mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നേരത്തെ എത്തിയ മനുഷ്യാ നിനക്ക് ചെയ്തു തീർക്കാൻ ജോലികളൊരുപാടുണ്ട്. വൈകിയെത്തിയ മനുഷ്യാ നിനക്ക് ചെയ്യുവാനിനി ജോലികളൊന്നുമില്ല. കണ്ടെത്തപ്പെടുന്നതു വരെ ആവർത്തനങ്ങളിൽ നീയിവിടെ വിശ്രമിച്ചോളു.

രണ്ടായിരത്തിന് ശേഷമാണ് ക്രിക്കറ്റ് കളി ടീവീല് കാണുമ്പൊ, 'സച്ചിൻ ടെണ്ടുൽക്കർ കമ്മിംഗ് ഓൺ ടു ദ ക്രീസ്, ഹീ ഈസ് ആൻ ഇന്ത്യൻ.' എന്ന കമ്മന്റ് കേട്ടുതുടങ്ങിയത്.

റസാഖിനന്ന് പതിമൂന്നൊ പതിനാലൊ വയസ് പ്രായം വരും. മാന്യനായ ഒരു കുറുകിയ മനുഷ്യൻ പാഡും, ഹെൽമറ്റും, ബാറ്റുമേന്തി കളിക്കളത്തിലേക്കിറങ്ങുമ്പോൾ എല്ലാവരെയും പോലെ റസാഖും പ്രാർത്ഥിക്കും. കാരണം റസാഖിന്റെ ജനനത്തിനും സച്ചിന്റെ അരങ്ങേറ്റത്തിനും ഒരേ വയസ്സാണ്. ആയിരത്തിതൊള്ളായിരത്തി എൺപത്തൊമ്പത്.! അന്ന് റസാഖ് ഏഴാം ക്ലാസിലായിരുന്നു. ബ്രെറ്റ്ലി, ഷൊഹൈബ് അക്തർ,വഖാർ യൂനസ്, വസീം അക്രം, ഷെയ്ൻ വോൺ, കാഡിക്, ഹെൻഡ്രി ഒലോംഗ, ഷോൺ പൊള്ളോക്ക്, മഗ്രാത്ത് തുടങ്ങി ലോകത്തിലെ മുൻനിര ബോളേഴ്സെല്ലാം സച്ചിനെ പരിഗണിക്കും. കാരണം അടുത്ത പന്ത് എന്തു ചെയ്യുമെന്നത് ഒരു ചോദ്യചിഹ്നമായിരുന്നെത്രെ.!

