ആദിദ്രാവിഡനായ കേരളൻ നരഗവൃത്തങ്ങളി ലാദ്യത്തേതിലെത്തും നാളിൽ, നിരവധി വരികളിൽ നിരവധി നിരകളിൽ നിരൂപകശ്രേഷ്ഠൻ ദാന്തെയുടെ നരഗവൃത്തമാണല്ലൊ അതെന്നതിശയിച്ചു പോൽ. ഒമ്പത് വളയമുള്ളതിൽ പ്രമുഖരെല്ലാം ഒന്നാം വളയത്തിലെത്തവെ.
"ഭാരതമെൻ ദേശം ആദിദ്രാവിഡനാം കേരളൻ ഞാൻ."
എന്ന് സ്വയം പരിചയപ്പെടുത്തി ഒന്നാം വൃത്തത്തിൽ വിരാജിക്കവെ, കണ്ടുവല്ലൊ.! ശ്രീരാമനെ,ലക്ഷ്മണനെ, സീതയെ, നകുലനെ, സഹദേവനെ, കർണ്ണനെ, പരശുരാമനെ, അർജ്ജുനനെ,ഭീമനെ, പാഞ്ചാലിയെ, അങ്ങനെ അങ്ങനെ പലരെയും രണ്ടാം വൃത്തത്തിൽ. ഏവരോടുമെന്തെങ്കിലും പരിചയം പുതുക്കുന്നത് സമയം കൊല്ലുവാനുള്ളൊരുപായമാണല്ലൊ എന്നൊരു ബുദ്ധിയാൽ രാമനു സമീപം വെറുതെ ചെന്നടുത്തു രാമനോടുര ചെയ്തിങ്ങനെ.
"അറിയും മുന്നമെ നിന്റെ വംശത്തിൻ പിതാവാം രഘുവിനെ, പണ്ടൊരു നാൾ ചേറളം വാഴും കേരളനെ കീഴടക്കാനെത്തി നിൻ വംശകുലപതി. കടൽ ഉൾവലിഞ്ഞ് ചേറ് പൂണ്ട, ചേരളദേശം വാണ അന്നെനിക്ക് സമാധാനമെ യുക്തി. വീണ്ടും വാണ് വാണ് മാലോകരെ കിട്ടാൻ, ജീവിത വിജയത്തിന്റെ പച്ചക്കൊടി നാട്ടി ഞാനെത്രകാലം ഭരിച്ചിരിക്കുന്നു, കേരളം."
രാമൻ രണ്ടാം വൃത്തിലെ രണ്ടാമനായ രഘുവിനെ കൈനീട്ടി ഉച്ഛത്തിൽ വിളിക്കുവാനാഞ്ഞപ്പോൾ. രണ്ടാം വൃത്തത്തിലെ വരിയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിലൊന്നിൽ മനസുടക്കി. വിനയവും, പതിഞ്ഞ സംസാരവും, നല്ല പെരുമാറ്റവും ആക്കം കൂട്ടുമല്ലൊ ഒന്നാം വൃത്തത്തിലെത്താൻ, ഒച്ചയനക്കങ്ങൾ നമ്മെ വീണ്ടും പിറകിലേക്ക് മാറ്റും എന്ന കണക്ക് കൂട്ടലിൽ പ്രിയ പത്നി സീത ഒരു സ്പർശനത്താലരുതെന്ന്, അരുതിനിയും എടുത്തു ചാട്ടങ്ങൾ, എന്തിനാണിനിയും നരഗവൃത്തത്തിൽ വീണ്ടുമെന്നുര ചെയ്തു. ഇഴയുന്ന നരഗവൃത്തത്തിനകത്തു നിന്നും വിശാലമാം സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയിൽ ശ്രേഷ്ഠനാം കേരളൻ ഒന്നാം വൃത്തത്തിനകത്താണല്ലൊ.! അവന് അഹങ്കരിക്കാം,ആക്രോശിക്കാം ജീവിതചരിത്രത്തിൽ അഹങ്കരിച്ചിട്ടില്ലാത്തവൻ അവനവിടെ മുന്നമെ എത്തി.ഇങ്ങനെ എത്രപേർ ജീവിതത്തിൽ ശാന്തിയും സമാധാനവും കാംക്ഷിച്ച എത്രപേരിങ്ങനെ നമുക്ക് മുമ്പേ കടന്നു പോയി.മതി മതി ഇനിയിതുവേണ്ടെന്നുരിയാടും സീതയുടെ കണ്ണുകൾ മനസാ വഹിച്ചു രാമൻ. ചിരിച്ചുകൊണ്ട് കേരളന്റെ സഹധർമ്മിണിയാം സീതയെ പരിചയപ്പെടുത്തും വേളയിൽ.
