mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(സജിത്ത് കുമാർ എൻ)

അലന്റെയും റിയയുടെയും  കൈ കളിൽ നിന്ന് പനിനീർപ്പൂക്കൾ വാങ്ങി സെമിത്തേരിയുടെ മുൻഭാഗത്തുള്ള ബെഞ്ചിൽ വെച്ചിരിക്കുന്ന ട്രേയിൽ നിക്ഷേപിച്ച്    തിരിച്ചു  നടക്കുമ്പോൾ   നൂല് പൊട്ടിയ പട്ടം പോലെ  മനസ്സും ശരീരവും പരസ്പരം ബന്ധമില്ലാതെ ആടിയുലഞ്ഞു. 

ഡോ: സൂസൻ റോഷന്റെയും ഡോ: റോഷൻ മാത്യുവിന്റെയും ശവമഞ്ചലിനു   മുകളിൽ വെക്കാനുള്ള പനിനീർപൂക്കളാണവ. 

അവസാനമായി ഒരു നോക്ക് കാണാൻ, യാത്രാമൊഴി ചൊല്ലാനാവാത്ത അവരുടെ  പിഞ്ചോമനകളുടെ ഹൃദയങ്ങളുടെ തേങ്ങലുകൾ നിറച്ച   പനിനീർപ്പൂക്കളാണ

സെമിത്തേരിയിൽ അങ്ങിങ്ങായി  കനത്തമഴയിലും   കുറച്ചാളുകൾ ഒറ്റക്കൊറ്റക്കായി അകലം പാലിച്ച് കുട ചൂടി നിൽക്കുന്നുണ്ട്.  ആംബുലൻസും  പോലീസ് വണ്ടികളും  സെമിത്തേരിയുടെ മതിലിനോട് ചേർത്ത് നിർത്തിയിട്ടുണ്ട്. 

യാന്ത്രികമായ ഒരു ശൂന്യത സെമിത്തേരിയിൽ നിഴലിച്ചിരുന്നു.

സ്നേഹത്തിന്റെ സ്വാന്തനപൂക്കളെ അടർത്തിയെടുത്ത് കടന്നുകളഞ്ഞ രംഗ ബോധമില്ലാത്ത കോമാളിയോട് പ്രതികാരം തീർക്കുന്നതുപോലെ ആർത്തട്ടഹസിച്ചു തിമർത്താ  ടുകയുകയാണ് മഴ. 

മരവിച്ച മനസ്സോടെ  സെമിത്തേരിയുടെ കൽപ്പടവുകൾ ഓടിയിറങ്ങി കാറിൽ കയറി.  പിൻ സീറ്റിൽ അലന്റെ മടിയിൽ തലചായ്ച്ച് കിടന്ന് വിരലെണ്ണുകയാണ് റിയ .  കേട്ടു മതിവരാത്ത താരാട്ട് പാട്ടുകളുടെ എണ്ണമായിരിക്കുമോ?   

പുറത്തേക്ക് നോക്കിയിരിക്കുകയാണ് അലൻ. .കാറിന്റെ ചില്ലിൽ പതിഞ്ഞിരിക്കുന്ന മഴതുള്ളികളിലൂടെ  മാനത്ത്  ഇന്ന് ഉദിക്കാൻ പോകുന്ന  നവ താരകങ്ങളെ തിരയുകയാണോ?  എങ്കിലും അവന്റെ കൈകൾ റിയമോളുടെ തലയിൽ സ്വാന്തനത്തിന്റെ വിരലടയാളം നല്കാൻ മറന്നില്ലായിരുന്നു. 

കാറോടിക്കുമ്പോൾ, പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാനുള്ള മനക്കരുത്ത് ഇല്ലായിരുന്നു.  പെട്ടന്നാണ്, റിയ മോൾ   വിളിച്ചത്. "അങ്കിൾ, ഞാൻ കൊടുത്ത പനിനീർപ്പൂവ് മമ്മി സ്വീകരിക്കുമോ?" 

"അതെന്താ മോളെ? "

"ചെടിയിൽ നിന്ന്  പൂക്കൾ ഇറുത്തെടുത്താൽ മമ്മി വഴക്ക് പറയുമായിരുന്നു.റോസപ്പൂവിന്റെ ഭംഗി അത് ചെടിയിൽ നിൽക്കുമ്പോഴാണ് എന്ന് മമ്മി   പറയും. " 

"നിന്റെ കൈ കൊണ്ട് കൊടുത്ത പൂവ് മമ്മിക്ക് ഏറെ ഇഷ്ടമാവും.  റോസപ്പൂ പറിക്കുമോൾ  മോളുടെ കൈയ്യിൽ മുള്ള് തട്ടാതിരിക്കാൻ നിന്നെ  പറഞ്ഞ് പറ്റിച്ചതല്ലേ മമ്മീ. "

അലൽ റിയയെ സ്വാന്തനിപ്പിച്ചു. പത്ത് വയസ്സുകാരനിൽ നിന്ന് വന്ന പക്വമായ വാക്കുകൾ കേട്ട് ഞാൻ അത്ഭുതപ്പെട്ടു.

