

ക്യാൻസർ ബാധിതയായി മരണവും കാത്തുകിടക്കുന്ന ...ടീച്ചറിനെ കാണാൻ എത്രയോപേർ വന്നുപോയി .അതിൽ ബന്ധുക്കളും, സുഹൃത്തുക്കളും, ശിഷ്യഗണങ്ങളുമെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം സ്നേഹത്തോടും ആദരവോടും കൂടി ടീച്ചറിന് ആശ്വാസം പകർന്നുകൊണ്ട് പോയി. പഴയകാല സുഹൃത്തുക്കൾ അരികിൽ വന്നുകൊണ്ട് മധുരസ്മരണകൾ പങ്കുവെച്ചുപോയി. എന്നിട്ടും ടീച്ചർ കാണണമെന്നാഗ്രഹിച്ച ആൾ മാത്രം വന്നില്ല .
ടീച്ചറിന്റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായ എപ്പോഴും വഴക്കുകൂടാറുള്ള ഉണ്ടക്കണ്ണുകളും ചുരുളൻ മുടിയുമുള്ള 'വാസുദേവൻ' മാത്രം വന്നില്ല .
ഒരുനിമിഷം ടീച്ചറിന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക്പോയി ... കുട്ടിക്കാലത്തേക്ക്. വാസുദേവനുമൊത്തുള്ള കുട്ടിക്കാലത്തെ കളികൾ, സ്‌കൂൾപഠനം, പരിഭവങ്ങൾ, പിണക്കങ്ങൾ എല്ലാം ടീച്ചർ ഒരിക്കൽകൂടി മനസ്സിലോർത്തു.
കുട്ടിക്കാലത്തെ കളികൾക്കിടയിൽ വാസുദേവൻ എപ്പോഴും കറുമ്പി എന്ന് വിളിച്ചുകൊണ്ട് ടീച്ചറിനെ കളിയാക്കുമായിരുന്നു. മറ്റുകൂട്ടുകാരുടെ മുന്നിൽവെച്ചുകൊണ്ട് വാസുദേവൻ അങ്ങനെ പറയുമ്പോൾ... ടീച്ചറിന് ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടാകും. എങ്കിലും ടീച്ചർ അവനെ ഒന്നും പറയില്ല. കാരണം അവനങ്ങനെ വിളിക്കുന്നത് കേൾക്കാൻ ടീച്ചറിന് ഇഷ്ടമായിരുന്നു. അതിനായി... അവളുടെ കുഞ്ഞുമനസ്സ് അന്ന് ആഗ്രഹിച്ചിരുന്നു .
വീട്ടിലാകെ കുട്ടികളുടെ ബഹളമാണ്. ഏറെക്കാലത്തിന് ശേഷം മുത്തച്ഛന്റേയും ,മുത്തക്ഷിയുടേയും അടുക്കൽ എത്തിച്ചേർന്നതിന്റെ സന്തോഷമമാണ് അവർക്ക്. സുമതി ടീച്ചറിന് രണ്ടു പെൺമക്കളാണ്. രണ്ടുപേരും വിവാഹമൊക്കെ കഴിഞ്ഞ് ഭർത്താവും കുട്ടികകളുമൊത്തു വിദേശത്താണ്. അമ്മയുടെ രോഗവിവരമറിഞ്ഞ് എത്തിച്ചേർന്നതാണ് അവരെല്ലാം .
''അമ്മ ആരെയാണ് ഈ നോക്കുന്നത്?'' ഇളയമകൾ ടീച്ചറിന്റെ അടുക്കൽ വന്നുകൊണ്ട് ചോദിച്ചു .
''ഒരാളെ ഇനിയും വരാത്തൊരു അതിഥിയെ.'' ടീച്ചർ മകളെ നോക്കി മറുപടി പറഞ്ഞു .
"അതാരാണ് ഇനിയും വരാത്ത ആ അതിഥി? ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടുള്ള എല്ലാവരും തന്നെ വന്നുപോയല്ലോ'' മകൾ ടീച്ചറെ നോക്കി സ്നേഹത്തോടെ പറഞ്ഞു .
''ഇല്ല ...ഒരാൾകൂടി വരാനുണ്ട് .അമ്മയുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അതിഥി .''ടീച്ചർ മകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .
