(Abbas Edamaruku )
സായന്തനസൂര്യന്റെ പൊൻ കിരണങ്ങളേറ്റ് ഗൗരിയുടെ മുഖം മിന്നിത്തിളങ്ങി. ഇളം കാറ്റിൽപെട്ട് അവളുടെ കാർകൂന്തലുകൾ പാറിപ്പറന്നു. നേഴ്‌സറി സ്‌കൂളിലെ പഠിപ്പീര് കഴിഞ്ഞ് എന്നത്തേയും പോലെ ഏകാകിനിയായി വീട്ടിലേക്ക് മടങ്ങുകയാണ് അവൾ. പൊടുന്നനെ ഒരു ബൈക്ക് അവൽക്കരികിലായി വന്നുനിന്നു. ഒരുനിമിഷം നിന്നുകൊണ്ട് ഗൗരി ബൈക്കിലിരുന്ന ആളെ നോക്കി.
അവൾ സ്തംഭിച്ചു നിന്നുപോയി. അവളുടെ ഹ്രദയമിടിപ്പിന് അറിയാതെയെന്നവണ്ണം വേഗത കൂടി. അവളുടെ ശരീരത്തിൽ വിയർപ്പുകണങ്ങൾ മൊട്ടിട്ടു .
''ജയൻ ...ജയമോഹൻ .''അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു .
''ഹലോ ...ഗൗരി, ഇതെവിടെ പോയതാണ് .?''
ആ ചോദ്യം ...ഗൗരിയെ ഒരുനിമിഷത്തെ വിസ്‌മൃതിയിൽ നിന്ന് വർത്തമാനകാലത്തേയ്ക്ക് തിരികെ കൊണ്ടുവന്നു .
''ഞാൻ ജോലി കഴിഞ്ഞു വരുന്നവഴിയാണ് .''ഗൗരി മെല്ലെ മുഖമുയർത്താതെ ശബ്ദം താഴ്ത്തി പറഞ്ഞു .
''ജോലിയോ ...?എന്ത് ജോലി .?''ജയമോഹൻ അവളെ നോക്കി ആകാംഷയോടെ ചോദിച്ചു .
''നേഴ്സ്സറിക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്ന ജോലി .''ഗൗരി മറുപടി നൽകി .
''അതെയോ .?ഞാനറിഞ്ഞില്ല ഇതൊന്നും .അല്ലേലും എങ്ങനറിയാനാണ് .ഒരുപാട് വർഷങ്ങളായില്ലേ ഞാൻ ഈ നാട്ടീന്ന് പോയിട്ട് .''പറഞ്ഞിട്ട് അവൻ ഗൗരിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു .
''ഗൗരി ഇപ്പോൾ എന്നെകുറിച്ചോർക്കാറുണ്ടോ .?''അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഒരുമാത്ര പതറിപ്പോയി .
''ഇല്ല, എന്തിനോർക്കണം ... ഞാൻ .?''അവളുടെ ശബ്ദം ഉറച്ചതായിരുന്നു .
''ഗൗരിക്ക് എന്നോട് വെറുപ്പാണെന്ന് എനിക്കറിയാം. അതിന് നിന്നെ കുറ്റം പറയാനാവില്ലല്ലോ .എല്ലാം എന്റെ തെറ്റാണ്. ഞാനാണ് നിന്നെ മോഹങ്ങൾ നൽകി വഞ്ചിച്ചത് .''പറഞ്ഞിട്ട് അവൻ ഒരു പരാജിതനെപോലെ അവളെ നോക്കി .
''എനിക്കാരോടും വെറുപ്പില്ല .അല്ലെങ്കിലും ഞാനെന്തിന് ജയമോഹനെ വെറുക്കണം? അർഹിക്കാത്തതുമോഹിച്ച ഞാനല്ലേ തെറ്റുകാരി .?ഞാൻ പോകുന്നു .''അത്രയും പറഞ്ഞിട്ട് ഗൗരി മുന്നോട്ടു നടക്കാനൊരുങ്ങി.
