(Sasi Kurup)
സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന കഥ. കഥാകൃത്തിനു അഭിനന്ദനം.
വാസുദേവൻ പോറ്റി തൂങ്ങി മരിച്ച ദാരുണ സംഭവം അറിഞ്ഞ് നാടുമുഴുവൻ ഞെട്ടി. കട കമ്പോളങ്ങൾ അടച്ചു. കാർഷിക വിപണി യിൽ എത്തിയ വിഭവങ്ങൾ വാങ്ങുവാൻ കച്ചവടക്കാരില്ലാതെ ചാക്കുകളിൽ സമാധി ആയി. പരമ സ്വാത്വികനും അമ്പലത്തിലെ മുൻ പൂജാരിയും, കലക്ട്രേറ്റ് ലെ ഉദ്യോഗസ്ഥനും ആയിരുന്നു പോറ്റി സാർ.
ആഡംബര കാറിൽ സുമതിയമ്മ വന്നിറങ്ങുപോൾ പോസ്റ്റ്മാർട്ടം കഴിഞ്ഞു ബോഡി എത്തിച്ചിരുന്നില്ല. മുക്കവലയിൽ ബസ്സ് ഇറങ്ങി നടന്നു. അന്തിച്ചന്തയിൽ മീൻകാരുടെ ബഹളം. മീങ്കുട്ടയിൽ നിന്ന് നീട്ടി എറിയുന്ന ചെറുമീനു കൾക്കായി കാത്തിരുന്നു തെരുവ് നായ്ക്കൾ. ഒപ്പം പൂച്ചകളും കൂടിയിട്ടുണ്ട്.
ഇനിയും അര മൈൽ കൂടി നടക്കണം സുമതിയുടെ വീട് എത്താൻ. പണ്ട് പാരലെൽ കോളജിൽ കുട്ടികളെ ചേർക്കുന്നതിന് വേണ്ടി സുമതി യുടെ വീട്ടിലും പോയത് പോറ്റി സാർ ഓർത്തു. വയൽ നിറഞ്ഞു പൊങ്കതിർ പുതച്ചു ഒട്ടിയ വയറു കൾക്ക് സ്വാന്തനം നൽകിയിരുന്ന നെൽപ്പാടങ്ങൾ സൗഹൃദം പുതുക്കി. നിരീശ്വരവാദി ആയിരുന്ന ഗോപിച്ചേട്ടൻ, സ്വാമി ചിദാനന്ദൻ ആകുന്നതിന് മുമ്പ് നടന്നുപോയ വരമ്പ്. ഭാഗവത പാരായണ ഹംസം കൃഷ്ണപിള്ള ചേട്ടൻ ഇടവേളകളിൽ വൈകുന്നേരം ഈണങ്ങൾ മൂളി ഈ വരമ്പിലൂടെ നടന്ന് കള്ള് ഷാപ്പിൽ പോകാറുണ്ടായിരുന്നു. കള്ള്ഷാപ്പ് പൂട്ടിക്കാൻ പോയ ഗാന്ധിയൻ ഡാനിയേൽ മാഷിനെ അബ്കാരി ഗുണ്ടകൾ ഈ വരമ്പിൽ ഇട്ടാണ് വെട്ടിയത്.
വയൽക്കരയിൽ ഉള്ള ഓടിട്ട പഴയ വീടിൻ്റെ മുറ്റത്ത് വേലായുധൻ സ്വാഗതം ഓതി.
മലയാളത്തിന് തോറ്റുപോയ തൻ്റെ മകളെകുറിച്ച് വേലായുധൻ അഭിമാനത്തോടെ പറഞ്ഞു, "എൻ്റെ മോൾക്ക് എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് ഉണ്ട്, മലയാളത്തിന് തോറ്റുപോയി. ഇനി അവളെ കുഞ്ഞിൻ്റെ കയ്യിൽ ഏല്പിച്ചു തരുകാ."
മകളെ കനിവോടെ വിളിച്ചു,
"സുമതി, പോറ്റി സാർ നിന്നെ ജയിപ്പിക്കും"
വേലായുധൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
"എന്തൊരു എരിയാ സുമതി"
കുപ്പിയിലെ ദ്രാവകം ഒരു കവിൾ കുടിച്ചു വറുത്ത ഇറിച്ചി വായിലിട്ടു പോറ്റി പറഞ്ഞു, "ഹോ. എന്തൊരു എരിവ് ! ".
"കരളിൽ എരിവും പുളിയും ഒക്കെ വേണ്ടേ തിരുമേനി ?"
"വേണം. കരളിലെ വിവേകം തിരിച്ചറിയാതെ നാസാരന്ധ്രങ്ങൾ അന്ധകാര ചുഴിയിൽ മുങ്ങിത്താഴുമ്പോൾ എരിവും പുളിയും വേണം.", പോറ്റിസാർ പറഞ്ഞു.
അദ്ദേഹം അങ്ങനെയാണ്. എതിർത്തു ഒന്നും പറയില്ല.
"അതൊന്നും എനിക്ക് അറിയില്ല, അതൊണ്ടല്ലെ ഞാൻ മലയാളത്തിന് തോറ്റത്." സുമതി
"നിൻ്റെ കെട്ടിയോനും പിള്ളേരും ഇല്ലേ?"