"വന്നിരുന്നു നിന്റെ ദൂതന്മാർ മുന്നമെ ലക്ഷ്മണോപദേശത്താലെന്റെ നാട്ടിൽ സീതാന്വേഷണത്തിനായി."
എന്നായി കേരളപ്രതിവാക്യം. രാമനപ്പോൾ താണ് വണങ്ങി.കഴിഞ്ഞ കഥകളുടെ കെട്ടഴിക്കേണ്ടെന്ന് വിലക്കി. ആര്യനാണൊ.? ആര്യനല്ല. വീര്യനാണൊ.? വീര്യനല്ല. ആദിദ്രാവിഡൻ ഞാനെന്ന് കേരളൻ ഉദ്ഘോഷിച്ചപ്പോൾ ഒരു തെല്ലമ്പരപ്പില്ലാതെ സൗമ്യനായ് കേട്ട് നിന്നതിൻ കുറ്റബോധം എത്രകാലം നിനക്ക് പേറേണ്ടി വരും വീരശൂരനായ രാമ ഈ നരഗവൃത്തത്തിലും.! രാമ ഇനിയില്ല ഏറെ ദൂരമെന്ന മന്ത്രം സദാകാതുകളിലുള്ളത് നിന്നെ സംയമന ചിത്തനായ് മാറ്റിയിരുന്നിരിക്കാം.
യൂറോപ്യരും, അറബികളും, വാണ ദേശമെന്റേതെന്ന് അഭിമാനമാം സ്വരത്തോടെ കേരളൻ ഓർമ്മിച്ചു. സമ്പൽസമൃദ്ധമായ് സുഗന്ധവെഞ്ജനമൊഴുകി ജീവിതരുചികളിൽ നറുമണം പരത്തും മലനാട്, അത് വാണിരുന്ന രാജാവാണല്ലൊ നാം, ചോള,പാണ്ഡ്യ, ഗാന്ധാര ദേശർക്കൊപ്പം തുർവ്വാസു വംശമാണെന്റെ വംശം, ഗാന്ധാരരെ ചട്ടം കെട്ടി കണ്ണുകാണാത്ത ധൃതരാഷ്ട്രരെ കൊണ്ട് ഗാന്ധാരപുത്രി ഗാന്ധാരിയെ വരിച്ച ഹസ്തിനപുര കൗശലം മുന്നമെ കണ്ടിരിക്കുന്നു ഞാൻ. കാർത്ത്യവീരാർജ്ജുന രാജസന്നിധിയിലെ സാമന്ത രാജവംശമായിരുന്നല്ലൊ ..... കേരളം..... ചേറളം.....കേരളൻ.....ചോള പാണ്ഡ്യ ദേശർക്കൊപ്പം കേരളനും......
ഗാന്ധാരമെന്ന് കേട്ടപ്പൊഴേ രാമൻ തെല്ലൊരാശ്വാസം പൂണ്ടു. രണ്ടാം വൃത്തത്തിലാദ്യം നിൽക്കും കർണ്ണനെ ചൂണ്ടിക്കാട്ടി പരിചയപ്പെടാൻ പറഞ്ഞു. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം നരഗവൃത്തത്തെ ശപിച്ച് കൊണ്ട്, സ്വർഗ്ഗമാകുന്ന ജീവിതസാഫല്യം പ്രാപ്തമാക്കാനുള്ള കോടാനുകോടി പരേതാത്മാക്കളുടെ നീണ്ട വരികളെ സ്മരിച്ച്, രണ്ടാം വൃത്തത്തിലെങ്കിലും ഇടംകിട്ടിയല്ലൊ എന്നൊരാശ്വാസത്തിൽ ഒമ്പത് വൃത്തങ്ങളിൽ ബാക്കി ഏഴ് വൃത്തത്തിലും എന്തായിരിക്കും സ്ഥിതിയെന്ന് വേവലാതി പൂണ്ടു. സീതയ്ക്കൊപ്പം വരി നിൽക്കാൻ സാധിച്ചെന്നത് മാത്രമാണ് രാമനൊരാശ്വാസം. സീത എങ്കിലും തന്നെക്കാൾ ഒരു പിടി മുന്നിലാണ്. ഇന്ന് സ്വർഗ്ഗവാതിൽ തുറന്നാൽ ഒരിക്കലും താൻ ഒന്നാം വരിയിൽ എത്തില്ലെന്നറിയാം, ഒന്നാം വരിയിലെ ആളുകൾക്ക് ചില അവസരങ്ങളുണ്ട്, സ്വാതന്ത്ര്യങ്ങളുണ്ട്. മറ്റേത് വരിയിലെ ആളുകളോടും യഥേഷ്ടം കണ്ട് സംസാരിക്കാനും, ഒന്നാം വരിയിൽ ഓടാനും, ചാടാനും, അട്ടഹസിക്കുവാനുമുള്ള സ്വാതന്ത്ര്യം. ജീവിതത്തിൽ അട്ടഹസിക്കാത്തവർക്ക് മരണത്തിനുശേഷം ശബ്ദിക്കാനുള്ള അവസരം. രാമന് ചിലപ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടാകാം.
