മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

( Divya Reenesh)

പകൽ വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് ഒരു നേരമ്പോക്കിന് സൈക്കിൾ ചവുട്ടിയാലോന്നൊരാലോചന അയാളുടെ മനസ്സിൽ തോന്നിയത്. ആദ്യമൊക്കെ ഉള്ളിന്റെ ഉള്ളീന്ന് എറങ്ങിവന്ന ആ ചിന്തയെ  പലതും പറഞ്ഞു മടക്കിയയക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അയാൾക്കും അത് നല്ലൊരു കാര്യമാണെന്ന് തോന്നി. പകലുറക്കം വരാതെ ചൂരൽക്കസേരയിൽ വെറുതെയിരുന്ന് അയാൾക്ക് മടുത്തിരുന്നു.

മുറ്റത്ത് കടവാതിലുകൾ ചവച്ചു തുപ്പിയ സപ്പോട്ടകൾ പെറുക്കി തുറന്നിട്ട തൈക്കുണ്ടിലേക്ക് വലിച്ചെറിയുമ്പോൾ അയാളുറപ്പിച്ചിരുന്നു ഇന്ന് ഒരു സൈക്കിൾ വാങ്ങണമെന്ന്. ടൗണിലേക്കുള്ള ബസ്സ് നാലെ മുക്കാലിനാണ്. കവലയിൽ ആളുകളുടെ നല്ല തിരക്കാണ്. വെയ്റ്റിംഗ് ഷെഡ്ഡ് നിറയെ അന്യസംസ്ഥാനക്കാരായ ആണുങ്ങളും പെണ്ണുങ്ങളും മാണ്, അവർ ഹിന്ദിയോ ബംഗാളിയോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഏതോ ഒരു ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പണ്ട് പഠിച്ച ഹിന്ദിയിൽ നിന്നും പലതും ഓർത്തെടുത്ത് അയാൾ അവരിലേക്ക് മാത്രം ശ്രദ്ധ പായിച്ചു. അതിൻ്റെ പരിണിത ഫലമെന്നോണം ഒസ്കോ, ഔർ, ഹമം തുജേ… എന്നിങ്ങനെ  ചില വാക്കുകൾ  മാത്രം വായുവിൽ പറന്നു നടന്നു.

നേരമായിട്ടും ബസ്സ് വരാത്തതിൽ അയാൾക്ക് നിരാശ തോന്നി. പതുക്കെ അടുത്തുള്ള  പെട്ടിപ്പീടിക ലക്ഷ്യമാക്കി നടക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. കാറ്റിൽ ബദാം മരത്തിന്റെ ഇലകൾ താഴേക്ക് പതിച്ചുകൊണ്ടിരുന്നു. അവയിലൊന്ന് പറന്ന് വീണത് അയാളുടെ തലയിലായിരുന്നു. ഒരു കെട്ട് ബീഡി വാങ്ങി. അതീന്നൊന്നെടുത്ത് കടയിൽ തൂക്കിയിട്ടിരുന്ന ലൈറ്ററിൽ കത്തിച്ച് ആഞ്ഞു വലിക്കെ പെട്ടിപ്പീടേക്കാരൻ അയാളോട് പറഞ്ഞു.

"ഇന്ന് പൂമ്പാറ്റ ചതിച്ചൂല്ലേ?."

ഉംം അയാൾ മൂക്കിലൂടെ പുറത്തേക്ക് വിട്ട പുകയ്ക്കൊപ്പം വെറുതെ മൂളി. പൂമ്പാറ്റ അയാളെപ്പഴും പോണ ബസ്സാണ്.

"എപ്പളും വിചാരിക്കും  ഒന്ന് പരിചയപ്പെടണംന്ന് വീടെവിടാ?, ഇവിടെ വിടാ താമസം?." 

