mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(T V Sreedevi )
"മോനെ,എടാ ദാസപ്പാ...എഴുന്നേൽക്കെടാ. മണി പത്തുകഴിഞ്ഞു.എടാ, എഴുന്നേൽക്കാൻ." ദാസപ്പൻ കിടക്കുന്ന മുറിയുടെ വാതിലിൽ ശക്തിയായി മുട്ടിക്കൊണ്ട് സുമതി വിളിച്ചു.
കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ മുറിയുടെ വാതിൽ തുറന്ന്, ഉറക്കച്ചടവുള്ള കണ്ണുകൾ കൂർപ്പിച്ച്, അമ്മയെ നോക്കിക്കൊണ്ട് ദാസപ്പൻ പുറത്തേക്കു വന്നു. 
"എന്തിനാ എന്റെ അമ്മേ ഇങ്ങനെ വിളിച്ചുകൂവുന്നത്? അയലോക്കക്കാർക്കൊന്നും കെടന്നുറങ്ങണ്ടേ? അവരെല്ലാം വിറ്റുപെറുക്കി സ്ഥലം വിടും അമ്മ കാരണം." അവൻ പറഞ്ഞു.
"രാവിലെ മണി പത്തുകഴിഞ്ഞു. ഏതയലോക്കത്തുകാരാടാ, ഇപ്പൊ കെടന്നൂറങ്ങുന്നേ... നിന്നെപ്പോലെ?"
സുമതി ദേഷ്യത്തിൽ ചോദിച്ചു. "പാതിരാ വരെ, എന്നെപ്പോലെ പണിയെടുക്കുന്നവരാണോ അമ്മേ അവരാരെങ്കിലും? ഇന്നലെ ഞാൻ പാതിരായ്ക്കു മഴ നനഞ്ഞാ ജോലി കഴിഞ്ഞു ഇവിടെയെത്തിയത്." അവൻ വാദിച്ചു. 
"ഓ വല്ല്യ ഒരു ജോലി! ഡിഗ്രികഴിഞ്ഞതാ..! എന്നിട്ട്,സിനിമാക്കോട്ടേൽ ആളെ കേറ്റിവിടുന്ന പണി! കൂട്ടുകാർക്കൊക്കെ  നല്ല നല്ല ജോലി കിട്ടി.എന്റെ ഒരു തലവിധി!
അതെങ്ങനാ,അച്ഛൻ ലാളിച്ചു വഷളാക്കി.എന്നിട്ട് നേരത്തെ അങ്ങേലോകത്തേയ്ക്ക് പൊകുവേം ചെയ്തു.ഒന്നുംകാണണ്ടല്ലോ!"
സുമതി വിലപിച്ചു.
"ഹോ!എന്റെ അച്ഛാ!" ദാസപ്പൻ തലയിൽ കൈ വെച്ചു വിളിച്ചു.
"മരിച്ചുപോയി. എന്നാലും ചോദിക്കുവാ,.. ഈലോകത്ത്‌ എന്തുമാത്രം പെണ്ണുങ്ങളൊണ്ടായിരുന്നു?
ഈ അമ്മയെ മാത്രമേ കിട്ടിയുള്ളോ... കല്യാണം കഴിക്കാൻ?  എന്റെ അച്ഛന്റെ പെൻഷൻ മുഴുവൻ കൈയ്യടക്കി വെച്ചിട്ട്,..
ഇപ്പോ അച്ഛനെ കുറ്റം പറയുന്നോ?" അവന്റെ ചോദ്യം.  
 
"അതു തന്നെയാ ഞാനും പറയുന്നേ.
എന്റെ കണ്ണടയുന്നത് വരെ പട്ടാളത്തീന്നൊള്ള ഈ പെൻഷൻ കിട്ടും. അതു കഴിഞ്ഞാൽ അതും നിൽക്കും. പിന്നെ നീ എങ്ങനെ കഴിയും?"
സുമതി ചോദിച്ചു.
"അതിനിനി എത്ര നാൾ കിടക്കുന്നു?
അമ്മ ഉറക്കത്തിലല്ലാതെ കണ്ണടയ്ക്കാൻ ഉടനെയൊന്നും യാതൊരു സാധ്യതയുമില്ല! ഇപ്പം ശല്യപ്പെടുത്താതെ ഒന്ന് പോയേ അമ്മേ." 
പറഞ്ഞിട്ട് അവൻ കതക് അടയ്ക്കുകയും ചെയ്തു. സുമതി തിരിഞ്ഞു നടന്നു. ഇനി അവൻ ഉച്ചയൂണിന്റെ സമയത്തേ എഴുന്നേറ്റു വരികയുള്ളു.
വൈകുന്നേരം സിനിമാക്കൊട്ടകയിലേക്ക് പോകുകയും ചെയ്യും. ഇതാണ് നമ്മുടെ കഥാനായകൻ 'മോഹൻദാസ്.'