"ഈ കേരളനെങ്ങനെ ഒന്നാം വൃത്തത്തിനകത്തെത്തി.?!, ചിലപ്പോൾ അവന് ഇന്നുതന്നെ സ്വർഗ്ഗരാജ്യം ലഭിച്ചേക്കും."
രാമൻ ദീർഘനിശ്വാസം വിട്ടു.
വിന്ധ്യപർവ്വതത്തിന് തെക്ക് പെരിയാറൊഴുകും എന്റെ ചേറളദേശം പാതാളമെന്ന് ചിലർ. ചേറും, ചെളിയും നിറഞ്ഞ ഒരു ഭാഗവും, മലയിടിഞ്ഞ് വീഴുന്ന മറുഭാഗവും, ഇടയിൽ കുറച്ച് ആളുകൾ നാഗരെന്ന വിശേഷണത്താൽ നാഗാരാധനയാൽ പുള്ളുവപ്പാട്ടിന്നീണത്തിനൊപ്പം രതിയിലമർന്ന് രസിച്ചവരെത്രെ.!
കർണ്ണനെ കണ്ടപ്പോൾ ഉച്ഛത്തിൽ ചിരിച്ചു പോയി കേരളൻ. ഒന്നാം വൃത്തത്തിനകത്തെത്താൻ ഒരു പടി മാത്രം കർണ്ണന്, എന്നിട്ടും ദീർഘചിന്തയിലിപ്പഴും ധർമ്മാധർമ്മ വിചിന്തനത്താൽ ആർദ്രമാം കണ്ണിലേതൊ അപരാധത്തിൻ കരിനിഴലൂറിക്കിടപ്പുണ്ട്. കേരളൻ സംസാരിച്ചിട്ടും ആരെന്ന് മനസിലാകാത്ത മട്ടിൽ ഒന്ന് തലയുയർത്തി നോക്കി. എന്തോ ഓർത്തെടുത്ത പോലെ നിരാശയോടെ ഒന്നാം നിരയിൽ നിൽക്കും കേരളനെ നോക്കി. അവന്റെ സ്വാതന്ത്ര്യത്തെ കണ്ട് ഒന്ന് കൊതിച്ചു. ഏത് നിമിഷവും മുന്നോട്ടായാൻ നിൽക്കുന്ന തിങ്ങിനിറഞ്ഞ് അക്ഷമയോടെ വിയർത്തൊട്ടി കടാക്ഷത്തിനായി കാത്ത് നിൽക്കുന്ന വരിയിലെ മുമ്പൻ. ആഞ്ഞ് പതിക്കുന്ന കുത്തൊഴുക്കിനെ തടഞ്ഞു നിർത്തും വലിയ കരിങ്കൽ പാളി പോലെ, ഒന്നാം വൃത്തത്തിനകത്തേക്കുള്ള ചവിട്ടു പടിയിൽ വലതുകാലുകൊണ്ട് താക്കം കൊടുത്ത് പിറകെ നിൽക്കും മൊത്തം ഭാരവും ചുമലിൽ താങ്ങി ഇപ്പഴും നിൽപ്പത് കർണനല്ലയൊ.... ദ്വിഗ് വിജയിയായ കർണ്ണൻ.!
