(Sohan KP)
ക്യത്യം 6 മണിക്കു തന്നെ അലാറമടിച്ചു. ശിവദാസന്‍ എഴുന്നേറ്റു. ധ്യതിയില്‍ പ്രഭാതക്യത്യങ്ങളില്‍ വ്യാപ്യതനായി. അടുക്കളയില്‍ സുജാത അയാള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ മുഴുകിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി അയാള്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വന്നു. സുനന്ദയോട് അയാള്‍ കയര്‍ത്തു.
'നിനക്ക് പത്ത് മിനിറ്റ് നേരത്തെ എഴുന്നേറ്റു കൂടെ. എന്‍ടെ വണ്ടി തെറ്റിയാല്‍ ഹാഫ് ഡേ ലീവാകും' പലപ്പോഴും പതിവുള്ള സംഭാഷണമായതു കൊണ്ട് സുനന്ദ അതൊന്നും കാര്യമാക്കിയില്ല. ലഞ്ച് ബോക്സ് ബാഗില്‍ വച്ച് ഡൈനിംഗ് ടേബിളിനു മുകളില്‍ വച്ചു.
അയാള്‍ ഒന്നും മിണ്ടാതെ ബാഗെടുത്ത് പടിയിറങ്ങി റോഡിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.അതു കണ്ടു നിന്നപ്പോഴാണ് സുജാത ഒരു കാര്യമോര്‍ത്തത്. പുറകെ ചെന്ന് വിളിച്ചപ്പോഴേക്കും ശിവദാസന്‍ നടന്നകലെ,മറഞ്ഞിരുന്നു.
രാവിലത്തെ വീട്ടു ജോലികള്‍ തീര്‍ത്ത് കുളിയും കഴിഞ്ഞ്,ഒരു ചായയോടൊപ്പം പത്രം മറിച്ചു നോക്കുമ്പോള്‍ സുനന്ദ ശിവദാസനോടു പറയേണ്ട കാര്യം വീണ്ടും ഓര്‍ത്തു. ഉടനെ മൊബൈലില്‍ വിളിച്ചു. പക്ഷേ ഫോണ്‍ റിങ് ചെയ്ത് കട്ട് ആകുകയാണുണ്ടായത്. എങ്കിലും സുനന്ദ തുടര്‍ച്ചയായി അയാളെ വിളിച്ചു കൊണ്ടിരുന്നു.
ഈ സമയം നിര്‍ത്താത്ത ബസ്സുകള്‍ക്ക് പുറകെ ഓടി ക്ഷീണിച്ച ശിവദാസന്‍ ഒരു ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അയാള്‍ക്ക് അടുത്ത നഗരത്തിലേക്ക് പോകാനുള്ള വണ്ടി പ്ളാറ്റ്ഫോമില്‍ കിടക്കുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍ ഓടിക്കയറി ഒരു സീറ്റിലിരുന്നപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.
' ഹലോ. എന്താണ് സുനന്ദ ഇത്ര അത്യാവശ്യം. തുടര്‍ച്ചയായി വിളിക്കുന്നതെന്തിനാണ് ?'
'നിങ്ങള്‍ ഓഫീസില്‍ പോകേണ്ട. മടങ്ങിപ്പോരിക'
'നീയെന്താണ് പറയുന്നത് ? എന്താണ് കാര്യം ? ലീവ് കുറവാണെന്നറിയില്ലേ ?'
'അതല്ല. നിങ്ങള്‍ ഇന്നലെ റിട്ടയര്‍ ചെയ്ത കാര്യം മറന്നു അല്ലേ? യാത്ര അയപ്പിന്‍ടെ വാര്‍ത്തയും ചിത്രവും അവര്‍ പത്രത്തില്‍ കൊടുത്തിട്ടുണ്ട്'
ഒരു നിമിഷം ശിവദാസന്‍ തരിച്ചിരുന്നു. ശേഷം ആകെ തളര്‍ന്ന് സീറ്റില്‍ ചാരിയിരുന്നു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു.