ജോലി സംബന്ധമായ കോയമ്പത്തൂർ യാത്രയിലാണ് സൂരജ് അമ്പിളിയെ പരിചയപ്പെട്ടത്. അമ്പിളിയും മാതാപിതാക്കളും തമിഴ്നാട്ടിലെ അമ്പലങ്ങൾ ചുറ്റി തിരിച്ചുള്ള യാത്രയിലും. ട്രെയിനിലെ സൗഹൃദം പ്രണയമായി മാറി. ശിശിരവും, വസന്തവും മാറിമാറി വന്നതോ, വർഷങ്ങളോടിയകന്നതോ അവർ അറിഞ്ഞില്ല. ഇനി വൈകിക്കൂടാ, അവളെ സ്വന്തമാക്കാൻ അവനു ധൃതിയായി. അമ്മയോട് അവനെല്ലാം തുറന്നുപറഞ്ഞു. അമ്മാവൻമാരും, ബന്ധുക്കളും പെണ്ണു ചോദിച്ച് അമ്പിളിയുടെ വീട്ടിലെത്തി.
അമ്പിളിയെ കണ്ടവർക്കെല്ലാം ഒറ്റനോട്ടത്തിൽത്തന്നെ ഇഷ്ടമായി. ലക്ഷണമൊത്ത മുഖസൗന്ദര്യവും, ആകാരവടിവും, നീണ്ട കാർകൂന്തലുമൊക്കെ പെണ്ണിൻ്റെ ചന്തം വ്യക്തമാക്കി. അതിലേറെ ഹൃദ്യമായിരുന്നു അവളുടെ സംസാരവും, പെരുമാറ്റവും.
അമ്പിളിയുടെ അച്ഛൻ പറഞ്ഞു.
"മോളുടെ ഇഷ്ടമാണ് എൻ്റെയിഷ്ടം."
''ജാതകം നോക്കണമെന്നും, പൊരുത്തമുണ്ടാവണമെന്നും ഞങ്ങൾക്കു നിർബന്ധമുണ്ട്."
വല്യമ്മാവൻ പറഞ്ഞു.
"ജാതകത്തിലോ, പൊരുത്തത്തി ലോ ഒന്നും ഞങ്ങൾക്കു വിശ്വാസമില്ല. മനസുകളുടെ പൊരുത്തമാണ് മുഖ്യം."
അമ്പിളിയുടെ അച്ഛൻ പറഞ്ഞതിനോട് അനുകൂലിച്ചുകൊണ്ട് സൂരജും പറഞ്ഞു.
"എനിക്കും ഈ ജാതകത്തിലൊന്നും തീരെ വിശ്വാസമില്ല."
ജാതകചേർച്ചയും, പൊരുത്തവുമൊക്കെ നോക്കണമെന്ന കാര്യത്തിൽ വല്യമ്മാവനും, വല്യച്ഛനും കുഞ്ഞമ്മാവനുമൊക്കെ ഒറ്റക്കെട്ടായി. അവിടെനിന്നും അമ്പിളിയുടെ ജാതകവുമായിട്ടായിരുന്നു വല്യമ്മാമ്മയുടെ മടക്കം.
ദിവസങ്ങൾക്കുള്ളിൽ അമ്മാവൻമാർ രണ്ടാളുംകൂടി സൂരജിൻ്റെ വീട്ടിലെത്തി.
"മോനേ സൂരജേ..നീയാ കുട്ടിയെ മറന്നേയ്ക്കു, അതിനു ചൊവ്വാദോഷമുണ്ട്! ചൊവ്വാദോഷമുള്ള കുട്ടിയെ നമുക്കുവേണ്ട ."
ചുണ്ണാമ്പു തേച്ച വെറ്റിലയിലേയ്ക്ക് അടയ്ക്കാത്തുണ്ടും, വടക്കൻപുകയിലയും വച്ചുമടക്കി വായിലേയ്ക്കിട്ടു കൊണ്ട് വല്ല്യമ്മാവൻ പറഞ്ഞു.
"എനിക്കീ ജാതകത്തിലും, ചൊവ്വയിലുമൊന്നും തീരെ വിശ്വാസമില്ല. മന:പ്പൊരുത്തമുണ്ടായാൽ മാത്രം മതി."