റിയയുടെ കുഞ്ഞിളം മനസ്സിൽ കൊതിതീരാത്ത അമ്മയുടെ അദൃശ്യമായ സ്വാന്തന കരസ്പർശനമേറ്റത് പോലെ അവൾ കണ്ണടച്ച് തലയാട്ടി കിടന്നു. അലന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു 

മിഴിനീരിന്റെ നേർത്ത പാടയാൽ തെളിയാതെ   നീങ്ങുന്ന  വാഹനങ്ങളുടെ നിരയിൽ ഞങ്ങളും ലയിച്ചു ചേർന്നു പതുക്കെ നീങ്ങിയപ്പോൾ

മനസ്സിൽ നിരതെറ്റാതെ അടുക്കി വെച്ച ഓർമ്മ പത്രങ്ങൾ ഏടുകളായി വേഗത്തിൽ മറിഞ്ഞു തുടങ്ങി.



"മഹേഷേ, ഇത് ഞാനാടാ റോഷൻ മാത്യു, മനസ്സിലായോ!   'കീറ്റാണു റോഷൻ' .  ഇപ്പോ മനസ്സിലായി കാണും അല്ലേ ! ഞാനങ്ങോട്ട് വരികയാ. നിന്റെ അടുത്തേക്ക്.  വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായി ജോലി ശരിയായിട്ടുണ്ട്. താമസിക്കാനുള്ള സ്ഥലം നീ ഒരുക്കണേ. "  ജനുവരിയിലെ  തണുപ്പുള്ള ഒരു സായംസന്ധ്യയിൽ വന്ന ഫോൺ കോൾ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു. 


അവനെ വരവേൽക്കാൻ ,  വുഹാനിലെ ടിയാൻഹെ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ ,  റോഷന്റെ കൂടെ നടന്നു വരുന്ന  ആളെ കണ്ട് ഞാൻ സത്ബ്ദനായി നിന്നു പോയിരുന്നു. സൂസൻ ആർ ജോസഫ് .അവൾ പൂർണ്ണ ഗർഭിണിയായിരുന്നു. വാ പൊളിച്ച് നിൽക്കുന്ന എന്നെ നോക്കി കണ്ണി റുക്കി റോഷൻ പറഞ്ഞു "എല്ലാം പറയാം, നീ ഇങ്ങനെ അന്തം വിട്ട് നിൽക്കണ്ട, ഇവൾക്ക് നല്ല ക്ഷീണമുണ്ട്,നമുക്ക്  വേഗം പോകാം."

പൂനെ  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ  റിസേർച്ച് ചെയ്യുമ്പോഴാണ് റോഷനെ  പരിചയപ്പെടുന്നത്. ക്ലാസ് മേറ്റും  സഹമുറിയനുമായിരുന്നു അവൻ.   ഞങ്ങളുടെ ജൂനിയറായിരുന്നു സൂസൻ . 


ഡിപ്പാർട്ട്മെന്റിലെ ഏറ്റവും നല്ല ഗവേഷണ വിദ്യാർത്ഥിയായിരുന്നു റോഷൻ . 

ശരിക്കും പറഞ്ഞാൽ റോഷന് കൂട്ടു വൈറസും  വൈറസിന് കൂട്ടു  റോഷനും എന്ന് പറഞ്ഞാൽ തീരെ അതിശയോക്തി ആവില്ല.അതുകൊണ്ട് തന്നെയായിരുന്ന റോഷന്  'കീറ്റാണു 'എന്ന ഓമനപ്പേര് ക്യാമ്പസിൽ വീണത്.  അന്നേ റോഷന്റെ റിസർച്ച് പേപ്പറുകൾ ഇന്റർനാഷണൽ ജേണലുകളിൽ സ്ഥാനം പിടിച്ചിരുന്നു .
 
ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷമോ വാചാലതയോ  റോഷന് ഉണ്ടായിരുന്നില്ല. പള്ളിയുടെ സ്പോൺസർഷിപ്പിൽ  പഠിക്കുന്ന  റോഷൻ ഇല്ലായ്മകളുടെ  ഒരു കൂമ്പാരം ആയിരുന്നു .     ആകെ സ്വന്തമെന്ന് പറയാനുള്ളത് ഒരു ചാച്ചൻ മാത്രം അയാളാണെങ്കില്‍  നിത്യ രോഗിയും. 

ഇത്രയേ ഉള്ളൂ റോഷന്റെ ജീവചരിത്രം.  

സുന്ദരിയും പാലായിലെ ധനാണ്ഡ്യ കുടുംബത്തിലെ ഏക അവകാശിയും വാതോരാതെ സംസാരിക്കന്ന സൂസൻ .ആർ .ജോസഫുമായി  ഏങ്ങിനെയാണ് റോഷൻ പ്രണയബദ്ധനായാത്  എന്ന് അന്നും ഇന്നും എനിക്കോ ക്യാമ്പസിനോ ഉത്തരം കിട്ടാത്ത സമസ്യയാണ്. 

