( Divya Reenesh)
ഞാൻ കാണുമ്പോഴൊക്കെയും രാമേട്ടന് ഇതേ രൂപവും, ഇതേ വേഷവും ഇതേ ചിരിയും ഒക്കെത്തന്നെയായിരുന്നു. ഇന്നും അങ്ങനെത്തന്നെ… നരച്ച ഒറ്റക്കളർ ഷേട്ടും, കാവി മുണ്ടും ചുമലിലൊരു തോർത്തുമിട്ട് രാമേട്ടൻ രാവിലെ ഒരൊൻപതുമണിക്ക് തന്നെ ഇറങ്ങും. വഴിയിൽ കാണുന്നവരോടൊക്കെ വർത്തമാനം പറഞ്ഞ് അമ്പുവേട്ടൻ്റെ ചായപ്പീട്യേലെത്തുമ്പഴേക്കും മണി പത്താകും.
പിന്നെ നേരെ വെയ്റ്റിംഗ് ഷെൽട്ടറിലേക്കാണ്. നേരം തെറ്റിയ ബസ്സും കാത്ത് നിൽക്കുന്ന ഒറ്റപ്പെട്ട ഏതെങ്കിലും ഒരാൾക്ക് സാന്ത്വനമായി… പകൽ പതിനൊന്നിനും രണ്ടിനുമിടയിൽ, വൈകുന്നേരം ഏഴിനും എട്ടേ മുപ്പതിനുമിടയിൽ കൃത്യമായും രാമേട്ടനുണ്ടാകും.
അന്നൊരു ഞായറാഴ്ചയായിരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ടൊരു മീറ്റിംഗിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു. ഏറെ നേരം കാത്ത് നിന്നിട്ടും ബസ്സ് വരാതെയായപ്പോൾ ഓട്ടോ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ.
"ന്തേ മോളേ ബസ്സ് വന്നില്ല്യേ.?"
ഞാൻ തിരിഞ്ഞു നോക്കി.
ഞാനാദ്യമായാണ് രാമേട്ടനെ ഇത്ര അടുത്ത് കാണുന്നത്. നിറം മങ്ങിയ തോർത്ത് ചുമലിൽ നിന്നെടുത്ത് കുടഞ്ഞ് മുഖം തുടച്ച് വീണ്ടും ചുമലിലേക്കിട്ട്. തേഞ്ഞ മഞ്ഞപ്പല്ലുകൾ കാട്ടി രാമേട്ടൻ ചിരിച്ചു. മടിച്ചു മടിച്ചു ഞാനും ഒന്നു ചിരിച്ചു.
"ഞാറാഴ്ചയല്ലേ. ബസ്സൊക്കെ കൊറവേരിക്കും. ന്നാലും രാവിലെ മൂന്നെണ്ണം ഓടീന് ഏതെങ്കിലും ഒന്ന് ബരാണ്ടിരിക്കൂല്ല."
എനിക്ക് കുറച്ച് സമാധാനം തോന്നി. അദ്ദേഹം പതുക്കെ എൻ്റടുത്തു വന്നിരുന്നു. നേർത്ത ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. ഒരു താളത്തിൽ അതങ്ങനെ നീണ്ടു പോയി. ബസ്സ് വരുന്നതു വരെ സമയം പോയതറിയാതെ ഞാനിരുന്നു. അന്നുതൊട്ട് മനസ്സിന്റെ ഏതോ ഒരു കോണിൽ രാമേട്ടനുണ്ടായിരുന്നു. എന്നും കാണുമ്പോഴുള്ള ഊഷ്മളമായൊരു ചിരിയുമായി…
കളപ്പുരയ്ക്കൽ തെയ്യത്തിൻ്റന്നാണ് ഞാൻ വീണ്ടും രാമേട്ടനെ കണ്ടത്. ബലൂൺ വില്പനക്കാരൻ്റെ കയ്യിൽ നിന്നും കുട്ടികൾക്ക് നിറമുള്ള ബലൂണുകൾ വാങ്ങിക്കൊടുക്കുകയായിരുന്നു അദ്ദേഹം. കയ്യിൽക്കിട്ടിയ ബലൂണുമായി കുട്ടികൾ ആർത്തു വിളിച്ചോടുന്നത് കണ്ട് രാമേട്ടൻ പുഞ്ചിരിക്കുകയായിരുന്നു അന്നേരം.