"ഈ അമ്മയ്ക്ക് എന്തുപറ്റി... ഇനി ആരുവരുമെന്നാണ് അമ്മ പറയുന്നത് ...''മകൾ ആശ്ചര്യത്തോടെ അമ്മയെ നോക്കി .
വാസുദേവനെ കുറിച്ച് താൻ മകളോട് എന്തു പറയാനാണ്. ആരെന്ന് പറഞ്ഞാണ് വാസുദേവനെ താൻ മകൾക്ക് പരിചയപ്പെടുത്തുക. തന്റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരാണെന്നു പറഞ്ഞാൽ... മകൾക്ക് മനസിലാക്കണമെന്നില്ലല്ലോ... ടീച്ചർ മനസ്സിൽ വിചാരിച്ചു.
"എടീ ...നീ അമ്മയെ ഒരോന്നു ചോദിച്ച് ശല്ല്യം ചെയ്യല്ലേ ...അമ്മ വിശ്രമിക്കട്ടെ." ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഇളയ മകൾ ,അമ്മയുടെ അടുക്കൽ നിന്നു പോയി .
മകൾ ,അകന്നുപോയതും ടീച്ചറിന്റെ നോട്ടം വീണ്ടും ഗെയ്റ്റിനുനേർക്ക് നീണ്ടുചെന്നു. എന്താണ് ഇത്ര നേരമായിട്ടും തന്റെ ഭർത്താവ് മടങ്ങിവരാത്തത് .വാസുദേവനെ കണ്ടെത്തിയില്ലയോ ... അതോ അയാൾ വരാൻ വിസമ്മതിച്ചോ... ഒന്നുമറിയില്ല.
തന്റെ അവസാന ആഗ്രഹമെന്ന നിലയിൽ... വാസുദേവൻ തന്നെ കാണാനെത്താതിരിക്കില്ല. ഒരുമിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും... വാസുദേവനും താനും അത്രയ്ക്ക് സ്നേഹിച്ചിരുന്നല്ലോ. അതിന്റെ പേരിലാണല്ലോ വാസുദേവൻ ഇന്നും അവിവാഹിതനായി തുടരുന്നതും. ടീച്ചർ മനസ്സിലോർത്തു.
ഈ സമയം ടീച്ചറിന്റെ ഭർത്താവിനൊപ്പം വാസുദേവൻ മുറിയിലേയ്ക്ക് കടന്നുവന്നു. അവരെക്കണ്ട് ടീച്ചറിന്റെ മനസ്സ് സന്തോഷം കൊണ്ടുനിറഞ്ഞു.
ഒരുനിമിഷം വാസുദേവന്റെയും, സുമതിടീച്ചറിന്റെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ആ മിഴികളിലപ്പോൾ കാലങ്ങളായി ഒളിപ്പിച്ചുവെച്ച പ്രണയത്തിന്റെ തിരകൾ ഓളം തല്ലി. ടീച്ചറിന്റെ കട്ടിലിനരികിലായിക്കൊണ്ട് കസേരയിൽ വാസുദേവൻ മെല്ലെ ഇരുന്നു.
"ഒടുവിൽ എന്നെക്കാണാൻ വന്നൂല്ലേ? വരാതിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.'' ടീച്ചർ വാസുദേവനെ നോക്കികൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.
"എത്രയൊക്കെ കാണരുതെന്ന് കരുതിയാലും നീ വിളിച്ചാൽ വരാതിരിക്കാൻ എനിക്കാവുമോ? അതിന് മാത്രം ക്രൂരനാണോ ഞാൻ?'' അതു ചോദിക്കുമ്പോൾ വാസുദേവന്റെ ശബ്ദം ഇടറി .കണ്ണുകൾ നിറഞ്ഞുതൂവി.