സൂരജ് പറഞ്ഞു.
"സൂരജേ.. നിനക്ക് ഒന്നറിയോ? ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ."
''വല്യമ്മാമ്മേ. ചൊവ്വാദോഷം സ്ത്രീകളെ മാത്രമേ ബാധിക്കുകയുള്ളോ? ഒരു പുരുഷൻ്റെയെങ്കിലും വിവാഹം ജാതകദോഷംകൊണ്ട് മുടങ്ങിയിട്ടുണ്ടോ. ഇതെന്തു ചൊവ്വയാ അമ്മാവാ?"
സൂരജ് രോഷത്തോടെ ചോദിച്ചു.
"നിനക്ക് അങ്ങനെയൊക്കെ പറയാം. പക്ഷേ ഞങ്ങൾ കാരണവൻമാർ ഒരിക്കലുമീ വിവാഹത്തിന് സമ്മതിക്കില്ല." വായിലെ മുറുക്കാൻ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പി വല്യമ്മാവൻ അറുത്തുമുറിച്ച് പറഞ്ഞു.
ജ്യോതിഷത്തിൽ അന്ധമായ വിശ്വാസമുള്ള ആളാണ് വല്യമ്മാവൻ.
"ചൊവ്വ ഏഴാംഭാവത്തിലും, എട്ടാംഭാവത്തിലും കയറിക്കൂടിയെന്നുപറഞ്ഞ് ജീവിതം മൂത്തുനരച്ച് മറ്റുളളവരുടെ അവഗണനയ്‌ക്ക് പാത്രമായി കഴിയുന്ന സ്ത്രീകൾ കുറച്ചൊന്നുമല്ല ഹൈന്ദവകുടുംബങ്ങളിൽ ഉള്ളത്. ഹിന്ദുയുവതികൾക്കു മാത്രമാണീ ജാതകവും, ചൊവ്വയും, ശനിയുമൊക്കെ വിനാശവുമായി വരുന്നത്. "
ഉള്ളിലുള്ള രോഷമടക്കി കഴിയുന്നത്ര ശാന്തമായി സൂരജ് പറഞ്ഞു.
"മോനേ.. വല്യമ്മാവനോട് ഇങ്ങനാണോ സംസാരിക്കുന്നത്?"
അമ്മ സൂരജിനോട് ചോദിച്ചു.
"സൂരജേ. ഏട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. ഇപ്പോൾ നിനക്കത് മനസിലാവില്ല. നീയ് ഏട്ടൻ പറഞ്ഞത് അനുസരിക്ക്. നമുക്കതിലും നല്ലൊരു കുട്ടിയെ കണ്ടു പിടിക്കാം."
കുഞ്ഞമ്മാവൻ പറഞ്ഞു.
"വല്യമ്മാവൻ ഇതിനുത്തരം പറയ്! എന്തേയീ ചൊവ്വാഗ്രഹത്തിന് ക്രിസ്ത്യാനിയുടേയും, മുസ്ലിമിൻ്റേയും ഭവനത്തിൽ കയറാൻ പേടിയാണോ? അവർക്കൊന്നും ഈ ചൊവ്വാദോഷം എന്നൊന്നില്ലല്ലോ."
സൂരജ് തുറന്നടിച്ചു.
"വല്യമ്മാമ്മേ.. അന്ധവിശ്വാസികളായ മനുഷ്യരെ പറ്റിച്ച് ചിലർ ജീവിക്കുന്നു. ഇതൊക്കെ വയറ്റുപ്പിഴപ്പിനായ് ഉണ്ടാക്കുന്ന ഓരോ തന്ത്രങ്ങളാണ്.
വിവരവും, വിദ്യാഭ്യാസവുമുള്ള ആരും ഇതൊന്നും വിശ്വസിക്കില്ല. അമ്മാവാ.. നിങ്ങളീ പറഞ്ഞ പ്രശസ്തനായ ജ്യോത്സ്യൻ
കിഴക്കേലെ ഗോവിന്ദൻകുട്ടിയുടെ ജാതകം എഴുതീട്ടുണ്ട്. രാജയോഗമുള്ള ജാതകമാണ്. പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥായിയിലാണ്. ഗജകേസരിയോഗമാണ്! ഇത്രയും കേമമായ ജാതകം ഇതുവരെ കണ്ടിട്ടില്ല എന്നൊക്കെ അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഗോവിന്ദൻകുട്ടിയുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് വല്യമ്മാമ്മയ്ക്ക് അറിയാലോ? നാട്ടുകാർ വല്ലതും കൊടുത്തില്ലങ്കിലന്ന് അയാൾ പട്ടിണിയിലാണ്."
