(Molly George)
ഉപ്പച്ചിയുടെ മടിയിൽ തലവെച്ച് കൊച്ചുസജ്ന കിടന്നു. അവളുടെ കരച്ചിലിന്റെ തേങ്ങലുകൾ അപ്പോഴും അടങ്ങിയിട്ടില്ലായിരുന്നു. അയാളുടെ വിരലുകൾ അവളുടെ ചുരുണ്ട മുടിയിഴകളെ മെല്ലെ തഴുകി തലോടി കൊണ്ടിരുന്നു.
ക്ഷീണം കൊണ്ട് അവളുടെ മിഴികൾ പതിയെ അടയാൻ തുടങ്ങി. ട്രെയിൽ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ ആളുകൾ കയ റുകയും ഇറങ്ങുകയും ചെയ്തു. കച്ചവടക്കാരുടെ ഉറക്കെയുള്ള വിളികളും, യാത്രക്കാരുടെ കലപില ശബ്ദവും കേട്ട് സജ്ന ഉറക്കമുണർന്നു.
ഉണർന്ന പാടെ അവൾ ചുറ്റും നോക്കി.
"ഉപ്പച്ചീ... ഉപ്പച്ചീ എന്റെ ഉമ്മച്ചി എവിടെ?"
അവൾ ഉപ്പയുടെ കുപ്പായത്തിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.
"നമ്മൾ ഉമ്മച്ചീടെ അടുത്തേയ്ക്കാ പോകുന്നത്. മോൾക്ക് ഉപ്പ ചായയും പലഹാരോം വാങ്ങിത്തരാം."
അയാൾ അവൾക്ക് ചായയും, പഴംപൊരിയും വാങ്ങിക്കൊടുത്തു. കൊച്ചു സജ്നയ്ക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി. പക്ഷേ അതവൾ തൊട്ടു പോലും നോക്കിയില്ല. നിറഞ്ഞു വന്ന മിഴികളോടെ അവൾ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി നിന്നു.
പിറകോട്ട് ഓടിപ്പോകുന്ന മരങ്ങളും വീടുകളും. ആ കാഴ്ചകൾ അവളുടെ കുഞ്ഞു മനസിൽ ഒരത്ഭുതമായി. നാട്ടിൽ പോകുമ്പോൾ നമുക്ക് ട്രെയിനിൽ കയറാമെന്ന് ഉപ്പച്ചി പലപ്പോഴും പറയാറുണ്ടായിരുന്നു.
ഇന്നാണ് ആ യാത്ര! പക്ഷേ.. അവളുടെ പ്രിയപ്പെട്ട ഉമ്മച്ചി മാത്രം കൂടെയില്ല!
ഉമ്മയെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
ചുണ്ടുകൾ വിതുമ്പി!
ഒരിക്കൽ പോലും ഉമ്മച്ചിയെ വിട്ട് അവൾ മാറി നിന്നിട്ടില്ല. വല്ലാത്തൊരു നൊമ്പരം ആ കുഞ്ഞു മനസ്സിൽ നിറഞ്ഞു നിന്നു. സെയ്താലിയുടേം സാബിറയുടെയും പുന്നാരമോളാണ് മൂന്നു വയസ്സുകാരി സജ്നക്കുട്ടി.
മദിരാശിയിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ് സെയ്താലി. നാലു വർഷം മുൻപാണ് അയ്യാൾ സാബിറ എന്ന മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചത്. സാബിറയുടെ കുടുംബം വർഷങ്ങളായി മദിരാശിയിലാണ് താമസം.
മലപ്പുറംകാരൻ സെയ്താലിയുടെ ആരേയും ആകർഷിക്കുന്ന സ്വഭാവമാണ് സാബിറയുടെ ബാപ്പയ്ക്ക് പെരുത്ത് ഇഷ്ടമായത്. കൂടുതലൊന്നും അന്വേഷിക്കാതെ അയ്യാൾ മോളെ സെയ്താലിയ്ക്ക് കെട്ടിച്ചു കൊടുത്തു.
അവരുടെ സന്തോഷകരമായ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ പൂവാണ് സജ്ന എന്ന കൊച്ചു സുന്ദരി. വിടർന്ന കണ്ണുകളും, ചുരുണ്ട മുടിയും, ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയുമുള്ള ഒരു കൊച്ചു മൊഞ്ചത്തി.
ഉമ്മച്ചി സാബിറയുടെ തനി സ്വരൂപം!
ഇന്നലെ വന്ന ഒരു കത്താണ് ഈ പുകിലൊക്കെ ഉണ്ടാക്കിയത്. കത്ത് സാബിറയുടെ കൈയ്യിലാണ് കിട്ടിയത്. അതിനെ തുടർന്ന് ഒരു വലിയ ഭൂകമ്പം തന്നെ ഉണ്ടായി എന്നു പറയാം. അതാണ് സെയ്താലി കുട്ടിയേയും എടുത്ത് നാട്ടിലേയ്ക്ക് പോരാനുള്ള കാരണം.
കുഞ്ഞിനു വേണ്ടി അയാളുടെ കാലിൽ വീണ് കെഞ്ചിക്കരഞ്ഞു സാബിറ.
പക്ഷേ...
സെയ്താലിയുടെ കരുത്തിനു മുമ്പിൽ പാവം സാബിറയ്ക്ക് നിസ്സഹായയായ് നിൽക്കേണ്ടി വന്നു.
തന്റെ ജീവന്റെ ജീവനായ കുഞ്ഞുമായി അയാൾ നടന്നകലുന്നത് നെഞ്ചു പൊട്ടുന്ന നൊമ്പരത്തോടെയവൾ നോക്കി നിന്നു.