കർണ്ണൻ മനസിലാക്കി രണ്ടാം വരിയിലേക്ക് തള്ളിമാറ്റപ്പെട്ട കഥാപാത്രങ്ങളാണ് നമ്മൾ. ഒന്നാം വരിയിൽ കഥാപാത്ര സ്രഷ്ടാക്കളും,സമാധാന പ്രിയരായ പൂർവ്വികരും. മൂന്നാം വൃത്തത്തിൽ ഭൂമിയിലെ പണ്ഡിതന്മാരാണ്. നാലാം വൃത്തത്തിൽ ഭൂമിയിലെ ചിന്തകരാണ്, അഞ്ചാം വൃത്തത്തിൽ അല്പഞ്ജാനികളാണ്, ആറാം വൃത്തത്തിൽ വിഷയാധിക്യരും, ഏഴാം വൃത്തത്തിൽ ഭോജനപ്രിയരും, രാജ്യദ്രോഹികളുമാണ്, എട്ടാം വൃത്തത്തിൽ കുഴിമടിയന്മാരും, സ്തുതി പാഠകരുമാണ്. ഒമ്പതാം വൃത്തത്തിൽ അക്രമികളും, ദുഷ്ടജന്മങ്ങളുമാണ്. കോടാനുകോടിയോളം ആളുകൾ രണ്ടാം വൃത്തത്തിലുണ്ടെന്നിരിക്കെ താഴോട്ട് കോടാനുകോടിയിലധികം പരേതാത്മാക്കൾ ഇഴഞ്ഞും, പരസ്പരം കടിച്ചും, തുപ്പിയും, ചിലപ്പോൾ പറ്റിച്ചേർന്ന് ഒട്ടിപ്പിടിച്ച്,പുഴുവിനെക്കാൾ കഷ്ടമാകിൽ അതിശയിക്കാനില്ല. വൃത്തമാകുന്ന ഓരൊ കടമ്പകളും കടന്ന് ഹൊ.! ഒന്നാം വൃത്തത്തിലെ ആളുകൾക്ക് സുഖമാണ് അവർക്ക് വരിയിൽ നിന്നും യഥേഷ്ടം സഞ്ചരിക്കാം, അവരുടെ സ്ഥാനം നഷ്ടപ്പെടില്ല.താനൊന്ന് ഇവിടെനിന്നനങ്ങിയാൽ,വരിയിൽ നിന്നും ചിന്നിത്തെറിച്ച് തന്റെ മേലിൽ തന്നെ വന്ന് വീഴും, സകല നരഗവൃത്താന്തങ്ങളും. തനിക്ക് പിറകിലാണല്ലൊ പഞ്ചപാണ്ഡവരും, ഗുരുക്കന്മാരും എന്ന ആശ്വാസത്താൽ ഒന്ന് നെടുവീർപ്പിട്ടു.കേരളനെ നോക്കി.
"അന്ന് ദ്വിഗ് വിജയത്തിനായങ്ങ് ദക്ഷിണ ദേശം വാഴും എൻ കേരളദേശത്ത് വന്നിരിക്കുന്നു.! എന്നെയും, നീലഭൂപായനെയും തോൽപ്പിച്ചിരുന്നല്ലൊ.! നമ്മൾ കരം തന്ന് ദേശം വീണ്ടെടുത്ത്, ദേശക്കാരെ രക്ഷിച്ച് ഭരണം തുടർന്നു. കാരണം പൊന്ന് വിളയും ഭൂമിയും, വിളയാൻ പാകമാകും കാലാവസ്ഥയും പടിഞ്ഞാറ് അറബിക്കടലും, ചോളപാണ്ഡ്യർ വടക്ക് കിഴക്കും, മലകളും, പുഴകളും, കായലും, സമ്പൽ സമൃദ്ധമാം എന്റെ രാജ്യം കേരളം. ഇടനാടും, മലനാടും, തീരപ്രദേശവും അതിൻ സവിശേഷത തീർത്താലും തീരാത്ത പ്രകൃതി സമ്പത്ത്. ഇന്ന് ഞാൻ മരിച്ചിരിക്കുന്നു. എന്നിട്ടും ഞാനെത്തിയല്ലൊ.! നരഗവൃത്തത്തിൽ ഒന്നാം നിരയിൽ മൂന്നാമനായി. അന്ന് ദേശം വീണ്ടെടുത്തില്ലെങ്കിൽ ആ മഹാപാതക കുടുംബയുദ്ധത്തിൽ സർവ്വദേശക്കാരെയും പോലെ ഞങ്ങളും പാപപങ്കിലമായ മനുഷ്യനാശത്തിന്റെ ശാപവും പേറി. നമ്മുടെ ദേശവും നാമവശേഷമായേനെ.?... ഭാഗ്യം.... ഭാഗ്യം... മഹാഭാഗ്യം...."
കർണ്ണൻ ചിരിച്ചു.
"അല്ലയോ ദേശസ്നേഹിയായ കേരളാ.. അങ്ങ് പറഞ്ഞതാണ് ശരി, യുദ്ധം ഒന്നിനും പരിഹാരമല്ല, എന്നോട് ക്ഷമിക്കൂ, എന്റെ പൂർവ്വികരോടും, അഹന്ത മൂലം പാപപങ്കിലമായ എന്റെ കരങ്ങൾക്ക് മാപ്പ് തരൂ... താങ്കളെന്നെ ഒന്നാം നരഗവൃത്തത്തിലെത്താൻ അനുവദിക്കൂ.."
കേരളനും ചിരിച്ചു.
"ഇനിയെന്തിന് ക്ഷമ,? ഒരു കാലടി മുന്നോട്ട് വച്ചാൽ താങ്കൾക്ക് ഒന്നാം വരിയിൽ കയറാം. ഇതിൽ പരേതാത്മാക്കൾ കുറവാണ് കണ്ടില്ലെ.? അടുത്ത സ്വർഗ്ഗകവാടം തുറക്കുമ്പോൾ ചിലപ്പോൾ എനിക്ക് പോകേണ്ടി വരും. താങ്കളുടേത് മൂന്നാം ഊഴമൊ, നാലാം ഊഴമൊ ആകാം ധൈര്യമായിരിക്കൂ... ക്ഷമയാണ് ഏറ്റവും നല്ല ആയുധം കേട്ടിട്ടില്ലെ.? "
എന്ന് പറഞ്ഞ് കർണന്റെ പുറത്ത് തട്ടി.
"കണ്ടില്ലേ എനിക്ക് പിറകെയാണ് പഞ്ചപാണ്ഡവർ " എന്നാശ്വസിക്കാനായി കർണ്ണൻ പിറകോട്ട് കണ്ണോടിക്കവെ,കേരളൻ സഹദേവനെ കണ്ടു. തിങ്ങി ഞെരുങ്ങി എത്രയോ പിറകിൽ സഹദേവൻ പരിത്യാഗിയായ് ബലഹീനനായ് നിശബ്ദനായിരിക്കുന്നു. സഹദേവനെ കണ്ടപ്പോൾ കർണ്ണനോട് യാത്ര പറഞ്ഞ് കേരളൻ അങ്ങോട്ട് തിരിച്ചു. സഹദേവനൊപ്പം നകുലനുമുണ്ടായിരുന്നു. എന്തായാലും ഭീമനും, ധർമ്മപുത്രർക്കും, അർജ്ജുനനും, പാഞ്ചാലിക്കും മുന്നിലാണ് അവരുടെ സ്ഥാനം. കേരളനെ കണ്ടപ്പോൾ സഹദേവന് പെട്ടെന്ന് ആളെ പിടികിട്ടി. കാത്തിരിപ്പിന്റെ നീണ്ട വരിയിൽ പന്തിയൂട്ടിന് വരി നിൽക്കും ശൂദ്രക്കിടാങ്ങളെ പോലെ അവർ കൊതിയോടെ ഒന്നാം വരിയിലെ സ്വർഗ്ഗകവാടം പൂകാൻ ആഗ്രഹിക്കുന്നു. ചില സമയങ്ങളിൽ സമയം കൊല്ലാനുള്ള നല്ല ഉപായമാണ് ഈ നീണ്ട സംസാരം.ഉത്സവപറമ്പുകളിൽ തെയ്യത്തിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന വല്ല്യമ്മച്ചിമാരുടെ പരിചയം പുതുക്കൽ പോലെ,പഞ്ചാത്തിക്ക പോലെ, അത് ഏറെ നേരം നീണ്ടു പോകും. സമയം കൊല്ലാനുള്ള ഉപാധിപോലെ തന്റെ മുന്നിൽ വന്ന് പെട്ട സുഹൃത്തിനെ സഹദേവൻ പരിഗണിച്ചു. കേരളൻ ആഹ്ളാദപൂർവ്വം സഹദേവ സംസാരം ശ്രവിച്ചു.
