇന്ന് തനിക്കും അനുമോൾക്കും ബാങ്കിൽ ജോലിയുണ്ട്.
അനുപ്രിയയുടെ സീനിയറായി പഠിച്ച അരവിന്ദുമായി അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.
അടുത്ത ഞായറാഴ്ച്ച അവളുടെ വിവാഹമാണ്.
നന്ദേട്ടൻ എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കുടുംബം മുഴുവൻ കാത്തിരിക്കുന്നു.
ദിവസങ്ങൾ ഓടിപ്പോയി. ഞായറാഴ്ചയെത്തി.കല്യാണ
മണ്ഡപത്തിലേക്ക് പോകാനൊരുങ്ങുമ്പോഴും അനുരാധയുടെയും പെൺകുട്ടികളുടെയും മുഖത്ത് മ്ലാനത തളം കെട്ടി നിന്നിരുന്നു.
പെണ്ണിനിറങ്ങാൻ സമയമായിയെന്ന്
വലിയമ്മാവൻ പറഞ്ഞപ്പോൾ അമ്മായിമാർ ചേർന്ന് അനുപ്രിയയെ പുറത്ത് അലങ്കരിച്ച കാറിനടുത്തേയ്ക്കു കൊണ്ടുവന്നു.
പെട്ടെന്നാണ് മണിക്കുട്ടി ആ കാഴ്ച കണ്ടത്.
ഗേറ്റ് കടന്ന് അകത്തേയ്ക്കു വരുന്ന കാവിവസ്ത്രതാരിയായ ഒരാൾ.താൻ എന്നും ആ പഴയ ആൽബത്തിൽ കാണുന്ന...,
"അച്ഛാ.."
എന്നാർത്തുവിളിച്ചു കരഞ്ഞുകൊണ്ട് മണിക്കുട്ടി പുറത്തേയ്ക്കോടിച്ചെന്നു.
"അച്ഛാ..., എന്റെ അച്ഛാ.."
അവൾ അയാളെക്കെട്ടിപ്പിടിച്ചു കരഞ്ഞു.
ജീവിതത്തിൽ ആദ്യമായിക്കാണുന്ന തന്റെ പൊന്നുമോളുടെ മുൻപിൽ മുട്ടുകുത്തിനിന്ന് നന്ദഗോപാലൻ അവളെ കെട്ടിപ്പിടിച്ചു.
അയാളും കരയുന്നുണ്ടായിരുന്നു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഇന്നലെ വീട്ടിൽ നിന്നും പോയ ഒരാളോടെന്നപോലെയായിരുന്നു അനുരാധയുടെ പെരുമാറ്റം.
അവൾ വാങ്ങിവച്ചിരുന്ന നന്ദേട്ടന് ഏറ്റവും പ്രിയമുള്ള സ്വർണക്കരയുള്ള ഡബ്ബിൾ മുണ്ടും ചന്ദനനിറത്തിലുള്ള ഷർട്ടും ധരിച്ചു നിമിഷങ്ങൾക്കകം നന്ദഗോപാലൻ ഒരുങ്ങിയിറങ്ങി.
"എനിക്കറിയാമായിരുന്നു എന്റെ നന്ദേട്ടൻ വരുമെന്ന്."
അയാളുടെ നെറ്റിയിൽ ചന്ദനക്കുറി ചാർത്തിക്കൊടുക്കുമ്പോൾ അനുരാധ മെല്ലെപ്പറഞ്ഞു.
എല്ലാം കണ്ടും കേട്ടും നിന്ന മണിക്കുട്ടിയുടെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു.
ആ പഴയ ആൽബത്തിലെ അവളുടെ അച്ഛന്റെ മങ്ങിയ ഫോട്ടോയിൽ പെട്ടെന്ന് പുതു നിറം ചേർന്ന് തിളങ്ങിയതു പോലെ അവൾക്കു തോന്നി.