പച്ചവിരിച്ച വയലേലകൾ. പശ്ചിമഘട്ടത്തിന്റെ മനോഹാരിത വിളിച്ചോതുന്ന മലനിരകൾ. നീലാകാശത്ത് നീന്തിത്തുടിക്കുന്ന മേഘക്കൂട്ടങ്ങൾ. അറബികടലിനെ പുണരാൻ കൊതിക്കുന്ന ഭാരതപ്പുഴ.
ആകാശത്തിന്റെ വിരിമാറിലൂടെ പാറിക്കളിക്കുന്ന പറവകൾ. എങ്ങും നിറഞ്ഞ ഹരിത ഭംഗി.
ട്രെയിൻ തിരൂർ സ്റ്റേഷനിലെത്തി. സെയ്താലി എഴുന്നേറ്റ് ഉറങ്ങിക്കിടക്കുന്ന സജ്ന മോളെ എടുത്ത് ഇടതു തോളിൽ കിടത്തി, വലതുകൈയ്യിൽ ബാഗുമായി തിക്കിതിരക്കി ഒരു വിധത്തിലയാൾ പുറത്തിറങ്ങി. ഒരു കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേയ്ക്ക്. ഇടറുന്ന പാദങ്ങൾ വലിച്ചു വെച്ച് അയാൾ നടന്നു. ഹൃദയത്തിൽ തിങ്ങി വിങ്ങുന്ന നൊമ്പരം. മനസിന് വല്ലാത്ത തളർച്ച തോന്നി. ആ തളർച്ച ശരീരത്തേയുംബാധിച്ചു. ഏന്തി വലിഞ്ഞ് അയാൾ നടന്നു. നടന്നിട്ട് മുന്നോട്ട് നീങ്ങുന്നില്ല. ആ യാത്രയിൽ ഇന്നോളം തോന്നാത്ത ദൂരക്കൂടുതൽ തോന്നി അയാൾക്ക്.
മൈലാഞ്ചിച്ചെടികൾ വേലി കെട്ടിയ പറമ്പിലേയ്ക്ക് അയാൾ കടന്നു. കാലുകൾക്ക് ഭാരക്കൂടുതൽ പോലെ. മനസിന്റെ തളർച്ച അയാളുടെ യാത്ര മന്ദഗതിയാക്കി.
" ഉപ്പച്ചീ..."
സുബൈറാണ്.
ഉപ്പയെക്കണ്ട സന്തോഷത്താലവൻ കുതിച്ചു ചാടി അടുത്തെത്തി. ഉപ്പയുടെ തോളിൽ കിടക്കുന്ന സജ്ന മോളെ കണ്ട് ഒരു നിമിഷം അവൻ പകച്ചു നിന്നു.
"ഇതാരാ ഉപ്പാ?"
അവൻ ഉപ്പയുടെ കൈയ്യിൽ നിന്നും ബാഗ് കൈക്കലാക്കി. തൊട്ടുപിന്നാലെ സുബൈദയും സൈനബയും എത്തി. കുട്ടികളുടെ ബഹളം കേട്ട് നനഞ്ഞ കൈ നൈറ്റിയിൽ തുടച്ച് തട്ടം വലിച്ചിട്ട് സന്തോഷത്തോടെ ആയിഷയും പിന്നാലെയെത്തി. ഒരു നിമിഷം കൊണ്ട് അവളുടെ മുഖം മങ്ങി.
"ഏതാണ് ഇക്കാ ഈ കുട്ടി..?"
തെല്ലൊരു ഉൽക്കണ്ഠയോടെയാണവൾ ചോദിച്ചത്.
"അയ്ശൂ ജ്ജ് ഓളെ കൊണ്ട് പോയ് അകത്ത് കിടത്ത്."
അയ്യാൾ കുഞ്ഞിനെ ആയിഷയ്ക്ക് എടുക്കാൻ പാകത്തിൽ നിന്നു. ഒന്നും മിണ്ടാതെ കനത്ത മുഖത്തോടെയവൾ മുഖം തിരിച്ചു. അയ്യാൾ തന്നെ കുഞ്ഞിനെ കൊണ്ട് പോയി അകത്തു കിടത്തി.
"ഉപ്പാ.. എന്റെ കുപ്പായത്തുണി എവിടെ.. ?"
"ഉപ്പാന്റെ കൊലുസെവിടെ?"
''ഉപ്പച്ചീ.. പന്ത് വാങ്ങീലേ?"
കുട്ടികൾ അവരുടെ ആവശ്യങ്ങളുടെ പട്ടിക നിരത്തി. അയാൾ വന്ന് തിണ്ണയിലുള്ള ബഞ്ചിൽ ഇരുന്നു. മക്കൾ മൂന്നാളും ചുറ്റും കൂടി നിന്നു. ആയിഷ എന്തോ തീരുമാനിച്ചുറച്ച മട്ടിൽ എളിക്ക് കൈയ്യും കൊടുത്ത് വീണ്ടും ചോദിച്ചു.
"ഇക്കാ.. ഏതാണീ കുട്ടി? ങ്ങള് ന്താണ് ഒന്നും മുണ്ടാത്തത് ?"
"അയ്ശൂ ഞാനെല്ലാം പറയാം.
നീ എനിക്ക് ഇത്തിരി വെള്ളം തരിൻ ബല്ലാത്ത ദാഹം."
അയ്യാൾ ഇട്ടിരുന്ന ഷർട്ട് ഊരി മെല്ലെ വീശാൻ തുടങ്ങി. ഉള്ളിൽ ഒരു നെരിപ്പോട് എരിയുന്നപോലെ. വല്ലാത്ത ദാഹം! പരവേശം! ആയിഷയുടെ മുഖത്ത് നോക്കാൻ നേരിയ വൈക്ലബ്യം. ആയിഷ പോയി വെള്ളവുമായി വന്നു. ഇതിനിടയിൽ മക്കൾ അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിച്ച് അവർക്കുള്ള സാധനങ്ങൾ വല്ലതുമുണ്ടോ എന്ന് നോക്കി.
