(T V Sreedevi )
കരിമ്പനക്കുന്നേൽ കൊച്ചു ബേബിച്ചൻ നാട്ടുരാജാവായിരുന്നു. നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവ്. പരമ്പരാഗതമായി കിട്ടിയ ഭാരിച്ച കുടുംബസ്വത്തു കൈവശമുള്ളവൻ. ബാറുകളും, കള്ളുഷാപ്പുകളും, റബ്ബർ എസ്റ്റേറ്റുകളും, തേയിലത്തോട്ടങ്ങളും, ബസ്സർവീസും, സ്വർണ്ണക്കടയും, ലോഡ്ജ്കളും, എന്നുവേണ്ട ബേബിച്ചൻ കൈവെക്കാത്ത ബിസിനസ് മേഖലകൾ കുറവാണ്.
ലൈസെൻസ് ഉള്ള തോക്കുള്ളത് കൊണ്ട് സ്വന്തം തോട്ടങ്ങളിൽ നിന്നും വെടിവെച്ചിടുന്ന പക്ഷിമൃഗാദികളുടെ ഇറച്ചിയാണ് ബേബിച്ചൻ മുതലാളിക്ക് ഏറെ ഇഷ്ടം.
നമ്മൾ സിനിമകളിലും, കഥകളിലും കാണാറുള്ള പല കഥാപാത്രങ്ങളുടേയും ജീവിക്കുന്ന ഉദാഹരണമാണ് കരിമ്പനക്കുന്നേൽ കൊച്ചുബേബിച്ചൻ. മുതലാളിയുടെ ഭാര്യ കൊച്ചുറാണി വളരെ സാധുവും ദൈവഭയവുമുള്ള ഒരു സ്ത്രീയാണ്. ഭക്തിയും ദീനാനുകമ്പയുമുള്ള, ഒരു ഉത്തമ ഭാര്യ.
ബേബിച്ചന്റെ വീരകൃത്യങ്ങൾ പലരും പറഞ്ഞൂ കൊച്ചുറാണിയുടെ ചെവിയിലും എത്താറുണ്ട്. അതിൽ പ്രധാനം മുതലാളിയുടെ അവിഹിത ബന്ധങ്ങൾ തന്നെയാണ്. മുതലാളിയുടെ അവിഹിത ബന്ധങ്ങളിൽ പിറന്ന സന്തതികളെ നാട്ടുകാർ അക്കമിട്ട് പറയാറുമുണ്ട്. അവരിൽ പലർക്കും മുതലാളി രഹസ്യമായി ചെലവിന് കൊടുക്കുന്നുമുണ്ടെന്നുള്ള കാര്യവും നാട്ടിൽ പരസ്യമായ രഹസ്യമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും മുതലാളിയുടെ ജോലിക്കാർക്കെല്ലാം അദ്ദേഹം പ്രിയങ്കരനാണ്! എപ്പോഴും ഏത് ആവശ്യത്തിനും മനമഴിഞ്ഞു സഹായിക്കുന്ന അവരുടെ കാണപ്പെട്ട ദൈവമാണ് ബേബിച്ചൻ മുതലാളി. നാട്ടിൽ എവിടെ ക്ഷാമം വന്നാലും, പ്രളയം വന്നാലും, സുനാമി വന്നാലും ബേബിച്ചൻ മുതലാളിയുടെ പണിക്കാർ സുരക്ഷിതരാണ്. കാരണം അവരുടെ തലയ്ക്കു മീതെ ശ്രീകൃഷ്ണൻ ഉയർത്തപ്പിടിച്ച മന്ദര പർവ്വതം പോലെ ബേബിച്ചന്റെ കരങ്ങളുണ്ട്. കേരളമൊട്ടാകെയുള്ള പല ക്ലബ്ബ്കളുടെയും, സന്നദ്ധ സംഘടനകളുടെയും, പ്രധാന നടത്തിപ്പുകാരനും 'തോമസ് ജോസഫ് കരിമ്പനക്കുന്നേൽ'എന്ന ബേബിച്ചൻ മുതലാളിയാണ്. ഈ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായവും, പഠനത്തിൽ മികവ് പുലർത്തിയവർക്ക് ക്യാഷ് അവാർഡ്കളും നൽകാറുണ്ട്. അങ്ങനെയുള്ള ഒരു ചടങ്ങിൽ വെച്ചാണ് ആ സംഭവം അരങ്ങേറിയത്.