എന്നാൽ, സ്നേഹത്തിൻ സുവർണ്ണ നൂലിനാൽ തുന്നിവെച്ച അവരുടെ ഹൃദയങ്ങളെ വേർപിരിച്ചത്  സൂസന്റെ  പിതാവിന്റെ സമ്പന്നതയും കുടുംബ മഹിമയുമായിരുന്നു.

റോഷനെ സൂസന്റെ വീട്ടുകാർക്ക് അംഗീകരിക്കാൻ ആവുമായിരുന്നില്ല. റോഷന്  സൂസന്റെ വീട്ടുകാരുടെ മേൽക്കായ്മയെ  അതിജീവിക്കാനും. 

ക്യാമ്പസ് പഠനത്തിനു ശേഷം സൂസനെ  കാണുന്നത് അവിടെ എയർപോർട്ടിൽ വെച്ചായിരുന്നു.  ലഗേജൊക്കെ കാറിൽ   അടുക്കി വെക്കുമ്പോഴാണ്  റോഷൻ ചോദിച്ചത് 

"മഹേഷേ,  നീയെന്താ ഒന്നും ചോദിക്കാത്തത്."   

"എന്ത് ,ചോദിക്കാനാ ?നീ അല്ലെ വിശേഷങ്ങൾ പറയേണ്ടത് ? 

നിനക്ക് ഈ കാര്യം എന്നോട് പറയാമായിരുന്നു കല്യാണത്തിനു വിളിച്ചില്ലെങ്കിൽ പോലും.'

"മഹേഷേ നീ വിചാരിക്കുന്ന പോലെ  ആഘോഷുവും ആർഭാടവുമൊന്നു മുണ്ടായിരുന്നില്ല., ഒരു തരം ഒളിച്ചോടൽ. അല്ലേ സൂസൻ"

സൂസൻ റോഷന്റെ കൈയിൽ നാണത്തോടെ  നുള്ളി.  

"ഞാൻ വൈറോളജി ഡിപ്പാർട്ട്മെന്റിൽ   അസിസ്റ്റൻറ് പ്രൊഫസർ ആയി  ജോലി ചെയ്യുന്ന കാലം, ഒരു ദിവസം രാവിലെ ഹോസ്റ്റൽ റൂമിന് മുന്നിൽ സിനിമയിൽ ഒക്കെ കാണുന്നതു പോലെ  പെട്ടിയും കിടക്കയുമായി നമ്മുടെ കഥാനായിക.

പിന്നെ ഒന്നും നോക്കിയില്ല ഞങ്ങളങ്ങ് ഒന്നാവൻ തീരുമാനിച്ചു. 

പ്രതീക്ഷച്ചതിനു വിഭിന്നമായി  സൂസന്റെ വീട്ടുകാർ ഭീഷണിയും പ്രശ്നങ്ങളുമായി വന്നില്ല. പക്ഷേ അവർ സൂസനെ പടിയടച്ച് പിണ്ഢം വെച്ചിരുന്നു. 

കല്യാണത്തിനു ശേഷം ഞങ്ങൾ  അമേരിക്കയിലേക്ക് ഗവേഷണത്തിനായ് പോയി. അവിടുന്നാണ് ഈയൊരു  ഓഫർ കിട്ടിയത്. ലോകത്ത് ഇപ്പോൾ   ബന്ധുക്കൾ എന്ന് പറയാൻ നീയും ഈ വരാൻ പോകുന്ന വിരുന്നകാരനുമല്ലാതെ ആരും ഇല്ല . " 

അവൻ പറഞ്ഞതു പോലെ ഞാനും എന്റെ കുടുംബവും തന്നെയായിരുന്ന അവർക്ക് ബന്ധുക്കളായിട്ട് ഇന്നുവരെ. അലന്റെ ജനന സമയത്തും തുടർന്ന് അല്ന് റിയ എന്ന അനിയത്തികുട്ടി ലഭിക്കുമ്പോഴും സഹായത്തിനും മറ്റു കാര്യങ്ങൾക്കും അവർക്ക് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ

റോഷനും സൂസനും  വുഹാൻ വൈറോളജി  ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഗത്ഭ ശാസ്ത്രജ്ഞരായി  ഉയർന്നത് അവരുടെ കഠിനാദ്ധ്വാനവും അത്മാർത്ഥതയും തന്നെയായിരുന്നു . 

ചൈനീസ് അക്കാഡമി ഓഫ് സയന്‍സ്, അമേരിക്കന്‍ അക്കാഡമി ഓഫ് മൈക്രോബയോളജി തുടങ്ങി പല പ്രസിദ്ധ ശാസ്ത്രസ്ഥാപനങ്ങളുടെയും ഫെല്ലൊ. നിരവധി പുരസ്ക്കാരങ്ങള്‍, ,ലബ്ദപ്രതിഷ്ഠമായ ശാസ്ത്രജേണലുകളില്‍  ഗവേഷണ പ്രബന്ധങ്ങള്‍, അങ്ങനെ പോകുന്നു അവരുടെ അസൂയാവഹമായ നേട്ടങ്ങൾ. 

വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, എന്നിവ ആയിരുന്നു  അവരുടെ പ്രധാന ഗവേഷണ വിഷയം.

പ്രശസ്തി കൂടുമ്പോൾ ശുതുക്കൾ ഉണ്ടാവും എന്ന സ്വാഭാവിക തത്വം അവിടെയും ഉണ്ടായിരുന്നു. അവന്റെ സെന്റർ ഹെഡ് ചെ ലിവു ഇവരോട്  ഒരു ശത്രുതാ മനോഭാവം വെച്ചു പുലർത്തിയിരുന്നു

അടുത്തിടയായി കഴിഞ്ഞ റിയമോളുടെ ബർത്ത്ഡേ ആഘോഷത്തിനൊടുവിൽ  റോഷൻ എന്നെയും കൂട്ടി ബാൽക്കണിയിൽ വന്നിരുന്നു.

"മഹേഷേ,   നിന്നോട് ഒരു  രഹസ്യം പറയാൻ ഉണ്ട് .

കഴിഞ്ഞ മാസം  ചൈന പ്രസിഡന്റ്  ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചപ്പോൾ എന്നെ പ്രത്യേകമായി വിളിപ്പിച്ചിരുന്നു.    ലാബിൽ  സൂക്ഷിക്കുന്ന പല ഭീകര വൈറസുകളുടെയും ആന്റിബോഡികൾ നിർമിക്കാനുള്ള  ഗവേഷണം ത്വരിതപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.  

 പിന്നെ   ഞങ്ങളെ ഈ വർഷത്തെ ചൈനീസ് അക്കാദമി ഓഫ് അവാർഡിന്  നാമനിർദേശം ചെയ്യാനും തീരുമാനമായിട്ടുണ്ട് ". 

റോഷൻ അത് പറയുമ്പോൾ അവന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല.

"അടുത്ത വർഷം നാട്ടിൽ പോയി സൂസന്റെ വീട്ടുകാരെ  കാണണം.

എനിക്കാകെ  ബന്ധു എന്ന് പറയാൻ ഭൂമിയിൽ ഉണ്ടായിരുന്ന ചാച്ചൻ  കഴിഞ്ഞ വർഷം മരിച്ചത് നിനക്ക് അറിയാമല്ലോ. അതു കൊണ്ട് കുട്ടികൾക്ക് ബന്ധുക്കളായി സൂസന്റെ കുടുംബക്കാർ മാത്രമല്ലേ ഉള്ളൂ.

അവരെ ഒന്ന് കൊണ്ട് പോയി കാണിക്കണം. "

ഞങ്ങൾ അന്ന് നേരം  വെളുക്കുവോളം കഥ പറഞ്ഞിരിന്നു. പിന്നെ കുറച്ച് ദിവസത്തേക്ക്  അവനെ കണ്ടിരുന്നില്ല.

ഒരു ദിവസം രാത്രി ഏകദേശം പതിനൊന്ന് മണിക്ക്, അവനും സൂസനും  വീട്ടിൽ കയറി വരുന്നതുവരെ. രണ്ടുപേരുടെയും  മുഖം കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. "എന്താ ദമ്പതികൾ രണ്ടു പേരും രാത്രിയിൽ ? അവാർഡ് പ്രോഗ്രാമിന് ക്ഷണിക്കാനോ അതോ പുതിയ കീറ്റാണുവിനെ വല്ലതും കണ്ടുപിടിച്ചോ?"

മറുപടി ഒന്നും പറയാതെ രണ്ടു പേരും സോഫാ സെറ്റിൽ ഇരുന്നു.

"മഹേഷേ കാര്യം ഇത്തിരി സീരിയസ് ആണ്" റോഷൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"നീ കാര്യം പറയൂ "

"വൈറസുകളെ  മൃഗങ്ങളുടെ ശരീരത്തിൽ കുത്തിവെച്ച്   അവരിൽ സൃഷ്ടിക്കപ്പെടുന്ന  ആന്റിബോഡികളെ കുറിച്ച് പഠിക്കാൻ വേണ്ടി ലാബിൽ നിന്നും  വൈറസ് സ്റ്റോക്കുകൾ അതീവ രഹസ്യമായി   അനിമൽ ഫാമിലേക്ക്  കൊണ്ട് പോകാറുണ്ടായിരുന്നു. 

ഇന്ന് രാവിലെ സൂസൻ വൈറൽ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ്  കൊറോണ  വിഭാഗത്തിൽപ്പെട്ട വൈറസ് സൂക്ഷിക്കുന്ന ടെസ്റ്റ് റ്റ്യൂബിൽ ഒരു ചെറിയ വിള്ളൽ ശ്രദ്ധിച്ചത്.

ലാബ് അസിസ്റ്റന്റ്  ഇത് ശ്രദ്ധിക്കുകയോ  നിരീക്ഷണ റെജിസ്റ്ററിൽ റിപ്പോർട്ട് എഴുതകയോ ചെയ്തിട്ടില്ല. 