ഒന്നും കിട്ടാത്തതിനാൽ പരിഭവത്തോടെ മെല്ലെ പിൻതിരിഞ്ഞു. അയാൾ വെള്ളം വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്ത് ഗ്ലാസ്സ് ഭാര്യയുടെ കൈയ്യിൽ കൊടുത്തു.
"അയ്ശൂ ...ഞാൻ പറയുന്നത് ജ്ജ് ശ്രദ്ധിച്ചു കേൾക്കണം." അയാൾ ഒരു കള്ളം പറയാനുള്ള ഒരുക്കത്തിലാണ്.
"എന്റെയൊരു സുഹൃത്തിന്റെ കുട്ടിയാണ്! അതിന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി. അതിന് ആരുമില്ല. നമ്മുടെ മക്കൾടെ ഒപ്പം ഓളിവിടെ വളരട്ടെ."
ഏങ്ങനൊക്കെയോ സെയ്താലി പറഞ്ഞൊപ്പിച്ചു.
തുറിച്ച കണ്ണുകളോടെ അയിഷ അയാളെ ഒന്ന് ചുഴിഞ്ഞു നോക്കി. ഒരു ചെറിയ ചുമയോടെ അയാളാ നോട്ടം തള്ളിക്കളഞ്ഞു.
"ഉമ്മച്ചീ.. ഉമ്മച്ചി.."
മോളുടെ കരച്ചിൽ കേട്ട് അകത്തേക്കു ചെന്ന സെയ്താലി അവളെ വാരിയെടുത്ത് നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു .
"ഉപ്പച്ചീ.. എന്റെ ഉമ്മച്ചിഎവിടെ?" ഉറക്കെ കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു.
അടുത്തുനിന്ന് ആയിഷയെ ചൂണ്ടി അയാൾ പറഞ്ഞു.
"ഇതാണ് മോളുടെ ഉമ്മച്ചി."
നിറഞ്ഞ കണ്ണുകൾ കുഞ്ഞിക്കൈ കൊണ്ട് തുടച്ച് അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ കുഞ്ഞു മനസൽ ഭയത്തിന്റെ അലയൊലികൾ. അവൾ ഉപ്പയുടെ കഴുത്തിൽ മുറുക്കെ കെട്ടിപ്പിടിച്ചു.
"ഇതല്ല ഉമ്മച്ചി."
എനിക്കന്റെ ഉമ്മച്ചിയെ കാണണം. "
അവൾ കൂടുതൽ ഉച്ചത്തിൽ ശാഠ്യം പിടിച്ച് കരഞ്ഞു.
"എന്തൊരു കരച്ചിലാണീ കൊച്ച്." ഘനപ്പിച്ച മുഖവുമായി എന്തൊക്കെയോ പിറുപിറുത്ത് ആയിഷ അകത്തേക്ക് പോയി.
"മക്കളേ ഇതാണ് സജ്നാ മോൾ. നിങ്ങൾ ഇവടെ പൊന്നുപോലെ നോക്കണം സ്വന്തം അനുജത്തിയായി.
ആരും ഇവളെ വേദനിപ്പിക്കരുത് ."
അയാൾ മക്കൾ മൂവരോടുമായി പറഞ്ഞു. അവർ ഒന്നും മനസിലാവാതെ പരസ്പരം നോക്കി. മൂത്തവനായ സുബൈർ മെല്ലെ അവളുടെ കൈകളിലും കുഞ്ഞിക്കവിളിലും തലോടി. തേങ്ങലടക്കി ഒരു നിമിഷം സജ്നയും മിഴികളുയർത്തി അവനെ നോക്കി.
സുബൈർ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്. സുബൈദ ഏഴിലും സൈനബ അഞ്ചിലും പഠിക്കുന്നു. സെയ്താലിക്ക് പുറത്തേയ്ക്ക് എങ്ങും പോവാൻ പറ്റാണ്ടായി. സജ്ന ആരുമായും അടുക്കുന്നില്ല.
അല്ല അതിനായ് ആരും ശ്രമിക്കുന്നില്ല എന്നതാണ് ശരി. പ്രത്യേകിച്ച് ആയിഷ.
അവർക്കെന്തോ സജ്നയെ കാണുമ്പോൾ തന്നെ ദേഷ്യവും കലിപ്പുമാണ്. എന്തൊക്കെയോ അർത്ഥം വെച്ച സംസാരവും, ദ്വേഷ്യം പ്രകടിപ്പിക്കുന്ന പല പ്രവർത്തികളും അയാൾ കണ്ടില്ല എന്ന് നടിച്ചു.
ഒരു സന്ധ്യാ സമയത്ത് കിണറ്റുകരയിലുള്ള അലക്കു കല്ലിൽ നിർത്തി അയാൾ സജ്നമോളെ കുളിപ്പിക്കുകയായിരുന്നു. അതു വഴി വന്ന ആയിഷ മോൾടെ പുറത്തെ വലിയ മറുകു കണ്ട് ചോദിച്ചു.
"നിങ്ങടെ പുറത്തുള്ള മറുക് എങ്ങനെ ഈ കുട്ടിക്ക് കിട്ടി?"
