മഞ്ഞക്കറപുരണ്ട പല്ലുകാട്ടി അയാൾ വെളുക്കെ ചിരിക്കാൻ ശ്രമിച്ചു. മാനുഷീക പരിഗണന പോലും കാട്ടാതെ സാവിത്രി തല വെട്ടിച്ച് അകത്തേക്ക് കയറി.
"അവളല്ലേലും അങ്ങനാ സ്നേഹക്കൂടുതൽ കൊണ്ട് കയറിപ്പോയതാ അകത്തേക്ക്, ഇനി അവള് പറഞ്ഞതിലെന്താ തെറ്റ് ഇത്തിരി മെനയോടെ നടന്നാലെന്താല്ലേ?"
ശരി ഇത്തിരി കൂടി മെന വരുത്തിക്കളയാം. വീടിൻ്റെ വരാന്തയിലെ നരച്ച ചുമരിൽ ആണിയിൽ തറപ്പിച്ചു വച്ചിരുന്ന കണ്ണാടിയെടുത്ത് അയാൾ വെറുതെ മീശ പിരിച്ചിരുന്നു, കുഴപ്പമില്ല. പല്ലുകൾ ചേർത്ത് പിടിച്ച് ഇളിച്ചു കാട്ടി. കുഴപ്പമുണ്ട്, അവളു പറഞ്ഞതു നേരാ ഇച്ചിരി മെനേല് നടന്നാൽ എന്താ കുഴപ്പം, ഇപ്പോ ശരിയാക്കിത്തരാം. അയാൾ മുറ്റത്ത് വീണ മാവില നെടുകെ കീറി നടുവിലെ നാര് കളഞ്ഞ് ചേർത്ത് വച്ച് മടക്കാൻ തുടങ്ങി
"അത് കൊണ്ട് ഒരച്ചാലൊന്നും പോവൂലെൻ്റെ മനുഷ്യാ, ദാ ഇതിട്ടൊരച്ചാല് എന്തേലും നടക്കുഓന്ന് നോക്ക്."
മുറ്റത്ത് അവൾ വലിച്ചെറിഞ്ഞ 'ഇത്' അയാൾ കുനിഞ്ഞെടുത്തു. ചെത്തി മിനുക്കിയെടുത്ത ചേരിപ്പാണ്ട. മഞ്ഞനിറത്തിലുള്ള പല്ലുകൾ വികൃതമായി അയാളെ നോക്കി കൊഞ്ഞനം കുത്തി. വെറുതെ മെനക്കെടുകയാണെന്നയാൾക്കറിയാം പക്ഷേ അവളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഇങ്ങനെ ചില നാടകങ്ങളൊക്കെ വേണം. ഉരച്ചുരച്ച് നൊണ്ണുപൊട്ടി ചോരവരാൻ തുടങ്ങിയപ്പോഴാണ് അവളൊന്നടങ്ങിയത്.
"തൊന്നും ഇപ്പം നോക്കീട്ട് കാര്യല്ല."
അവൾ കെറുവെച്ചു.
"ങ്കി ഇതൊക്കെ നോക്കി നല്ല മെനയുള്ളൊരുത്തനെ കെട്യാപ്പോരേരുന്നുആ എന്തിനാ എൻ്റെ പിന്നാലെ കയറും പൊട്ടിച്ചോടിയത്."
"അങ്ങനെത്തന്യാ വിചാരിച്ചിരുന്നേ ക്ഷേ ൻ്റെ തന്തയ്ക്ക് നിങ്ങളെ ഒരുത്തനെയല്ലേ ബോധിച്ചുള്ളൂ"
സാവിത്രിയും വിട്ടു കൊടുക്കാനുള്ള ഭാവമില്ല. അയാളോർത്തു
"പെരുമാളാശാൻ പോന്നേനും മുന്നെ ഇവളെൻ്റെ കയ്യിൽത്തന്നതാണ്."
അന്നവൾക്ക് ഇരുപത് വയസ്സായിരുന്നു. ഉള്ളതെല്ലാം വിറ്റുപൊറുക്കി നാടുവിട്ട് അന്യനാട്ടിലേക്ക് വരുമ്പോൾ സ്വന്തമെന്ന് പറയാൻ പെരുമാളിന് ആ കൈക്കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രസവത്തോടെയുള്ള ഭാര്യയുടെ മരണവും തുടർച്ചയായുള്ള കൃഷി നാശവും അയാളെ ആ നാടിനെ വെറുക്കാനിടയാക്കി. നാട്ടിൽ നിന്നും തനിക്കു മുന്നേ കൂടിയേറിയ മണിയും, മുനിച്ചാമിയും അയാളെക്കാത്തിരിപ്പുണ്ടായിരുന്നു. അതിനും ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ അവർക്കൊപ്പം ചേർന്നത്.
സാവിത്രീ പാരായണമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്
"ങനിരിക്കാതെൻ്റെ മനുഷ്യാ അടുക്കളേല് ഒന്നുമില്ല, കുഞ്ഞിന് കൊടുകാനുള്ള പൊടിപോലും തീർന്നിരിക്യ. ഇന്നലെ പൊലരും വരെ പണിയെടുത്തിട്ടും ഇങ്ങക്കൊന്നും കിട്ടീല്ല്യേ?."
അവൾ മുഖം വീർപ്പിക്കാനും കണ്ണു നിറയ്ക്കാനും തുടങ്ങി,
"മുരുഗാ"
അയാൾ തലയിൽ കൈ വച്ചു, അടുത്തത് നെഞ്ചത്തടിച്ച് അടുക്കളയിലേക്കുള്ള ഓട്ടമാണ്, അവിടെയുള്ള പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞാലേ ഈ നാടകം അവസാനിക്കൂ.
"എടിയേ ൻ്റെ പൊന്നേ രങ്കനൊന്നുവന്നോട്ടെ, അവനല്ലെ നമ്മടെ കോൺട്രാക്ടർ, ഇന്നലത്തെ വട്ടച്ചെലവിനുള്ള കാശ് മറിച്ചപ്പോ ബാക്കിത്തരാൻ അവൻ്റേല് ചില്ലറ ഇല്ലാണ്ട് പോയി."
വിഷണ്ണനായിക്കൊണ്ട് അയാളങ്ങനെ പറഞ്ഞപ്പോൾ അവൾ അലിവോടെ കനിഞ്ഞു. കൂട്ടത്തിൽ അയാളുടെ പക്ഷം പിടിക്കാനെന്നോണം കുഞ്ഞ് കൺമണി ഉണർന്ന് കരയാൻ തുടങ്ങി.
അയാൾ വെറുതെ താടിക്ക് കയ്യും കൊടുത്ത് കുന്തിച്ചിരുന്നു. ചിന്തകൾ കടവാതിലുകളെപ്പോലെ പറന്ന് വന്നു. ഇരുട്ടു പറ്റിയാൽ അയാളും അവയെപ്പോലാണ്... രാത്രിയുടെ ജാരക്കണ്ണുകളിൽപ്പെടാതെ പ്രാരാബ്ധങ്ങളുടെ വെളിച്ചം നയിക്കും. ഒട്ടും മടിയില്ലാതെ അയാൾ പണിക്കിറങ്ങും...
"മണി പന്ത്രണ്ടാകുന്നു. നിങ്ങളുടെ രങ്കൻ ഇപ്പഴെങ്ങാനും വരുഓ."
അവള് വീണ്ടും ഒച്ചയിടുകയാണ്.
"ഞാനൊന്ന് പോയി നോക്കട്ടെ നീയാ മഞ്ഞ ഷർട്ടിങ്ങെടുത്തേ."
"മഞ്ഞ കേട്ടും കണ്ടും മടുത്തു. ആ ഷർട്ട് ഞാനെടുത്തെരിച്ചു കളയും."
"ങാ, അതീത്തൊട്ടാലുണ്ടല്ലോ, അവസാനം വരെ വേണം എരിയുമ്പോളും അത് കൂടെ വേണം..."
അയാൾ കപടഗൗരവത്തോടെ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വല്ലാതെ വിളറിയതായിക്കണ്ടു. അതു ശ്രദ്ധിക്കാത്ത മട്ടിൽ നടന്നു നീങ്ങുമ്പോൾ അയാളോർത്തത് മഞ്ഞയെക്കുറിച്ചു മാത്രമായിരുന്നു. അയാൾക്ക് മഞ്ഞയാണെല്ലാം. ഓർമ്മ വച്ച നാൾ മുതൽ തനിച്ചായിരുന്നു. മൂസ്സതിൻ്റെ ചായക്കടയിലെ എച്ചിൽപ്പാത്രങ്ങൾക്കു നടുവിൽ, അവിടെ താൻ എങ്ങനെ വന്നു പെട്ടു എന്ന് മൂസ്സതിന് തന്നെ നിശ്ചയമില്ലായിരുന്നു. കഴുകിയാലും കഴുകിയാലും തീരാത്ത ചെമ്പു പാത്രങ്ങൾ. പാതിരാത്രി വരെ ഉരയ്ക്കണം. സമയത്തിന് കിട്ടുന്ന ഭക്ഷണം ആ പത്ത് വയസ്സുകാരനെ അവിടെ തളച്ചിട്ടു. അവളെ കാണുവോളം അവനാ കൊട്ടത്തളത്തിൽ കിടന്നുറങ്ങി.
അന്നൊരു മഴയുള്ള തിങ്കളാഴ്ചയായിരുന്നു. ഒരാൾ... ആരോ ഒരാൾ... ഏതോ ഒരാൾ... മകളെയും ചുമലിലെടുത്ത് രാവിലെ ചായ കുടിക്കാനിറങ്ങി, ഉച്ചയ്ക്ക് ഊണിന് വന്നു. അത്താഴത്തിന് കണ്ടില്ല. അവന് നിരാശ തോന്നി. പിറ്റേന്നും, അതിനു പിറ്റേന്നും അതു തന്നെ ആവർത്തിച്ചു. ഒരു ദിവസം പെട്ടെന്ന് ഞങ്ങൾക്ക് ഒപ്പം കൂടുന്നോ എന്ന് ചോദിച്ചപ്പോൾ മൂസ്സതിൻ്റെ ചുളിഞ്ഞ പുരികം വകവയ്ക്കാതെ ഇറങ്ങി. അന്നേരം ആശാൻ അവനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ കരിമ്പനടിച്ച ആ പഴയ ബനിയൻ അവിടെ കൊട്ടത്തളത്തിൽ ഉപേക്ഷിക്കണമെന്ന്. പകരം പുത്തനൊരു മഞ്ഞ ഷർട്ട് അവനായി കരുതീരുന്നു അയാൾ. അതിട്ട് അയാളുടെ കൂടെക്കൂടീട്ട് വർഷം ഇരുപത്തഞ്ചു കഴിഞ്ഞു. ഇപ്പഴും പുത്തനൊരു കുപ്പായം വേണമെന്ന് തോന്നിയാൽ ആദ്യം കണ്ണെത്തുന്നത് മഞ്ഞയിൽ ത്തന്നെയായിരിക്കും. ഒന്നു രണ്ട് മഴത്തുള്ളികൾ സുദേവൻ്റെ കൈത്തണ്ടയിൽ ഇറ്റിയപ്പോഴാണ് ചിന്തകൾ ചിറകടിച്ച് ദൂരേക്ക് പറക്കാൻ തുടങ്ങിയത്. പ്രതീക്ഷിച്ചപോലെ
കുമാരേട്ടൻ്റെ ചായപ്പീട്യേല് രങ്കനുണ്ട്.
"ടാ, ഞാനങ്ങോട്ട് വരാനിരിക്കുവായിരുന്നു, ഇന്നലെ കുറച്ചോവറായോന്ന് സംശയം എണീക്കാൻ വൈകി. ദാ പിടിച്ചോ നിന്റെ 1500 ക."
അതും വാങ്ങി മിണ്ടാതെ പലചരക്ക് പീടികയിലേക്ക് നടക്കുമ്പോൾ വീണ്ടും അവൻ്റെ വിളി
"സുദൂ, മറക്കണ്ട ഇന്ന് മടക്കരയാ രാവിലേ വരാമ്പറ്റു പിന്നേ ഞാനില്ലാട്ടാ, അമ്മായച്ഛൻ വിളിച്ചിന് ഓള് അഡ്മിറ്റായീന്ന്."
കൈവീശി അവനങ്ങു പോയപ്പോൾ സുദേവൻ വെറുതെ നോക്കി നിന്നു. സാവിത്രിയെ ഓർത്തപ്പോൾ കാലുകൾക്ക് വേഗത കൂടി. സാധനങ്ങളെല്ലാം കടക്കാരനെടുത്തു വയ്ക്കുമ്പോൾ അയാളൊരോരം ചേർന്ന് നിന്നു. സുദേവന് എല്ലാത്തിനേയും ഭയമായിരുന്നു. ആളുകളുടെ നോട്ടത്തെ, ഉറക്കെയുള്ള സംസാരത്തെ, പിറുപിറുക്കലിനെ...
കടക്കാരൻ പറ്റുകാശു തീർക്കട്ടേന്ന് ചോദിച്ചപ്പോൾ നാളെയാവട്ടേന്നവൻ മറുപടി കൊടുത്തു. വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ച് സേതുവിനെക്കണ്ടു. അവൻ്റെ പുച്ഛച്ചിരിയിൽ സ്വയം ഉരുകി ഇല്ലാതാവുന്നതുപോലെ തോന്നി. ഈ നാടും വിട്ട് എങ്ങോട്ടെങ്കിലും പോയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ ഇവിടെയാണ് അയാൾ ജനിച്ചത്, വളർന്നത്... ഇവിടെത്തെ വെള്ളമാണ് അയാൾ കുടിച്ചത്, ഇവിടെത്തെ കാറ്റിൽ അയാളുടെ ജീവവായു അലിഞ്ഞു ചേർന്നിരുന്നു... വയ്യ, മറ്റുള്ളവർക്ക് വേണ്ടിയല്ല ഞാനെനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മനുഷ്യത്വം എത്ര തന്നെ വളർന്നാലും ഒരു തോട്ടിയെ വിളിച്ച് കൂടെയിരുത്താനും, തോളിൽ കയ്യിട്ട് കുശലമന്വേഷിക്കാനും മാത്രം ഉയർന്നിട്ടില്ല.
അയാളെ ഈ പണി പഠിപ്പിച്ചത് ആശാനാണ്. പത്താം ക്ലാസ്സ് റിസൽട്ട് വന്നപ്പോൾ കൂട്ടുകാർക്ക് മിഠായി വാങ്ങാൻ കാശ് തന്ന് ആശാൻ അവനോട് ഇനിയും പഠിക്കാൻ പറഞ്ഞു. ആ സന്തോഷം പങ്കുവയ്ക്കാൻ കൂട്ടുകാരെ വിളിച്ചപ്പോൾ സേതുവാണത് പറഞ്ഞത്
"അവൻ്റീന്ന് വാങ്ങണ്ട അവനെ കക്കൂസ് നാറും, ആർക്കറിയാം രാത്രീല് ഇവനും അവരോടൊപ്പം തോട്ടിപ്പണിക്കെറങ്ങീറ്റുണ്ടോന്ന്,നാണല്ല്യാത്തോൻ."
എന്നിട്ടും പിൻവാങ്ങീല്ല, ക്ഷേ തോൽക്കേണ്ടി വന്നു. ജാതിയും മതവും കുലവും, മഹിമയും ... ഒന്നും അയാൾക്കറിയില്ലായിരുന്നു. ഒരു റേഷൻ കാർഡിൽപ്പോലും പേരില്ലാതെ ജീവികുന്ന ഒരു മാലിന്യമായിരുന്നൂ താൻ എന്ന തിരിച്ചറിവിൽ ആദ്യമായി അയാളാപ്പണിക്കിറങ്ങി.
നീ ഞങ്ങളുടെ കൂട്ടത്തിൽ കൂടേണ്ടവനല്ലെന്ന് ആശാൻ പലയാവർത്തി പറഞ്ഞു. ചതുപ്പിലേക്ക് ഇറങ്ങിയാൽപ്പിന്നെ തിരിച്ചൊരു കയറ്റമില്ല, ആഴത്തിലേക്ക്... താഴ്ന്നു കൊണ്ടിരിക്കും. പിടിച്ചു കയറ്റാൻ വരുന്നവരൊക്കെയും ആ ചുഴിയിൽ പെട്ടുപോകും.
"സാരമില്ല ആശാനേ. ആദ്യമായി ഞാൻ മനസ്സറിഞ്ഞ് ചിരിച്ചത് ആശാൻ്റെ കൂടെക്കൂടിയെപ്പിന്നാ. സ്നേഹം എന്താണെന്ന് എനിക്ക് കാട്ടിത്തന്നത് ആശാനും, മണിയണ്ണനും, രങ്കനും, മുനിച്ഛാമിയും, സാവിത്രിയും ഒക്കെയാണ്. നിങ്ങളില്ലാത്തൊരു ലോകം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല."
സുദേവൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പിന്നീടതൊരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറിയപ്പോൾ ആശാൻ അയഞ്ഞു.
സാവിത്രിക്ക് കൂട്ടായി വീട്ടിലിരുന്ന് മടുക്കെ ഒരു ദിവസം ആശാൻ വന്നു പറഞ്ഞു.
"ഇന്ന് തൊട്ട് അഞ്ച് ദിവസം നീ പണികാണാൻ പോര്. ശേഷം നിനക്ക് പറ്റുമെങ്കിൽ മാത്രം ചെയ്താൽ മതി. വളരെ ആലോചിച്ചു മാത്രം തീരുമാനിച്ചാൽ മതി."
പക്ഷേ അയാൾക്ക് ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ചോദിക്കാനുണ്ടായിരുന്നത് സാവിത്രിയോടായിരുന്നു. അവൾക്കും അത് സമ്മതമായിരുന്നു.
"ഏട്ടൻ പോയ്ക്കോളൂന്ന്"
ചിരിച്ചു കൊണ്ടവൾ പറഞ്ഞു. പിന്നെ പതുക്കെ അവൻ്റെ കവിളിൽ കൈകൊണ്ട് തലോടി, എന്നും കൂടെ ഞാനുണ്ടാകുമെന്ന് പറഞ്ഞു. സുദേവന് ഇപ്പഴും ഓർമ്മയുണ്ട്
നിറയെ യൂക്കാലി മരങ്ങൾ നിറഞ്ഞ ഒരു വലീയ പറമ്പിന്റെ ഒത്ത നടുവിലായിരുന്നു ആ ഹോസ്റ്റൽ കെട്ടിടം. പഴക്കം ചെന്ന ആ ഇരുനില കെട്ടിടം ഇരുട്ടിൽ പല്ലു കൊഴിഞ്ഞൊരു കിഴവിയെ ഓർമ്മിപ്പിച്ചു. വെയ്സ്റ്റ് തട്ടാനുള്ള കുഴിയെടുക്കലായിരുന്നു രങ്കനും മണിയേട്ടനും, ആശാനും മുനിച്ചാമിയും സ്ലാമ്പ് ഇളക്കി വെച്ചു . പോകാൻ നേരത്ത് അയാളുടെ കയ്യിൽ കൊടുത്ത പൊതിക്കെട്ട് വാങ്ങി. അതിലെന്താണെന്ന് അതുവരെയയാൾ ചിന്തിച്ചിരുന്നില്ല. അഞ്ച് പൊതിച്ചോറും പിന്നെ രണ്ട് ഫുള്ളും, കൊറിക്കാൻ മിക്സ്ചറും. സ്ലാമ്പിന് ചുറ്റുമിരുന്ന് പൊതിച്ചോറഴിക്കുമ്പോൾ സുദേവന് ഛർദ്ദിക്കാൻ തോന്നി. ആശാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ആയാസപ്പെട്ട് കഴിക്കാൻ തുടങ്ങി. റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. കുപ്പികളിൽ കരുതിയിരുന്ന ആ കൊഴുത്ത വെള്ളം കുടിക്കാൻ അവരാരും സുദേവനെ നിർബന്ധിച്ചില്ല. കാഴ്ചക്കാരന് ലഹരിവേണ്ടെന്ന് പറഞ്ഞ് മണിയൻ അയാളുടെ മകൻ രങ്കനൊപ്പം കുപ്പി പങ്കിട്ടെടുത്തു.
ആശാനാണ് കുഴിയിലേക്കിറങ്ങിയത്. കരയിൽ മണിയൻ കുനിഞ്ഞിരുന്ന് കയ്യെത്തി വാങ്ങിച്ചു. ആശാന് വയ്യാതായാൽ എക്സ്പീരിയൻസ് വച്ച് അടുത്തിറങ്ങേണ്ടത് മണിയൻ തന്നെ. അതിന് മുന്നോടിയാണി കുഴിയിലേക്കുള്ള കഴുത്ത് നീട്ടിയിരുപ്പ്. കറുത്ത് കൊഴുത്ത ദ്രാവകം മുകളിലേക്കുയർത്തുമ്പോൾ അയാൾക്ക് ആശാനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ചിന്തിച്ചിരിക്കെ അത് തന്നോടു തന്നെയാണെന്നുള്ള തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കി. നീണ്ട നെടുവീർപ്പിൽ അയാൾ സ്വയം ഇല്ലാതായിപ്പോയി. റാന്തലിൻ്റെ ഇരുണ്ട വെളിച്ചത്തിൽ അയാൾക്ക് മറ്റുള്ളവരെയെല്ലാം പ്രേതങ്ങളെപ്പോലെ തോന്നിച്ചു. ഒരുപാടു നാളായി വൃത്തിയാക്കാത്തതിനാൽ ആ ടാങ്കൊരു ശവപ്പറമ്പു പോലെ നിറഞ്ഞിരുന്നു. ഒടുവിൽ പുലർച്ചെ നാലുമണിയോടെ ആ യജ്ഞം പൂർത്തിയാക്കി ആശാൻ കരയ്ക്ക് കയറി. ഉടുത്തിരുന്ന തോർത്തു മാറി പകരം ഒരു കൈലിയുടുത്തു. കൈ മറ്റൊരു തോർത്തി ഉരച്ച് സ്ലാമ്പിന് മുകളിൽ കൈകുത്തി യിരുന്നു. കുഴിമൂടി മറ്റുള്ളവരും വന്നിരുന്നു കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് വായിലേക്ക് കമിഴ്ത്തി ഒരൊറ്റ കെടത്തം. മണിയണ്ണൻ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ ഒന്നും വ്യക്തമല്ല. കൂട്ടത്തിൽ പ്രായം കുറഞ്ഞ രങ്കൻ പോലും കുടിച്ച് ലക്ക് കെട്ടിരുന്നു. ഇരുകാലുകളും സ്ലാമ്പിനിടയിലൂടെ കുഴിയിലേക്ക് താഴ്ത്തിയാണവൻ്റെ കിടപ്പ്. നേരം പുലരുകയാണ്. സുദേവനിപ്പഴും ഒരേ നിൽപ്പ് തന്നെയാണ്. ഈച്ചകളുടെ നിർത്താതെയുള്ള ആർപ്പ് ആശാൻ്റെ കാലിനടിയിൽ നിന്നാണ്. കറുത്ത മലം അയാളുടെ കാലുകളിൽ വ്രണങ്ങൾ കണക്കെ പറ്റി നിന്നു. ഈച്ചകളെപ്പായിക്കാൻ ഉറക്കച്ചടവിൽ പെരുമാൾ ഇരുകാലുകളും തമ്മിലുരസുകയാണ്, എന്നാൽ ഈച്ചകൾ പറന്നുപോയതേയില്ല പകരം കാൽപ്പാദങ്ങളിൽ നിന്നും ആ കറുപ്പ് ഇപ്പോൾ അയാളുടെ മുട്ടുകാലിൽ വരെ എത്തിയിരിക്കുന്നു.
"ഇങ്ങട്ട് മാറി നടക്കട ചെക്കാ, അവന് ആ തോട്ടിയേ പോയി മുട്ടാൻ കണ്ടുള്ളൂ ."
ഉറക്കെയുള്ള സംസാരം കേട്ടാണ് സുദേവൻ അങ്ങോട്ട് നോക്കിയത്. അപ്പോഴേക്കും അവരയാളെയും കടന്ന് പോയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ പത്ത് വയസ്സു തോന്നിക്കുന്ന ഒരാൺകുട്ടി അയാളെ ത്തന്നെ നോക്കി നിൽക്കുന്നു. അവൻ്റെ അമ്മയായിരിക്കണം തടിച്ച ഒരു സ്ത്രീ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൻ്റെ കൈത്തണ്ടയിൽ പിടിമുറുക്കിയിരിക്കയാണ്.
"ന്താ അയാളെത്തൊട്ടാൽ?, തോട്ടീന്ന്ച്ചാന്താ?"
അവൻ വിടാൻ ഭാവമില്ല.
തികട്ടി വന്ന ദേഷ്യം കടിച്ച് പിടിച്ച് ആ സ്ത്രീ ആർത്തു.
"തോട്ടീന്ന്ച്ചാ തീട്ടം കൊരുന്നാൾ ഓരെ തൊട്ടാലേ ഏഴു വെള്ളത്തീ കുളിച്ചാലും നാറ്റം പോവില്ല ഇജ്ജാദികളടുത്തൂന്ന് മഞ്ഞപ്പിത്താ പകരുആ. നീ വേണ്ടാത്തേന് നിൽക്കണ്ട. വേഗം നട"
അതും പറഞ്ഞ് ആവരാകുഞ്ഞിനെ വലിച്ചു നടത്തി.
സുദേവന് സങ്കടം വന്നു. വല്ലാതെ, വല്ലാതെ സങ്കടം വന്നു... അയാൾക്കും ഭാര്യയും കുഞ്ഞുമുണ്ട്. എല്ലാ ദിവസവും അവരയാളെ കെട്ടിപ്പിടിച്ചാണുറങ്ങുന്നത്. സൂര്യനേപ്പോലെ അയാളെ വലം വച്ചാണ് അവർ ജീവിക്കുന്നത് എന്നിട്ടിതു വരെ അവർക്കാർക്കും... ഇല്ല അയാളാരെയും മഞ്ഞപ്പിത്തം പടർത്തിക്കൊല്ലില്ല. കൂട്ടത്തിൽ ഏറ്റവും വൃത്തിയായി നടക്കുന്നത് സുദേവനാണ്. പണികഴിഞ്ഞ് വന്നാലുടനെ അയാൾ സോപ്പിട്ട് കുളിക്കും. രണ്ടോ മൂന്നോ ദിവസം കൊണ്ടൊരു കുളിസോപ്പ് തീർക്കും. അയാളുടെ തുണികൾ അയാൾതന്നെ കഴുകുമായിരുന്നു. കാലടികൾ മുഖം പോലെ വൃത്തിയാക്കിയേ അകത്തേക്ക് കയറാറുണ്ടായിരുന്നുള്ളൂ.
"നിങ്ങളെന്തേ ഇത്രീം വൈകേ സുദേട്ടാ?"
അയാളൊന്നും പറയാതെ സാധനങ്ങൾ നിറഞ്ഞ സഞ്ചി അവൾക്കു നേരേ നീട്ടി. അതും വാങ്ങി അകത്തേക്ക് നടക്കുമ്പോൾ സാവിത്രി അയാളെ വെറുതെ തിരിഞ്ഞു നോക്കി. അവളോർത്തു സുദേട്ടന് എപ്പഴും ചിന്തയാ തീരാത്ത ഭ്രാന്തൻ ചിന്തകൾ... എത്ര നേരം വേണേലും അങ്ങനെ ചിന്തിച്ചിരിക്കും.
കൺമണി നടന്നു വന്ന് അയാളുടെ മടിയിൽ വലിഞ്ഞ് കയറി ഇരുന്നു. സ്നേഹത്തോടെ അയാൾ അവളുടെ നുണക്കുഴികളിൽ ഉമ്മ വച്ചു. അവൾക്കമ്മയുടെ ഛായയാണ്. അയാൾക്ക് ആരുടെ ഛായയാണെന്ന് വെറുതെ ഓർത്തു നോക്കി. അറിയില്ല...
"അത്താ, അത്താ"
കുഞ്ഞു കണ്ണുകളിൽ കുസൃതിയോടെ കൺമണി അയാളെ വിളിക്കയാണ്.
ഉംം സുദേവൻ പതുക്കെ മൂളി.
കുനിഞ്ഞ് കൺമണിയെ കൈക്കുള്ളിലാക്കി അടുക്കളയിലേക്ക് നടന്നു. സാവിത്രീ അയാൾ നീട്ടി വിളിച്ചു.
" അച്ഛനും മോളും റെഡിയായോ നമ്മക്കൂണു കഴിക്കാം?"
വലിയൊരു പാത്രത്തിൽ ചോറു വിളമ്പി. രണ്ട് പാത്രങ്ങളിലായി കറിയും. ചെറുപ്പത്തിലേ നാടു മാറിയതു കൊണ്ടാവണം വേഷത്തിലും ഭാഷയിലും ഭാവത്തിലും എന്തിനേറെപ്പറയുന്നു ഭക്ഷണമുണ്ടാക്കുന്നതു പോലും മലയാളിയായിട്ടാണ്. അവളൊരു തമിഴ്നാട്ടുകാരിയായിരുന്നെന്ന് പറഞ്ഞാലാരും വിശ്വസിക്കില്ല.
" ചോറും മുന്നിൽ വച്ച് സ്വപ്നം കാണാൻ നിങ്ങളെക്കഴിച്ചിട്ടേ വേറാളുള്ളൂ. ൻ്റെ മനുഷ്യാ വേഗം കഴിച്ചിട്ട് കൊറച്ചേരം കെടക്കാൻ നോക്ക് ഇന്ന് നേരത്തേ പോണംന്നല്ലേ പറഞ്ഞീന്?"
"ശരിയാ ഇന്നിത്തിരി ദൂരെയാ രങ്കനില്ലാത്തോണ്ട് ന്തോ പോലെ"
"അയാളില്ലേലെനി മൂപ്പൻ നിങ്ങളാണല്ലോ രങ്കനിനി അവിടെത്തന്നായിരിക്കും മൂന്നാല് മാസം, കുട്ടീടെ നൂലുകെട്ടൊക്കെ കഴിഞ്ഞേ വരുവാരിക്കൂ."
അതിനയാൾ വെറുതെ മൂളുക മാത്രം ചെയ്തു.
വൈകുന്നേരം ചായ കുടിച്ച് ഇളംവെയിൽ കാഞ്ഞ് ഉമ്മറത്തിരിക്കുമ്പോഴാണ് മണിയണ്ണൻ വന്നത്.
"സുദു ഇന്നത്തെ സൈറ്റില് കൊറച്ച് നേരത്തെ ചെല്ലണംന്ന് അവർക്കെന്തൊ പറയാനുണ്ടെന്ന്, നീ വേഗം റെഡിയായി കവലേലോട്ടെറങ്ങ് ഞാം വണ്ടീം ആയിറ്റാട ഇണ്ടാകും."
അയാൾക്കന്നെന്തോ നല്ല മടുപ്പ് തോന്നി പോകാതെ വയ്യ ഇറങ്ങുമ്പോൾ രാവിലേ ഇനി മടക്കമുള്ളൂന്ന് സാവിത്രി യെ ഓർമ്മിപ്പിച്ചു. കുഞ്ഞു കൺമണി കൊച്ചരിപ്പല്ലു കാട്ടി അയാളെ നോക്കി പുഞ്ചിരിച്ചു. അയാൾ കൈവീശി നടന്നകന്നു.
കവലയിൽ നിന്ന് രണ്ടര മണിക്കൂറിലധികം ഓട്ടമുണ്ടായിരുന്നു ആ സ്ഥലത്തേക്ക്. ചിന്തകളുടെ ഭാണ്ഡം തുറന്ന് സുദേവൻ കണ്ണുകളടച്ചു കിടന്നു. കൺപോളകളകളിലൂടെ ആശാൻ അവൻ്റെ സ്വപ്നത്തിൽ കിതച്ചു കൊണ്ടു വന്നു. പെരുമാൾ കൈവിരലുകൾ വിടർത്തി അവനെക്കാണിച്ചു. നിറയെ മഞ്ഞയായിരുന്നു. പോകപ്പോകെ അയാളുടെ മുഖവും ശരീരവും ചിരിയും മഞ്ഞയായി മാറുന്നു. ആദ്യം പല്ലാണ് നിറം മാറുക അയാളവനെ നോക്കി ചിരിച്ചു, മഞ്ഞച്ചിരി...
"ആശാനേ..."
ഉറക്കെ നിലവിളിച്ചു കൊണ്ടയാൾ ഞെട്ടിയുണർന്നു.
ഓട്ടോ ഓടിക്കുന്നതിനിടയിൽ മണിയണ്ണൻ തിരിഞ്ഞുനോക്കി.
"ന്താ സുദേവാ വല്ല സ്വപ്നോം കണ്ടോ?"
"ഉംം"
"ദാ സ്ഥലെത്തീട്ടോ നീ എറങ്ങിക്കോ ഞാനിവനെയൊന്നൊതുക്കി വയ്ക്കട്ടേ"
അതും പറഞ്ഞയാൾ ഓട്ടോ മുന്നോട്ടെടുത്തു.
ഓട്ടോയിൽ നിന്നിറങ്ങി സുദേവൻ ചുറ്റും നോക്കി. മുൻപെങ്ങോ കണ്ടു മറന്ന സ്ഥലം. മരണം മണക്കുന്ന യൂക്കാലി മരങ്ങൾ.
"ഇത്, ഇതതു തന്നെയല്ലേ"
അയാളുടെ ആത്മഗതം തെല്ലുറക്കെയായിപ്പോയി.
"അതേ, അതു തന്നെയാണിത്. വേണ്ടാന്ന് ഞാൻ രങ്കനോട് പലയാവർത്തി പറഞ്ഞതാ പക്ഷേ അവൻ അഡ്വാൻസ് വാങ്ങി, ആശൂത്രിച്ചെലവിനാന്ന് പറഞ്ഞപ്പോ മറുത്തൊന്നും പറയാൻ തോന്നില്ല."
"ന്നാലും ത് വേണ്ടായിരുന്നു ",
സുദേവൻ വീണ്ടും പിറുപിറുത്തു.
ഹോസ്റ്റൽ കെട്ടിടത്തിന് പുതിയ പരിവേഷം വന്നിട്ടുണ്ട്. പക്ഷേ കക്കൂസ് ടാങ്ക് അതുതന്നെയാ. ശരിയാ സുദേവൻ പറഞ്ഞതിനോട് മണിയും യോജിച്ചു.
മനസ്സില്ലാമനസ്സോടെ അയാൾ മണിയണ്ണനൊപ്പം ഓഫീസ് മുറിയിലേക്ക് നടന്നു. മേട്രൻ അവരോട് വരാന്തയിൽ വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അകലെ മാറി നിന്ന് അവജ്ഞയോടെ നോക്കി. കുറച്ച്സമയത്തിന് ശേഷം മാനേജർ വന്നു. ഇരുവരേയും അടുത്തേയ്ക്ക് വിളിച്ചു.
"ഈ ടാങ്ക് പെട്ടെന്ന് നിറയുന്നു. കുറച്ചധികനാളായി വൃത്തിയാക്കിയിട്ട്. പക്ഷേ ഇപ്പഴും ഉപയോഗിക്കുന്നുണ്ട്. നന്നായി വൃത്തിയാക്കണം. നിങ്ങളോട് പിന്നെ പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ കൂലി കുറച്ചധികമാ നിങ്ങൾ ചോദിച്ചത്, തരാതെ നിവൃത്തിയില്ലല്ലോ"
ഒരു പുച്ഛച്ചിരിയോടെ
അയാൾ നടന്നകന്നപ്പോൾ സുദേവന് എന്തെന്നില്ലാത്ത വിഷമം തോന്നി.
മണിയണ്ണനൊപ്പം സ്ലാമ്പിനടുത്തെത്തിയപ്പോൾ അയാൾക്കാശാനെ ഓർമ്മ വന്നു.
"സുദേവാ നിന്റെ കന്നിയങ്കമാ ആദ്യമായിട്ട് കുഴീലേക്കെറങ്ങുന്നതല്ലേ നന്നായി നോക്കിക്കോ, കുപ്പി മുന്തിയത് തന്നെവാങ്ങിക്കളയാം. നീ ഇബട നിക്ക് ഞാൻ രാത്രീലേക്കുള്ളതൊക്കെ വാങ്ങീട്ട് വരാം."
അയാൾ നടന്നകന്നപ്പോൾ സുദേവൻ വെറും നിലത്ത് തറച്ചിരുന്നു. അതുവഴി ഹോസ്റ്റലിലേക്ക് നടന്നു പോകുന്ന പെൺകുട്ടികൾ അയാളെ തുറിച്ചു നോക്കി.
"ഞാനിതു വരെ ഒരു തോട്ടീന നേരിട്ടു കണ്ടിട്ടില്ല"
കൂട്ടത്തിലൊരുവൾ കുലുങ്ങിച്ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നീടതൊരു കൂട്ടച്ചിരിയായി മാറി. അയാളപ്പോൾ വെറുതെ സാവിത്രിയെ ഓർത്തു. അയാളുടെ മകൾ കൺമണിയെ ഓർത്തു. വരാനിരിക്കുന്ന അയാളുടെ തലമുറകളെ മുഴുവനോർത്തു. ഒരു തലമുറയെ മുഴുവൻ നാറാൻ വിധിച്ച അയാളുടെ തലവരയെ ശപിച്ചു.
അയാളോർത്തു താനാദ്യമായി പണികാണാൻ വന്ന ആ പഴയ ഹോസ്റ്റലിനെക്കുറിച്ച്. പണികഴിഞ്ഞ് മടങ്ങി ഒരാഴ്ച കഴിയും മുമ്പേ ഹോസ്റ്റലധികൃതർ ആശാനെ കാണാൻ വീട്ടിലെത്തി. കക്കൂസ് വീണ്ടും ബ്ലോക്കായെന്നും ചെയ്യുന്ന ജോലിയോട് കൂറും വേണമെന്നും പറഞ്ഞ് അദ്ദേഹത്തെ ഒരു പാട് വഴക്കു പറഞ്ഞു. ഒടുവിൽ കൂലിയില്ലാതെ വീണ്ടുമത് വൃത്തിയാക്കിത്തരണമെന്ന് പറഞ്ഞ് ഒച്ച വച്ചപ്പോൾ ആശാന് സമ്മതിക്കാതെ തരമില്ലായിരുന്നു.
സുദേവന് നല്ല ഓർമ്മയുണ്ടായിരുന്നു അന്നൊരു മഴയുള്ള വെള്ളിയാഴ്ചയായിരുന്നു. ആശാൻ എന്നത്തേയും പോലെ കുഴി വൃത്തിയാക്കി. ചതുപ്പുനിറഞ്ഞ പ്രദേശമായതിനാൽ ഇതിനിയും അടഞ്ഞു കൊണ്ടേയിരിക്കും അല്ലാതെ ഞങ്ങളുടെ തെറ്റല്ല എന്നവർക്കൊരു താക്കീത് നൽകിയാണ് മടങ്ങിയത്. പക്ഷേ അന്നത്തെ മഴ ആശാനെ ചതിച്ചു. പതുക്കെ ചുമച്ചു തുടങ്ങി, പിന്നെ പനിയായി പല്ലുകളിലെ മഞ്ഞ കണ്ണുകളിലേക്കും പിന്നെ വിരലുകളിലേക്കും കൈകാലുകളിലേക്കും ശരീരത്തിലാകമാനവും പടർന്നു. മഞ്ഞ, ചുറ്റും മഞ്ഞ...
"വയ്യ, എനിക്ക് വയ്യ..."
അയാളാർത്തു വിളിച്ചു.
"സുദേവാ, എന്തൊരൊറക്കാദ് ണീക്ക് സ്ലാബ് നീക്കണ്ടേ"
മണിയണ്ണനാണ്. ഉറക്കച്ചടവിൽ അയാളൊന്നിളകിയിരുന്നു. മണി പന്ത്രണ്ടോടടുക്കുന്നു. ഭക്ഷണം കഴിച്ച് വേഗം തുടങ്ങാം മറ്റുള്ളവർ തിരക്കു കൂട്ടി. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിക്കളിച്ചു. അന്ന് സുദേവൻ പതിവിലും അധികം കുടിച്ചു. ആരും എതിർത്തു പറഞ്ഞില്ല അയാളാദ്യമായാണ് ഒരു ടാങ്കിലിറങ്ങുന്നത് അതും തനിച്ച്. ആശാനൊരിക്കലും തുടക്കക്കാരെ ഒറ്റയ്ക്ക് അതിനകത്ത് വിടാറില്ലായിരുന്നു.
"നിനക് കൂട്ടായി ആശാൻ വരും"
മണിയണ്ണൻ പിറുപിറുത്തു. വെയ്സ്റ്റ് തള്ളേണ്ട കുഴിയൊക്കെ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. പണിതീർത്ത് വേഗം മടങ്ങണം എന്തുകൊണ്ടോ അവർക്കാർക്കും അധിക നേരം അവിടെ നിൽക്കാൻ തോന്നിയില്ല.
കുഴിയിലേക്ക് ഇറങ്ങാൻ തയ്യാറായി നിന്നു സുദേവൻ. ആശാനെപ്പോലെ ഒരു തോർതുമാത്രമാണുടുത്തത്. ഏണിയിൽ പിടിച്ച് താഴെക്കിറങ്ങുമ്പോൾ അയാളുടെ കാലുകളിടറി. താഴെയെത്തിയപ്പോൾ എന്തോ ഒരു വയ്യായ്ക ശ്വാസം മുട്ടുന്നതുപോലെ. മണിയണ്ണനെ ഉറക്കെ വിളിച്ചു
"ആദ്യായോണ്ട് തോന്നുന്നതാ ചെറീയ ബുദ്ധിമുട്ടൊക്കെണ്ടാകും കാര്യാക്കണ്ടാ നീ തൊടങ്ങിക്കോ"
മണിയണ്ണൻ വിളിച്ചു പറഞ്ഞു.
പക്ഷേ സുദേവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വർഷങ്ങളായുള്ള അവഗണനയുടെ മാലിന്യത്തിൽക്കിടന്നയാൾ വീർപ്പുമുട്ടി. കറുത്തു കൊഴുത്ത ആ ദ്രാവകത്തിലേക്ക് അയാൾ കൂപ്പുകുത്തി, ശ്വാസം കിട്ടാതെ പിടച്ചു. അയാളുടെ മൂക്കിലൂടെ, വായിലൂടെ ശ്വാസനാളത്തിലേക്ക് അതൊഴുകിയിറങ്ങി.
ഏറെ നേരം വിളിച്ചിട്ടും അനക്കമൊന്നുമില്ലാതിരുന്നപ്പോൾ അതിലേക്കൊന്നിറങ്ങിനോക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞില്ല. ഇരുന്നിടത്തുനിന്നനങ്ങാൻ കഴിയാതെ അവർ പകച്ചു നിന്നു. രാവിലെ ആംബുലൻസ് വന്ന് ബോഡിയെടുത്തു. നേരെ ശ്മശാനത്തിലേക്കായിരുന്നു. അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സാവിത്രിയും കുഞ്ഞും കാത്തിരിപ്പുണ്ടായിരുന്നു. അവളുടെ പകച്ച കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ മണിയണ്ണൻ ഉഴറി.
ദിവസങ്ങൾ കടന്നു പോകെ മറ്റുള്ളവർക്കതൊരു പഴങ്കഥയായി. അഴുകിയ മാലിന്യം പോലെ അയാളും മണ്ണിലലിഞ്ഞു തീർന്നു.
പക്ഷേ അയാളിലവസാനിക്കാതെ തുടരുന്ന തലമുറയുടെ ശാപം പേറി സാവിത്രി തളർന്നു. മെയ്ൻഹോളിൽ അപകടത്തിൽ പെട്ട് മരിച്ചയാളിൻ്റെ വിധവയെ കാണാൻ, ആശ്വസിപ്പിക്കാൻ പലരും വന്നു. വാഗ്ദാനങ്ങൾ വെറും വാക്കുകളായി. അവർക്കും ജീവിക്കണമായിരുന്നു. ഒരു ജോലിക്കായി പല വാതിലുകളും മുട്ടി. തോട്ടിയുടെ ഭാര്യയോട് എല്ലാവർക്കും അവജ്ഞയായിരുന്നു.
അവസാനം മണിയണ്ണനെക്കാണാൻ പോകുമ്പോൾ പ്രതീക്ഷയുടെ ഇത്തിരി പച്ചപ്പ് അവളുടെ ഉള്ളിൽ അവശേഷിച്ചിരുന്നു.
"മണിയണ്ണാ ഇന്നെവിടാ പണി? എവിടായാലും ഞാനൂണ്ട്"
സുദേവൻ്റെ ഇരുപത് വർഷത്തെ തഴമ്പിച്ച മമ്മട്ടി കയ്യിൽപ്പിടിച്ച് അവൾ പറഞ്ഞു.