മോഹൻദാസ് സുന്ദരനാണ്. ആരോഗ്യവാനും  സർവ്വോപരി പാട്ടുകാരനും! 'ദാസപ്പൻ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവൻ. വയസ്സ് ഇരുപത്തിയെട്ടുണ്ട്. ഡിഗ്രിക്കാരൻ.
സിനിമ കാണുന്നതാണ് ഹോബി. അതുകൊണ്ടുകൂടിയാണ്, ലോനപ്പൻ മുതലാളിയുടെ സിനിമാ തീയേറ്ററിൽ ജോലിക്കു പോകുന്നത്. ആള് കയറിക്കഴിഞ്ഞു സിനിമ തുടങ്ങിയാൽ പിന്നെ സിനിമ മുഴുവൻ കാണും. മോഹൻലാൽ ഫാനാണ്.
 
ലാലേട്ടന്റെ പുതിയ സിനിമ റിലീസ് ആകുന്ന അന്നുതന്നെ അതു കണ്ടിരിക്കും. ഉറപ്പ്! മണിച്ചിത്രത്താഴ് നൂറു പ്രാവശ്യം കണ്ടതിൽപ്പിന്നെ, നാട്ടുകാർ അവന്റെ പേര് 'ദാസപ്പൻ കുട്ടി' എന്നാക്കി മാറ്റി. എത്രയോ സംഗീത ട്രൂപ്പുകളിൽ അംഗമാകാൻ ക്ഷണം കിട്ടിയതാണ്! പക്ഷേ പോയിട്ടില്ല. കാരണം ഒന്നേയുള്ളു. ട്രൂപ്പിന്റെ കൂടെ അലയാൻ മടിയാണ്.
 
സാമാന്യം തരക്കേടില്ലാത്ത കുടുംബത്തിലെ അംഗം. ഒരു ചേച്ചിയുള്ളതിന്റെ കല്യാണം കഴിഞ്ഞു. അവൾഭർത്താവുമൊത്തു മുംബൈയിലാണ്.
 
ദാസപ്പന്റെ കൂടെ പഠിച്ച എല്ലാവർക്കും ചെറുതും, വലുതുമായ ജോലികൾ കിട്ടി. അതിലൊന്നും ദാസപ്പന് യാതൊരു സങ്കടവും ഇല്ല. സിനിമാത്തീയേറ്ററിലെ ജോലിയിൽ പൂർണ്ണ തൃപ്തനുമാണ്.
 
അങ്ങനെ ഒരു ദിവസം... സെക്കന്റ് ഷോ കഴിഞ്ഞ് പാതിരാമഴയിൽ നനഞ്ഞ് സൈക്കിളും ചവുട്ടി വീട്ടിലേക്കു മടങ്ങുകയായിരുന്നു ദാസപ്പൻകുട്ടി. "പാതിരാമഴയേതോ... ഹംസഗീതം പാടി..."  എന്ന പാട്ടും, "പനിനീർ മഴ, പൂമഴ തേൻ മഴ"എന്ന പാട്ടും... അങ്ങനെ അറിയാവുന്ന മഴപ്പാട്ടുകൾ മാറി മാറി മൂളിക്കൊണ്ട് സൈക്കിൾ ആഞ്ഞു ചവുട്ടി പോകുമ്പോഴാണ് ദാസപ്പൻ ആ കാഴ്ച കണ്ടത്. വഴിയിൽ കിടക്കുന്നു ഒരു ചുവന്ന ചെറിയ ബാഗ്. അതു വഴി പോയ ഏതെങ്കിലും വാഹനത്തിൽ നിന്നും വീണുപോയതാകാം!
മഴയിൽ നനഞ്ഞു കിടന്ന ആ ബാഗ് ദാസപ്പൻ കയ്യിലെടുത്തു. മെല്ലെ അതു തുറന്നപ്പോൾ അവൻ ഞെട്ടിപ്പോയി!
ആ ബാഗ് നിറയെ പണമായിരുന്നു.

"ഇതെങ്ങനെ ഇവിടെ വന്നു! ആരുടെയെങ്കിലും കയ്യിൽ നിന്നും അറിയാതെ വീണു പോയതാണോ?
പാതിരായല്ലേ...ഏതെങ്കിലും പാതിരാത്തങ്കപ്പന്മാർ മോഷ്ടിക്കാൻ ഇറങ്ങിയിട്ടുണ്ടാകും. ഇവിടെ നിന്ന് വേഗം പോകുകയാണ് ഉചിതം. ബാഗും കയ്യിൽ മുറുകെ പിടിച്ച് ദാസപ്പൻ പെട്ടെന്ന് വീട്ടിലേക്കു മടങ്ങി.
 
വീടടുക്കാറായപ്പോഴാണ് ദാസപ്പൻ ആ കൂട്ട നിലവിളി കേട്ടത്. സൈക്കിൾ നിറുത്തി ശ്രദ്ധിച്ചു. ആരാണ്‌ കരയുന്നത്? ചെവിയോർത്തു.
"പപ്പേട്ടന്റെ വീട്ടിൽ നിന്നാണല്ലോ." പപ്പേട്ടന്റെ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.
ദാസപ്പൻ പെട്ടെന്ന് അങ്ങോട്ട്‌ സൈക്കിൾ ചവിട്ടി. പപ്പേട്ടന്റെ വീടിന്റെ മുറ്റത്തു സൈക്കിൾ നിറുത്തി. വീട്ടിൽ കയറി ചെന്നപ്പോൾ പപ്പേട്ടൻ നെഞ്ചും തടവിക്കൊണ്ട് തിണ്ണയിൽ ചാരിയിരിക്കുന്നു. പെൺകുട്ടികളും പപ്പേട്ടന്റെ ഭാര്യ ജലജേടത്തിയും ചുറ്റിനുമിരുന്നു കരയുന്നു. ചേട്ടനെ കുടുകുടെ വിയർക്കുന്നുമുണ്ട്. 
 
സംഗതി പിശകാണല്ലോ.
ദാസപ്പൻ വേഗം അടുത്ത് ടാക്സി ഓടിക്കുന്ന സജിയുടെ വീട്ടിൽ ചെന്നു. 
മഴയിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന  ദാസപ്പനെക്കണ്ട സജി അമ്പരന്നുപോയി. വിവരം പറഞ്ഞപ്പോൾ സജി കാറുമെടുത്തു
കൂടെവന്നു.
 
പിന്നെ രണ്ടുപേരും ചേർന്ന് സജിയുടെ കാറിൽ ദാസപ്പനെയും കയറ്റി മെഡിക്കൽ സെന്ററിലേക്ക് പാഞ്ഞു. ജലജേടത്തിയും കുട്ടികളും കൂടെ ഉണ്ടായിരുന്നു. പപ്പേട്ടനെ അഡ്മിറ്റ്‌ ചെയ്തു.വിവിധ പരിശോധനകൾ നടത്തി.
ഈ.സി.ജിയിൽ   വേരിയേഷൻ ഉണ്ട്.
ആഞ്ചിയോഗ്രാം ചെയ്യണം.
ഒന്നിനും അവരുടെ കയ്യിൽ പണമില്ല.
"എന്തുചെയ്യും?"
ഒടുവിൽ ഗത്യന്തരമില്ലാതെ ദാസപ്പൻ പണമടങ്ങിയ ബാഗ് തുറന്നു.
ആവശ്യത്തിന് പണം അതിൽ നിന്നെടുത്തു.
ബില്ലുകൾ അടച്ചു. നേരം വെളുത്തപ്പോഴേയ്ക്കും ഒരു ലക്ഷം രൂപയോളം ആശുപത്രിയിൽ ചിലവായിക്കഴിഞ്ഞിരുന്നു.
രാവിലെ പപ്പേട്ടന്റെയും ജലജേടത്തിയുടെയും ബന്ധുക്കൾ എത്തിയപ്പോൾ ദാസപ്പൻ മടങ്ങി.
"പണം മടക്കിത്തന്നുകൊള്ളാം. ഇത്തിരി സാവകാശം തരണം ദാസപ്പാ."
എന്ന് പറഞ്ഞു ജലജേടത്തി  കൈ പിടിച്ചു കരഞ്ഞപ്പോൾ, ദാസപ്പൻ കരയണോ, ചിരിക്കണോ എന്ന് അറിയാതെ വാ പൊളിച്ചു നിന്നു.
"ആരുടെയായിരിക്കും ഈ പണം.?" അവൻ ചിന്തിച്ചു. 
വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ ശകാരം വേറെ.
രാത്രിയിൽ തന്നെക്കാണാതെ വന്നപ്പോഴുള്ള സങ്കടം! ഒന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി വാതിലടച്ചു.
ബാഗ് തുറന്നു വിശദമായി പരിശോധിച്ചപ്പോൾ അതിന്റെ സൈഡിൽ പേരെഴുതിയ ഒരു സ്ലിപ്.
 