ചേതനയറ്റ് നിന്നു പോയി സെയ്താലി. പിന്നെയവിടെ വലിയ വാക്പോര് തന്നെയായിരുന്നു. ആ വീട്ടിൽ അന്നാരും ഒന്നും കഴിച്ചില്ല. കുട്ടികളൊക്കെ കരഞ്ഞ് തളർന്നുറങ്ങി.
വരാന്തയിലുള്ള ബെഞ്ചിൽ സെയ്താലി കൊച്ചുസജ്നയെ മാറോടു ചേർന്ന് രാത്രി കഴിച്ചുകൂട്ടി. നെഞ്ചകം പൊട്ടും പോലെ തോന്നി അയാൾക്ക്. ഒന്നും വേണ്ടിയിരുന്നില്ല. കുഞ്ഞിനെ സാബിറയിൽ നിന്ന് പിടിച്ചു വാങ്ങിയത് വലിയ അപരാധമായിപ്പോയി. മൂന്നു വയസു മാത്രമുള്ള സജ്നമോളായിരുന്നു സാബിറയുടെ ഏകസ്വത്ത്.
ഒരു നിമിഷത്തെ എടുത്തു ചാട്ടം. പാവം സാബിറ! സാബിറയ്ക്ക് മോളെ കാണാത്ത വിഷമം സഹിക്കാൻ കഴിയുമോ?
ആയിഷയ്ക്ക് ഇവളെ സ്വന്തം മോളായി സ്നേഹിക്കാൻ പറ്റുമോ? ഇവളുടെ കുഞ്ഞു മനസ് വേദനിപ്പിക്കാതെ ആര് ഇവളെ നോക്കും. ജീവിതം പിടിവിട്ടു പോയ അവസ്ഥയിലായി.
ആയിഷ മദിരാശിയിലേയ്ക്ക് അയച്ച കത്ത് സാബിറയ്ക്ക് കിട്ടി. അതോടെ അവിടം നരകമായി. സജ്ന മോളുമായി ഇവിടെത്തി. ഇവിടെയും അതേ സ്ഥിതിയായി! ഇനിയെന്ത് ?
ജോലി തേടി മദിരാശിയിലെത്തിയ സെയ്താലി അവിടെ വെച്ച് പരിചയപ്പെട്ട സാബിറയെ ഭാര്യയാക്കി. നാട്ടിൽ ഭാര്യയും മൂന്നു മക്കളും ഉള്ള കാര്യം മറച്ചു വച്ചു കൊണ്ട്. ഭാര്യയേം, മക്കളേം അറിയിക്കാതെ ഒരു കുടുംബം അന്യനാട്ടിലും ഉണ്ടാക്കി.
രണ്ടു വള്ളത്തിൽ കാലു വെച്ചതിന്റെ ഫലം അനുഭവിക്കാതെ വയ്യല്ലോ!
കാലം അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരുന്നു. ഋതുക്കളും സംവത്സരങ്ങളും കടന്നു പോയി. ദുഃഖങ്ങളും, ദുരിതങ്ങളും, വേദനിപ്പിക്കുന്ന ഓർമ്മകളും, മാത്രം നിറഞ്ഞ ബാല്യത്തിൽ നിന്നും,
മഴവില്ലിന്റെ വർണ്ണങ്ങൾ വാരിവിതറുന്ന കൗമാരത്തിലേക്ക് കടന്നിരിക്കുന്നു സജ്നക്കുട്ടി. ഉത്തമയായ ഒരു വീട്ടമ്മയെപ്പോലെ അതിരാവിലെ എണീറ്റ് എല്ലാ ജോലികളും ചെയ്ത ശേഷമാണ് അവൾ സ്ക്കൂളിൽ പോകുക.
അഞ്ചു നേരം നിസ്ക്കരിക്കുവാനും, തന്നെ വേദനിപ്പിക്കുന്നവരോടു ക്ഷമിക്കാനും, അവൾ പഠിച്ചു. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് വല്ലപ്പോഴും കിട്ടുന്ന ഉപ്പച്ചിയുടെ സ്നേഹവാത്സല്യങ്ങൾ മാത്രമാണ് അവൾക്ക് ഉള്ള ഏക ആശ്വാസം.
ഉപ്പയുടെ സഹോദരി സഫിയഅമ്മായിയും മകൻ സമീറും വീട്ടിൽ വന്നാൽ അന്ന് അവൾക്ക്ഏറെ സന്തോഷമാണ്. ഉമ്മയില്ലാത്ത കുഞ്ഞായതിനാൽ സജ്നയോട് ഒരു പ്രത്യേക വാത്സല്യം ഉണ്ട് സഫിയയ്ക്ക്. ആയിഷയ്ക്കും, മക്കൾക്കും അത് തീരെ ഇഷ്ടമാവാറില്ല. പക്ഷേ സഫിയ വന്നാൽ അന്ന് ആയിഷ സജ്നമോളോട് കൃത്രിമ സ്നേഹം കാണിക്കും.
വീട്ടു ജോലിമാത്രമല്ല, പുറത്തുള്ള ജോലിയും ചെയ്യേണ്ടി വന്നു അവൾക്ക്. മൂന്നാലു പശുക്കളും, ആടുകളും ഉണ്ട്. അവയ്ക്കുള്ള പുല്ല് വെട്ടിയിടണം. തൊഴുത്ത് വൃത്തിയാക്കണം. വെള്ളം കോരണം.
എല്ലാം ചെയ്യാൻ സ്ജന തന്നെ വേണം. സ്വന്തം മക്കളെക്കൊണ്ട് ആയിഷ ഒന്നും ചെയ്യിക്കില്ല.