ക്ലാസിലിരിക്കുന്ന സമയങ്ങളിലെല്ലാം സച്ചിന്റെ ബാറ്റിംഗ് കാണാനുള്ള ത്വരയാൽ, സാമൂഹ്യപാഠാവലി കൈകാര്യം ചെയ്യുന്ന ശിവരാമൻ മാഷ് ഇന്ത്യയുടെ ദേശീയ വിനോദമേതെന്ന ചോദ്യത്തിന് പോലും,'ക്രിക്കറ്റ് ' എന്ന് ഉത്തരം പറയേണ്ടിവന്ന പരിഹാസിതന്റെ വെറലിപിടിച്ച വിയർപ്പിൽ, സച്ചിനോടുള്ള സ്നേഹത്തെ പോലെ, ക്രിക്കറ്റിനെയും പ്രതിഷ്ഠിച്ചിരുന്നു. സാമൂഹ്യം ക്ലാസിൽ ഒറ്റപ്പെട്ടുപോയ റസാഖിനെ ആശ്വസിപ്പിച്ചത്. നൂറ്റിരുപത് സ്ക്വയർ മീറ്റർ മാത്രം വിസ്തീർണമുള്ള കൊട്ടപ്പാറയുടെ മുനമ്പും, ചളിചതുപ്പും, ഉരുളൻ കല്ലുകളും, ചർലും മണ്ണും, രണ്ട് മൂന്ന് മരങ്ങളും, അവിടവിടായുള്ള പുൽതകിടികൂട്ടവും എല്ലാം നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ പി.ടി പിരീഡിൽ അഭിരുചികൾ മാറിമാറി പരീക്ഷിക്കുന്ന വിവിധ ഡിവിഷനിലെ കുട്ടികൾക്കിടയിൽ, ക്രിക്കറ്റ് പന്തുകൊണ്ടുള്ള ഫുഡ്ബോൾ കളിക്കാർക്കിടയിൽ, മൂലയിൽ മരത്തിലെണ്ണി അച്ചൂട്ടും, നാലാംകോട്ടയും, ബയ്യെത്തിക്കളിയും, റിംഗെറിയലും കളിക്കുന്ന പെൺകുട്ടികൾക്കിടയിൽ, കുട്ടികളെ സെലക്ട് ചെയ്ത് കബഡികോർട്ടിട്ട് ഉപജില്ലയിലേക്ക് ടീമിനെ പങ്കെടുപ്പിക്കാൻ ധൃതികൂട്ടുന്ന അദ്ധ്യാപകർക്കിടയിൽ, ഓട്ടമത്സരം നടക്കുന്ന ട്രാക്കിനിടയിൽ, ക്രിക്കറ്റ് കളിക്കാൻ മെനക്കെടുന്ന നാലൊ അഞ്ചൊ ചങ്ങാതിമാരാണ്.

പലതരം കളിക്കിടയിൽ ഏഴ് ബിയും ഏഴ് ഡിയും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് പത്ത് നൂറ് സാങ്കൽപ്പിക ഫീൾഡേഴ്സിനിടയിൽ നടന്നിരുന്നു. രണ്ട് ചെങ്കല്ലുകൾ മേൽക്കുമേൽ കുത്തനെ നിർത്തി.എം.ആർ.ഐ ബോളുകൊണ്ട്,എം.ആർ.എഫ് എന്ന് ചേടിക്കല്ലുകൊണ്ടെഴുതിയ പലകബാറ്റും കൈയ്യിലേന്തി നിൽക്കുമ്പോൾ ഗ്രൗണ്ട് നിറച്ചും ഫീൽഡേർസ് ഉള്ളത് പോലെ തോന്നിക്കും. അതിനിടയിലൂടെ ഗ്രൗണ്ടിന്റെ അതിരുകൾ ഭേദിച്ച് ഒരു ബൗണ്ടറി നേടുകയെന്നത്, മറ്റ് കളിയിലേർപ്പെട്ടവരുടെ കാലിൽ തട്ടാതെ പന്ത് ബൗണ്ടറിയിലെത്തുകയെന്നത്. ബാറ്റ്സ്മാനെ സംബന്ധിച്ചെടുത്തോളം വാനോളമുയർന്ന ആത്മാർപ്പണത്തിന്റെയും പരിസരബോധത്തിന്റെയും ഉജ്ജ്വലമായ പ്രതിഫലനമാണ്. റസാഖിന് മാത്രം സാധിക്കുന്ന ഒന്ന്. 

റസാഖിന്റെയും കൂട്ടുകാരുടെയും ക്രിക്കറ്റ് കളിയെ കുറിച്ചുള്ള പരാതികൾ ഓഫീസ് മുറിയിലെ ചുമരുകളിൽ തട്ടി ചിന്നിത്തെറിക്കും. അച്ചൂട്ട് കളിക്കിടയിലെ ക്രിക്കറ്റ് ബോൾ, ഉപജില്ല കായിക മേളയ്ക്ക് പരിശീലിക്കുന്ന കബഡി കോർട്ടിലൂടെയും, അത്‌ലറ്റിക്സ് കോർട്ടിലൂടെയും ക്രിക്കറ്റ് ബോൾ,ഫുഡ്ബോളിനിടയിലൂടൊരു ക്രിക്കറ്റ് ബോൾ. ഗ്രൗണ്ടിന് താഴെ കച്ചവടം നടത്തുന്ന നാരാൺട്ടന്റെ കൂട് പീഡ്യേലേക്കൊരു ക്രിക്കറ്റ് ബോൾ, അവസാനം ഏതെങ്കിലും കുറ്റിക്കാട്ടിലൊ,കിണറ്റിലൊ പതുങ്ങിയിരിക്കുന്ന ക്രിക്കറ്റ് ബോൾ.... സ്കൂൾ മതിൽ കെട്ടാൻ ഇറക്കിവെച്ച മൂന്ന് ചെങ്കല്ലുകൾ കാണാനില്ല, സ്കൂളിൽ കഞ്ഞിവെക്കുന്ന ഓമനേട്ടീരെ രണ്ട് വിറക് പലകകൾ കാണാനില്ല.! 

"ടീച്ചറെ ഓനെന്റെ മോത്തേക്ക് ബോളടിച്ചു."

"ടീച്ചറെ ഒന്നെന്ന ബോളോണ്ട് എറിഞ്ഞു."

"ടീച്ചറെ ഒന്നെന്ന ബാറ്റോണ്ട് തച്ചു." എന്നിങ്ങനെ പെൺകുട്ടികളുടെ പരാതികളും വേറെ.

 

"ഞങ്ങളാട മുമ്പെ കളിച്ചോണ്ട്ണ്ട് ടീച്ചറെ."

എല്ലാറ്റിനും മറുപടിയായി റസാഖിന്റെ ശബ്ദത്തെ തെല്ല് വാത്സല്യത്തോടെ മാത്രമെ സുമതി ടീച്ചർ പരിഗണിക്കാറുള്ളൂ....

ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ഇരയായ ഇന്ത്യൻ ജനതയുടെ ചെറുത്തുനിൽപ്പിനെ പറ്റി ക്ലാസ്സെടുക്കുന്നതിനിടയിൽ റസാഖിനെ തോണ്ടി കൂട്ടുകാരൻ "കളിയെന്തായിറ്റ്ണ്ടാവും." എന്ന് ചോദിച്ചപ്പോൾ. ശിവരാമൻ മാഷ് ഏതൊ ഒരു അപസ്വരം ദേശീയ പ്രസ്ഥാനത്തിന്റെ മേൽ പതിഞ്ഞതിൽ ദേഷ്യപ്പെട്ട്. ഓ....നീയൊ എന്ന പരിഹാസത്തോടെ റസാഖിനെ എണീപ്പിച്ചു നിർത്തിയപ്പോൾ. വായ പൊത്തി ആരും കാണാതെ ചിരിച്ച് തന്നെ കളിയാക്കുന്ന കൂട്ടുകാരിയെ ഒന്നിരുത്തി നോക്കി. മറ്റൊരു സാമൂഹ്യ പാഠത്തിലെ ചോദ്യം പ്രതീക്ഷിച്ച് കുത്തനെ നിന്നു. ഇനിയൊന്നും ചോദിക്കരുത് എന്റെ മനസ്സിൽ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ചും, സച്ചിനെന്ന കുറുകിയ മനുഷ്യനും മാത്രമെയുള്ളൂ. എന്ന് ക്ഷമാപണത്തോടെ അശ്രദ്ധയിൽ അലസമായ മുഖത്തോടെ മാഷിന്റെ മുഖത്തേക്കുള്ള നോട്ടം.