കളപ്പുരയ്ക്കലേ തെയ്യപ്പറമ്പ് തൊട്ടിങ്ങോട്ട് നീണ്ട വയലാണ്. വയലിൻ്റെ അക്കരെയാണ് രാമേട്ടൻ്റെ വീട്. ആ വീട്ടിൽ അയാൾ മാത്രമായിന്നു താമസം.
"രാമേട്ടൻ പണ്ടത്തെ വല്ല്യ കൃഷിക്കാരനല്ലേ. വീടിന് ചുറ്റോടുള്ള കണ്ടം മുഴ്വോനും ഓറതാ. വാഴേം ചേമ്പും ചേനീം, കൂവേം, കാത്തും, കപ്യേം ഒക്കെ മൂപ്പര് ഒറ്റയ്ക്ക് കൃഷി ചെയ്യും. വീടിന് ചുറ്റും പറമ്പത്ത് കൈതച്ചക്കേടെ വേലിയാ. ന്നെ കല്ല്യാണം കഴിച്ച് കൊണ്ടരോമ്പോഴും ഇപ്പഴും മൂപർക്കിതന്യാപ്പപ്റായം." അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
എല്ലാം ഞായറാഴ്ചകളിലും കുളിച്ച് നല്ല വേഷത്തിൽ അയാളെങ്ങോട്ടോ പോകുമായിരുന്നു. വെയിൽ മങ്ങി മൂന്ന് മൂന്നരയാകുമ്പോൾ മടങ്ങും. ഞായറാഴ്ചയായ ഞായറാഴ്ചയൊക്കെയും മൂപ്പർക്ക് ഇത് പതിവായിരുന്നു.
"ആ വല്ല്യേ വീട്ടില് അയാളെങ്ങന്യാമ്മേ ഒറ്റയ്ക്ക് നിക്കണ്?."
"ആദ്യമൊന്നും അയാളൊറ്റയ്ക്കല്ലാർന്ന്. അയാൾടെ അച്ഛനും അമ്മയ്ക്കും ഈ ഒരൊറ്റ മോനേ ഉണ്ടാർന്നുള്ളൂ. മൂപ്പരച്ഛൻ മരിച്ചപ്പോ ആ അമ്മയ്ക്ക് കൂട്ടിനായി രാമേട്ടനൊന്നു കെട്യതാ. ക്ഷേ യോഗില്ലാച്ചാ ന്താ പറയ്യാ. അക്കൊല്ലം നല്ല മഴയേര്ന്ന് തോടും കൊളോം കണ്ടോം ക്കെ നെറഞ്ഞ്. ഒന്നും പറയണ്ടെൻ്റെ തമ്പുരാനേ പ്രളയം തന്നെ. മഴേനപ്പേടിച്ചിറ്റ് ആള്വോള് പൊറത്തെറങ്ങാത്തൊരു കാലം. അന്നൊരു ഞാറായ്ചയേനും, ല്ലാരും പൊരേലേനും ന്തിനാന്നോ എങ്ങനാന്നോന്നറീല്ല ഓള് കൊളത്തില് വീണ് പോയി. നീന്താനറീലേനും പാവത്തിന്. ല്ലാരും കാണുമ്പളേക്കും ഒക്കീം കയിഞ്ഞിന്. അമ്മീം മോനും പിന്നേം തനിച്ചായി. കഷ്ടിച്ച് രണ്ടരക്കൊല്ലം കഴിഞ്ഞപ്പോ അമ്മീം പോയി. രാമേട്ടൻ മാത്രമായി തനിച്ച്…"
അമ്മ കണ്ണുതുടച്ച് അകത്തേക്ക് കയറിപ്പോയി.
അന്ന് വൈകുന്നേരം രാമേട്ടൻ നേരത്തേ മടങ്ങി. മുറ്റം അടിച്ചു വാരുകയായിരുന്ന എന്നെ നോക്കി അദ്ദേഹം കൈവീശി.
"രാമേട്ടാ ങ്ങളെന്താ നേരെത്ത. മണി ആറാകുന്നതല്ലേള്ളൂ."
