(Remya Ratheesh)
മണമില്ലാത്ത റോസയിൽ നിന്നും, കളർ ചെമ്പരത്തിയിൽ നിന്നും കുറച്ച് പൂക്കൾ ഇറുത്തെടുത്ത് മനസിൽ കുറിച്ചിട്ട കോലത്തിലേക്ക് ഓരോ ഇതളായ് ചേർക്കുകയായിരുന്നു ഭാനു അമ്മ.
അപ്പോഴാണ് ഗേറ്റും കടന്ന് ഒരു ബെൻസ് ചീറി പാഞ്ഞ് വന്നത് ഇൻഡർ ലോക്ക് ചെയ്ത് മനോഹരമാക്കിയ മുറ്റത്ത് കൊതിയോടെ ഇട്ട പൂക്കളൊക്കെയും അതിൻ്റെ പ്രകമ്പനത്തിൽ സ്ഥാനം തെറ്റി. കയ്യിലിത്തിരി ബാക്കിയുള്ള പൂക്കൾ കണ്ടുകൊണ്ടാണ് മരുമകൾ ഗീത കാറിൽ നിന്നും ഇറങ്ങിയത്.
പതിനായിരങ്ങൾ മുടക്കിയാണ് ഇത്രയും വലിയൊരു പൂന്തോട്ടം ഒരുക്കിയത്. യൂട്യൂബിൽ ഈ ഗാർഡനുതന്നെ വൺ മില്യൺ ഫോളോവേഴ്സ് ഉണ്ട്.അതിൽ നിന്നാണ് അമ്മ ഒരു ദാക്ഷിണ്യവും ഇല്ലാതെ പൂക്കൾ ഇറുത്തിരിക്കുന്നത് അവൾക്ക് കാലിൻ്റെ പെരുവിരൽ മുതലങ്ങ് ദേഷ്യം ഇരച്ചു കയറി. മക്കളെക്കാളും ഭംഗിയിൽ കൊണ്ടു നടക്കുന്നവയാണ്. ഇതങ്ങനെ വിട്ടാൽ പറ്റില്ല.
"അമ്മ ആരോട് ചോദിച്ചിട്ടാ ഇതിൽ നിന്ന് പൂക്കളൊക്കെ പറിച്ചത്".
"മോളേ... ഞാൻ പൂവിടാൻ വേണ്ടി, ഓണമല്ലേ അപ്പോ, കുറച്ചേ പൊട്ടിച്ചുള്ളു"
അവരുടെ സ്വരം പാതി ഉടഞ്ഞു.അമ്മയുടെ നിസ്സഹായവസ്ഥ കണ്ടപ്പോൾ ശ്യാമിൻ്റെ ഉള്ളം നീറി. ആ നീറ്റൽ വാദമായി പുറത്തുചാടി.
''പോട്ടെടി അമ്മ മൊത്തം പറിച്ചില്ലല്ലോ? രണ്ടോ മൂന്നെണ്ണമല്ലേ! അല്ലേലും മൊട്ടുകൾ ഇനിയും ഉണ്ടല്ലോ, വിരിയാൻ''
"ദേ, ശ്യാമേട്ടാ മിണ്ടാതെ നിന്നോണം. ഞാനങ്ങനെ നോക്കി വളർത്തുന്നതാ, അതിൽ നിന്നാ ഒരു ദയയും ഇല്ലാതെ...'' ഉള്ളിൽ നുരഞ്ഞ അമർഷം കെട്ടടങ്ങാതെ ഗീത പിന്നെയും വാക്കുകൾ ഉതിർത്തു.
അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവനാകെ വിഷമമായി. ഗീതയോട് കയർത്തിട്ട് കാര്യമില്ല. ഒന്നും മിണ്ടാതിരിക്കുന്നതാണ് ഉചിതം. അവനമ്മയുടെ അരികിലേക്ക് ചെന്ന് ആ ദേഹത്തെ നെഞ്ചോട് ചേർത്തു. അപ്പോഴേക്കും അമ്മയുടെ മനസ്സും, കണ്ണും കരഞ്ഞു തുടങ്ങിയിരുന്നു. അവനത് കണ്ടപ്പോൾ സഹിക്കാൻ പറ്റാതായി.അമ്മയേയും ചേർത്തു പിടിച്ച് വണ്ടിക്കരികിലേക്ക് നടന്നു. ചോദ്യഭാവത്തിൽ നോക്കുന്ന ആ കടാക്ഷത്തെ അവൻ പാടെ അവഗണിച്ചു.