അതിനുത്തരമൊന്നും പറയാതെ അയാൾ വേഗം നടന്നു. മഴ പതുക്കെ ഒന്നു ചാറിയതേ ഉണ്ടായിരുന്നുള്ളൂ. അയാൾ കൈയ്യിലിരുന്ന വാച്ച് നോക്കി. സമയം അഞ്ചേ  പത്ത് ഇപ്പോൾ അടുത്ത ബസ്സ് വരും. കൈയ്യിലുള്ള ബീഡിയുടെ ബാക്കി വേഗത്തിൽ വലിച്ചു പുകവിട്ടുകൊണ്ടയാൾ അക്ഷമയോടെ വളവിലേക്ക് നോക്കി. ദൂരെ നിന്നേ ബസ്സിന്റെ ഹോണടി കേൾക്കാം നല്ല തിരക്കായിരിക്കും. മുന്നിൽ പോകേണ്ടിയിരുന്ന ബസ്സ് ഇല്ലാത്തതുകാരണം അതിനു കാത്തുനിന്നവരും ഒക്കെയുണ്ടാകും. ബീഡി ഒന്നൂടെ ആഞ്ഞ് വലിച്ച് നിലത്തിട്ട് ചവിട്ടിയുരച്ചു കൊണ്ടയാൾ ബസ്സിനെ ലക്ഷ്യമാക്കി നീങ്ങി. 

ഏങ്ങി വലിച്ചു കൊണ്ട് ബസ്സ് സ്റ്റോപ്പിന് കുറച്ച് പിറകിലായി നിന്നു. അയാൾ കയ്യിലെ സഞ്ചിക്കെട്ടിൽ മുറുക്കെ പിടിച്ചുകൊണ്ട് വേഗത്തിൽ ഓടി ഒരു സർക്കസ്സുകാരൻ്റെ മെയ് വഴക്കത്തോടെ ബസ്സിനുള്ളിൽ കയറിപ്പറ്റി. ബസ്സ് നിറച്ചും ആളുകളാണ്. തിരക്കിനിടയിൽ  അയാൾ ആരുടേയോ കാലിൽ ചവിട്ടി. ആരോ അയാളുടെ തലയ്ക്കിട്ടൊന്നു കുത്തി. കണ്ടക്ടർ ആർത്തു വിളിക്കുന്നുണ്ട്

"ഒന്നൊതുങ്ങി നിന്നേ, പുറകോട്ട് പോ, നിങ്ങക്ക് മാത്രം കേറ്യാ മതിയോ… "

തിരക്കിനിടയിൽ ഏതോ ഒരു സ്ത്രീ ആരെയോ വഴക്കു പറയുന്നുണ്ട്

"നെനക്കൂല്ലെടാ അമ്മീം പെങ്ങന്മാരും... "

പിന്നേം എന്തൊക്കെയൊ പറയുന്നുണ്ട്. മറ്റു ചില സ്ത്രീകളും അവർക്കൊപ്പം കൂടീട്ടുണ്ട്. കണ്ടക്ടർ ക്ക് പൈസ കൊടുത്ത് ടിക്കറ്റും വാങ്ങി അയാൾ കണ്ണടച്ചു നിന്നു. പലതരം വിയർപ്പിൻ്റെ രൂക്ഷ ഗന്ധം... ടൗണിലെത്തുമ്പഴേക്കും ബസ്സ് ഒരു വിധം കാലിയായിരുന്നു. 

സ്റ്റാൻഡിലിറങ്ങി അയാൾ ചുറ്റും നോക്കി. ആറു മണിക്ക് തന്നെ തെരുവ് വിളക്കുകളെല്ലാം തെളിഞ്ഞിട്ടുണ്ട്. അയാൾ ഫുട് പാത്തിലൂടെ നടന്നു. ടൗൺ തിരക്ക് പിടിച്ചോടുകയാണ്. ഇരുട്ടിന് മുന്നേ വീടു പിടിക്കാനുള്ള തിരക്കിലാണെല്ലാവരും. തെരുവ് കച്ചവടക്കാരും അതേ തിരക്കിലാണ്. കുറഞ്ഞ വിലയ്ക്ക് ബാക്കി വന്നത് വിറ്റു തീർക്കാനുള്ള ശ്രമത്തിലാണ് പലരും. 

"സേട്ടാ, ഓറഞ്ച് ഒരുകിലോ നാൽപ്പതുറുപ്പിക  കൊറഞ്ഞ വെലയാ."

