(Jinesh Malayath)
അമ്മയുടെ നിർത്താതെയുള്ള വിളി കേട്ടാണ് രാവിലെ തന്നെ ഉണർന്നത്. കുറേ സമയം കട്ടിലിൽ തന്നെ ഇരുന്നു.ഒന്നിനും ഒരു ഉന്മേഷം തോന്നുന്നില്ല. എങ്ങനെയോ എണീറ്റ് കുളിച്ചെന്നു വരുത്തി ഭക്ഷണവും കഴിച്ച് അച്ഛനുമമ്മയും ജോലിക്ക് പോകുന്നതിന് മുൻപായി പുറത്തിറങ്ങി.ഒരു തൊഴിൽരഹിതൻറെ ആവർത്തനവിരസമായ മറ്റൊരു ദിനം തുടങ്ങുകയാണ്.
ആദ്യമെല്ലാം ജോലി തേടി കുറേ അലഞ്ഞിരുന്നു. ഇപ്പോൾ വയ്യ.എവിടെയും ഒരേ സ്വരം, സോറി, ഒഴിവില്ല. കേട്ടുകേട്ടു മടുത്തു.പാർക്കിലെ തണലുള്ള ഒരു ബെഞ്ചിൽ കേറി മലർന്നുകിടന്നു.
അച്ഛനുമമ്മക്കും ജോലിയുള്ള തന്റെ അവസ്ഥ ഇതാണെങ്കിൽ തന്റെ പാവപ്പെട്ട കൂട്ടുകാരുടെ അവസ്ഥ ഇപ്പോൾ എന്തായിരിക്കും? പാവങ്ങൾ, പട്ടിണി കിടന്ന് വലഞ്ഞിട്ടുണ്ടാവും അവരെല്ലാം.വെറുതെയല്ല ആരെയും ഇപ്പോൾ കാണാത്തത്. സന്ധ്യയാവാൻ കാത്ത് അവനാ പാർക്കിൽ ഒരു നിത്യരോഗിയെപ്പോലെ കിടന്നു.
തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ കാത്തിരിക്കുകയായിരുന്നു. വല്ലതും ശരിയായോ എന്ന ചോദ്യത്തോടൊപ്പമുള്ള ആകാംക്ഷ നിറഞ്ഞ മുഖം ഈയിടെയായി കാണാറില്ല. പകരം ഒരു സഹതാപം ആ മുഖത്ത് നിഴലിച്ചു കിടക്കുന്നുണ്ട്. നിസ്സഹായതയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടെ തിരുകിച്ചേർത്ത് കിടക്കയിൽ മലർന്നു കിടന്നു.
നിത്യവ്യായാമത്തിന്റെ ഭാഗമെന്നോണം തെരുവിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ എതിരെപ്പോയ മുഖങ്ങളിലൊന്നിൽ കണ്ണുടക്കി! തിരിച്ചറിയാൻ ഒരു നിമിഷാർധമേ വേണ്ടിവന്നുള്ളൂ. തന്റെ സുഹൃത് വലയങ്ങളിലെ മുഖ്യൻ! അച്ഛൻ മരിച്ചുപോയതിനു ശേഷം അമ്മയുടെ കഷ്ടപ്പാട് കണ്ട് പ്രീഡിഗ്രിയോടെ പഠനം നിർത്തി പോയതാണവൻ. ദാരിദ്ര്യത്തിന്റെയും ദയനീയതയുടെയും പര്യായം.
തന്റെ കഷ്ടപ്പാടിനിടക്ക് ഇനി അതുകൂടെ താങ്ങാൻ വയ്യാത്തതുകൊണ്ട് വിളിക്കേണ്ടതെന്ന് കരുതിയതാണ്. എന്നിട്ടും അറിയാതെ വിളിച്ചുപോയി. അവനും ഒരു നിമിഷം സ്തബ്ധനായിട്ടുണ്ടാവണം. വർഷങ്ങളുടെ ഇടവേള നിമിഷനേരം കൊണ്ട് ഉരുകിപ്പോയി!
പരാജിതരുടെ സമാഗമത്തിനായി കാത്തിരുന്നപോലെ കരിയിലകൾ പാകിയൊരുക്കിയ പാർക്കിലെ ബെഞ്ചിൽ അവരിരുവരും ഇരുന്നു.
കൂട്ടുകാരന്റെ കദനകഥകൾക്ക് കാതോർത്ത് നിന്ന അവനെ വരവേറ്റത് പക്ഷെ വത്യസ്തമായ ഒരു ജീവിതാനുഭവകഥയായിരുന്നു! ഒന്നുമില്ലായ്മയിൽ നിന്ന് വിജയിച്ച ഒരുത്തന്റെ കഥ!
അച്ഛന്റെ മരണവും അമ്മയുടെ കഷ്ടപ്പാടും അവനെ തളർത്തുകയല്ല പകരം പോരാടാനുള്ള ഊർജ്ജം നൽകുകയാണ് ചെയ്തത്. അരക്ഷിതാവസ്ഥ അവനിൽ വെല്ലുവിളികൾ സൃഷ്ടിച്ചു. ആ വെല്ലുവിളികൾ അവനെ കൂടുതൽ ഉത്സാഹിയാക്കി.അങ്ങനെ അവൻ തന്റെ ശക്തിയെ തിരിച്ചറിഞ്ഞു.
കൂട്ടുകാരനോട് യാത്ര പറഞ്ഞ് തിരിച്ചു പോരുമ്പോൾ അവന്റെ മനസ്സിൽ തിരിച്ചറിവിന്റെ ഒരു അഗ്നികുണ്ഡം എരിയുന്നുണ്ടായിരുന്നു. അവനറിഞ്ഞു,താനെന്തുകൊണ്ട് പരാജയപ്പെട്ടു എന്ന്. താൻ ജീവിതത്തിൽ സുരക്ഷിതനായിരുന്നു. ഒന്നിനെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അച്ഛനമ്മമാരുടെ സാമ്പത്തിക സുരക്ഷിതത്വം തന്നെ മന്ദബുദ്ധിയാക്കി തീർത്തു. വിരസത തന്റെ മുഖമുദ്രയായി മാറി. ഈ സുരക്ഷിതത്വം തന്നെ പരാജയത്തിലേക്ക് വലിച്ചടുപ്പിക്കുന്നു.
അതേ സമയം തന്റെ സുഹൃത്ത് അനുഭവിച്ച അരക്ഷിതാവസ്ഥ അവനെ വിവേകിയാക്കുന്നു, മനസ്സിനെ ഉത്സാഹിയാക്കുന്നു, ചിന്തകളെ സജീവമാക്കുന്നു. ഓരോ നിമിഷവും ജീവിതത്തെ അഭിമുഖീകരിക്കേണ്ട വെല്ലുവിളി ഏറ്റെടുക്കാൻ മാത്രം അവന്റെ മനസ്സും ശരീരവും പാകപ്പെട്ടിരിക്കുന്നു.
അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു. സുരക്ഷിതത്വത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് പുറത്തുചാടാൻ മനസ്സ് വെമ്പിക്കൊണ്ട്.