സജ്നയുടെ കുഞ്ഞുന്നാൾ മുതൽ ആയിഷ അവളെക്കൊണ്ട് എടുക്കാൻ വയ്യാത്തത്ര ജോലികൾ ചെയ്യിക്കും. എല്ലാം കാണുന്നുണ്ടെങ്കിലും പലപ്പോഴും കാണാത്ത മട്ട് നടിക്കേണ്ടതായി വന്നു സെയ്താലിക്ക്, കുടുംബ സമാധാനത്തെ പ്രതി.
എങ്കിലും അയാളുടെ ഉള്ള് നീറിപ്പിടയുകയായിരുന്നു. സ്വന്തം കുഞ്ഞ് ഈ ദുരിതഭൂമിയിൽ പീഡിപ്പിക്കപ്പെടുന്നതോർത്ത്.
അടുത്തസ്ഥലങ്ങളിലുള്ള ജോലി മാത്രമേ ഇപ്പോഴയാൾ ചെയ്യാറുള്ളൂ. സജ്ന മോളെ ഇവിടെ വിട്ട് ദൂരേയ്ക്ക് പോകാൻ ഉള്ള വിഷമമാണ് കാരണം. ആയിഷയുടെ ക്രൂരതകൾ ഏറ്റ് തളർന്നാലും സജ്ന ഉപ്പച്ചിയോട് അതൊന്നും മിണ്ടാറില്ല. ഭൂമിയോളം ക്ഷമിക്കാൻ കൊച്ചു സജ്ന ഒരുക്കമാണെങ്കിലും പലപ്പോഴും അവൾക്ക് ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
എത്രയൊക്കെ പിടിച്ചു നിന്നാലും രാത്രിയുടെ ഏകാന്തതയിൽ ആരു മറിയാതെ നെഞ്ചു പൊട്ടിക്കരയുമ്പോഴും ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അവൾ ശീലിച്ചു. എല്ലാവരും വയർ നിറച്ചുണ്ട് കിടന്നുറങ്ങുമ്പോൾ വിശന്ന വയറോടെ ദു:ഖങ്ങൾ ഉള്ളിലൊതുക്കി നിലത്തു വിരിച്ച പായയിൽ വയറുനിറച്ച് ഉണ്ണുന്ന സ്വപ്നം കണ്ടവൾ ഉറങ്ങി. വീട്ടിൽ ഭക്ഷണം ഇല്ലാത്തതല്ല കാരണം.
മനുഷത്വം ഇല്ലാത്ത രണ്ടാനമ്മയുടെ ക്രൂരത.
ഏകാന്തതയും, വിശപ്പും വേണ്ടുവോളം അനുഭവിച്ച് ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാനവൾ പഠിച്ചു കഴിഞ്ഞു. കിഴക്കേലേ കല്യാണിയമ്മയും മകൾ നിശാന്തിനിയും അണ് പലപ്പോഴും അവളെ വയറ് നിറച്ച് ഊട്ടിയിട്ടുള്ളത്. സജ്നയും നിശാന്തിനിയും കൂട്ടുകാരാണ്. പഠനവും ഒരേ ക്ലാസിൽ തന്നെ. വല്ലപ്പോഴുമൊന്ന് സജ്ന ഹൃദയം തുറക്കാറുള്ളത് നിശാന്തിനിയുടെ മുൻപിലാണ്. എല്ലാവർക്കും ഉപ്പ പെരുന്നാളിന്പുത്തനുപ്പു വാങ്ങി. സജ്നയുടെ പുത്തനുടുപ്പ് ഉമ്മയെടുത്ത് ഉമ്മയുടെ സഹോദരന്റെ മകൾക്ക് കൊടുത്ത അന്നു രാത്രി ഒരിക്കലും അവൾക് മറക്കാൻ കഴിയില്ല. അവൾക്ക് ഏറെ ഇഷ്ടമുള്ള
റോസ് കളറിൽ ചുവപ്പും വെള്ളയും പൂക്കൾ തുന്നിയ ഉടുപ്പായിരുന്നു അത്.
കണിക്കൊന്ന പൂത്തുലഞ്ഞ പോലെ മുന്നിൽ വന്ന സുന്ദരിയെ കണ്ട സമീറിന്റെ കണ്ണുകൾ വിടർന്നു. പഴയ സജ്ന കുട്ടി തന്നെയൊ ഇത്. ചന്ദ്രക്കല പോലുള്ള പുരികങ്ങൾ. സുറുമയെഴുതിയ മിഴികകളിൽ ഒളിഞ്ഞിരിക്കുന്ന കനവുകൾ. ചെഞ്ചുണ്ടിൽ തത്തിക്കളിക്കുന്ന നറും പുഞ്ചിരി. നീണ്ടു ചുരുണ്ട കാർക്കൂന്തലിൽ മുല്ലപ്പൂമാല. നെറ്റിത്തടത്തിൽ വീണു കിടക്കുന്ന കുറുനിരകൾ. കൈകളിലെ മൈലാഞ്ചി മൊഞ്ചുമായി തിളങ്ങുന്ന നീലചുരിദാറുമണിഞ്ഞ് സജ്ന ഇറങ്ങിവന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിൽപതിഞ്ഞു. തട്ടമണിഞ്ഞ ഒരു കൊച്ചു മൊഞ്ചത്തി. സഫിയ അമ്മായി അവളെ പിടിച്ചു നിർത്തി അവളുടെ കസവു തട്ടം ശരിക്ക് ഇട്ടുകൊടുത്തു. കൂട്ടത്തിൽ താടിയിൽ ഒരു കൊച്ചു തട്ടും കൊടുത്തു. സുന്ദരിക്കുട്ടിക്ക് അമ്മായിയുടെ വക അഭിനന്ദനം.