ഞങ്ങൾ നടത്തിയ അന്വേഷണത്തിലും ഇത് എവിടുന്നാണ് സംഭവിച്ചെതെന്ന് മനസ്സിലായില്ല. 

ഞങ്ങൾ ഉടനെ തന്നെ അനിമൽ ഫാമിൽ പോയി സാനിറ്റേഷൻ നടത്തി ഫാമിൽ നിന്നുള്ള മൃഗങ്ങളുടെ കച്ചവടം  നിർത്തി വെക്കാൻ ഉത്തരവുമിട്ടുണ്ട് " 

അല്പം പേടിയോടെ ഞാൻ ചോദിച്ചു

"നീ ഈ കാര്യം   നിന്റെ സെന്റർ ഹെഡിനെ അറിയിച്ചിട്ടുണ്ടോ?"

'യെസ്, പക്ഷേ അയാളുടെ  പെരുമാറ്റത്തിൽ എനിക്കെന്തോ ചില ദുരൂഹതകൾ മണക്കുന്നു. വളരെ ലാഘവത്തോടെയാണ് അദ്ദേഹമതിനെ കാണുന്നത് "

"നിങ്ങൾ പേടിക്കാതെ ഒന്നും സംഭവിക്കില്ല. എല്ലാം നന്നായിട്ടേ വരൂ.  പോയി നന്നായി കിടന്നുറങ്ങ്. അലനും റിയയും ഉറങ്ങിയോ ? അതൊക്കെ പോട്ടെ, നീ സൂസന്റെ വീട്ടിൽ വിളിച്ചിരുന്നോ?

അവർ  എന്ത് പറഞ്ഞു ?" ഞാൻ ചോദിച്ചു.

"അവളുടെ അച്ഛനായിരുന്നു ഫോൺ  എടുത്തത്.

സൂസൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് മരിച്ച് പോയി എന്ന് പറഞ്ഞു.

പിന്നെ ഞാനൊന്നും പറഞ്ഞില്ല"

റോഷൻ സങ്കടത്തോടെ പറഞ്ഞു നിർത്തി.

"ഒന്നുമില്ലെടാ" എല്ലാം ശരിയാക്കാം നമുക്ക്  ഈ വരുന്ന നിങ്ങളുടെ വിവാഹ വാർഷികത്തിന് റിയമോളെ
കൊണ്ട് വിളിപ്പിക്കാം. പേടിക്കാനൊന്നുമില്ല, സമാധനമായി പോയി കിടന്നുറങ്ങ്"

ഞാൻ അവരെ സമാധാനിപ്പിച്ച് വീട്ടിലേക്കയച്ചു.

ഒരാഴ്ച പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു പോയി. പിന്നെ  റോഷന്റെ ഫോണായിരുന്നു

"മഹേഷേ ഇന്ന്  വുഹാൻ സിറ്റി ഹോസ്പിറ്റിലെ ഡോ: ലിങ്ങിന്റെ ഫോൺ വന്നിരുന്നു . ഹോസ്പിറ്റലിൽ കൊറോണ രോഗം സംശയിക്കുന്ന ഏഴ് രോഗികൾ

അഡ്മിറ്റ് ആയിട്ടുണ്ടെന്ന്. അവന്റെ  സംശയമാണ്.. എന്നാൽ ലക്ഷണങ്ങൾ കേട്ട് നോക്കുമ്പോൾ  എനിക്ക് ഒരു പേടി.

എന്തായാലും നാളെ സാമ്പിൾ പരിശോധനയ്ക്ക് ലാബിൽ അയക്കുന്നുണ്ട്. സാമ്പിളുകളിൽ  പേടിക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍, മഹേഷേ,എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല  "

"നീ ഇങ്ങിനെ വെറുതെ പേടിക്കാതെ ? ഒന്നും സംഭവിക്കില്ല" ഞാനവനെ സമാധനിപ്പിച്ചു.

"പക്ഷേ, മഹേഷേ അതിൽ തന്നെ കുഴക്കുന്ന  ഒരു പ്രശ്നവുമുണ്ട്. അതിലെ ഒരു രോഗി ഞങ്ങളുടെ ലാബിലെ അറ്റൻഡർ  ഴാങ് ലൂ ആണ്.  അവൻ ഫാമിൽ  നിന്ന് ചത്തുപോയ ഒരു ഇനാംപേച്ചിയെ വീട്ടിൽ കൊണ്ട് പോയിട്ടുണ്ട്.  വൈറ്റ് സീ ഫുഡ് മാർക്കറ്റിൽ നിന്ന് മത്സ്യവും ഇറച്ചിയൊക്കെ വാങ്ങിച്ചിട്ടുണ്ട്." 

സെന്റർ ഹെഡ് എന്നെ വിളിച്ച് ഈ കാര്യം ലീക്ക് ആവരുതെന്നും വളരെയധികം സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു .

ഇതിനിടയിൽ  ഗൂഢാലോചനാസിദ്ധാന്തവും ജൈവായുധസിദ്ധാന്തവുമൊക്കെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്റെ അമേരിക്കൻ  ബന്ധവും ചർച്ച ചെയ്യപ്പെടുന്നുണ്ട് .ഇവിടെ എല്ലാറ്റിനും പിന്നിൽ സെന്റർ ഹെഡാണ്. അയാൾ ഈ അവസരം ശരിക്കും മുതലെടുക്കുകയാണ്.

ഒരു മനസ്സമധാനവും ഇല്ല എന്തു ചെയ്യണമെന്നറിയില്ല. സൂസൻ ഇതൊക്കെ കേട്ട് വളരെയധികം ഡിപ്രസ്ഡ്‌ ആണ്. അവളെ എനിക്ക് വിഷമിപ്പിക്കാൻ അവില്ലെടാ ഞാൻ തകർന്നു പോകും"

"ഒന്നും സംഭവിക്കില്ലെടാ  വൈകീട്ട്  നേരിട്ട് സംസരിക്കാം" എന്ന് പറഞ്ഞ്  ഫോൺ വെച്ചങ്കിലും എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. 

പിറ്റേ ദിവസം പത്രത്തിൽ ആണ് ഞാൻ ആ വാർത്ത വായിക്കുന്നത്  ഡോ ലിങ്ങി ന്റെ മരണവും രാജ്യം കോവിഡ്  വൈറസിന്റെ ഭീതിയിൽ എന്ന വലിയ തലക്കെട്ടും. എല്ലാ പത്രങ്ങളിലും ഡോ റോഷന്റെ നേതൃത്വത്തിൽ വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണം അവസാന ഘട്ടത്തിൽ ആണെന്ന  ഒരു വലിയ കോളം വാർത്തയും ഉണ്ട്.  

ഒരാഴ്ച കൊറോണ വ്യാപനത്തിന്റ വാർത്തകളിൽ  കടന്നുപോയി. റോഷനും സൂസനും തിരക്കാണെന്ന് കരുതി ഞാനും അവരെ ബുദ്ധി മുട്ടിക്കാൻ പോയില്ല.

വൈകുന്നേരം റിയമോൾ വീട്ടിൽ വന്ന് എന്നോട് ചോദിച്ചു. "അങ്കിൾ കരയാറുണ്ടോ?"

"അതെന്താ മോളങ്ങിനെ ചോദിച്ചത്.

അങ്കിള് കരയാറില്ല. വലിയ ആൾക്കാർ കരയാറില്ല. റിയമോളല്ലേ എപ്പോഴും കരയാറ്" ഞാൻ കളിയാക്കി പറഞ്ഞു.

"പിന്നെന്തിനാ പപ്പയും മമ്മിയും ഞങ്ങളെ കെട്ടിപിടിച്ച് കരഞ്ഞത്.

അവര് വലുതായിട്ടില്ലേ ?"

"എപ്പോഴാ കരഞ്ഞത്" ഞാൻ ചിരിയോടെ കളിയാക്കി ചോദിച്ചു.

'ഞങ്ങൾ  കിടക്കാൻ പോകുമ്പോൾ ചേട്ടനെയും എന്നെയും  കെട്ടിപ്പിടിച്ച്  ഉമ്മ തന്ന് കരഞ്ഞു. നല്ലോണം പഠിക്കണമെന്നുമൊക്കെ അങ്കിൾ പറയുന്നത് അനുസരിക്കണമെന്നും ഒക്കെ പറഞ്ഞു"

"ഓ അത് മക്കളെ സ്നേഹിച്ചതല്ലേ!

പപ്പയ്ക്കും മമ്മിയക്ക് സ്റ്റേ ഹം കൂടതൽ കൊണ്ടാ" ഞാൻ അവളെ സമാധാനിപ്പിച്ചു.

"ഓ അതുകൊണ്ടാണോ മമ്മി ഇന്നലെ എനിക്കേറ്റവും  ഇഷ്ടമുള്ള ടൈഗർ ബേബിയേയും ചേട്ടന് ഗെയിം കളിക്കാവുന്ന വാച്ചും വാങ്ങിച്ചു തന്നിട്ടുണ്ടായിരുന്നു

പിന്നെ മമ്മി ഇന്നലെ ഫ്രൈഡ് റൈസ് ഉണ്ടാക്കി ഞങ്ങൾക്ക് വാരി തന്നു അപ്പോഴും മമ്മിയുടെ കണ്ണിൽ വാട്ടർ ഉണ്ടായിരുന്നു " പുറത്ത് നിന്ന് കാറിന്റെ ശബ്ദം കേട്ടപ്പോൾ

ദേ അച്ഛനും അമ്മയും വന്നു എന്ന് പറഞ്ഞ് അവൾ ഓടി പോയി.