"അമ്മ വണ്ടീ കയറ്''
''എവിടേക്കാ മോനേ..."
"അതൊക്കെ പറയാം കയറ്''
കൂടുതലൊന്നും പറയാതെ അമ്മ വണ്ടിയിലേക്ക് കടന്നിരുന്നു. അപ്പോഴേക്കും അവൻ്റെ മക്കൾ കൂടി അമ്മമ്മക്കൊപ്പം ചാടി കയറി സീറ്റിലേക്കിരുന്നു.
"അച്ഛാ...അമ്മ വരുന്നതിനും മുന്നേ വേഗം വണ്ടി വിട്".
മക്കളുടെ പരവേശം കണ്ടപ്പോൾ അവന് ചിരി പൊട്ടി. അതു കണ്ടപ്പോൾ നിറഞ്ഞ കണ്ണുകൾ ഒപ്പി അമ്മയും പുഞ്ചിരിച്ചു.
"അമ്മയെന്തിനാ അച്ഛമ്മയെ വഴക്കു പറഞ്ഞത്" ഇളയ ആളുടെ സംശയത്തിന് മൂത്തയാൾ ഉത്തരം കൊടുത്തു.
"അത് അച്ഛമ്മ ; അമ്മേടെ ഗാർഡനിൽ നിന്ന് പൂക്കൾ പറിച്ചിട്ടല്ലേ?"
"അതിന് പൂവിടാനല്ലേ!അച്ഛമ്മേടെ തറവാട് വീട്ടിൽ പോകുന്ന സമയം നമ്മളെല്ലാം എന്തോരം പൂക്കള് പറിക്കുകേം ഇടുകേം ചെയ്തിട്ടുണ്ട്". മക്കളുടെ കലപിലകൾ കേട്ട് ഭാനുവമ്മ സീറ്റിലേക്ക് ശാന്തമായി ചാരിയിരുന്ന് കണ്ണടച്ചു. ശ്യാം പതിയെ വണ്ടി മുന്നോട്ടെടുത്തു.
ഭാനുവമ്മയുടെ ഉള്ളിൽ ഭർത്താവ് രാമേട്ടൻ ഉള്ള കാലത്തെ ഓണക്കാലം തെളിഞ്ഞു. കർക്കിടകത്തിനു ശേഷം പിറക്കുന്ന ശ്രാവണമാസം താനും, രാമേട്ടനും രണ്ട് മക്കളും, പെങ്ങളും അവരുടെ കുട്ടികളും എല്ലാരും കൂടി അത്തം തൊട്ട് തിരുവോണം വരെ എന്തൊരു ആഘോഷമായിരുന്നു ചുറ്റുവട്ടത്തെ പറമ്പിൽ നിന്നൊക്കെ കുട്ടികൾക്കൊപ്പം പൂക്കൾ ശേഖരിക്കാൻ മുതിർന്നവരെല്ലാം കൂടും. പൂക്കളെല്ലാം പറിച്ചെടുത്ത് ഒറ്റ കൂടയിൽ നിക്ഷേപിക്കും പിന്നെ വൈകുന്നേരം ആകുമ്പോൾ അതൊക്കെ വേർതിരിച്ച് വെക്കുന്ന പണി കുട്ടികൾക്കാണ്. പിറ്റേ ദിവസം ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസം കണക്കാക്കി ഒരോ വട്ടം പൂവിടൽ. എന്തൊരു രസമായിരുന്നു.തിരുവോണത്തിൻ്റെ അന്ന് വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് പൂവിട്ടതിന് ശേഷം സദ്യയുണ്ടാക്കുന്ന തിരക്കാണ്. എല്ലാവരും ഒന്നിച്ച് ആൺ പെൺ വ്യത്യാസമില്ലാതെ... ഓ, ഇപ്പോഴോ ഇന്നലെയോ മറ്റോ മരുമോള് പറഞ്ഞത് കാതുകളിൽ ഇരച്ചെത്തി.
"ശ്യാമേട്ടാ... ടൗണിൽ റെഡിമെയ്ഡ് ഓണസദ്യ കൊടുക്കുന്നുണ്ടത്രേ തിരുവോണത്തിന്; എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ. നമുക്കതൊന്ന് വാങ്ങിയേക്കാം. ബുക്ക് ചെയ്യാൻ മറക്കല്ലേ'' എന്ന്. ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ഒരു കാര്യം. ഭക്ഷണമുണ്ടാക്കുന്ന ആ സമയം കൂടി ഫോണും തോണ്ടി ഇരിക്കാലോ? ആഹ് ആരോട് പറയാൻ അറിയാതെ അവരുടെ ഉള്ളിൽ നിന്നും ഒരു നിശ്വാസം പുറത്ത് ചാടി. അതൊരു കാലം രാമേട്ടൻ പോയതോടെ തൻ്റെ ഓണവും, വിഷുവും പടി കടന്നു. മോളുടെ വിവാഹം കഴിഞ്ഞതോടെ മകൻ്റെ ഒപ്പമായി താമസം അതോടെ തറവാടുമായിട്ടും അകലം വന്നു. ഇനിയൊരിക്കലും ആ പഴയ കാലത്തേക്ക് പോവാനാവില്ലെന്ന് അറിയാം. വീണ്ടും ഓരോന്ന് ചിന്തിച്ചപ്പോഴേക്കും വണ്ടിയുടെ സ്പീഡ് കുറഞ്ഞതുപോലെ തോന്നി. പുറത്തേക്ക് മിഴികൾ നട്ടപ്പോൾ കണ്ടു. നിരത്തു വക്കിൽ മഞ്ഞയും, വെള്ളയും, ഓറഞ്ചും ,വേറെ പല നിറങ്ങളിലും നിരത്തിവച്ചിരിക്കുന്ന പൂക്കൾ. മനസ്സിൽ സന്തോഷം തിരതല്ലി.
"അമ്മേ... ഇറങ്ങ് "
"അച്ഛാ ; ഞങ്ങൾ കൂടി...''
''ഇറങ്ങുന്നതൊക്കെ കൊള്ളാം അടങ്ങി ഒതുങ്ങി നിന്നോണം"
സമ്മതിച്ച മട്ടിൽ രണ്ടു പേരും തലയാട്ടി പുറത്തിക്കിറങ്ങി.
കൈ പിടിച്ച് അമ്മയേയും പുറത്തേക്കിറക്കി.
''ഒരുപാട് പൂക്കളുണ്ട്, അമ്മക്ക് ഇഷ്ടമുള്ള പൂക്കൾ വാങ്ങിക്കോ?'' അതിശയത്തോടെ അമ്മയവൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഓരോ പൂക്കളുടെ അരികിലേക്കും ചെന്നു. പിന്നെ സംശയത്തോടെ അവനോട് അടക്കത്തിൽ ചോദിച്ചു.
"ശ്യാ മൂട്ടാ... ഇവിടെ കാക്കപ്പൂവും, കൃഷ്ണകിരീടമൊന്നും ഇല്ലല്ലോ?''
"എൻ്റെ അമ്മാ...അതൊക്കെ നാട്ടിൻ പുറത്തല്ലേ! ഈ ടൗണിൽ എവിടെയാ അതൊക്കെ. അമ്മ തൽക്കാലം ഈ പൂക്കളൊക്കെ വാങ്ങ്".
മനസ്സില്ലാ മനസ്സോടെ അവർ ഓരോ പൂക്കളമെടുത്ത് മൂക്കിനോട് അടുപ്പിച്ചു. ഭംഗിയുണ്ട് എന്നല്ലാതെ ഒന്നിനും മണം പോലും ഇല്ല.വെറും കടലാസ് പൂക്കൾ പോലെ...
"ഇതൊക്കെ ഒരു മാതിരി മണമില്ലാത്ത കടലാസ്സു പൂ പോലെ ഇണ്ട്''.
"ഇതൊക്കെ തമിഴ്നാട്ടിൽ നിന്ന് വരുന്നതല്ലേ, കൊറോണ ആയിട്ടു കൂടി ഇത്രയെങ്കിലും പൂക്കൾ വന്നതു തന്നെ നമ്മുടെ ഭാഗ്യാണ്".
അതു വരെ അമ്മയുടെ മുഖത്തുദിച്ച സന്തോഷം പെട്ടെന്ന് മാഞ്ഞത് ശ്യാം ശ്രദ്ധിച്ചു. പൂക്കൾ തിരഞ്ഞെടുക്കാതെ വണ്ടിയിലേക്ക് കയറാൻ തുനിഞ്ഞ അമ്മയെ അവൻ തടഞ്ഞു.
അവസാനം ശ്യാമിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കുറച്ച് പൂക്കൾ അമ്മ സെലക്ട് ചെയ്തു. തൂക്കി വാങ്ങിയ പൂക്കളുമായി വണ്ടിയിലേക്ക് കയറുമ്പോൾ അവനമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയുടെ മുഖമപ്പോൾ മറ്റൊരു കടലാസ്സു പൂവിനെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.