"അതേ വീട്ടിലെത്തീട്ട് കുറേപ്പണീണ്ടപ്പാ."
"നീ ഇവനക്കണ്ടാ, ആദ്യം ഇവനെയൊന്ന് കുളുപ്പിച്ചെടുക്കണം. ബാക്കിയെല്ലാം പിന്നെ. നീ ഇവനെ കണ്ടിട്ടില്ലെല്ലാ, ദാദാ ഇങ്ങട് നോക്കിയേ"
രാമേട്ടൻ്റെ കയ്യിലെ ചങ്ങലയുടറ്റത്ത് ഒരു നായ. നല്ലുശിരുള്ളൊരു നായ.
"ഇതെബ്ട്ന്നാ?."
ഞാനതിനെ പേടിയോടെ നോക്കി. എന്നെ കണ്ടിട്ടെന്നോണം നായ ഉറക്കെ കുരയ്ക്കാൻ തുടങ്ങി.
"കവലേന്ന് കിട്ടീതാ. രാവിലെ തൊട്ടേ അവിടുണ്ടാർന്നു. ഇന്നേരം വരീം നോക്കി ആരും വന്നില്ല, അതാ കൂടെകൂട്ടാന്ന് കര്ത്യേ. ആരൂല്ലാത്തോർക്കും ആരെങ്കിലോക്കെ വേണ്ടേ…"
നായ വീണ്ടും കുരയ്ക്കാൻ തുടങ്ങി.
"ഇതൊക്കെ മ്മടെ ആളാ"
രാമേട്ടൻ അതും പറഞ്ഞ് മുന്നോട്ട് നടന്നു.
മൂന്നാല് ദിവസം തുടലും പിടിച്ച് രാമേട്ടൻ മുന്നിൽ നടന്നു. അഞ്ചാം ദിവസം കഴുത്തിലെ പട്ടപോലുമില്ലാതെ നായ രാമേട്ടനൊപ്പം നടന്നു. ചില ദിവസങ്ങളിൽ നായ രാമേട്ടനോട് പിണങ്ങിയിരിക്കും. മറ്റുചിലപ്പോൾ രാമേട്ടനായിരിക്കും അതിനോട് പിണങ്ങുക. രാമേട്ടൻ തനിയേ പോകുന്നതു കണ്ടാലുടനുറപ്പിക്കാം നായ മൂപ്പരോട് പെണങ്ങിയിരിക്കയാണെന്ന്. ഇനി നായയാണ് കവലയിലേക്ക് ബഹുദൂരം മുന്നിൽ നടക്കുന്നതെങ്കിൽ രാമേട്ടനാണ് കെറുവെന്ന്.
കഴിഞ്ഞ ഒരാഴ്ചയായി മഴ തന്നെയായിരുന്നു... കിണറും, കുളവും, വയലും നനച്ച മഴ. ആകാശം മിന്നലിന്റെ അകമ്പടിയോടെ ഇടവപ്പാതി ആഘോഷിക്കുകയാണ്. കിണറ്റും കരയിലും, വയലിറമ്പത്തെ ചെറീയ മടകളിലും ഒളിച്ചിരുന്ന് തവളകൾ മഴയുടെ വരവറീക്കുകയായി… മഴമാഞ്ഞ ചില നേരങ്ങളിൽ ദേശാടനക്കിളികൾ പുതിയ തീരങ്ങൾ തേടി പറന്നു പോയ്ക്കൊണ്ടിരുന്നു… അടച്ചിട്ട ഷട്ടറിനുള്ളിൽ ഒരു തുരങ്കത്തിൽ കുടുങ്ങിയമാതിരിയുള്ള ബസ്സ് യാത്രകൾ എൻ്റെ വൈകുന്നേരങ്ങൾ ശോക മൂക മാക്കിയിരുന്നു…
ഇന്നലെ നല്ല മഴയായിരുന്നു. കുത്തിയൊലിച്ച് മഴവെള്ളം ഒഴുകിയെത്തി. കുളത്തിലും കണ്ടത്തിലും തോട്ടിലും ഒക്കെ വെള്ളം കേറി. ന്നാലും രാമേട്ടൻ അയാളുടെ പതിവു മുടക്കീല്ല.