"ബാലൻ ചെറുപറമ്പിൽ." ലോറിക്കാരൻ ബാലൻ ചേട്ടൻ.
ഡിഗ്രിക്ക്‌ തന്റെ ജൂനിയറായി പഠിച്ച പ്രിയംവദയുടെ അച്ഛൻ.
"അവളുടെ കല്യാണം ഉറപ്പിച്ചല്ലോ! ഒരു പക്ഷേ കല്ല്യാണത്തിനുള്ള പണമായിരിക്കാം."
അവനു തോന്നി. ചെലവായതു ചേർത്ത് തിരിച്ചു കൊടുക്കാം.. 
"പക്ഷെ,എങ്ങനെ? എവിടുന്നു കിട്ടും?"
അമ്മയുടെ കയ്യിൽ പൈസ കാണും. പെൻഷൻ കിട്ടുന്ന പണം മുഴുവൻ അമ്മ ബാങ്കിൽ നിന്ന് എടുക്കാറില്ല. പിന്നെ പറമ്പിൽ നിന്നും കിട്ടുന്ന തേങ്ങ,കുറച്ചു റബ്ബർ ഷീറ്റ് വിൽക്കുന്ന കാശ്.ഇവയൊക്കെ അമ്മ സമ്പാദിക്കും. പക്ഷെ ചോദിക്കാൻ നിവർത്തിയില്ല.അമ്മ ചോദ്യം ചെയ്യും രണ്ടു ദിവസം പല പല പോംവഴികളുമാലോചിച്ചു.
ഒടുവിൽ തീയേറ്ററുടമ ലോനപ്പൻ മുതലാളിയെത്തന്നെ സമീപിച്ചു എല്ലാക്കാര്യങ്ങളും തുറന്നു പറഞ്ഞു 
"ഇപ്പോൾ പണം ബാലൻ ചേട്ടന് മടക്കിക്കൊടുക്കണം മൊതലാളീ...
അല്ലെങ്കിൽ കല്ല്യാണം മുടങ്ങും.   ജലജേടത്തി പണം എന്ന് മടക്കിത്തരുമെന്ന് ഒരു നിശ്ചയവുമില്ല.
പപ്പേട്ടന് അധികം വൈകാതെ ഹൃദയ ശസ്ത്രക്രിയ നടത്തണമത്രേ.
മുതലാളി എനിക്ക് ഒരു ലക്ഷം രൂപ വായ്പ തരണം.
പലിശ സഹിതം മാസം മാസം എന്റെ ശമ്പളത്തിൽ നിന്നും പിടിച്ചാൽ മതി." ദാസപ്പൻ പറഞ്ഞു.
 
മുതലാളി അവനെ ആശ്ചര്യത്തോടെ നോക്കിക്കണ്ടു. തന്റെ സ്ഥാപനത്തിലെ ഒരു ചെറിയ ജോലിക്കാരൻ! കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചുകൊടുക്കാൻ തിടുക്കം കൂട്ടുന്നവൻ. അതിൽ നിന്ന് അയൽക്കാരനെ ചികിസിക്കാൻ ചെലവായ പണം കണ്ടെത്താൻ പാടുപെടുന്നവൻ!
 
"താനോ? അമിതമായി പലിശ ഈടാക്കി പണം കടം കൊടുക്കുന്നവൻ. ആർക്കും ഒന്നും കൊടുക്കാൻ തയ്യാറാകാത്തവൻ. ഇവന്റെ മുൻപിൽ താൻ ഒരു അണുവിനോളം ചെറുതാണെന്ന് മുതലാളിക്കു തോന്നി.'ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണം' എന്നാണ് ബൈബിൾ വചനം.ഇവിടെ ഇല്ലാത്തവൻ തന്നെ ഇല്ലാത്തവന് കൊടുക്കുന്ന കാഴ്ചയാണ് താൻ കണ്ടത്.
മുതലാളി അവനെ ചേർത്തു പിടിച്ചു.
 