മാഷ് പിന്നെ ക്രിക്കറ്റിനെ കുറിച്ച് ക്ലാസെടുത്തു തുടങ്ങി. സമയം കൊല്ലാൻ വേണ്ടി യൂറോപ്പിലെ സമ്പന്നർ കണ്ടുപിടിച്ച കളിയാണെന്നും. ക്രിക്കറ്റ് നമുക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും മറ്റും. കബടിയെയും, ഹോക്കിയെയും, ഫുഡ്ബോളിനെയും, വോളിബോളിനെയും എന്തിന് ചെസ്സിനെ വരെ പുകഴ്ത്തിയിട്ടും ശിവരാമൻ മാഷിന്റെയുള്ളിൽ ക്രിക്കറ്റിനോടുള്ള പക കനലടങ്ങാതെ കിടന്നു. പിന്നീട് അദ്ദേഹം ക്രിക്കറ്റിന്റെ ചരിത്രം വിവരിച്ചു തുടങ്ങി. ആയിരത്തി ഇരുനൂറിലൊ, മുന്നൂറിലൊ ഇംഗ്ലണ്ടിലെ ആട്ടിടയന്മാർ ആടുകളെ വിശാലമായ പുൽത്തകിടികളിൽ മേയാൻ വിട്ട്, ആടുകൾ മേഞ്ഞെണീക്കും വരെ സമയം കൊല്ലാനായി ആടിനെ നയിച്ച് കൊണ്ട് വന്ന കമ്പുപയോഗിച്ച് തുടങ്ങിയ കളിയാണെത്രെ ക്രിക്കറ്റ്. പിന്നീടത് വളർന്നു പന്തലിച്ചു, കച്ചവടക്കാർ ഇടനിലക്കാരായി. ആടുമേയ്ച്ച് നടന്നവരെല്ലാം ക്രിക്കറ്റ് കളിക്കാരും. നിയമങ്ങൾ വന്നു.ക്രിക്കറ്റ് ഗ്രൗണ്ട്,കളിക്കാരുടെ എണ്ണം, സ്റ്റംപുകൾ, ക്രിക്കറ്റ് ബോൾ, ക്രിക്കറ്റ് ബാറ്റ്, വാതുവെപ്പുകൾ, കച്ചവടസംസ്കാരം, ടെസ്റ്റുകൾ, ഏകദിനങ്ങൾ, ട്വന്റി- ട്വന്റി ബ്രിട്ടീഷ് കാരുടെ സാമ്രാജ്യത്വ ശ്രമങ്ങൾക്കൊപ്പം അവർ കീഴടക്കിയ രാജ്യങ്ങളിലെല്ലാം കളി പ്രചരിച്ചു. ഓസ്ട്രേലിയിൽ, ഇന്ത്യയിൽ, ന്യൂസിലൻഡിൽ ദക്ഷിണാഫ്രിക്കയിൽ, പാക്കിസ്ഥാനിൽ, ബംഗ്ലാദേശിൽ. ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിൽ കളി പ്രചരിപ്പിച്ചത്. ക്രിക്കറ്റ് ഭ്രാന്തന്മാരുടെ കളിയാണ്. ശിവരാമൻ മാഷ് പറഞ്ഞു നിർത്തി.

"കിർക്ക്ന്ന് പറഞ്ഞാലെന്നെ പ്രാന്താണ് മോനെ." റസാഖ് അതിന് വ്യാഖ്യാനം കണ്ടെത്തിയിരുന്നു. തന്റെ നന്മയ്ക്ക് വേണ്ടിയാണ് മാഷങ്ങനെ പറഞ്ഞത് ക്രിക്കറ്റിലേക്കുള്ള വഴി തുറക്കാൻ നമ്മുടെ സ്കൂളിനാകില്ല എന്ന താക്കീതായിരിക്കാമത്, പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന ആവശ്യപ്പെടലുമാവാം. എങ്കിലും സച്ചിന്റെ ഷോട്ടുകൾ കാണുമ്പോൾ ഒരു ഉൾത്തുടിപ്പാണ്. എത്രയൊ തവണ അമ്പയറ് തെറ്റായ തീരുമാനം എടുത്തിട്ടും ഒന്നും മിണ്ടാതെ അടുത്ത മത്സരത്തിന് കാത്ത് നിൽക്കുന്ന സച്ചിന്റെ ഇച്ഛാശക്തിയെ എല്ലാവരെ പോലെ ഓനും അംഗീകരിച്ചിരുന്നു. ആ തീരുമാനങ്ങളിൽ നഷ്ടപ്പെട്ട സെഞ്ച്വറികളും, അർദ്ധസെഞ്ച്വറികളും സച്ചിനെ ബാധിക്കാത്തത് പോലെ തോന്നി. അദ്ദേഹമടിച്ചുകൂട്ടിയ റൺസുകളും, റെക്കോർഡുകളും, മാച്ചുകളും തന്നെയല്ലെ യഥാർത്ഥ പ്രതികാരം. നിശബ്ദനായി, മാന്യമായി അയാൾ സമരത്തിലായിരുന്നില്ലെ, ഒരു ജനതയുടെ വികാരങ്ങളുടെ പ്രതിനിധി.