റിയയുടെ വാക്കകൾ മനസ്സിൽ  എന്തൊക്കോ ദു:സംശ്ശയങ്ങൾ കൂടുകെട്ടി. കിടന്നിട്ട് ഉറക്കം വന്നില്ല. അതിങ്ങനെയാണ് ചിലപ്പോൾ ചില വാക്കുകളുടെ അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടാൽ ദുർവ്യാഖ്യാനങ്ങൾ മാത്രമേ മനസ്സിൽ വരൂ.

രാത്രി സമയം 11 മണി കഴിഞ്ഞിരുന്നു. റോഷന്റെ വീട്ടിലെത്തുമ്പോൾ.

"എന്താ മഹേഷേ ഈ രാത്രി. ?  റോഷൻ ചോദിച്ചു

"ഏയ് ഞാൻ വെറുതെ നിന്നെ കാണാൻ വന്നതാ കുറെ ദിവസമായില്ലേ നമ്മൾ കണ്ടിട്ട് "

ഞാൻ പറഞ്ഞത് വിശ്വാസിക്കാതെ   രണ്ടു പേരും എന്നെ നോക്കി. മനസ്സിൽ കളവ് ഒളിപ്പിച്ച് വെക്കാൻ അറിയില്ല ഈ പാവം ബുദ്ധിജീവികൾക്ക്.

"ഞങ്ങൾ നിന്നെ കാണാൻ വരാനിരിക്കുകയായിരുന്നു . ഞങ്ങൾക്ക് ആകെ നീയല്ലേടാ ഉള്ളൂ"

റോഷൻ എന്റെ കൈപിടിച്ചു.

"മഹേഷ് നിന്നോട് ഒരു കാര്യവും ഒരു അപേക്ഷയുമുണ്ട് നീ അലനെയും റിയയെയും  കുറച്ച് ദിവസം നോക്കണം. ആയ വീട്ടിൽ തന്നെ നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കുറച്ച് ദിവസം കഴിഞ്ഞേ വരൂ" അത് പറയുമ്പോൾ. അവന്റെ കണ്ണുകളിൽ തിളക്കമോ  വിഷമമോ എന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല." 

അവൻ തുടർന്നു "എന്റെ മേലെ വീണ സംശയത്തിന്റെ നിഴലൊക്കെ മാറി. അന്ന് ലബോറട്ടറി അസിസ്റ്റന്റ് കൊണ്ട് പോയ അണുബാധയേറ്റെന്ന സംശയിക്കുന്ന ഈനാംപേച്ചി കളിൽ നിന്നെടുത്ത വൈറസ് സാംപിളും വിള്ളലുണ്ടായ ടെസ്റ്റ് റ്റ്യൂബിലെ വൈറസും രോഗബാധിതരിൽ കണ്ടെത്തിയ വൈറസും വിഭിന്നമാണെന്ന്   സ്ഥിരീകരിച്ചിട്ടുണ്ട്. അത് ഒരു സമാധാനമായിട്ടുണ്ട് സെന്റർ ഹെഡ്  ഇപ്പം മൗനത്തിലാ. പക്ഷേ നമ്മുടെ  ജീവന്‍ കവരാന്‍ വരെ ശേഷിയുള്ള അപകടകാരിയായ വൈറസാണ് കോവിഡ്19 വൈറസ്. രാജ്യാതിർത്തികളും വൻകരകളും പിന്നിട്ട്  ഇവൻ താണ്ഡവമാടുന്നതിനു മുൻപേ ഇവനെ പിടിച്ചു കെട്ടണം."

കുരങ്ങിലും എലിയിലും  നടത്തിയ വാക്സിൻ പരീക്ഷണം പൂർണ്ണ വിജയമായിരുന്നു.  മനുഷ്യശരീരത്തിലും ഇത്‌ വിജയിക്കും തന്നെയാണ് ഞങ്ങളുടെ ഉത്തമമായ വിശ്വാസം. മനുഷ്യരിലുള്ള പരീക്ഷണത്തിന് ആരും  തയ്യാറാവില്ല.

അതുകൊണ്ട്  മഹേഷെ  പരീക്ഷണത്തിന്   ഞങ്ങളുടെ ശരീരം വിട്ടുനല്‍കാൻ  തീരുമാനിച്ചു.

പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ജീവന്റെ ജീവനായ കുട്ടികളെ പോലും ഉപേക്ഷിച്ച് വാക്സിൻ പരീക്ഷണത്തിനിറങ്ങിയ അവരെ ഒരു ശക്തിക്കു പിൻതിരിപ്പിക്കാൻ പറ്റില്ല എന്ന് അറിയാവുന്ന  ഞാൻ 

ഒന്നും പറയാനാവാതെ  തലതാഴ്ത്തി അവിടെ നിന്നിറങ്ങി. പിറ്റേ ദിവസം രാവിലെ കുട്ടികളെ എന്റെ വീട്ടിലാക്കി അവർ പോകുകയാരുന്നു. പിന്നെ കഴിഞ്ഞ  21 ദിവസമായി  അവരെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇന്നലെ  രണ്ട് പേരും വിഡീയോ കോളിൽ  അലനോടും റിയയോടും സംസാരിച്ചിരുന്നു.  സുരക്ഷാ കവചങ്ങളിൽ പൊതിഞ്ഞ  ശരീരത്തിലെ ശബ്ദം മാത്രമേ റിയക്കും അലനും മനസ്സിലായിള്ളൂ.