ഒരു തമിഴൻ സഞ്ചിക്കെട്ടുമായി അയാളുടെ മുന്നിൽ തറച്ചു നിന്നു. അയാളുടെ കയ്യിലെ അവസാനത്തെ സഞ്ചിക്കെട്ടാണത്. രാത്രി ഒറ്റയ്ക്കിരിക്കുമ്പോൾ കഴിക്കാലോന്ന് കരുതി അയാളതു വാങ്ങി. അയാൾ വീണ്ടും നടന്നു. മത്സ്യമാർക്കറ്റ് കഴിഞ്ഞുള്ള ആദ്യത്തെ ബിൽഡിംഗിൽ കയറി. അതൊരു സൈക്കിൾ ഷോപ്പായിരുന്നു.

"ഏത് മോഡലാ സാർ?."

കടക്കാരൻ നല്ല ഒരു പുഞ്ചിരിയോടെ അയാളെ അകത്തേക്ക് ക്ഷണിച്ചു.

"ക്രാഡിയാക്"

അധികം തെരയാതെ മനസ്സിന് പിടിച്ച ഒരെണ്ണം കണ്ടെത്തി. നീലയിൽ ചെമന്ന വരകളോടു കൂടിയ ഹാൻഡിൽ. ഇരുപത്തൊന്ന് ഗിയർ ഉള്ള ഒരു പുതിയ മോഡൽ സൈക്കിളായിരുന്നൂ അത്. അയാളതിലൊന്നിരുന്നു നോക്കി. നന്നായിട്ടുണ്ട് അയാൾ സ്വയം പറഞ്ഞു.

"സർ എങ്ങനെയാ വണ്ടിയുണ്ടോ ഞങ്ങൾ ഹോം ഡെലിവറി സർവ്വീസും പ്രൊവൈഡ് ചെയ്യുന്നുണ്ട്."

"നോ, വേണ്ട ഞാൻ ഞാനിപ്പോത്തന്നെ ഇവനെ ഉപയോഗിക്കാം ന്ന് വിചാരിക്കുആ.

കടക്കാരനൊന്ന്കൂടെ ചിരിച്ചു. മറ്റൊരു ഹൃദ്യമായ ചിരി.

"സർ യുവർ ഗുഡ് നെയീം പ്ലീസ്"

അയാൾ കംമ്പ്യൂട്ടറിൽ വിരലമർത്തി ക്കൊണ്ട് ചോദിച്ചു. അയാൾ സൈക്കിളിൽ വിരലോടിച്ചു കൊണ്ട് ഒരുവേള ഓർത്തു. പേര്... അത് മറന്ന് പോയിരിക്കുന്നു.

"സർ."

അയാൾ വീണ്ടും വിളിക്കയാണ്. ഒരു ഞെട്ടലോടെ അയാൾ കടകാരനെ നോക്കി. അയാളിപ്പഴും ചിരിച്ചു കൊണ്ട് നിൽപ്പാണ്.

"പേര്… പേര് മാധവ്."

അയാൾ പെട്ടെന്ന് ബില്ലടിച്ചു. ഡിസ്കൗണ്ട് കഴിച്ച് പതിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു രൂപ.

സൈക്കിൾ പുറത്തിറക്കാൻ സഹായിച്ചു കൊണ്ട് ആ ചെറുപ്പകാരൻ പറഞ്ഞു.

"സർ നൈസ് ജേർണി."

അതിന് മറുപടിയെന്നോണം അയാൾ കൈവീശി. 

കുറച്ചു നേരം തെരുവിലൂടെ സൈക്കിൾ ഉന്തിക്കൊണ്ടു നടന്നു. പിന്നീടതിൽ കയറിയിരുന്ന് പതുക്കെ ഒരു ചൂളമടിച്ചുകൊണ്ടയാൾ യാത്ര തുടങ്ങി. ഏഴു മണിയോടെ ബാങ്കിനു മുന്നിൽ എത്തി. സുധാകരേട്ടൻ അയാളെയും പ്രതീക്ഷിച്ചുകൊണ്ടവിടെ നിൽപ്പുണ്ടായിരുന്നു.

"ആഹാ പുതിയ ശകടമൊക്കെ വാങ്ങിയോ. ആ ന്നാപ്പിന്നെ ഞാനെറങ്ങുവാ. ഇന്ന് പഴേ രണ്ട് കമ്പനിക്കാരേ കിട്ടീട്ടുണ്ട് കൂടാൻ."

"ഓവറാക്കി രാവിലെ വെരാൻ നേരം വൈകറേ നാളെനക്ക് കൊറച്ച് പണീംണ്ട്."