സജ്നയുടെ സഹോദരൻ സുബൈറിന്റെ കല്യാണമാണ്. മൂത്ത സഹോദരിമാർ സുബൈദയും സൈനബയും ഭർത്താക്കൻമാരോടൊപ്പം ദിവസങ്ങൾക്കു മുൻപേ എത്തിയിട്ടുണ്ട്. മണവാട്ടിയുടെ വീട്ടിലേയ്ക്ക് പുറപ്പെടാനായ് എല്ലാവരും വാഹനത്തിൽ കയറുമ്പോൾ സമീർക്കാ ആരും കാണാതെ അവളെ നോക്കി ഒരു കണ്ണിറുക്കി ചിരിച്ചത് ആരും കണ്ടില്ലെന്നു തോന്നുന്നു.
ഹൃദയത്തിൽ വിരുന്നു വന്ന സന്തോഷം അവൾ ഒരു പുഞ്ചിരിയിലൊതുക്കി. പക്ഷേ കൂട്ടുകാരി നിശാന്തിനി എല്ലാം കണ്ട് ഒരു ഗൂഡസ്മിതത്തോടെ തലയിളക്കിയപ്പോൾ അവൾ ലജ്ജ കൊണ്ട് ചൂളിപ്പോയി.
മൂന്നു വർഷത്തെ പ്രവാസത്തിനു ശേഷം സമീർ നാട്ടിലെത്തിയത് നാലു ദിവസം മുൻപാണ്. സജ്നയ്ക്കും കളിക്കൂട്ടുകാരനെ കണ്ടപ്പോൾ ഇതുവരെ തോന്നാത്ത കള്ള നാണം. മറ്റാരും കാണാതെയവൾ സമീറിനെ നോക്കുമ്പോഴെല്ലാം കണ്ണുകൾ തമ്മിലിടയും. വല്ലാത്തൊരു അനുഭൂതി. ലജ്ജാ ഭാരത്താൽ കുനിഞ്ഞു പോകുന്ന ശിരസ്. അപരിചിതമായ അനുഭൂതിയിൽ മയങ്ങിയ നിമിഷങ്ങൾ. അന്നു മുതൽ തുടങ്ങിയതാണ് കൂട്ടുകാരി നിശാന്തിനിയുടെ നിരീക്ഷണം.
സ്കൂളിൽ പോകുമ്പോൾ സജ്നയെ കാത്തുനിൽക്കുന്ന സമീർക്കയെ സജ്നയെക്കാൾ മുൻപേ അവൾ കാണും. അവൾ ചൊല്ലുന്ന കളിതമാശകൾ ഇഷ്ടത്തോടെ കേട്ടിരിക്കുമ്പോഴും സജ്നയുടെ ഉള്ളിൽ ഒരാന്തലാണ്.
ഉമ്മയറിഞ്ഞാൽ പിന്നെ തനിക്കു മാത്രമല്ല, പാവം ഉപ്പയ്ക്കും പിന്നെ സ്വൈര്യമുണ്ടാവുകയില്ല.
പാവം ഉപ്പച്ചി..
ഇക്കയുടേം, ഇത്താത്തമാരുടേം കല്യാണം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. കുറച്ച് നാളായി ഉപ്പയ്ക്ക് നല്ല ക്ഷീണമുണ്ട്. വിശ്രമിക്കാൻ ഇക്കയും പറയുന്നുണ്ട്. പക്ഷേ ഉപ്പയുണ്ടോ കേൾക്കുന്നു.
"ന്റെ സജ്നക്കുട്ടിയെ കൂടി ഒരു സുരക്ഷിത കൈകളിൽ എത്തിച്ചാൽ മാത്രമേ ഇനി വിശ്രമമുള്ളൂ." എന്നാണ് ഉപ്പയുടെ പല്ലവി.
"ജജ് അതിനു തിരക്കുകൂട്ടണ്ടാ ഓൾക്ക് പതിനഞ്ചല്ലേ ആയിട്ടുള്ളൂ." മൂത്താപ്പയാണ്. പക്ഷേ ഉപ്പയ്ക്ക് അവളുടെ കാര്യത്തിൽ വല്ലാത്ത വേവലാതിയുണ്ട്. എന്ത് പറഞ്ഞാലും അവസാനം അവളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ ഉപ്പച്ചി പ്രകടിപ്പിക്കാറുണ്ട്. ഉമ്മയ്ക്ക് അത് കേട്ടാൽ അപ്പോ ദേഷ്യം വരും.
അന്നൊരു ബുധനാഴ്ചയായിരുന്നു. സജ്ന ക്ലാസ് കഴിഞ്ഞ് വന്ന് വീട്ടുജോലിയെല്ലാം തീർന്നു. ഉപ്പച്ചി ഇനിയും എത്തിയിട്ടില്ല. മണി എട്ടടിച്ചു. ഉമ്മയോട് ചോദിക്കാൻ പേടി. ഇക്കയോട് ചോദിക്കാം ന്ന് വെച്ചാൽ,
ഇക്കയും നാത്തൂനും വേറേതോ ലോകത്താണ്. സാധാരണ ആറ് മണിക്ക് എത്തുന്ന ഉപ്പയാണ്.ഇന്ന് എന്താണാവോ?
സജ്നയുടെ ഹൃദയം അസ്വസ്ഥതയാൽ നീറി. ആരോട് ചോദിക്കും? അവൾ നിസ്ക്കാരപ്പായയിലിരുന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം. സെയ്താലിയും, കുമാരനും ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും സജ്ന ഓടി മുറ്റത്തെത്തിയിരുന്നു.
നെറ്റിയിൽ ഒരു വെച്ചു കെട്ടുമായി നിൽക്കുന്ന ഉപ്പയെ കണ്ട സജ്ന ഞെട്ടിപ്പോയി. പൊട്ടിക്കരഞ്ഞു കൊണ്ടവൾ ചോദിച്ചു.