"എന്താ വാസൂ ഇത്. ഞാൻ വെറുതേ എന്തൊക്കെയോ പറഞ്ഞെന്നു കരുതി...'' ടീച്ചർ അവന്റെ കൈ കവർന്നുകൊണ്ട് ചോദിച്ചു. വാസുദേവന്റെ ചുളിവുകൾ വീണ കവിളിലേയ്ക്കും ,നരബാധിച്ച മുടിയിലേയ്ക്കും ,കാലമേറെക്കഴിഞ്ഞിട്ടും ഭംഗിനശിക്കാത്ത അയാളുടെ കണ്ണുകളിലേയ്ക്കുമെല്ലാം ടീച്ചർ അരുമയോടെ നോക്കി. അപ്പോൾ എന്തിനെന്നറിയാതെ അവരുടെ കണ്ണുകളും നിറഞ്ഞുതൂവി.
''കരയണ്ട സുമതി. എനിക്ക് നിന്നോട് പിണക്കമൊന്നുമില്ല. എന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ... നിനക്ക് ഇന്ന് ഈ കാണുന്ന സൗഭാഗ്യങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സുദേവനെ പോലൊരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ്. പുണ്യം ചെയ്ത മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയാകാനും, അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മയാകാനും... കഴിഞ്ഞത് നിന്റെ ഭാഗ്യമാണ്. മുൻജന്മ സുകൃതം.'' അത്രയും പറഞ്ഞിട്ട് സുമതി ടീച്ചറെ ആശ്വസിപ്പിച്ചിട്ട് യാത്ര പറഞ്ഞുകൊണ്ട് വാസുദേവൻ നിറ കണ്ണുകളോടെ മുറിവിട്ടിറങ്ങിപോയി.
വാസുദേവനെ യാത്ര ആക്കിയശേഷം സുദേവൻ, ഭാര്യയുടെ മുറിയിലേയ്ക്ക് കടന്നുചെന്നു. ഭാര്യയ്ക്ക് അരികിലായി കട്ടിലിൽ ഇരുന്നുകൊണ്ട് സുദേവൻ അവളുടെ കൈ കവർന്നെടുത്തു കൊണ്ട് ചോദിച്ചു.
"ഇപ്പോൾ സന്തോഷമായില്ലേ നിനക്ക്?''
"ഉം ...ഒരുപാട്. വെറുപ്പുണ്ടോ എന്നോട് വാസുദേവനെ കാണണമെന്ന് പറഞ്ഞതുകൊണ്ട് ?'' ഭർത്താവിനെനോക്കി ടീച്ചർ ചോദിച്ചു .
"ഇല്ല ...ഒരിയ്ക്കലുമില്ല ...മറിച്ചു സന്തോഷം മാത്രം. ജീവനുതുല്യം സ്നേഹിച്ച വാസുദേവനെ മറന്നുകൊണ്ട്... വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിക്കൊണ്ട്... എന്നെ വിവാഹം കഴിക്കുകയും... എന്റെ സുഖത്തിലും ദുഖത്തിലും പങ്കുചേരുകയും ഒരായുസ്സുമുഴുവൻ എനിയ്ക്ക് സ്നേഹം പകർന്നുനൽകുകയും ചെയ്ത നിനക്കുവേണ്ടി ഇത്രയെങ്കിലും... ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ... പിന്നെ എന്റെ സ്നേഹത്തിന് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്. പൂവണിയാൻ കഴിയാത്ത നിന്റെ മനസ്സിലെ പ്രണയത്തിന്റെ ഓർമയ്ക്കായി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ... എനിക്ക് സന്തോഷം തോന്നുന്നു... അഭിമാനവും. ഒരിക്കലും നിന്നെ വെറുക്കാനെനിക്ക് ആവില്ല... വേദനിപ്പിക്കാനും.' 'അതുപറയുമ്പോൾ സുദേവന്റെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞുതൂവി ആ കണ്ണുനീർത്തുള്ളികൾ സുമതി ടീച്ചറിന്റെ കൈയിൽ നനവുപടർത്തി.
ഈ സമയം സുമതി ടീച്ചറിന്റെ മിഴികളും നിറഞ്ഞുതൂവുകയായിരുന്നു. പ്രണയത്തിന്റെ, സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ, പരസ്പരവിശ്വാസത്തിന്റെ എല്ലാം കണ്ണുനീർത്തുള്ളികളായിരുന്നു അത്. ആ നിമിഷം ടീച്ചർ തന്റെ ഭർത്താവിനെ ചേർത്തണച്ചുകൊണ്ട് മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞു.