രാവിലെ എഴുന്നേറ്റപ്പോൾ കൗണ്ടറുടെ മുഖം കാണുന്നില്ല.
ഷിറ്റ്.
അയാൾ ഭാര്യയോട് ചോദിച്ചു, മക്കളോട് ചോദിച്ചു, അവരാരും മിണ്ടുന്നില്ല.
പല്ല് തേക്കാനും മുഖം കഴുകാനും കണ്ണാടിയിൽ നോക്കിയപ്പോഴാണ് സംഭവത്തിൻ്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്, മുഖമൊഴിച്ച് എല്ലാമുണ്ട്.
കിടന്നിരുന്ന മുറിയിൽ നോക്കി, കിടക്ക മറിച്ചിട്ടു നോക്കി, പുതപ്പ് കുടഞ്ഞിട്ടു നോക്കി, വീട്ടിൽ എല്ലായിടത്തും നോക്കി, ഒരിടത്തുമില്ല കൗണ്ടറിൻ്റെ മുഖം. അദ്ദേഹം നിരാശനായി.
"ചായ വേണ്ടല്ലോ?" മേശമേൽ താടിക്ക് കൈകുത്തിയിരിക്കുന്ന കൗണ്ടറിനോട് ഭാര്യ ചോദിച്ചു.
"അതെന്താ?"
"മുഖമില്ലാത്തവർക്കെന്തിനാ ചായ?"
സംഭവം ശരിയാണല്ലോ, കുടിക്കാൻ മുഖം വേണ്ടേ! അയാൾക്ക് വിമ്മിട്ടം തുടങ്ങി.
കൗണ്ടർ എഴുന്നേറ്റ് നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.
മുഖമില്ലാത്ത ഒരു മനുഷ്യൻ അതിരാവിലെ നടന്നു വരുന്നതു കണ്ട് പോലീസുകാർ ഞെട്ടി. കൗണ്ടർ വിവരം പറഞ്ഞു.
"അവസാനമായി എന്നാണ് മുഖം കണ്ടത്, ഓർക്കുന്നുണ്ടോ?" അവർ ചോദിച്ചു.
"ഉവ്വ്, ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്നു..." അയാൾ പറഞ്ഞു.
"എങ്ങിനെയാണ് കണ്ടത്?"
"കണ്ണാടിയിൽ വെറുതെയൊന്ന് മുഖം നോക്കിയതാണ്."
"ആട്ടെ, എന്താണ് മുഖത്തിൻ്റെ നിറം?"
"എൻ്റെ നിറം തന്നെ."
"എന്ന് വച്ചാൽ.."
"കറുപ്പിനോടടുപ്പിച്ച ഇരുണ്ടനിറം." കൗണ്ടർ ജാള്യതയോടെ പറഞ്ഞു.
"നിറത്തിലൊന്നും കാര്യമില്ല, മുഖത്തിൻ്റെ രണ്ടടയാള വിവരം തരൂ.." അവർ ആവശ്യപ്പെട്ടു.
"തലമുടി കറുത്തിട്ടാണ്, അത് ഉറപ്പുണ്ട്."
"മുഖത്ത് ഉറപ്പുള്ള തലമുടിയോ!" അവർക്ക് അത്ഭുതമായി.
"അല്ല തലയിൽ."
"അതിന്, തലയും കാണാതായിട്ടുണ്ടോ?"
"ഇല്ല സാർ, ഇപ്പം മുഖം മാത്രമേയുള്ളൂ."
"എങ്കിൽ, മുഖത്തെ മാത്രം രണ്ടടയാളങ്ങൾ പറയൂ.."
"വിശാലമായ ഒരു നെറ്റിത്തടമുണ്ട്."
"അത് കൊള്ളാം, പക്ഷെ മുൻവശത്ത് കഷണ്ടിയുണ്ടോ?"
"ഉണ്ട്. സാറിനെങ്ങനെ അറിയാം!" കൗണ്ടർക്ക് അത്ഭുതമായി.
"എങ്കിൽ പറ്റത്തില്ല."
"അതെന്താ?"
"നെറ്റി, മുൻവശം കഷണ്ടിയുടേയും മുൻവശം കഷണ്ടി, നിങ്ങളുടെ തലയുടേയും ഭാഗമാണ്."
"അതിൽ മൂന്ന് ചുളിവുകളുണ്ട് സാർ."
"എവിടെ?"
"നെറ്റിയിൽ."
എപ്പോഴുമുണ്ടോ?
"ഇല്ല, ചിന്തിക്കുമ്പോൾ തെളിഞ്ഞു വരും.."
"അതിന്, താങ്കളുടെ മുഖമടിച്ചു മാറ്റിയവർ ചിന്താശേഷിയുള്ളവർ ആയിരിക്കില്ല. അവരിനി ചിന്തിക്കാനൊന്നും പോകുന്നില്ല. എപ്പോഴും കാണുന്ന എന്തെങ്കിലുമുണ്ടെങ്കിൽ പറയൂ."
