mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Jinesh Malayath)

 മധ്യവേനലവധിക്ക് അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതാണ് വിനു. പതിവ്പോലെ അമ്മാവന്മാരുടെ മക്കളും അയൽ പക്കത്തെ കുട്ടികളുമായി ഒരു പട തന്നെയുണ്ട് വിനുവിനെ വരവേൽക്കാൻ. 

ഒറ്റ പ്രശ്നമേയുള്ളൂ. കൊറോനയും ലോക് ഡൗണും കാരണം പുറത്തുപോകാൻ സമ്മതിക്കില്ല. എന്നാലും കുഴപ്പമില്ല. പറമ്പും തെങ്ങിൻതോപ്പുമായി തറവാട്ടിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്.
ഒരു കാര്യം അപ്പോഴാണ് വിനു ശ്രദ്ധിച്ചത്. അപ്പുറത്തെ പറമ്പിൽ വാടകക്ക് താമസിക്കുന്ന തമിഴത്തിക്കുട്ടി മാലതിയെ കാണുന്നില്ല. "നമ്മുടെ അണ്ണാച്ചി എന്തിയേ?" വിനു സുഹൃത്തുക്കളോട് ചോദിച്ചു. ആർക്കും വ്യക്തമായ ഒരു ഉത്തരം അറിയില്ല. അവൾ വരാറില്ല അതുതന്നെ. വിനുവിന് ഒരു ചെറിയ വിഷമം തോന്നി. അവന് അവളോട് ഒരു ചെറിയ ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു.

രാത്രി ഭക്ഷണം കഴിഞ്ഞ് കോലായിലിരിക്കുമ്പോൾ അവൻ മുത്തശ്ശിയുടെ അടുത്ത് കാര്യമവതരിപ്പിച്ചു.

"അതേയ് മുത്തശ്ശി, നമ്മുടെ മാലതി എന്താ ഇപ്പോ കളിക്കാൻ വരാത്തെ?
"അതോ?അവളുടെ അച്ഛനില്ലേ ആ തമിഴൻ, അവൻ എന്നും കുടിച്ചുവന്ന് ബഹളമുണ്ടാക്കും. വല്ലാണ്ട് കൂടിയപ്പോൾ മുത്തശ്ശൻ അവനെ ജോലിയിൽ നിന്ന് പുറത്താക്കി. അവനോടും കുടുംബത്തോടും ഈ വളപ്പിനുള്ളിലേക്ക് കയറരുതെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പൊ ആരും പണിക്കും വിളിക്കാറില്ലത്രേ. ഒന്ന് അനുഭവിക്കട്ടെ." വിനുവിനെന്തോ ആ ശിക്ഷാവിധിയിൽ വലിയ മഹത്വമൊന്നും തോന്നിയില്ല. അയാൾ കാണിച്ചതിന് മാലതിയും അമ്മയും എന്തുപിഴച്ചു?

അന്ന് രാത്രി വിനുവിന് ഉറക്കം വന്നില്ല. മാലതിയുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടുണ്ടാവുമോ? ഉണ്ടെങ്കിൽ ഒന്നു വന്ന് കാണേണ്ടതല്ലേ. പക്ഷെ അവരെ വിലക്കിയതല്ലേ. എന്തു വന്നാലും ശരി നാളെ അവളെ ഒന്നു പോയി കാണണം. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ അവനൊന്നുറങ്ങിപ്പോയി.
കാലത്തേ തന്നെ എണീറ്റ് കുളിയും കഴിഞ്ഞ് നല്ല ഷർട്ടും ട്രൗസറുമെല്ലാം ധരിച്ച് അവൻ റെഡിയായി.
"വിനൂ എങ്ങോട്ടാ രാവിലെതന്നെ" മുത്തശ്ശിയാണ്.
"എങ്ങോട്ടുമില്ല മുത്തശ്ശി, ഞാനേ അമ്പലത്തിലൊന്ന് പോയിവരാം"
"മാസ്‌ക് ഇട്ടിട്ട് പൊയ്ക്കോളൂ. വേറെ എവിടെയും ചുറ്റിത്തിരിയരുത് ,നേരെ ഇങ്ങോട്ട് പൊന്നോളണം. മോശം കാലമാണ്. എവിടന്നാ എപ്പോളാ കിട്ട്വാന്നൊന്നും പറയാൻ പറ്റില്ല്യ "
കേട്ട പാതി വിനു ഓടി അമ്പലത്തിലെത്തി. കൊറോണ കാരണം പുറത്തുനിന്നുള്ളവർക്കൊന്നും പ്രവേശനമില്ല. തറവാട്ടിലുള്ളവർ മാത്രമാണ് അവിടെ തൊഴാൻ വരാറ്.
വേഗം പ്രദക്ഷിണമെല്ലാം തീർത്ത് പുറത്തിറങ്ങി മാലതിയുടെ വീട് ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. ദൂരെ നിന്നേ കണ്ടു ഒരു വലിയ പറമ്പിന്റെ ഓരത്തായി കോഴിക്കൂടുപോലത്തെ ഒരു വീട്!മുറ്റത്തൊന്നും ആരേയും കാണുന്നില്ല. ഓലക്കീറുകൾക്കിടയിലൂടെ അവൻ ഉള്ളിലേക്ക് പാളി നോക്കി. ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന തമിഴനെയാണ് അവൻ കണ്ടത്. അവന്റെ കണ്ണുകൾ മാലതിയെ തിരഞ്ഞു.

"അമ്മാ വിശക്കുന്നു" അടുക്കളയിൽ നിന്നും അവളുടെ ശബ്ദം!വിനു പതുക്കെ എത്തിനോക്കി. പട്ടിണി കിടന്ന് ആകെ എല്ലും തോലുമായ രണ്ട് മനുഷ്യരൂപങ്ങൾ. തിരിച്ചു നടക്കുമ്പോൾ വിനുവിന്റെ മനസ്സാകെ കലുഷിതമായിരുന്നു. മൂന്നു ജന്മങ്ങളാണ് കണ്മുന്നിൽ തീരാൻ പോകുന്നത്. ഇത്രയും ദിവസങ്ങളായിട്ടും ആരും അവരെ അന്വേഷിച്ചു ചെല്ലാത്തത് അവന് അദ്ഭുതമായി തോന്നി. വിപത്തുകൾ മനുഷ്യനെ എത്ര പെട്ടെന്നാണ് സ്വാർത്ഥരാക്കുന്നത്? അറിയപ്പെടുന്നവർക്ക് സഹായങ്ങൾ വാരിക്കോരി നൽകുമ്പോൾ ഇതുപോലെ എത്ര ജന്മങ്ങൾ? നമ്മുടെ പരജീവി സ്നേഹം വെറും പ്രഹസനമാണെന്നവന് തോന്നി. വീട്ടിലെത്തിയ ഉടനെ അവൻ ആരും കാണാതെ കുറച്ച് അരിയും സാധനങ്ങളും മറ്റും എടുത്ത് അവരുടെ വീടിന് മുന്നിൽ കൊണ്ടുവെച്ചു. അവരുടെ മുഖത്തെ ആ സന്തോഷം അവന്റെ മനസ്സ് നിറച്ചു. പക്ഷെ എത്രനാൾ? തനിക്ക് തിരിച്ചു പോവാറായിരിക്കുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. റോഡിൽ ഒരു വാഹനത്തിന്റെ ശബ്ദം! അച്ഛന്റെ കാറായിരിക്കും എന്നു കരുതി എത്തിനോക്കിയ അവൻ കണ്ടത് ഒരു പോലീസ് ജീപ്പാണ്. പെട്ടന്ന് അവന്റെ മനസ് പിടഞ്ഞുണർന്നു. അവൻ അവരെ ലക്ഷ്യമാക്കി ഓടി. കുറേ പിന്നാലെ ഓടിയെങ്കിലും ഒടുവിൽ അവരെ തടഞ്ഞു നിർത്തി ഒറ്റശ്വാസത്തിൽ അവൻ കാര്യങ്ങളവതരിപ്പിച്ചു. തിരിച്ചു വീട്ടിലെത്തുമ്പോൾ കൊറോണക്ക് പുറത്തിറങ്ങിയത്തിനുള്ള ശിക്ഷകൾ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവൻ ചിരിച്ചു! മനസ്സ്‌നിറഞ്ഞ്...
അച്ഛന്റെ കൂടെ കാറിൽ കയറാനൊരുങ്ങുമ്പോൾ അപ്പുറത്തെ പറമ്പിൽ ഒരു ആംബുലൻസ് കിടക്കുന്നതു കണ്ടു. അവൻ ഓടി പടിക്കലെത്തി. ആംബുലൻസിലേക്ക് കയറാനൊരുങ്ങുകയായിരുന്ന മാലതിയുടെ അമ്മ അവനെ നോക്കി ചിരിച്ചു. അതു മതിയായിരുന്നു, അവന്റെ ജന്മം സ്വാർഥകമാവാൻ!
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