''ഗൗരിക്ക് പോകാൻ ദൃതിയായോ .? എത്രകാലം കൂടിയാണ് നമ്മൾ തമ്മിൽ കാണുന്നത് . എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട് തന്നോട് . ഒരുപാട് വർഷത്തെ വിശേഷങ്ങൾ .''പറഞ്ഞിട്ട് ജയമോഹൻ വീണ്ടും അവളെ നോക്കി .
''എനിക്കൊന്നും പറയാനില്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട ... ഞാൻ പോട്ടെ .''പറഞ്ഞിട്ട് ഗൗരി മുന്നോട്ടു നടന്നുപോയി .
''ഗൗരി ,ഇപ്പോൾ പൊക്കോളൂ .ഞാൻ വരുന്നുണ്ട് ഗൗരിയുടെ വീട്ടിൽ. എന്തായാലും എനിക്ക് പറയാനുള്ളതത്രയും തന്നോട് പറഞ്ഞിട്ടേ ഞാനിനി നാട്ടിൽ നിന്നും മടങ്ങിപ്പോകുന്നുള്ളൂ .'' അത്രയും പറഞ്ഞിട്ട് അവൻ ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചുപോയി .
പിറ്റേദിവസം ഗൗരിയുടെ വീട്ടിൽ അവൾ കൊടുത്ത ചായയും കുടിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരിയ്ക്കുമ്പോൾ ജയമോഹൻ ചോദിച്ചു .
''ഗൗരിയെന്താ ഒന്നും മിണ്ടാത്തത് .?ഞാൻ വന്നത് ഇഷ്ടമായില്ലെന്നുണ്ടോ .?അതോ എന്നോടുള്ള വെറുപ്പോ .?എന്തായാലും തുറന്നു പറഞ്ഞോളൂ ...!''
''ഞാനെന്തു പറയാനാണ് .?എല്ലാം ജയമോഹൻ തന്നെ പറയൂ ...അല്ലെങ്കിലും ജയമോഹനല്ലെ എന്നോട് എന്തൊക്കെയോ സംസാരിക്കാനുണ്ടെന്ന് വഴിയിൽ വെച്ചുകണ്ടപ്പോൾ പറഞ്ഞതും ...അതിനായി എന്നെ തേടിയെത്തിയതും.''ഗൗരി പറഞ്ഞു .
ഗൗരി , ഒരുപാട് മാറിപ്പോയെന്ന് അവനുതോന്നി .അവളുടെ ആ വിടർന്ന മിഴികളും തുടുത്ത കവിളികളുമെല്ലാം ജയമോഹനെ ഒരിക്കൽകൂടി പഴയകാലത്തിലേക്ക് കൂട്ടികൊണ്ടുപോയി .
കോളേജ്ക്യാമ്പസിലെ പഠനകാലം .തണൽമരങ്ങളുടെ അരികുപറ്റി നിന്നുകൊണ്ട് പരസ്പരം ഹൃദയങ്ങൾ കൈമാറിയത് .വൈകുന്നേരങ്ങളിൽ ഗൗരിയുമൊത്തു പാർക്കിനടുത്തുള്ള കോഫീഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതുമെല്ലാം ...ഒരിക്കൽകൂടി അവൻ മനസ്സിലോർത്തു .അന്നൊക്കെ എന്ത് ഉത്സാഹവതിയായിരുന്നു ഗൗരി .അന്നത്തെ അവളുടെ കളിചിരികളും, തമാശപറച്ചിലുമെല്ലാം എവിടെ .?എല്ലാം എങ്ങോ പോയ്മറഞ്ഞിരിക്കുന്നു .എല്ലാത്തിനും കാരണക്കാരൻ താനൊരാളല്ലേ .?അവൻ മനസ്സിലോർത്തു .
''ഗൗരി വല്ലാതെ മാറിപ്പോയിരിക്കുന്നു .''മൗനത്തെ ഭഞ്ജിച്ചുകൊണ്ട് അവൻ പറഞ്ഞു .