അയാൾ തല കുലുക്കി കൈവീശി നടന്നകന്നു. സൈക്കിൾ സ്റ്റാൻഡിലിട്ട് അയാൾ മുറിയിലേക്ക് നടന്നു. സഞ്ചിയിൽ നിന്നും യൂനിഫോം എടുത്തിട്ടു. ബാങ്കിന് മുന്നിലെ കസേരയിൽ വന്നിരുന്നു. എന്നും ഉറങ്ങാതെ വെറുതെ ഇരുന്ന് നേരം വെളുപ്പിക്കണം. കഴിഞ്ഞ രണ്ടു വർഷമായിട്ട് അതാണയാളുടെ ജോലി. അതിന് മുൻപ് ഒരു മൂന്ന് വർഷം തുണിക്കടയിൽ സെയിൽസ് മാൻ ആയിരുന്നു. പിന്നൊരു ബുക്ക് സ്റ്റാളിൽ. കുറേകാലം മീൻ മാർക്കറ്റിൽ... അതിനും മുൻപ് എവിടെയാണെന്നയാൾക്കോർത്തെടുക്കാൻ കഴിഞ്ഞില്ല. എവിടെയും അധികനാൾ പിടിച്ചു നിൽക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. ഇവിടെ വന്നിട്ട് ആറുമാസമാകുന്നു. ടൗണിനടുത്തൊരു വാടകവീട് തരപ്പെടുത്തിത്തന്നത് സുധാകരേട്ടനായിരുന്നു. വിശന്നപ്പോഴാണ് സഞ്ചിയിലെ നാരങ്ങയെ കുറിച്ചോർത്തത്. ഒന്ന് പൊളിച്ചു വായിലിട്ടു. നല്ല മധുരമുണ്ട്. നാല്പത് രൂപയ്ക്കിത് ലാഭം തന്നെയാണ്. ഇത് വിൽക്കാതെ അയാൾക്ക്  വീട്ടിലേക്ക് കൊണ്ടു പോവാമായിരുന്നു. അല്ലെങ്കിൽ നാല്പതു രൂപയ്ക്ക് ഇതിനേക്കാൾ വിലപ്പെട്ട മറ്റെന്തെങ്കിലും അയാൾക്ക് വാങ്ങാനുണ്ടായിരിക്കണം. ചിലപ്പോൾ മാധവിനെപ്പോലെ അയാളെക്കാത്തുനിൽക്കാൻ വീട്ടിൽ ആരും ഉണ്ടായിരിക്കണമെന്നുമില്ല… തൊലി വെയ്സ്റ്റ് ബിന്നിലിട്ട് അയാൾ മറ്റൊരു നാരങ്ങ കൂടി എടുത്ത് കഴിക്കാൻ തുടങ്ങി. മണി പന്ത്രണ്ടു കഴിഞ്ഞു. നിരത്ത് ശാന്തമായിരുന്നു. ഒന്നും ചെയ്യാനില്ലാതെ അയാൾ എഴുന്നേറ്റു നടന്നു. ക്രാഡിയാക്കിൻ്റെ ബെല്ലിൽ വിരലമർത്തി. ഇരുട്ടിൻ്റെ മൗനത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ട് ആ ശബ്ദം അവിടമാകെ മുഴച്ചു നിന്നു. തെരുവിൻ്റെ  ഏതോ മൂലയിൽ നിന്നും ഒരു പട്ടി നിർത്താതെ മോങ്ങി. സന്ധ്യയ്ക്ക് പ്രസവിക്കാറായ ഒരു കൊടിച്ചിപ്പട്ടി അതുവഴി നടന്ന് പോയത് അയാളോർത്തു. അത് പെറ്റിട്ടുണ്ടാകുമോ. എത്ര കുഞ്ഞുങ്ങളുണ്ടാകും. അവയ്ക്കൊക്കെ ആ പട്ടിയുടെ നിറം തന്നെയായിരിക്കുമോ അതോ... അയാൾ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി.

