(Haneef C)
ഒരുനാൾ രാജാവ് രാജ്യത്തുള്ള എല്ലാ പണ്ഡിതന്മാരെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പ്രത്യേകം സജ്ജമാക്കിയ വാസഗൃഹത്തിൽ സകലവിധ ആഡംബരങ്ങളോടും കൂടി അവരെ താമസിപ്പിച്ചു. വേദ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും, തർക്കശാസ്ത്രത്തിൽ ഏർപ്പെട്ടും കാലം കഴിക്കുന്നതിനിടയിൽ ഒരു നാൾ രാജാവ് അവരുടെ അടുത്തേക്ക് വന്നു ഇപ്രകാരം കൽപിച്ചു.
“എനിക്ക് നാളെ ദൈവത്തെ നേരിൽ കാണണം. അതിനായി എന്താണോ ഞാൻ ചെയ്യേണ്ടത്, അതു പറഞ്ഞു കൊള്ളുക. മല മുകളിലോ, മനസ്സിനുള്ളിലോ അല്ല. നേർക്കു നേർ.”
പണ്ഡിതന്മാർ ഒന്നടങ്കം അമ്പരന്നു. “എന്താണ് പ്രഭോ ഈ പറയുന്നത്. ഞങ്ങൾക്ക് തത്വശാസ്ത്രത്തെ വ്യാഖ്യാനിക്കാനല്ലാതെ മറ്റൊന്നുമറിയില്ല. ഈ പ്രപഞ്ചമാകെ ഈശ്വരസാന്നിദ്ധ്യമുണ്ട്. അതിനെ മൂർത്തമായി കാണുക അപ്രായോഗികമാണ്.”
എന്നാൽ രാജാവിന്റെ ആജ്ഞക്കു എതിരഭിപ്രായം പറയാൻ അനുവാദമുണ്ടായിരുന്നില്ല. പരാജയം സമ്മതിക്കുന്ന എല്ലാവരെയും പിറ്റേന്ന് തുറുങ്കിലടക്കാൻ ഉത്തരവുണ്ടായി.
ശോകമൂകമായ പണ്ഡിത പർണ്ണശാലയിൽ ഒരു കുട്ടി മാത്രം ഒന്നും സംഭവിക്കാത്തതു പോലെ കളിച്ചു കൊണ്ടിരുന്നു. ഉഗ്ര ശാസനക്ക് മുമ്പിൽ ഭീരുക്കളായ അവർ ആ കുട്ടിയോടു ചോദിച്ചു.
“കാരാഗൃഹത്തിലടക്കപ്പെടുന്നതിൽ നിനക്കു ഭയമില്ലേ?”
“ഇല്ല”. കുട്ടി കളി നിർത്തിയിട്ടു പറഞ്ഞു. “ഞാൻ രാജാവിന് ദൈവത്തെ കാണിച്ചു കൊടുക്കും.”
പിറ്റേന്ന് നടുക്കത്തോടെ നിന്ന ആ നിശ്ശബ്ദ സംഘത്തിനു മുമ്പിൽ രാജാവും പരിവാരവും പ്രത്യക്ഷപ്പെട്ടു. രാജാവിനു മുഖാമുഖം നിന്ന ബാലൻ നിർമ്മല ഭാവത്തോടെ പറഞ്ഞു.
“അകത്തേക്കോ പുറത്തേക്കോ വാതിലുകളില്ലാത്ത ഒരു മുറി. മുന്നിലുള്ള ഒന്നും പ്രതിഫലിക്കാത്ത വിധം സ്ഥാപിക്കപ്പെട്ട ഒരു കണ്ണാടി. അവിടെ അങ്ങ് മാത്രം ഏകനായി നിൽക്കുക. സൂര്യാസ്തമയത്തിനു മുമ്പായി ദൈവത്തെ നേരിൽ കാണുന്നതിന് തയ്യാറായിക്കൊള്ളുക.”
അനന്തരം രാജാവ് ശിക്ഷ പിൻവലിച്ച് കൊട്ടാരം വിട്ടിറങ്ങി.