''ജയമോഹന് അങ്ങനെ തോന്നിയെങ്കിൽ അത് ശരിയായിരിക്കാം .ഞാൻ സ്വയം മാറിയതല്ല .കാലം എന്നെ ഇങ്ങനെയാക്കി തീർത്തതാണ് .''പറഞ്ഞിട്ട് അവൾ മൃദുവായി ചിരിച്ചു .
''ജയമോഹനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ .ജയന്റെ കുടുംബമൊക്കെ .?"ഗൗരി ഒരുനിമിഷം പറഞ്ഞുനിറുത്തിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി .
''ഇപ്പോഴെങ്കിലും ഗൗരി ഇതൊക്കെ ചോദിച്ചല്ലോ .കുടുംബം ,ഞാനിന്ന് മറക്കാൻ ശ്രമിക്കുന്ന ഒരദ്ധ്യായമാണത് .''അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു .
''കോളേജു വിട്ടയുടൻ ഞാൻ ജോലിതേടി വിദേശത്തേക്ക് പോയി .അവിടെനിന്ന് ആദ്യത്തെ അവദിക്ക് വന്നപ്പോൾ തന്നെ വീട്ടുകാർ എന്റെ വിവാഹം നടത്തി .അച്ഛന്റെ പഴയ ഒരു സുഹൃത്തിന്റെ മകളായിരുന്നു വധു .പണവും ,പഠിപ്പും ,സൗന്ദര്യവുമെല്ലാം ആവശ്യത്തിലധികമുള്ളവൾ. പക്ഷേ ,അവൾക്ക് ഒന്നുമാത്രം ഉണ്ടായിരുന്നില്ല .സ്നേഹിക്കാനറിയാവുന്ന ഒരുമനസ്സ് .അവിടെയാണ് ഞാൻ പരാജയപ്പെട്ടത് .ഇപ്പോൾ അവളുമായി പിരിഞ്ഞിട്ട് രണ്ടുവർഷമാകുന്നു ...കുട്ടികളില്ല .''അത്രയും പറഞ്ഞിട്ട് ജയമോഹൻ ടവ്വൽകൊണ്ട് കണ്ണുകൾ തുടച്ചു .
''എന്റെ കഥകൾ പറഞ്ഞുഞാൻ വെറുതേ സമയം കളഞ്ഞു .ഗൗരിയെക്കുറിച്ചു പറഞ്ഞില്ലല്ലോ .ഗൗരിയുടെ കുടുംബം .?''ചോദിച്ചിട്ട് അവൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി .
''അമ്മ ,മരിച്ചിട്ട് വർഷം രണ്ടാകുന്നു .ചേച്ചി വിവാഹം കഴിഞ്ഞു ഭർത്താവും കുട്ടിയുമൊത്തു ദൂരെ നാട്ടിൽ താമസിക്കുന്നു .മൂന്നുവർഷമായി ഞാൻ നേഴ്‌സറി ടീച്ചറായി ജോലിനോക്കുന്നു .''
ഗൗരിയുടെ ഓരോവാക്കുകളും ശ്രദ്ധയോടെ കേട്ടിരുന്ന ജയമോഹൻ താൻ കേൾക്കാനാഗ്രഹിച്ച വാക്കുകൾ മാത്രം ഗൗരിയുടെ വായിൽനിന്നും കേൾകാതെവന്നപ്പോൾ നിരാശനായി .അവൻ വീണ്ടും ഗൗരിയെ ആകാംഷയോടെ നോക്കി .
''ഗൗരിയിവിടെ തനിച്ചാണോ .?''ഗൗരിയിപ്പോഴും അവിവാഹിതയാണോ .?''അത് ചോദിക്കുമ്പോൾ അവന്റെമനസ്സ് വീണക്കമ്പികൾപോലെ വലിഞ്ഞുമുറുകി .ഗൗരി അവിവാഹിതയായിരുന്നെങ്കിൽ എന്നവൻ ഒരുനിമിഷം മനസ്സുകൊണ്ട് ആഗ്രഹിച്ചു .
''ഞാനിപ്പോൾ തനിച്ചല്ല .എനിക്ക് കൂട്ടായിട്ട് എന്റെ ഭർത്താവുണ്ട് .എന്നെപോലെ തന്നെ അനാഥനായ എന്റെ അയൽവാസിയായിരുന്ന എന്റെ ഹരിയേട്ടൻ .അധികം വിദ്യാഭ്യാസവും സൗന്ദര്യവുമൊന്നും ഇല്ലാത്ത പാവം കർഷകൻ .''
ഗൗരിയുടെ വാക്കുകൾ കേട്ട് ഒരുനിമിഷം ജയമോഹന്റെ മുഖം വിവർണ്ണമായി .പരാജിതനെപ്പോല അവൻ ഗൗരിയുടെ മുഖത്തേക്ക് ദയനീയമായി നോക്കി .അപ്പോൾ അവന്റെ മിഴികൾ അറിയാതെ എന്നവണ്ണം ഈറനണിഞ്ഞു .
''എന്നോട് ക്ഷമിക്കൂ ഗൗരി .നിന്നോടൊത്തുള്ള ജീവിതം ഞാനൊരുപാട് ആഗ്രഹിച്ചതാണ് .പക്ഷേ ,അമിതമായ ധനമോഹവും ,അധികാരമോഹവുമെല്ലാം എന്നെ നിന്നിൽ നിന്ന് അകറ്റി .മോഹങ്ങൾ നൽകി നിന്നെ വഞ്ചിച്ചിട്ട് ഞാൻ മറ്റൊരുവളെ വിവാഹം കഴിച്ചു .''
പരാചിതനായ ജയമോഹന്റെ കുറ്റബോധം കലർന്ന വാക്കുകൾ ...ഒരു ഭ്രാന്തന്റെ പുലമ്പൽപോലെ ഗൗരി കേട്ടു .
''കഴിഞ്ഞുപോയ ആറുവർഷങ്ങൾ ...ഒറ്റപ്പെടലിന്റെയും ,കാത്തിരിപ്പിന്റെയുമെല്ലാം നാളുകൾ .അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാൻ ജയമോഹന്റെ സാമീപ്യത്തിനായി ,സ്വാന്തനവാക്കുകൾക്കായി ,ഒരു സ്നേഹം കലർന്ന തലോടലിനായി .പക്ഷേ ,എനിക്ക് അതിനൊന്നുമുള്ള ഭാഗ്യമുണ്ടായില്ല .ജയമോഹൻ എന്നെത്തേടിവന്നില്ല .ഒടുവിൽ ആകെയുള്ള അമ്മയും കൂടി ഇല്ലാതായപ്പോൾ ...ഒറ്റപ്പെടലിന്റെ വന്യത എന്നെ ക്രൂരമായി വേട്ടയാടിയപ്പോൾ ....അന്നെനിക്ക് തുണയായികൊണ്ട് ...എന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നു .എന്റെ ഹരിയേട്ടൻ .''
''ഗൗരിയെ ,എനിക്ക് ഒരുപാട് ഇഷ്ടമാണ് .എന്നെ ഇഷ്ടപ്പെടാൻ ഗൗരിക്ക് കഴിയുമെങ്കിൽ ...ഞാൻ ഗൗരിയെ വിവാഹം കഴിക്കാം എന്ന് എന്നോട് പറഞ്ഞ ആൾ ...എന്റെ ഹരിയേട്ടൻ .''
''ഹരിയേട്ടൻ ,എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നതിനു ശേഷമാണ് ഞാൻ യഥാർത്ഥ സ്നേഹമെന്തെന്ന് അറിയുന്നത് .അന്നെനിക്കൊരു കാര്യം മനസ്സിലായി .നമ്മൾ സ്നേഹിക്കുന്നവർക്കൊപ്പമല്ല... നമ്മളെ സ്നേഹിക്കുന്നവർക്കൊപ്പമാണ് നമ്മൾ ജീവിക്കേണ്ടതെന്ന് .''പറഞ്ഞുനിറുത്തിയിട്ട് ഗൗരി ജയമോഹനെ നോക്കി .