എന്നെക്കണ്ടപ്പോൾ എന്നത്തേയും പോലെ അദ്ദേഹം കൈവീശി. കറുത്ത വളയൻ കാലൻ കുട ഇടതു കൈയ്യിൽ പിടിച്ച് വലതു കൈ ആഞ്ഞ് വീശിക്കൊണ്ട് രാമേട്ടൻ മുന്നിൽ നടന്നു. പിന്നാലെ മഴ നനഞ്ഞു കൊണ്ട് നായയും.
"ഇവനോട് വീട്ടില് നിക്കാൻ ഞാങ്കൊറേയോട്ടം പറഞ്ഞ് മോളേ. ക്ഷേ നിക്കണ്ടേ. കുരുത്തക്കേട്. നനയട്ട് നനയട്ട്. ശീതം പിടിക്കുമ്പോ പഠിച്ചോളും."
അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്പോ നെങ്ങക്കോൻ്റെ രാമേട്ടാ. ആ വീട്ടില് അനങ്ങാണ്ടിരുന്നാപ്പോരേന്യുആ"
"ഉം നന്നായിപ്പോയി. അമ്പൂൻ്റെ ഒരു ചായ കിട്ടീല്ലേല് ആ ദെവസം കൊള്ളൂല്ലാന്നേ നമ്മളെത്ര മഴ കണ്ടതാ."
തെല്ലിട വിദൂരതയിലേക്ക് നോക്കി നിന്ന അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു വർഷകാലം മുഴുവൻ ഘനീഭവിച്ചു കിടപ്പുണ്ടായിരുന്നു…
മുറ്റം നെറയേ മഴവെള്ളമായിരുന്നു. വെറുതെ തോന്നിയ ഒരു കൗതുകത്തിന് കടലാസുകൊണ്ട് വഞ്ചിയുണ്ടാക്കി കളിക്കുകയായിരുന്നു ഞാൻ. ഇറയച്ചാലിലെ വെള്ളത്തിനൊപ്പം അത് ഒഴുകി നീങ്ങി. തെല്ലു ദൂരം പിന്നിടുമ്പോഴോക്കും അവയെല്ലാം വെള്ളത്തിൽ കുതിർന്ന് പോയിരുന്നു. മഴ തോർന്നതേയില്ല… അരിച്ചു വന്ന തണുപ്പ് വീടിന്റെ ചുവരും കടന്ന് ഞങ്ങളിലോരോരുത്തരിലേക്കും പടർന്നു. അമ്മ ചൂടുള്ള കാപ്പി ഉണ്ടാക്കി തന്നു. നല്ല വെല്ലക്കാപ്പി. അതിലൊഴിച്ച നെയ്യുടെ തനിമയിൽ ഞാനാ മഴക്കോളിനെ ആസ്വദിക്കുകയായിരുന്നു. നല്ല തണുപ്പ് , ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. തൊടിയിലെ പുളിയൻ മാവിൻ്റെ കൊമ്പ് രണ്ടെണ്ണം ഒടിഞ്ഞിട്ടുണ്ട്. മുറ്റത്ത് അമ്മയുടെ ചെണ്ട് മല്ലിയും, കോസ്മസും സീനിയുമൊക്കെ മണ്ണിലേക്ക് തല പൂഴ്ത്തി നിൽപ്പാണ്. അവ ഇനി പഴയപടി തലനിവർത്തി നിൽക്കുമോ ആവോ.
പെട്ടെന്ന് എൻ്റെ ചിന്തകളിലേക്ക് രാമേട്ടൻ ഇറങ്ങി വന്നു. മഴയെ ഏറെ വെറുക്കുന്നൊരാളുണ്ടെങ്കിൽ ഉറപ്പായും അത് രാമേട്ടനായിരിക്കും. ന്നാലും… ന്നാലും… അയാളിങ്ങനെ ഒറ്റയ്ക്ക്, ഓഹ്! ഓർക്കാൻ കൂടി വയ്യ.
ഉറക്കം വരാൻ ഒരു പാടു വൈകി. രാവിലെ വൈകിയാണ് ഉണർന്നത്. പല്ലു തേച്ചു കൊണ്ട് മുറ്റത്തിറങ്ങി.