വള്ളിക്കോട് അമ്പലത്തിലെ ഉത്സവം അല്ലേ ഇന്ന്. പിള്ളേരെ കൂട്ടി അതിയാൻ പോയി. ഒരു നേർച്ച ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞു വരും. പിള്ളേര് അങ്ങേരുടെ വീട്ടിൽ പോയിട്ട് കുറെ നാൾ ആയി.
"അപ്പോൾ സുമതിയമ്മ എന്താ പോകാഞത്?
"തീണ്ടാരിയാ എന്നൊരു കള്ളം പറഞ്ഞു. എനിക്ക് അറിയാമല്ലോ തിരുമേനി വൈകിട്ട് വരുമെന്ന്".
"നല്ല ബുദ്ധി."
കുപ്പിയിലേതു പകുതി തീർന്നപ്പോഴേക്ക് നല്ല ആസക്തിയിൽ എത്തി പോറ്റി.
"പൊടി തട്ടി ഇപ്പോൾ അങ്ങ് പോകും. എനിക്ക് അയ്യായിരം രൂപ വേണം."
"ഉടുപ്പിൻ്റെ പോക്കറ്റിൽ നിന്നും നീ എടുത്തോ, പകുതി തിരികെ തരണം. എന്ന് തരും?"
"അടുത്ത കാവിലുത്സവത്തിന്, അതിയാൻ കുട്ടികളെ കൂട്ടി നേർച്ച ഇടാൻ പോകുമ്പോൾ, എനിക്ക് തീണ്ടാരിയാ എന്ന് കള്ളം പറയുമ്പോൾ."
പത്തുകോടി ഓണം ബംബർ അടിച്ച ഭാഗ്യശാലി ടിക്കറ്റ് ഇതുവരെയും ഹാജർ ആക്കിയില്ല. നമ്പർ വീണ്ടും വീണ്ടും നോക്കി തങ്ങൾക്ക് ആയിരിക്കുമോ ആ ഭാഗ്യം എന്ന് പലരും പരതി. ഇരുപത് ദിവസത്തിന് ശേഷം രഹസ്യം നിലനിർത്തി കാനറ ബാങ്കിൽ ടിക്കറ്റ് ഹജരാക്കി ഭാഗ്യശാലി, പേര് വെളിപ്പെടുത്തിയില്ല .
വെള്ളപ്പൊക്ക ദുരിദാശ്വാസ ഫണ്ട് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എ .ഡി .എം നെ കളക്ടറോട് വിളിപ്പിച്ചു. "ഇതെന്താ? വീട് നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ഇല്ല, തൊടിൽ വെള്ളം കയറിയവർ ക്ക് പണം. അങ്ങനെ സംഭവിച്ചു?"
പോറ്റി Sir ആണ് അത് ചെയ്യുന്നത്, എന്തോ മാനസ്സിക പ്രശ്നം ഉണ്ട്. ഓഫീസ് കാര്യങ്ങൽ ഒന്നും ശ്രദ്ധിക്കുന്നില്ല. ADM അറിയിച്ചു. "സസ്പെൻഡ് ചെയ്തിരുന്നു പോറ്റി യെ" കളക്ടർ സംഭാഷണം അവസാനിപ്പിച്ചു.
ഇഹലോകത്തിൽ നിന്നും പോറ്റി സാർ അകന്ന് അകന്ന് ആരോടും സംസാരിക്കാതെ ഒറ്റപ്പെട്ട് വിഷാദ ഭാവത്തിൽ ദിവസങ്ങൾ തള്ളിനീക്കി. സ്വത്വം ദേഹിയിൽ നിന്നും ദേഹത്ത് നിന്നും വഴി മാറി.
വേലായുധൻ മെമ്മോറിയൽ ഹോസ്പിറ്റലും, അടഞ്ഞുകിടന്ന സുമതി Mazda മോട്ടോഴ്സ്, സുമതി വേഞ്ച്ചർ ക്യാപിറ്റസും കടന്നു മൃതദേഹം വഹിച്ച ആംബുലൻസ് ഇല്ലത്ത് എത്തി. സുഭദ്ര അന്തർജനത്തിൻ്റെ നിലവിളി കൂടിനിന്നവരെ ദുഃഖത്തിലാഴ്ത്തി.
ഗായത്രി ജപമാലകളാക്കി പൂത്തുലഞ്ഞ വാകമരവും സഹസ്ര നാമം കേട്ട് നിർവൃതിയുടെ സുഗന്ധം പകർന്ന ഇലഞ്ഞിയും, ചെറു പുഷ്പങ്ങൾ നിറഞ്ഞ കൊച്ചു പൂന്തോട്ടവും തുളസി ചെടികളും ഒപ്പം സങ്കടപ്പെട്ടു. പോറ്റി സാറിന് പ്രിയപ്പെട്ട നടശാല മാവിൽ പഴുത്ത മാങ്ങ കൊത്തി തിന്നുന്ന കിളികൾ തീറ്റി നിർത്തി.
സുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. എന്നും കരുണ ചൊരിഞ്ഞ വലിയ മനസ്സ് ഇനി ഇല്ല. ജനിക്കുന്നതൊക്കെ മരിക്കുന്നു. ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് ജീവിതം. ഒരു ദീർഘനിശ്വാസം അറിയാതെ അവരിൽ നിന്നും പുറപ്പെട്ടു. മൃതദേഹം ദർശിക്കാതെ ആഡംബര കാറിൽ കയറി സുമതിയമ്മ യാത്ര ആയി.