"എന്തുപറ്റി ഉപ്പാ?"
"പേടിക്കാനൊന്നുമില്ല മോളേ ഒന്ന് തലകറങ്ങി വീണു. നെറ്റി ഇടിച്ചു. ഒരു ചെറിയ മുറിവ്." കുമാരൻ ലാഘവത്തോടെ പറഞ്ഞു .
സെയ്താലിയുടെ ഉറ്റ ചങ്ങായിയാണ് കുമാരൻ. നിശാന്തിനിയുടെ അഛൻ. രണ്ടാൾക്കും ജോലി ഒരേ സ്ഥലത്ത്.
"സെയ്താലിക്കാ.. ങ്ങള് രണ്ടീസം ലീവാക്കിൻ. ഞാൻ നാളെ വരാം." യാത്ര പറഞ്ഞ് കുമാരൻ പോയി. തൊട്ടടുത്താണ് കുമാരന്റെ വീട്.
സജ്നയ്ക്ക് ആ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ഉപ്പയുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും സഹിക്കില്ല അവൾക്ക്. അടുത്ത ദിവസം രാവിലെ തന്നെ വിവരമറിഞ്ഞ് സെയ്താലിയുടെ ചേട്ടനും, അനിയൻമാർ രണ്ടു പേരും എത്തി. എല്ലാവരും അടുത്തടുത്താണ് താമസം. എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ സെയ്താലിക്കു സന്തോഷം.
"ഞാൻ നിങ്ങളെ എല്ലാവരേം ഒന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. സജ്നയുടെ നിക്കാഹ് എത്രയും വേഗം നടത്തണം. ഓൾക്ക് വയസ് പതിനാറാവുന്നു. ആളെയൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്. നമ്മുടെ സമീർ."
സെയ്താലി ആവേശത്തോടെ പറഞ്ഞു.
ചായയുമായി വന്ന സജ്ന അതുകേട്ട് തരിച്ചു നിന്നു പോയി. സന്തോഷം കൊണ്ട് അവളുടെ മനം തുടിച്ചു. കനവു കാണുകയാണോ താൻ! വൈദ്യൻ കൽപ്പിച്ചതും, രോഗി ഇഛിച്ചതും പാൽ! തൻ്റെ ഉള്ളറിഞ്ഞതു പോലെ തന്നെയാണല്ലോ ഉപ്പയുടെ തീരുമാനം.
"ഒന്നു തല കറങ്ങി വീണപ്പോഴേയ്ക്കും ഇക്കയ്ക്ക് എന്തേ ഇത്ര ബേജാറ്?" അനിയൻ സത്താർ ചോദിച്ചു.
"ബേജാറൊന്നൂല്ല. സമീർ വരാൻ കാത്തിരിക്കയായിരുന്നു ഞാൻ. ഓന് വയസ്സ് 22. അളിയൻ നാസറും സഫിയയുമായി ഞാൻ എല്ലാക്കാര്യവും സംസാരിച്ചിട്ടുണ്ട്. ഓൾക്ക് വേണ്ട പണവും, പണ്ടവും ഞാൻ ഉണ്ടാക്കീട്ടുണ്ട്."
സഹോദങ്ങളോട് അങ്ങനെ പറഞ്ഞുവെങ്കിലും അയാൾക്ക് ഉള്ളിൽ മകളെക്കുറിച്ചുള്ള വേവലാതി കുറച്ചൊന്നുമല്ല. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ആയിഷയോ മക്കളോ അവളെ തിരിഞ്ഞു നോക്കില്ല.
തന്റെ സാന്നിധ്യത്തിൽ പോലും അവർ അവളെ ഒരു പാട് വേദനിപ്പിക്കാറുണ്ട്. ആ ഒരു ഉൽക്കണ്ഠയാണ് അയ്യാളെക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്.
പിന്നീടുള്ള ദിവസങ്ങൾ വളരെ തിരക്കുള്ളതായിരുന്നു. സ്വർണ്ണവും, തുണിത്തരങ്ങളും എടുക്കലും, കല്യാണം ക്ഷണിക്കലും മറ്റുമായി. പക്ഷേ ആയിഷയ്ക്ക് അതൊന്നും തീരെ പിടിക്കുന്നില്ല. അവർ പല കാരണങ്ങൾ കണ്ടെത്തി വീട്ടിൽ കലഹത്തിന്റെ വിത്തുകൾ വിതച്ചു. സെയ്താലിയും, സജ്നയും അതൊക്കെ കാണാത്ത മട്ടിൽ നടന്നു. പക്ഷേ നിക്കാഹിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ആയിഷ സ്വന്തം വീട്ടിലേയ്ക്ക് പോയി. ബന്ധുക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും അവർ തിരിച്ചു വരാൻ തയ്യാറായില്ല. മകൻ സുബൈറും ഭാര്യയോടൊപ്പം ഭാര്യവീട്ടിലേയ്ക്ക് പോയതോടെ ഉപ്പയും, മോളും മാത്രമായി വീട്ടിൽ.
പടച്ചോന്റെ കൃപയാൽ സജ്നയുടെ നിക്കാഹ് ബന്ധുക്കളുടേയും, നാട്ടുകാരുടേം സാന്നിധ്യത്തിൽ ഭംഗിയായി നടന്നു. മണവാട്ടിയെ കണ്ടവരെല്ലാം അന്തം വിട്ടു. റംസാനിലെ ചന്ദ്രിക പോലെ,
ഏഴാം ബഹറിലെ ഹൂറി പോലെ അഴകളവുകൾ ഒത്തിണങ്ങിയ ഒരു മൊഞ്ചത്തി.