"ആർക്കായിരിക്കും ആദ്യം ബാറ്റ്,?, സച്ചിൻ ഔട്ടായിറ്റ്ണ്ടാവ്വൊ.?"

മൂത്രമൊഴിക്കാനുള്ള ഫസ്റ്റ് ഇന്റർവെലിന്റെ പത്ത് മിനുട്ട് നേരം, റസാഖും കൂട്ടുകാരും അടുത്തുള്ള ടി.വി യുള്ള വീട്ടിലേക്ക് ഓടിച്ചെന്ന്. തിങ്ങിനിറഞ്ഞ അകത്തിറയങ്ങളിൽ കണ്ണുപായിച്ച് നിരാശയോടെ തിങ്ങിനിറഞ്ഞ ജനലഴിയിലൂടെ ഏന്തിവലിഞ്ഞ് നോക്കും, 

"സച്ചിനൗട്ടായൊ.?"    

ക്രിക്കറ്റ് കളികാണുന്ന നാലഞ്ച് വീടുകൾ സ്കൂളിന് ചുറ്റുമുണ്ട്. സച്ചിൻ ഔട്ടായാൽ ടി.വി ഓഫ് ചെയ്യുന്ന വീടുകൾ രണ്ടണ്ണമുണ്ട്. അവിടെ ഒച്ചയനക്കമുണ്ടെങ്കിൽ റസാഖിന്റെ മനസിലും ഒരു തരം സന്തോഷമാണ്. ഉച്ചയ്ക്ക് കഞ്ഞികുടിച്ച് വേഗത്തിൽ അവിടേക്ക് ഓടിപ്പോകും. ലെഗ് സൈഡിലേക്ക് ഏത് ദിശയിൽ വന്ന പന്തിനെയും അനായാസം ബൗണ്ടറി കാണിക്കുന്ന, സൈഡ് അമ്പയറെ അമ്പരപ്പിച്ച് കടന്നുകളയുന്ന ആ ഷോർട്ട്. അവന് ഏറെ ഇഷ്ടമാണ്. ആദ്യ പത്തോവറിൽ ഒന്നെങ്കിലും അവനതിനെ പ്രതീക്ഷിക്കും.

"ദ ലിറ്റിൽ മാസ്റ്റർ കംസ് ടും ദ ക്രീസ്." 

എത്രയോ തവണ കേട്ടിരിക്കുന്ന ആ കമ്മന്ററി കുറിയമനുഷ്യന്റെ വാനോളമുയർത്തിയ പ്രതീക്ഷയുടെ ഏകസ്വരങ്ങളിൽ നിഴലിക്കും. ഒറ്റയ്ക്ക് പൊരുതി ജയിച്ചവ, വിജയത്തിന് അവസാന നിമിഷം കാലിടറിയവ, അമ്പേ പരാജയമായപ്പെട്ടവ. അങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ശക്തിദൗർബല്യങ്ങളോടും കൂടി അദ്ദേഹം നിറഞ്ഞാടുന്നത് കണ്ട് നിൽക്കും. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