തോമസ് ജോസഫ് എന്ന ബേബിച്ചൻ മുതലാളി, സ്വന്തം അപ്പൻ കരിമ്പനക്കുന്നേൽ ജോസഫ് മുതലാളിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കൊച്ചിയിലെ അവാർഡ് ദാനച്ചടങ്ങായിരുന്നു വേദി. നഗരസഭാധ്യക്ഷനും, മറ്റു പ്രമുഖ വ്യക്തികളും വേദിയെ അലങ്കരിച്ചിരുന്നു. ക്യാഷ് അവാർഡ് നൽകാനുള്ള ചുമതല ബേബിച്ചൻ മുതലാളിക്കാണ്.
എല്ലാവരും തോമസ് ജോസഫ് എന്ന മഹാ മനസ്ക്കനെ വാനോളം പുകഴ്ത്തി. "രാജാവിനെക്കാൾ പ്രജാതൽപ്പരൻ" എന്നാണ് നഗരസഭ ചെയർമാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ക്യാഷ് അവാർഡ് ഏറ്റുവാങ്ങാൻ പേര് വിളിക്കുന്ന മുറക്ക് കുട്ടികൾ എത്തിക്കൊണ്ടിരുന്നു.
എഞ്ചിനീയറിങ്ങിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിയെ ക്ഷണിച്ചപ്പോൾ ഒരു യുവകോമളൻ സ്റ്റേജിലേക്ക് കയറിവന്നു. എല്ലാവർക്കും കൈ ഉയർത്തി അഭിവാദ്യം അർപ്പിച്ചിട്ട് അവൻ മൈക്ക് കയ്യിലെടുത്തു.
"ഇവിടെ കൂടിയിരിക്കുന്ന മഹദ് വ്യക്തികളോട് ആദ്യം തന്നെ രണ്ടു വാക്ക് സംസാരിക്കാൻ എന്നെ അനുവദിക്കണം." അവൻ ആവശ്യപ്പെട്ടു.
ബേബിച്ചൻ മുതലാളി അവനെ കണ്ണിമയ്ക്കാതെനോക്കിയിരിക്കുകയായിരുന്നു. അവന്റെ വ്യക്തി പ്രഭാവത്തിൽ എല്ലാവരും ആകൃഷ്ടരായിരുന്നു.
"ഞാൻ വളരെ പാവപെട്ട ഒരമ്മയുടെ ഏക മകനാണ്." അവൻ പറഞ്ഞു. അയൽ വീടുകളിൽ മുറ്റമടിച്ചും തുണിയലക്കിയും, വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്."
"ഞാനും എന്റെ അമ്മയും മാത്രമാണ് ഞങ്ങളുടെ ചെറിയ വീട്ടിലുള്ളത്. അപ്പൻ ഞങ്ങളോടൊപ്പമില്ല. കാരണം എന്റെ അമ്മ വിവാഹം കഴിച്ചിട്ടില്ല," സദസ്സ് പെട്ടെന്ന് നിശബ്ദമായി.
"ഇപ്പോൾ എനിക്ക് ഇങ്ങനെ ഒരു വേദിയിൽ നിൽക്കാൻ അവസരമൊരുക്കിയത് എന്റെ അമ്മയുടെ ദൃഢനിശ്ചയമാണ്."
"എന്നാൽ ഈ ക്യാഷ് അവാർഡ് നിരസിക്കുന്നു... എന്നറിയിക്കാനാണ് ഞാൻ വന്നത്.. നിങ്ങൾ സദയം എന്നോട് ക്ഷമിക്കണം." സദസ്സ് വീർപ്പടക്കി കേട്ടിരുന്നു.
"എന്തൊക്കയാണ് ഈ പയ്യൻ വിളിച്ചുപറയുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടായിരിക്കും. ഇത്ര ദരിദ്രവാസിയായ ഇവന് ഇത്ര അഹങ്കാരമോ... എന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം."
"ശരിയാണ്...പക്ഷെ ഞാൻ ഇങ്ങനെ തന്നെ പറയും. കാരണം എന്റെ സിരകളിലോഴുന്ന രക്തം ഒരു കിങ്ങിന്റെയാണ്. ഒരു കിരീടം വെയ്ക്കാത്ത നാട്ടു രാജാവിന്റെ."
"ധർമ്മിഷ്ടനെന്നും, ദയാലുവെന്നും നിങ്ങൾ വാനോളം പുകഴ്ത്തുന്ന ഈ മനുഷ്യന്റെ..."
അവൻ ബേബിച്ചൻ മുതലാളിയുടെ നേർക്ക് വിരൽ ചൂണ്ടി. "അതേ.... തോമസ് ജോസഫ് കരിമ്പനക്കുന്നേൽ എന്ന ഈ ബേബിച്ചൻ മുതലാളിയുടെ! അതേ... എന്റെ അപ്പൻ ഈ നിൽക്കുന്ന കൊച്ചുബേബിച്ചൻ മുതലാളി തന്നെ. ഇത് തെളിയിക്കാൻ ഒരു ഡി എൻ. എ. ടെസ്റ്റിന്റെയും ആവശ്യമില്ല."
"നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഞങ്ങളെ മാത്രം കണ്ടാൽ മതി."
സദസ്സിൽ ഒരു മർമ്മരം ഉണ്ടായി. "വർഷങ്ങൾക്കു മുൻപ് പതിനെട്ടു വയസ്സുള്ള സ്വന്തം മകൾ, മുതലാളിയുടെ കൊച്ചിനെ ഗർഭം ധരിച്ചപ്പോൾ...
അപമാനം ഭയന്ന് സ്വന്തം നാട്ടിൽ നിന്ന് രായ്ക്ക് രാമാനം ഒളിച്ചോടിപ്പോയവരാണ് എന്റെ അമ്മയുടെ കുടുംബം. അവരെ ഓടിച്ചുവിട്ടതാണെന്നും പറയപ്പെടുന്നു.
അമ്മ അവരുടെ ഒറ്റ മകളായിരുന്നു! ഏക ആശ്രയവും!"
"ആ അവിഹിത സന്തതിയാണ് ഈ നിൽക്കുന്ന അശ്വിൻ ബേബി എന്ന ഞാൻ."
"ഇനി നിങ്ങൾക്ക് തീരുമാനിക്കാം ഈ അവാർഡ് ഞാൻ സ്വീകരിക്കണോ...?" സദസ്സ് നിശബ്ദമായി തുടർന്നു.
തല കുമ്പിട്ട് അപമാനിതനായി ആ നാട്ടുരാജാവ് ഇരുന്നു. അവൻ സദസ്സിനെ തൊഴുതു.
"ഇത് വിളിച്ചു പറയാനാണ് ഞാൻ ഈ വേദിയിൽ വന്നത്.
ഞാൻ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ സദയം ക്ഷമിക്കണം."
"അപമാനിച്ചെന്നു തോന്നിയാൽ മുതലാളിയും ക്ഷമിക്കണം. അപ്പനില്ലാത്തവൻ എന്നറിയപ്പെടാൻ ഇനി എനിക്കാവില്ല." അവൻ എല്ലാവരെയും തൊഴുതു പിന്നെ തല ഉയർത്തിത്തന്നെ സ്റ്റേജ് വിട്ട് ഇറങ്ങിപ്പോയി. മുതലാളി ആ ഇരുപ്പ് തുടർന്നു.