അപ്പുറത്തെ മാളിൽ ഒരു  പട്ടരാണ് സെക്യൂരിറ്റി. ഏഴര തൊട്ട് എട്ടുമണിവരെ ശാപ്പാടാണ്. അയാളുടെ വലീയ ടിഫിൻ കാര്യർ നിറയ്ക്കാൻ തന്നെ വേണം ഒരര ഹോട്ടൽ. എട്ട് മണിതൊട്ട് പതിനൊന്ന് മണിവരെ ഫോൺ വിളിയാണ്. ഇടയ്ക്കാരെയെങ്കിലും വിളിച്ചിട്ടു കിട്ടാതിരുന്നാൽപ്പിന്നെ പഴയ തമിഴ് പാട്ടുകളുടെ മേളമാണ്. പന്ത്രണ്ട് മണിയോടെ നീണ്ട കൂർക്കം വലിയിലേക്ക് വഴുതി അയാൾ വഴുതി വീഴും. ലോകം മുഴുവനുറങ്ങീട്ടും അയാൾക്കുറക്കം വന്നില്ല.

നേരം പുലരുകയാണ്, കിഴക്കൻ ചക്രവാളത്തിൻ്റെ സീമയിൽ നിന്നും സൂര്യൻ പതിയെ ഉയരുകയാണ്. ഈ പ്രപഞ്ചത്തെ മുഴുവനും ഉണർത്താനെന്നോണം. രാവ് മായിക സ്വപ്നങ്ങളുടെ പായ ചുരുട്ടി വച്ചു നടന്നകലുമ്പോൾ ഇന്നലെകൾ വെറും ഓർമ്മകൾ മാത്രം ആകുകയാണ്… അയാൾക്ക് ഓർമകളെ ഇഷ്ടമായിരുന്നില്ല…

മാധവ് അന്ന് വളരേ സന്തുഷ്ടനായിരുന്നു. ഏറെ നാൾ കൊതിച്ച കളിപ്പാട്ടം കൈയിൽ വന്ന കുഞ്ഞിനെ പോലെ.

രാവിലെ ഏഴു മണിക്ക് തന്നെ സുധാകരേട്ടൻ വന്നു. യൂണിഫോം മാറി സൈക്കിളിൽ കയറുമ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി. ഏറെ നാളായി അയാളങ്ങനെ സന്തോഷിച്ചിട്ട്. റോഡ്ഡിനിരുവശത്തേക്കും പാളി നോക്കി ഒരു മൂളിപ്പാട്ടുമായി അയാൾ വേഗത്തിൽ ചവിട്ടി. ഏഴെ പത്തിന്റെ നിഷാ ബസ്സിനേം തോൽപ്പിച്ചു കൊണ്ടയാൾ പറന്നു. കഷ്ടിച്ച് മുക്കാൽ മണിക്കൂർ കൊണ്ട് വീടും പിടിച്ചു. സൈക്കിൾ ഞാലിയിൽ കയറ്റി വച്ച് കിണറ്റിൻ കരയിൽ നിന്നും അയാൾ കുളിച്ചു. അയലിൽ നിന്നും ഒരു ഷർട്ടും പാന്റും എടുത്തിട്ടു. മുടി ചീകി. പേഴ്സെടുത്ത് വീടുപൂട്ടി. നേരെ സൈക്കിളിനടുത്തേക്ക്...

എത്ര ദൂരം പോയെന്നറിയില്ല. കുന്നും മലയും താഴ്‌വാരങ്ങളും കടന്ന് തൂക് പാലത്തിന് മുകളിലൂടെ മനസ്സറിയാതൊരു യാത്ര. ചെങ്കുത്തായ വഴി അവസാനിക്കുന്നതൊരു മനോഹരമായ പുൽമൈതാനത്തിലാണ്. അതും കടന്നായാൾ പറന്ന് നടക്കുകയായിരുന്നു. വിശക്കുന്നുണ്ട് ആദ്യം കാണുന്നിടത്ത് കയറാം. അതൊരു വീടായിരുന്നു ഒരു ഭാഗത്ത് ഇരുന്ന് കഴികാനുള്ള സൗക്കര്യമുണ്ട്. പല തരം മണങ്ങൾ വരുന്നുണ്ട്. എല്ലാം നല്ല വാസനയാണ്. അയഞ്ഞ ബനിയനും നീളമുള്ളൊരു ട്രൗസറുമിട്ട് പതിനാല് പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അയാളുടെ നേർക്ക് നടന്നു വന്നു.