കനവുകൾ നിറഞ്ഞ ഹൃദയവുമായി കാലങ്ങളായി കാത്തിരുന്ന ആ സ്വപ്ന സാഫല്യത്തിലേയ്ക്ക് അവർ കടന്നു. ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന ദാമ്പത്യത്തിലേയ്ക്ക്, പുതിയ ജീവിതത്തിലേയ്ക്ക് അവർ പ്രവേശിച്ചു.
സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന നാളുകൾ. മണ്ണിലെ മധുവും മാനത്തെ വിധുവും ഒന്നായ് തീർന്ന നിമിഷങ്ങൾ.
ഓർമ്മ വെച്ച കാലം മുതൽ അനുഭവിച്ച വേദനകൾക്കും, കണ്ണീരിനും പകരമായി പടച്ചവൻ തന്ന സമ്മാനം. അതെ സജ്നയ്ക്കു കിട്ടിയ അമൂല്യമായ നിധിയാണ് സമീർ.
വിവാഹം കഴിഞ്ഞിട്ടും ആയിഷയോ, മകൻ സുബൈറോ ആ വീട്ടിലേക്ക് തിരിച്ചു വന്നില്ല. വീട്ടിൽ സെയ്താലി തനിച്ചായ തിനാൽ സജ്നയോടും സമീറിനോടും അവിടെ തന്നെ താമസിക്കാൻ സഫിയമ്മായി
പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് സെയ്താലിയായിരുന്നു. തൻ്റെ പൊന്നുമോളെ പിരിയാൻ അത്രയ്ക്കു വിഷമമായിരുന്നു അയാൾക്ക് .
സജ്നയ്ക്കും ഇതിൽ പരം സന്തോഷം വേറെയില്ല. മാമനെ ജോലിക്കു വിടാതെ കുടുംബകാര്യങ്ങൾ എല്ലാം സമീർ തന്നെ ഭംഗിയായി നടത്തി. സമീറിന്റേം, സജ്നയുടേം മാതൃകാ പരമായ ജീവിതം കണ്ട് നാട്ടുകാർക്കും, ബന്ധുക്കൾക്കും സന്തോഷമായി.
നാട്ടിൽ തന്നെ ചെറിയ ബിസിനസുകൾ സമീർ ചെയ്തു തുടങ്ങി. എവിടേയും സഹായഹസ്തവുമായി ഒപ്പം സജ്നയും. കോർത്തു പിടിച്ച കരങ്ങൾക്ക് കരുത്തായി, തുണയായി പടച്ചവന്റെ അനുഗ്രഹവും .
തൊട്ടതെല്ലാം പൊന്നായി മാറാൻ ഇനിയെന്തു വേണം?
കാലചക്രം പിന്നെയും തിരിഞ്ഞു കൊണ്ടേയിരുന്നു . ഇതിനിടയിൽ സമീറിന്റെയും സജ്നയുടേയും ചിരകാലാഭിലാഷമായിരുന്ന ഒരു സ്വപ്ന മാളിക അവർ പണിതുയർത്തി. ആരെല്ലാം താഴ്ത്തിയാലും, തളർത്തിയാലും സർവ്വസമ്പത്തിന്റെയും ഉടയവൻ അവരെ സമൃദ്ധമായ് അനുഗ്രഹിച്ചു കൊണ്ടിരുന്നു. എല്ലാവരേക്കാളും ഉന്നതിയിൽ തമ്പുരാൻ അവരെ ഉയർത്തി. അവരുടെ ദാമ്പത്യവല്ലരിയിൽ
മൂന്ന് മക്കളേയും അള്ളാഹു കനിഞ്ഞു നൽകി.
കാലം മായ്ക്കാത്ത മുറിവുകളോ, വേദനകളോ ഇല്ല. താഴ്ത്തിക്കെട്ടിയവരുടെയെല്ലാം മുൻപിൽ അവരെ ഉയർത്തി മാനിച്ചു ദൈവം.
തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായ് തീർന്ന നിമിഷങ്ങൾ!
പിന്നീടങ്ങോട്ട് സജ്നയുടെ കണ്ണീരിനും, വേദനയ്ക്കും പകരമായി കാലത്തിന്റെ കണക്കു പുസ്തകത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും നാളുകൾ .
മകളുടെയും മരുമകന്റെയും സ്വർഗ്ഗതുല്യമായ ജീവിതം കണ്ട് ധന്യനായാണ് സെയ്താലി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. പണ്ട് ശത്രുത കാട്ടിയ എല്ലാവരേയും ആത്മാർത്ഥമായ സ്നേഹത്താൽ സ്വന്തമാക്കി ചേർത്തുനിർത്തി സജ്ന.
സഹോദരങ്ങളുടെ ആവശ്യങ്ങളിൽ അവരെ സാമ്പത്തികമായും, ശാരീരികമായും സഹായിക്കാൻ സമീറും സജ്നയും മടിക്കാറില്ല.
സ്വന്തം മക്കൾ തിരിഞ്ഞു നോക്കാതെ രോഗങ്ങളും, ദുരിതങ്ങളും വേട്ടയാടിയ ആയിഷയെ നോക്കുന്നതും, പരിചരിക്കുന്നതും സജ്നയാണ്. ഇന്നവർക്ക് സ്വന്തം മക്കളെക്കാൾ പ്രിയം അവർ കാരുണ്യം കാണിക്കാതിരുന്ന സജ്നയോടാണ്.
അതെ..
പണ്ട് മദിരാശിയിൽ നിന്നും സെയ്താലിക്കൊപ്പം കരഞ്ഞ് തളർന്ന് തിരൂരെത്തിയ ആ സജ്നക്കുട്ടിയെ.