"ദേവകീ നിൻ്റെ മോനാ പെണ്ണിൻ്റെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി. പറഞ്ഞാൽ മനസിലാവില്ലെന്നാൽ അനുഭവിക്കട്ടെ."
വലിയമ്മാവൻ ദേഷ്യത്തോടെ എണീറ്റു മുറ്റത്തേയ്ക്കിറങ്ങി. പിന്നാലെ കുഞ്ഞമ്മാവനും.
"വല്യേട്ടാ.. പോകല്ലേ." ദേവകി പിന്നാലെയെത്തിയപ്പോഴേയ്ക്കും ഏട്ടന്മാർ രണ്ടാളും കാറിൽ കയറിക്കഴിഞ്ഞു.
"നിൻ്റെമോൻ ഞങ്ങളുടെ വാക്കിനൊരുവിലയും കൊടുക്കില്ലന്ന് നിനക്ക് മനസിലായില്ലേ. ഇനി ഞങ്ങളിവിടെ നിന്നാൽ ശരിയാവില്ല. അവൻ്റെയിഷ്ടം പോലെ നടക്കട്ടെ." അവരുടെ വാഹനം ദൂരെ മറയുവോളം ദേവകി മുറ്റത്തു തന്നെ നിന്നു.
"അമ്മേ.. അവരു പറയുന്നതു കേട്ട് അമ്മ വിഷമിക്കേണ്ട. അന്ധവിശ്വാസമുള്ളവരെ പറഞ്ഞു മനസിലാക്കാൻ നമുക്കാവില്ല. അമ്മ മാത്രം മതി എന്നോടൊപ്പം. അവരുടെ നോട്ടത്തിൽ പത്തിൽ പത്തു പൊരുത്തമുണ്ടായിരുന്നു അച്ഛനുമമ്മയ്ക്കും. ഈ പൊരുത്തവുമായി രണ്ടു വർഷം മാത്രമേ അച്ഛൻ നമുക്കൊപ്പമുണ്ടായിരുന്നൊള്ളൂ. രണ്ടു വർഷംകൊണ്ട് എല്ലാ പൊരുത്തവും അവസാനിച്ചില്ലേ? അമ്പിളിയുടെ വീട്ടുകാർക്ക് ഇഷ്ടക്കേടില്ലാത്തതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ നമുക്കീ വിവാഹം നടത്തണം. അമ്മയുണ്ടാവില്ലേ എന്നോടൊപ്പം?''
അവൻ അമ്മയുടെ കരം ഗ്രഹിച്ചു കൊണ്ട് ചോദിച്ചു.
"എന്നാലും അമ്മാമമാരെയൊക്കെ പിണക്കീട്ട്.."
"എന്നാമ്മേ.. ഈ അമ്മാവൻമാരൊക്കെ വന്നത്. അച്ഛനിട്ടിട്ടു പോയപ്പോൾ സഹായത്തിന് ആരുമില്ലാരുന്നു. ഒരു വയസുള്ള എന്നേ ഒക്കത്തെടുത്തു വച്ചുകൊണ്ട് കൂലിപ്പണിയെടുത്ത് എത്രകഷ്ടപ്പെട്ടാ അമ്മയെന്നെ വളർത്തിയത്. അന്ന് തിരിഞ്ഞു നോക്കാത്ത അമ്മാവൻമാരൊക്കെ പോകട്ടെ. എനിക്കെൻ്റെ അമ്മയുടെ സമ്മതവും, അനുഗ്രഹവും മാത്രം മതി."
"മോനേ.. ആരൊക്കെയെതിർത്താലും നിൻ്റെയിഷ്ടത്തിന് ഈ അമ്മയുണ്ടെടാ കൂടെ.''
അമ്മയുടെ കരങ്ങൾ അവനെ ചേർത്തണച്ചു.