"എന്താ സാർ കഴിക്കാൻ വേണ്ടത്?."

"കഴിക്കാനെന്ത് കിട്ടും?."

പരുക്കൻ മട്ടിൽ അയാൾ തിരിച്ചു ചോദിച്ചു.

"ദോശ, ഇഡ്ഡലി, ചട്നി,ചപ്പാത്തി, അപ്പം, പൂരി, പിട്ട് മുട്ടക്കറി."

 അവനൊരു താളത്തിൽ പറഞ്ഞു.

"അപ്പവും മുട്ടക്കറിം."

നല്ല രുചികരമായ ഭക്ഷണം. അമ്മ മരിച്ചതിൽപ്പിന്നെ അയാളൊരിക്കൽപ്പോലും അപ്പവും മുട്ടക്കറിയും കഴിച്ചിട്ടുണ്ടായിരുന്നില്ല. കൗണ്ടറിൽ മെലിഞ്ഞു വെളുത്ത ഒരു മധ്യവയസ്കനായിരുന്നു. മുഖസാദൃശ്യത്തിൽ നിന്നും അയാളാ പയ്യന്റെ അച്ഛനാണെന്ന് മനസ്സിലാക്കാം.

"എല്ലാം നന്നായിരുന്നു."

മാധവ് ചിരിച്ചു കൊണ്ടു പറഞ്ഞു. കൈകൂപ്പി വിധേയനായി അയാൾ നിന്നു. മേശയ്ക്ക് മുകളിലെ ചില്ല് ഭരണിയിൽ നിന്നും ഒരു നാരങ്ങ മിഠായി എടുത്ത് വായിലിടുമ്പോഴാണ് ചുവന്ന പട്ടിൽപ്പൊതിഞ്ഞ ഒരു ഭണ്ഡാരം അയാളുടെ ശ്രദ്ധയിൽ പെട്ടത്. കീശയിൽ നിന്നും പത്ത് രൂപയെടുത്ത്  അതിലിടുമ്പൊഴാണ് സൈക്കിളിന്റെ മണിയടി ശബ്ദം കേട്ടത്. പുറത്തിറങ്ങിയപ്പോൾക്കണ്ടത് നേരത്തെ കണ്ട പയ്യൻ അയാളുടെ സൈക്കളിനെ വലം വയ്ക്കുകയാണ്.

"ന്തേ?."

അയാളവൻ്റെ പുറത്തു തട്ടി. ഒരു നിമിഷം പകച്ചുപോയെങ്കിലും പിന്നീടവൻ സംസാരിക്കാൻ തുടങ്ങി.

"ടൗണിലെ കടേല് ഞാനൂദുപോലൊരെണ്ണം നോക്കി വെച്ചിട്ടുണ്ട്. എപ്പഴായാലും ഞാനത് വാങ്ങും. അയിനൊള്ള പണീം ഞാന്തൊടങ്ങീട്ടുണ്ട്. "

"നിന്റെ പേരെന്താ?."

"ശ്യാം."

പെട്ടെന്ന് അയാൾക്ക് സ്വന്തം പേരോർമ്മ വന്നു. ശ്യാം, ശ്യാം മാധവ് അയാൾ പതുക്കെപ്പറഞ്ഞു.

"എൻ്റെ പേരെങ്ങനെ നിങ്ങൾക്കറിയാം"

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

"അറിയാം"

 അയാൾ പതുക്കെപ്പറഞ്ഞു.

"ഇതേതാ സ്ഥലം?."

"ഉദയം കോട്ടേട വടക്ക്."

അരുതാത്തതെന്തോ കേട്ട പോലെ അയാൾ ഞെട്ടി. പഴയ ഓർമ്മകളിലയാൾ പൊള്ളിപ്പിടഞ്ഞു.

"ഉദയം കോട്ടയ്ക്കെത്ര ഭാഗൂണ്ട്ന്നയ്യോ?"

അവൻ ചോദിച്ചു. ഇല്ലെന്നയാൾ വെറുതെ തല കുലുക്കി.

"വടക്ക് മാത്രല്ല. നാലു ഭാഗോണ്ട്ത്രേ. തെക്കും ഇതുപോലൊരു നാടാത്രേ. കെഴക്ക് വല്ല്യ ജയിലാ കുട്യോളെപ്പിടിച്ചിടുന്ന ജേല്. പടിഞ്ഞാറ് ശവപ്പറമ്പാ. ഉദയം കോട്ടേലെ മുഴ്വോൻ ശവങ്ങളീം ദഹിപ്പിക്കണ പറമ്പ്."