"സഹിഷ്ണുതയില്ലാത്ത ഒരു ജോഡി കണ്ണുകൾ."
"ഹ ഹ ഹ ഹ ഹ ഹൂ ഹ ഹ ഹ ഹ ഹ ഹ ഹൂ ഹ ഹ ഹ ഹ ഹ ഹ"
"എന്താ സാർ ചിരി നിർത്താത്തത്?"
"അത് നിങ്ങൾക്കു മാത്രമല്ല, ഞങ്ങളടക്കം മിക്കവർക്കുമുണ്ട്."
"നല്ല വലിപ്പമുള്ള മൂക്കുണ്ട് സാർ."
"മൂക്കുണ്ടയ്ക്ക് എത്ര വലിപ്പം കാണും?"
"അളന്നു നോക്കിയിട്ടില്ല."
"അതെന്താ?"
"ജോലി കിട്ടിയതു മുതൽ ലീവും ഓരോരോ കാര്യങ്ങളുമായി നടക്കുകയാണ്. പിന്നെ കല്യാണം കഴിഞ്ഞപ്പം....."
"കല്യാണം കഴിഞ്ഞപ്പം അളന്നോ?"
"അളക്കാൻ പോയിട്ട്, മൂക്കേലൊന്ന് ചൊറിയാൻ പോലും സമയമില്ല സാർ."
"അളവു തരാതെ മൂക്കടയാളം പറ്റത്തില്ല." പോലീസ് തീർത്ത് പറഞ്ഞു
"സാരമില്ല, നല്ല കട്ടമീശയുണ്ട് സാർ."
"ഹ ഹ ഹ ഹ ഇയാള് പിന്നേം ഹ ഹ ഹ ഹ ഹ ഹ ഹ"
"എന്താ സാർ?"
"അത് വടിച്ചാൽ പോവത്തില്യോ?"
"ഉവ്വ്. എങ്കിൽ, ഒരു ജോഡി ചുണ്ടുണ്ട് സാർ."
"ആരുടെ?"
"എൻ്റെയാ..."
"എങ്കിൽ, അതിൻ്റെ പ്രത്യേകത പറ."
"മുഴുവനും ഓർക്കണില്ല."
"അതെന്താ?"
"എപ്പോഴും മീശക്കടിയിലല്ലേ, ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല."
"ഇനിയെന്തു ചെയ്യും, താടിയെങ്ങനെ?"
"അത് സാധാരണ പോലെ. വഴിയുണ്ട്, പല്ലുണ്ട് സാർ.."
"പല്ലോ! അതിന് നിങ്ങൾ ചിരിക്കാറുണ്ടോ?"
"അടുത്ത കാലത്തൊന്നും ഇല്ല."
"പിന്നെ?"
"മുഖമെടുത്തു മാറ്റിയ കള്ളന്മാർ, അബദ്ധത്തിൽ അതു വച്ച് ചിരിച്ചെങ്കിലോ സാർ?"
"ശരിയാണല്ലോ, നല്ല പോസിബിളിറ്റിയുള്ള കാര്യം. എങ്കിൽ മുൻവശം പല്ലുകളുടെ അടയാള വിവരം പറ."
"മുഴുവനും വയ്പ്പു പല്ലാണ് സാർ, പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല."
"ങേ! മോഷണം പോയ വസ്തുവിൻ്റെ ഒരു അടയാള വിവരം പോലും തരാനില്ലെങ്കിൽ ഞങ്ങൾക്ക് കേസ്സെടുക്കാനാവില്ല." പോലീസിന് ദേഷ്യം വന്നു, അവർ കൗണ്ടറെ കയ്യൊഴിഞ്ഞു.
അദ്ദേഹം നിരാശയോടെ വീട്ടിലേക്ക് നടന്നു.
"നിങ്ങടെ മുഖം കിട്ടീട്ടോ.." ഭാര്യ ഒരു കടലാസ്സു പൊതിയുമായി കൗണ്ടറെ കാത്തിരിക്കുകയായിരുന്നു.
"ഇതെവിടന്ന്!"
തുറന്നു നോക്കിയ അയാൾക്ക് അതിശയം അടക്കാനായില്ല.
"നിങ്ങടെ കൂട്ടാര് ദിപ്പം ഇവിടെ കൊണ്ടുവന്ന് തന്ന് പോയേള്ളൂ..."
"അതിന്, അവർക്കിതെവിടന്ന് കിട്ടി?" കൗണ്ടർക്ക് അതിശയം.
"ഇന്നലെ രാത്രിയിൽ അവരുടെ കൂടെ കുടിക്കാൻ കൂടിയപ്പം ബാറിൽ വച്ച് മറന്നെന്ന്!"
മദ്യവിരോധിയായ കൗണ്ടർ ഒന്നു പകച്ചു, ഭാര്യയുടെ മുഖത്ത് നോക്കാനാകാതെ തരിച്ചു നിന്നു.