(Sathy P)
ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള ഗഹനമായ ചിന്തയ്ക്കിടയിലാണ്, വലനെയ്ത് ഇരപിടിക്കാനിരിക്കുന്ന ആ എട്ടുകാലിയെ ഞാൻ കണ്ടത്. ആ വല വളരെ ചെറുതായിരുന്നു. അതു കണ്ടു സംശയം തോന്നിയ ഞാൻ അതിനോടു ചോദിച്ചു:
"ആരെ പിടിക്കാനാ?"
ഒരു ചിരിയോടെ അതെന്നെ നോക്കി. എന്നിട്ട്,
"ഈച്ചയെ"
എന്ന് ഒറ്റവാക്കിൽ ഉത്തരം തന്നു.
അത്ഭുതത്തോടെ ഞാനതിനെ നോക്കിനിൽക്കെ പെട്ടെന്നത് ആനയേക്കാൾ വലുതായി. പിന്നെ ഒരു ദിനോസറിനോളം. ആ കണ്ണുകളിൽ തളം കെട്ടിയ ദീനത അടുത്ത നിമിഷം ക്രൂരതയിലേക്കു വഴിമാറി. വലയിലെ നൂലാമാലകൾ വണ്ണം കൂടിയ ചണക്കയറുകളായി മാറി.
അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. എൻ്റെ ശരീരത്തിൽ നിന്നും അതിദയനീയമായ മൂളൽ. എൻ്റെ കൈകൾ ചിറകുകളായതും അത് ആ കയറിനാൽ ബന്ധിക്കപ്പെട്ടതും ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. രക്ഷപ്പെടാനാവാത്ത വിധം ഞാൻ ചുറ്റിവരിയപ്പെട്ടിരിക്കുന്നു.
അതേ സമയം അതെന്നെ നോക്കി പരിഹാസത്തോടെ പറയും പോലെ എനിക്കു തോന്നി:
"സമയം ഒരു ചിലന്തിയാണ്."
പിന്നെയത് എനിക്കു ചുറ്റും ഓടി നടന്ന്, ആവേശത്തോടെ വലനെയ്തു തുടങ്ങി. ഞാനാകട്ടെ രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.
സമയമാകുന്ന രാക്ഷസച്ചിലന്തി എന്നെ നിഷ്കരുണം വരിഞ്ഞു മുറുക്കാൻ തുടങ്ങി. ചെയ്തു തീർക്കാനുള്ള എത്രയോ ചുമതലകൾ എന്നെ നോക്കി വിലപിച്ചു.
'ഇല്ല, എനിക്കീ വലയ്ക്കുള്ളിൽ കുടുങ്ങാതെ രക്ഷപ്പെട്ടേ മതിയാവൂ.'
മനസ്സ് ഒരു രക്ഷാ മാർഗ്ഗം ആരാഞ്ഞു കൊണ്ടേയിരുന്നു.
ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള എന്റെ ചിന്ത പെട്ടെന്നു തന്നെ മരണഭയത്തിലേയ്ക്ക് വഴിമാറുന്നതു ഞാനറിഞ്ഞു. ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം എന്റെ സിരകളെ ഉത്തേചിപ്പിച്ചു.
പെട്ടെന്നതാ ചിറകുകളായി മാറിയ എന്റെ കൈകൾ ചെറുതായിത്തുടങ്ങി, ശരീരം ചുരുങ്ങിച്ചെറുതായി. ആറു കാലുകളുള്ള ഒരുറുമ്പായി മാറി ഞാൻ. വലക്കണ്ണികൾക്കുള്ളിൽ നിന്നും ഞാൻ നിഷ്പ്രയാസം പുറത്തു കടന്നു. വരി വരിയായിപ്പോകുന്ന ഒരുറുമ്പിൻ കൂട്ടത്തിലെ അവസാന നമ്പരുകാരനായി കിട്ടിയ അരിമണിയും ചുമന്നു തിരിഞ്ഞു നോക്കാതെ വേഗം നടന്നു.
അകലെയെത്തിയെന്നുറപ്പായപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതാ ആ വലയിൽ മറ്റൊരു ഇര. ശരീരം നഷടപ്പെട്ട ഏതോ ഒരു ഹതഭാഗ്യൻ. ഞാൻ വേഗം നടന്നു.
....ർണിം...ർണിം.....ർണിം
അലാറം അടിച്ചതു കേട്ടു ഞെട്ടിയുണർന്ന ഞാൻ ചിലന്തിയെയും ഉറുമ്പിനെയും തിരഞ്ഞു, പക്ഷെ ടൈം പീസിലെ സെക്കന്റ് സൂചി മാത്രമേ കണ്ണിൽ പെട്ടുള്ളൂ.
'സമയം ചിലന്തിയെപ്പോലെയാണ്.'
അതെന്നെ വലയ്ക്കുള്ളിൽ വരിഞ്ഞു മുറുക്കാതിരിക്കാൻ സമയത്തിന് മുൻപേ ഓടാനായി ഞാൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു.
ജീവിതത്തിന്റെ നിരർത്ഥകത വീണ്ടുമെന്നെ ചിന്തയിലേയ്ക്ക് നയിക്കും മുൻപ് ഇന്നിന്റെ തിരക്കുകളിലേയ്ക്കു ഞാൻ ഊളിയിട്ടു.