വീഡിയോ കോളിനു ശേഷം റിയയുടെയും അലന്റെയും കൊച്ചു കൊച്ചു ചോദ്യങ്ങൾക്ക് മറുപടി പറയാനേ  എനിക്ക് സമയമുണ്ടായിരുന്നുള്ളൂ..

അതിനു ശേഷം ഇന്ന്  രാവിലെ അവരുടെ മരണവിവരമായിരുന്നു അറിഞ്ഞത്.  ആശുപത്രിയിൽ വെച്ച് കൂടെയുള്ള ഗവേഷകർ പറഞ്ഞത് , വാക്സിന്റെ പ്രാരംഭഘട്ട പരീക്ഷണം വിജയവുമായിരുന്നു എന്നാണ്. എന്നാൽ  വാക്സിന്റെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാൻ   വൈറസിനെ വീണ്ടും ശരീരത്തിൽ കുത്തിവെച്ച്  സ്വന്തം ശരീരം പരീക്ഷണ വിധേയമാക്കുകയായിരുന്നു അവർ.

ശൂന്യമായ തീർന്ന മനസ്സിൽ റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ ശബ്ദഘോഷം അസ്വസ്ഥത സൃഷ്ടിച്ചു. 

മനസ്സിലെ ഓർമ്മയുടെ  അവസാന ഏടും  മറിഞ്ഞു തീരുമ്പോഴേക്കും കാർ  വീടിന്റെ മുമ്പിൽ എത്തിയിരുന്നു. റിയയും അലനും നിശബ്ദമായി കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു.

വീട്ടിലേക്ക്  കയറുമ്പോൾ , ഫോൺ ബെൽ അടിക്കുന്നുണ്ടായിരുന്നു. റിയ ഓടി ഫോൺ എടുത്തു.  അമ്മൂമ്മ യാണോ എന്ന് കുഞ്ഞ് ചോദിക്കുന്നതും  കേട്ടു. പിന്നെ റിയയുടെ ഹലോ വിളികൾ മാത്രം.

ഞാൻ റിയയുടെ കൈയിയിൽ നിന്ന്  ഫോൺ വാങ്ങിച്ചു. അപ്പുറത്ത് നിന്ന്  മറുപടിയില്ലാതെ നേരിയ ഒരു തേങ്ങൽ മാത്രം. ഒന്നും പറയുന്നില്ല  തെറ്റുകൾക്കും  അകൽച്ചകൾക്കും പെറ്റവയറിന്റെ പൊക്കിൾകൊടി ബന്ധം ഇല്ലാതാക്കാൻ പറ്റില്ലെന്നെനിക്ക് മനസ്സിലായി.

 വാഹനങ്ങളുടെ ഹോൺ അടി ശബ്ദം കേട്ടാണ്  പുറത്ത് പോയി നോക്കിയത്.  ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ്.  എന്നെയും കുട്ടികളെയും  ഐസുലേറ്റ് ചെയ്യണം എന്ന് പറഞ്ഞു. ഞങ്ങൾ പെട്ടെന്ന് തന്നെ പോകാൻ തയ്യാറായി പുറത്തിറങ്ങി മമ്മിയുടെയും പപ്പയുടെയും  നഷ്ടം സൃഷ്ടിച്ച  ശൂന്യതയുടെ ആഴങ്ങളിൽ ഇനി തങ്ങൾ തനിയെ യാത്ര ചെയ്യണം എന്ന ജീവിത യാഥാർത്ഥ്യം അറിയാതെ    എന്റെ കൈയും പിടിച്ചിരിക്കുന്ന,  കുഞ്ഞുങ്ങളെ  ചേർത്ത് പിടിച്ച്, കൈവിടാതെ  എപ്പോഴും കൂടെയുണ്ടാവും എന്ന് മനസ്സിൽ പ്രതിഞ്ജ എടുത്ത്  കുട്ടികളോടൊപ്പം ഞാൻ  വണ്ടിയിൽ കയറി.

റിയ ഒരു വെള്ള പനിനീർപ്പൂ,, നെഞ്ചോട് ചേർത്ത് വെച്ചിരുന്നു. സ്നേഹത്തിന്റെ മുള്ളുകൾ കൊണ്ട് അവളുടെ  മിഴികളിൽ ഒലിച്ചിറങ്ങുന്ന  നീർ കണങ്ങൾ  ചുവന്ന ഫ്രോക്കിനെ നനക്കുന്നുണ്ടായിരുന്നു.

നാട്ടിൽ നിന്നുള്ള ഒരു ഫോൺ കോൾ എന്റെ മൊബൈലിൽ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു , തോരാതെ പെയ്യുന്ന സങ്കട മഴയിലെ  പ്രതീക്ഷയുടെ വെയിൽ നാളമായ് ...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