''എന്നോട് ക്ഷമിക്കൂ ...ഗൗരി .ഞാൻ ക്രൂരനാണ് .സ്നേഹിച്ച പെണ്ണിനെ വഞ്ചിച്ചവൻ .അതിന് ദൈവം തന്ന ശിക്ഷയാണ് ഇന്നത്തെ എന്റെ ജീവിതം .''പറഞ്ഞിട്ട് തന്റെ മുഖം കൈകളിലമർത്തി തേങ്ങിക്കരഞ്ഞു അവൻ .ഏറെനേരം കഴിഞ്ഞാണ് അവൻ മുഖമുയർത്തിയത് .
ആ സമയം പാടത്തുനിന്ന് ...പണികഴിഞ്ഞ് ഗൗരിയുടെ ഭർത്താവ് വീട്ടുമുറ്റത്തേക്കു കടന്നുവന്നു .മുറ്റത്തെ പൈപ്പിൻചുവട്ടിൽ നിന്ന് കാലുകൾ കഴുകിക്കൊണ്ട് പൂമുഖത്തേക്ക് കയറിയ ഭർത്താവിന് ഗൗരി ജയമോഹനെ പരിചയപ്പെടുത്തി .
"ഹലോ ...ജയമോഹൻ .എന്തൊക്കെയുണ്ട് വിശേഷങ്ങൾ .?ഗൗരി എന്നോട് ഒരുപാട് പറഞ്ഞിട്ടുണ്ട് ജയമോഹനെപ്പറ്റി .കഴിഞ്ഞദിവസം വഴിയിൽവെച്ചു കണ്ടുമുട്ടിയ കാര്യവും പറഞ്ഞിരുന്നു .''ഹരി ജയമോഹനെ നോക്കികൊണ്ട് പറഞ്ഞു .
ഏതാനും സമയം ഹരിയോടും, ഗൗരിയോടും സംസാരിച്ചിരുന്നിട്ട് യാത്ര പറഞ്ഞുകൊണ്ട് ജയമോഹൻ അവിടെ നിന്ന് ഇറങ്ങി നടന്നു .അപ്പോൾ ,അവന്റെ മനസ്സിൽ അവിടേയ്ക്ക് വരുമ്പോഴുണ്ടായിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നില്ല .പകരം നിരാശയും ദുഖവുമായിരുന്നു അവന്റെ മനസ്സുനിറച്ചും .
കാരണം ,ഗൗരിയെ തേടിയെത്തുമ്പോൾ അവന്റെ മനസ്സിൽ ഗൗരിയുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവില്ലെന്നും ... അതുകൊണ്ട് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കൂട്ടാമെന്നുമുള്ള പ്രതീക്ഷ അവനുണ്ടായിരുന്നു .അങ്ങനെ അവൻ ആഗ്രഹിച്ചിരുന്നു .ആ സമയം ഒരിക്കൽ കൂടി ഗൗരിയുടെ വാക്കുകൾ ജയമോഹന്റെ കാതിൽമുഴങ്ങി .
''നമ്മൾ സ്നേഹിക്കുന്നവർക്കൊപ്പമല്ല ...നമ്മളെ സ്നേഹിക്കുന്നവർക്കൊപ്പമാണ് നമ്മൾ ജീവിക്കേണ്ടത് .''
"അതേ ...ഗൗരി പറഞ്ഞതാണ് ശരി .അവൾ ചെയ്തതാണ് ശരി ."ജയമോഹന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു .
ആ സമയം അവന്റെ കണ്ണിൽ നിന്നും അറിയാതെയെന്നവണ്ണം നഷ്ടബോധത്തിന്റെ ...കുറ്റബോധത്തിന്റെ ഏതാനും തുള്ളി കണ്ണുനീർ അടർന്ന് മണ്ണിൽവീണ് ചിതറിപ്പോയി .