"ഡീ, ആള്വോള് കാണണ്ട . കെട്ടിക്കാൻ പ്രായായ പെണ്ണാ. നേരം പൊലർന്നുച്ചയായിട്ട് പല്ലൊരക്കണ്."
ഞാൻ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. മഴ തോർന്നിട്ടുണ്ട്. പക്ഷേ മുറ്റവും തൊടിയും ഇപ്പഴും ഈറനോടെ നിൽക്കുകയാണ്. മുറ്റം വിട്ട് ഞാൻ പതിയെ തൊടിയിലേക്കിറങ്ങി. മുല്ല വള്ളി പടർന്നു നിൽക്കുന്ന മന്ദാരത്തിൻ്റെ ചില്ലകൾ കുലുക്കി മരം പെയ്യിക്കാൻ നല്ല രസമുണ്ടായിരുന്നു. ഞാൻ ചുറ്റും നോക്കി ഇന്നലെ വിരിഞ്ഞ താടിപ്പുക്കളൊക്കെയും മഴ നനഞ്ഞ് പിഞ്ഞിപ്പോയിരുന്നു. തൈത്തട്ടിൽ നിറയെ കലക്ക വെള്ളമായിരുന്നു. അതിലിരുന്ന് ഒരെഴുത്തച്ഛൻ എനിക്കറിയാത്ത വികൃത ചിത്രങ്ങൾ വരയുന്നുണ്ടായിരുന്നു. ചെമ്പരത്തിക്കൊമ്പിൽ ആരും കാണാതെ ഞാൻ ഒളിച്ചു വെച്ച പൂമ്പാറ്റക്കൂട് ശൂന്യമായിരുന്നു…
"ഡീ, വന്ന് കാപ്പി കുടീ നിക് വേറീം പണീംണ്ട്.
അമ്മയാണ്, ഞാൻ പതുക്കെ മുറ്റത്തേക്ക് കയറി. ഇടറോടിലൂടെ പതിവില്ലാതെ ആളുകൾ പോകുന്നുണ്ട്.
"സാവിത്രീ നീ വരണില്ലേ?…"
ഞാൻ ഏന്തിവലിഞ്ഞ് നോക്കി മേലേടത്തെ നാരാണിയേട്ടത്തിയാണ്.
"ന്തേ?. എങ്ങടാ?."
ഞാൻ വിളിച്ചു ചോദിച്ചു.
"കുട്ട്യേ ഒന്നമ്മേന വിളിച്ചേ പോയിട്ട് തെരക്ക്ണ്ട്."
"ദാ വരണൂ"
പിന്നീന്ന് അമ്മേടെ ശബ്ദം.
ഞാനൊന്നു കൂടി മുന്നോട്ട് നടന്നു ഇടറോഡിനോട് ചേർന്നു നിന്നു.
"നിയ്യ് വരണുണ്ടോ മ്മടെ രാമേട്ടനെ കാണാൻ?"
"രാമേട്ടനെന്താ"
ഞാൻ വെപ്രാളത്തോടെ ചോദിച്ചു.
"മൂപ്പര് പോയില്ലേ ഇന്നലത്തെ മഴേല്. അതോറക്കൊണ്ടോവാൻ തന്നെ വന്ന മഴയാ…"
അമ്മ എനിക്ക് മുഖം തരാതെ നടന്നകന്നു.
പതുക്കെ വന്നൊരു ശീതകാറ്റിൽ ഞാൻ വിറച്ചു നിന്നു. എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല.
മോളേ ആരോ പതുക്കെ വിളികുന്നത് പോലെ. അമ്മ വരുമ്പോൾ മണി പതിനൊന്നു കഴിഞ്ഞിരുന്നു. അന്നേരമത്രയും ഞാൻ കാപ്പിക്കു മുന്നിൽ വെറുതെ ചടഞ്ഞിരിക്കുകയായിരുന്നു.
"നീ ഇതെനീം കഴിച്ചില്ലേ." അമ്മ കെറുവച്ചു
"ചടങ്ങുകളൊക്കെ കഴിഞ്ഞോമ്മേ"
"ഉം"
അമ്മ പതുക്കെ ഒന്നു മൂളി.