പിന്നെ ഒരു ലക്ഷം രൂപയും കൂടി ചേർത്തുവെച്ച ബാഗുമായി മുതലാളിയുടെ കാറിൽ അവർ ബാലൻ ചേട്ടന്റെ വീട്ടിലെത്തി. എല്ലാവരും വീടിന്റെ മുൻവശത്തുണ്ടായിരുന്നു.
ദുഃഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം.
മുതലാളി തന്നെയാണ് അവരോട് വിവരങ്ങൾ വിശദമായി പറഞ്ഞത്... പണം അടങ്ങിയ ബാഗ് ദാസപ്പന്റെ കയ്യിൽ നിന്നും ഏറ്റു വാങ്ങുമ്പോൾ ബാലൻ പൊട്ടിക്കരഞ്ഞു.
പിന്നെ ദാസപ്പനെ കെട്ടിപ്പിടിച്ചു. അദ്ദേഹം കരഞ്ഞുകൊണ്ടു മുതലാളിയോട് പറഞ്ഞു :-
"എന്റെ മോളുടെ വിവാഹം മുടങ്ങിപ്പോയി മുതലാളീ...! സ്ത്രീധനത്തുക ഇന്നലെ കൊടുക്കാമെന്നു വാക്കു പറഞ്ഞിരുന്നതാണ്. വാക്കു വ്യത്യാസം കാണിച്ചില്ലേ.
ചെറുക്കൻ കൂട്ടർ പിന്മാറി."
       
ലോനപ്പൻ മുതലാളി ബാലന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... 
"നന്നായെടോ ബാലാ...നന്നായി. ഇത്രയും പണത്തിനു ആർത്തിപൂണ്ടവരുമായിട്ടുള്ള ബന്ധം ഒരിക്കലും നന്നല്ല.അവിടെ നമ്മുടെ പെൺകുട്ടിയെ എങ്ങനെ വിശ്വസിച്ച് അയക്കും!"
"പൊന്നിരിക്കുമ്പോൾ എന്തിനാടോ കാക്കപ്പൊന്ന്? ഇത്രയും സത്യസന്ധനും, മിടുക്കനുമായ നമ്മുടെ മോഹൻദാസിനെപ്പോലെ ഒരു ചെറുക്കനെ വേറെ എവിടെയും കിട്ടില്ലെടോ തനിക്ക്."
"അവന്റെ കാരണവരുടെ സ്ഥാനത്ത് നിന്ന് ഞാൻ ചോദിക്കുവാ."
"തരട്ടേഡോ...അവനെ, ഞാൻ തന്റെ മരുമകനായി?"
"നാളെ മുതൽ ഇവനാ എന്റെ ചീഫ് മാനേജർ. മറ്റെങ്ങും കിട്ടാത്തത്ര ശമ്പളവും ഞാൻ അവന് കൊടുക്കും!"
"മോഹൻദാസിനു തന്റെ മകളെയിഷ്ടമാണോ... എന്നുപോലും ഞാൻ ചോദിക്കുന്നില്ല. ഞാൻ പറഞ്ഞാൽ അവൻ അനുസരിക്കും."
എല്ലാവരും കേട്ടുനിൽക്കുക യായിരുന്നു. പ്രിയംവദയുടെ ചുണ്ടിൽ വിരിഞ്ഞ മധുരമായ പാൽപ്പുഞ്ചിരി, ഒളികണ്ണാലെ ദാസപ്പൻ കണ്ടു. അവൻ മാത്രമേ കണ്ടുള്ളു.
അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.

അന്ന് ദാസപ്പൻ നേരത്തെ വീട്ടിലെത്തി. എല്ലാം അറിഞ്ഞപ്പോൾ സുമതിക്ക് അതിശയമായി.രണ്ടു ദിവസം കഴിഞ്ഞ് സുമതിയും ബന്ധുക്കളും ബാലന്റെ വീട്ടിൽ ചെന്നു.
പ്രിയംവദയെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
അധികം വൈകാതെ തന്നെ ലോനപ്പൻ മുതലാളി അവനു "ഓഫീസ് മാനേജർ "എന്ന തസ്തികയിൽ നിയമനം നൽകി! രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെ ജോലി സമയം.
പിന്നെ ഒരിക്കലും ദാസപ്പൻ 'പാതിരാമഴ ഏതോ... 'എന്ന പാട്ടു മൂളിയിട്ടില്ല. പകരം, "പാലരുവിക്കരയിൽ..., പഞ്ചമി വിടരും പടവിൽ, പറന്നു വരൂ വരൂ കുരുവി ഇണക്കുരുവീ.
എന്ന പാട്ടും മൂളി നടക്കുന്നു.
 
ചിങ്ങമാസം ഒടുക്കം അവരുടെ വിവാഹമാണ്.
മോഹൻദാസിന്റെയും, പ്രിയംവദയുടെയും.
ഇപ്പോൾ ആ ദിവസം വന്നെത്താനുള്ള ദിനങ്ങൾ എണ്ണി കഴിഞ്ഞു കൂടുകയാണ് രണ്ടു കുടുംബങ്ങളും!

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