(അബ്ബാസ് ഇടമറുക്)
സന്ധ്യാസമയം... ടൗണിൽപ്പോയി മടങ്ങിവരികയായിരുന്നു അവൻ. ആലകത്തുകാവിനുള്ളിൽ എന്തോ അനക്കം കേട്ട് അവൻ നിന്നു. കാവിലെ വള്ളിപ്പടർപ്പുകളൊന്നിളകി...ആരോ ദൂരേയ്ക്ക് ഓടിയകലുന്നതുപോലൊരു ശബ്ദം.അതാ മരത്തിനുപിന്നിൽ... 'വാസന്തി'.
"എന്താ ചെക്കാ നോക്കിനിൽക്കണത്.?"വാസന്തി അവനെ നോക്കി.
"ഒന്നൂല്ല കാവിനുള്ളിൽനിന്ന് അനക്കം കേട്ടതുകൊണ്ട് വെറുതേ നോക്കിനിന്നതാണ്."
"മ്മ് ... നടക്കൂ... വല്ല പാമ്പുകളുമാവും. ഇണചേരുന്ന സമയമല്ലേ... കൈവിരലുകളിൽ അവളുടെ വിരലുകൾ അമർന്നു. അവളുടെ നിശ്വാസങ്ങൾ കാതിൽ ചൂട് പകർന്നു. വീട്ടിലേയ്ക്കുള്ള ഇടവഴി പിരിയാന്നേരം അവൾ അവനെനോക്കി പറഞ്ഞു.
"പിന്നെയേ അസമയത് കാവിന്റെ പരിസരത്തുകൂടെയുള്ള ഈ വരവ് അത്രനന്നല്ല കേട്ടോ... യക്ഷിയും ഗന്ധർവ്വനുമൊക്കെ കുടികൊള്ളുന്ന കാവാണ്. പോരാത്തതിന് സർപ്പങ്ങൾ ധാരാളം ഉണ്ട് താനും. ഈ സർപ്പത്തിന്റെ രൂപത്തിൽ ഇണചേരുന്നത് ആരാണെന്നാ... സർപ്പങ്ങളാണെന്നാണോ.? അല്ല... യക്ഷിയും ഗന്ധർവ്വനുമൊക്കെയാണ്. ഇത് മനുഷ്യരായ നമ്മൾ കണ്ടാൽ ഉണ്ടല്ലോ... അപകടം ഉറപ്പാണ്. യക്ഷീശാപവും, ഗന്ധർവ്വകോപവുമൊക്കെ ഉണ്ടാകാനും ഇടയുണ്ട്." വാസന്തി പറഞ്ഞുനിറുത്തി.
എന്തുപറയണമെന്നറിയാതെ...വാസന്തി പറഞ്ഞതിൽ സത്യം ഉണ്ടാകുമോ എന്നറിയാതെ ശകിച്ചു നിൽക്കവേ...അവൾ ചെമ്പരത്തിവേലി കടന്നു വീട്ടിനുള്ളിൽ പോയി മറഞ്ഞുകഴിഞ്ഞിരുന്നു.
വാസന്തി പറഞ്ഞത് സത്യമാണെങ്കിൽ ഈ അസമയത്ത് എന്തിനാണ് അവൾ അവിടെ വന്നത്. അവൾക്ക് ഭയമില്ലേ? അവളെ ഈ യക്ഷിയും ഗന്ധർവ്വനുമൊന്നും പിടികൂടില്ലേ? ചിന്തയോടെ അവൻ വീട്ടിലേയ്ക്ക് നടന്നു.
പിറ്റേദിവസം സന്ധ്യ, പതിവുപോലെ ടൗണിൽപോയി മടങ്ങിവരികയായിരുന്നു അവൻ. ഇന്ന് ഇരുട്ടുന്നതിനു മുൻപ് മടങ്ങണമെന്ന് കരുതിയതാണെങ്കിലും സുഹൃത്തുക്കളുമൊത്തു സംസാരിച്ചിരുന്ന് ഇരുട്ട് വീണതറിഞ്ഞില്ല. കാവിനടുത്തെത്തിയതും വള്ളിപ്പടർപ്പുകൾക്കിടയിൽ നിഴലനക്കം കണ്ട് അവൻ ഞെട്ടിപ്പോയി. ഒരുമാത്ര ഭയന്ന് ഓടാനാഞ്ഞെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് കാവിനുള്ളിൽ എന്താണ് ഉള്ളതെന്ന് അറിയാൻ ശ്രമിച്ചു. അപ്പോൾ കേട്ടു...
അടക്കിയ സംസാരവും, അമർത്തിയ ചിരിയും. ആ ചിരിയുടെ ഉടമയെ അവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. വാസന്തി. അവൾ കാവിൽ ഈ അസമയത് എന്തെടുക്കുകയാണ്. കൂടെ ആരാണ് ഉള്ളത്. വിളിച്ചു ചോദിച്ചാലോ... വേണ്ട... കാത്തുനിൽക്കാം.
നെല്പാടങ്ങളെ തഴുകിയെത്തിയ കാറ്റ് കാവിലെ വള്ളിപ്പടർപ്പുകളിൽ ചലനം തീർത്തു. എങ്ങും പാലപ്പൂക്കളുടെ മണം. പെട്ടെന്നാണ് അവൾ കാട്ടുചെടികളെ വകഞ്ഞുമാറ്റിക്കൊണ്ട് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
വാരിവലിച്ചുടുത്ത സെറ്റുസാരിയും, അഴിഞ്ഞുലഞ്ഞ കാർകൂന്തലുമായി വിളറിവെളുത്ത മുഖത്തോടെ അവൾ അവനെനോക്കി.
"നീ... ഇപ്പോൾ വന്നു.?
"ഇപ്പോൾ..."
"ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് അസമയത്ത് ഇതിലൂടെ ഇങ്ങനെ സഞ്ചരിക്കരുതെന്ന്.?"
"അപ്പോൾ ചേച്ചി പതിവായി ഇവിടെ വരുന്നതോ... ചേച്ചിക്ക് പേടിയില്ലേ?"അവന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞുനിന്നു.
"ആ അതോ... എനിക്ക് ഒരു വഴിപാടുണ്ട് ഈ കാവിൽ. ഒരാഴ്ച പതിവായി ഇവിടെവന്ന് സന്ധ്യാസമയത്ത് തിരികത്തിക്കാമെന്നൊരു നേർച്ച... അതിനാണ് ഞാൻ വരുന്നത്."
"അപ്പോൾ കൂടെ ആരാണ് ഉണ്ടായിരുന്നത്... മറ്റാരുടെയോ സംസാരം ഞാൻ കേട്ടല്ലോ.?"
"എന്ത് കേട്ടന്ന്... നീ എന്തെങ്കിലും കണ്ടാരുന്നോ.?" ചേച്ചി ഞെട്ടലോടെ അവനെ നോക്കി.
"കണ്ടില്ല... ചേച്ചി ആരോടോ സംസാരിക്കുന്നതുപോലെ കേട്ടു."
"എന്ത് ഞാൻ സംസാരിച്ചെന്നോ... നിനക്ക് തോന്നിയതാവും. ഞാൻ ഈ അസമയത് അതും കാവിൽ വെച്ച് ആരോട് സംസാരിക്കാൻ. നിനക്കെന്താ വട്ടായോ.? ഇതാണ് ഞാൻ പറഞ്ഞത് ഇതിലെ വരരുതെന്ന്. നിനക്ക് അൽപം ദൂരക്കൂടുതലാണെങ്കിലും നേർവഴിക്ക് പോയാലെന്താണ്.? ഇവിടെവെച്ച് വല്ലതും കണ്ട് പേടിക്കാനാണോ... ഇന്ന് നീ കേട്ടത് മനുഷ്യരുടെ ശബ്ദമായിരിക്കില്ല... വല്ല ഗന്ധർവ്വന്റേതുമായിരിക്കും."
"ഉം ആയിരിക്കും..." പറഞ്ഞിട്ട് അവൻ മിണ്ടാതെ മുന്നോട്ട് നടന്നു. എന്തായാലും നാളെയും ഇതുവഴിതന്നെ വരണമെന്ന് മനസ്സിൽ തീരുമാനിക്കുകയും ചെയ്തു.
സന്ധ്യ, ആലകത്തുക്ഷേത്രത്തിലെ ചെണ്ടമേളം പ്രത്യേകതാളത്തിൽ ഉയർന്നുപൊങ്ങി. വാളും ചിലമ്പുമെടുത്ത കോമരം ഉറഞ്ഞുതുള്ളി. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന വാസന്തിയുടെ മുഖത്തേയ്ക്ക് ഒരുവന്റെ നോട്ടം പാളിവീഴുന്നത് അവൻ കണ്ടു. അങ്ങനെ നിൽക്കവേ ആ ചെറുപ്പക്കാരൻ കണ്ണുകൾകൊണ്ട് അവളെനോക്കി എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചിട്ട് മെല്ലെ കാവിനുനേർക്ക് നീങ്ങുന്നത് കണ്ടു. അൽപ്പം കഴിഞ്ഞപ്പോൾ ഒരു കള്ളചിരിയോടെ വാസന്തിയും അവിടേയ്ക്ക് നടന്നുനീങ്ങി. ക്ഷേത്രമുറ്റമായിട്ടും മനസ്സിൽ ചീത്തവിചാരമോ.? ഏയ് അതിനായിരിക്കില്ല... പിന്നെ?
ഏറെനേരം കഴിഞ്ഞിട്ടും അവർ തിരികെ വരാഞ്ഞപ്പോൾ അവന് ആകാംഷയായി. അവൻ കാവിനേർക്ക് കണ്ണുനട്ടിരുന്നു. വല്ലാത്തൊരു അവതാരമാണ് വാസന്തി. പുരുഷന്മാരെ മയക്കിയെടുക്കാൻ പ്രത്യേക കഴിവാണവൾക്ക്. പക്ഷേ, കാവിനുള്ളിൽ വെച്ചൊക്കെ ഇങ്ങനെ ചെയ്യന്മാത്രം അവൾക്കെങ്ങനെ ധൈര്യം വന്നു. ആരെങ്കിലും അറിഞ്ഞാൽ...
കാവിനോളം സുരക്ഷിതമായ സ്ഥലം നാട്ടിൽ വേറെ ഏതുണ്ട്. അമിതമായ അന്ധവിശ്വാസത്തിന്റെ പേരിൽ പകൽപോലും ആളുകൾ ആ ഭാഗത്തുകൂടെ പോകാറില്ല. അതുകൊണ്ടുതന്നെ രഹസ്യഇടപാടുകൾക്ക് ആളുകൾ അതൊരു താവളമാക്കി മാറ്റിയിരിക്കുകയാണ്.
അവൻ മെല്ലെ ക്ഷേത്രമുറ്റം വിട്ട് കാവിനുനേർക്ക് നടന്നു. താഴ്വരങ്ങളെ തഴുകിയെത്തിയ ഇളംകാറ്റ് അവനെത്തഴുകിക്കടന്നുപോയി.
കാവിനുള്ളിലെ വള്ളിപ്പടർപ്പുകൾ നിറഞ്ഞ ഭാഗത്തേയ്ക്ക് അവൻ നടന്നു. മണ്ണിനോട് മുഖംചെർന്നു കമിഴ്ന്നു വാസന്തി കിടക്കുന്നു. അവൻ അവളെ കുലുക്കി വിളിച്ചു.
"ചേച്ചി..."
അവൾ വിളികേട്ടില്ല. അവൻ അവളെ തിരിച്ചുകിടത്തി. കണ്ണുകൾ തുറിച്ചിരുന്നു.അവളുടെ ചുണ്ടിന്റെ കോണിലൂർ രക്തം ഒലിച്ചിറങ്ങുന്നു.
ഉള്ളംകാലിലൂടെ ഒരു ഭയം അരിച്ചുകയറിയതും മുണ്ട് മടക്കി കുത്തിക്കൊണ്ട് അവൻ ക്ഷേത്രമുറ്റത്തേയ്ക്ക് ഓടി. ഇനിയൊരിക്കൽക്കൂടി തന്റെ കൈപിടിക്കാൻ, ചെക്കാ എന്ന് സ്നേഹത്തോടെ വിളിക്കാൻ വാസന്തി ഇല്ലല്ലോ എന്ന ഓർമ്മ അവനെ വേദനിപ്പിച്ചുകൊണ്ടിരുന്നു.