"ശൂർപ്പാകാരത്തിലെ കേരളൻ." എന്ന് സംശയപൂർവ്വം ചോദിച്ചു." അതെ " എന്ന് തലയാട്ടിക്കൊണ്ട് കേരളൻ പുഞ്ചിരിച്ചു. അങ്ങ് ഒന്നാം വൃത്തത്തിലാണല്ലൊ എന്ന സംശയാസ്പദമായ മുഖഭാവം കേരളൻ ശ്രദ്ധിച്ചു. പഞ്ചപാണ്ഡവരിലെ വീരശൂരനതത്ര രസിച്ചു കാണില്ലെന്ന് ഊഹിച്ചു.
"ഇനിയും ഘാതങ്ങൾ ഏറെയുണ്ട്." കേരളൻ സഹദേവന്റെ ചെവിയിൽ പതിയെ പറഞ്ഞു. സഹദേവൻ ഒന്ന് പരുങ്ങി. തനിക്ക് കിട്ടിയ വരപ്രസാദവും, വിദ്യകളും, ശൂരത്വവും, ഒന്നുമല്ലെന്ന് അവനറിഞ്ഞു. ധർമ്മപുത്രരുടെ രാജസൂയ്യയാഗത്തിന് ദ്വിഗ് വിജയം പ്രാപ്തമാക്കേണ്ടതായി വന്നപ്പോൾ സഹദേവൻ ദക്ഷിണാവൃത്തത്തിൽ കേരളദേശത്ത് നിന്ന് കപ്പവും വാങ്ങി മടങ്ങിയ കഥ തെല്ലൊന്നുമല്ല സഹദേവ കീർത്തിക്ക് ഉപോത്ബലകമായത്. ശൂർപ്പകാകാരത്തെ കീഴടക്കിയ ഖ്യാതി നാടൊട്ടുക്കും പരന്നിരുന്നു. കേരളന് അത് കുറച്ചിലുണ്ടാക്കിയിരുന്നില്ല. രഘുവും, കർണനും വന്നിടത്ത് സഹദേവനെയും സൗമ്യനായി കപ്പം കൊടുത്ത് തിരിച്ചയക്കാൻ കേരളന് പറ്റിയിരുന്നു. തോറ്റിട്ടും....തോറ്റിട്ടും....അയാൾ ശേഖരിച്ച് വച്ച കരം കൊടുത്ത് ജനങ്ങളെ സംരക്ഷിച്ചുകൊണ്ടിരുന്നു. കേരളൻ പലരേയും കണ്ടു. ഒരു ചുവട് മാത്രം വച്ച് കഴിഞ്ഞാൽ സ്വർഗ്ഗകവാടത്തിനകത്തേക്ക് പ്രവേശിക്കാൻ പാകത്തിന് വാത്മീകി, തൊട്ട് പിറകെ വ്യാസൻ, മൂന്നാമനായി ഈയുള്ളവൻ, ചേരനും, പാണ്ഡ്യനും, ചോളനും പിറകെ. കേരളൻ എല്ലാറ്റിനെയും പിന്നിലാക്കിയിരിക്കുന്നു. ഭാഷയിലൂടെ, ഭരണനിർവ്വഹണത്തിലൂടെ, ജനാധിപത്യത്തിലൂടെ, സമാധാനശ്രമത്തിലൂടെ, മാനുഷിക പരിഗണനയിലൂടെ, സംസ്കിരത്തിലൂടെ, വേഷത്തിലൂടെ, ചിന്തയിലൂടെ, സ്വീകര്യതയിലൂടെ, സാഹോദര്യത്തിലൂടെ, നിരപേക്ഷ ചിന്തയിലൂടെ, സത്യത്തിലൂടെ, സമത്വത്തിലൂടെ, നവോത്ഥാനത്തിലൂടെ, വിദ്യാഭ്യാസത്തിലൂടെ, വിപ്ലവത്തിലൂടെ.... മറ്റുള്ളവർക്കെല്ലാം ഇനിയും കാത്തിരിക്കേണ്ടി വരും, കേരളനിതാ... മൂന്ന് ചുവട് മാത്രം.... പാതാളം, ഭൂമി, സ്വർഗം....