(T V Sreedevi
രാവിലെ തന്നെ വലിയ ബഹളം കേട്ടാണ് കണ്ണുതുറന്നത്. എവിടെ നിന്നാണെന്നു മനസ്സിലായില്ല. എഴുന്നേറ്റു ലൈറ്റിട്ടു. സമയം നോക്കി. മണി ആറ്. അപ്പോൾത്തന്നെ കതകിന് മുട്ടിക്കൊണ്ട് അമ്മയുടെ വിളി വന്നു. കതകുതുറന്നു പുറത്തു വന്നു.
"കുട്ടാ ലീലാമണിയും ശാരദയും തമ്മിൽ പൊരിഞ്ഞ വഴക്ക്. അതിന്റെ ഒച്ചയാ കേൾക്കുന്നത്. ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാകാറുണ്ടെങ്കിലും ഇത്ര ഒച്ചപ്പാടുണ്ടാകാറില്ല." അമ്മ പറഞ്ഞു. "ഏട്ടൻ എവിടെ? അമ്മേ? ഞാൻ അമ്മയോട് ചോദിച്ചു "അവനിന്നലെ വന്നപ്പോൾ പാതിരാത്രിയായി.ക്ലബ്ബിന്റെ വാർഷികമല്ലായിരുന്നോ ഇന്നലെ? ഇനി എഴുന്നേൽക്കുമ്പോൾ ഉച്ചയാകും."
അമ്മ പറഞ്ഞു! എനിക്കു സമാധാനമായി. ലീലാമണിച്ചേച്ചിയുടെ മകൾ മീനുച്ചേച്ചിയും ഏട്ടനും തമ്മിൽ പൊരിഞ്ഞ പ്രേമമാണെന്ന് എനിക്കറിയാം. ഞാനും ഏട്ടനും തമ്മിൽ പത്തു വയസ്സിനു വ്യത്യാസമുണ്ട്. അതുകൊണ്ടായിരിക്കും ഏട്ടനെ എനിക്കു പേടിയാണ്.
"ഇനി ഏട്ടനെങ്ങാനും രാവിലെ കത്തുകൊടുക്കാൻ ചെന്നപ്പോൾ അവർ കണ്ടുപിടിച്ചു കാണുമോ... എന്ന എന്റെ സംശയം മാറി.ഏട്ടൻ എഴുന്നേറ്റിട്ടില്ലല്ലോ. ഞാൻ മുറ്റത്തേക്കിറങ്ങി. അച്ഛൻ അങ്ങോട്ടും നോക്കി വിഷണ്ണനായി നിൽക്കുന്നുണ്ട്. ലീലാമണി ചേച്ചിയും ശാരദചേച്ചിയും ഞങ്ങളുടെ അയൽക്കാരാണ്! വേലിക്കിരുപുറവും നിന്ന് അവർ പോരുകോഴികളെപ്പോലെ പരസ്പരം ചീത്തവിളി തുടർന്നുകൊണ്ടിരിക്കുന്നു. ലീലാമണിച്ചേച്ചിയുടെ കയ്യിൽ മുറ്റമടിക്കുന്ന ചൂലുണ്ട്. മുറ്റമടിക്കുന്നതിനിടയിൽ ഇതെന്തു സംഭവിച്ചുകാണും? ഞാൻ ചിന്തിച്ചു.
"പ്ഫാ...ചൂലേ!" ശാരദച്ചേച്ചിയുടെ ഒരു ഉഗ്രൻ ആട്ടു കേട്ട് ഞാൻ ഞെട്ടിത്തെറിച്ചു.
ലീലാമണിച്ചേച്ചിയുടെ കയ്യിൽ നിന്നും മുറ്റമടിക്കുന്ന ചൂല് താഴെ വീണു. അത്ര ശക്തിയുള്ള ആട്ട് ഞാൻ അന്നുവരെ കേട്ടിട്ടില്ല!
"ആരാടീ കൂടോത്രോം കൊണ്ടു നടക്കുന്നെ.എനിക്കാ പണിയില്ല. നിന്നെപ്പോലെ." ശാരദ ചേച്ചിക്ക് രോഷം അടങ്ങുന്നില്ല
"കെട്ടിയോന് കിട്ടുന്ന കാശ് മുഴുവനും കണ്ട കള്ള സന്യാസിമാർക്ക് കൊണ്ടെക്കൊടുക്കുവല്ലേടീ നീ? കെട്ടിക്കാറായ ഒരു പെങ്കൊച്ചുണ്ടെന്നു പോലും വിചാരമില്ല. ശാരദച്ചേച്ചി പറഞ്ഞു. ലീലാമണിച്ചേച്ചിക്ക് ദേഷ്യം മൂത്തു "അയ്യോടീ ഒരു പച്ചപ്പാവം.!
"ഇന്നും ഇന്നലേം തൊടങ്ങിയതാണൊടീ നിന്റെ കൂടോത്രോം മന്ത്രവാദോം? നിന്റെ കൊണവതിയാരം എന്നെക്കൊണ്ടു പറയിക്കണ്ട."
"എന്റെ ആങ്ങളയോട് ഞാൻ അന്നേ പറഞ്ഞതാ ഈ വയ്യാവേലിയെ വലിച്ചു തലയിൽ കേറ്റല്ലേ... എന്ന്.
കേട്ടില്ല. അനുഭവിക്കുന്നത് ഞങ്ങളും" "എന്താടീ ഞാൻ നിന്നെ ചെയ്‌തെ? പറയെടീ."
വീണ്ടും ശാരദചേച്ചി ഏറ്റുപിടിച്ചു .
"എന്താ ചെയ്യാത്തെ..? അതുപറയ്..അച്ഛൻ തന്ന വീതത്തിൽ വീടുവെച്ചു ഞങ്ങൾ ഇങ്ങോട്ടു വന്ന അന്നുമുതൽ തുടങ്ങിയ കൂടോത്രം ചെയ്യലാ... ഞങ്ങളെയോടിക്കാൻ.
ലോകത്തിലുള്ള എല്ലാ മാരണോം കൂടോത്രോം ചെയ്തിട്ടുണ്ട്. ഇതിനൊക്കെ ദൈവം ചോദിച്ചോളും."
ലീലാമണിച്ചേച്ചിക്ക് കരച്ചിൽ വന്നു.
"ഓ പിന്നേ, ദൈവത്തിനിതല്ലേ പണി.നീ പറയുമ്പോഴൊക്കെ വന്ന് ചോദിക്കാൻ ദൈവം നിന്റെ കുത്തകയാണോടീ?" ശാരദച്ചേച്ചി ചോദിച്ചു.
ലീലാമണി ചേച്ചിയുടെ ആങ്ങള രാജപ്പൻചേട്ടന്റെ ഭാര്യയാണ് ശാരദ. ശാരദയും ലീലാമണിയും വലിയ കൂട്ടുകാരായിരുന്നു. അങ്ങനെയാണ് രാജപ്പൻ ചേട്ടൻ ശാരദയെ കല്യാണം കഴിച്ചത്! പ്രേമവിവാഹമായിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നീടാണ് ലീലാമണിച്ചേച്ചിയ്ക്ക് കിട്ടിയ വീതത്തിൽ വീടുവച്ചു അവർ ഇങ്ങോട്ടു താമസിക്കാൻ വന്നത്. ആദ്യമൊക്കെ വലിയ സ്നേഹമായിരുന്നെങ്കിലും പതുക്കെപ്പതുക്കെ സ്ത്രീകൾ തമ്മിൽ വഴക്കു തുടങ്ങി. കൂടോത്രമായിരുന്നു കഥയിലെ പ്രധാന വില്ലൻ. ആണുങ്ങൾ ഈ വഴക്കിൽ ഇടപെടാറുമില്ല.
"അല്ല ലീലാമണീ ഇതെന്താ രാവിലെ പ്രശ്നം?" അച്ഛൻ ചോദിച്ചു.
"എന്റെ മാഞ്ചേട്ടാ..." ലീലാമണിച്ചേച്ചി വിളിച്ചു.
ഞാൻ തിരിഞ്ഞുനോക്കി.
"അമ്മയെങ്ങാനും കേൾക്കുന്നുണ്ടോ?"
അമ്മയുടെ മാധവേട്ടനെ ശാരദച്ചേച്ചി 'മാഞ്ചേട്ടാ...'എന്നു വിളിക്കുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടമല്ല. അതിന്റെ പേരിൽ വീട്ടിൽ രാമരാവണയുദ്ധം തന്നെ നടക്കാറുമുണ്ട്.
"അവള് ചെറുപ്പം മുതലേ അങ്ങനെ വിളിച്ചു പഠിച്ചു പോയി. അതിനി മാറ്റാൻ പറ്റുവോ?" അച്ഛൻ ന്യായം പറയും. പക്ഷെ ഇപ്പോൾ അമ്മ കേട്ടിട്ടില്ല. ഭാഗ്യം. അമ്മ അകത്തേക്ക് പോയിരുന്നു.
"മാഞ്ചേട്ടൻ കേട്ടോ. രാവിലെ മുറ്റമടിക്കുമ്പഴാ ഞാൻ കണ്ടത് ദാ ആ മൺകൂന. അറിയാതെ ചൂലു കൊണ്ടതാ!ദാ പുറത്തുവന്ന സാധനം കണ്ടോ?" "കോഴിമുട്ട!"
ശരിയാണല്ലോ. ഞാനും അച്ഛനും കണ്ടു മണ്ണിൽ പുതഞ്ഞു കിടക്കുന്നു ഒരു കോഴിമുട്ട. അപ്പോഴേക്കും ഏട്ടൻ അങ്ങോട്ടുവന്നു.
കാര്യം അറിഞ്ഞപ്പോൾ ഏട്ടൻ എന്തോ ആലോചിച്ചു നിന്നു "ചേച്ചീ...ഉണ്ണിക്കുട്ടൻ പോയോ?"
ഏട്ടൻ ലീലാമണിച്ചേച്ചിയോട് ചോദിച്ചു. ചേച്ചിയുടെ മൂത്ത മകളുടെ മകനാണ് നാലു വയസ്സുകാരൻ ഉണ്ണിക്കുട്ടൻ.
ഒരു നിമിഷത്തേക്ക് വഴക്കു നിലച്ചു. "പോയില്ല ഇവിടെയുണ്ട്."
ചേച്ചി പറഞ്ഞു! ഏട്ടൻ പെട്ടെന്ന് ഒരു അഭ്യാസിയെപ്പോലെ ലീലാമണിച്ചേച്ചിയുടെ മതില് ചാടിക്കടന്നു. ഞാൻ അമ്പരന്നു പോയി. ഏട്ടന് മതിലു ചാടി നല്ല പരിചയം ഉണ്ടെന്നു തോന്നി! ഉണ്ണിക്കുട്ടനെക്കൂട്ടി ഏട്ടൻ പെട്ടെന്ന് തിരികെ വന്നു.
"എന്താ ഉണ്ണിക്കുട്ടാ അത്?" മൺകൂന ചൂണ്ടിക്കാണിച്ചുകൊണ്ട് ഏട്ടൻ ചോദിച്ചു.
"അയ്യോ അമ്മൂമ്മേ... ആരാ ഞാൻ കുഴിച്ചു വെച്ച മുട്ട പുറത്തെടുത്തത്?"
അവൻ കരഞ്ഞുകൊണ്ട് ഓടിച്ചെന്നൂ.
"ഈ മുട്ട മുളച്ചു വളരുമ്പോൾ മുട്ടമരം ഉണ്ടാകും അതീന്നു എന്നും മുട്ട കിട്ടും!മുട്ടപ്പഴവും കിട്ടും."
"അതെന്തിനാ അമ്മൂമ്മ കളഞ്ഞത്?" അവൻ ആ മുട്ടയെടുത്തു വീണ്ടും മണ്ണുമാന്തി കുഴിച്ചിട്ടു.
"എന്താ ഉണ്ണിക്കുട്ടാ മുട്ടയിൽ ഒരു പടം? " ഏട്ടൻ ചോദിച്ചു. അവൻ പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല.
"ഇനി ഇന്നത്തേക്ക് വഴക്കു നിറുത്തി വീട്ടിൽ പൊയ്ക്കോ രണ്ടാളും." "ബാക്കി നാളെ!"ഏട്ടൻ പറഞ്ഞു.
ഞാൻ നോക്കുമ്പോൾ ലീലാമണിച്ചേച്ചിയുടെ രണ്ടാമത്തെ മകൾ ഏട്ടന്റെ പ്രിയപ്പെട്ട മീനു... ഏട്ടന്റെ നേർക്ക് ഒരു കള്ളനോട്ടമെറിഞ്ഞുകൊണ്ട് ചിരിച്ചു നിൽക്കുന്നു
എനിക്കും ചിരിവന്നു. ഏട്ടൻ ഒന്നുമറിയാത്ത ഒരു പാവത്താനെപ്പോലെ മതിലു ചാടിത്തന്നെ വീട്ടിലേക്കു തിരികെപ്പോയി.
അച്ഛൻ നേരത്തെതന്നെ പോയിരുന്നു.
ഉണ്ണിക്കുട്ടൻ മുട്ടയുടെ മുകളിൽ കുഞ്ഞിക്കൈകൾ കൊണ്ട് മണ്ണു വാരി വീണ്ടും വീണ്ടുമിടുന്നു.
"ഇനി അടുത്ത വഴക്ക് എന്നാണാവോ?"
സ്വയം ചോദിച്ചു കൊണ്ട് ഞാനും വീട്ടിലേക്കു നടന്നു.