അയാളുടെ മനസ്സിൽ കൊഴിഞ്ഞു പോയ വർഷങ്ങളും, താൻ ചെയ്തുകൂട്ടിയ കാര്യങ്ങളും പുനർജനിച്ചു.
നാടുവിട്ടുപോയ ചാക്കോച്ചൻ ചേട്ടനും, ലീലാമ്മ ചേച്ചിയും, അവരുടെ ഒറ്റ മകൾ സെലീനയും മുതലാളിയുടെ മനസ്സിലേക്കു ഓടിയെത്തി.
അറുപതുകളിലെത്തി നിൽക്കുന്ന തനിക്ക് ചെറുപ്പത്തിൽ സംഭവിച്ച ഒരു കൈപ്പിഴ.
ലീലാമ്മയെ ഇഷ്ടമായിരുന്നു. പക്ഷേ അപ്പനെപ്പേടിച്ചു ഒന്നും പുറമേ ഭാവിച്ചില്ല. അവൾ ഒരു പാവമായിരുന്നു. തന്നെ പ്രാണനായിരുന്നു.
"ബേബിച്ചേട്ടൻ എന്നെ ചതിക്കുമോ?" അവൾ പലവട്ടം ചോദിച്ചിട്ടുണ്ട്.
തല കുനിച്ചിരുന്ന മുതലാളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരോ പിടിച്ചെഴുന്നേൽപ്പിച്ചു മുതലാളിയെ കർട്ടന് പിന്നിലുണ്ടായിരുന്ന ചാരു കസേരയിൽ ഇരുത്തി. മുതലാളി ചടങ്ങുകൾ കഴിയുന്നതുവരെ അവിടെത്തന്നെ ഇരുന്നു. പിന്നെ വീട്ടിലേക്കു മടങ്ങി.
പിറ്റേന്ന് അശ്വിൻ ബേബിയുടെ വീടന്വേഷിച്ചു, മുതലാളിയുടെ വക്കീൽ എത്തി. ആൺ മക്കളില്ലാത്ത മുതലാളിയുടെ സ്വത്തിന്റെ ഒരു വലിയ ഓഹരി... സെലിനയുടെയും, മകൻ
അശ്വിൻ ബേബിയുടെയും പേരിൽ എഴുതി, മുതലാളി ഒപ്പു വെച്ച തീറാധാരം അവരെ ഏല്പിക്കാൻ വന്നതായിരുന്നു വക്കീൽ. അശ്വിൻ എതിർത്തിട്ടും സെലീന അത് കൈനീട്ടി വാങ്ങിച്ചു.
"ഇത് നിന്റെ പൂർവ്വികർ വരും തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിച്ചു വച്ച സ്വത്തിന്റെ ഓഹരിയാണ്. ഇതു നിനക്ക് അവകാശപ്പെട്ടത് തന്നെയാണ്.
"നിന്റെ അപ്പന് എന്നെ ജീവനായിരുന്നു ഞങ്ങൾ പരസ്പരം അത്രയും സ്‌നേഹിച്ചവരാണ്. പിന്നെ... ഇതൊക്കെ ഒരു ദൈവ നിശ്ചയമാണ്. അപ്പന് നീ ആകെയുള്ള ഒരേ ഒരു ആൺ തരിയാണ്. ബാക്കി എല്ലാം പെൺകുട്ടികളും! ഇനി നീ പോയി അപ്പന്റെ കാലു പിടിച്ച് ക്ഷമ പറയണം. ആ തല നിന്റെ മുൻപിൽ മാത്രമേ കുനിഞ്ഞിട്ടുള്ളു. കാരണം നിന്റെ അപ്പൻ ഒരു 'കിങ്ങായിരുന്നു...'
കിരീടം വയ്ക്കാത്ത രാജാവ്."
സെലീന പറഞ്ഞു നിർത്തി!
അശ്വിന്റെ കണ്ണുകളും നിറഞ്ഞു. തുളുമ്പുന്നുണ്ടായിരുന്നു.