അയാൾക്ക് ശ്വാസം മുട്ടുമ്പോലെ തോന്നി. സൈക്കിളിൽ കയറി വേഗത്തിൽ ചവിട്ടുമ്പോൾ അവൻ പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു. 

"നിക്ക് ഞാനൂണ്ട് മേലേക്ക്…"

അയാൾ തിരിഞ്ഞു നോക്കി അവൻ പിന്നിലേക്ക് മറയുകയാണ്. അല്ല ഓർമ്മകൾ അയാളെ പിന്നിലേക്ക് വലിക്കയാണ്.

"ഫൈസൽ, നീയെന്നെ പറ്റിക്കയാണല്ലേ? ഉദയം കോട്ടേടെതെക്ക്ന്ന് പടിഞ്ഞാറ് ശവപ്പറമ്പ് വരെ നിർത്താതെ ഓട്യാല്  നെൻ്റെ സൈക്കിള് ചബിട്ടാന്തരൂംന്ന് പറഞ്ഞിട്ട്…"

ഫൈസൽ പൊട്ടിച്ചിരിച്ചു. 

"ഇക്ക് ചബ്ട്ടാനാ ബാപ്പ സൈക്കിള് മേടിച്ച് തന്നിന് അല്ലാണ്ടേ നെന്നെപ്പോലെ തന്തെല്ലാത്തോമ്മാർക്ക് ചബ്ട്ടാനല്ല."

"ഫൈസലേ നീ ൻ്റെ ചങ്ങായല്ലേ താടാ ഒരിക്ക മതി."

"പോടാ, പോ നീയും നെൻ്റമ്മീം എത്ര പാത്രം മോറ്യാലും കിട്ടാമ്പോണില്ല ഇത്യോലെരെണ്ണം."

നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ കൗമാരത്തിന്റെ ചാപല്ല്യത്തിൽ അവനെ ചവിട്ടിത്താഴെയിട്ടു. ഓഹ്! ഓർമ്മയിലയാൾ ഞെട്ടി വിയർത്തു. പതിനഞ്ചുകാരൻ ശ്യാം മാധവിൻ്റെ കയ്യിലെ കരിങ്കൽച്ചീളിൽ ചിതറിപ്പോയ ഫൈസലിന്റെ മുഖം വർഷങ്ങൾക്ക് ശേഷം വീണ്ടുമയാളുടെ ഉറക്കം കെടുത്തി.

പേരിനു പകരം നമ്പറിലൊതുങ്ങിപ്പോയ മൂന്ന് വർഷങ്ങൾ. ഉദയം കോട്ടയുടെ കിഴക്കും പടിഞ്ഞാറും മറ്റാരെക്കാളും നന്നായി അയാൾക്കറിയാമായിരുന്നു.

എവിടെ നിന്നും രക്ഷപ്പെടണമെന്ന് കരുതിയോ അവിടേക്കു തന്നെ വീണ്ടും...

ഇവിടം വിടേണ്ട സമയമായിരിക്കുന്നു...

ബാഗ് പാക്ക് ചെയ്ത് സൈക്കിളിൽ വീണ്ടും അയാൾ ഒരിക്കൽക്കൂടി ഉദയം കോട്ടയുടെ കുന്നിറങ്ങി. രാവിലത്തെ തിരക്കിലായിരുന്നു എല്ലാവരും. അയാളെക്കണ്ടപ്പോൾ ആ പയ്യൻ പെട്ടെന്ന് പുറത്തു വന്നു. ചിരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. അയാൾ പതുക്കെ അവനെ ചേർത്തു പിടിച്ചു. നെറുകയിൽത്തലോടി, 

"ഇത് നിനക്കാ നീ വച്ചോ"

 അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു. ദൂരേക്ക് നടന്നകലുമ്പോൾ ഹൃദയം നിറച്ച് കൊണ്ട് പിന്നിൽ നിന്നും നീണ്ട സൈക്കിൾ ബെൽ മുഴങ്ങുന്നുണ്ടായിരുന്നു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