"അയാൾക്കു വേണ്ടി ഒന്നു കരയാൻ കൂടി ആരൂല്ല്യേനും…"
"ങ്ങനെയാ, ന്താ പറ്റീതോർക്ക്."
ആർക്കും അറീല്ല. വീട്ടിലേക്ക് കേറുമ്പോൾ കാല് വഴ്തി കൊളത്തില് വീണതാരിക്കും ന്നാ പറേണ്. അതെന്നാരിക്കും. അല്ലാണ്ട് പിന്നെങ്ങനാ. രാവിലെ ഏറാമ്പോയ കുമാരനാ കണ്ടത്."
"ആടീപ്പാരാള്ളേ."
"ആര്. നാട്ടാരെന്നെ ഒക്കേത്തിനും. എല്ലാരും കൂടി വീടും പൂട്ടി മടങ്ങി. ആ നായീണ്ടാട്ന്ന് വട്ടം തിരിയണ്…"
ഞാൻ പതുക്കെ മുറ്റത്തേക്ക് നടന്നു.
"മോളേ"
ഇട റോഡിൽ പരിചിതമല്ലാത്തൊരു മുഖം.
"ആ രാമാട്ടൻ്റെ വീടേട്യാ ഇന്നലെ മയ്യത്തായെ."
അയാൾ സംസാരം അർദ്ദോക്തിയിൽ നിർത്തി എന്നെത്തന്നെ നോക്കി. ഞാൻ പതുക്കെ അയാളുടെ അടുത്തേക്ക് നടന്നു.
"വാ ഞാങ്കാണിച്ചു തരാം."
ഞാൻ മുന്നിൽ നടന്നു. അയാൾ പിറകേയും.
"ഒക്കീം കഴിഞ്ഞ് വീടും പൂട്ടി നാട്ടാര് പോയി. ഓർക്കാരൂല്ല."
നിശ്ശബ്ദതയായിരുന്നു ഉത്തരം.
"ഇങ്ങളാരാ?." ഞാൻ വീണ്ടും ചോദിച്ചു.
"അറിയില്ല."
അയാൾ ഇടറിയ ശബ്ദത്തിൽ പതുക്കെ പറഞ്ഞു.
കുളക്കടവിൽ രാമേട്ടൻ്റെ ചെരുപ്പുകൾ രണ്ടും തെന്നിമാറിക്കിടപ്പുണ്ടായിരുന്നു.
സൂക്ഷിക്കണം വഴുക്കലുണ്ട് ഞാനയാൾക്ക് മുന്നറീപ്പ് കൊടുത്തു.
"ഉംം"
അയാൾ എനിക്ക് കേൾക്കാൻ വേണ്ടി മാത്രം പറഞ്ഞു.
"ഇതാണ് വീട്."
ശൂന്യമായ ആ പഴയ വീട് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.
"നമുക്കിവിടിരിക്കാം."
അയാൾ പതുക്കെ നടന്ന് കുളത്തിന്റെ തിണ്ടിലിരുന്നു. ഞങ്ങളേക്കാൾ മുൻപേ നിശ്ശബ്ദനായി ആ നായ അവിടെയിരിപ്പുണ്ടായിരുന്നു. കാറ്റ് പോലും വരാൻ മടിച്ച നിശ്ശബ്ദമായ കുറച്ച് നിമിഷങ്ങൾ…
"ആരാണെന്നറിയാത്ത ആർക്കും വേണ്ടാത്ത കുറച്ച് മനുഷ്യരുടെ പ്രതിനിധിയാണ് ഞാൻ. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ നമ്മൾക് കിട്ടുന്ന അന്നത്തിൻ്റെ പേരാണ് രാമേട്ടൻ…"
കണ്ണുനീർ തുടച്ച് അയാൾക്കൊപ്പം നടന്നു നീങ്ങവേ പതുക്കെ ഒന്ന് കാറ്റിനൊപ്പം ഞാനും തിരിഞ്ഞു നോക്കി, മഞ്ഞക്കറപുരണ്ട രാമേട്ടൻ്റെ ചിരിക്ക് വേണ്ടി...